Tuesday 28 October 2014

പ്ര­കൃ­തി ജീ­വ­ന­ത്തിലേയ്ക്ക് ഒരു ‘സ്നേഹ‘ യാത്ര ... ! / Prakryithi Jeevanatthileykku Oru 'Sneha' Yaathra ...!




ഏതാണ്ട് ഒന്നേ കാൽ കിന്റലോളം തൂക്കമുള്ള  തനി വീപ്പകുറ്റി പോലുള്ള
മാർക്ക് ഹിഗ്ഗിൻസ്  എന്ന സായിപ്പ് ചുള്ളൻ ഞങ്ങളുടെ സൂപ്പർ വൈസറാണ്.
ആട് ചവയ്ക്കുന്ന പോലെ വായിൽ  എപ്പോഴും എന്തെങ്കിലുമിട്ട് ചവച്ചരച്ച്  വിഴുങ്ങി കൊണ്ടിരുന്ന , ഈ ഗെഡിയോടൊപ്പം ഒളിമ്പിക്സിന് മുന്നോടിയായി  സി.സി.ടി.വി   കണ്ട്രോൾ റൂമി‘ൽ വർക്ക് ചെയ്യുന്ന അവസരങ്ങളിലെല്ലാം , ഞാൻ വീട്ടിൽ നിന്നും കൊണ്ട് പോകുന്ന ഉണക്ക ചപ്പാത്തിയും , ചോറും , വളിച്ച് പോകാറായ ഫ്രീസർ കറികളടക്കം പലതും മൂപ്പർക്ക് തിന്നാൻ കൊടുത്തിട്ട്  -  ആൾ ഓർഡർ ചെയ്യുന്ന പിസ, ബർഗ്ഗർ , ചിക്കൻ & ചിപ്പ്സ് മുതലായവയിൽ നിന്നും ഷെയറ് വാങ്ങി പള്ള നിറച്ചിരുന്നതൊക്കെ ഇപ്പോൾ ഓർക്കൻ ഒരു കാരണമുണ്ട്.

അന്ന് ഡ്യൂട്ടി റൂമിൽ വെച്ച് ഇഷ്ട്ടന്റെ നാലഞ്ച് മുൻ
പാർട്ട്ണേഴ്സ് - ആളുടെ പൊണ്ണത്തടി കാരണം പിരിഞ്ഞ്
പോയ കഥയും , കൊളസ്ട്രോളിനും  , രക്ത സമ്മർദ്ദത്തിനും സ്ഥിരം കഴിക്കുന്ന മരുന്നുകളെ കുറിച്ചുമൊക്കെ  പറയാറുള്ളപ്പോൾ ...ഞാൻ   ചുമ്മാ‍  മൂപ്പരോട് പറയാറുണ്ട് ..
“ നീ ഇന്ത്യയിൽ പോയി വല്ല ആയുർവേദമോ , പ്രകൃതി
ചികിത്സയോ നടത്തി ശരീരം ഇളതാക്കിയിട്ട് , ഉഗ്രൻ  ‘സ്റ്റാമിന‘ ഉണ്ടാക്കെന്റെ ഗെഡീന്ന് ...!“
 പ്രകൃതി ചികിത്സയെ കുറിച്ചൊക്കെ
ഈ സായിപ്പൻ ആദ്യം കേൾക്കുകയാണ്.
ഞാനപ്പോൾ പറയും ഈ പ്രകൃതി ചികിത്സയും, ആയുർവേദവുമൊക്കെ
പണ്ട് ഭാരതീയർ  കണ്ടുപിടിച്ചതാണെന്നും  , എന്റെ നാടായ കണിമംഗലത്ത് ,
അന്നത്തെ  പ്രകൃതി ചികിത്സാ ആചാര്യന്മാരായ     പ്രൊ: ഉൽ‌പ്പലാക്ഷൻ മാഷും,
വർമ്മസാറു മൊക്കെ  കേരളത്തിലെ ആദ്യത്തെ പ്രകൃതി ചികിത്സാലയം തുടങ്ങിയെന്നും ,
പല മാറാ രോഗങ്ങളും മാറ്റി , തടി കുറപ്പിച്ച് അനേകരെ ടിപ്പ് ചുള്ളന്മാരും , ചുള്ളത്തികളും ആക്കിയിട്ടുണ്ടെന്നുമൊക്കെ ...!

പിന്നീടെപ്പോഴൊ ഞങ്ങളുടെ നാട്ടിലെ
തന്നെ ഒരു  പ്രകൃതി ചികിത്സാല‘യത്തിൽ  ജോലി ചെയ്തതിന്  ശേഷം , പൂനയിൽ പോയി ‘നാച്ച്യുറോപതി‘യിൽ ‘ഡിപ്ലോമ പ്ലസ് ഡിഗ്രി‘യെടുത്ത് ജില്ലയിലെ തന്നെ വേറൊരു പ്രകൃതി ചികിത്സാലയത്തിൽ  , ജോലി നോക്കുന്ന ഡോ: രാജിയുടെ മൊബൈൽ നമ്പറും ഇതിനെയൊക്കെ  കുറിച്ച് വിശദമായി ചോദിച്ചറിയുവാൻ വേണ്ടി മൂപ്പർക്ക്  , ഞാൻ അന്ന് കൊടുത്തിരുന്നു...

ഒളിമ്പിക്സിന് ശേഷം , എന്നെ , ഞങ്ങളുടെ കമ്പനി നോർത്ത് വെസ്റ്റ് ലണ്ടനിലെ
‘നെറ്റ് വർക്ക് റെയിൽ കമ്പനി‘യുടെ ‘സി.സി.ടി.വി  വിങ്ങി‘ലേക്ക് മാറ്റിയത് കൊണ്ട്
പിന്നീട് , ആ ഗുണ്ടപ്പനായ ആ ‘മാർക്കേട്ട‘നുമായി വലിയ കോണ്ടാക്റ്റൊന്നുമില്ലായിരിന്നു...

പക്ഷെ ഞാൻ  അന്ന് ‘ഓസി‘ക്ക് തിന്നാൻ കിട്ടുന്നതിന് പകരം , പറഞ്ഞ് കൊടുത്ത പ്രകൃതി ചികിത്സ , തേടി  -  ആ സായിപ്പ് ചുള്ളൻ , നമ്മുടെ നാട്ടിൽ പോയി അവിടെ ഒന്നര മാസം നിന്ന് , വെറും 79 കിലോ തൂക്കം ശരീരത്തിന് വരുത്തി , സകല വിധ രോഗങ്ങളിൽ  നിന്നും  വിമുക്തനായി  കഴിഞ്ഞ കൊല്ലം ലണ്ടനിൽ തിരിച്ചെത്തിയപ്പോൾ , എനിക്ക് വേണ്ടി , ‘ദുബായ് ഡ്യൂട്ടി ഫ്രീയി‘ൽ നിന്നും ജോണി വാക്കറിന്റെ , രണ്ട്  ‘ബ്ലാക്ക് ലേബൽ‘ കുപ്പികൾ സമ്മാനവുമായ് വന്നപ്പോഴാണ് - മാർക്കിനെ  ഞാൻ പിന്നീട് കാണുന്നത് ...!

ഒപ്പം തന്നെ എനിക്ക് ഒരു സർപ്രൈസും അടുത്ത കൊല്ലം
കാട്ടി തരാമെന്നും പറഞ്ഞാണ് ഇഷ്ട്ടൻ അന്ന് സ്ഥലം കാലിയാക്കിയത് ...?

പിന്നീട് ഇക്കഴിഞ്ഞ ജൂലായ് മാസം മാർക്ക് എന്നെ , ഒരു ഇന്ത്യൻ
വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക്  ക്ഷണിച്ച്  വിളിച്ച് വരുത്തി ആ അത്ഭുതവും കാട്ടി തന്നു..!

ഞാൻ അന്ന് പരിചയപ്പെടുത്തിയ പ്രകൃതി ചികിത്സ സെന്ററിലെ അപ്പോത്തിക്കിരിയായ ഡോ: മിസ് .രാജി  , അവിടെ മിസ്സിസ് രാജി ഹിഗ്ഗിൻസായി ഇരിക്കുന്നു...!

കഴിഞ്ഞ കൊല്ലം അവളുടെ കീഴിൽ യോഗാഭ്യാസവും , ചികിത്സയും നേടി കൊണ്ടിരുന്ന  സമയത്ത് ,  ഇവനോട് സഹതാപം  തോന്നി , പ്രണയ വല്ലരിയായി അവളീ സായിപ്പിൽ പടർന്ന് കയറിയിട്ട് , മാർക്ക് തിരിച്ച് പോരുന്നതിന് മുമ്പ് , നാട്ടിലെ ഒരു അമ്പലത്തിൽ പോയി മാലയിട്ട് , പിന്നീട് കല്ല്യാണം റെജിസ്റ്റർ ചെയ്ത് പോലും...!

ഇപ്പോൾ മാർക്ക് അവന്റെ പുത്തൻ കെട്ട്യോളെ അങ്ങിനെ
ലണ്ടനിലും എത്തിച്ചു .ഇനി ഇപ്പോൾ രണ്ട് പേരും ചേർന്ന് ഔട്ടർ ലണ്ടനിൽ
ഒരു  പ്രകൃതി ചികിത്സാലയം തുടങ്ങുവാൻ പരിപാടിയിട്ടിരിക്കുകയാണ് പോലും..!

 പുര നിറഞ്ഞ് നിന്നിട്ടും, ഒറ്റ പൈസ സ്ത്രീധനം കൊടുക്കാതെ ഒരു സായിപ്പിനെ കല്ല്യാണിക്കാൻ പറ്റിയതിലും,ഫ്രീ വിസായിൽ ‘യു.കെയിൽ എത്തിപ്പെടുകയും ചെയ്ത എന്റെ നാട്ടു കാരിയായ ഡോ: രാജിയുടെ  മിടുക്ക് കണ്ടും, കേട്ടും  ഞാൻ വായ പൊളിച്ച് -‘ഡാഷ് ‘പോയ അണ്ണാനെ പോലെ , ഇത്തിരി കുഞ്ഞി കുശുമ്പുമായി അവിടെ തന്നെ കുറെ നേരം തരിച്ചിരുന്നു പോയി ...!
 നമ്മുടെ നാട്ടിലെ എത്ര ഗുണ ഗണങ്ങളുള്ള സംഗതികളേയും ചവിട്ടി കൂട്ടി കുപ്പയിലിട്ട് , നാം എന്നും പാശ്ചാത്യരുടെ എന്ത് ഗുണ്ട് പരിപാടികളേയും ഫോളൊ ചെയ്യുക എന്നത് നമ്മുടെ ഒരു ‘ഡ്രോബാക്ക്സ്‘ തന്നെയാണല്ലോ ...

അതുപോലെ  സായിപ്പ് നമ്മുടെ നാട്ടിലെ ഇത്തരം സംഗതികളൊക്കെ,
വാനോളം പുകഴ്ത്തി കഴിഞ്ഞാലെ  നമ്മളും ഇത് കൊള്ളാലോ എന്ന്  ചിന്തിച്ച്
അതിനെയൊക്കെ വീണ്ടും മാന്തിയെടുത്ത് തലയിലേറ്റിയില്ലെങ്കിലും , കൈ പിടിച്ചെങ്കിലും
കൊണ്ടു നടക്കൂ എന്നുള്ളത് നമ്മുടെയൊക്കെ ഒരു ജന്മ സ്വഭാവവുമാണല്ലോ അല്ലേ..

ഞാനും അങ്ങനെത്തെ ഒരു സ്വഭാവ ഗുണമുള്ളവനായതുകൊണ്ടാകാം  ..
എന്റെ മോളുടെ കല്ല്യാണവും , വിരുത്തൂണുമൊക്കെ കഴിഞ്ഞ് ആകെ ഒന്ന്  കൊഴുത്തുരുണ്ടപ്പോഴാണ്  എനിക്ക് മാർക്ക് സായിപ്പിന്റെ ആ വിളി തോന്നിയത്...!

പോരാത്തതിന് എന്റെ ശരീരത്തിന്റെ വരമ്പത്ത് വന്ന് നില്ക്കുന്ന ‘ഡയബറ്റീസി‘നേയും, ‘പ്രഷറിനേ‘യുമൊക്കെ ആട്ടിയോടിക്കുവാൻ മരുന്ന് സേവയും തുടങ്ങി കഴിഞ്ഞിരുന്നതും ഒരു കാരണമാണെന്ന് കൂട്ടിക്കൊ
അങ്ങിനെ ഞാൻ തൃപ്പയാറുള്ള ‘സ്നേഹ‘ ആയുർ നാച്ചുറോപ്പതി സെന്ററി‘ൽ ’പോയി രണ്ടാഴ്ച്ചത്തെ ചികിത്സക്ക് അഡ്മിറ്റായി...

എന്നെ ഭയങ്കര വിശ്വാസമുള്ളതു
കൊണ്ട് ഭാര്യയും എന്നോടൊപ്പം വന്നിരുന്നു...!

പാവം കഴിഞ്ഞ  25 കൊല്ലത്തോളം സ്ഥിരമായി എന്റെ കൂടെ കിടക്കുന്നത്
കൊണ്ടാകാം തല്ലിക്കളഞ്ഞാൽ പോകാത്ത നടു വേദന , ‘നെക്ക് പെയിൻ‘ മുതലായവയും അവൾക്കും കൂട്ടുണ്ടായിരുന്നു...!

തൃശ്ശൂർ ജില്ലയിലുള്ള തൃപ്പയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന്റെ നേരെ
എതിർ വശത്ത് പുഴയുടെ ഇക്കരെ മൂന്ന്  ചുറ്റും തോട് കീറി , ഒരു വശത്ത്
പുഴയൊഴുകുന്ന തീരമുള്ള ഒരു മനോഹരമായ കുഞ്ഞു ദ്വീപിലാണ് ഈ ‘സ്നേഹ
എന്ന ആയുർ നാച്ചുറോപ്പതി ചികിത്സാലയം.‘.

മണ്ണിഷ്ട്ടികകളാൽ നിലം വിരിച്ചിട്ടുള്ള  10 ബാത്ത് റൂം അറ്റാച്ച്ഡ്  മുറികളും ,
വരാന്തയും,  സിറ്റൌട്ടും അടക്കളയുമുള്ള വലിയ ഒരു തറവാട് , ഒപ്പം ഷീറ്റ് മേഞ്ഞ
ടെറസ്സിൽ യോഗാസന പരിശീലന ഇടവുമുള്ള  പ്രകൃതിയെ ശരിക്കും തൊട്ടറിയുന്ന ഫല
വൃക്ഷങ്ങൾ നിറഞ്ഞ നല്ല ഒരു തെങ്ങിൻ തോപ്പ് അടക്കം ഒട്ടുമിക്ക പച്ചക്കറികളും വിളയിച്ചെടുക്കുന്ന നല്ല ഒരു  കൃഷിയിടം ...

പത്ത് പതിനഞ്ച് കൊല്ലത്തിന് ശേഷം നാട്ടിലിപ്പോൾ വീണ്ടും ഒട്ടുമിക്ക പുരയിടങ്ങളിലും, ടെറസ്സിലുമൊക്കെ മലക്കറികൾ വിളഞ്ഞ് നിൽക്കുന്നതും , കോഴി , താറാവ് , ആട് , പശു എന്നിവയൊക്കെ വീടുകളിലെ തൊടികളിലേക്ക് മടങ്ങി വന്നതും ഇത്തവണ നാട്ടിൽ ചെന്നപ്പോഴുണ്ടായ ഒരു ഇമ്പമായ കാഴ്ച്ച തന്നെയായിരുന്നു..!

ആ സ്നേഹാലയത്തിൽ പുലർച്ചെ  വയറിളക്കാനുള്ള ഒരു പച്ചമരുന്ന്
കുടിച്ച് കണ്ണൂം , മൂക്കും ക്ലീൻ ചെയ്ത് മറ്റ് ശൌച്യങ്ങളെല്ലം വരുത്തി , ഒരു മല്ലി
കാപ്പി കുടിച്ച് രാവിലെ ഏഴര മുതൽ ഒമ്പതരവരെ യോഗയും , പ്രാണായാമവും കഴിഞ്ഞാൽ ; അവരവർക്ക് വേണ്ടതായ ക്യാരറ്റ് /പടവല / പേരക്ക / പൈനാപ്പിൾ / നെല്ലിക്ക ജ്യൂസുകൾ മാത്രം കിട്ടും. പിന്നെ ഓരോരുത്തർക്കും വേണ്ടതായ പച്ചമരുന്നുകളിട്ട  ചൂടു വെള്ളമുപയോഗിച്ചുള്ള തുണി നനച്ച് മേലാസകലമുള്ള തിരുമ്പലുകളും , കിഴിവെപ്പും മറ്റും, ശേഷം ഓരോരുത്തർക്കും  വേണ്ട , വത്യസ്തമായ  കുഴമ്പിട്ട്  ഉഴിച്ചിൽ , പിന്നീട് കാൽ / കൈ / തല / മേലാസകലം  പല തരം മണ്ണ് തേപ്പലുകളാണ് .അത് കഴിഞ്ഞ് അര മണിക്കൂറിൽ മേലെ , മണ്ണ് ശരീരവുമായി നന്നായി വലിയുന്ന വരെ വെയിലത്ത് /ഇരിക്കുക .
അവസാനം തണുത്ത പുഴ /വെള്ളത്തിൽ തേച്ച് നീന്തിക്കുളി
കഴിഞ്ഞ് ഉച്ചക്കെത്തിയാൽ അവരവർക്ക് വേണ്ടതായ അവിയൽ /
ചപ്പാത്തി /നെല്ലിക്ക ചമ്മന്തി /ചീരക്കറി/ കുക്കുമ്പർ / ആപ്പിൾ / റോബസ്റ്റ്
പഴം തുടങ്ങിയ ഏതെങ്കിലും വെജിറ്റബൾ ഭക്ഷണങ്ങൾ അടങ്ങിയ ലഞ്ച്.

പിന്നീട് ആണും പെണ്ണുമ്മായ എല്ലാ അന്തേവാസികളും കൂടി ഒരു മണിക്കൂർ വാചകമടി, ചീട്ടുകളി എന്നീ വിനോദ പരിപാടികൾ.
വൈകീട്ട് മൂന്ന് മണിക്ക് മുഖത്തും , വയറ്റിലുമൊക്കെ പച്ചക്കറികൾ അരച്ചിട്ട് കിടക്കലും , ശേഷം വെള്ളത്തിൽ ഇരിപ്പും , കിടപ്പുമൊക്കെ.വീണ്ടും ഒരു മല്ലി /ചുക്ക് കാപ്പി.
പിന്നെ നടക്കുവാൻ പോകൽ /വ്യായാമം. വൈകുന്നേരം ഏഴരക്ക് റാഗി /ചപ്പാത്തി / സലാഡ് /ഫ്രൂട്ട്സ് എന്നിവയിലേതെങ്കിലുമുള്ള ഡിന്നർ.
പിന്നെ എല്ലാവരും കൂടി ഒരു ‘ക്യാമ്പ് ഫയർ...’!

രാത്രി വീണ്ടും ചില പച്ചമരുന്നുകൾ അരച്ച് കലക്കിയുള്ള ഔഷധ സേവ.
മൂന്നാലു ദിനത്തിനുള്ളിൽ അവിടത്തെ വന്നും പോയികൊണ്ടിരിക്കുന്ന എല്ലാ
അന്തേവാസികളുമായി നല്ലൊരു മിത്ര കൂട്ടായ്മ പടുത്തുയർത്തുവാൻ...സാധിക്കും...

ഞങ്ങളെ സംബന്ധിച്ച് ഇവിടെ താമസിച്ചിരുന്ന രണ്ടാഴ്ച്ചക്കാലം
തീർത്തും അവിസ്മരണീയമായിരിരുന്നു എന്ന് വേണമെങ്കിൽ പറയാം
ബന്ധുമിത്രാധികളിൽ നിന്നകന്ന് , സൈബർ ലോകമായുള്ള ബന്ധം തൽക്കാലം വേർപ്പെടുത്തി പത്രപാരായണം പോലുമില്ലാതിരുന്ന ഈ കൊച്ച് കാലഘട്ടത്തിൽ , പരസ്പരം ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കുവാൻ പോലും നേരം കിട്ടാതിരുന്ന ഞാനും , എന്റെ പെണ്ണും തമ്മിൽ എത്രയെത്ര കാര്യങ്ങൾ ഉരിയാടി , പരസ്പരം സ്നേഹ കട്ടകൾ അടുക്കി വെച്ച് , ഞങ്ങൾ  വീണ്ടും ഒരു പ്രണയ കൊട്ടാരം കൂടി പണിത് തീർത്തു...!

അവിടെ വെച്ച് ഒറ്റ ഇംഗ്ലീഷ് മരുന്ന് പോലും കഴിക്കാതെ
പോലും എന്റെ പഞ്ചാരയും , പ്രഷറുമൊക്കെ നോർമ്മൽ ..!

ദിനം പ്രതി ഏതാണ്ട് അഞ്ച് നേരം ഭക്ഷണം കഴിച്ചിരുന്ന ഞാൻ ,
രണ്ട് നേരം  മാത്രം ശരീരത്തിന് വേണ്ട പ്രോട്ടീൻ ഫുഡ് മാത്രം കഴിച്ച്
വിശപ്പടക്കി. ഒപ്പം എന്റെ  ശരീരത്തിൽ നിന്നും പല ദുർമേദസുകളും ഒഴുകി
പോയപ്പോൾ എട്ട് കിലോ തൂക്കവും കുറഞ്ഞു .!
( ലണ്ടനിൽ വീണ്ടും  തിരിച്ച് വന്നപ്പോൾ ആയത് കോമ്പൻസേറ്റ് ചെയ്തത് കാര്യം വേറെ )




എന്റെ അനുഭവം കൊണ്ട്
പറയുകയാണെങ്കിൽ നമ്മൾ ജങ്ക്
ഫുഡടിച്ച് ,ശരിയായ വ്യായാമവുമൊന്നും ചെയ്യാതെ പ്രവാസ ജീവിതത്തിൽ അടിമപ്പെട്ട് കഴിയുന്നവരാണെങ്കിൽ , ഓരൊ അവധി കാലത്തും , ഒരാഴ്ച്ചയെങ്കിലും ഇത്തരം ഒരു സ്ഥാപനത്തിൽ വന്ന് ഉപവസിക്കേണ്ടതാണ് ..

ജസ്റ്റ് മനസ്സിനും , ശരീരത്തിനും
ഒരു സുഖ വാസമെങ്കിലും കിട്ടുവാൻ വേണ്ടിയെങ്കിലും...!

അതാണ്  പ്ര­കൃ­തി ജീ­വ­ന­ത്തി­ന്റെ പ്ര­സക്തി.
മ­നു­ഷ്യ­ ജീ­വി­ത­ത്തി­ന് നി­ല­ നില്‍­ക്കാനും സു­ഖ­മാ­യി കഴി­യാ­നു­മുള്ള­ത്
പ്ര­കൃ­തി­യി­ലുണ്ട്. എ­ന്നാല്‍ അ­തു തി­രി­ച്ച­റി­യാ­നു­ള്ള ക­ഴി­വ് ; പ­രി­ഷ്­കാ­ര­ത്തി­ലേ­ക്ക്
കു­തി­ക്കു­ന്ന­തി­നി­ടെ നാം ന­ഷ്ട­പ്പെ­ടു­ത്തി. ഇ­തു തി­രി­ച്ച­റി­യു­ന്ന­വ­രാ­ണ് പ്ര­കൃ­തി ജീ­വ­ന­ത്തി­ലേ­ക്ക് തിരി­ച്ചു വ­രു­ന്ന­ത്...!

ഇന്ന് നമ്മുടെ കേരളത്തിനേക്കാൾ ഉപരി വടക്കെയിന്ത്യയടക്കം ,
ഭാരതത്തിന്റെ പല ഭാഗങ്ങളിലുമുള്ള  ആയുർ നാച്യുറോപതിക് യോഗ ആശ്രമങ്ങൾ
ധാരാളം യൂറോപ്പ്യൻസിനെ സോഷ്യൽ മീഡിയകളിലൂടെയും , മറ്റു പരസ്യങ്ങളിലൂടേയും ആകർഷിപ്പിച്ച് , വിനോദ സഞ്ചാര പാക്കേജിനൊപ്പം - യോഗ പരിശീലനം / തടി കുറയ്ക്കൽ / ആയുർവേദ ചികിത്സ / ഉഴിച്ചൽ / പിഴിച്ചൽ / രതി ഉന്മേഷമാക്കൽ മുതലായവയൊക്കെ വാഗ്ദാനം ചെയ്ത് ആയതെല്ലാം ആ ടൂറിസ്റ്റ്കൾക്ക് തീർത്തും ശരിയായ സംഗതികൾ തന്നെയാണെന്ന് തെളിയിച്ച് കൊടുക്കുന്നതുകൊണ്ടാണ് , ഇപ്പോൾ ഈ മേഖലകൾ തേടിയുള്ള പാശ്ചാത്യ നാടുകളിൽ  നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹം , നമ്മുടെ നാട്ടിലേക്കൊക്കെ പത്തിരട്ടിയിൽ മേലെയായി  വർദ്ധിച്ചതിന് കാരണമായത് ..!
പണ്ട് പുരാതന കാലം തൊട്ടെ നമ്മൾ ഭാരതീയർ
ഗണിത / ശാസ്ത്ര -സാങ്കേതിക /ആരോഗ്യ  മേഖലകളിലെല്ലാം
ലോകത്തിലെ ഏറ്റവും വിഞ്ജാന സമ്പന്നരായിരുന്നുവല്ലോ ...

പക്ഷേ പിന്നീട് പല പല അധിനിവേശങ്ങളിലൂടെ നമ്മുടെ പൌരാണിക
സമ്പത്തുകളായ പല അപൂർവമായ വിജ്ഞാന സ്രോതസുകളും  , ഒപ്പം ചില
താളിയോല ഗ്രന്ഥങ്ങളും , ഒട്ടു മിക്ക അധിനിവേശക്കാരും നമ്മുടെ നാട്ടിൽ നിന്നും
കടത്തി കൊണ്ട് പോയി അറിവുകൾ നേടിയിട്ട് , എല്ലാം അവരുടേതായ കണ്ട് പിടുത്തങ്ങളാണെന്ന് സ്ഥാപിക്കുകയായിരുന്നു...!



ഇപ്പോഴും ഇത്തരം സംഗതികൾ തന്നെയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
സമീപ ഭാവിയിൽ നമ്മുടെ  ആയുർവേദവ്വും , യോഗയും , പ്രകൃ­തി ജീവനവുമൊക്കെ
ഇനി പാശ്ചാത്യ സർവ്വകശാലകളിലോ, അവരുടെ  നാടുകളിലോ വന്ന് അഭ്യസിക്കേണ്ട
ഒരു സ്ഥിതി വിശേഷം ചിലപ്പോൾ ഉണ്ടായി കൂടെന്നും ഇല്ല...

നമ്മുടെ നാടിന്റേതായ നന്മ നിറഞ്ഞ സകലമാന സംഗതികളും
ഇപ്പോൾ പാശ്ചാത്യർ അനുകരിച്ച് ജീവിത വ്രതമാക്കികൊണ്ടിരിക്കുമ്പോൾ ,
ഇവരുടെ ഒന്നിനും കൊള്ളാത്ത തട്ട് പൊളിപ്പൻ സംഗതികളൊക്കെ സ്വയം വാരി
വലിച്ച് എല്ലാ ജീവിത ദൂഷ്യങ്ങളും പേറി നടക്കുന്ന ഒരു വല്ലാത്ത ജനതയായി മാറി കൊണ്ടിരിക്കുന്ന
 ഒരു അവസ്ഥാ വിശേഷമാണ് നമ്മുടെ പുത്തൻ ആർഷഭാരതത്തിൽ ഇന്ന് കാണാൻ കഴിയുന്നത്...!
ദേ..താഴെയുള്ള ലിങ്കുകളൊന്ന് കണ്ട് നോക്കൂ ..
യൂറൊപ്പിലെ വെജിറ്റേറിയൻ സിറ്റികൾ
യൂറോപ്പിലെ ഒരു ആയുർവേദ ഇൻസ്റ്റിറ്ട്യൂട്ട്
2014 -ലെ യൂറോപ്പിലെ 10 ബെസ്റ്റ് യോഗാ കേന്ദ്രങ്ങൾ
യൂറൊപ്പിൽ ആരംഭിച്ച പ്രകൃ­തി ചികിത്സാ ഡിഗ്രി ബിരുദങ്ങൾ

എന്തൊക്കെ പറഞ്ഞാലും ...
ഇപ്പോൾ സായിപ്പിന്റെയൊക്കെ
ഗോഷ്ട്ടികളായ ;  പരസ്യ  ചുംബനങ്ങൾ
വരെ നേടിയെടുക്കാനുള്ള ആവിഷ്കാര സമരങ്ങൾ നടത്തുന്ന , നമ്മുടെ പുത്തൻ തലമുറയുടെ ഗതികേടോർത്ത് , കാമശാസ്ത്ര കലയെ  വരെ , അരച്ച് കലക്കി കുടിച്ചിട്ടുള്ള നമ്മുടെ
യൊക്കെ ആ പുണ്യ പുരാതന പൂർവികരുണ്ടല്ലോ...
 ഇതൊക്കെ കണ്ട് പര ലോകത്തിരുന്ന്  ലജ്ജിക്കുന്നുണ്ടാവും ..അല്ല്ലേ ... !







 

Tuesday 30 September 2014

ഓർക്കുട്ട് - ഇനി ഓർക്കുക വല്ലപ്പോഴും ഓർമ്മയിൽ ... ! / Orkut - Ini Orkkuka Vallappozhum Ormmayil ... !

ഇവിടെയൊരു വിവര സാങ്കേതിക കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അജയ് മാത്യു എന്നൊരു കുടുംബ മിത്രം , 2005 -ൽ എന്റെ പേരിൽ  തുടങ്ങിയിട്ട്  , നിർജ്ജീവമായി കിടന്നിരിന്ന ,  എന്റെ  ആ പ്രഥമമായ  സൈബർ തട്ടകത്തിൽ , മൂനാല് മാസത്തിന് ശേഷം  വന്നൊന്നു നോക്കിയപ്പോൾ ഞാൻ ശരിക്കും  വല്ലാതെ അത്ഭുതപ്പെട്ട് പോയി ... !
ഭൂഗോളത്തിന്റെ പല ഭാഗത്ത് നിന്നും , എതാണ്ട് കാൽ നൂറ്റാണ്ടോളമായി  യാതൊരുവിധ ബന്ധങ്ങളുമില്ലാതെ കിടന്നിരുന്ന അമ്പതോളം വരുന്ന പണ്ടത്തെ  പല ഗെഡികളുടേയും , ഗെഡിച്ചികളുടേയുമൊക്കെ സ്നേഹാനേഷണങ്ങൾ നിറഞ്ഞ കുത്തിക്കുറിക്കലുകൾ ...

പഴയ പ്രണയിനികൾ തൊട്ട് , അന്നത്തെ ശത്രുക്കൾ 
വരെയുള്ളവർ വീണ്ടും എന്നെ  കൂട്ടാളികളാക്കാനുള്ള അപേക്ഷകൾ ...
എനിക്ക് മനം നിറയെ  സന്തോഷം ഉണ്ടാകുവാൻ
ഇതിൽ പരം എന്ത് കാരണമാണ് വേണ്ടത് അല്ലേ  ... ? !
 
വല്ലപ്പോഴും മെയ്ല് നോക്കാനും , അപേക്ഷകൾ അയക്കാനും 
മാത്രം പിള്ളേർക്ക് പഠിക്കുവാൻ  വാങ്ങി കൊടുത്ത ഡെസ്ക്ടോപ്പിൽ എത്തി നോക്കാറുള്ള ഞാൻ , പിന്നീട് ഒഴിവുള്ള സമയമൊക്കെ കമ്പ്യൂട്ടർ ടേയ്ബളിന്റെ
മുന്നിൽ തപസ്സ് ചെയ്യുവാൻ തുടങ്ങി. എന്നെ അന്നൊക്കെ വീട്ടിൽ കയറില്ലാതെ കെട്ടി
പൂട്ടിയിട്ട ആ സൈബർ തട്ടകമായിരുന്നു “ഓർക്കുട്ട് ‘ എന്ന സൌഹൃദക്കൂട്ടായ്മാ വേദി ...!

ഒരു പക്ഷേ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൊന്നായ
‘ഓർക്കുട്ട്’ ലഹരി ഇല്ലായിരിന്നുവെങ്കിൽ , ഞാനൊക്കെ ഈ ലണ്ടൻ
പട്ടണത്തിലെ ഏതെങ്കിലും  ഒരു മൂലയിൽ ഒതുങ്ങി കൂടി , ടായം കളിച്ച് കൂടുതലാരാലും അറിയപ്പെടാതെ ചുരുങ്ങി പോകേണ്ട ഒരുവനായിരുന്നു..!

ഇത് കേട്ടാൽ  തോന്നും ഞാൻ വല്ല ഡ്യൂപ്ലിക്കേറ്റ് -
എം.ടി യോ , കപിൽ ദേവോ ,  മമ്മൂട്ടിയൊ മറ്റോ ആണെന്ന് ...!
ഇതൊന്നു മല്ലെങ്കിലും സ്വയം കുറെ തിരിച്ചറിവുകൾ നേടാനും ,
പുറമേയുള്ളവർക്ക് എന്നെ അറിയിപ്പിക്കപ്പെടാനും ഈ ഓർക്കുട്ട് തട്ടകമാണ്
ഞാനടക്കം ഒരുപാട് പേർക്ക് വേദിയൊരിക്കി കൊടുത്തിരിക്കുന്നത് ...

പ്രത്യേകിച്ച് മലയാളികൾക്ക്.
എന്തുകൊണ്ടെന്നാൽ  ബ്രസീലുകാർക്ക് ശേഷം ,
ഈ സൈറ്റിൽ രണ്ടാം സ്ഥാനക്കാർ ഇന്ത്യക്കാരായിരുന്നു,

അതിൽ 41  % മലയാളി സമൂഹത്തിന്റെ  ആട്ടക്കലാശങ്ങളായിരുന്നു
മൂനാലുകൊല്ലം മുമ്പ് വരെ , ഈ സൈറ്റിൽ അരങ്ങേറി കൊണ്ടിരുന്നത് ..!

 
വളരെ ഈസിയായി പസ്പരം
ക്ഷണിക്കപ്പെട്ട് ഓർക്കുട്ടിൽ അംഗമാകുന്നതിനും , ഗ്രൂപ്പുകളിൽ ചേരുന്നതിനും പുറമേ എന്ത് വിശേഷങ്ങളും , ഫോട്ടോകൾ സഹിതം ചടുപിടുന്നനെ അന്നത്തെ കാലത്ത്  ഗൂഗിൾ ഒരു ചിലവും കൂടാതെ , മലയാള ഭാഷയിൽ പോലും നടത്താനുള്ള ക്രമീകരണങ്ങൾ ഈ ഓർക്കുട്ടിൽ ഒരുക്കി കൊടുത്തിരുന്നതും ഒരു അഡ്വന്റേജ് തന്നെയായിരുന്നു..

ഒപ്പം തന്നെ അന്ന് മലയാളികൾക്കിടയിൽ കൂണ് പോലെ
മുളച്ച് പൊന്തിയ  ഗൂഗിളിന്റെ ബ്ലോഗ് സ്പോട്ടിലെ തട്ടകങ്ങളുടെ
പരസ്യ പലകകളും , ഈ ഓർക്കുട്ടിൽ  നാട്ടാം പറ്റും എന്നുള്ള മഹിമയും ,
കൂടാതെ കൂടുതലും പ്രവാസ വാസികളായ മലയാളികൾക്കും , അവരവരുടെ
ബന്ധുമിത്രാധികൾക്കും എല്ലാ വിശേഷങ്ങളും അപ്പപ്പോൾ തന്നെ പരസ്പരം
ചിലവേറിയ ഫോൺ വിളിയും, എഴുത്ത് കുത്തുകളുമില്ലാതെ സുഗമമായി നടത്താമെന്ന സൌക്യരവും ഈ സോഷ്യൽ മീഡിയ നെറ്റ് വർക്കിങ്ങിലൂടെ സാധിച്ചതിന് പുറമേ , മറ്റെല്ലാ മലയാള സാഹിത്യ -സാംസ്കാരിക-മത -രാഷ്ട്രീയ-നാട്ട് കൂട്ടങ്ങളുടെ കൂടി ചേരലുകളും ഉണ്ടായതും ഈ ഓർക്കുട്ട് ലഹരി നുണയുവാൻ ഏവരേയും ആകർഷിപ്പിച്ച ഒരു മുഖ്യ കാരണം തന്നെയായിരുന്നൂ ...
.
പക്ഷേ നമ്മ മലയാളീസ് ലോകത്ത് എന്ത് പുത്തൻ സാധനം കണ്ടാലും , അതും പൊക്കി പിടിച്ച് നടുവേ ഓടുമെങ്കിലും , വേറൊന്ന് കണ്ടാൽ അതിനെ താഴെയിട്ട്  , മറ്റേത് പൊക്കി പിടിച്ച് ഓടുന്ന ജന്മ സ്വഭാവമുള്ളവരാണല്ലോ അല്ലേ  ...!

അതുകൊണ്ടിപ്പോൾ സോഷ്യൽ നെറ്റ് വർക്ക് മീഡിയകളിൽ ബാലപാഠങ്ങൾ  പഠിച്ച് , അവയൊക്കെ , എങ്ങിനെ , എവിയൊക്കെ വിന്യസിക്കാമെന്ന് കരസ്ഥമാക്കി തന്ന , ആ ഓർക്കുട്ടിനെ ; ഓർമ്മയിൽ നിന്നും സ്കൂട്ടാക്കി , പുത്തൻ  മേച്ചിൽ പുറങ്ങളിൽ മേഞ്ഞ് നടക്കുകയാണ് അന്നത്തെ ആ ഓർക്കുട്ട് കൂട്ടുകാരെല്ലാവരും തന്നെ...!


പ്രായഭേദമന്യേ കഴിഞ്ഞ നൂറ്റാണ്ടിൽ പിറന്നുവീണ ഒരു ജനതയിലെ
പലരേയും  സൈബർ ഇടങ്ങളിൽ ആദ്യമായി അരങ്ങേറ്റം കുറിപ്പിച്ച ഒരു വേദി
അങ്ങിനെ ഇല്ലാതായിരിക്കുകയാണ്...
അതായത് ഗൂഗിളിന്റെ കടിഞ്ഞൂൽ സന്താനങ്ങളിൽ ഒന്നായ - ഓർക്കൂട്ട് .ഓർത്ത്
വെക്കുവാൻ ഒരു പിടി ഓർമ്മകളുമായി , ആ തലമുറയിലെ പലർക്കും പ്രഥമമായി
സൈബർ വിസ്മയങ്ങൾ ആടി  തകർക്കുവാൻ വേദിയായ ഒരു ഇടം , മറ്റൊരോർമ്മയുടെ മറവിയിലേക്ക് മറഞ്ഞു പോയിരിക്കുയാണ്...

ഏതാണ്ട് പത്ത് കൊല്ലങ്ങൾക്ക് മുമ്പ് ഇന്നത്തെ പോലെയുള്ള സോഷ്യൽ നെറ്റ് വർക്കുകൾ ആരംഭം കുറിച്ച വേളയിൽ , സ്വന്തം തട്ടകത്തേക്ക് , ആളുകളെ ആകർഷിക്കുവാൻ വേണ്ടി അന്നത്തെ പേരെടുത്ത ‘ഫ്രെണ്ട്സ്റ്റർ‘ , ‘മൈ സ്പേയ്സ് ‘ മുതൽ സൈറ്റുകളെ വിലക്കെടുക്കുവാൻ ,  ഗൂഗിൾ ഒന്ന് മുട്ടി നോക്കിയെങ്കിലും , ആയത് കിട്ടാത്ത മുന്തിരിയാണെന്ന് കണ്ടപ്പോൾ ...
‘ഓർക്കുട്ട് ബോയുക്കോക്ട്ടൻ ( Orkut Boyukkokten ) എന്നൊരു  ഐ.ടി .ചുള്ളനെ , ഇത്തരം ഒരു നെറ്റ് വർക്ക് സൈറ്റ് ഉണ്ടാക്കുവാൻ ഗൂഗിൾ ഏല്പിച്ചു..

ഈ ഓർക്കുട്ടേട്ടൻ എന്ന കമ്പ്യൂട്ടർ തലയൻ ...,
അങ്ങിനെ മറ്റുള്ള ഇത്തരം സൈറ്റുകളോട് കോമ്പിറ്റ് ചെയ്യുവാൻ വേണ്ടി , ഗൂഗിളിന് വേണ്ടി ഉണ്ടാക്കി കൊടുത്ത പ്രൊഡ്ക്റ്റാണ് ഇമ്മടെ
ഈ ഓർക്കുട്ട് - ഗൂഗിളിന്റെ ആദ്യത്തെ സോഷ്യൽ നെറ്റ് വർക്ക് മീഡിയാ വേദി...!

അതായത് മറ്റുള്ളവർക്ക് മെയിലയച്ച് ക്ഷണിച്ച് വരുത്തി കൂട്ടുകാരാക്കി  കൊണ്ട് നടക്കാവുന്ന ഈ ഓർക്കുട്ട് എന്ന സോഷ്യൽ നെറ്റ് വർക്ക് തട്ടകം , അങ്ങിനെ 2004 ജനുവരി 24-ന് പബ്ലിക്കിനായി തുറന്നു കൊടുത്തു...
പിന്നീട് മൂനാലഞ്ച് കൊല്ലം സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ  ലോകം മുഴുവൻ  ഗൂഗ്ഗിൾ  തറവാടിന്റെ അഭിമാനം കാത്ത് ഓർക്കുട്ട് വളരുക തന്നെയായിരുന്നു...!

സഹോദര സ്ഥാനിയരായി എത്തിയ  യു-ട്യൂബും , ബസ്സും , പ്ലസ്സും,
ബ്ലോഗ്ഗറുമെല്ലം - ഈ ഗൂഗിൾ തറവാട്ടിൽ ഏതാണ്ട് ഒറ്റക്കെട്ടായി നിന്ന്
തന്നെ ഈ ഓർക്കുട്ടന്റെ  വളർച്ചക്ക്  സകല വിധ പ്രോത്സാഹനങ്ങളും നൽകി...

പക്ഷേ ന്യൂ -ജെൻ  പ്രാവീണ്യങ്ങളുമായി ‘ഫേസ് ബുക്ക്‘ ,‘ട്വിറ്റർ‘
മുതലായ അനേകം  സൈറ്റുകൾ , ഓർക്കുട്ടെന്ന പഴമുറക്കാരനെ പിൻ തള്ളി -  പരോക്ഷമായി ബ്ലോഗർ , യു-ട്യൂബ്,  മൈ സ്പേയ്സ് മുതലായവയുമായി കൈ കോർത്ത് മുന്നേറിയപ്പോൾ , ഓർക്കുട്ടന് ബലക്ഷയം വന്നു തുടങ്ങിയെങ്കിലും , ബ്രസീലുകാരും , ഭാരതീയരുമൊക്കെ കൂടി അവന് നല്ല സപ്പോർട്ട് കൊടുത്ത് കൊണ്ടിരുന്നൂ...
.പിന്നീട് പല സപ്പോർട്ടേഴ്സും മെല്ലെ മെല്ലെ ഈ ഓർക്കുട്ടനെ പരിഗണിക്കാതായി വന്നപ്പോൾ , തീരെ അവശനായ ഓർക്കുട്ടനെ തറവാട്ടുകാർ തന്നെ ദയാവദത്തിന് വിധേയനാക്കി. അങ്ങിനെ പതിനൊന്നാം പിറന്നാളിന് കാത്ത് നിൽക്കാതെ 2014  സെപ്തംബർ 30 ന് ഈ ഓർക്കുട്ടൻ ഇഹലോകവാസം വെടിഞ്ഞു .!
ഇനി വല്ലവരും ഏതെങ്കിലും ഡാറ്റകൾ അവരുടെ ഓർക്കുട്ടിൽ
വെച്ച് പൂട്ടി പുറത്തെടുക്കുവാൻ  മറന്നിട്ടുണ്ടെങ്കിൽ ഇനി രണ്ട് കൊല്ലത്തിനുള്ളിൽ
കൂടി അവ പുറത്തെടുക്കുവാൻ കൂടിയുള്ള സൌകര്യം ഗൂഗിൾ  ഓർക്കുട്ട് ബ്ലോഗ്ഗിൽ ഒരുക്കിയിട്ടുണ്ട് ..


സൈബർ ലോകത്തിലെ
ഒരു ടിപ്പ് ചുള്ളത്തിയായ , ഇന്ന് മധുരപ്പതിനേഴിന്റെ മുന്നിൽ വന്ന്
നിൽക്കുന്ന ഗൂഗിൾ സുന്ദരിക്ക് പിന്നാലെ അവരുടെ ഫേമിലിയിൽ സോഷ്യൽ മീഡിയാ രംഗത്ത് ആദ്യമായി ജന്മം കൊണ്ട നമ്മുടെയെല്ലാം ,  പ്രിയപ്പെട്ട ഓർക്കൂട്ട് കുട്ടൻ വെറും ബാല്യ ദശ കഴിയും മുമ്പേ നമ്മളെയെല്ലാം വിട്ട് പിരിഞ്ഞ് പോകുമ്പോഴുള്ള സങ്കടം , ഇവനോടൊപ്പം ഈ രംഗത്ത് കളിച്ചു വളർന്ന ഏവർക്കുമുണ്ട് .

ഒരു പതിറ്റാണ്ട് കാലം സോഷ്യൽ നെറ്റ് വർക്ക് മീഡിയ രംഗത്ത്
നിറഞ്ഞാടിയ ശേഷം ,  അരങ്ങൊഴിഞ്ഞ് പോകുന്ന ഞങ്ങളുടെയെല്ലം
പ്രിയപ്പെട്ടവനായ ഈ ഓർക്കുട്ടന് എല്ലാവിധ സ്നേഹവായ്പ്കളുമടങ്ങിയ
ബാഷ്പാജ്ഞലികൾ അർപ്പിച്ച് കൊണ്ട് ഒരു അസ്സലൊരു ഹാറ്റ്സ് ഓഫ് ...
ഗുഡ് ബൈ ... ഓർക്കുട്ട് ... ബൈ ... ബൈ ...
 

Thursday 31 July 2014

അങ്ങിനെ വീണ്ടും ഒരു അവധിക്കാലം ... ! / Angine Veendum Oru Avadhikkaalam ... !

പ്രിയപ്പെട്ടവരെ ,
പണ്ട് ‘ബാലയുഗം’ എന്ന കുട്ടികളുടെ മാസികയിൽ
നിന്നും  തുടക്കം കുറിച്ചതാണ് എന്റെ തൂലികാ  സൗഹൃദങ്ങൾ...
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വരെ നീണ്ടുനിന്ന  ആണും പെണ്ണുമായ
കുറച്ച് തൂലികാ മിത്രങ്ങളെ വരെ , അന്ന് തൊട്ട് ,  ഞാൻ താലോലിച്ച് കൊണ്ട് നടന്നിരുന്നു...

പിന്നീടൊരിക്കൽ അന്നതിൽ , ടിപ്പ് ചുള്ളത്തിയാണെന്ന് നിനച്ചിരുന്ന ഒരുവളെ ,
അവളുടെ നാടായ , കൊല്ലം ജില്ലയിലുള്ള കൊട്ടിയത്ത് പോയിട്ട് , ഏതാണ്ട് പത്ത് കൊല്ലത്തിന് ശേഷം കണ്ടപ്പോഴാണ്  , മൂപ്പത്തിയാര്  , ഒരു തള്ളപ്പിടിയാണെന്ന് എനിക്ക് പിടികിട്ടിയപ്പോഴുണ്ടായ ആ ചമ്മലൊന്നും ഞാൻ ഇപ്പോഴും മറന്നിട്ടില്ല.., ഹും... അതൊക്കെ അന്ത:കാലം ..!
അതിനൊക്കെ ശേഷം  ആ  സൗഹൃദ വേദിയിലെ , പല മിത്രങ്ങളും
ഫോണിലേക്കും , ഓർക്കൂട്ടിലേക്കുമൊക്കെ ചേക്കേറിയിട്ട് ,  അപ്പോഴുണ്ടായിരുന്ന 
തൂലികാ സൗഹൃദം നിറഞ്ഞ എഴുത്തു കുത്തുകൾ ചുരുക്കിയപ്പോൾ , അന്നത്തെ സ്ഥിര മായുണ്ടായിരിന്ന കത്തിടപാടുകൾക്കൊക്കെ ചരമഗീതം അർപ്പിക്കേണ്ടി വന്നു..എന്ന് മാത്രം ..!

വീണ്ടും,  കാൽനൂറ്റാണ്ടിന് ശേഷമാണ് , അതേ തൂലികാ മിത്രങ്ങൾ
കണക്കെ , ഒരു സൗഹൃദം വലയം , എനിക്ക് വീണ്ടും ഉണ്ടാക്കുവാൻ കഴിഞ്ഞത്
ബ്ലോഗുകളുടേയും , ഓൺ -ലൈൻ എഴുത്തുകളുടേയും ഉയർത്തെഴുന്നേൽപ്പുകൾക്ക്
ശേഷമാണ് ഈ മിത്രകൊട്ടാരം എനിക്ക് പണിതുയർത്തുവാൻ കഴിഞ്ഞത്...! ഒരിക്കൽ
പോലും പരസ്പരം തമ്മിൽ തമ്മിൽ കാണാതെ , ഒന്നും മിണ്ടിപ്പറയാതെ , കേൾക്കാതെ യൊക്കെയുള്ള  സ്നേഹ വായ്പ്പകൾ കോരിത്തരുന്ന ഒരു പ്രത്യേക തരം സൗഹൃദ കൂട്ട് കെട്ടുകൾ..!

പണ്ട് തൂലികയാൽ  പടുത്തുയർത്തിയ മിത്ര കൂട്ടായ്മയേക്കാൾ ,
ഇമ്മിണിയിമ്മിണി വലിയ , നല്ല ആത്മാർത്ഥതയുള്ള ,  ഭൂലോകത്തിന്റെ
പല കോണുകളിൽ വസിച്ചുകൊണ്ടിരിക്കുന്ന അനേകം ആണും പെണ്ണുമായ
ഓൺ-ലൈൻ കൂട്ടുകാരെ അണിനിരത്തി കൊണ്ടാണതിന്  സാധ്യമായത്..

ഒരേ ബഞ്ചിൽ , അഞ്ച് പത്ത് കൊല്ലം ഒന്നിച്ചിരുന്ന് കെട്ടിപ്പടുത്ത
കൂട്ടുകെട്ടിനേക്കാളൊക്കൊ ഉപരി , ഒരു സ്നേഹോഷ്മളമായ  ബന്ധങ്ങളാണ്
നമുക്കെല്ല്ലാം ഇതിലൂടെ കൈ വന്നിരിക്കുന്നത് എന്നത് നിങ്ങൾക്കെല്ലാം അറിയാവുന്ന ഒരു വാസ്തവം തന്നെയാണല്ലോ ..അല്ല്ലേ ?

ഇത്തരം ഒരു മിത്രക്കൂട്ടയ്മയിൽ അധിവസിക്കുന്ന , ആഗോളതലത്തിൽ
രണ്ടുകോടിയോളമുള്ള പ്രവാസി ഭാരതീയനനിൽ ഒരുവനായ ഞാൻ , ഇതാ ഒരു
അവധിക്കാലം കാലം കൂടി ചിലവഴിക്കുവാൻ എന്റെ ജന്മനാട്ടിലേക്ക് തിരിക്കുകയാണിപ്പോൾ...
  ..
ഒരു വിനോദ സഞ്ചാരിയെ പോലെയാണ് ഏതാണ്ട് കുറെ കൊല്ലങ്ങളായി
ഞാനെന്റെ  മാതൃ രാജ്യത്ത് തനി ഒരു വിരുന്നുകാരനായി കാലെടുത്ത് കുത്താറ്...!

അതും രണ്ടോ മൂന്നോ ആഴ്ച്ചകൾക്ക് മീതെയുള്ള
ഒരു അവധിക്കാലം  അപ്പോളൊന്നും നാട്ടിൽ ചിലവഴിച്ചിട്ടില്ല താനും.

പലപ്പോഴും .മൂന്നാഴ്ച്ചയൊക്കെ അവിടെ ചിലവഴിക്കുവാൻ എത്തുമ്പോൾ
ഒരു മുന്നൂറ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടായിരിക്കും വരുന്നത് ..
നാട്ടിൽ വന്നാലുള്ള അടിച്ചു പൊളികൾ കാരണം അതിൽ ഒട്ടുമുക്കാലും കാര്യങ്ങൾ
നടക്കാറുമില്ല , എന്നിട്ട് അടുത്ത ഹോളിഡേയ്ക്കാവാമെന്ന് നിനച്ച് , പെട്ടീം പൂട്ടി തിരിച്ച് പോരും , പിന്നീടും  തഥൈവ തന്നെയായിരിക്കും  എല്ലാ വരവുപോക്കുകളുടെ ചരിത്രങ്ങളും ചികഞ്ഞ് നോക്കിയാൽ കാണാനാവുന്നത്.
ഏതാണ്ടൊരുവിധം എല്ലാ പ്രവാസികളുടെ കോപ്രായങ്ങൾ
ഇതുപോലെയൊക്കെ തന്നെയായിരിക്കാം .... അല്ലേ കൂട്ടരെ..!

പക്ഷേ , ഇത്തവണ രണ്ടും കല്പിച്ചാണ് എന്റെ നാട്ടിലേക്കുള്ള പടപ്പുറപ്പാട് ,
അതായത് ഇപ്രാവശ്യം  ഞാൻ ആറാഴ്ച്ചയാണ് നാട്ടിൽ ആറാടാൻ പോകുന്നത്...!

എവിടെയെല്ലാമോ  കെട്ടിക്കിടക്കുന്ന ആ ഗൃഹാതുരത്വം
മുഴുവൻ അടിച്ച് പൊടിച്ച്  കലക്കി കുടിച്ച് ആ മടുപ്പ് മാറ്റണം ...!

നാട്ടിലെ ഓണാഘോഷത്തിലെ മാവേലി മന്നനാവാൻ , പുലിക്കളിക്ക്
വേഷം കെട്ടാൻ ,  ആലപ്പുഴയിൽ വെച്ച് യു.കെ മലയാളികൾ ഒത്തുകൂടുന്ന
ഒരു ‘വെള്ളം‘ കളിയിൽ പങ്കെടുക്കുവാൻ തുടങ്ങി ,ഒത്തിരിയൊത്തിരി  തട്ട് പൊളിപ്പൻ  പരിപാടികളിലേക്ക് , ഈ ബഹു മണ്ടനെ നേരത്തെ കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു...!
.
പിന്നെ പഴേ ക്ലാസ്സ് മേറ്റ് മിത്രങ്ങളെല്ലാം കൂടി നടത്തുന്ന ഒരു “ഗ്ലാസ്സ് മീറ്റ്‘
ഉൽഘാടനത്തിനും വരെ , ഈ മണങ്ങോടനെ സാദരം ക്ഷണിച്ച് കാത്തിരിക്കുകയാണ് നാട്ടിലുള്ളൊരു പഴയൊരു സൗഹൃദ കൂട്ടായ്മ ..!

ഇതൊന്നും കൂടാതെ ...
പോരാത്തതിന് ഇതിനിടയിൽ  ,
ഞാനൊരു അമ്മാനച്ഛൻ  സ്ഥാനം
കരസ്ഥമാക്കുവാനും പരിപാടിയിട്ടുട്ടുണ്ട്.
ഈ അമ്മാനപ്പൻ പട്ടം പണ്ടത്തെയൊക്കെ പോലെ
 അത്ര ചുളുവിൽ കിട്ടുന്ന സ്ഥാനമല്ല ഇപ്പോഴൊക്കെ കേട്ടൊ ,
ഇമ്മിണി കാശ്
ചെലവുള്ള ഒരു ഏർപ്പാടാട്ടാ‍ാ...ഇത്
ഏതായാലു തലവെച്ച് പോയി ,
ഇനി ഒന്തോരം ബാക്കി കിട്ടുമെന്ന് കണ്ടറിയാം.
ഇതിനെ കുറിച്ചൊക്കെ എഴുതുവാനാണെങ്കിൽ ഒത്തിരി കാര്യങ്ങളുണ്ട് , പക്ഷേ ഇപ്പോഴുള്ള ധാരാളം  തിക്ക് മുക്കുകൾക്കിടയിൽ ആയതിനൊന്നും ഒട്ടും സമയമില്ല താനും .

പിന്നെ ഇതെഴുതിയിടാനുള്ള
കാര്യത്തിലേക്ക് നേരെ ചൊവ്വെ വരാം ..അല്ലേ

നീണ്ട ലീവ് കിട്ടാൻ വേണ്ടിയുള്ള മാരത്തോൺ ജോലി, പായ്ക്കിങ്ങ് തുടങ്ങി സകലമാന കുണ്ടാമണ്ടി തിരക്കുകൾക്കിടയിലും ഞാനിവിടെ വന്നത് എന്റെ എല്ലാ മിത്രങ്ങളേയും ഒരു കല്ല്യാണത്തിന് ക്ഷണിക്കുവാനാണ് കേട്ടൊ.
നേരിട്ടോ ,താപാലിലോ ,  വ്യക്തിപരമായോ ഏവരേയും വന്ന് ക്ഷണിക്കുവാൻ സമയവും ,സന്ദർഭവും അനുവദിക്കാത്തതുകൊണ്ടാണ്  ഈ സൈബർ ലോകത്തുള്ള  എളുപ്പവഴി ഞാൻ തെരെഞ്ഞെടുത്തത്.
ഇതിന് സദയം ക്ഷമിക്കുമല്ലോ അല്ലേ

അതായത് ഈ വരുന്ന ചിങ്ങമാസം  നാലാം തീയ്യതി (2014 ആഗസ്റ്റ് 20 ബുധനാഴ്ച്ച ) ഞങ്ങളുടെ മകൾ മയൂഖലക്ഷ്മിയുടെ വിവാഹമാണ്.
തൃശ്ശൂർ പട്ടണത്തിലെ , കൂർക്കഞ്ചേരി ശ്രീനാരയണ ഹാളിൽ വെച്ചാണ് പ്രസ്തുത ചടങ്ങ് നടത്തുന്നത്...

ആയതിൽ പങ്കെടുത്ത് ആ വധൂവരന്മാർക്ക് മംഗളം
നേരുവാനും , ഞങ്ങളുടെ സന്തോഷത്തിൽ ഒത്തുകൂടുവാനും നിങ്ങളേവരേയും സകുടുംബം സാദരം ക്ഷണിച്ചുകൊള്ളുന്നൂ..
എന്ന്
സസ്നേഹം,
മുരളീമുകുന്ദൻ

PS : -

അന്നേ ദിവസം അവിടെ തന്നെയുള്ള മറ്റൊരു വേദിയിൽ
മലയാളത്തിലെ പഴയവരും പുതിയവരുമായ ,നവ മാധ്യമ എഴുത്തുകാരിലെ
പലരും കൂടി, ഒത്ത് ചേർന്ന് സറപറ വർത്തമാനം പറയലും , പരസ്പരം പരിചയം
പുതുക്കലും /പെടലും ,  അരങ്ങേറുന്ന തൃശ്ശൂർ ബ്ലോഗർ സംഗമം    എന്ന പരിപാടിയിലും പങ്കെടുക്കാം കേട്ടോ കൂട്ടരെ...നെയ്യപ്പം നിന്നാൽ രണ്ടുണ്ട് കാര്യം .!


പിന്മൊഴി  :‌- 

ഒരു നാടൻ സായിപ്പിന്റെ കുപ്പായം ഊരിവെച്ച്
തനി ഒരു പച്ച മലയാളിയായ നാട്ടുമ്പുറത്തുകാരന്റെ കുപ്പായം
അണിയുവാൻ പോകുന്നത് കൊണ്ട് , ഈ സൈബർ ലോകത്ത്
നിന്നും  ഞാൻ , ഒന്നര മാസത്തേക്ക് ഒരു അവധിയെടുക്കുകയാണ്.
ഈ സമയങ്ങളിൽ നാട്ടിലുള്ളവരുമൊക്കെയായി
അവിടെ  വെച്ച് ഇനി മുഖാമുഖം കാണാമെന്ന് പ്രതീക്ഷിക്കുന്നു.
കാണണം കേട്ടൊ
അപ്പോൾ വീണ്ടും സന്ധിപ്പും വരേക്കും വണക്കം ....നന്ദി..

നാട്ടിലെത്തിയാൽ എന്നെ 
ബന്ധപ്പെടാവുന്ന നമ്പറുകൾ : 0487 2449027  & 09946602201







Wednesday 25 June 2014

ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് ...! / An Intimate Terrorist ... !

അടുത്ത കാലത്ത്  പാശ്ചാത്യ ലോകത്ത് ‌- പ്രസിദ്ധീകരിച്ച
ഉടനെ തന്നെ , ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമുണ്ട്....
ഷോനാ സിബാരിയുടെ
കൺഫെഷൻ ഓഫ് ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് എന്നൊരു പുസ്തകം...!

25 കൊല്ലക്കാലം എന്റെ കെട്ട്യോളെ കെട്ടി പൂട്ടിയതിന്റെ വാർഷികം കൊണ്ടാടിയപ്പോൾ ഒരു  ‘പവിഴ മാല‘ക്കൊപ്പം , ഈ ‘ബെസ്റ്റ് സെല്ലർ ബുക്കും‘ ,  പിന്നെ ചുണ്ട് ചുണ്ടോടൊട്ടിപ്പിടിച്ച ഒരു ചുടു ചുംബനവുമാണ് ഞാനവൾക്ക് വാർഷിക സമ്മാനമായി നൽകിയത്....!

പതിവ് പോലെ തന്നെ ആ ഉമ്മ കിട്ടിയ ഉടനെ  , വലതു കൈ തണ്ട കൊണ്ട്
ആയതിന്റെ ചവർപ്പ് അവളുടെ ചുണ്ടിൽ നിന്നും മാച്ച് കളഞ്ഞ് ,ആ ബുക്കിനെ സോഫയിലിട്ട് , ആ മുത്തുമണി മാലയെടുത്തണിഞ്ഞ് വീട്ടിലെ സകലമാന കണ്ണാടികളിലും പോയി ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ നോക്കി ‘ഫുൾ സാറ്റിസ്ഫൈഡാ‘യ ശേഷമാണ്, എനിക്ക് അന്നവൾ  അത്താഴം വിളമ്പി തന്നതും , പിന്നീട് മോളെ പാത്രം കഴുകാൻ ഏൽ‌പ്പിച്ച് , എന്നോട് സൊറ പറയാനും , ഒന്നിച്ചുള്ള അന്താക്ഷരി കളിക്കനുമൊക്കെ എന്റെ ചാരത്ത് വന്നണഞ്ഞത്...

പണ്ടൊക്കെ പെണ്ണുങ്ങളായിരുന്നു
ഭൂമിയോളം ക്ഷമിച്ചിരുന്നത് എന്ന് പറയപ്പെടുന്നു...
ഇന്നൊക്കെ കാര്യം നടക്കണമെങ്കിൽ ആണുങ്ങളാണ്
പാതാളത്തോളം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരുന്നത് അല്ലേ

ഇനി ഒരു  സത്യം പറയാം കേട്ടൊ
എന്റെ ഈ സ്നേഹ നിധിയായ വാമ ഭാഗത്തിന്
എന്ത് വാങ്ങി കൊടുത്താലും ,
എങ്ങിനെ ചെയ്ത് കൊടുത്താലും പിറുപിറുക്കൽ അഥവാ പരിഭവം ഒഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല...
ഇപ്പോൾ കാൽ നൂറ്റാണ്ടായിട്ടുള്ള എന്റെ അനുഭവത്തിൽ , അവളൊന്നിനും പരിഭവം ഒന്നും പറഞ്ഞില്ലെങ്കിലാണ് എനിക്ക് വിഷമം..!

പാവം എന്നെയല്ലേ , ഇത്രയും
കാലമായിട്ട്  സഹിച്ച് കൊണ്ടിരിക്കുന്നത് ...

വേറെ വല്ലവരുമായിരുന്നുവെങ്കിൽ ഇത്രയും
കാലത്തിനുള്ളിൽ  തന്നെ , എന്നോ എന്നെ  ഇട്ടു പോയേനെ ...!

ഇത്  എന്റെ മാത്രം സ്ഥിതി
വിശേഷമല്ലല്ലോ അല്ലേ ?
ലോകത്തിലെ ഒട്ടുമിക്ക ഭാര്യമാർക്കും ഈ
പരിഭവവവും പഴിപറച്ചിലും തന്നെയായിരിക്കും ...
അവരുടെ സ്വന്തം കണവനെ കുറിച്ചും  പറയാനുള്ളത്... !

ഈ ദുനിയാവിൽ ഏത് ഭർത്താവിനാണ് ... ഒന്നൊന്നായി
ഓരൊ കാര്യങ്ങൾക്കും , അവന്റെ പെണ്ണൊരുത്തിയെ പൂർണ്ണ
സംതൃപ്തിയിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകുക അല്ലേ.?
തനി കുഞ്ഞി രാമന്മാരയ ചില ‘ഹെൻ പക്ക്ഡ് ഹബ്ബി‘
മാരുണ്ട് , ചിലപ്പോൾ അവർക്കൊക്കെ പറ്റുമായിരിക്കും...!

പിന്നെ ഞാനാണെങ്കിൽ  നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം...

പക്ഷേ ഒരു കാര്യം   ഉറപ്പാണ് ... ഞാൻ
ഒരിക്കലും നല്ലൊരു ഭർത്താവല്ല എന്നതിന്. !

എന്റെ സ്വന്തം കെട്ട്യോളാ‍യതുകൊണ്ടാകാം
ഈ ഗെഡിച്ചി ഇത്രയും നാൾ ഒരു ഭർത്തുദ്യോഗസ്ഥനായ
എന്റെ കീഴിൽ കിടന്ന് പണിയെടുത്തത്...
അതും ഒരു ചില്ലിക്കാശ് വേതനം കൈ
പറ്റാതെ ,  വേദന മാത്രം കൂലിയായി  വാങ്ങി ,
ഒരു ലീവ് പോലും എടുക്കാതെ ഇക്കണ്ട കൊല്ലം
മുഴുവൻ , ഒരു അടിമ കണക്കെ എനിക്ക് വേണ്ടി വേല ചെയ്ത് കൊണ്ടിരിക്കുന്നത്...

ഇനി  പലയിടത്തും നടക്കുന്ന പോലെ ഇനി എന്നാണാവോ
ഈ അടിമ കയറി  യജമാനത്തിയാകുന്നതും , എന്നെ ഒരു കൂച്ച്
വെലങ്ങിട്ട്  അടിയറവ് പറയിക്കുന്നതുമൊക്കെ അല്ലേ...!

പണ്ട് പഠിക്കുന്ന  കാലത്ത് , ഒരു സുന്ദരി കോത  ചമഞ്ഞ് പ്രസംഗ മത്സരം ,
പദ്യ പാരായണം മുതൽ പലതിലും സമ്മാനങ്ങൾ വാരിക്കൂട്ടി , കലാ തിലക പട്ടം
വരെയെത്തിയിരുന്ന  - എന്റെ ഈ പെർമനന്റ് പ്രണയിനി , കല്ല്യാണ ശേഷം അവളുടെ പ്രസംഗം എന്നോട് മാത്രമാക്കി ചുരുക്കി , ഒരു ദു:ഖ ഗാനം പോലും ആലപിക്കുവാൻ സാധിക്കാതെ വന്നതിന്റെ പഴികൾ , മുഴുവൻ എന്റെ തലയിലാണ് ഇപ്പോൾ കെട്ടി വെച്ചിരിക്കുന്നത്...!

എന്തു ചെയ്യാം ...
എന്റെ ഏറ്റവും നല്ല ഒരു ഉത്തമ മിത്രമായി
അവളുടെ വ്യക്തി പരമായ ഒരു കാര്യങ്ങൾക്കും തടസ്സം നിൽക്കാതിരുന്ന എനിക്കിത് തന്നെ കിട്ടണം അല്ലേ...

അതിന് മധുവിധു , രാപ്പകലുള്ള വീട്ടു പണി , പേറ് ,
പാരന്റിങ്ങ് , സീരിയൽ കാണൽ എന്നിവക്കൊക്കെ ശേഷം ഇതിനൊക്കെ , ഈ ആയമ്മക്ക് ഇത്തിരി നേരം കിട്ടിയാലല്ലേ - പഴേ കുന്ത്രാണ്ടങ്ങളെല്ലാം പുറത്തെടുക്കുവാൻ പറ്റൂ...!

അവൾക്ക് പറ്റാത്തതൊക്കെ മോൾക്ക് സാധിക്കട്ടെ എന്ന് കരുതി
ചെറുപ്പം തൊട്ടേ , ഞങ്ങളുടെ കടിഞ്ഞൂൽ പുത്രിയെ ആട്ടത്തിലും പാട്ടിലുമൊക്കെ
അരങ്ങേറ്റം കുറിപ്പിച്ചെങ്കിലും , പിന്നീട് ലണ്ടനിലേക്ക് സകുടുംബം ‘മൈഗ്രേറ്റ്‘ ചെയ്തപ്പോൾ, വല്ല ഓണ പരിപാടിക്കോ , മറ്റോ ആയി മോളുടെ ആ വൈഭവങ്ങളും  ചുരുങ്ങി പോയി... !

എന്നിട്ടിപ്പോളിതാ മകളും ഒരു നവ വധുവിന്റെ പട്ടം അണിഞ്ഞ് അമ്മയെ
പോലെ  തന്നെ , ആയതെല്ലാത്തിന്റേയും ഒരു തനിയാവർത്തനത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്...!

പക്ഷേ നാട്ടിൽ വെച്ച് വീട്ടുകാരേയും നാട്ടുകാരേയുമൊക്കെ മുമ്പിൽ ആൺകോയ്മ നഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി ,  വീട്ടിൽ വെച്ച് ഒരു ഉള്ളി പോലും നന്നാക്കി കൊടുക്കാത്ത ഞാൻ , ഇവിടെ ലണ്ടനിൽ വന്ന ശേഷം ,സ്വന്തം വീട്ടിലെ അടുക്കളപ്പണിയിലും , അലക്കി കൊടുക്കുന്നതിലും വരെ വളരെ നിപുണനായി തീർന്നു...

എന്തിന് പറയുവാൻ ചിലപ്പോൾ ചില കാര്യ സാധ്യത്തിനായും , മറ്റ് ചില കാര്യങ്ങൾ ഒളിപ്പിച്ച് വെക്കുന്നതിന് വേണ്ടിയുമൊക്കെ ഞാൻ സ്വന്തം വീട്ടിലെ ‘ഡിഷ് വാഷർ‘ വരെയായി ചിലപ്പോൾ ജോലി ചെയ്യാറുണ്ട് ...!

“ മ്ള്  മണങ്ങിട്ട് വാളേനെ പിടിയ്ക്കാന്നുള്ള
വിവരം എന്റെ പെണ്ണുമ്പിള്ളയ്ക്കറിയില്ലല്ലോ അല്ലേ..!“

ഇനി ഈ ‘ഇന്റിമേറ്റ് ടെററിസ
ത്തിലേക്കൊന്ന് എത്തി നോക്കാം...

അന്തർദ്ദേശീയമായി പല പഠനങ്ങളും പറഞ്ഞിരിക്കുന്നത്
മൊത്തത്തിൽ ഇന്ത്യക്കാരികളായ , ഒട്ടു മിക്ക ഭാര്യമാരും , അവരുടെ
ഭർത്താക്കന്മാരെ വെറും ആൺ കഴുതകളാക്കി വാഴുന്നവരാണെന്നാണ്...!

ലോകത്തുള്ള സകലമാന ദമ്പതികളേയും നിരീക്ഷിച്ചും ,
മറ്റും ഗവേഷണം  നടത്തി പറയുന്ന ഒരു കാര്യം ഇതാണ്...
ഇന്ന്  ഈ ഭൂലോകത്തുള്ള കുടുംബങ്ങളിലെ 99 ശതമാനം
പാർട്ട്ണേഴ്സിൽ ഒരാൾ  'ഗാഡ സൌഹൃദമുള്ള ഭീകര
ഭരണ കർത്താക്കൾ ' അഥവാ ഇന്റിമേറ്റ് ടെററിസ്റ്റ് കളാണെന്നാണ് ..!

പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ
നിന്നും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ആഗോള തലത്തിൽ പല ദമ്പതിന്മാരും അണു കുടുംബ വ്യവസ്ഥയിലേക്ക്‌ കൂടുമാറ്റം നടത്തി തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണെത്രെ കുടുംബങ്ങളിലെ , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള ‘ഇന്റിമേറ്റ്  വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ...

മാനസികമായും , ശാരീരികമായും ,
ലൈംഗികമായും മൊക്കെ കിടക്കപ്പായയിൽ
നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ - -
ആ കുടുംബം ശിഥില മാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയോ , അണിചേരുകയോ ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ  പറയുന്നത്.. !

അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ഒരാൾ
ഈ വിഭാഗത്തിൽ പെട്ട ഒരു ഇന്റിമേറ്റ് ടെററിസ്റ്റ് ആണെങ്കിൽ
തീർച്ചയായും അവനേയോ , അവളേയോ അതിൽ നിന്നും വിടുതൽ
ചെയ്യിക്കേണ്ടത് , ആ  വീട്ടിനുള്ളിലെ മാത്രമല്ല , സമൂഹത്തിന്റെ കൂടി
നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രവർത്തനമായിരിക്കും...


ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ കൂടിയായിരിക്കും ഈ സംഗതികൾ...!

കാൽ നൂറ്റാണ്ട് മുമ്പ് എന്റെ എല്ലാ സ്വഭാവ
വിശേഷങ്ങളും അറിയാമായിരുന്ന  പ്രണയിനികളിൽ
ഒരുവൾ ,  എന്നെ കല്ല്യാണിക്കുവാൻ തീരുമാനിച്ചപ്പോൾ ...
അവളുടെ വീട്ടുകാരോട് ബന്ധുമിത്രാധികളായ , പല കല്ല്യാണം
മുടക്കികളും പറഞ്ഞിരുന്നത് ...
“നിങ്ങളുടെ മോളെ മൂന്നാല് കൊല്ലത്തിനുള്ളിൽ ...ഇനി കണിമംഗലം
റെയിൽവ്വേ ട്രാക്കിലോ , നെടുപുഴ താണിക്കമുന്നയം കോൾ കായലിലോ , ഒരു പിണമായി കാണാമെന്നാണ് കട്ടായമായും പറഞ്ഞ് പേടിപ്പിച്ചത് ...'

ശേഷം അവളുടെ ഗർഭ കാലങ്ങളിലും , മറ്റു പലപ്പോഴായും
ഞാൻ അനേക തവണ അവളുടെ കൈപിടിച്ച് , ആ തീവണ്ടി പാതയിൽ കൂടി നടന്നു...

എന്റെ  മടിയിൽ തല ചായ്ച്ച് കൊണ്ട് , അവളേയും
കൊണ്ട് ആ കായലിൽ അനേക തവണ വഞ്ചി തുഴഞ്ഞ് പോയി...

അങ്ങിനെയങ്ങിനെ പരസ്പരം ആരാധിച്ചും , ആദരിച്ചും,
തട്ടിയും , മുട്ടിയും, സ്നേഹിച്ചും , കലഹിച്ചുമൊക്കെ നാടിന്റെ ചൂടും ചൂരുമൊക്കെ വിട്ടെറിഞ്ഞ് , പുഴകളുടേയും , കായലുകളുടേയും ഓളങ്ങൾ വിസ്മരിച്ച് , പൂര ലഹരികളുടെ താള മേളങ്ങൾ ഇല്ലാതാക്കി ആ മാമലകൾക്കപ്പുറത്തുനിന്നും , ഏഴ് കടലുകളും താണ്ടി  , അവസാനം സകുടുംബമായി , ഈ ബിലാത്തി പട്ടണത്തിൽ വന്ന് നങ്കൂരമിട്ടിരിക്കുകയാണ്.

ദേ പോയി ...ദാ..വന്നു എന്ന് പറഞ്ഞ പോലെ
ഞങ്ങളുടെ കൂട്ട് ജീവിതത്തിലെ ‘രജത വർണ്ണമായ
ഒരു ജീവിത വസന്തം ‘ ഇതാ ഇപ്പോൾ മുന്നിൽ എത്തി നിൽക്കുകയാണ്
ആയതിന് സന്തോഷം പകരുവാൻ , ഇതാ ഇപ്പോൾ ഞങ്ങളുടെ
മകളുടെ കല്ല്യാണ നിശ്ചയവും  ( 4 മിനിട്ട് വീഡിയോ ) നടന്നു കഴിഞ്ഞിരിക്കുന്നു...





അടുത്ത മാസം ആഗസ്റ്റ് 20 ന്
ബുധനാഴ്ച്ച തൃശ്ശൂർ തിരുവമ്പാടി

 അമ്പലത്തിൽ വെച്ചാണ് കല്ല്യാണം കേട്ടൊ ..
ശേഷം തൃശ്ശൂർ  കൂർക്കഞ്ചേരി ശ്രീനാരായണ
ഹാളിൽ വെച്ച് നടക്കുന്ന വിരുന്നു സൽക്കാരത്തിലേക്കും...
പിന്നെ  അവിടെ തന്നെ യുള്ള മറ്റൊരു മണ്ഡപത്തിൽ വെച്ച്  തൃശ്ശൂരിലെ  പഴയ ചില ബൂലോകരും , ബൂലോക മീറ്റ് മുതലാളിമാരും കൂടി നടത്തുന്ന  തൃശ്ശൂർ ബ്ലോഗർ സംഗമത്തിലേക്കും
 
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാ ബൂലോഗ മിത്രങ്ങളേയും ,
ഈ അവസരത്തിൽ സാദരം ക്ഷണിച്ച് കൊള്ളുകയാണ്...
ഏവർക്കും ഹാർദ്ദമായ സ്വാഗതം  ..!

Sunday 27 April 2014

പിന്നിട്ട ചില പെണ്ണോർമ്മകൾ ...! / Pinnitta Chila Pennormakal ...!


ഒരേയൊരു ഭൂമിയമ്മ




കൊണ്ടറിഞ്ഞില്ലയാരും ഈ പ്രകൃതി തന്‍ മാറ്റങ്ങളെ ;
കണ്ടു നാം യുദ്ധങ്ങള്‍ ...അധിനിവേശങ്ങള്‍ ...മത വൈരങ്ങള്‍..

കണ്ടില്ലയോ ഈ ഭൂമാതാവിനെ ; നാനാതരത്തിലായി
വീണ്ടു വിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ നാമേവരും ,

വിണ്ടുകീറീ മണ്ണ് , ചൂടിനാല്‍ ആകാശം , നശിക്കുന്നീ പ്രകൃതിയും 
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;

വേണ്ട ഇതൊന്നും ഈയുലകിലിനിയൊട്ടും , നമുക്കേവര്‍ക്കും
വീണ്ടുമീ ഭൂമിയമ്മയെ കൈ തൊഴാം ; എന്നിട്ടെന്നും പരി രക്ഷിച്ചിടാം ...




വേലക്കാരി



വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! ?



കൌമാര സഖി 



വീണ്ടും രസാലങ്ങൾ പൂത്തല്ലോ.. എൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ .. പൂക്കാവടികൾ പോലവെ ...

ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും ... കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ... ഒരു മാവുയരത്തിൽ എന്നുമെപ്പോഴും !

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..;   ഒപ്പം
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ അവിടെയിപ്പോഴും ..? !


പ്രഥമ പ്രണയിനി


പുതു പാപം ചെയ്ത ആദാമിന് , സഖി ഹൌവ്വയെന്ന പോല്‍...
പാദം വിറച്ചു നിന്ന എന്നെയൊരു , പ്രണയ കാന്തനാക്കി...
പതിയെ പറഞ്ഞു തന്നാ രതി തന്‍ ആദ്യ പാഠങ്ങള്‍ രുചി !
 പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയുമാ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയുംമാ കാര്‍കൂന്തലുമെല്ലാം

പതിഞ്ഞു കിടപ്പുണ്ടീ മനസ്സിലിപ്പോഴും...ഒരു ശില പോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ... ഒരു അമ്പിളിക്കല പോലെ !


കച്ചോടക്കാരി


ചന്തമുള്ള യീവിധമാം  ചന്തികൾ കണ്ടിട്ടാണീ
കാന്തി തൻ  ചന്തിയിൽ  അമ്പു പോലൊരു
കുന്തം  തറക്കുന്ന ബഹു നോട്ടത്താൽ പെട്ടതും , പിന്നെ 
ചിന്തയില്ലാതെന്തുമാത്രം ... ചിലവിട്ടതെത്രയെത്ര..!


 ഒരു ലണ്ടൻ ഗേൾഫ്രന്റ്



ലോക വാർത്തയായൊരു മാദക തിടമ്പിവൾ
ലോക താരമിവൾ നഗ്നയായിട്ടിവിടെ വിലസിടുന്നു …
ലോക മാന്യരോടൊത്തു രമിച്ചും ഉല്ലസിച്ചുമൊരു
ലോകനാഥയെന്ന നാട്ടത്തിലവൾ വീഴ്ത്തി എന്നേയും..!


കണ്ണു ഡോക്ട്ടർ 




കണ്ണു പരിശോധനക്കായി പോയിട്ടവിടത്തെ ഡോക്ടറാം
പെണ്ണിൻ തൊട്ടുരുമിയ സുഗന്ധ വലയത്തിലായി ഞാൻ ...
കണ്ണിറുക്കിയകപ്പെട്ടുയന്നാ കുടുസ്സു മുറിയിൽ വെച്ചു തന്നെ 
വിണ്ണിലെ സുന്ദരിക്കൊതയാം ആ പെണ്ണിൻ വലയത്തിൽ ...!

കണ്ണിനിമ്പമായ് അവളുടെ തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി...
 കണ്ണു കാണീക്കുവാൻ സ്ഥിരം പോയീട്ടെൻ ..കീശയോട്ടയായി ,മുഖ 
കണ്ണടക്കും ,പിന്നീടുള്ളായാ  പ്രണയ പങ്കു വെക്കലുകൾക്കും ..!
കണ്ണന്റെ സാക്ഷാൽ പേരുള്ളതാണോ എന്റെയീ പ്രണയ കുഴപ്പങ്ങൾ..?



 മഞ്ഞുകാലത്തെ ഒരു നൈറ്റ് ഡ്യൂട്ടി കൊളീഗ്


 

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേ  യാപ്പിളും ; സ്റ്റാബറി പഴങ്ങളും ;പിന്നെ

മണ്ടയില്‍ പ്രണയം കയറിയപ്പോൾ നടത്തിയ , ഹിമകേളികള്‍....
ചുണ്ട് ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിച്ചു കളിച്ച
കണ്ടാല്‍ രസമൂറും പ്രണയ ലീല തന്‍ ഒളി വിളയാട്ടങ്ങൾ !


 പെർമനന്റ്  പ്രണയിനി 



പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍ പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ...ഓര്‍മിച്ചുവോ എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി പോലെയാണെനിക്കിപ്പോള്‍ ജീവിതം..
കണവനിതാ കേഴുന്നു ഒരിറ്റു പ്രേമത്തിനായി നിനക്കു ചുറ്റും ...
വിണ്ണിലെ വേഴാമ്പല്‍ പക്ഷി വേനലില്‍ മഴ തേടിയലയും പോലെ !
തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു വെങ്കിലും പൊന്നേ... ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ ... ചുട്ടു ചാമ്പലാക്കി യവഗണനയാല്‍ ; 
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍ മോഹിച്ചുവെങ്കിലും , തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !
പ്രണയ മില്ലാത്ത രതികള്‍ , പിന്നെ കുടുംബം ; നേടി ആഡംബരങ്ങള്‍
പണവും വേണ്ടുവോളം , പക്ഷേ സ്വപ്നം കണ്ട നറു പ്രണയമെവിടെ ?
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍ കൂട്ടരേ --- കല്യാണ ശേഷം ?



പ്രണയിനികൾ






പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കു പോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!
പ്രണയമെന്‍ കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം.
 
 പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....
പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയം സുലഭമായി കിട്ടുമോ ... ശാശ്വതമായേനിക്കു മാത്രം ?

Tuesday 18 March 2014

പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത ‘ ... ! / Peter Brook's ' The Mahabharatha ' ... !

ഏതാണ്ട് മുപ്പത് കൊല്ലം മുമ്പ് നാടകത്തിന്റേയും ,  സിനിമയുടേയുമൊക്കെ ആചാര്യനായിരുന്ന ലണ്ടനിൽ  ജനിച്ച് വളർന്ന് , പാരീസിൽ സ്ഥിര താമസമാക്കിയ പീറ്റർ ബ്രൂക്ക് / Peter Brook  എന്ന സംവിധായക പ്രതിഭയായ ഒരു സായിപ്പ് , ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നടീ നടന്മാരെ തെരെഞ്ഞെടുത്ത് ഒരു മഹത്തായ നാടകം ചമച്ച് , യൂറോപ്പ് മുഴുവൻ അരങ്ങേറി ഈ പാശ്ചാത്യരെയെല്ലാം വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു...!

ഇദ്ദേഹത്തിന്റെ  ഗെഡി ഫ്രെഞ്ചുകാരനായ ഷേൻ ക്ലൌദ് ഷാരിരെ/Jean-Claude-Carriere രചിച്ച് തിരക്കഥയെഴുതി  നാടകമാക്കിയ ഒമ്പത് മണിക്കൂറോളം രംഗത്തവതരിപ്പിച്ചിരുന്ന , ഒരു ക്ലാസ്സിക് സംഗീത നാടകം  ...

വൈകീട്ട് നാലിന് തുടങ്ങി  പിറ്റേന്ന് വെളുപ്പിന് രണ്ട് മണിവരെ മിഴിയടക്കാതെയാണ് കാണികൾ അന്നൊക്കെ ആയത് സാകൂതം വീക്ഷിച്ചിരുന്നത്...
ആ നാടകത്തിന്റെ  അവതാരികയായി പറഞ്ഞിരുന്നത് ...
ഇക്കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ  കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടെ കഥയാണ്. 
വാസ്തവത്തില്‍ ഇതിലെ ഇതിവൃത്തം  നമ്മൾ  ഓരോരുത്തരുടേയും കഥയാണ് ... 
മനുഷ്യർ ഉള്ളിടത്തോളം കാലം ഇതിന്റെ മഹത്വത്തിന് യാതൊരു വിധ  കോട്ടവും സംഭവിക്കുകയില്ല , ഇതിലുള്ളതെല്ലാം അന്നും ഇന്നും എന്നും പല കഥാ പാശ്ചാതലങ്ങളായി ഇനിയും സ്ഥല കാല ഭേദങ്ങളില്ലാതെ തുടർന്നുകൊണ്ടേയിരിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് ...

സംഭവാമി യുഗേ യുഗേ ...!


ഈ നാടക കമ്പനി യൂറോപ്പ് മുഴുവൻ പര്യടനം നടത്തി വന്നിരുന്ന പേരും പെരുമയുമൊക്കെ  കാരണം  , എല്ലാ കളികളുടേയും ടിക്കറ്റുകൾ വളരെ നാളുകൾക്ക് മുമ്പേ ; റിസർവ് ചെയ്തവർക്ക് മാത്രമേ , അന്നൊക്കെ ഈ  നീണ്ട നാടകം കണ്ടാസ്വദിക്കുവാൻ പറ്റിയിരുന്നുള്ളൂ എന്നത് കൊണ്ട് , കാണികളുടെ അഭ്യർത്ഥന മാനിച്ച് , ആ നാടക കുലപതിയായിരുന്ന ‘പീറ്റർ ബ്രൂക്ക് ‘
ആ കഥ സീരിയലുകളായി നിർമ്മിച്ച് വിവിധ യൂറോപ്പ്യൻ ‘ടീ.വി‘ ചാനലുകൾക്ക് വിറ്റു...

അന്നൊക്കെ ഇവിടെ വളരെ പ്രശസ്തമായിരുന്നു പീറ്റർ ബ്രൂക്കിന്റെ
ഡ്രാമ കം സീരിയൽ ആയ  ‘ദി മഹാഭാരത‘ ( 1985 -ൽ ഈ ഡ്രാമയെ 
കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന റിവ്യൂ )

അതായത് നമ്മൾ ഭാരതീയർ മഹാഭാരതം സീരിയൽ പിടിച്ച് , ടീ.വി - യിൽ  കൂടി കാണുന്നതിന് മുമ്പേ , ഈ പടിഞ്ഞാറങ്കാർ ആയതൊക്കെ  ദി മഹാഭാരത സീരിയൽ (I M D b പ്രകാരം 10 -ൽ 7.7 റേറ്റിങ്ങ് കിട്ടി അന്നത്തെ Top Most  , T V സീരിയലുകളിൽ ഒന്ന് ) കണ്ട് കഴിഞ്ഞിരുന്നു എന്നർത്ഥം...!

ഈ അവസരത്തിൽ നാടക, സീരിയൽ വരുമാനം
കുമിഞ്ഞ് കൂടിയപ്പോൾ  , പതിമൂന്നോളം ലോകോത്തര
ക്ലാസ്സിക് സിനിമകൾ ഡയറക്റ്റ് ചെയ്തിട്ടുള്ള , സിനിമാ സംവിധായകൻ കൂടിയായ‘പീറ്റർ ബ്രൂക്ക്‘ , മിത്രമായ ‘ഷേൻ ക്ലൌദു‘മായി ചേർന്ന് ഈ മഹാഭാരതത്തെ മൂനാല് മണിക്കൂറുള്ള , ഒരു സിനിമാ തിരക്കഥയാക്കി , ആ നാടക -സീരിയൽ നടീ നടന്മാരെ തന്നെ വെച്ച് , അഭ്രപാളികളിലേക്ക് പകർത്തി ഒരു വമ്പൻ സിനിമ പടച്ചുണ്ടാക്കി...

ഒരു ഭാരതീയ പുരാണ ഇതിഹാസം ആധുനികതയുടെ പരി
വേഷമുള്ള കഥാപാത്രങ്ങൾ വന്നവതരിപ്പിച്ച  1989 - ൽ റിലീസായ
ഒരു ക്ലാസ്സിക് സിനിമയായിരുന്നു (വിക്കി പീഡിയ)   ‘ദി മഹാഭാരത ‘..!

ലോക ചരിത്രത്തിലെ അത്യന്തം ആദരണീയവും അതി
വിശിഷ്ടവുമായ മഹത്ഗ്രന്ഥങ്ങളിലൊന്നാണല്ലോ  മഹാഭാരതം...
വേദവ്യാസ മഹര്‍ഷി തന്റെ ഇളം തലമുറക്കാരന്  പൂർവ്വികരുടെ കഥ പറഞ്ഞ് കൊടുക്കുന്നതിനൊപ്പം തന്നെ , ആയതെല്ലം പകർത്തിവെക്കുന്ന ഗണപതിയും കൂടി , ഓരോ കഥാ സന്ദർഭങ്ങളും നോക്കി കാണുന്നതായിട്ടാണ് ഇതിന്റെ കഥാതന്തു മുന്നേറി കൊണ്ടിരിക്കുന്നത് ...

പരാശരരമുനിയാൽ  സത്യവതിക്ക് വ്യാസൻ
ഭൂജാതനായ കഥകൾ  തൊട്ടാണിതിന്റെ തുടക്കം .
9 മണിക്കൂറുണ്ടായിരുന്ന നാടക തിരക്കഥയെ , വെറും
3 മണിക്കൂറിൽ  ഒതുക്കിയിട്ട് പോലും  ഈ ഫിലീം  , അദ്ദേഹത്തിന്റെ
ഡ്രാമ - സീരിയലുകളെ പോലെ  ബോക്സോഫീസിൽ അന്ന് ഗംഭീര ഹിറ്റായിരുന്നു ... !

പക്ഷേ ,  ദൈവ തുല്ല്യരായി ഭാരതീയർ കാണുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ വെറും സാധാരണക്കാരായി ചിത്രീകരിച്ച കാരണം , അന്നത്തെ ഇന്ത്യൻ ക്രിട്ടിക്കുകൾ  ഈ പടത്തിനെ വേണ്ടുവോളം കരിവാരി തേച്ചു.
ഇന്ത്യയിൽ റിലീസായ പ്രിന്റിന്,  നാല് മണിക്കൂർ നീളമുണ്ടായിരുന്നുവെങ്കിലും  , ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ ‘ ദി മഹാഭാരത’ക്ക് പ്രദർശനാനുമതി നിഷേധിച്ചതുമൊക്കെ കാരണം നാട്ടിലന്നെത്തിയ , ഇതിന്റെ ഇംഗ്ലീഷ് വേർഷനായ ‘ദി മഹാഭാരത’ അന്നൊക്കെ അത്രയധികം ശ്രദ്ധിക്കാതെയും  പോയിരുന്നു..


ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുകിൽ വർണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വരെ പൈജാമയും
ജുബ്ബായുമിട്ട ഫ്രെഞ്ചുകാരനായ വെള്ളക്കാരനായിരുന്നുവല്ലോ ഇക്കഥയിൽ....
അമേരിക്കക്കാരനായ എലുമ്പനും , കറമ്പനുമായ ഭീഷ്മർ , ആസ്ത്രേലിയനായ
അർജ്ജുനൻ , കരീബിയക്കാരന്നായ ഭീമൻ , ബ്രസീലുകാരനായ കർണ്ണൻ , വിയ്റ്റ്നാം കാരനായ ദ്രോണാചാര്യർ , ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ , ഇന്ത്യക്കാരിയായ പാഞ്ചാലി , നൈജീരിയക്കാരിയായ കുന്തി , സൌത്താഫ്രിക്കക്കാരിയായ മാദ്രി ,...,...
അങ്ങിനെയങ്ങിനെ ഓരോ രാജ്യത്തു നിന്നും വന്ന അന്തർദ്ദേശീയ
കഥാപാത്രങ്ങളെയൊക്കെ നമുക്കൊക്കെ എങ്ങിനെ ദഹിക്കാൻ ...അല്ലേ ?

ഇന്ന് , ആ സിനിമയിൽ അരങ്ങേറിയവരിൽ
ഒട്ടുമിക്കവരും പ്രശസ്തിയുടെ കൊടുമുടിയിൽ
നിൽക്കുന്നവരാണ് .അന്നത്തെ ആ ഭാരതീയ കഥാ
പാത്രങ്ങളായി നിറഞ്ഞാടിയ ഇന്നത്തെ  പല പ്രമുഖ നടീനടന്മാർ താഴെ പറയുന്നവരാണ് .
ആ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ച ചിലരും - വിക്കിയിലെ ആ പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണണങ്ങളുമാണ്  താഴെയുള്ളത്...

Robert Langdon Lloyd എന്ന വ്യാസൻ 

Bruce Myers as ഗണപതി കം ശ്രീകൃഷ്ണന്‍

Vittorio Mezzogiorno as അർജ്ജുനൻ

Andrzej Seweryn as യുധിഷ്ട്ടിരൻ 
Georges Corraface as ദുര്യോധനൻ
Jean-Paul Denizon as നകുലൻ
Mahmoud Tabrizi-Zadeh as സഹദേവൻ

Mallika Sarabhai as ദ്രൌപതി /പാഞ്ചാലി
Miriam Goldschmidt as കുന്തി
Ryszard Cieslak as ധൃതരാഷ്ട്രര്‍
Hélène Patarot as ഗാന്ധാരി
Urs Bihler as ദുശ്ശാസനൻ
Lou Bihler as   കുട്ടികർണ്ണൻ
Jeffrey Kissoon as കർണ്ണൻ
Maurice Bénichou as കീചകൻ
Yoshi Oida as ദ്രോണാചാര്യർ
Sotigui Kouyaté as പരശുരാമൻ / ഭീഷ്മർ
Tuncel Kurtiz as ശകുനി
Ciarán Hinds as അശ്വത്ഥാമാവ്
Erika Alexander as മാദ്രി / ഹിഡുംബി
Bakary Sangaré as സൂര്യൻ/ഘടോൽക്കചൻ
Tapa Sudana as പാണ്ഡു/ശിവൻ
Akram Khan as ഏകലവ്യൻ
Nolan Hemmings as അഭിമന്യൂ
Mas Soegeng as വിരാധൻ/ വിദുരര്‍
Tamsir Niane as ഉർവ്വശി
Lutfi Jakfar as ഉത്തര
Mamadou Dioumé as ഭീമൻ
Corinne Jaber as അംബ  ശിഖണ്ഡി
Joseph Kurian as ധ്രിഷ്ട്ടദ്യൂൻമൻ
Leela Mayor as സത്യവതി

അന്നത്തെ യൂറൊപ്പ്  മലയാളികളായിരുന്ന  വിശ്വയണ്ണനും ,സ്റ്റാലി വിശ്വനാഥനും , ജോസഫ് കുര്യനും  വരെ  ഈ സായിപ്പിന്റെ  നാടക-സീരിയൽ-സിനിമാ നടന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നൂ...
നമ്മൾ മ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ  എന്ത് കാര്യമാണ് ഉള്ളത് അല്ലേ ...!

തീർച്ചയായും ഒരു വേറിട്ട കാഴ്ച്ചകളുമായുള്ള തികച്ചും
വിഭിന്നമായ രീതിയിൽ കൂടി മഹാഭാരത പുരാണത്തിലൂടെയുള്ള
ഒരു സിനിമാ സഞ്ചാരം നടത്തി ഓരൊ പ്രേഷകരേയും അനുഭൂതിയിൽ ആറാടിച്ച നല്ലൊരു  അഭ്രകാവ്യം തന്നെയായിരുന്നു എന്നിതിനെ വിശേഷിപ്പിക്കാം ...!

കാൽ നൂറ്റാണ്ട് മുമ്പ് റിലീസായ ഈ ‘ദി മഹാഭാരത’യെന്ന കലാ മൂല്യമുള്ള
ഈ സിനിമയെ 2014 ജനുവരിയിൽ കുറെ സിനിമാ നാടക പ്രേമികളൊക്കെ പൊടി തട്ടിയെടുത്ത് വീണ്ടും യൂ-ട്യൂബിൽ കൂടി , ഭാഗങ്ങളായി പ്രദർശിപ്പിച്ച്  തുടങ്ങിയപ്പോൾ ...
ഈ  ക്ലാസിക്കായിരുന്ന സിനിമ ,  ഇവിടത്തെ ‘സോഷ്യൽ മീഡിയ‘കളിൽ കൂടി പ്രചരിച്ച്  വീണ്ടും ഒരു ചർച്ചക്ക് വിഷയമായപ്പോഴാണ്  ...
ഞാനും ഇതെല്ലാം  കണ്ടിഷ്ട്ടപ്പെട്ട് നിങ്ങളോടിത് , ഇപ്പോൾ പങ്കുവെക്കുന്നത്.

വളരെ മഹത്തരമായിരുന്ന ; അന്നത്തെ ഈ   ‘ പീറ്റർ ബ്രൂക്കിന്റെ ദി മഹാഭാരത ‘ - യൂ-ട്യൂബിൽ കൂടി സമയം അനുവദിക്കുകയാണെങ്കിൽ  ഒന്ന് കണ്ട് വിലയിരുത്താം...

https://www.youtube.com/watch?v=EENh1hxkD6E&feature=youtu.be

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...