Thursday 30 June 2016

ബ്രെക്സിറ്റും ബ്രിട്ടനും - അല്പ സല്പം നിരീക്ഷണങ്ങൾ ... ! / Brexitum Brittanum Alpa Salppam Nireekshanangal ... !

ഇന്ന് ബ്രിട്ടണിലുള്ള ഏതാണ്ട് ഒന്നര ലക്ഷത്തോളമുള്ള മലയാളി വംശജർ മാത്രമല്ല , യു.കെയുടെ ജനസംഖ്യയിൽ മൊത്തമുള്ള  അന്യദേശ വംശീയരായ ഏതാണ്ട് ഇരുപത് ശതമാനത്തോളമുള്ള മറ്റ് വിദേശ വംശീയ ജന വിഭാഗങ്ങളും വളരെ ആകാംഷയോടെ  ഫലം കാത്തിരുന്ന ഒരു ഹിത പരിശോധനയായിരുന്നു ഈ ജൂൺ 23 -ന് ഗ്രേറ്റ് ബ്രിട്ടണിൽ നടന്ന ‘ബെർക്സിസ്റ്റ്  റെഫറണ്ടം‘ ...
ആറരകോടിയോളം ജനസംഖ്യയുള്ള യു.കെ.യിലെ , വെറും കഷ്ടി
കാൽ ശതമാനം  പോലും ഇല്ലാത്ത ഒരു പ്രവാസി ജനതയായ യു.കെ. മലയാളികൾ ‘ബ്രെക്സിറ്റി‘നോട് കാണിച്ച  രാഷ്ട്രീയ പ്രബുദ്ധതയൊന്നും , യു.കെയിൽ ഇന്ന്  മൊത്തത്തിലുള്ള മറ്റ് ജനതയുടെ , കാൽ ഭാഗം പോലും ആളുകളൊന്നും കാഴ്ച്ച വെച്ചില്ല എന്നത് ഒരു വാസ്തവമായ കാര്യമായിരുന്നൂ ...
ആന മുക്കിയില്ലെങ്കിൽ അണ്ണാനെങ്കിലും മുക്കട്ടെ എന്ന് പറഞ്ഞ പോലെ
ഇന്ന് യു കെയിലുള്ള നാലക്ഷരം കുത്തിക്കുറിക്കുവാൻ പ്രാപ്തിയുള്ള ഒട്ടു മിക്ക  മലയാളികളും  ഈ വിഷയത്തെ വിലയിരുത്തി അനേകം അഭിപ്രായ പ്രകാടനങ്ങൾ ഇതിനോടകം വളരെ ചെമ്പായിട്ട് തന്നെ പറഞ്ഞ് കഴിഞ്ഞു ...

ബ്രിട്ടനിലുള്ള പല മലയാളം ‘ഓൺ-ലൈൻ ‘ മാധ്യമങ്ങളിൽ കൂടി കഴിഞ്ഞ ഒരു മാസത്തോളമായി ഈ വിഷയത്തെ ആസ്പമാക്കി  അനുകൂലമായും , പ്രതികൂലമായും 160 ൽ പരം‘ റൌണ്ട് അപ്പ് ബ്രെക്സിറ്റ് പോസ്റ്റു‘കൾ പ്രസിദ്ധീകരിച്ച് യു.കെ മലയാളികൾ മറ്റ് വംശജരെയെല്ലാം ഈ കാര്യത്തിൽ പിന്തള്ളിയതിൽ നമ്മൾ മലയാളികൾക്കൊക്കെ അഭിമാനിക്കാം ... !

ഈ വിഷയത്തോടനുബന്ധിച്ച് ബ്രിട്ടീഷ് മലയാളികൾ 
ബ്രിട്ടനിലങ്ങോളമിങ്ങോളമായി അനേകം  ബ്രെക്സിസ്റ്റ് അവലോകനങ്ങൾ 
നടത്തി ഇതിന്റെ ഗുണദോഷങ്ങളെ  കുറിച്ച് അസ്സലായി വിലയിരുത്തിയിരുന്നു ...

അതായത് അണ്ണാറക്കണ്ണനും തന്നാലയത് എന്ന പോലെ , ഓരൊ
ബ്രിട്ടീഷ് മലയാളിയും അവരുടെ ദൌത്യം നല്ല കിണ്ണങ്കാച്ചിയായി നിർവ്വഹിച്ചു. ..!

എന്നാൽ ഈ ബ്രെക്സിസ്റ്റ് പ്രകാരം ഒരു ഏകീകൃത യൂറോപ്പ് വന്നാൽ
ഹെൽത്ത് സെക്ട്ടറിലും മറ്റും വരുന്ന പുതിയ മാറ്റങ്ങൾ അവരുടെയൊക്കെ
ജോലി , കടുംബ ഭാരം ,  താമസം എന്നിങ്ങനെ പല കാര്യങ്ങൾക്കും പ്രശ്നം നേരിട്ട്  ഉണ്ടാകുമെന്നറിഞ്ഞിട്ടും  ; ഇവിടെയുള്ള മല്ലു സ്ത്രീ രത്നങ്ങളിൽ അധികമാരും  , ഈ
ബ്രെക്സിറ്റിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകൾ പങ്കുവെച്ചില്ലാ എന്നത് ഈ അവസരത്തിൽ വല്ലാത്ത  ഒരു വിരോധാഭാസം തന്നെ ..!


എന്തായാലും ദേ പോയ് ദാ വന്നൂന്ന് പറഞ്ഞ പോലെ  കഴിഞ്ഞ
കൊല്ലത്തെ  പൊതു തെരെഞ്ഞെടുപ്പിനും , പിന്നീട്  ഇക്കൊല്ലം ആദ്യമുണ്ടായ ‘മേയർ - കൗൺസിൽ  ഇലക്ഷനു‘കൾക്കും  ശേഷം , ബ്രിട്ടൻ ജനതയുടെ മുമ്പിൽ ചട്പിടുന്നനെ ഒരു വമ്പൻ വേട്ടെടുപ്പ് കൂടി ഈ ജൂൺ 23-ന് തിമർത്താടിയ ശേഷം - ആയതിന്റെ ഫലവും അറിഞ്ഞു കഴിഞ്ഞു ...

ഫലം പുറത്ത് വന്ന ജൂൺ 24 വെള്ളിയാഴ്ച്ച ;  
ചിലർ - ബ്രിട്ടന്റെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു ...

മറ്റ് ചിലർ വേറൊരു ‘ബ്ലാക്ക് ഫ്രൈഡെ’യെന്ന് പറഞ്ഞ് ഈ ദിവസം ഒരു കരി ദിനമായി കൊണ്ടാടി ...

ചത്തോടത്ത് നിന്നല്ല നിലവിളി - മറ്റുള്ളോടത്ത് നിന്നാണ് നിലവിളി കേൾക്കുന്നത് എന്ന പോലെ ആഗോള വ്യാപകമായി  തന്നെ പല രാജ്യങ്ങളിലും ഈ ‘ബ്രെക്സിസ്റ്റ് സംഭവ‘ത്തെ പറ്റി പരിതപിക്കുകയും , വളരെയധികം  ചർച്ചകൾ വാതോരാതെ അപ്പപ്പോൾ തന്നെ അരങ്ങേറുകയു  ചെയ്തു ...! ( ബ്രെക്സിറ്റ് ചർച്ച ഏഷ്യാനെറ്റ് ന്യൂസിൽ )



അതായത് ബ്രെക്സിറ്റ് റെഫറണ്ടം അല്ലെങ്കിൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയൽ
തുടർന്ന് നിൽക്കണമോ അതോ വേണ്ടയോ എന്നാരായുവാൻ  - ബ്രിട്ടീഷ് ജനതയുടെ
ഹിതം പരിശോധിച്ചറിയുവാനുള്ള  ഒരു വേറിട്ട തിരെഞ്ഞെടുപ്പായിരുന്ന് അന്ന് നടന്നത് ...

ജനാധിപത്യത്തിന്റെ  നല്ല കീഴ് വഴക്കങ്ങൾ പിന്തുടരുന്ന ഇത്തരം പൊതുജന ഹിത പരിശോധനകൾ ഇതിന് മുമ്പും ഈ  രാജ്യത്തുണ്ടായതിന്റെ ഫലമായാണല്ലോ 1973-ൽ ‘യൂറോപ്യൻ ഇക്കണൊമിക് കമ്മ്യൂണിറ്റി‘യിൽ  ബ്രിട്ടൻ അംഗമായ ശേഷം ,  ആയത് ശരിയാണൊ അതോ തെറ്റാണൊ എന്നതിന്റെ   ഭാഗമായി ( ആദ്യകാല യൂറൊപ്യൻ യൂണിയന്റെ പ്രതിരൂപം ) പിന്നീട്  1975-ൽ നടന്ന പൊതു ജനങ്ങളുടെ ഹിത പരിശോധനക്ക് ശേഷം , അന്ന് ബ്രിട്ടൻ ഈ സംഘടനയിൽ ഉറച്ച് നിന്നത് ...

പിന്നീട് യൂറോപ്യൻ യൂണിയനിൽ ധാരാളം അംഗ രാജ്യങ്ങൾ കൂടി ചേർന്നപ്പോൾ ഒരു പുതിയ ഉടമ്പടി (മാസ്ചിസ്റ്റ് ട്രീട്ടി ) പ്രകാരം  യൂറോപ്പ് മുഴുവൻ ഒറ്റ കറൻസിയായ ‘യൂറൊ’ 2002 ൽ നിലവിൽ വന്നു .
പക്ഷേ അന്ന് നടന്ന ഇതുപോലുള്ള ഒരു ജന ഹിത പരിശോധനയിൽ 
ബ്രിട്ടൻ ജനത ഒന്നിച്ച് ‘പൌണ്ട്‘  നിലനിറുത്തണമെന്ന് വിധിയെഴുതിയത്
കൊണ്ടാണല്ലോ‍  (ശേഷം ഗോർഡൺ ബ്രൗൺ വെച്ച 7 നിബന്ധനകളും)  ജർമ്മനിയുടെ
 ‘മാർക്കും‘  ഇറ്റാലിയുടെ  ‘ലീറ‘യും . ഫ്രാൻ്സിന്റെ  ‘ഫ്രാങ്കും ‘ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ ഒട്ടുമിക്ക  കറൻസികളും ഇല്ലാതായപ്പോഴും ,  അന്നും ഇന്നും  ‘ബ്രിട്ടീഷ് പൌണ്ട്‘ നില നിന്നതും ആ‍യതിന്റെ വില നാൾക്കുനാൾ ഉയർന്ന് വന്നതും ...


എന്തിന് പറയുവാൻ ഈ അടുത്ത കാലത്ത് ‘സ്കോട്ട്ലാന്റ്‘ , ‘യു .കെ‘ യിൽ നിന്നും വിട്ടു പോകണമെന്ന് മുറവിളി കൂട്ടിയപ്പോൾ   അവിടെ നടന്ന ഇത്തരം ജനകീയ ഹിത പരിശോധന വോട്ടെടുപ്പിലൂടെയാണാല്ലോ ‘സ്കോട്ട്ലാന്റ് ‘ ഇന്നും ‘യു.കെ‘ യിൽ നിലനിൽക്കുന്നത് ...
അതെ
പൊതു ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം കണക്കി്ലെടുത്തുള്ള പ്രതി വിധികൾ നടപ്പാക്കാനുള്ള ആർജ്ജവം ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും എന്നും പരിപാലിച്ച് പോരുന്നു ...

പല തരത്തിൽ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന എന്തെങ്കിലും
ഇത്തരം പുതിയ വഴിത്തിരിവുകൾ സംജാതമാകുമ്പോൾ ,  തികച്ചും ജനാധിപത്യ
രീതിയിൽ തന്നെ അവരുടെ ഹിതം മനസ്സിലാക്കി മുന്നേറുന്ന ഭരണ രാഷ്ട്രീയ നേതൃത്വം തന്നെയാണ്  ‘യു.കെ‘യിൽ കാലങ്ങളായി നിലവിലുള്ളത് , അല്ലാതെ നമ്മുടെ നാട്ടിലുള്ള
പോലുള്ള ഭൂരിപക്ഷ ഭരണ കക്ഷികൾ  നടത്തുന്ന പോലുള്ള പ്രക്രിയകളല്ല ഇവിടെ നടക്കാറുള്ളത് .
ലോകത്തിലെ  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ
നാ‍ട്ടിലെ ഭരണാധിപന്മാർക്കും  ഇത്തരം കീഴ് വഴക്കങ്ങൾ അനുകരിക്കാവുന്നതാണ് ..!

ഒരു പക്ഷേ കഥയറിയാതെ ആട്ടം കണ്ട് വന്നവരുടെ സ്ഥിതിയാണ് കഴിഞ്ഞ ജൂൺ 23 ന് വോട്ട് ചെയ്ത  ഭൂരിഭാഗം യു.കെ നിവാസികളും ഇന്ന് അനുഭവിക്കുന്ന അവസ്ഥാവിശേഷം ...

ഇന്ന് ബ്രിട്ടണിൽ നടമാടീടുന്ന പല പ്രശ്നങ്ങളേയും അനുകൂലമായും ,
പ്രതികൂലമായും ബാധിക്കുന്ന ഒരു വളരെ വലിയ തീരുമാനത്തിനാണ്
ഇവിടത്തെ പൊതുജനങ്ങൾ അന്ന് വിധിയെഴുതിയത് ...!

സ്വന്തം കാര്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും മാത്രം സംരംക്ഷിക്കുന്ന ഒരാളെ സംബന്ധിച്ച്
ഇന്നത്തെ അവസ്ഥയിൽ ബ്രിട്ടൻ ‘ഇ.യു ‘വിൽ നിന്ന് വിട്ട് പോരണമെന്ന അഭിപ്രായമാണ് എങ്ങിനെ  നോക്കിയാലും ഉരുതിരിഞ്ഞ് വരിക...
കുറച്ച് കൊല്ലങ്ങളായി ധാരാളം കിഴക്കൻ യൂറോപ്പുകാർ ‘ഇ യു‘ സിദ്ധാന്തമസരിച്ച്
ബ്രിട്ടണിൽ കുടിയേറ്റം  നടത്തി തുടങ്ങിയപ്പോൾ മുതൽ തൊഴിൽ മേഖലകളിലും , മറ്റും
കാലങ്ങളായി ഇംഗ്ലീഷുകാർ കാത്ത് പരിപാലിച്ച്  പോരുന്ന  പല ഔപചാരികതകൾക്കും , ആചാര മര്യാദ്യകൾക്കും (ബ്രിട്ടീഷ് വാല്യൂസ് ) , ട്രാഫിക് മര്യാദ ചിട്ടവട്ടങ്ങൾക്കും കോട്ടം പററി തുടങ്ങിയപ്പോഴാണ്  ഇവിടത്തെ ഒരു വിഭാഗം ആളുകൾ ഇന്നത്തെ ‘ഇ.യു.‘കുടിയേറ്റ നിയമത്തെ എതിർത്ത് തുടങ്ങിയത്...

ഒപ്പം തന്നെ യു.കെയിൽ നിർമ്മിച്ച് വില്പന നടത്തുന്ന പല വസ്തുക്കളും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ  നിന്നും വരുന്ന - അതെ നിലവാരമുള്ള , ചീപ്പായ സാധന സാമഗ്രികളുമായി മത്സരിച്ച് വിപണനം നടത്താൻ  സാധിക്കാതെ , ടി കമ്പനികളും സ്ഥാപനങ്ങളുമൊക്കെ അടച്ചു പൂട്ടേണ്ടി വന്നപ്പോഴാണ് , ഇവിടെ പലർക്കും തൊഴിലുകൾ  നഷ്ടപ്പെട്ടത് .
അതോടൊപ്പം യു.കെ നിവാസികൾക്കൊപ്പം  ‘ബെൻഫിറ്റു‘കളടക്കം പല ആനുകൂല്യങ്ങളും ഈ പുതിയ വരത്തന്മാർക്കും പങ്കുവെക്കേണ്ടി വന്നു ...

ഇത്തരം പല കാര്യങ്ങളും , മറ്റ് സഹായങ്ങളുമായി ബ്രിട്ടൻ ‘ഇ.യു‘വിന്
വേണ്ടി ചിലവഴിക്കുന്ന തുകയുടെ തിരിച്ചു വരവുകൾ  മറ്റ് വ്യാപാര വ്യവസായ
കയറ്റുമതികളും മറ്റുമായി ഈ രാജ്യത്തിന് , ‘ഇ.യു‘ രാജ്യങ്ങളിൽ നിന്നും ഈടാക്കുവാൻ സാധിക്കാതെ  വന്ന സാഹചര്യങ്ങൾ ഉളവായത് കൊണ്ടാണ് ഇപ്പോൾ ബ്രെക്സിറ്റ് തീരുമാനം ഉടലെടുക്കുവാൻ കാരണമെന്ന് പറയുന്നു ...

അതേ സമയം ബ്രിട്ടൻ യൂ‍റോപ്പ്യൻ യൂണിയനിൽ തന്നെ ഉറച്ച് നിൽക്കണമെന്ന്
വാദിക്കുന്ന മറുപക്ഷം  നോക്കുകയാണെങ്കിൽ  ഇവിടെയുള്ള  വൻകിട കച്ചവടക്കാർക്കും ,
ഉന്നത വ്യവസായികൾക്കും ,  സൂപ്പർ പവ്വർ അധികാരം മോഹിക്കുന്ന രാഷ്ട്രീയക്കാർക്കുമൊക്കെ അവർക്കും  - അവരുടെ  നാടിനും ; ഭാവിയിൽ സാമ്പത്തികമായും , സുരക്ഷാ പരമായും നല്ല കെട്ടുറപ്പ് നൽകുന്ന ഈ ‘ഇ.യു.അംഗത്വം  ( രണ്ട് മിനിട്ട് വീഡിയോ ) തുടരണമെന്ന് തന്നെയാണ്  ആഗ്രഹം ...

യൂറോപ്പ് ഒരു സൂപ്പർ പവ്വർ ആയി മാറിയാൽ മറ്റിതര രാജ്യങ്ങളെയെല്ലാം തങ്ങളുടെ  കാൽക്കീഴിൽ  ആക്കാം എന്നുള്ള ഒരു വ്യാമോഹവും ഇവരുടെയൊക്കെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു ...

ഒരു പക്ഷേ കാലക്രമേണ ‘യൂറൊ‘ പൗണ്ടിനേക്കാൾ  മൂല്യം നേടിയാൽ 
അന്നൊന്നും അത്ര പെട്ടെന്ന് ‘ഇ.യു‘ വുമായി   ബ്രിട്ടന് മത്സരിക്കാൻ പറ്റില്ല എന്നർത്ഥം ...

ഐക്യമതം മഹാബലം എന്ന് പഞ്ഞത് പോലെയാണ് ആയതിന്റെ ഗുണം.
അതായത് ഒരു രാജ്യം ഒറ്റക്ക് നിന്ന് ഏത് സംഗതികളേയും അഭിമുഖീകരിക്കുന്നതിനേക്കാൾ
മെച്ചമായിരിക്കുമല്ലൊ ; തനി ഒറ്റ  കെട്ടായ ഒരു ഏകീകൃത യൂറോപ്പിൽ നിന്ന്  - 28 അംഗരാജ്യങ്ങളുള്ള ‘ഇ.യു‘ എന്ന പേരിൽ നേരിടുമ്പോൾ  ഉണ്ടാകുന്ന ശക്തിയും , ബലവും പിന്നീടുണ്ടാകുന്ന ഗുണമേന്മയുമൊക്കെ ..അല്ലേ

ഈ ഹിത പരിശോധന തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ
പകുതിയിലേറെയുള്ള വോട്ടർമാർ വിധിയെഴുതിയത് ബ്രിട്ടൻ
യൂറോപ്പ്യൻ യൂണിയനിൽ നിന്നും പുറത്ത് പോരണമെന്നായിരുന്നു ... !

‘പുറത്താകലുകൾ’ ഒരു നല്ല ഒരു സംഗതിയെ സ്വീകരിക്കുവാനുള്ള മുന്നോടിയാണെന്ന് കരുതിയാണ് , അല്പ ഭൂരിപക്ഷത്തോടെ അനുകൂലമായി വോട്ട് ചെയ്ത് ഇതിനെ വിജയിപ്പിച്ച പൊതു ജനം പറയുന്ന വസ്തുത ...

എന്നാൽ മറുപക്ഷം പറയുന്നത് ‘പുറത്താകാതി‘രിക്കുന്നതാണ്
ഭാവിയിൽ ഒരു നല്ല ബ്രിട്ടനെ വാർത്തെടുക്കുവാൻ സഹായിക്കുക എന്നതാണ് ...
ബ്രിട്ടൺ യൂറോപ്പ്യൻ യൂ‍ണിയനിൽ നിന്നും പുറത്തായപ്പോൾ സന്തോഷിച്ച ഏവരും
ബ്രിട്ടൺ ‘യൂ‍റോ കപ്പ് ഫുഡ്ബോൾ ‘ മത്സരത്തിൽ നിന്നും പുറത്തായപ്പോൾ കരഞ്ഞപോലെ 
കാലം അവരെ വീണ്ടും കരയിപ്പിക്കുക തന്നെ ചെയ്യും എന്നാണ് ഈ മറുപക്ഷക്കാർ ഇപ്പോഴും ആണയിട്ട് പറയുന്നത് ...!
ബ്രിട്ടണിലെ ഭരണപക്ഷത്തും , പ്രതിപക്ഷത്തുമുള്ള ഒരേ പാർട്ടിക്കാരായ
രാഷ്ട്രീയ നേതാക്കൾ വരെ , ബ്രെക്സിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അവരുടെ
നയം പോലെ തികച്ചും വ്യക്തി പരമായി തന്നെ , ഇരു പക്ഷത്തും ഉറച്ച് നിന്ന് ഡിബേറ്റുകളിൽ പങ്കെടുത്തവരാണ്.

ഭരണ പക്ഷത്തിലെ ഒരു വിഭാഗം രാജ്യം യൂറോപ്പിൽ നിന്നും സ്വതന്ത്രമായി ഒറ്റപ്പെട്ട് നിൽക്കണമെന്ന് വാദിച്ചപ്പോൾ പ്രധാന മന്ത്രി കാമറൂണടക്കം പലരും യൂണിയനിൽ തന്നെ തുടർന്ന് നിൽക്കണമെന്ന് ഉറച്ച് വിശ്വസിച്ചവരാണ് ...

വോട്ടെടുപ്പിന് ശേഷം പൊതു ജനം നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ഇ.യുവിൽ നിന്നും പുറത്ത് വരാൻ  ഹിതം രേഖപ്പെടുത്തിയപ്പോൾ , പ്രധാനമന്ത്രിയായ കാമറൂൺ ജനഹിതം മാനിച്ച് സ്വയം രാജിവെച്ച് , തന്റെ സ്ഥാനം ഒഴിഞ്ഞു ... !
കാമറൂൺ ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കൾക്ക്  തികച്ചും ഒരു വേറിട്ട മാതൃകയായി മാറിയിരിക്കുന്നു ...!

തന്റേതല്ലാത്ത പിഴവുകളായിട്ടു  പോലും സ്വന്തം പാർട്ടിയിലെ എല്ലാ  ‘എം.പി‘ 
മാരും ഒറ്റക്കെട്ടായി വീണ്ടും സപ്പോർട്ട് നല്കി പിന്നിലുണ്ടായിട്ടും , ഇദ്ദേഹം ജന ഹിതം 
മാനിച്ച് , ലോകപ്പെരുമയുള്ള തന്റെ സിംഹാസനം സ്വയം ഒഴിഞ്ഞ് പോയിരിക്കുകയാണ്...

അഴിമതിയും, അംഗരക്ഷകരും  ഇല്ലാതിരുന്ന , പൊതുജനങ്ങളോടൊപ്പം  പബ്ലിക് ട്രാൻസ്പോർട്ടിൽ പോലും സഞ്ചരിച്ചിരുന്ന ,  കുടുംബസ്ഥനായ , സ്വന്തം നാടിന്റെ ഉന്നമനത്തിനും , ഒപ്പം ചുറ്റുമുള്ള പാവപ്പെട്ട രാജ്യങ്ങളുടെ ഉയർച്ചക്കും മുന്നിട്ടിറങ്ങിയതിന്റെ കൂലിയാണ് ഈ വിടവാങ്ങൽ ...
അങ്ങിനെ ആഗോള വ്യാപകമായി പലരാലും മാനിക്കപ്പെട്ട  
ഒരുവനായി മാറി കാമറൂൺ  ...!   ( വീഡിയോ ) .

അതേ സമയം ബ്രെക്സിറ്റ് ഹിത ഫലം അറിഞ്ഞ ശേഷം , ബ്രിട്ടൻ
യൂറോപ്പ്യൻ യൂണിയനിൽ തുടർന്നില്ലെങ്കിൽ രാജ്യം പിന്നീട് തകർന്ന് തരിപ്പണമായി
പോകുമെന്ന് പറഞ്ഞ് പതിനായിരങ്ങൾ തെരുവിലിറങ്ങി പ്രതിക്ഷേധ റാലികൾ  നടത്തിയും , മറ്റിടങ്ങളിൽ അനുകൂലികളാൽ ഒറ്റപ്പെട്ട അല്പസല്പം വംശീയ അധിക്ഷേപങ്ങളും അരങ്ങേറുകയുണ്ടായി...
ഇനി എന്തൊക്കെ സംഗതികളാണ് ഉണ്ടാകുവാൻ
പോകുന്നതെന്ന് കാത്തിരുന്ന്  തന്നെ കാണണം ... !


ഇനി ഈ ബ്രെക്സിറ്റിന്റെ ഗുണ ദോഷ ഫലങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കണമെങ്കിൽ വീണ്ടും  കുറച്ച് കാലാങ്ങൾ കൂടി കാത്തിരിക്കേണ്ടി
വരും . 
മറ്റ് യൂ‍റോപ്പ്യൻസ് ഇനി മേൽ ഇപ്പോഴുള്ള പോലെ വിസയൊന്നുമില്ലാതെ
വരാതായാൽ , ബ്രിട്ടണിൽ പല തൊഴിൽ മേഖലകളിലും പ്രതിസന്ധിയുണ്ടാകുകയാണെങ്കിൽ ഭാവിയിൽ ഇന്ത്യക്കാരടക്കം , പല ഏഷ്യക്കാർക്കും വീണ്ടും ഇവിടെയുള്ള ജോലികൾക്ക് ‘വർക്ക് പെർമിറ്റു‘കൾ ലഭിക്കുവാൻ സാധ്യതയുണ്ടന്ന് പറയുന്നു...


എന്തൊക്കെയായാലും ഇനി  അടുത്ത രണ്ട് കൊല്ലത്തിനുള്ളിൽ
‘ഇ.യു‘വും ബ്രിട്ടനും തമ്മിൽ ഇനി ഉണ്ടാക്കുവാൻ പോകുന്ന 
നിയമ ഭേദഗതികളുടെ അടിസ്ഥാനത്തിലായിരിക്കും സ്വതന്ത്രമാക്കപ്പെടുന്ന പുതിയ ഗ്രേറ്റ് ബ്രിട്ടന്റെ ഭാവിയിലെ വളർച്ചകളും  , തളർച്ചകളും ശരിക്കും തിരിച്ചറിയുവാൻ സാധിക്കുക...

അപ്പോഴും ബ്രിട്ടനോടൊപ്പമുള്ള എല്ലാ കോമൺവെൽത്ത് രാജ്യങ്ങളും ഈ അമ്മ രാജ്യത്തിനൊപ്പം നിൽക്കുമെന്ന് നമുക്ക് ഏവർക്കും ആശ്വസിക്കാം അല്ലെ.

സംഭവാമി യുഗേ യുഗേ ...

ഇതുവരെ സംഭവിച്ചതും ഇപ്പോള്‍ സംഭവിക്കുന്നതും
ഇനി സംഭവിക്കാനുള്ളതുമെല്ലാം  നല്ലതിന് തന്നെയാവട്ടെ ...



പിന്മൊഴി :-  
ഈ ബ്രെക്സിറ്റ് നിരീക്ഷണങ്ങൾക്ക്  
ലേഖനങ്ങളോടും മറ്റ്  പല ബ്രിട്ടീഷ് മാധ്യമങ്ങളോടും കടപ്പാട് ..

Tuesday 31 May 2016

മാറ്റണം ... ചട്ടങ്ങൾ . ! / Mattanam ... Chattangal . !

അമിത പ്രതീക്ഷയോടെ കാത്തിരുന്ന
ഒരു ജനതക്ക് മുന്നിൽ , ശുഭ പ്രതീക്ഷയോടെ
ഒരു പുതിയ ഭരണ പക്ഷം വന്ന് ഭരണം തുടങ്ങി കഴിഞ്ഞു .
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പലരും പറയുമ്പോഴും , മൊത്തത്തിലുള്ള  ഈ കെട്ടും മട്ടും കണ്ടാൽ എന്തോ പുത്തൻ കോമ്പിനേഷനുകളടങ്ങിയ , ഒരു പ്രത്യേക ലഹരി തന്നെയുള്ള ഈ വീഞ്ഞ് -  ഇവർ കേരള ജനതക്ക് പകർന്ന് തരുമെന്ന് തന്നെ നമുക്കെല്ലാം ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം ...
'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ബെസ്റ്റ് ഇമ്പ്രഷൻ 'എന്ന് പറയുന്ന പോലെയുള്ള ഒരു തുടക്കം സൃഷ്ട്ടിക്കുവാൻ - നമ്മുടെ പുതിയ മുഖ്യമന്ത്രിക്കും ടീമിനും പ്രാ‍ധാന്യം ചെയ്യുവാൻ കഴിഞ്ഞു എന്നത് ഒരു വാസ്തവം തന്നെയാണ് ...

ഒപ്പം തന്നെ ദേശീയമായി തന്നെ നല്ല കിണ്ണങ്കാച്ചി  പരസ്യ വിഞ്ജാപനകളാൽ ഈ വരവേൽ‌പ്പ് കൊട്ടിയറിച്ച് , മോദി തന്റെ മോഡി കൂട്ടി കൊണ്ടിരിക്കുന്ന പോലെ -  'ഒരു മുമ്പേ നടക്കും ഗോവു തൻ പിമ്പേ നടക്കും ' ഇഫക്റ്റും ഉണ്ടാക്കുവാൻ നമ്മുടെ സ്വന്തം പുതിയ ഗവർമേന്റീനും സാധിച്ചിരിക്കുന്നു ... !

പണം പോയാലും പവറ് നാലാൾ അറിയട്ടെ
എന്ന് കരുതുന്ന ന്യൂ-ജെൻ രാഷ്ട്രീയ കളികൾ  ...

കൂട്ടത്തിൽ നിന്നും വയോധികരെ മാറ്റി നിറുത്തി അതാതിടങ്ങളിൽ
ആയതിന്റേതായ പ്രാഗൽഭ്യവും , കഴിവും , തന്റേടവുമുള്ള മന്ത്രിമാരെ
തിരെഞ്ഞെടുത്താണ് ഭരണപക്ഷം ആദ്യത്തെ ഒരുഗ്രൻ കൈയ്യടി നേടിയത് ...
ഒപ്പം തന്നെ ഈ ഭരണ തലവ(തലൈവി)ന്മാർ അതാത് തട്ടകകങ്ങളിൽ
കയറിയിരുന്ന ശേഷമുള്ള പ്രഥമ നടപടികളും , പ്രസ്താവനകളും പൊതുജനത്തിന് ഇമ്പമേറിയതും , ഹിതമുള്ളതും തന്നെയായിരുന്നു എന്നതിന് ഒരു സംശയവും വേണ്ട ...

ഇത്തരം പുതു പുത്തൻ ഭരണ ക്രമങ്ങൾ അവർക്കെല്ലാം തുടരാൻ കഴിയട്ടേ ...
അതിൽ പുത്തരിയിൽ കല്ല് കടിച്ച പോലെ അതിരപ്പിള്ളി
ഊർജ്ജ പദ്ധതി പെട്ടെന്ന് തന്നെ  ഊതി വീർപ്പിച്ചപ്പോൾ ,
ബലൂണിൽ നിന്നും കാറ്റ് പോകുന്ന പോലെ  ഇത്തിരി ഊർജ്ജം
ചൂറ്റി പോയി എന്ന് മാത്രം ... !
നമ്മുടെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങൾ ജസ്റ്റൊന്ന്  മറിച്ച് നോക്കിയാൽ കാണാവുന്നതാണല്ലോ - കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്ക് വെച്ച് യൂറോപ്പ്യൻ രാജ്യങ്ങളുടെ കോളണി വാഴ്ച്ച ഭരണങ്ങൾ കെട്ടുകെട്ടിച്ച് , അനേകമനേകം നാട്ടുരാജാക്കന്മാരിൽ നിന്നും മോക്ഷം  ലഭിച്ചപ്പോൽ ;  സ്വാതന്ത്ര്യാനാന്തരം  അഖണ്ഡ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുകയായിരുന്നു .

പിന്നീട് പാക്കിസ്ഥാനും , ബംഗ്ലാദേശുമൊക്കെ ഹിന്ദുസ്ഥാനിൽ നിന്നും വിട്ടു
പോയെങ്കിലും , ഇന്നും  ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ...!
എന്നാൽ നമ്മുടെ നാട്ടിൽ മിക്ക സംസ്ഥാനങ്ങളിലും ജനാധിപത്യത്തിലൂടെ
ജനങ്ങൾ തിരെഞ്ഞെടുക്കുന്ന മന്ത്രിമാർ , ആ പണ്ടത്തെ രാജാവിന്റെ സ്ഥാനമാനങ്ങൾ
മിക്കവാറും , ഇന്നും കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും  പറയാം ... !

സ്വാതന്ത്ര്യാനന്തര  ഇന്ത്യയിലെ ആദ്യ തിരെഞ്ഞെടുപ്പിൽ ഭരണത്തിലേറിയവരുടെ  തായ്‌ വഴിയിലുള്ള പിന്മുറക്കാർ തന്നെയാണ് , അന്ന് തൊട്ട് ഇന്ന് വരെ ഇന്ത്യാ മഹാരാജ്യത്തിലെ മിക്ക നിയോജക മണ്ഡലങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട് ; അധികാര കസേരകൾ പങ്കിട്ട് കൊണ്ടിരിക്കുന്നു എന്നുള്ള ഒരു വിരോധാപാസം കൂടി , നമ്മുടെ ജനാധിപത്യത്തിന്റെ കൂടെ കൂട്ടി വായിക്കേണ്ടി വരും  ...
അതായത് തലമുറകളായി കൈമാറി കിട്ടികൊണ്ടിരിക്കുന്ന  ഈ അധികാരം ,  നിലനിറുത്തുവാൻ വേണ്ടി ഇത്തരം നേതാക്കൾ എന്നുമെന്നോണം മതാധിപത്യത്താലും , ജാത്യാധിപത്യത്താലും ,  സംസ്ഥാനാധിപത്യത്താലും , ദേശാധിപത്യത്താലും ഇന്നത്തെ ഇന്ത്യൻ ജനാധിപത്ത്യത്തിൽ വെള്ളം ചേർത്ത് കൊണ്ടിരിക്കുന്നു എന്നർത്ഥം ...

പുതിയ മുന്നണികളിൽ മാറി മാറി അണി ചേർന്നും , സ്വന്തം പാർട്ടിയെ പിളർത്തി പുത്തൻ പാർട്ടികൾ ഉണ്ടാക്കിയും മറ്റും തനി ഇത്തിക്കണ്ണി പാർട്ടികളായി ഭരണത്തിൽ എത്ര നാറിയാലും - അഴിമതിയും , പ്രീണന നയങ്ങളുമായി കടിച്ച് തൂങ്ങി കിടക്കുന്ന അവസ്ഥാ വിശേഷങ്ങളാണ് , ഇന്നും ഇന്ത്യയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും , ശേഷം  അവർ ചേക്കേറുന്ന ഭരണ കൂടങ്ങളിലും കാണാൻ കഴിയുന്നത് ...!

നമ്മുടെ കേരളത്തിൽ തന്നെ പിതാവിന്റെ പിന്തുടർച്ചയാൽ  തന്നെ ഭരണ പാരമ്പര്യം
മക്കളാൽ കാത്ത് രക്ഷിക്കുന്ന /  പിന്തുണ്ടരുന്ന എത്ര നിയോജക മണ്ഡലകൾ തന്നെയുണ്ട് അല്ലേ. 
ഇങ്ങനെ പോയാൽ കാല ക്രമേണ ഇന്ത്യൻ രാഷ്ട്രീയ രീതികളും ഭാരതത്തിലെ  മറ്റ് പാരമ്പര്യ തൊഴിലുകളെ പോലെ ; ഇവിടെയുള്ള  ജനാധിപത്യ സംവിധാ‍ാനങ്ങളും അധപതിക്കുവാൻ സാധ്യതയുണ്ട് ...

ഇവിടെ പാശ്ചാത്യ നാടുകളിലൊക്കെ തിരെഞ്ഞെടുപ്പുകളിലേക്ക് ജാതി - മത - ദേശീയ - വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് ഓരൊ പാർട്ടികൾ മത്സരിപ്പിക്കുന്നത് .
രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല . ഒരു മന്ത്രിയൊ , എം.പി യൊ , കൌൺസിലറൊ അവരവരുടെ ഭരണ കാലവുധി കഞ്ഞിഞ്ഞാൽ , സ്വന്തം തൊഴിലുകളിലേക്ക് മടങ്ങി പോകകയാ , പുതിയത് കണ്ടെത്തി ജീവിക്കുകയൊ ചെയ്യുന്നു ...


ഇതു പോലെയൊക്കെയുള്ള ചട്ടങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളിലും
നമ്മുടെ നാട്ടിലും നടപ്പാക്കിയാൽ   നാടും നാട്ടരുമൊക്കെ എന്നേ രക്ഷപ്പെട്ടേനെ അല്ലേ ... !

എന്തായാലും ഇത്തവണ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയെ തിരെഞ്ഞെടുക്കുന്നതിന് മുമ്പ് , നാട്ടിലുള്ള ഒരു മതാധിപത്യവും , ജാത്യാധിപത്യവും ഭരണ
പക്ഷത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലാ എന്നതിൽ നിന്ന് തന്നെ , ഈ ഭരണ ക്രമങ്ങളെ നിയന്ത്രിക്കുവാൻ ഇത്തരം ചരട് വലിക്കാ‍ർക്ക് കഴിയില്ലെന്ന് പ്രതീക്ഷിക്കാം ...


ഇനി പഴയ സിദ്ധാന്തങ്ങെളെല്ലാം മാറ്റിവെച്ച് കുടിൽ വ്യവസായങ്ങളടക്കം എല്ലാ വ്യവസായിക രംഗത്തും , തൊഴിൽ മേഖലകളിലും , കാർഷിക മേഖലകളിലും( വീഡിയോ) അത്യാധുനിക യന്ത്രവൽക്കരണം( ഒരു മിനിറ്റ് വീഡിയോ) നടത്തുവാനുള്ള നടപടികൾ ഉണ്ടാക്കി , അതാതിടങ്ങളിലെ തൊഴിലാളികൾക്ക് ആയതിലൊക്കെ പരിശീലനം നല്കിയുള്ള ഒരു പുതിയ തൊഴിൽ വിപ്ലവത്തിനാണ് ഈ ഭരണകൂടം ശ്രമിക്കേണ്ടത് ...
പ്രവാസി മലയാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇത്തരം വിദ്യകളിലൊക്കെ പ്രാവീണ്യരായ അവർക്കൊക്കെ നാട്ടിലും എത്തിപ്പെട്ടാൽ തൊഴിൽ കണ്ടെത്തുവാൻ ഇത് ഏറെകുറെ സഹായിക്കും...
ഇന്ന് ലോകത്തുള്ള വമ്പൻ രാജ്യങ്ങളെ മാറ്റി നിറുത്താം , എന്നാൽ ഏറെ പിൻ പന്തിയിൽ നിൽക്കുന്ന ചില ആഫ്രിക്കൻ കരീബിയൻ , തെക്കനമേരിക്കൻ രാജ്യങ്ങളടക്കം , ചൈന , കൊറിയ , ത്‍ായ്ലാന്റ് മുതലായ രാജ്യങ്ങളിലൊക്കെ എല്ലാ രംഗങ്ങളിലും പുരോഗതിയിലേക്ക് കുതിച്ചുയരുവാൻ സഹായിച്ചത് ഇത്തരം ആധുനിക വൽക്കരണണങ്ങളാണെന്ന് പച്ച പരമാർത്തമായ ഒരു കാര്യമാണല്ലോ ... !
പിന്നെ നമുക്കാവശ്യമുള്ളതിലും എത്രയോ ഇരട്ടി ഊർജ്ജം നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുവാൻ വേണ്ടത്ര സൂര്യ വെളിച്ചവും , കാറ്റും , തിരമാലകളും നമ്മുടെ നാട്ടിൽ അങ്ങാളമിങ്ങോളം സുലഭമായി ഉള്ളതാണല്ലൊ . അതു കൊണ്ട്  മനുഷ്യനും പ്രകൃതിക്കും അപകടകരമായ താപ വൈദ്യുത നിലയങ്ങളും , അണക്കെട്ടുകളും , അണുഭേദന റിയാക്ടറുകളുമൊന്നും പുതിയതായി തുടങ്ങാതെ, സോളാർ / വിൻഡ് / ടൈഡൽ എനർജി പ്ലാന്റുകൾ സ്ഥാപിക്കുവാൻ ഈ ഭരണകൂടം ആരംഭം കുറിക്കട്ടെ...

ഇനി വരുന്ന തലമുറക്കും , പ്രകൃതിക്കും ദുരിതം വിതക്കുന്ന ജല വൈദ്യുതി / ആണവ നിലയ വൈദ്യുതി പദ്ധതികളെല്ലാം , ഇന്ന് ആഗോള വ്യാപകമായി പല ലോക രാജ്യങ്ങളും ഉപേക്ഷിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ { അമേരിക്ക പോലും അവരുടെ ഏറ്റവും വലിയ ഡാം പൊളിച്ച് കളഞ്ഞ് നദീ തട പരിസ്ഥിതി തിരീച്ചെടുക്കുന്ന കാഴ്ച്ച ); ഇന്ന് ലോക എക്കണോമിയിൽ മുൻപന്തിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വീണ്ടും ഇത്തരം പദ്ധതികൾക്ക് പിന്നാലെ നടക്കുന്നത്  വല്ലാത്ത ഒരു നാണക്കേട് തന്നെയാണ് ... !
ഇനി കേരളത്തിൽ് ഭൗമ - ജല - വ്യോമ ഗതാഗത വികസങ്ങൾ കൂടി നാട്ടിലെങ്ങും
പ്രാബല്യത്തിൽ വരുത്തിയാൽ വിനോദ സഞ്ചാരമടക്കം മറ്റെല്ലാ മേഖലകളും സമ്പുഷ്ടമാകും ... !

ഈ വിഷയങ്ങളിലെല്ലാം ഊന്നൽ നൽകിയുള്ളതായിരിക്കണം
നമ്മുടെ നിയുക്ത മന്ത്രിസഭയുടെ ഓരൊ പുതിയ നടപടികളും  .  അപ്പോൾ
ഭാവിയിൽ നമ്മുടെ കേരളം ആരോഗ്യം , വിദ്യഭ്യാസം എന്നീ രംഗങ്ങൾ നാം കീഴടക്കി കൊണ്ടിരിക്കുന്ന പോലെ ഭാരതത്തിനും ,  ലോകത്തിനും ഒരു മാതൃക സംസ്ഥാനമായി തീരും ... !

പഴയ ചട്ടങ്ങൾ മാറ്റപ്പെടട്ടെ ...
നിർഭയം ഇത്തരം പുതിയ രീതികൾ കൊണ്ട് വന്ന് അഴിമതിയില്ലാത്ത , കാര്യ പ്രാപ്തമായ ഒരു നല്ല ഭരണത്തിന്  തുടക്കമിടുവാൻ നമ്മുടെ
പുതിയ ഗവർമെന്റിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു...
ജയ് കേരളം ... ജയ് ഭാരതം ...!

 പിന്നാമ്പുറം :- 
‘ ബ്രിട്ടീഷ് മലയാളി ’ യിലും ,
മലയാളം വായന ’യിലും  പ്രസിദ്ധീകരിച്ച ആലേഖനമാണിത് .

Saturday 30 April 2016

ഉത്സവ ലഹരികൾ .... ! / Ulsava Laharikal ... !

അലയാഴികളിലെ തിരമാലകളെ
പോലെ ഓളം തള്ളിയും തിരയടിച്ചും
അമ്പത് കൊല്ലം ജീവിതത്തിൽ നിന്ന് ഇത്രവേഗം കൊഴിഞ്ഞ് പോയല്ലൊ എന്ന നഷ്ട്ടബോധമൊന്നും , ആ പിന്നിട്ട വഴികളിലേക്ക്  തിരിഞ്ഞ് നോക്കുമ്പോൾ  എന്നെയൊന്നും ഒട്ടും അലട്ടാറില്ല ...

പലപ്പോഴും ബന്ധു മിത്രാധികൾക്കൊപ്പം ആർമാദിച്ചാടിയ സന്തോഷങ്ങളാണ് , പല ദു:ഖങ്ങളേക്കാളും , സന്താപങ്ങളേക്കാളും എന്നെ സംബന്ധിച്ചിടത്തോളം ; എന്നും മധുര സ്മരണകളിൽ മുന്നിട്ട് നിൽക്കാറുള്ളത് ...

ഇത്തരത്തിലുള്ള പിന്നിട്ടുപോയ  മധുരമൂറുന്ന പല  സ്മരണകളും വീണ്ടും അയവിറക്കുവാൻ വേണ്ടിയാണ് ഞാൻ ഇത്തവണ , ഒരു ഒറ്റയാൾ പട്ടാളമായി നാട് താണ്ടാൻ പോയത് ...
അതോടൊപ്പം സ്വന്തം ജീവിത രീതികളാ‍ൽ സ്വയം കേടുവരുത്തിയ ചില ശാരീരിക ആന്തരിക അവയവങ്ങളുടെ അറ്റകുറ്റ പണികൾ  നാട്ടിൽ വെച്ച് നടത്തുവാനൊ , പ്രതിവിധിക്കൊ  വല്ല മാർഗ്ഗവും ഉണ്ടോ‍ എന്നന്വേഷിക്കുകയും വേണമായിരുന്നു... !

ഇതിനെല്ലാത്തിനേക്കാളും  ഉപരി ; ജോലി , കുടുംബം മുതലായ ബന്ധനങ്ങളിൽ നിന്നും തൽക്കാലം ഒരു മോചനം നേടി നാട്ടിലെ പണ്ടത്തെ കൂട്ടുകാർക്കും , കൂട്ടുകാരികൾക്കുമൊപ്പം ഒത്ത് കൂടി വീണ്ടും ചില കളി വിളയാട്ടങ്ങൾ നടത്തണമെന്നുള്ള ഒരു കലശലായ മോഹവും ഉണ്ടായിരുന്നു ... !

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 
ബന്ധനം ബന്ധനം തന്നെ പാരില്‍ " 
എന്നാണല്ലോ പറയുക അല്ലേ ...

അങ്ങിനെ നാലാഴ്ച്ചക്കാലം നാട്ടിൽ ചിലവഴിച്ച , അടിച്ചു പൊളിച്ചടക്കിയുള്ള ഒരു പരോൾ കാലം കഴിഞ്ഞ് വീണ്ടും ലണ്ടനിലെ വീട്ട് തടവറയിൽ എത്തിയപ്പോൾ , ഏതാണ്ട് ഒരു മാസത്തോളം പിന്നിട്ട  കിടിലനായ ഒരു  ‘ഡിജിറ്റൽ ഡൈറ്റ് ‘ കാരണം ,
വല്ലാതെ ശോഷിച്ചു പോയ എന്റെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ  ഒരു ആർത്തി പണ്ടാരത്തെ പോലെ ഓടിനടന്ന് വല്ലാതെ വിവശനായിരിക്കുമ്പോഴാണ് , ആ നാട്ടു കാഴ്ച്ചകളെ കുറിച്ച് എന്തെങ്കിലും കുറിച്ചിടാമെന്ന് കരുതി ഈ ബിലാത്തി പട്ടണത്തിന്റെ ഉമ്മറത്ത് ഇപ്പോൾ വന്നത് ...

വിദേശ  വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ഒരാളെ സംബന്ധിച്ച്  സ്വന്തം ജന്മനാട്ടിൽ ആർമാദിച്ചാടിയിട്ടുള്ള  പണ്ട്  ബാല്യകാലത്തും , ചോര തിളപ്പാർന്ന അന്നത്തെ യൌവ്വന കാലത്തുമൊക്കെ ഉണ്ടായിരുന്ന മിത്രങ്ങളും -  അവരോടൊന്നിച്ച് കഴിച്ച് കൂട്ടിയ , ആ നല്ല നാളുകളും ജീവിതത്തിൽ നിന്നും ഒരിക്കലും മായ്ച്ചുകളയാത്ത സ്മരണകൾ തന്നെയാണ് ...!

വർഷങ്ങൾക്ക് ശേഷം ആയവയിൽ ചിലതൊക്കെ അന്നുണ്ടായിരുന്ന ആ മിത്ര കൂട്ടായ്മയുമായി വീണ്ടും കൊണ്ടാടുമ്പോഴുള്ള ചില കൊച്ചുകൊച്ച് മധുര സ്മരണകളുടെ കൂമ്പാരമായിരുന്നു ഈ അവുധിക്കാലം എനിക്ക് സമ്മാനിച്ചത് ...
പരസ്പരം സ്നേഹിച്ചും കലഹിച്ചും ഓരോരുത്തരുടെയും സന്തോഷങ്ങളും , ദു:ഖങ്ങളും ഒരുമിച്ച് പങ്കുവെച്ച് , ബന്ധുക്കളോടൊന്നും ചൊല്ലിയാടാത്ത പല രഹസ്യങ്ങളുടേയും കെട്ടുകളഴിച്ച് , പ്രണയങ്ങൾക്ക് കാവലിരുന്നും , കൂട്ടുപോയും നാട്ടിലും പരിസരങ്ങളിലുമുള്ള എന്ത് കുണ്ടാമണ്ടികളിലും ചെന്ന് തലയിട്ട് എന്തിനും , ഏതിനും പോന്ന ഒരു കൂട്ട്കെട്ട് തന്നെയായിരുന്നു അന്ന് ഞങ്ങൾക്കുണ്ടായിരുന്നത്...
ആയതിന്റെയൊക്കെ പഴങ്കഥകൾ അയവിറക്കിയുള്ള ഒത്ത് ചേരലുകളുടെ ആഹ്ലാദങ്ങളാണ് ഞങ്ങൾ വീണ്ടും പങ്കിട്ടെടുത്തത്...

കൂടാതെ അഞ്ചെട്ട് കൊല്ലമായി എന്നുമെന്നോണം എന്റെ  സൗഹൃദ  വലയത്തിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന നാട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക ഓൺ-ലൈൻ മിത്രങ്ങളുമായിട്ട് ചില കണ്ടുമുട്ടലുകളും , അല്പസൽപ്പം സൊറ പറച്ചിലുകളും നടത്തുവാൻ പറ്റി എന്നുള്ള  സന്തോഷം കൂടി ഒരു ഇരട്ടി മധുരം പോലെ ഇത്തവണത്തെ നാട്ടിൽ പോക്കിൽ എടുത്ത് പറയാവുന്ന സംഗതികൾ തന്നെയായിരുന്നു ...
 നാട്ടിലെത്തിയതിന്റെ പിറ്റേന്ന് പ്രഥമമായി നെന്മാറ വല്ലങ്കി വേല കാണുവാനാണ് ആദ്യകാലത്തുള്ള ഒരു വനിതാ ബ്ലോഗ്ഗറടക്കം ഞങ്ങളഞ്ച് പേർ പാലക്കാടൻ കൊടുംചൂടിലേക്ക് വണ്ടി വിട്ടത് . വല്ലങ്കിക്കാരുടെ വെടിക്കെട്ടിന്റെ കൊട്ടിക്കലാശത്തിനിടയിൽ ഒരു ഗുണ്ട് മുകളിൽ പോകാതെ താഴെ ഞങ്ങളുടെ മുമ്പിൽ വന്ന് ചേറിൽ വീണ് പൊട്ടി അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടത് എന്തോ കുരുത്തം കൊണ്ടാണെന്ന് തോന്നുന്നു ...

അതിന് ശേഷം സ്വന്തം ഇടവകയിലെ വട്ടപ്പൊന്നി വിഷു വേലയും അതോടോപ്പമുള്ള നാടൻ കലാരൂപങ്ങളുടെ ആട്ടവും പാട്ടും ജയരാജ് വാര്യരും , ശില്പി രാജനുമടക്കം നാട്ടിലെ അനേകം പഴയ കൂട്ടുകാർക്കൊപ്പം രണ്ട് ദിവസമാണ് ആർമാദിച്ച് കൊണ്ടാടിയത് ...

അതേ പോലെ തന്നെയായിരുന്നു നെടുപുഴ ഹെർബട്ട് നഗർ പൂരവും , കാവടിയാട്ടവും കണ്ടാസ്വദിച്ചത് ...
പിന്നെ കൊടുങ്ങല്ലൂർ ഭരണിക്ക് പോയത് നാൽവർ സംഘമായ പഴയ ബൂലോകരുടെ കൂടെയാണ്. ന്യൂ-ജെനറേഷൻ ടീംസിന്റെ കുമ്മിയടിച്ചുള്ള ഭരണിപ്പാട്ടുകളുടെ ആവിഷ്കാരമാണ് അവിടെ ഇപ്പോൾ ഒരു പ്രത്യേകതയായി കണ്ടത് . ജനങ്ങൾക്കൊക്കെ പണ്ടുള്ളതിനേക്കാൾ ഭക്തിയും വിഭക്തിയും ഇത്തിരി കൂടി പോയൊ എന്നാണ് അവിടത്തെയൊക്കെ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ ശരിക്കും തോന്നി പോയത് ...

കൊല്ലത്തുണ്ടായ നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം മാധ്യമങ്ങൾക്ക് ചാകരയായപ്പോഴൊക്കെ ഞാൻ ചികിത്സാ വിധികളുടെ തീർപ്പിൽ പെട്ട് കിടക്കുകയായിരുന്നൂ ... !

ആയതിന്റെയൊക്കെ തുടർ നടപടികൾ ഇവിടെ ലണ്ടനിൽ വന്നിട്ടാകാമെന്ന് പിന്നീട് തീരുമാനിക്കുകയും ചെയ്തു ... !

ഇതിന്റെയൊക്കെ പിന്നാലെ സാമ്പിൾ വെടിക്കെട്ട്  മുതൽ നാല് ദിവസം മുഴുവൻ സാക്ഷാൽ തൃശ്ശൂർ  പൂ‍രത്തിന്റെ ലഹരികളിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു . ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് വരെ ഞങ്ങളൊക്കെ ചുക്കാൻ പിടിച്ച് നടത്തിയിരുന്ന പൂരാഘോഷങ്ങളുടെയൊക്കെ പ്രൌഡി അതുക്കും മേലെയായി പുത്തൻ തലമുറ ഏറ്റെടുത്ത് അതി ഗംഭീരമായി നടത്തുന്നത് കണ്ടപ്പോൾ തീർത്തും അഭിമാനം തോന്നി ... (ദാ...2016 ലെ ഒരു പൂരം ഹൈലൈറ്റ്സ് )


ഒപ്പം തന്നെ പാവറട്ടി പള്ളിപ്പെരുന്നാളും , നാടൻ കലാമേളകളുമൊക്കെ - പണ്ടുള്ള പല ഉത്തമ മിത്രങ്ങളുമായി ഒത്തൊരുമിച്ച് വീണ്ടും നേരിട്ട്  പോയി കണ്ടും കേട്ടും ആസ്വദിച്ചപ്പോഴുള്ള ആ നിർവൃതി  ഒന്ന് വേറെ തന്നെയായിരുന്നു ...
 പിന്നെ ഇന്ന് രൂപ ഭാവങ്ങൾ മാറിപ്പോയ  , പണ്ടത്തെ എസ്. എസ്.എൽ.സി ബാച്ചുകാർ ഞങ്ങളെല്ലാവരും ഒത്ത് കൂടി ഒരു ദിവസം മുഴുവൻ് ആ പഴങ്കഥകൾ പറഞ്ഞ് രസിച്ചത് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ...!

ചെണ്ടപ്പുറത്ത് കോലുവെക്കുന്ന ഇന്ന് നാട്ടിലുള്ള ഉത്സവ പറമ്പുകളിലെ വാണിഭമടക്കം , നാട്ടിലെ തൊഴിൽ മേഖലകൾ മുഴുവൻ കൈയ്യേറിയ അന്യ ദേശക്കാർക്കൊപ്പം ഇഴചേർന്ന് , ഗ്രാമീണ സൌന്ദര്യങ്ങൾ വല്ലാതെ ശുഷ്കിച്ച് പോയ നമ്മുടെ നാട്ടിലെ കൊച്ച് കൊച്ച് പട്ടണത്തിന്റെ കുപ്പായമണിഞ്ഞ ഗ്രാമങ്ങൾ താണ്ടി , മോഡേൺ കള്ള്ഷാപ്പുകളിൽ  കയറിയിറങ്ങി  , നാടൻ വിഭവങ്ങളുടെ രുചിയറിഞ്ഞ് , പഴയ കാലത്തെ പോലെ വീറും വാശിയും ആളോളുമൊന്നുമില്ലാത്ത ഇക്കൊല്ലത്തെ തിരെഞ്ഞെടുപ്പ് ജ്വരങ്ങളുടെ ചൂടും ചൂരും തൊട്ടറിഞ്ഞുള്ള അനേകം സഞ്ചാരങ്ങൾ തന്നെയായിരുന്നു എന്റെ ഇത്തവണയുണ്ടായ നാട്ടിലെ ഓരൊ  യാത്രകളും ...

യു.കെയിൽ മെയ് മാസം നടക്കാൻ പോകുന്ന കൌൺസിൽ തിരെഞ്ഞെടുപ്പുകളിലേക്ക് ജാതി -മത -ദേശീയ- വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് പാർട്ടികൾ മത്സരിപ്പിക്കുന്നത് . രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല ...!
ഇതെല്ലാം കണ്ട് നാട്ടിൽ അധികാര കസേരകൾ പിടിവിടാതെ , ജീവിതാന്ത്യം വരെ മത്സരിച്ച് - ജാതി മത പ്രീണനങ്ങളിൽ കൂപ്പ് കൂത്തിയുള്ള പാർട്ടിക്കാരെയും , സ്ഥാനാർത്ഥികളെയുമൊക്കെ കാണുമ്പോൾ എന്തോ‍ ഒരു തരം പുഛം തോന്നുന്നു ...!

ഹും.. അതൊക്കെ പോ‍ട്ടെ
ഈ എഴുതിവന്നത് തൽക്കാലം അവസാനിപ്പിക്കാം ...
ലണ്ടനിലെ നാല് ഡിഗ്രി കാലാവസ്ഥയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള നാല്പത് ഡിഗ്രി ചൂടിലേക്ക് ഇറങ്ങി ചെന്നപ്പോൾ ശരീരത്തിൽ അടഞ്ഞ് കിടന്നിരുന്ന ശ്വേഥ ഗ്രന്ഥികളെല്ലാം തുറന്ന് അനേകം വിയർപ്പ് കണങ്ങൾ ഒഴുകി പോയി ...

പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തിന്റെ രൌദ്രവും , പഞ്ചവാദ്യത്തിന്റെ താളങ്ങളും മനസ്സിലേക്ക് ആവാഹിച്ച് , വെടിക്കെട്ടുകളുടെ കൂട്ടപ്പൊരിച്ചിലുകളുടെ ഗാംഭീര്യത്തിൽ സകലമാന ആകുലതകളും അലിയിച്ച് കളഞ്ഞ് എല്ലാ ആഘോഷ ലഹരികളുമായി ശരിക്കും മനം നിറഞ്ഞ കുറെ ഉത്സവ ലഹരികളുടെ ദിനങ്ങളുടെ ശേഷിപ്പുകൾ വാരി നിറച്ചുള്ള ഒരു  വലിയ ഭാണ്ഡം മുറുക്കി വളരെ ശുഭമായ ഒരു തിരിച്ച് യാത്രയോടെ എന്റെ സുന്ദരമായ ഒരു പരോൾ കാലം എത്ര പെട്ടെന്നാണ് തീർന്ന്പോയത് ... !

എന്റെ ഓർമ്മയുടെ മണിവർണ്ണച്ചെപ്പിൽ
കാത്ത്  സൂക്ഷിച്ച്  വെക്കുവാൻ ഇത് തന്നെ ധാരാളം ...
അല്ലെ  കൂട്ടരേ ...

Sunday 27 March 2016

മറക്കാനാകാത്ത മലയാളത്തിലെ മണി മുത്തുകൾ ... ! / Marakkanakaattha Malayalatthile Mani Mutthukal ... !

ഏത് ദേശങ്ങളിലും ബഹുഭൂരിപക്ഷം ജന മനസ്സുകളിലും  ചിര പ്രതിഷ്ഠ നേടി കാലങ്ങൾക്കതീതമായി ചിരഞ്ജീവികളായി ജീവിച്ച് പോന്നിരുന്ന ചില വ്യക്തികളുണ്ട് . അതാതു നാടുകളിലെ ജനങ്ങളുടെ പൊതു സ്വഭാവ വിശേഷങ്ങളനുസരിച്ച് ആ ശീലഗുണങ്ങളാൽ തിളങ്ങി നിൽക്കുന്ന വിശിഷ്ട്ട വ്യക്തി തിളക്കമുള്ള പവിഴ മുത്തുകളായിരുന്നു ഇവർ ...
ആഗോള വ്യാപകമായി മനുഷ്യ കുലങ്ങളുടെ സ്വഭാവ വൈശിഷ്ട്ടങ്ങൾ വിലയിരുത്തിയപ്പോൾ കിട്ടിയ ഒരു വസ്തുതയുണ്ട് .
വർഗ്ഗം , നിറം , ആരോഗ്യം , ബുദ്ധി , കൌശലം , കരവിരുത് മുതലായവയിൽ മാത്രമല്ല - ഭൂലോകത്തിലെ പല രാജ്യങ്ങളിലേയും വിവിധ ദേശക്കാരായ ആളുകൾക്കും വളരെ വൈവിധ്യമായ സ്വഭാവ വിശേഷങ്ങളാണ് ഉള്ളത് പോലും ....
ശാരീരികക്ഷമതയുടെ കാര്യത്തിൽ ഇത്തിരി പിൻ പന്തിയിലാണെങ്കിലും തെക്കനേഷ്യൻ രാജ്യങ്ങളിലെ ( ഇന്ത്യൻ ഉപഭൂഖണ്ഡവും  പരിസര രാജ്യങ്ങളും ) ജനങ്ങളാണെത്രെ ബുദ്ധിശക്തിയിൽ മികച്ച് നിൽക്കുന്നവർ... !
കായിക ശക്തിയിലും മറ്റും ഉന്നതിയിൽ  നിൽക്കുന്നവരാണെങ്കിലും , അരണ ബുദ്ധിയാണ് തെക്കനാഫ്രിക്കൻ /കരീബിയൻ രാജ്യങ്ങളിലുള്ളവർക്കെന്ന് പറയുന്നു ...
ഇത് രണ്ടും സമാസമം ഉള്ളവർ വടക്കെനേഷ്യൻ രാജ്യക്കാരായ ജപ്പാൻ , ചൈന മുതൽ കൊറിയക്കാർക്കും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളായ റഷ്യയിലേയും അനുബന്ധ രാജ്യങ്ങളിലേയും ആളുകൾക്കാണെന്ന് പഠനങ്ങൾ പറയുന്നത്...
പക്ഷേ കൌശലക്കാരായ മനുഷ്യർ വസിക്കുന്നത് തനി പടിഞ്ഞാറൻ നാടുകളായ ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , പോർച്ചുഗീസ് മുതൽ  ദേശങ്ങളിലും അവരുടെ കുടിയേറ്റ രാജ്യങ്ങളിലുമാണ് പോലും ...
അതുപോലെ നമ്മുടെ മലയാളിയുടെ സ്വഭാവ
വിശേഷങ്ങളും വേറിട്ട ഒന്ന് തന്നെയാണെന്ന് നമുക്കറിയാമല്ലോ ...
കൂർമ്മ ബുദ്ധി , കുതികാൽ വെട്ട് , ആക്ഷേപ ഹാസ്യം  , പ്രവാസ / ഗൃഹാതുരത്വ
ജീവിത ശൈലി / ചിന്ത , ആഡംബര ജീവിതം മുതൽ പല ചിട്ട വട്ടങ്ങളാൽ അവയൊക്കെ കെട്ടുപിണഞ്ഞ് കിടക്കുകയാണല്ലോ ...
ഇത്തരം ശീലഗുണങ്ങളാൽ  സാധാരണക്കാരുടെ ഇടയിൽ നിന്നു കൊണ്ട് തന്നെ ആദ്യന്തം കലോപാസനകളാലും മറ്റും ചില വിരലിലെണ്ണാവുന്ന വ്യക്തികൾ ഇന്നും ചിരഞ്ജീവികളായി നമ്മുടെയൊക്കെ ജന മനസ്സുകളിൽ ഇപ്പോ‍ഴും ജീവിച്ചിരുപ്പുണ്ട് ...

പുരാതന കാലം മുതൽ ഇന്നുവരെ ശങ്കരാചാര്യർ , പഴശ്ശി രാജ , കുഞ്ഞാലി മാരക്കാർ , ഉണ്ണിയാർച്ച , സ്വാതി തിരുനാൾ , എഴുത്തച്ചൻ , കടമറ്റത്ത് കത്തനാർ , ശ്രീനാരായണ ഗുരു , കുമാരനാശാൻ , വള്ളത്തോൾ , അയ്യങ്കാളി , വൈക്കം മുഹമ്മദ് ബഷീർ , വയലാർ , ഒ .എൻ .വി , സുകുമാർ  അഴിക്കോട് , സത്യൻ , നസീർ , ഇ.എം.എസ് , ലീഡർ , നയനാർ എന്നിങ്ങനെ  പല പല തമ്പുരാക്കന്മാരും , യോദ്ധാക്കളും  , കവികളും, സാഹിത്യ നായകരും , ആത്മീയ ഗുരുക്കളും  , ജന നേതാക്കളുമൊക്കെ നമുക്കുണ്ടായിരുന്നുവെങ്കിലും അവരെല്ലാം ഓരോ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങി പോയവരാണ്...

പക്ഷേ സാധാരണക്കാരുടെ ഇടയിലും മറ്റെല്ലാ ജന ഹൃദയങ്ങളിലും
ഇമ്പമാർന്ന വരികളിലൂടെ , താളങ്ങളിലൂടെ , മേളങ്ങളിലൂടെ , അഭിനയാവിഷ്കാരങ്ങളിലൂടെ
ഇടം പിടിച്ച് - മലയാളികളുടെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകാത്ത , തികച്ചും വേറിട്ട ചില വ്യക്തികൾ നമ്മുടെ സ്മരണകളിൽ കാലാകാലമായി എന്നും നില നിൽക്കുന്നുണ്ട്  ... !
ലോകത്തിലെ ഏറ്റവും പുരാതനമായ നാട്യകലകളിൽ പെട്ട ഒന്നാണല്ലോ നമ്മുടെ കൂത്ത്. മലയാളിയുടെ ആട്ടത്തിന്റേയും പാട്ടിന്റേയും ചരിത്രത്തിന് രണ്ടായിരത്തിൽ അധികം വർഷത്തിന്റെ പഴക്കമുണ്ട് .  കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങിയ  ശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിച്ച്  പല സമീപകാലസംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്ന ഒരു കലാരൂപം ...
ആക്ഷേപ ഹാസ്യത്താലും , പാട്ടുകളാലും മറ്റും ശ്രോതാക്കളെ കൈയ്യിലെടുക്കുന്ന വിദ്യ പുരാതന കാലം തൊട്ടെ നമ്മുടെ മുതുമുത്തപ്പന്മാരുടെ ഒരു കുത്തക തന്നെയായിരുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് വേണം അല്ലേ ...
പാട്ടിനൊത്തുള്ള താളങ്ങളും , തുള്ളലുകളുമൊക്കെയായി അന്ന് തൊട്ടെ
ഓരൊ വരേണ്യ വർഗ്ഗക്കാർ മുതൽ കീഴാള വർഗ്ഗക്കാർ വരെ അന്ന് കാലത്തെ
ഒരേയൊരു ‘എന്റെർടെയ്മെന്റാ‘യ വാമൊഴി പാട്ടുകളായും , അതിനൊത്ത  ചുവടുവെപ്പുകളായും ,  താളങ്ങളായും , മേളങ്ങളായും ഇത്തരം ധാരാളം നാടൻ പാട്ട് കലാ രൂപങ്ങൾ കഴിഞ്ഞ നൂറ്റാണ്ട് വരെ തലമുറകളായി നാം നിലനിറുത്തി കൊണ്ടിരുന്നു ...
ജാതിയ്ക്കും, ഉപജാതിയ്ക്കും പുറമെ ചാതുർവർണ്യം ചാർത്തിക്കൊടുത്ത കുലത്തൊഴിലുകളൊക്കെ വേണ്ടാന്ന് വെച്ച് അവരവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യം , ഇന്ന് ലോകത്ത് കൈവന്നത് മുതൽ പാരമ്പര്യമായി  നില നിന്നിരുന്ന ഇത്തരം പ്രാചീനമായ പല കലാരൂപങ്ങളും ഭൂ‍മുഖത്ത് നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നതും ഒരു വാസ്തവമാണ് ...
അന്നത്തെയൊക്കെ ഇത്തരം കലാരൂപങ്ങളിൽ  നൃത്തത്തിന്റെ അംശവും മറ്റ് വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളുമൊക്കെയായി ,  ഇത്തരം പല നാടൻ കലകളും  മലയാളിയുടെ ആശയ സംവേദനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു ...
ഈ തരത്തിലുള്ള നാടൻ ശീലുകളാലും മറ്റും  മൊത്തം ജന മനസ്സുകളിൽ ഇടം പിടിച്ച ഇത്തരം വ്യക്തികളെ ഓർമ്മിക്കുന്ന ഒരു ദിനമായാണ് ലണ്ടനിലുള്ള ‘’കട്ടൻ കപ്പിയും കവിതയും ’ എന്ന കൂട്ടായ്മയുടെ ഈ മാസത്തെ ഒത്ത് ചേരൽ കഴിഞ്ഞ വാരം , ലണ്ടനിലുള്ള ‘കേരള ഹൌസി‘ൽ വെച്ച് അരങ്ങേറിയത് ...
ഒപ്പം തന്നെ
എന്തുകൊണ്ടാണ് തുടരെ തുടരെ ഇത്തരം സാക്ഷാൽ മനുഷ്യ സ്നേഹികളായ കലാ പ്രാവീണ്യമുള്ളവർ , അവതാരങ്ങൾ പോലെ നമ്മുടെ നാട്ടിൽ ഉടലെടുക്കാത്തത് എന്നുള്ള വളരെ ചിന്തിക്കേണ്ട ഒരു വിഷയം പിന്നീടുള്ള ചർച്ചക്ക് ശേഷം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചാണ് അന്നത്തെ ‘കോഫി ടോക്ക് കൂട്ടായ്മ പിരിഞ്ഞത് ...

സമ്പന്നതയുടെയും , ഉന്നത ജാതികളുടെയും ആട്ടവിളക്കിനു മുന്നിൽ നിന്നും
കലയെയും , സാഹിത്യത്തേയും , ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങളിലേക്ക് പറിച്ചു നട്ട പല പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു .  
അതിൽ പ്രഥമ ഗണനീയനാണ്  കുഞ്ചൻ നമ്പ്യാർ .


രണ്ടാമത്  ഓർമ്മിച്ചത് നക്ഷത്രങ്ങളുടെ സ്നേഹ ഭാജനമായിരുന്ന  
ചങ്ങമ്പുഴ കൃഷ്ണപിള്ളയെ - തനി പച്ച മലയാളത്തിലുള്ള ഈരടികളിലൂടെ 
സ്നേഹവും , പ്രണയവും കൂട്ടികലർത്തി സാധാരണക്കാരന്റെ വിഷയങ്ങൾ 
പ്രമേയമാക്കി അന്നുള്ള മൊത്തം മലയാളിയുടെ ജനകീയ കവിയായി മാറിയ ചങ്ങമ്പുഴ.
 
പിന്നീട് കാഥികനായിരുന്ന സാംബശിവൻ - മലയാളിയെ വിശ്വസാഹിത്യത്തിന്റെ രാജവീധിയിലൂടെ കൈ പിടിച്ചു നടത്തിയ ഭാവനാ സമ്പന്നൻ . ദൃശ്യത്തെ വെല്ലുന്ന വാക്ധോരണിക്കു മുൻപിൽ ജനസമുദ്രങ്ങൾ നിശ്ചലരായിരുന്നു കഥ കേട്ടിരുന്ന കഥാപ്രസംഗ കലയിലെ മുടിചൂടാമന്നൻ . 
ഇന്ന് കാലത്തുള്ള മിമിക്രിയുടെയൊക്കെ ഭാവഭേദങ്ങളാൽ കാണികളെ കോരിത്തരിപ്പിച്ചിരുന്ന ഒരു സകലകല വല്ലഭാൻ . കഥാപ്രസംഗം ഒരു കാലഘട്ടത്തിന്റെ ജനകീയ കലയായിരുന്നു. 
അതിന് ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി 
പ്രവർത്തകനായിരുന്ന ഡോ : ഇക്ബാൽ മുതലായവരുടെയൊക്കെ  
പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിച്ചു. 
ഇത്തരത്തിൽ പെട്ട അപൂർവ്വ വ്യക്തിത്വങ്ങളിൽ 
പെട്ട  അവസാന കണ്ണിയായിരുന്നു കലാഭവൻ മണി
അദ്ദേഹത്തെയായിരുന്നു അവസാനം അനുസ്മരിച്ചത് . കാലങ്ങളായി 
നമ്മുടെ നാട്ടിലൊക്കെ തലമുറകളായി പകർന്ന് കിട്ടിയ നാടൻ പാട്ടുകളെയൊക്കെ 
വീണ്ടും തന്റേതായ ശൈലികളിലൂടെ പുനരാവിഷ്കരിച്ച് സകലമാന മലയാളികളുടേയും മറവിയിൽ നിന്നും ആയത് പുറത്ത് കൊണ്ടുവരികമാത്രമല്ല മണി ചെയ്തത് , ആഗോളതലത്തിലുള്ള ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും വന്ന് , അവരോടൊപ്പം ആടിയും പാടിയുമൊക്കെ , സ്നേഹ വിരുന്നുകൾ പങ്ക് വെച്ച് മലയാണ്മയുടെ വെണ്മ തുകിലുണർത്തുകയായിരുന്നു ഇദ്ദേഹം ...

മണിയുടെ മരണം ചാനലുകൽക്ക്
‘ഇലക്ഷനു‘മുമ്പ് കിട്ടിയ ചാകരയായി മാറി.. അവർ ആയത് ഇപ്പോഴുംആഘോഷിച്ചു കൊണ്ടിരിക്കുന്നു ...

ഇല്ലായ്മകളിൽ നിന്നും ഉയർന്ന് വന്ന് , തന്റെ സകലകലാ വൈഭവത്താൽ ഇടിച്ചിടിച്ച് നിന്ന് പിടിച്ച് പിടിച്ച് കയറി , എല്ലാ ജന ഹൃദയങ്ങളിലും ഇടം പിടിച്ച സ്നേഹ സമ്പന്നതയുടെ ഒരു വ്യക്തിത്വമായിരിന്നു മണിയുടേത്... 

മറ്റനേകം സെലിബിറിറ്റികൾക്കൊന്നും ഇല്ലാതെ പോയ - കൂടെയുള്ളവരേയും , ഉറ്റ മിത്രങ്ങളേയും , ജന്മനാടിനേയുമൊക്കെ അകമഴിഞ്ഞ് സ്നേഹിക്കുകയും , തനിക്ക് കിട്ടുന്നതിൽ നിന്ന് ഒരു ഓഹരി ആയതിനെല്ലാം വേണ്ടി ചിലവഴിക്കാനും സന്മനസ്സുണ്ടായിരുന്ന ഒരു വേറിട്ട കലാകാരൻ തന്നെയായിരുന്നു ഇദ്ദേഹം...

ഇത്തരം ശീലഗുണങ്ങൾ തന്നെയാണ് മണിക്ക് ഗുണമായതും 
വിനയായതും എന്ന വസ്തുത ഏവർക്കും അറിവുള്ള കാര്യമാണല്ല്ലോ.

മണി എല്ലാവരേയും സന്തോഷിപ്പിച്ച് , 
ചിരിപ്പിച്ച് ഉള്ളുകൊണ്ട് കരഞ്ഞ ഒരു യഥാർത്ഥ 
മനുഷ്യ സ്നേഹിയാണ് . മണിയുടെ  ജീവചരിതം ഒരു 
മനുഷ്യ ജീവിതത്തിന്റെ താഴ്ച്ചയും , ഉയർച്ചയും , ഗുണവും , 
ദോഷവുമൊക്കെ  പഠിച്ചറിയാവുന്ന ഒരു അസ്സൽ പാഠപുസ്തകം തന്നെയാണ്... !



Sunday 31 January 2016

വായന വിളയാട്ടങ്ങൾ ... ! / Vaayana Vilayaattangal ... !

അറിവും വിവരവും ഒപ്പം അല്പസൽ‌പ്പം വിവേകവും ഉണ്ടെങ്കിൽ ഒരാൾക്ക് ജീവിത വിജയങ്ങൾ ഏറെ വാരി പിടിക്കുവാൻ സധിക്കും എന്നാണല്ലോ പറയുക ...
കണ്ടറിഞ്ഞും , കേട്ടറിഞ്ഞും , തൊട്ടറിഞ്ഞും പഠിക്കുന്ന  അനുഭവ ജ്ഞാനങ്ങളേക്കാൾ വിലയുള്ള ഏറ്റവും വലിയ അറിവാണ് വായനയിലൂടെ ഒരാൾ നേടിയെടുക്കുന്ന വിജ്ഞാനം എന്നാണ് പറയപ്പെടുന്നത് ...
പണ്ടത്തെ താളിയോല ഗ്രന്ഥങ്ങൾ തൊട്ട് അച്ചടി മാധ്യമങ്ങൾ അടക്കം അത്യാധുനിക വെബ് - ലോഗുകളിൽ വരെ ഇന്ന് ആർക്കും യഥേഷ്ട്ടം എടുത്ത് ഉപയോ‍ഗിക്കാവുന്ന വിധം ഈ അറിവുകളുടെ വിശ്വ വിജ്ഞാന കലവറകൾ ലോകം മുഴുവൻ ഇന്ന് അങ്ങിനെ വിന്യസിച്ച് കിടക്കുകയാണല്ലൊ ഇപ്പോൾ ...
ലോകത്തുള്ള ചില പ്രധാനപ്പെട്ട  ‘ലൈബ്രറി കൌൺസിലുകളും ,  ‘പബ്ലിഷേഴ്സും‘ കൂടി നടത്തിയ ഒരു റിസർച്ചിന്റെ  ഫലം കഴിഞ്ഞ വർഷം ആഗോള വായന ദിനത്തിന്റെയന്ന് പുറത്ത് വിട്ടിരുന്നു...

അതെന്താണെന്ന് വെച്ചാൽ പണ്ട് മുതൽ ഇന്ന് വരെ വായനയുടെ കാര്യത്തിൽ മുൻപന്തിയിൽ  നിൽക്കുന്നത് ഏഷ്യക്കാരാണ് പോലും ...
അതിൽ ആ‍ഴ്ച്ചയിൽ 11 മണിക്കൂർ വരെ ആവെറേജ് വായിച്ച് കൂട്ടുന്ന ,
മറ്റെല്ലാവരേയും പിന്തള്ളി , ഏവരേക്കാളും  മികച്ച് നിൽക്കുന്നത് നമ്മൾ ഭാരതീയരാണെത്രെ ... !

മനുഷ്യൻ ഉണ്ടായ കാ‍ലം മുതൽ അവർക്കെല്ലാം കിട്ടി കൊണ്ടിരുന്ന പുത്തൻ അറിവുകളെല്ലാം തായ് വഴികളിലൂടെ തലമുറ തലമുറയായി അവർ കൈ മാറി വന്നുകൊണ്ടിരുന്നത് ശബ്ദങ്ങളിലൂടേയോ  , ആംഗ്യങ്ങളിലൂടേയോ , രേഖാ ചിത്രങ്ങളിലൂടേയോ മറ്റോ ആയിരുന്നു പുരാതന മനുഷ്യർ , അവരുടെ ഇത്തരം ആശയ വിനിമയങ്ങൾ മറ്റൊരുവന് പകർന്ന് കൊടുത്തിരിന്നത് എന്നാണ്  ചരിത്ര രേഖകൾ വ്യക്തമാക്കുന്നത് ...

പിന്നീടതൊക്കെ അവരുടെയിടയിൽ ഭാഷകൾ ഉരുത്തിരിഞ്ഞ് വന്നപ്പോഴേക്കും ,  അവർ ഈ അറിവുകളൊക്കെ വാമൊഴിയായി പദ്യങ്ങളായൊ, പാട്ടുകളായൊ , ശ്ലോകങ്ങളായൊ താള ലയങ്ങളോടെ പുതു തലമുറകൾക്ക് കൈമാറി കൊണ്ടിരുന്നു ...
ശേഷം അതൊക്കെ  താളിയോലകളായും , അച്ചടിയായും ഗ്രന്ഥങ്ങളിൽ
സ്ഥാനം പിടിച്ചപ്പോൾ വായനയും എഴുത്തുമൊക്കെ മനുഷ്യ കുലങ്ങളിൽ അടി
വെച്ചടിവെച്ച് വർദ്ധിച്ചു വന്നു ...
ഇപ്പോഴിതാ ലോകം മുഴുവൻ ഡിജിറ്റൽ വായനയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് ...

അതായത് സിനിമകളൊക്കെ കാണുമ്പോലെ കണ്ടും കേട്ടുമൊക്കെ വായിച്ച് രസിക്കാവുന്ന വീഡിയോ ബക്സും  , വളരെ സുന്ദരമായ പാട്ടുകളൊക്കെ കേൾക്കുന്ന പോലെ കഥകളും ,കവിതകളും മറ്റും കേട്ട് മനസ്സിലാക്കാവുന്ന    ഓഡിയോ ബുക്ക്സും ...!  
പിന്നെ ഇതെല്ലാം അടങ്ങുന്ന വായിക്കാനും , എഴുതാനും , കാണാനും , കേൾക്കാനുമൊക്കെ സാധിക്കുന്ന തരത്തിലുള്ള  ഡിജിറ്റൽ ബുക്കുകളടക്കം ധാരാളം 'ഇലക്ട്രോണിക് ഡിവൈസു'കളും  പ്രചുര പ്രജാരം വന്നിരിക്കുന്ന കാലമാണിപ്പോൾ ...!
ഇന്ന് ഉലകത്തിൽ 'ഇ -വായന'കൾ ബഹുവിധം സുലഭം ആണെങ്കിലും , അച്ചടി വായനകൾക്ക് ഇപ്പോൾ ഇതുവരെ അന്ത്യക്കൂദാശകൾ അർപ്പിക്കാത്ത കാരണം നമ്മുടെയൊക്കെ തലമുറയിലുള്ളവർക്ക് പുസ്തക വായനകളോട് സുല്ല് പറയേണ്ടി വരില്ല എന്ന് മാത്രം .

ഒരു പക്ഷേ അടുത്ത ജെനറേഷനിൽ ഇക്കാര്യത്തിൽ ഒരു മാറ്റം സംഭവിക്കം .
വായന മാത്രമല്ല , കയ്യെഴുത്തിനും ഈ ഗതി തന്നെയാണ് വരാൻ പോകുന്നത്. 

എന്തും കൈ കൊണ്ട് എഴുതുന്നതിന് പകരം ‘ടൈപ്പ്’ ചെയ്യുകയാണ് , ഏവരും ചെയ്ത് കൊണ്ടിരിക്കുന്ന പ്രക്രിയ .
അന്തർദ്ദേശീയമായി പേരെടുത്ത യൂറൊപ്പിലെ മൂന്നാല്
പേനക്കമ്പനികളെല്ലാം  കഴിഞ്ഞ വർഷം കച്ചവടം നേർ പകുതിയിലേക്ക്
കൂപ്പ് കുത്തിയപ്പോൾ അടച്ച് പൂട്ടുകയുണ്ടായി .

ലോകത്തിലെ മിക്കവാറും താപാൽ വകുപ്പുകളിലേയും
തസ്തികകൾ ഇല്ലാതായി വരികയാണ്.

ദേ ഇപ്പോൾ ഇംഗ്ലണ്ടിലുള്ള നമ്മുടെ ‘മലയാള മനോരമ‘യൊക്കെ
പോലുള്ള , ഒരു  പുരാതനമായ 'ഇന്റിപെന്റണ്ട് - ദി ഡെയ്ലി മെയിൽ'  പത്രം
പൂർണ്ണമായും അച്ചടി പതിപ്പുകൾ നിറുത്തി , ഡിജിറ്റൽ പേപ്പറായി മാറിയിരിക്കുകയാണ്.

ഇത്തരം വായന / എഴുത്ത് വിപ്ലവ മുന്നേറ്റത്തിനിടയിൽ പല പല മേഖലകളിൽ അനേകം മനുഷ്യവിഭവ ശേഷികൾ ഇല്ലാതാക്കുന്നു എന്നൊരു
സത്യവും നാം മനസ്സിലാക്കിയിരിക്കണം.

ഇതുകൊണ്ടൊന്നും ലോകത്താകമാനം വായനയും എഴുത്തുമൊന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആയതൊക്കെ പതിന്മടങ്ങ് വർദ്ധിച്ചു എന്നുള്ള ഒരു മെച്ചം കൂടി ഈ നവീന വായന വിപ്ലവങ്ങൾ കൊണ്ട് സാധ്യമാകുകയും ചെയ്തിരിക്കുകയാണിപ്പോൾ. ..!



ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞാൽ കടലാസ്സുകൾ അപൂർവ്വമാകുന്ന ഒരു കാലം വന്ന് ചേരുമെന്നാണ് പറയുന്നത് . 
അന്ന് ‘സോളാർ എനെർജി‘യാൽ്
പ്രവർത്തിക്കുന്ന ഒരിക്കലും ‘ഡിസ്കണക്റ്റാകാത്ത‘, ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന
ഒരു ഭീമൻ ‘വൈ -ഫൈ / Wi-Fi‘യാൽ ബന്ധിക്കപ്പെടുന്ന ഭൂമിയി്ലുള്ള സകലമാന ലൊട്ട് ലൊടുക്ക് ദിക്കുകളിലും ‘സൈബർ മീഡിയ‘കളിൽ കൂടി മാത്രമേ ഭൂരിഭാഗം ഇടപാടുകളും നടക്കുകയുള്ളൂ ...

ഒരു ‘’മൈക്രോ ചിപ്പി‘ൽ വരെ ഒരു പുസ്തക ശാലയിലെ മുഴുവൻ ബുക്കുകളുടേയും ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിക്കുവാൻ പറ്റുന്ന കാലഘട്ടം.
അന്നൊക്കെ ഡിജിറ്റൽ വായനകൾ
മാത്രമേ ഉണ്ടാകുകയുള്ളൂ എന്നർത്ഥം ..
അപ്പോൾ അന്ന്  പുസ്തകങ്ങളൊക്കെ ‘പ്രഷ്യസ് ‘ ആയിരിക്കും ...!
എപ്പോഴും പഴയതൊക്കെ അന്യം നിന്നു പോ‍ാകുമ്പോഴും  വായനയിൽ കൂടി കിട്ടുന്ന  ഈ വിജ്ഞാന വിളംബരങ്ങളെല്ലാം അതാതുകാലത്തുള്ള മനുഷ്യർക്ക് കൈവന്നിരുന്ന, അവരവരുടെ കാലത്തെ അത്യാധുനിക ഉപാധികളിലൂടെ കണ്ടെടുത്ത് മനസ്സിലാക്കാനും , സംരംക്ഷിക്കാനും സാധിച്ച് പോന്നിരുന്നത് മനുഷ്യന് അവന്റെ അറിവിനോടുള്ള ആർത്തി തന്നെയായിരുന്നു കാരണം ... !

അതുകൊണ്ട് വായന എന്ന സംഗതി ലോകത്ത് മനുഷ്യനുള്ള കാലം വരെ വിവിധ തരം മാധ്യമങ്ങളിൽ കൂടി തുടർന്ന് കൊണ്ടിരിക്കും
അവ എന്നും പല പല ഉപാധികളിൽ കൂടി സംരംക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും ... !


ചെറുപ്പം മുതലെ ഒരു വായനയുടെ ദഹനക്കേടുണ്ടായിരിന്ന എനിക്ക് എഴുത്തിന്റെ ചില കൊച്ചു കൃമി ശല്ല്യവും ഒപ്പം ഉണ്ടായിരുത് കൊണ്ടായിരിക്കാം ഭൂമി മലയാളത്തിൽ ബൂലോകം പൊട്ടി മുളച്ചപ്പോൾ ആയതിന് ഇത്തിരി ചാണക വളമായി പല തവണ ഇവിടെയൊക്കെ വന്ന് പലതും വിസർജിച്ച് പോകുന്നത്...

പക്ഷേ തുടരെ തുടരെ പൊട്ടി മുളക്കുന്ന പല ‘സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റു‘കളിലൊക്കെ ഉന്തി തള്ളി കയറിയിട്ട് , അവിടെയൊന്നും സ്വസ്ഥമായ ഒരു ഒരു ഇരിപ്പിടം കിട്ടാതെ തേടി  അലയുമ്പോഴും  വായനയെന്ന ശയനത്തിൽ തന്നെ ഞാൻ ലയിച്ച് കിടക്കാറുണ്ടായിരുന്നു ...

ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ  മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്.

2016 ന്റെ തുടക്കം മുതൽ നല്ല പിള്ള ചമയാനുള്ള ‘റെസലൂഷൻ‘ എടുത്തതിനോടൊപ്പം തന്നെ അനേകം ഗ്രൂപ്പുകളിലായി അഭിരമിച്ചിരുന്ന് ചുമ്മാ സമയം അപഹരിക്കുന്ന  ‘വാട്ട്സാപ് , ലിങ്കിടിൻ , ഇൻസ്റ്റാഗ്രാം‘ മുതലായ പല സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും ‘സൈലന്റ് ‘ആയി നിന്ന് ,  എന്റെ മറ്റ് സോഷ്യൽ മീഡിയ തട്ടകളാ‍ായ‘  ഗൂഗ്ൾ പ്ലസ് , ഫേസ് ബുക്ക് , ട്വിറ്റർ ‘ എന്നീ തട്ടകങ്ങളിൽ ഒതുങ്ങി നിന്ന് മാത്രം , ചുമ്മാ ഒന്ന് എത്തി നോക്കിയിട്ട് ,   ബാക്കി വരുന്ന സമയം മുഴുവൻ എന്റെ ഇഷ്ട്ട വായന ഇടങ്ങളായിരുന്ന അച്ചടി മാധ്യമങ്ങളിലേക്ക് ഞ്‍ാൻ വീണ്ടും ഇറങ്ങി പോകുകയാണ് ...

ഏതൊരു വിദ്യയും സ്വയം കൈ വശമാക്കണമെങ്കിൽ അതിനെ കുറിച്ച്
ആദ്യം സിദ്ധാന്തപരമായൊ , പ്രായോഗികപരമായൊ മനസ്സിലാക്കി പഠിച്ചിരിക്കണം .
ആയതിന് അടിസ്ഥാനപരമായി വേണ്ട സംഗതിയാണ് വായന ...

അതെ എവിടെയും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച്
കയറണമെങ്കിൽ  ഒരാൾക്ക് അറിവുകൾ ഉണ്ടായിരിക്കണം.

വിദ്യാ ധനം സർവ്വ ധനാൽ 
പ്രാധാന്യം എന്നാണല്ലൊ പറയുക..
അതെ
വായിച്ചാൽ വളർന്ന് വളർന്ന് വലുതാകാം ...
അല്ലെങ്കിൽ വളഞ്ഞ് വളഞ്ഞ് നിലം മുട്ടി ഇല്ലാതാകും ... !

ഒരു പുസ്തക ദിനത്തിനൊ ,
വായന ദിനത്തിനൊ മാത്രം
പോര വായനകൾ .., 
എന്നുമെന്നും
വേണം ബൃഹത്തായ വായനകൾ...!


PS 
ഈ ലേഖനം പിന്നീട് ബ്രിട്ടീഷ് കൈരളിയിൽ 
എന്ന രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് 



പിന്മൊഴി :-
ബൂലോഗത്ത് ഞാൻ തിമർത്താടിയിരുന്ന 
2011  കാലഘട്ടത്തിൽ  എഴുതിയിട്ടിരുന്ന  
വെറും വായന വിവരങ്ങൾ എന്ന ആലേഖനവും 
ഇതോടൊപ്പം വേണമെങ്കിൽ കൂട്ടി വായിക്കാം കേട്ടൊ കൂട്ടരെ

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...