Friday 12 August 2011

ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... !

 കല്ല്യാണം വന്നാലും , കലാപം വന്നാലും ബിലാത്തിയിലെ ബ്ലോഗ്ഗേഴ്സിന് നാഷ്നൽ ലോട്ടറി കിട്ടിയപോലെയാണെന്നാണ്  ഇന്നലെ ഒരു ആംഗലേയ ബ്ലോഗ്ഗർ ഇവിടെ പ്രസ്താവിച്ചത്...
അത് സത്യമാണ് ...അയ്യായിരത്തിലധികം  പോസ്റ്റ്കളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും നാനാഭാഷകളിൽ  പബ്ലിഷ് ചെയ്തത് കേട്ടൊ .
 വെറും ലോട്ടറിയെ കുറിച്ചല്ല  ദി ലണ്ടൻ ലൂട്ടറിയെ പറ്റിയാണെന്ന് മാത്രം...!
ഒരു ഹിച്ച് കോക്ക് ഹൊറർ മൂവി കാണുന്നതുപോലെ മൂന്നാലഞ്ചുദിവസം രാവും പകലും സ്വയം വീർപ്പുമുട്ടി നേരിട്ടും ,പത്രദൃശ്യ മാധ്യമങ്ങളിൽ കൂടിയും ഏവരേയും ഏറെ ഭീതിയിലാക്കിയ;  ബ്രിട്ടനെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തിയ സംഭവമായിരുന്നു കഴിഞ്ഞവാരം മുതൽ ഇവിടെ നടമാടിയിരുന്ന കലാപങ്ങളും , കൊള്ളയും , കൊള്ളിവെപ്പുമെല്ലാം...
ലണ്ടനിൽ നിന്നും തുടക്കം കുറിച്ച ‘ദി  ലണ്ടൻ ലൂട്ടറി’ എന്നയീയാളിപ്പടർന്ന കലാപം കൊണ്ട് ഇവിടത്തുകാർക്ക് ധാരളം കഷ്ട്ടനഷ്ട്ടങ്ങളും ,ദോഷങ്ങളും വരുത്തിവെച്ചെങ്കിലും ആകെയുള്ള ഗുണം കിട്ടിയത്
പുരകത്തുമ്പോൾ വാഴവെട്ടുന്ന പോലെ
കൊള്ളയും കൊള്ളിവെപ്പും തനി ലൈവായി കാണാൻ പറ്റി എന്നുള്ളതാണ്...!
ആകെ പടർന്നുപിടിച്ച കൊള്ളയുടേയും , കൊള്ളിവെപ്പിന്റേയും ഇടയിലേക്ക്, രണ്ടാം ദിനം മുതൽ പോലീസിനൊരു കൈ  സഹായമായി ഞങ്ങളുടെയടക്കം മറ്റുപല സെക്യൂരിറ്റി കമ്പനികളുടേയും സഹായം കൂടി തേടിയപ്പോൾ ; പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ...!

കഴിഞ്ഞ തവണ ഇതുപോൽ  സെക്യൂരിറ്റിയായി റോയൽ കല്ല്യാണം കൂടാൻ പോയപ്പോൾ
നല്ല മൊഞ്ചുള്ള ഉമ്മയായിരുന്നു കിട്ടിയത്..!
ഇനിയിപ്പോളീ കലാപം കെട്ടടക്കാൻ പോകുമ്പോൾ
നല്ല മൊഞ്ചുള്ള മഞ്ച കിട്ടുമോ ..ആവൊ..?

അല്ലെങ്കിലും പാപി ചെല്ലുന്നിടം പാതാളം  എന്ന് പറയാറില്ലെ
അതുപോലെ തന്നെ ഇതിലും സംഭവിച്ചു...
പണ്ട് നമ്മള്‍ ചരിത്രം പഠിച്ചിരുന്നപ്പോള്‍  ചക്രവർത്തിമാരുടേയും, രാജാക്കന്മാരുടേയുമൊക്കെ ഭരണ കാലത്തുണ്ടായിരുന്ന സുവര്‍ണ്ണ കാലത്തെ പറ്റി നമ്മൾ മനസ്സിലാക്കിയിട്ടില്ലേ...
അതുപോലെ എന്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലം തന്നെയാണ്
ഈ സമയമെന്ന് ഞാൻ സ്വയം പറഞ്ഞിരിക്കുകയായിരുന്നു...
കെട്ട്യോളും, കുട്ട്യോളും ഒന്നരമാസത്തേക്ക്  നാട്ടിൽ
ഹോളിഡേയ് ആഘോഷിക്കുവാൻ പോയിരിക്കുന്നു...
യാതൊരുവിധ ചൊറിച്ചിലുകളും , മാന്തലുകളുമില്ലാതെ ഞാനിവിടെ പഴയ ബാച്ചി ലൈഫിനേക്കാൾ കേമമായി  , പണിയും മറ്റുമായി ഈ ഒന്നര മാസത്തെ...
ഒരു ഒന്നര കൊല്ലത്തെ ആഘോഷമാക്കി  കൊണ്ടാടി കൊണ്ടിരിക്കുന്ന സമയം...
ഒന്നിനും സമയമില്ലാത്ത ഒരു കുഴപ്പം മാത്രമേ ഉള്ളൂ എന്നു മാത്രം..!
ആര്യോഗ്യവും,ആവേശവും ഉള്ളകാലത്ത്
ആയുസ് പോകുന്നതിന് മുമ്പ് ആവുന്നോടത്തോളം ആക്കാമല്ലോ അല്ലേ ...
വീട്ടുകാർ നാട്ടിൽ പോയ ശേഷം..
പണ്ടെന്നോ തീ കത്തിയതിന്റെ ചാരം ചോർത്താൻ വേണ്ടിയാണ് ഞങ്ങൾ
ചാരന്മാരഞ്ചുപേർ മൂന്നാണും, രണ്ടുപെണ്ണുമായി;  ബിലാത്തിയിലെ ഏറ്റവും സുന്ദരമായ ന്യൂകാസിലിൽ എത്തി , തൽക്കാലം ഞങ്ങളുടെ കമ്പനി ഏർപ്പാടാക്കി വെച്ചിട്ടുണ്ടായിരുന്ന ആ കൊച്ചു വിക്ടോറിയൻ വീട്ടിൽ രണ്ടാഴ്ച്ച വെപ്പും കുടിയുമായി കഴിഞ്ഞിട്ട്
ഒന്നിച്ച് ആ കേസന്വേഷണം ആരംഭിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിൽ കൽക്കരി കണ്ട് പിടിച്ച് ഖനനം നടത്തി യൂറോപ്പിൽ ആദ്യമായി സാമ്പത്തിക വിപ്ലവത്തിന് ആരംഭം കുറിച്ച സ്ഥലമാണ് ഈ ‘ടൈൻ ‘ നദിയുടെ തീരത്തോടൊട്ടികിടക്കുന്ന ഇംഗ്ലണ്ടിലെ മനോഹരമായ ഈ ന്യൂകാസിൽ നഗരം...!
പണ്ട് മനുഷ്യനേക്കാൾ വിലയുണ്ടായിരുന്ന കൽക്കരിയുടെ അന്നത്തെ ഖനനകാഴ്ച്ചകളുടെ കാഴ്ച്ചബംഗ്ലാവുകളും, പ്രശസ്തമായ പബ്ബുകളും ,പുരാതനമായിട്ട് തന്നെ നിലനിർത്തിയിട്ടുള്ള ആധുനിക കെട്ടിടസമുച്ചയങ്ങളും, കരിങ്കലിഷ്ട്ടികവിരിച്ച  അകത്തളങ്ങളേക്കാൾ ഭംഗിയേറിയ  വീഥികളുമൊക്കെയായി നമ്മളെയൊക്കെ കൊതിപ്പിക്കുന്ന ന്യൂകാസിലിൽ...!!

പണികളുമായി ഞങ്ങളഞ്ചുപേരും
അടിച്ചുപൊളിച്ചു എന്ന് പറയേണ്ടതില്ലല്ലോ..! ?

ഈ ന്യൂകാസിലിലെ കേസന്വേഷണം കഴിഞ്ഞ് വന്ന്
ഒന്നാർമാദിക്കാൻ തുടക്കംകുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ...
ഒരു ന്യൂകേസായി ലണ്ടൻ ലൂട്ട്...
ലുട്ടാപ്പി കുന്തത്തിലെന്നപോൽ മുന്നിൽ വന്നിറങ്ങിയിട്ട് ..
പണ്ടാറം നമ്മുടെ പൂട്ടെടുക്കാൻ... കപ്പലിനിടയിൽ കയിലും കണ എന്നപോലെ
ഇതുവരെ ഒരു പാപവും ചെയ്യാത്ത ഈ പാവത്താന്റെ തലയിലൊക്കെ വന്നു പെട്ടത്...
എന്റെ ഭാര്യയുടെ ശാപമെല്ലാണ്ടിതിനെ എന്താ പറയുക അല്ലേ..!

അല്ലാ ലൂട്ടിങ്ങിന്റെ കാര്യം പറയാൻ
വന്നിട്ട്  ‘ഷൂട്ടിങ്ങി’ന്റെ കാര്യത്തിലേക്ക് പോയി അല്ലേ...
പറഞ്ഞിട്ട് കാര്യമില്ല പട്ടുമെത്തയിലാണെങ്കിലും അട്ടക്ക്
പൊട്ടക്കുളം തന്നെയല്ലേ മുഖ്യം...!

അതായത് ഈ ലൂട്ടറി സംഭവങ്ങൾക്കെല്ലാം തുടക്കം കുറിച്ച സംഗതി എന്തെന്ന്വെച്ചാൽ
കഴിഞ്ഞ വ്യാഴാച്ച(05-08-11) രാത്രി , ഇവിടെ ഒട്ടുമിക്ക കുത്തിതിരിപ്പുകളും ഉണ്ടാക്കുന്ന ഒരു ഗുണ്ടാതലവനായ ‘മാർക്ക് ഡഗ്ഗൻ ‘ എന്നൊരുവനെ , സിനിമാസ്റ്റൈലിൽ പോലീസ് ചേസ് ചെയ്ത് വെടിവെച്ച്കൊന്നതിനെ സംബന്ധിച്ചാണ്.
പിറ്റേന്ന് രാത്രി അവന്റെയനുയായികൾ മനുഷ്യാവാകാശം ലംഘിച്ച് , പോലീസ് ഇവനെ വകവരുത്തയതിൽ പ്രതിക്ഷേധിച്ച് നോർത്ത് ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷൻ വളഞ്ഞപ്പോൾ , ഒരു പോലീസ്കാരൻ അതിലുണ്ടായിരുന്ന ഒരു 17 കാരിയായ പെൺകുട്ടിയെ ബാറ്റൺ കൊണ്ട് കുത്തുന്ന ദൃശ്യം  യൂട്യൂബിൽ ഇട്ടിട്ട്...
ഈയിടെ മുഖപുസ്തകത്തെ മുഖമടിച്ചവശയാക്കിയ ഗൂഗിൾ പ്ലസ് മുഖാന്തിരം
അതിന്റെ സർക്കിളുകളിൽ കറമ്പന്മാരുടെ വികാരം ഇളക്കും പ്രകാരം ശ്ട്രീം ചെയ്തപ്പോൾ ...
പ്ലസ് കണ്ട് പൾസ് കൂടിയ അവിടെയുള്ള ചിലരെ പിരികേറ്റി ഈ ക്രിമിനലുകൾ ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നൂ...
കാറുകളും കടകളും തല്ലിപ്പൊളിച്ച് അന്ന് രാത്രി ഒരു മണിയോടെ
ഒരു സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കപ്പെട്ടു.
പിറ്റേന്ന് രവിലെ ആഫ്രൊ-കരീബിയൻസ് ഏറെയുള്ള ഹാക്കിനിയിലും
പരിസരത്തും ഇതുപോൽ കക്കലും,തീവെപ്പും നടന്നു...
ട്വീറ്ററുകളിലും, ബ്ലാക്ക്ബറികളിലും ,മറ്റു ഓൺ ലൈൻ സൈറ്റുകളിലുമൊക്കെ
ബ്ലാക്ക്സിന് ഉത്തേജനം കൊടുക്കുന്ന തരത്തിലുള്ള മെസ്സേജ്കൾ ചീറിപ്പാഞ്ഞു....

അവസരം മുതലാക്കി മറ്റുള്ള ക്രിമനൽ ബാക്ക്ഗ്രൌൻഡുള്ളവരെല്ലാം
ചേർന്ന് ഈ  കലാപം ഏറ്റെടുത്ത് ലണ്ടൻ മുഴുവൻ ഇതിനെ വ്യാപിപ്പിച്ചു.
ജ്വല്ലറികൾ , ഫോൺ ഷോപ്പുകൾ മുതൽ എല്ലാ ബ്രാന്റഡ് ഐറ്റംസ്സുമുള്ള

സകലമാന കടകളിലും പത്തുവയസ്സുള്ള പിള്ളേർ മുതൽ, പെണ്ണുങ്ങളടക്കം എല്ലാവംശജരും ഇത്തരം ലൂട്ടിങ്ങുകളിൽ ആവേശപൂർവ്വം പങ്കെടുത്ത് ,എതിർക്കാൻ നിൽക്കുന്നവർക്ക് കൊടുത്തും, കടകൾ കൊള്ളിവെച്ചും, മറ്റും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ലണ്ടൻ മുഴുവൻ നാല് രാവും പകലും ആകെ കുട്ടിച്ചോറാക്കികൊണ്ടിരിക്കുകയായിരുന്നൂ...

നമ്മുടെ നാട്ടിലെ പോലെയല്ല ...
പോലീസിവിടെ ഹ്യുമൺ റൈറ്റ്സ്
പരിപാലിക്കേണ്ട  കാരണം ടിയർ ഗ്യാസ്
പ്രയോഗമോ, വെള്ളം ചൂറ്റലോ , വെടിവെപ്പോ നടത്തില്ല...
പരമാവുധി ആളുകളെ ഉന്തിത്തള്ളി ഉപദേശിച്ച് വിടും എന്നുമാത്രം...!

ഞായറാഴ്ച്ച എനിക്ക് ഡ്യൂട്ടി നോർത്ത് വെസ്റ്റ് ലണ്ടനിൽ
IBM/Nokia. വെയർ ഹൌസിന്റെ കാവൽ . എന്റെ കമ്പനിയെന്നോട് പറഞ്ഞിരിക്കുന്നത് കലാപകാരികൾ വന്നാൽ ആദ്യം സ്വന്തം ശരീരം രക്ഷിക്കുക എന്നതാണ് .
ശേഷം ഇൻസിഡന്റ് റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കാനാണ് .
ഈ റിപ്പോർട്ടുകൾ പ്രകാരമാണല്ലോ നഷ്ട്ടപ്പെട്ടതും,കേടുവന്നതുമായ
സംഗതികൾക്കൊക്കെ ഇൻഷൂറൻസ് തുക ലഭിക്കുക...!
ഇതിനിടയിൽ സൌത്ത് ലണ്ടനിൽ ഷോപ്പുകൾക്കും, വീടുകൾക്കും തീയ്യിട്ടതും ,
ഞാൻ കാവലിക്കുന്ന സ്ഥലത്തിനരികെ നമ്മുടെ ബുള്ളറ്റ് മോട്ടൊർ സൈക്കിളിന്റെ
തറവാടിനരികെ ‘എൻഫീൽഡിൽ‘ യൂകെയിലെ ഏറ്റവും വലിയ ,‘സോണി-പാനാസോണിക്കിന്റെ‘ ഡിസ്ട്രിബ്യൂഷൻ സെന്റർ കൊള്ളയടിച്ച ശേഷം തീയ്യിടുന്നത് ലൈവ്വായി കണ്ടുകൊണ്ടിരിക്കുമ്പോൾ...
എന്റെയുള്ളിൽ ഇനിയിവന്മാർ എന്റെയടുത്തേക്കാവുമല്ലോ
എന്നോർത്ത്  എന്റെ വയറ്റിനുള്ളിൽ  ഭയത്തിന്റെ ജഠരാഗ്നി കത്തുകയായിരുന്നു..!
പത്തിരുപത് വെടക്ക്കെട്ട ലൂട്ടേഴ്സും , ഒരു ഭാഗത്ത് ഒറ്റക്ക് ഞാനും....
അഥവാ ഇന്നത്തെ ഈ അവസ്ഥയിൽ എമർജെൻസിക്ക് വിളിച്ചാൽ മരുന്നിന്
പോലും ഒരു പോലീസും വരിലെന്നറിയാം...
ധൈര്യം കൂടിയിട്ട്  രണ്ടുമണിക്കൂറിനുള്ളിൽ മൂന്നാലഞ്ചുതവണയെങ്കിലും
അവിടെയുള്ള ലണ്ടനിലെ ലണ്ടനിലേക്ക് ഞാനോടിപ്പൊയി വന്നുകൊണ്ടിരുന്നു...!
എന്റെ പൂച്ചഭാഗ്യമോ , അതോ IBM/Nokia ക്കാരുടെ  ഭാ‍ഗ്യമോ
ലൂട്ടാൻ വേണ്ടി ഒരു ലുട്ടാപ്പിയും അന്ന് രാത്രി അവിടേക്ക് എത്തിയില്ല..
ഇതിനിടക്ക് ലണ്ടനിൽ നിന്നും കലാപം ബിലാത്തിയുടെ മറ്റുഭാഗങ്ങളിലേക്കും പകർന്നു...
ചാകര കിട്ടിയ പോലെ പല വമ്പൻ TV വാർത്താവതാരകരും മറ്റും  കലാപങ്ങളുടെയിടയിൽ പരക്കം പാഞ്ഞ് എല്ലാം ലൈവ്-ടെലകാ‍സ്റ്റ്  നടത്തി തൃപ്തിയടഞ്ഞു ...

അളമുട്ടിയാൽ ചേരയും കടിക്കുമെന്നപോലെ എല്ലാം കൊണ്ടും
പൊറുതി മുട്ടിയപ്പൊൾ ഒരോ സ്ഥലങ്ങളിലേയും ജനങ്ങൾ കലാപകാരികളെ
തടുക്കുവാൻ  ഒന്നിച്ചിറങ്ങി ഹൈസ്ട്രീറ്റുകളിൽ റോന്ത് ചുറ്റി.
ഇവിടെ ഈസ്റ്റ് ഹാമിൽ ശ്രീലങ്കക്കാരെല്ലാം ചേർന്ന്
‘ആർഗൊസ്‘ പൊളിച്ചുകൊണ്ടിരിക്കുന്ന ലൂട്ടേഴ്സിനെ ഓടിച്ചുവിട്ടു...
തമിഴ്പുലികളായിരുന്നവർക്കുണ്ടൊ ഇതിനെല്ലാം പേടി അല്ലേ.
‘അപ്ട്ടൻ പാർക്കിൽ‘ പാകസ്ഥാനികളെല്ലാം കൂടി ‘ടെസ്ക്കൊ‘ ലൂട്ടാൻ
വന്നവരെ ലൊട്ടുലൊടുക്ക് തല്ലിവിട്ടു. സൌത്താളിലും മറ്റും പഞ്ചാബികൾ ഒത്തുകൂടി  സ്വന്തം വസ്തുവകകൾ സംരംക്ഷിച്ചു. ബംഗ്ലാദേശികളെല്ലാം ഒത്ത് കൂടി ‘വൈറ്റ് ചാപ്പൽ ‘ഏരിയയിൽ കാവൽ നിന്നു . ‘എൻഫീൽഡിൽ‘ ഇടവകക്കാരെല്ലാം കൂടി നഗരത്തിന് കാവലിരുന്നൂ. ‘ക്രോയിഡോണിൽ‘ ഒരു കലാപകാരി വെടിയേറ്റ് മരിച്ചു.അവിടെ ഫ്ലാറ്റ്കൾക്ക് തീയ്യിട്ടപ്പോൾ മലയാളികളടക്കം പല ഫേമിലികളും വഴിയാധാരമായി.

അതേ സമയം ലണ്ടന് പുറത്തേക്ക് പടർന്നുപന്തലിച്ച ബർമ്മിങാമിലും,മാഞ്ചസ്റ്ററിലും,ലിവർപൂളിലും,ബ്രിസ്റ്റളിലും,
മിഡ്ലാന്റീലുമൊക്കെ   ആളിപ്പടർന്ന കലാപകാരികളിലധികവും
വെള്ളക്കാർ തന്നെയായിരുന്നൂ...
പല ബെൻഫിറ്റുകളും  നിറുത്തലാക്കി അവരുടെയൊക്കെ
സുഖജീവിതത്തിന് വിരാമമിട്ട ഗവർമേന്റിനോടുള്ള പകതീർക്കൽ...
വരത്തന്മാരായ ഇവരേക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള വിദേശികളവരുടെ
ചുറ്റും ആഡംബരത്തോടെ ജീവിക്കുന്നതു കണ്ടിട്ടുള്ള അസൂയ , മുസ്ലീം വിരോധം,...,...
എന്നിവയെല്ലാം ഉള്ളിലൊളിപ്പിച്ചും , പ്രകടമാക്കികൊണ്ടും ലണ്ടനുപുറത്തുനടന്ന കലാപകാരികൾ  കാറുകളും, കടകളുമൊക്കെ കൊള്ളചെയ്തും,കൊള്ളിവെച്ചും , കലാപം തടുക്കാൻ ശ്രമിച്ചവരെ കാറുകേറ്റി കൊന്നും, കൊലവിളിച്ചുമൊക്കെയായിരുന്നു അവിടെങ്ങളിലൊക്കെ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറികൊണ്ടിരുന്നത്...
ബർമിങ്ങ്ഹാമിൽ മൂന്ന് പേരെ മരണത്തിനിരയാക്കിയ, ഇപ്പോഴും ജസ്റ്റ് തണുത്തുറഞ്ഞ ഈ കലാപബാക്കിയുടെ ദുരന്തങ്ങൾ, ഇനി വല്ല വംശീയകലാപമായി പൊട്ടി പുറപ്പെടുമോ എന്ന ഭീതിയിലാണ്  പല അധികാര വർഗ്ഗവും അവിടേക്കൊക്കെ  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്...!

ലോകത്തിന്റെ സാംസ്കാരിക നഗരത്തിന്റെ പേരിനൊരു ഭംഗം  വരുത്താതെ കലാപശേഷം തൊട്ടുപിന്നാലെ തന്നെ ആയതിന്റെയൊന്നും ഒരു തിരുശേഷിപ്പും അവശേഷിപ്പിക്കാതെ ഈ പട്ടണത്തെ ബ്രൂമും,സാഗ്രികളുമായി വന്ന് ക്ലീൻ ചെയ്ത്  നഗരപ്രാന്തങ്ങളെയെല്ലാം പഴയ പ്രൌഡിയിലേക്കെത്തിച്ച സോഷ്യൽ മീഡിയകളിലൂടെ ഒത്തുകൂടിയ ചങ്ങാതികൂട്ടങ്ങൾ...
സ്വന്തം നാടിനാപത്ത് നേരിട്ടപ്പോൾ പ്രതിപക്ഷ ഭരണപക്ഷ കുറ്റങ്ങൾ ആരോപിക്കാതെ എല്ലാ വ്യക്തിപരമായകാര്യങ്ങളും ഇട്ടെറിഞ്ഞ് സ്വന്തം തട്ടകങ്ങളിൽ ഓടിയെത്തിയ  രാഷ്ട്രീയ പ്രവർത്തകരും ,നേതാക്കന്മാരും, സാംസ്കാരിക നായകരും, കലാ കായിക താരങ്ങളുമൊക്കെ നാട്ടുകാരുടെ മുന്നിൽ സേവനസന്നദ്ധരായി നിലകൊണ്ടു...
കലാപ ശേഷം CCTV ഫുട്ടേജ് പ്രകാരം സമയക്രമം നോക്കാതെ കലാപകാരികളേയും,കട്ടെടുത്തവരേയും പിടിച്ച് കോടതിയിലെത്തിക്കുന്ന പോലീസും,മറ്റു സെക്യൂരിറ്റി വിഭാഗങ്ങളും..,ഇതിനോടനുബന്ധിച്ച്
ഈ കേസുകൾക്ക് അപ്പപ്പോൾ വിധിന്യായങ്ങൾ നടത്തുവാൻ രാത്രിപോലും  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതികളും മറ്റ് ബ്യൂറോക്രാറ്റ് സവിധാനങ്ങളും...

ആവേശം മൂത്ത് കക്കാനും കൊള്ളിവെപ്പിനും വന്നവരിൽ കോടീശ്വരന്റെ മകൾ മുതൽ , ഐ.ടി. പ്രൊഫഷനുകളടക്കം, 11 വയസ്സുള്ള കൊച്ചുപിള്ളേർ വരെയുണ്ടായിരുന്നു. കട്ടിട്ട് ബാക്കിയായ കടകളിൽ നിന്നും ആയതൊക്കെ കാണാൻ വന്നപ്പോൾ  വെറും വെള്ളം കുപ്പി മാത്രം പൊക്കിയവനും കിട്ടി ആറ് മാസം തടവും പിഴയും മറ്റുള്ളവരോടൊപ്പം കേട്ടൊ

എന്തൊക്കെയായാലും ലോകം മുഴുവൻ കലാപം ഒതുക്കുവാൻ നടക്കുന്ന
ബ്രിട്ടന് സ്വന്തം മണ്ണിലെ കലാപം ഒതുക്കാൻ പറ്റാത്തതിന്റെ രോക്ഷം ഇപ്പോളിവിടെ
ജനങ്ങളിൽ  കാണാം കേട്ടൊ.
മറ്റു പ്രകൃതിക്ഷോപങ്ങൾ പോലെയൊന്നുമല്ലല്ലോ ഇത്തരം ജനങ്ങൾക്കും
സ്വത്തിനുമാപത്ത് വരുത്തുന്ന കൊള്ളയും കൊള്ളിവെപ്പും ഒപ്പം നടക്കുന്ന കലാപങ്ങളും ...
പിന്നീട് എന്തൊക്കെ നഷ്ട്ടപരിഹാരങ്ങൾ കൊടുത്താലും ..
ഒരു ‘അൺ-സേഫ് ഫീലിങ്ങ് ‘ ഇവിടത്തെ പബ്ലിക്കിന് വന്നു എന്നുപറഞ്ഞാൽ മതിയല്ലോ...!

ഒളിമ്പിക്സൊക്കെ  മുമ്പിൽ വന്ന് നിൽക്കുകയല്ലെ ...
ഹ്യുമൻ റൈറ്റ്സൊക്കെ ഇത്തിരി അയച്ച് പോലീസിന്
കൂടുതൽ അധികാരം നൽകട്ടെ അല്ലേ !
അല്ലെങ്കിലിവർ  നമ്മുടെ നാട്ടിൽ നിന്നും
വർക്ക് പെർമിറ്റ്  കൊടുത്ത് കുറച്ച് പോലീസിനെ വരുത്തട്ടെ .ഒരു മനുഷ്യാവകാശവും നോക്കതെ അവരൊക്കെ ഇത്തരം കലാപങ്ങളും
കലാപകാരികളേയും നിമിഷങ്ങൾക്കകം  അടിച്ചിരുത്തുന്നത് കാണാം...
പിന്നീടവർ കാലൻ വിളിക്കുന്നത്
വരെ ഒരു കലാപത്തിനും പോകില്ല..!
ഇതുപറഞ്ഞപ്പോഴാണ്  ഓർക്കുന്നത് ഈ മാസാവസാനം
എന്റെ ഭാര്യാപോലീസും,മക്കളുപട്ടാളവും നാട്ടിൽ നിന്നെത്തും.
കഴിഞ്ഞ  ഒന്നരമാസത്തെ എന്റെ കുറ്റാരോപണങ്ങളുടെ വിധിന്യായങ്ങൾ
നടപ്പാക്കുന്നതിന് മുമ്പെ  നാട്ടിൽ‌പ്പോയി ഓണമുണ്ട് , കണ്ണൂർ മീറ്റിലീറ്റി തിരിച്ചു വരണം...
എന്നിട്ട് വേണം ന്യൂകാസിലിലെ ന്യൂതിങ്ങ്സ് വിവരിക്കുവാൻ...!

നമ്മൾ ഏത് , എത്ര വലിയ കുറ്റങ്ങൾ ചെയ്താലും
ഒരു ജീവപര്യന്തമല്ലേ ഏത് കോടതിയും വിധിക്കൂ ...അല്ലെ കൂട്ടരെ




ലേബൽ :-
അനുഭവാവിഷ്കാരങ്ങൾ.


Sunday 7 August 2011

അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !

ഭൂലോകത്തിന്റെ ഇങ്ങേ തലക്കൽനിന്നും ബൂലോഗത്തിൽ
വന്ന് കുടിയിടം വെച്ച് പാർപ്പുതുടങ്ങിയപ്പോൾ ഇങ്ങിനെയൊരു
പ്രണയത്തിന്റെ ഊരാക്കുടുക്കിൽ പെടുമെന്ന് അന്നൊന്നും ഞാനൊട്ടും നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..കേട്ടൊ കൂട്ടരെ...

ഇപ്പോൾ സകലമാനബൂലോകരോടും
എനിക്ക് പ്രണയമാണ്...സാക്ഷാൽ ചുട്ട പ്രേമം...!

വന്യമായ ഒരു ലഹരിയോടെ , താളത്തോടെ , പരസ്പരമുള്ള
ആശയവിനിമയങ്ങളെല്ലാം ഒരു പ്രണയോന്മാദം പോൽ സ്പർശനവും ,
സാന്ത്വനവും, വിരഹവും, വിശ്വാസവും , സ്നേഹവുമെല്ലാമായി നമ്മളെന്നുമെന്നും
അക്ഷരങ്ങൾ കൂട്ടി പെറുക്കിയെടുത്ത് , ഈ ഇ-എഴുത്തുകൾ മുഖാന്തിരം കെട്ടിപ്പൊക്കി പടുത്തുയർത്തിയ ഈ മനോഹരമായ സമുച്ചയങ്ങളിലെന്നും പ്രണയപ്രകാശം എന്നുമങ്ങിനെ നിറഞ്ഞുനിൽക്കുകയാണല്ലോ...
തനി മായാമയൂഖങ്ങൾ പോലെ...

അതുകൊണ്ടാണല്ലോ പണിതിരക്കുകളിൽ നിന്നുമിപ്പോൾ
മോചനമില്ലാതെ സഞ്ചാരപ്രിയനായി ബിലാത്തി മുഴുവൻ യാത്രകളിൽ
അലയടിച്ചു നടക്കുമ്പോഴും  , എനിക്കിപ്പോൾ പലയവസരങ്ങളിലും  ബൂലോകമായി പ്രണയം പങ്കുവെക്കുവാൻ സാധിക്കാത്തതിന്റെ  വിരഹത്തിന് ഒരാശ്വാസം കിട്ടാൻ വേണ്ടിമാത്രമായിട്ട്
ദേ..ഇവിടെ ഒരേ തൂവൽ‌പ്പക്ഷികളിൽ കൂടി എല്ലാവരുടേയും വാ‍യന പ്രതീക്ഷിച്ച് കൊണ്ട് ഇതാ
ഒരു കട്ട് പേസ്റ്റ് പോസ്റ്റ് 
( ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് , അതായത് കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  എ‘മണ്ടൻ  എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ
അതായത് ബൂലോകവുമായുള്ള പ്രണയ സായൂജ്യം കൈവരുന്നതിന് 

വേണ്ടി  ചുമ്മാ വെച്ച് കാച്ചുന്നത്)
 


പിന്നെ പറ്റുമെങ്കിൽ ഈ  പ്രണയങ്ങളൊക്കെ  നേരിട്ട് പങ്ക് വെക്കുവാൻ
ഇത്തവണ ഓണത്തിന് രണ്ടാഴ്ച്ച നാട്ടിൽ വരുമ്പോൾ കണ്ണൂർ സൈബർ
മീറ്റിൽ പങ്കെടുത്തും, പുലിക്കളിയിൽ ആടിതകർത്തും അടിച്ചുപൊളിക്കണമെന്നൊരു
കൊച്ചാഗ്രഹവും എനിക്കുണ്ട് കേട്ടൊ.

അപ്പോൾ ആ സമയത്ത് നേരിട്ട് മീറ്റാനും, ഈറ്റാനും ഏതെങ്കിലും
ബൂലോകർക്ക് താല്പര്യമുണ്ടെങ്കിൽ ഞാനവിടെയപ്പോൾ ഉപയോഗിക്കുന്ന
എന്റെ ഗെഡിച്ചിയുടെ നമ്പറിൽ ( 09946 602 201 ) ബന്ധപ്പെടാം ...

അങ്ങിനെയാണെങ്കിൽ ...
അന്ന് കാണാം...കാണണം !
  


ലേബൽ :-
റീലോഡ് .

Thursday 16 June 2011

വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivarangal ... !

ഈ വരുന്ന ജൂൺ മാസം പത്തൊമ്പതിനാണ് നമ്മുടെ നാട്ടിൽ വായനദിനം കൊണ്ടാടുന്നത് . 
1996 -ൽ കേരള ഗ്രൻഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകാരനുമായ പുതുവായിൽ നാരായണ പണിക്കരുടെ (P._N._Panicker ) ചരമദിനമാണ് നാം വായനദിനമായി ആചരിക്കുന്നത്  ...!
ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച്ച വായനാവാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു  . 

നമ്മുടെ നാട്ടിലെ  പ്രഥമ വായനാദിനം മുതൽ പിന്നീട് കൊണ്ടാടിയ വായനാവാരങ്ങളിൽ വരെ ഘോരഘോരം വായനയെ പറ്റി പ്രംസംഗിച്ചു നടന്നിരുന്നവനായിരുന്നു ഞാൻ ...
നാലഞ്ചുകൊല്ലത്തിന് ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ചതിന് ശേഷം വായനയാണെങ്കിൽ ശരിക്കും എന്നിൽ നിന്നും കൈമോശം വന്നുപോയി ...!

എന്തായാലും  ബ്ലോഗ് തുടങ്ങിയതിന് ശേഷമുള്ള  ആദ്യത്തെ വായനദിനം  വരികയാണ്. ഇനിയുള്ള ദിവസങ്ങളിൽ ജോലിയുള്ള  കാരണമാണ് ഇന്നിവിടെ വായനയെ കുറിച്ച് എന്തെങ്കിലും കുത്തികുറിക്കാമെന്ന് വെച്ചത് ...
എവിടെ തുടങ്ങണം എന്നുള്ള ഒരു കൺഫ്യൂഷനിലാണ് ഞാൻ .


ആരവമുയർത്തി ആമോദത്തോടെ വീണ്ടും,  ദി ജനുവിൻ ജൂൺ
എന്റെയരുകിലേക്ക് ഓടിവന്നെങ്കിലും മറ്റ് ആഹ്‌ളാദാഘോഷങ്ങളിലൊന്നും ഇടപെടാതെ, ജോലിത്തിരക്കുകൾക്ക് ശേഷം, കുത്തിയിരുന്ന് ഈ 'ബിലാത്തി
പട്ടണത്തി'ൽ വായിച്ചും എഴുതിയും മേഞ്ഞുനടന്നാലുള്ള ദുരവസ്ഥകൾ, സ്വന്തമായൊരു കെട്ട്യോളും , കുട്ട്യോളുമുള്ള ഏതൊരു ബൂലോക വാസിക്കും അനുഭവജ്ഞാനമുള്ള കാര്യമാണല്ലോ... !?

അപ്പോൾ ഈ മാസത്തിൽ ജന്മദിനവും , കല്ല്യാണവാർഷികം കൊണ്ടാടുന്ന ഒരു ഭാര്യയും, പിറന്നാളാഘോഷങ്ങളുള്ള മക്കളും , അതിനൊത്ത കാമുകിമാരുമൊക്കെയുള്ള ഈയ്യുള്ളവന്റെ കാര്യം എപ്പ്യോ കട്ടപ്പൊകയായിതീരുമെന്ന് നിങ്ങൾക്കൊക്കെ ഒന്നാലോചിച്ചാൽ പിടികിട്ടുമല്ലോ അല്ലേ..?!
എന്തുകൈവിഷം കിട്ടിയിട്ടാണാവോ ...
ഈ  ബൂലോഗ വലയിലെ മായിക വലയിൽ
അകപ്പെട്ടതിന് ശേഷം മറ്റെല്ലാ കാര്യത്തിനേക്കാളും
ഒരു മുന്തൂക്കം ഇവിടേക്ക് തന്നെയാണ് തൂങ്ങി നിൽക്കുന്നത്...!

എഴുത്തിന്റെ കൃമി കടിയേക്കാൾ , വായനയുടെ ദഹനക്കേടുള്ളതുകൊണ്ട്
ഈ ഭക്ഷണ ക്രമമൊക്കെ ഒന്ന് മാറ്റിയാലോ എന്ന് പലകുറി ചിന്തിച്ചുനോക്കിയെങ്കിലും, ശീലിച്ചതേ പാലിക്കൂ എന്നപോലെ എനിക്കൊക്കെ അതിനുണ്ടൊ പറ്റുന്നു എന്റെ കൂട്ടരെ..?

ഇതുകൊണ്ടൊക്കെയാണ് സ്ഥിരം ഒരുമണിക്കൂർ ടൈം-ടേബിൾ വിട്ടിട്ട് , കുറച്ചുസമയം കൂടി ഇവിടെ വന്നിരുന്ന് എന്തെങ്കിലുമൊക്കെ  നിങ്ങളുമൊക്കെയായി സംവദിക്കാമെന്ന് കരുതുന്നത്...
നമ്മൾക്ക് അപ്പോൾ വായനയിൽ നിന്നും തുടങ്ങാം ..അല്ലെ 

ആദ്യമൊക്കെ മിക്കാവാറുമൊക്കെ  ഈ
യൂറോപ്പ്യൻസിനെ വിശ്രമ വേളകളിലൊ , യാത്രയിലൊ 
മറ്റോ കാണുകയാണെങ്കിൽ അവരുടെ കൈയിൽ  വായിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകമുണ്ടായിരുന്നിരിക്കും ...!

പക്ഷേ ഇന്നാ സ്ഥിതി വിശേഷം മാറി കേട്ടൊ.
ബുക്കിന് പകരം വെറും 240 ഗ്രാം വരുന്ന , ഒറ്റപേജുള്ള പുസ്തകത്തിന്റെ ചട്ടകൂടുള്ള , ഏതാണ്ട് 3500  ഇഷ്ട്ടപുസ്തകങ്ങളുടെ ‘കണ്ടന്റ് മുഴുവൻ ഉൾക്കൊള്ളിക്കാവുന്ന, ഒരു മാസത്തിലധികം ബാറ്ററി ലൈഫുള്ള ആമസോൺ കിൻഡലുമായാണ് നടപ്പ്...
ഏത് തിരക്കിലും - നിന്നും, ഇരുന്നും. കിടന്നുമൊക്കെ ഒറ്റകൈയ്യിൽ പിടിച്ച് വായിക്കാവുന്ന ആധുനിക പുസ്തകം...!

പത്ത് ബുക്കിന്റെ കാശുണ്ടെങ്കിൽ കൂടെ
കൊണ്ടുനടക്കാവുന്ന ഒരു ഗ്രന്ഥശാലയാണിത് ..!

സായിപ്പിനേ പോലെ പുസ്തകങ്ങളൊന്നും വായിക്കുന്നില്ലെങ്കിലും പലരുടേയും ഇത്തരം 'ഇലക്ട്രോണിക്  സ്റ്റഫു‘മായുള്ള വായനാ ‘പോസു ‘കൾ കണ്ട് , ഞങ്ങൾ മലയാളികളിവിടെ കോരിത്തരിച്ച് നോക്കിയിരിക്കാറുണ്ട് കേട്ടൊ...!

പ്രത്യേകിച്ച് സമ്മറിലൊക്കെ സ്വന്തം  ഉമ്മറം കാട്ടി , ബുക്കിൽ ലയിച്ചിരിക്കുന്ന അവരുടെയെല്ലാം ലാസ ലാവണ്യങ്ങൾ കണ്ട്..!

പിന്നെ നമ്മുടെ മലായാളി ‘വിക്കിപീഡിയ‘ ടീമും ഈ ജൂൺ 11 ന് അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം ചെയ്തിരിക്കുന്നു ...!
മലയാളത്തിലുള്ള പഴയ പല വിലപ്പെട്ട ഗ്രന്ഥങ്ങളും ഉൾക്കൊള്ളിച്ച്
മലയാളത്തിലെ പ്രഥമ ഡിജിറ്റൽ ഗ്രന്ഥശാലയുടെ ഒന്നാം ഘട്ടം പുറത്തിറക്കി ... !

ഇനി നമ്മളിൽ ആർക്കും തന്നെ,വായനയിൽ തല്പരരാണെങ്കിൽ  ലോകത്തിന്റെ
ഏത് ഭാഗത്തിരുന്നും മലയാള ക്ലാസ്സിക്കുകളിൽ മുങ്ങിതപ്പാം ..അല്ലേ.

നമ്മുടെയൊക്കെ ഒരു സൌഭാഗ്യം...!

പിന്നെയിപ്പോൾ മലയാള മാധ്യമങ്ങളൊന്നും നേരിട്ട് കിട്ടാത്ത , പ്രവാസികളടക്കം
കമ്പ്യൂട്ടറിന്റെ മുമ്പിൽ തപസ്സു ചെയ്യുന്നവരൊക്കെ  വായനയുടെ അസ്കിതയുണ്ടെങ്കിൽ ,
അതെല്ലാം തീർത്തുകൊണ്ടിരിക്കുന്നത് ഈ 
‘ഇ-വായന‘യിൽ കൂടിയാണല്ലോ...

വേണ്ടതും , അല്ലാത്തതുമായ ഇമ്മണി
സംഗതികളൊക്കെ നമ്മൾ  വായിച്ചു തള്ളുന്നുണ്ടെങ്കിലും...
അതിലൊക്കെ കാമ്പും , കഴമ്പുമുള്ളത് ഇത്തിരി മാത്രമാണെന്ന് നമ്മൾക്കൊക്കെ  അറിയാമെങ്കിലും  , വായന ജ്വരം കാരണം വേറെയൊന്നും ലഭ്യമല്ലാത്തിനാൽ അതെല്ലാം വായിക്കപ്പെടുന്നു

ദേ..
വായനാദിനത്തോടനുബന്ധിച്ച് മാതൃഭൂമി  പ്രസിദ്ധീകരിച്ച 
വായിക്കുന്നവർ വൃദ്ധരാകുന്നില്ല എന്ന മനോഹരമായ ലേഖനങ്ങൾ കൂടി  വായിക്കുകയും,കാണുകയും ,കേൾക്കുകയും  ചെയ്തു നോക്കു ...!

എന്തുണ്ടെങ്കിലും വായനയുടെ
വിജ്ഞാന തൃഷ്ണ  ശമിക്കില്ലാ എന്നറിയാമെങ്കിലും...
നല്ല വായനയുടെ നന്മക്ക് വേണ്ടി ഒരു കൊച്ച് സംഭാവനയായിട്ടാണ് ...
ഒരു മാസത്തിലിറങ്ങിയ ചിലതെല്ലാം  നുള്ളിപെറുക്കിയെടുത്ത്  വായനക്കാർക്ക്
വിളമ്പി കൊടുത്ത് ബിലാത്തി മലായാളിയുടെ  വായനശാലക്ക് , അതിന്റെ അധിപൻ
അലക്സ് ഭായ്, നാല് മാസം മുമ്പ് തുടക്കം കുറിച്ചത്...

ഇനി ആഴ്ച്ചതോറുമുള്ള നല്ല മലയാള ബ്ലോഗുകളുടെ ലിങ്കുകളുടെ സമുച്ചയവും ബിലാത്തി മലയാളിയിൽ അണിയിച്ചൊരുക്കികൊണ്ടിരിക്കുകയാണിപ്പോൾ....

ആയതിനാൽ വായിച്ചാൽ നന്നെന്ന് തോന്നുന്ന കൃതികൾ , നിങ്ങളോരോരുത്തരും ഞങ്ങൾക്ക് ഫോർവേർഡ് ചെയ്ത് , ഈ സംരംഭം
വിജയിപ്പിക്കുവാനും ,  ഒപ്പം നല്ല പുത്തൻ എഴുത്തുകാരെ മുഴുവൻ മറ്റുള്ളവർക്ക്
കൂടി പരിചയപ്പെടുത്തുവാനും വേണ്ടി ഏവരും തീർച്ചയായും സഹായിക്കുമല്ലോ... അല്ലേ.

പിന്നെ  B.B.C വീണ്ടും നമ്മൾ കേരളീയരുടെ ഓണവും , പുലിക്കളിയും  , വള്ളം
കളിയുമൊക്കെ വീണ്ടും കാണിച്ച് പ്രേക്ഷകരെ മുഴുവൻ കൊതിപ്പിച്ച് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ആരംഭം കുറിച്ചതും ഇതാ 'ഇവിടെ' ക്ലിക്കിയൊന്ന് കണ്ടു നോക്കൂ ....

ഓഫ് പീക് :-


 Cell phone GUNS have arrived!!
ഇനി ഒരു കള്ളനും പോലീസും കളി കണ്ടുനോക്കിയാലൊ...

മനുഷ്യൻ വേറൊരുവനെ ഭീക്ഷണിപ്പെടുത്തിയും, പറ്റിച്ചും ഉന്നതികളിൽ
എത്തിച്ചേരുന്ന ഏർപ്പാടുകൾ എന്ന് ആരംഭിച്ചുവോ ..
അന്ന് മുതൽക്ക് തുടക്കം കുറിച്ച സംഗതികളാണ്
ഈ കള്ളനും പോലീസും , കളികളും - കാര്യങ്ങളും...!

അതുകൊണ്ട് നവീനമായ പല ഉപകാരമുള്ള കണ്ടുപിടുത്തങ്ങളോടൊപ്പം തന്നെ അവയെ ദുരുപയോഗപ്പെടുത്താനും അതിസമർത്ഥമായി പരിശീലിപ്പിക്കപ്പെടുകയാണല്ലോ അവൻ...
ഒപ്പമുള്ള സഹജീവികളെ കീഴടക്കിയും , കീഴ്പ്പെടുത്തിയും തിന്മകളുടെ തനി ആൾസ്വരൂപമായി അവനെന്നും ഭൂലോകം മുഴുവൻ പറന്നുപറന്ന് നടക്കുകയാണല്ലോ ..അല്ലേ
ആയതിനാൽ അതീവ സുരക്ഷ വേണ്ടിടത്തൊക്കെ നമ്മുടെയൊക്കെ ഇന്നുപയോഗിച്ചുകൊണ്ടിരിക്കുന്ന പേനയും,വാച്ചും.മൊബൈലുമടക്കം പല നിത്യോപയോഗ സാധനങ്ങളും സുരക്ഷോദ്യോഗസ്ഥർക്ക് പരിശോധിക്കുവാൻ നമ്മളേവരും സഹകരിക്കേണ്ടത് , നമ്മുടെ കൂടെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഏവരും മനസ്സിലാക്കിയിരിക്കേണ്ടത് , ഈ കാലഘട്ടത്തിലെ നമ്മുടെ കടമ തന്നെയാണ് കേട്ടൊ... കൂട്ടരെ.

 ഉദാഹരണമായിട്ട് ഈ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ
സാധാ മൊബൈയിൽ ഫോണൂകളെ പോലെയുള്ള  , ഇത്തിരി ഭാരം
കൂടുതലുള്ള  .22 കാലിബറിൽ നാല് റൌണ്ട് വെടിവെക്കാവുന്ന ഈ ആധുനിക
കൊലയുപകരണം ഈയ്യിടെ ഇവിടെയുള്ള ഒരു എയർപോർട്ടിൽ വെച്ച് പിടിച്ചെടുത്തിട്ടുള്ളതാണ് ..!
   
എന്തൊക്കെ പറഞ്ഞാലും വെടി വെയ്ക്കാൻ 
അറിയുന്നവർ വെടി വെച്ചുകൊണ്ടേയിരിക്കും...
കൊള്ളാനും , പീഡിപ്പിക്കപ്പെടാനും , ചാവാനുമൊക്കെ നിയോഗിക്കപ്പെട്ടവർ ആയതിനൊക്കെ വിധേയമായി കൊണ്ടിരിക്കുകയും ചെയ്യും അല്ലേ...
അതൊക്കെയല്ലേ വിധിയുടെ വിളയാട്ടങ്ങൾ...!



Sunday 8 May 2011

രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ... !



പണ്ട് ചെറുപ്പകാലങ്ങളിൽ അമ്മൂമ്മയും
മറ്റും പറഞ്ഞുതന്നിട്ടുള്ള വീര പ്രണയ നായകന്മാരായ രാജാക്കന്മാരുടെയും,
കുമാരീ കുമാരന്മാരുടേയുമൊക്കെ കഥകൾ കേട്ട്, പലപ്പോഴും വിസ്മയത്തോടെ കോരിത്തരിച്ചിരുന്നിട്ടുണ്ടായിരുന്നു
ഞാൻ... 

ലണ്ടനിലും തൃശ്ശൂര്‍ പൂരം /തെക്കോട്ടിറക്കം !

പിന്നീട് വളരുന്തോറും... സുൽത്താന്റേയും, ചക്രവർത്തിയുടേയുമൊക്കെ മക്കളായ രാജകുമാരിമാർ നെയ്ത്തുകാരനേയും, വെറും പടയാളികളെയുമൊക്കെ സ്നേഹിച്ച് , പ്രണയസായൂജ്യമടയുന്ന പല പല കഥകളും വായിച്ചും, പിന്നീടതിന്റെ ദൃശ്യങ്ങൾ അഭ്രപാളികളിൽ കണ്ടും നിര്‍വൃതിയടഞ്ഞിട്ടുമുണ്ട്.

അന്നുകാലത്തെ ഇത്തരം കഥകളിലൊക്കെയുള്ള വെളുത്ത്
സുന്ദരനായ സ്വർണ്ണത്തലമുടിയുള്ള രാജകുമാരൻ...
പടയോട്ടത്തിന് ശേഷം വെറും സാധാരണക്കാരിയായ പ്രണയിനിയെ പരിണയിക്കുവാൻ പടയാളികളുമായി വെളുത്തകുതിരകളെ പൂട്ടിയ രഥത്തിലേറി പോകുന്ന ആ വർണ്ണക്കാഴ്ച്ചകൾ മനസ്സിന്റെ കോണിൽ മായാതെകിടന്നതിന്റെ, ഇമ്പമാർന്ന കാഴ്ച്ചകളുടെയൊക്കെ തനിയാവർത്തനങ്ങൾ നേരിട്ട് ലൈവ്വായി കാണാൻ പറ്റുമെന്ന് എന്റെയൊന്നും യാതൊരു ദിവാസ്വപ്നങ്ങളിൽ പോലും ഞാൻ കിനാവുകണ്ടിട്ടുണ്ടായിരുന്നില്ല...!

പക്ഷേ...
ഒരു പൂച്ചഭാഗ്യം പോലെ കുറച്ചുദിനം
മുമ്പ് അതും സാധിച്ചു..!
 നേരിട്ട് ക്ഷണിച്ചിട്ടല്ലെങ്കിലും, ലോകത്തിലെ ഏറ്റവും ചിലവുവന്ന ആഡംബര കല്ല്യാണമായ, ബ്രിട്ടന്റെ വില്ല്യം രാജകുമാരന്റെയും , വെറും സധാരണക്കാരിയായി ജനിച്ച് , പ്രണയിനിയായി ഇന്നവന്റെ ജീവിത സഖിയായി തീർന്ന കാതറിൻ എന്ന കേയ്റ്റ് മിഡിൽട്ടണിന്റേയും  കല്ല്യാണചടങ്ങുകളിൽ...
അയ്യായിരത്തിലൊരുവനായ  സുരക്ഷാ ഭടനായി എനിക്കും പങ്കെടുക്കുവാൻ ഭാഗ്യം സിദ്ധിച്ചതുകൊണ്ടാണിത് സാധിച്ചത് കേട്ടൊ.
എങ്ങിനെയാണൊന്ന് നേരിട്ടും ലൈവ്വായ്യും അന്നൊക്കെ കണ്ട നയന മനോഹരമായ ആ വർണ്ണക്കാഴ്ച്ചകൾ വിവരിക്കുക എന്നെനിക്കറിഞ്ഞുകൂടാ...?

മൂന്നാലുദിനം തനി ഒരു പൂരക്കാഴ്ച്ചകൾ തന്നെയായിരുന്നു ലണ്ടനിലും പരിസരത്തും ഏവരും ദർശിച്ചത്...!
ആനച്ചമയം,സാമ്പിൾ വെടിക്കെട്ട്, പന്തൽ, കുടമാറ്റം, തെക്കോട്ടിറക്കം, എക്സിബിഷൻ , തിരക്ക് എന്നിവയുടെയൊക്കെ ഒരു വേറെ വേർഷൻസ് തന്നെയായിരുന്നു അന്നിവിടെ നടമാടിയിരുന്നത് ...!
തനി ഒരു രാജകീയമായ പൂരം തന്നെ...!
അതെന്നെ..ഇത്...
ദി റോയൽ വെഡ്ഡിങ്ങ്... !
റോയൽ നേവി, റോയൽ ഹോസ്പിറ്റൽ, റോയൽ മെയിൽ,..,..,..എന്നിങ്ങനെ
റോയൽ ഫേമിലി വരെ ആകെ റോയൽ മയമാണിവിടെയെല്ലാം...
രാജ്യവാഴ്ച്ച ഇല്ലെങ്കിലും എല്ലാം രാജകീയം...!

നമ്മുടെയൊക്കെ രാഷ്ട്രപതിയുടെ പവ്വർ പോലെ , പാര്യമ്പര്യമായ അധികാരത്തിന്റെ ജന്മാവകാശം കിട്ടുന്ന റോയൽ ഫേമിലി മെമ്പേഴ്സ് തന്നെയാണ് ഇന്നും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഭൂസ്വത്തുക്കളുടേയും, കൊട്ടാര സമുച്ചയങ്ങളുടേയും അവകാശികൾ...

ഒരു ചെറിയ റോയൽറ്റി മാത്രം സ്വീകരിച്ച് കൊണ്ട് എല്ലാ സ്വത്തുവകകളും സ്വന്തം പ്രജകൾക്ക് വിട്ടുകൊടുത്ത രാജവംശം....
ആയതിന്റെ ആദരവ് ഇപ്പോഴും പ്രജകൾ അവർക്ക് നൽകിപ്പോരുന്നുമുണ്ട് കേട്ടൊ.
നികുതി കൊടുക്കുന്ന പ്രജകൾ മുഴുവനും മാസത്തിൽ പത്ത് പെൻസ് വീതം
ഇന്നും ഈ ബക്കിങ്ങാം പാലസിനേയും പരിവാരങ്ങളേയും കാത്ത് സംരക്ഷിക്കുവാൻ വേണ്ടി നികുതിപ്പണമായി കൊടുത്തുകൊണ്ടിരിക്കുന്നൂ..
അതിന് പകരം ജനങ്ങൾക്ക് ഹിതമല്ലാത്ത എന്തെങ്കിലും ഭരണക്കാരൊ , മറ്റൊ  പ്രവർത്തിച്ചാൽ അതിൽ ഈ രാജവംശത്തിന്റെ തലതൊട്ടപ്പന്മാർ  ഇടപെടുകയും ചെയ്യും...

                                                                                                                                        നമ്മുടെ നാട്ടിലെ മന്ത്രിപുംഗവന്മാരെ പോലെയൊന്നുമല്ല  ഈ  റോയൽ ഫേമിലിക്കാർ...
സ്വന്തം വരുമാനം ജോലിയിൽനിന്നോ, കച്ചവടത്തിൽ നിന്നോ സ്വയം സമ്പാധിച്ച് സ്വന്തം കാലിൽനിൽക്കുന്ന തനി തറവാടികൾ തന്നെയാണിവർ...!  ഈ കല്ല്യാണ ചെക്കനും പട്ടാളത്തിൽ ഉദ്യോഗം വഹിക്കുന്ന ഒരു പൈലറ്റാണ്...
അതെ .. ബ്രിട്ടനിലെ പുത്തൻ തലമുറയും,വരത്തന്മാരായ ഞങ്ങളുമൊക്കെ ആദ്യമായി കാണുന്ന മഹത്തായ ഒരു ദേശിയ ഉത്സവം തന്നെയായിരിന്നു ഈ റോയൽ വെഡ്ഡിങ്ങ്....!
 ബ്രിട്ടനടക്കം യൂറോപ്പിലെ നാനാഭാഗങ്ങളിൽ നിന്നും ഈരാജാകല്ല്യാണം നേരിട്ടുകാണാൻ ലണ്ടനിലെത്തിച്ചേർന്ന ലക്ഷകണക്കിനാളുകളെ ആനന്ദാനുഭൂതിയിൽ ആറാടിച്ച ഉത്സവമേളങ്ങളും , സ്ട്രീറ്റ് പാർട്ടികളും, പാട്ടും, ഡാൻസുമൊക്കെയായി അടിച്ചുപൊളിച്ച രാവുകളായിരുന്നു അവർക്കൊക്കെ ഈ ദിനങ്ങൾ...
മനസ്സിലെന്നും കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും മറക്കാത്ത നിറപകിട്ടാർന്ന ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത, കല്ല്യാണക്കാഴ്ച്ചകളാണ് ഈ ബിലാത്തിപട്ടണം സാക്ഷ്യം വഹിച്ചത്...!
കൂടാതെ പ്രത്യേകം ക്ഷണിതാക്കളായെത്തിയ ലോകത്തുള്ള സകലമാന രാജക്കന്മാരും, അവരുടെ പ്രഥമ റാണിമാരും, വെരി വെരി വി.ഐ.പി മാരുമൊക്കെയായി ലണ്ടൻ നിറഞ്ഞു കവിഞ്ഞ  ദിനങ്ങളായിരുന്നു വിവാഹതലേന്നിന്റെ അത്താഴൂട്ടുമുതൽ, കല്ല്യാണ പിറ്റേന്നിന്റെ ഗാർഡൻ പാർട്ടി വരേയുള്ള ഏർപ്പാടുകളിൽ കാണാൻ പറ്റിയത്...

പിന്നെ ഈ  കല്ല്യാണവിശേഷങ്ങൾ ഡീറ്റെയിലായിട്ടറിയുവാൻ ...
ദേ ഇവിടെ , നമ്മുടെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയും ,
ബ്രിട്ടീഷ് മലയാളിയിലെ പിക്ച്ചർ ഗാലറിയും ഉണ്ട് കേട്ടൊ.

കല്ല്യാണദിനം കൊട്ടാരത്തിൽ നിന്നും ഇടവക പള്ളിയായ വെസ്റ്റ്മിൻസ്റ്റർ അബിയിലേക്കുള്ള കെട്ട് കാണാൻ പോകുന്നവരുടെ ഘോഷയാത്രകളും ...
കോടികണക്കിന് വിലയുള്ള ആഡംബര കാറുകളിളേറിയുള്ള കെട്ടുകാഴ്ച്ചകളും...
ചുവന്ന പരവധാനി വിരിച്ചാ‍ദരിച്ച വിശിഷ്ട്ടാതിഥികളും...
കോറസും,കണ്ണഞ്ചിക്കുന്ന കല്ല്യാണചടങ്ങുകളും...
പിന്നീട് പെണ്ണുകെട്ടി കൊണ്ടുവരുന്ന പ്രൊസഷനിൽ  വെളുത്ത കുതിരകൾ വലിക്കുന്ന തേരിൽ മണവാളനും മണവാട്ടിയും...
പിന്നാലെ കറുത്ത കുതിരകളെ പൂട്ടിയ, പണ്ട്  ഭാരതത്തിൽ നിന്നും ക‌‌‌‌... കൊണ്ടുവന്ന രത്നാലങ്കാരിതമായ രഥത്തിൽ രാജ്ഞിയും,രാജാവും...
അതിനുപിന്നിൽ ബ്രൌൺ കുതിരകൾ നയിക്കുന്ന തേരിൽ വധുവിന്റെ കൂട്ടരും...,...,...
അതിന് പിറകെ കുതിരപട്ടാളവും, കാലാൾ പടയുമൊക്കെയായി കാണികളെയൊക്കെ 350 കൊല്ലം മുമ്പുണ്ടായിരുന്ന ഇത്തരം ചടങ്ങുകളിലെ,
പുന:രാവിഷ്കാരങ്ങളിലേക്ക് കൂട്ടികൊണ്ടുപോയിട്ടാണ് ഈ വമ്പൻ കല്ല്യാണം പൊടി പൊടിച്ചത് ...!


മുപ്പത് വർഷം മുമ്പ് നടന്ന ഡയാന രാജകുമാരിയുടേയും , ചാൾസ് രാജകുമാരന്റേയും കല്ല്യാണക്കച്ചേരിക്ക് ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ ദേശിയാഘോഷമായിരുന്നു അവരുടെ 28 കാരനായ സീമന്തപുത്രൻ വില്ല്യം രാജകുമാരന്റെ കഴിഞ്ഞ ഏപ്രിൽ 29 നു നടന്ന ഈ  വിവാഹ (ബിബിസിയുടെ കല്ല്യാണ കേസറ്റ് ) സന്നാഹങ്ങൾ...

അന്ന്  മുതൽ മെയ് 2- വരെ നീണ്ട് നിന്ന  നാല് അവധി ദിനങ്ങൾ മുഴുവനും,  നാലാൾ കൂടുന്നിടത്തൊക്കെ ബിലാത്തിക്കാർ ആഘോഷങ്ങളാക്കി മാറ്റി ...
യൂകെയിലെ  ഓരൊ തെരുവുകളും ഇവിടത്തെ,
ഇന്നും ഈ രാജകുടുംബത്തെ ആദരിച്ചുകൊണ്ടിരിക്കുന്ന
പ്രജകളെല്ലാം ചേർന്ന് എല്ലാംകൊണ്ടും ആർമാദിച്ചാഘോഷിച്ചാടിത്തിമർത്തു
എന്ന് പറഞ്ഞാൽ മതിയല്ലോ...

പോരാത്തതിന് അവസാന ദിവസത്തെ മെയ്  രണ്ടിന്റെയവധി ദിനത്തിന്
ബിൻലാദന്റെ മയ്യത്തും കൂടി കണ്ടപ്പോൾ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകുവാൻ
പിന്നെ ഇവിടത്തുകാർക്ക് വേറെന്ത് വേണം അല്ലേ...! !

ആനക്ക് പൂരം നന്നാവണമെന്നില്ലല്ലോ...അല്ലേ
അതെപോലെ ഞാനും ഒരു ഇന്ത്യക്കാരൻ കാണിയുടെ വേഷവിധാനത്തിൽ,
ചാരക്കുപ്പായമണിഞ്ഞ് സുരക്ഷാ ഭടനായി , തീയും പുകയും തെരഞ്ഞ്, ചില ഡൌട്ടുള്ള ആളോളെ വാച്ച് ചെയ്ത് , അൺ അറ്റ്ന്റഡ് ബാഗുകളുമ്മറ്റും നോക്കി,  കോളർ മൈക്കുപയോഗിച്ച്  കോഡുവാക്കുകളിലൂടെ ഇടക്കിടേ
കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട്...
കല്ല്യാണത്തലേന്ന് മുതൽ... ചിലയിടത്ത് നേരിട്ടും, തേരപാരാ
പലയിടത്തും സ്ഥാപിച്ചിട്ടുള്ള  ബിഗ് സ്ക്രീനുകൾ മുഖാന്തിരവും...
മനോഹരമായ കല്ല്യാണക്കാഴ്ച്ചകൾ  കണ്ട് , മണിക്കൂറിൽ കിട്ടുന്ന  പത്ത്
പൌണ്ടിന്റെ  വേതനങ്ങളിൽ എന്തൊക്കെ ചെയ്യണമെന്ന് കണക്കുകൂട്ടി നടക്കുംപ്പോഴുണ്ടഡാ...

ഹൈഡ് പാർക്കിലെ ബിഗ്സ്ക്രീനിൽ ...
കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നും പുതിയ
കേംബ്രിഡ്ജ് രാജകുമാരനായി തീർന്ന വില്ല്യം രാജകുമാരനും,
അവന്റെ ഡച്ചസായി തീർന്ന കേയ്റ്റേയും കൂടി ചുംബിച്ചു നിൽക്കുന്നരംഗം....!

കണ്ടുനിൽക്കുന്ന ഏവരും ഈ പ്രണയാവേശം കണ്ട് പരസ്പരം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞുനിൽക്കുന്നു...!
ഈ സന്തോഷം കണ്ട് അപ്പോൾ എന്റെ മുന്നിൽ, പാർട്നറൊന്നും ഇല്ലാതിരുന്ന  ഒരു കറമ്പത്തിപ്പെണ്ണ്  ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച്  ചുണ്ടുചുണ്ടോടൊട്ടിച്ച് ഒരു ജ്യാതി കിസ്സ്....!

ആദ്യമൊന്നെന്റെ കണ്ണ് ബൾബായെങ്കിലും ...
വെറുതെ കിട്ടിയാൽ ഒന്നും പാഴാക്കാത്തവനാണ് ഞാൻ...
അത് വേറെ കാര്യം..!

സത്യം പറയാമല്ലോ നാവും, ചുണ്ടും ഉപയോഗിച്ച് ഇത്ര മധുരമുള്ള
ഒരു  നീണ്ട ചുടുചുംബനം ഞാനിത് വരെ ആസ്വദിച്ചിട്ടില്ലായിരുന്നു...!

കറപ്പിന് ഏഴഴക് മാത്രമല്ല കേട്ടൊ ...
ഏഴ് സ്വാദുമുണ്ട്..!

എന്തിന് പറയാൻ ...അന്നത്തെ ഡ്യൂട്ടികഴിഞ്ഞ് ഒരു ഇന്ത്യൻ പബ്ബിൽ ശരീരത്തിൽ അധികം തുണിയൊന്നുമില്ലാതിരുന്ന,
ഈ കറുത്ത സുന്ദരിയുമായി കയറിയിറങ്ങിയപ്പോൾ അന്നത്തെ വേതനം സ്വാഹയായ വേദന മാത്രം ബാക്കിയായി...



ശേഷം ചിന്ത്യം...! 

ആന മുക്കണ് കണ്ട് അണ്ണാൻ മുക്കിയാൽ
ഇങ്ങനെയിരിക്കും അല്ലേ...

അല്ലാ...ഇനി ഇവളും എന്നെപ്പോലെ തന്നെ
ഒരു ചാരത്തി ആയിരിക്കുമോ  ?







ലേബൽ :-
നുക്കാഴ്ച്ചൾ.


Thursday 14 April 2011

ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum Mandanum Kantathum Kettathum...!

പുതിയ ജോലിയായ ചാരപ്പണിയുടെ ട്രെയിനിങ്ങ് കഴിഞ്ഞാൽ , പഴയതുപോലെ ബൂലോഗത്ത് സജീവമാകുവാൻ സാധിക്കുകയില്ലായെന്ന കാര്യം , ഓടുന്ന നായക്ക് ഒരു മുഴം മുന്നേ...എന്ന പോലെ ഇപ്പോഴുള്ള ഈ പണിതിരക്കുകളെ കുറിച്ച് ഞാൻ മൂന്നാലുമാസം മുമ്പേ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ...
എന്നാലും ബൂലോഗജ്വരം,  ഒരു ആഡിക്റ്റായി എന്റെയൊപ്പം കൂടിയത് കൊണ്ട് , എന്തെങ്കിലും കുത്തിക്കുറിച്ചില്ലെങ്കിൽ ഈ രോഗം വല്ലാതെ മൂർഛിച്ചുപോകും എന്നുള്ള കാരണം , വീണ്ടും ജസ്റ്റ് ഒന്ന് വന്ന് മിണ്ടി പോകുന്നുവെന്ന് മത്രം...!
ഇവിടെയിപ്പോൾ എഴുതിപ്പിടിപ്പിക്കുവൻ കണ്ടതും കേട്ടതുമായി നിരവധി സംഗതികൾ ഉണ്ടെങ്കിലും ഈ കുറച്ചുസമയത്തിനുള്ളിൽ എന്തെഴുതണമെന്നുള്ള കൺഫ്യൂഷനിലാണിപ്പോൾ ഞാൻ...


എന്നാൽ ബ്ലോഗേഴ്സ് മീറ്റിൽ നിന്നും ആരംഭിക്കാം അല്ലേ... ബൂലോകർക്കെല്ലാം ഏറ്റവും ആവേശമുണർത്തുന്ന കൂട്ടായ്മകളാണ് ബൂലോഗ സംഗമങ്ങൾ..!
പരസ്പരം കണ്ടും,കാണാതെയും അടുത്തറിഞ്ഞവർ നേരിട്ട് സൗഹൃദം പങ്കുവെക്കുമ്പോഴുണ്ടാകുന്ന ആ അനുഭൂതികളുടെ സൌഖ്യം  ഒന്ന് വേറെ തന്നെ ആണല്ലോ...
ഭൂലോകത്തിന്റെ നാ‍നാഭാഗത്ത് നിന്നുള്ള ബൂലോഗരുടെ ഇത്തരം കൂടിച്ചേരലുകൾ തന്നെയാണ് നമ്മുടെയെല്ലാം ഈ മിത്രക്കൂട്ടായ്മകളുടെ കെട്ടുറപ്പുകൾ കേട്ടൊ...
അതുകൊണ്ടൊക്കെ തന്നെ ഏതൊരു ബൂലോകമീറ്റുകളും വിജയിപ്പിക്കേണ്ടത് നമ്മുടെയൊക്കെ ചുമതല തന്നെയാണ്...!

കഴിഞ്ഞാഴ്ച്ച നാലഞ്ച് ദിവസം സഞ്ചാരപ്രിയനായ എനിക്ക് ജോലിസംബന്ധമായി ലണ്ടനുപുറത്തുള്ള നോർത്താപ്മ്ട്ടനിലും , ഹാർലോയിലും,വെസ്റ്റ് തെറോക്കിലുമൊക്കെയായി കറങ്ങിതിരിയേണ്ടിവന്നത് കൊണ്ട്,യാത്രകളെല്ലാം കഴിഞ്ഞ് വന്ന്,  മെയിൽ നോക്കിയപ്പോൾ , ഇൻ-ബോക്സിനുള്ളിൽ ന്നൂറ്റിപത്ത് ബൂലോക രചനായറിയിപ്പുകളാണ് വന്ന് കിടന്നിരുന്നത്....!

അതിൽ ഒരു ബൂലോഗമിത്രത്തിന്റെ ഏഴ് മെയിലോർമ്മപ്പെടുത്തലുകളാണ്
സ്വന്തം പേരിലും, ബ്ലോഗ്ഗിന്റെ പേരിലും എനിക്ക് കിട്ടിയിരുന്നത്...
വേറോരാളുടേത് വായിച്ചിട്ടഭിപ്രായം കുറിച്ചിട്ടും , ആയത് വീണ്ടും പുന:പ്രസിദ്ധീകരിച്ച് വീണ്ടും നമ്മുടെ സമയം പാഴപ്പിക്കുന്ന തരത്തിലുള്ളതും...
ഇതുപോലെ വെറും അഞ്ചുദിവസം കൊണ്ട് പത്തമ്പത് പേരുടെ ഒന്നും, രണ്ടും,മൂന്നുമോർമ്മപ്പെടുത്തലുകളായി ആകെ 110 മെയിലഭ്യാസങ്ങൾ...!

വെറും നാല് വരിയോ,മറ്റോ എഴുതിയിട്ട് നാലാളെ അറിയിച്ചിട്ട് അഭിപ്രായപ്പെട്ടി നിറക്കുന്ന ഈ നവീനമായ പരസ്യ പരിപാടി കൊള്ളാം അല്ലേ കൂട്ടരെ.....
വേറെ ചിലരൊക്കെ സ്വന്തം ഗ്രൂപ്പിലുള്ളവരെ മാത്രം മാനിക്കുന്നവരും , തിരക്കുകാരണം മറ്റുള്ളവരുടെ പോസ്റ്റ്കൾ വായിക്കാത്തവരും, പുതിയതായി സ്വന്തം പോസ്റ്റെഴുതുമ്പോൾ  മറ്റ് ബൂലോകർക്കെല്ലാം മെയിലറിയിപ്പ് കൊടുക്കുന്നതിന്...
തിരക്ക് ഒട്ടും ഭാവിക്കാത്തവരുമാണെന്നതും ഒരു പ്രത്യേകത തന്നെയാണ് കേട്ടൊ.

ഇ-എഴുത്തുകളിൽ പുതിയതായി രംഗപ്രവേശം നടത്തുന്നവരെ ...
നല്ലോണം ഇ-വായനക്കാരൊക്കെ അറിയുന്നതുവരെയൊക്കെ ...
ഈ പ്രമോഷൻ കൊള്ളാം...അല്ലേ.
പക്ഷേ ബൂലോഗത്തിൽ നന്നായി എസ്റ്റാബ്ലിഷ്  ചെയ്തവർ പോലും ഇതിന്റെ പിന്നാലെ പോകുന്നതെതുകൊണ്ടാണെന്നറിഞ്ഞ് കൂടാട്ടാ...


പോസ്റ്റെഴുതിയറിയിപ്പ് കൊടുത്തില്ലെങ്കിൽ, ആരുമത് വായിക്കില്ലെന്നും, അഭിപ്രായിക്കില്ലെന്നും തോന്നുന്നതുകൊണ്ടാണോ , പല തറവാടി ബ്ലോഗ്ഗേഴ്സടക്കം ഈ ‘മെയിലയക്കൽ എടവാട് ‘
ഒരു ശീലമാക്കിയിരിക്കുകയാണെന്ന് തോന്നുന്നു...
അവരെ സ്ഥിരം പിന്തുടരുന്നവരെ ,വായിച്ചഭിപ്രായം കുറിക്കുന്നവരെയെങ്കിലും ഇതിൽ നിന്നും ഒഴിവാക്കിയാൽ മെയിൽ വരുമ്പോഴുണ്ടാകുന്ന ‘മൊബൈൽ ഞെട്ടലുകലിൽ‘ നിന്നും ഒരു മോചനം കിട്ടിയേനെ...!
പിന്നെ ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ  ക്ഷണിതാക്കളായി കിട്ടുന്ന പോസ്റ്റുകൾ മാത്രം വായിക്കുന്ന പ്രവണതയിലേക്കും ഒതുങ്ങിയിട്ടുമുണ്ടെന്നുള്ളതും ഒരു വാസ്തവമാണ്...

എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത് അല്ലേ..?

വേറെയിപ്പോൾ ക്രിക്കറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ...
ഇന്ത്യ വീണ്ടും ക്രിക്കറ്റിൽ ലോകകപ്പെടുത്തപ്പോൾ ലണ്ടൻ തെരുവുകളിൽ മുഴുവൻ ട്രാഫിക് ബ്ലോക്കുണ്ടാക്കി മലയാളത്തനിമയോടെ ആടി തിമർത്ത ആരാധകരെ കുറിച്ച് പറയാമെന്ന് വെച്ചാലും  അതെല്ലാം പഴകിപ്പോയല്ലൊ... അല്ലേ.

ഇനിപ്പ്യോ തെരെഞ്ഞെടുപ്പിനേ പറ്റി പറയാമെന്ന് വെച്ചാൽ... ആ വോട്ടുകളും പെട്ടീലായി...
ഇനി പെട്ടി പൊട്ടിക്കുന്ന വരെ നമ്മുടെ സ്വന്തം പാർട്ടിയെ പുകഴ്ത്തിയും...
ശേഷം ജയിക്കുന്നവരെ പിന്താങ്ങിയും അവർക്ക് അഞ്ചുകൊല്ലം ‘സേവി’ക്കുവാൻ സുഖമമായി നിന്നുകൊടുക്കുകയും ചെയ്താൽ നമ്മുടെ ആ ഡ്യൂട്ടിയും തീർന്നു...!

പിന്നെ ഇപ്പോഴുള്ള ചാ(ജാ)രപ്പണിയെ
കുറിച്ച് പറയാനാണെങ്കിൽ  ഇമ്മണിയുണ്ട് ...
പക്ഷേ അതിനെകുറിച്ചൊന്നും പുറത്ത് പറയാൻ
പാടില്ല  എന്നതാണ് അതിന്റെ രഹസ്യ സ്വഭാവം...!
 സമദ് വക്കീലിനും യാത്രയയപ്പ്..!
പിന്നെ നമ്മുടെ ബിലാത്തിബൂലോഗനായ സമദ് വക്കീൽ ഇവിടത്തെ 'കോപ്പി'ലെ പണി വേണ്ടെന്ന് വെച്ച് നാട്ടിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കുപ്പായമണിയുവാൻ പോകുന്നതിന് മുമ്പ്...
ആ യാത്രയയപ്പിനോടനുബന്ധിച്ച് ഞങ്ങൾ നടത്തിയ ബിലാത്തിയിലെ പല മഹാന്മാരയവരുടേയും ശവകുടീരങ്ങൾ സന്ദർശിച്ചതിന്റെയൊക്കെ പകർപ്പാവകാശം സമദ്ഭായിക്ക് മാത്രമായി തീറെഴുതികൊടുത്തിരിക്കുന്നത് കൊണ്ട് അതിനെകുറിച്ചെഴുതാനും നിർവ്വാഹമില്ല...

ഡാ‍ർവിനും,ഷേക്സ്പിയറും, കാറൽ മാർക്സ്സുമൊക്കെ അന്തിയുറങ്ങുന്നയിടങ്ങളെ കുറിച്ച് സമദ് ഭായ് എഴുതികൊണ്ടിരിക്കുകയാണിപ്പോൾ...!
മുതലാളിത്ത രാഷ്ട്രത്തിലായതുകൊണ്ടാകാം മാർക്സിനേയും അദ്ദേഹത്തിന്റെ ഇസത്തേയും പറ്റി അത്ര വലിയ അറിവൊന്നുമില്ലാത്ത, ഇവിടത്തെ ഇളം തലമുറക്കാരൊക്കെ... മറ്റ് മഹാരഥന്മാരുടേത് പോലെ ഈ കല്ലറക്ക് വലിയ ടൂറിസ്റ്റ് പരിവേഷമൊന്നും കൊടുക്കാത്തകാരണം...
വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത്  ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !
ഇനിയുള്ളത്  ഒരു നോവെലെഴുതാൻ പറ്റിയ ഒറിജിനൽ കഥയാണ് ..!
ഒരു മലയാളി കുടുംബത്തിലെ ഒരു അമ്മയും കൊച്ചും ഇവിടെനിന്നും നാട്ടിൽ ലീവിന് പോയി തിരിച്ചുവന്നപ്പോൾ ...
സ്വന്തം ഭർത്താവിന്റെ അടുത്ത് പോകാതെ, അദ്ദേഹത്തിന്റെ ബിസിനെസ്സ് പാർട്ടണറുടെ കൂടെ പൊറുപ്പ് തുടങ്ങിയപ്പോൾ... സമവായത്തിന് ശ്രമിച്ച ഭർത്താവിന്, കൊച്ചിന്റെ ഡി.എൻ.എ. ടെസ്റ്റ്പേപ്പർ കാണിച്ച് , കൊച്ചിന്റെ പിതാവ് മറ്റേ പാർട്ട്നർ തന്നെയാണെന്ന് തെളിയിച്ച കഥയാണ് ഇവിടെ ഒരു മലയാളി പത്രത്തിലൂടെ മല്ലൂസ്സെല്ലാം ഏറെ വയിച്ച് രസിച്ച വാർത്ത കേട്ടൊ.

പകരം തൽക്കാലം വിരഹിയായ ഭർത്താവിന് വേണമെങ്കിൽ, മറ്റേ പാർട്ട്നറുടെ പഴയ ഭാര്യയുമായി പാർട്നർഷിപ്പ് കൂടാമെന്നാണ് ഇവിടത്തെ രീതി കേട്ടൊ.
എന്തായാലും നല്ല പത്രധർമ്മം അല്ലേ...
ഈ സുന്ദരിമരായ അമ്മമാരുടെയൊക്കെ ഓരോ കാര്യങ്ങളേ...!

അതേ സമയം ...
2001 പൌണ്ടിനുപകരം മാസ ശമ്പളം20001 പൌണ്ട് (15 ലക്ഷം രൂപ)തന്റെ എക്കൌണ്ടിൽ വന്ന ഒരു മലയാളി നേഴ്സ് സത്യസന്ധതയോടെ ആ പണം തന്റെ സ്ഥാപനത്തിലേക്ക് തിരികെ കൊടുത്തും മാതൃക  കാട്ടിയതും മല്ലൂസ്സിന് അഭിമാനിക്കാൻ വകയേകിയ മറ്റൊരു  വാർത്തയാണ് കേട്ടൊ.
അവസാനായിട്ട് പറയാനുള്ളത് ഇമ്മടെ വിഷൂനെ പറ്റിയാണ്... മലയാളികൾക്കൊക്കെ ഈ വെള്ളക്കാരുടെ നാട്ടിൽ വിഷുവൊരു പൊട്ടാത്ത പടക്കം പോലെയാണ്...!
എങ്കിലും കണിക്കൊന്നക്ക് പകരം എല്ലായിടത്തും ബഹുവർണ്ണപുഷ്പങ്ങൾ നിറഞ്ഞു നിൽക്കുന്ന ഉദ്യാനങ്ങളും,മലർവിടർന്ന് പഞ്ചവർണ്ണ കുടകളേപ്പോൽ പൂത്തുനിൽക്കുന്ന മരങ്ങളുമൊക്കെയായി വസന്തകലം ഉല്ലസിച്ചു നിൽക്കുന്നത് കാണുമ്പോഴുള്ള ആനന്ദാനുഭൂതികൾ വളരെ നിര്‍വൃതി  തരുന്ന സംഗതിയാണ് തന്നെയാണ് ...!
ഒപ്പം കണ്ണിനിമ്പമായ കാഴ്ച്ചകളായി കണികാണുവാൻ അല്പവസ്ത്രധാരികളും ...!
പിന്നെ ക്യൂ നിൽക്കതെ തന്നെ ഏത് പെട്ടിക്കടയിലും സുലഭമായി ലഭിക്കുന്ന മധുപാനിയങ്ങളും...!
എന്നെപ്പോലെയുള്ള ഒരു ശരാശരി മലയാളിക്ക് ഇത് തന്നെ ധാരാളം അല്ലേ ഒരു വിഷുക്കണിക്കും പിന്നീടുള്ളഗ്രൻ സദ്യയ്ക്കും...
അതെ...
ഇവിടെ വിഷു കഴിഞ്ഞ കൊല്ലത്തെ പോലെ തന്നെ ഇക്കൊല്ലവും...


“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“






ലേബൽ :-
ലവക .

Sunday 6 March 2011

ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!

ഇത്തവണ ഞാൻ പറയാൻ പോകുന്നത് ബ്രിട്ടീഷ് ബോർഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ (B.B.C ) നടത്തിയ ഒരു നീണ്ടയാത്രയുടെ, ഒരു കൊച്ച് അവലോകനമാണ്...
കറുത്ത പൊന്നിന്റെ ജന്മനാട്ടിൽ നിന്നും  ആരംഭിച്ച ആ മഹത്തായ സഞ്ചാരം അവസാനിക്കുന്നത് ചുവന്ന പൊന്ന് വിളയുന്ന നാട്ടിലാണ് ...!
ലിങ്കുകളിൽ നിന്നും ലിങ്കുകളിലേക്കുള്ള പ്രയാണവുമായി  നമുക്ക് തുടങ്ങാം അല്ലേ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിമനോഹരമായ കാഴ്ച്ചവട്ടങ്ങളാണ് ഇടക്കിടെയിപ്പോൾ  ബിബിസിയും , മറ്റു യൂറോപ്യൻ ചാനലുകാരും പല പല  ഡോക്യുമെന്ററികളിലൂടെ സമ്പ്രേഷണം നടത്തി ഇവിടത്തുകാരേയെല്ലാം ആമോദ ചിത്തരാക്കി കൊണ്ടിരിക്കുന്നത്...

നമ്മുടെ യൊക്കെ ,ഭക്ഷണവും (ഇവിടെ ക്ലിക്കിയാൽ Anthony Bourdain ന്റെ No Reservations-Kerala India 1:3 എന്ന വീഡിയോ കാണാം) രീതികളുമാണ് പടിഞ്ഞാറങ്കാരെയൊക്കെ പ്രഥമമായി കൊതിപ്പിക്കുകയും പിന്നീട് വെള്ളം കുടിപ്പിക്കുകയും  ചെയ്യുന്നതിപ്പോൾ...

ഇവിടത്തെ ചാനൽ 4 ന്റെ  ‘ഗോർഡെൻസ് ഗ്രേറ്റ് എസ്ക്കേപ്‘ എന്ന പരമ്പരയിലൂടെ നമ്മുടെ കള്ള് ഷാപ്പും -കറികളും, കരിമീൻ പിടുത്തവും, കള്ള് ചെത്തും , പോത്തോട്ടവും,... എല്ലാം അടങ്ങിയ ബ്രിട്ടീഷ് സെലിബിറിറ്റി ചെഫിന്റെ  ലീലാവിലാസങ്ങൾ ഇതാ ദാ..വിടെ..

നമ്മുടെയൊക്കെ പുരാതനമായുണ്ടായിരുന്ന കളിയാട്ടങ്ങളെ  കുറിച്ചും,
ആയോധന കലാമുറകളെ കുറിച്ചും, ആയുർവേദ ചിട്ടവട്ടങ്ങളേകുറിച്ചും ...
കൂടാതെ നമ്മുടെ വള്ളം കളി മുതൽ ആനയോട്ടം വരെയുള്ള കായിക മാമങ്കങ്ങളും...
ആനകളേയും , ചമയങ്ങളേയും, പൂരങ്ങളേയും മറ്റും ഉൾപ്പെടുത്തിയുള്ളവിനോദസഞ്ചാരപരിപാടികളുമൊക്കെ കാട്ടിതന്ന്...

മലരണിക്കാടുകളും, തെങ്ങുകളും, പുഴകളും, പാടങ്ങളും, കായലുകളും, മാമലകളും, 
കടൽത്തീരങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതി  ഭംഗിയേയും, മാറിമാറിവരുന്ന ആറു  കാലാവസ്ഥ ഋതുഭേദങ്ങളേയും മറ്റുമൊക്കെ നല്ലൊരു  ദൃശ്യവിരുന്നൊരുക്കി അവതാരകർ വാചാലരാകുമ്പോൾ...
 ‘കാറ്റെ‘ വള്ളം കളിക്കാർക്കൊപ്പം...
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, മലയാളികളായ ഞങ്ങളൊക്കെ...
ഈ മരം കോച്ചുന്ന ഏത് തണവിലും രോമാഞ്ചം വന്ന്  പുളകിതരായി തീരാറുണ്ട് കേട്ടൊ...

നാട്ടിലൊക്കെ ദൃശ്യമാധ്യമങ്ങളിലെ കാക്കതൊള്ളായിരം പരിപാടികളിൽ വശീകരിക്കപ്പെട്ടും, അടിമപ്പെട്ടും.. ഭൂരിപക്ഷം ആളുകളും സദാസമയവും ടെലിവിഷനുമുമ്പിൽ നിറമിഴികളായും, പൊട്ടിച്ചിരികളായും ഇരിക്കുമ്പോഴാകും...
പ്രവാസികളായ ,നമ്മളൊക്കെ വല്ല നാട്ടുവിശേഷങ്ങളറിയാൻ
ഒന്ന് ഫോൺ വിളിക്കുന്നത്....

അപ്പോൾ ഇവനേത് കൊത്താഴത്തുകാരനാടെയ്...
നമ്മുടെ കണ്ണീർ സീരിയലുകളുടേയും, കോമഡി കോപ്രാട്ടികളുടെയും കാഴ്ച്ച
മുടക്കുവാൻ എന്ന് സ്വയം പിറുപിറുത്തുകൊണ്ടാണ് ബന്ധുമിത്രാധികളൊക്കെ ഒന്ന്
വന്ന് ഫോണെടുക്കുക...!
ഒരാഴ്ച്ച മുമ്പ് വെറുതെ ഒരു പരീക്ഷണാർത്ഥം കൂട്ടുകാരുടെ മക്കളോടും,
ബന്ധുക്കളുടെ മക്കളൊടുമൊക്കെയായി ഞാനൊരഭിപ്രായ സർവ്വേ നടത്തിയപ്പോൾ
പാഠപുസ്തകം  കാണാപാഠം  പഠിച്ചതെല്ലാതെ ...
സിനിമാ / ക്രിക്കറ്റ് താരങ്ങളെയല്ലാതെ, നാട്ടിലുള്ള ഒരു സാംസ്കാരിക നായകരെയോ,സാഹിത്യകാരെയോ കുറിച്ചൊന്നും  ഇതിൽ പങ്കെടുത്ത  പിള്ളേർക്കൊന്നും ഒരു ചുക്കും അറിഞ്ഞ് കൂടാത്രേ...!

വെറും സിനിമാ / ക്രിക്കറ്റ് /സീരിയൽ /...ടീ.വി ജ്ഞാനം മാത്രമായി...,
മറ്റു പൊതുവിജ്ഞാനം ഒന്നുമില്ലാത്ത ഒരു തലമുറയാണൊ നമ്മുടെയിടയിൽ
അവിടെ വളർന്ന് വരുന്നതിപ്പോൾ ...?

അതേസമയം,  ഉദാഹരണമായി ...
ഇവിടെയുള്ള വിദ്യാർത്ഥി സമൂഹങ്ങളോടെല്ലാം ഇവിടത്തെ അദ്ധ്യാപകരെല്ലാം
ഒരു ഹോം വർക്കായി അവർക്കീയ്യിടെ കൊടുത്ത ഒരു വർക്ക്...എന്താണെന്നോ...
 കളരി യോദ്ധാക്കൾ v/s ‘കാറ്റെ’
കഴിഞ്ഞമാസം മുതൽ ബി.ബി.സി നടത്തിയിരുന്ന
‘ദി സ്പൈസ് ട്രയൽ ‘ എന്ന പരിപാടി സസൂഷ്മം വീക്ഷിച്ച്
അതിൽ നിന്നും നോട്ടുകൾ കുറിച്ചെടുക്കാനാണ് ...

എന്താണടപ്പാ... ഈ  ‘ദി സ്പൈസ് ട്രെയിൽ‘..?

ഈയ്യിടെ ഏറ്റവും കൂടുതൽ പ്രേഷകരാൽ വാഴ്ത്തപ്പെട്ട  The Spice Trail
എന്നപരിപാടി , ഓരോ മണിക്കൂർ വീതമുള്ള മൂന്ന് ഡോക്യുമെന്ററികളിലൂടെ...
 കുങ്കുമപ്പൂവ്വ്  വേർത്തിരിക്കൽ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ട്,  ഓരോ സുഗന്ധ ദ്രവ്യങ്ങളുടെ
ഈറ്റില്ലങ്ങളിൽ കൂടി ‘കാറ്റെ‘യെന്ന അവതാരക , ആ സ്പൈസിനെ പറ്റിയും..
അവിടങ്ങളിലുള്ള കാഴ്ച്ചകളെ കുറിച്ചും കാണിച്ച് തരുന്ന ഒരു നല്ല അറിവ് പകർന്നു
തരുന്ന പരിപാടിയാണ്...
നിർമ്മാതവും, സവിധായകനുമായ  പോൾ സാപിൻ /Paul Sapin
ചിത്രീകരിച്ച് വെച്ചിട്ടുള്ളത്....!

നല്ല മസാല മണത്തിനൊപ്പം, അതാതിടങ്ങളിലെ നാട്ടുകാരെ കുറിച്ചും ,
അവരുടെ ലോകത്തെ കുറിച്ചും, അതിലും ഉഗ്രൻ എരിവും പുളിയുമായി ...
കാറ്റെ  ഹംബിൾ / Kate Humble എന്ന അവതാരക
കറുത്ത സ്വർണ്ണത്തിന്റേയും (കുരുമുളക് / Pepper ),
ചുവന്ന സ്വർണ്ണത്തിന്റെയും (കുങ്കുമപൂവ്വ് / Saffron,
1 Kg വിന് ഏതാണ്ട് 3 ലക്ഷം രൂപ/ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ ദ്രവ്യം..! ) ഉറവിടങ്ങൾ കാണാനും,കാണിച്ചു തരുവാനും
വേണ്ടി നടത്തിയ ..ഒരു നവീനമായ  ഉലകം ചുറ്റും യാത്ര...!
 കുങ്കുമപ്പൂപ്പാടം...!
സുഗന്ധ ദ്രവ്യങ്ങളുടെ നാടായ നമ്മുടെ കേരളതീരത്ത് നിന്ന് ...
വാസ്ഗോഡി ഗാമ വന്നിറങ്ങിയ സ്ഥലത്തുനിന്നുമാണ് കാറ്റെ ,
തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നത് ...

ആനപ്പുറമേറിയും, കളരിപ്പയറ്റിന്റെ ചരിത്രം പറഞ്ഞും, ആയുർവേദത്തിന്റെ
മഹിമതൊട്ടറിഞ്ഞും, വള്ളം കളിയിൽ പങ്കെടുത്തും , കൊച്ചിയിലെ സുഗന്ധ വ്യാപാര വിപണിയിലേക്ക് നമ്മെ നയിച്ചും, നാട്ടടുക്കളകളിൽ നമ്മുടെ തനതയ  കറികളുടെ രുചിയറിഞ്ഞും...
കത്തിക്കയറിട്ട് ,  കാറ്റെ... നമ്മുടെയൊക്കെ നാടായ കറുത്തസ്വർണ്ണത്തിന്റെ ജന്മനാടിനെ  വാനോളം പുകഴ്ത്തിയ ശേഷമാണ് ...
കുരുമുളക് പുരാണത്തിലേക്ക് കടന്നുവരുന്നത്....
പിന്നെ കേരളത്തിലെ സുഗന്ധവിള കർഷകരെ ആത്മഹത്യയിലേക്ക്
നയിച്ച സംഭവങ്ങളും എടുത്ത് കാട്ടിയിട്ടുണ്ട്...!
 ശ്രീലങ്കയിലെ കറുവപട്ട ഉല്പാദിപ്പിക്കുന്ന’മുതലാളി’മാർക്കൊപ്പം..!
പിന്നീട്  കടൽ മാർഗ്ഗം കറുവപട്ടയുടെ( Cinnamon ) തറവാടായ
ശ്രീലങ്കയിലേക്കും, അവിടത്തെ സാംസ്കാരിക തനിമകളിലേക്കും...

ഒപ്പം ശ്രീലങ്കയിലെ വളരെയധികം യാതനകൾ അനുഭവിച്ച് കറുവപട്ട
വിളയിക്കുന്ന യഥാർത്ഥ കർഷകന് കിട്ടുന്നതിൽ നിന്നും , 2000 ഇരട്ടി വിലയിൽ ആയതിവിടെയൊക്കെ വാങ്ങുന്ന ഉപയോക്താവിനെ വരെ എടുത്ത് പറഞ്ഞ് ഇടനിലക്കാരുടെ ലാഭക്കൊയ്ത്തിനെ വരെ എടുത്തുകാട്ടി ചൂണ്ടിപ്പറഞ്ഞിരിക്കുന്നൂ...!

അതിനുശേഷം രണ്ടാമത്തെ എപ്പിസോഡിൽ ഇന്ത്യോനേഷ്യയിലെത്തി
അവിടെത്തെ അഗ്നിപർവ്വത ദ്വീപുകളിൽ പോയി ...
ഇന്ത്യോനേഷ്യയിലെ മലുക്ക് ദ്വീപിലെ സുഗന്ധനികൾക്കൊപ്പം...
ജാതിക്കായുടെയും (Nutmeg ) ഗ്രാമ്പൂവിന്റേയും (Cloves )
പുരാണങ്ങളും, ആ അതി മനോഹരമായ ദ്വീപുകളിലെ സുവർണ്ണ കാഴ്ച്ചകളും,
പിന്നീടാ നാട്ടിലെ വിശേഷങ്ങളുടേയും പൂരങ്ങൾ !

അവസാന എപ്പിസോഡിലെ ഒരു മണിക്കൂറിൽ സ്പെയിങ്കാരുടെ
മൊറോക്കോയിലെ അറ്റ്ലസ് പർവ്വതനിരകളുടെ താഴ്വരകളിൽ  കുങ്കുമപ്പൂവ്വ് ( Saffron)
വിളയിക്കുന്ന കുടുംബങ്ങളോടൊപ്പം...
ഒപ്പം കുങ്കുമപ്പൂവ്വിന്റെ ഉള്ളുകള്ളികളും കുങ്കുമ പൂവ്വ് വിളഞ്ഞുനിൽക്കുന്ന
അതിമനോഹരമായ പാടങ്ങളും, വിളവെടുപ്പും, വേർത്തിരിക്കലുകളും മറ്റും!

അവസാനം മെക്സിക്കോയിലെ പാപ്ലോന്തയിൽ വാനിലയുടെ ( Vanilla )
ജന്മദേശത്തിന്റെ കഥകളും , അവിടെ ജീവിക്കുന്നവരുടെ രീതികളും , പാട്ടും
ആട്ടവുമൊക്കെയായി ...അവസാനം മെക്സിക്കൻ രുചികളുമായി കൊട്ടിക്കലാശം ...!

പണ്ട് കാലത്ത് ലോകസഞ്ചരികളായിരുന്ന
മാർക്കോ പോളയും (Marco Polo ), കൊളംബസ്സും ( Columbus  ) ,
വാസ്കോഡാ ഗാമയും( Vasco da Gama ) മൊക്കെ  സഞ്ചരിച്ച വഴികളിലൂടെ ഒരു പുനർ യാത്ര...!

ആ പണ്ടത്തെ എമണ്ടൻ സഞ്ചാരികൾ നടത്തിയ
ചരിത്രയാത്രകളെ കൂടി ഇതിൽ സന്നിവേശിപ്പിച്ച്...
ഇന്നത്തെ ആ സ്ഥലങ്ങളും, നാട്ടുരീതികളും കണിച്ചു തന്ന്
അവിടങ്ങളിലുള്ള ഈ സുഗന്ധവിളകളുടെ വിളവെടുപ്പും, മറ്റും
നേരിട്ട് പോയി തൊട്ടറിഞ്ഞ യാത്രവിവരണങ്ങളും ചുറ്റുപാടുമുള്ള
എല്ലാ കാഴ്ച്ചവട്ടങ്ങളുമായുള്ള അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ള
വമ്പൻ സിനിമാപിടുത്തക്കാർക്ക് പോലും അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള
ചിത്രീകരണം കൊണ്ട് ബിബിസി യുടെ നിലയും, വിലയുമുള്ള ഒരു ജൈത്രയാത്ര
തന്നെയായിരുന്നു ഈ എപ്പിസോഡുകൾ...

അവർ തന്നെയാണ് മാധ്യമരംഗത്തെ അധിപർ എന്ന്
അടിവരയിട്ട് പറയിപ്പിക്കുന്ന വാർത്താ ചിത്രീകരണങ്ങൾ...!
അറ്റ്ലസിന്റെ താഴ്വരകളിൽ...
എന്നും ബി.ബി.സി യുടെ കിരീടത്തിൽ ചാർത്തിവെക്കാവുന്ന
സ്വർണ്ണതൂവലുകൾ തന്നെയാണ് കേട്ടൊ ഈ രുചിയും മണവുമുള്ള
മസാലക്കൂട്ടുകളുടെ  ചരിതങ്ങൾ....!

മൂന്നുമണിക്കൂറിന്റെ ഈ കാഴ്ച്ചവട്ടങ്ങളിൽ കൂടി മുന്നൂറ് ലേഖനങ്ങൾ
വായിച്ച് സ്വായത്തമാക്കാവുന്ന അറിവുകളാണ്, ബിബിസി  ഇതിലൂടെ
ആയതിന്റെ കാഴ്ച്ചക്കാർക്ക് നൽകിയെന്നാണ്  ഈ എപ്പിസോഡുകളെ
കുറിച്ച് മറ്റുമാധ്യമങ്ങൾ ഇവിടെ വിലയിരുത്തുന്നത് കേട്ടൊ .

വേറൊരു കാര്യം പറയാനുള്ളത് ...
മസാലക്കൂട്ടുകളുടെ (Spices) നാടായ കേരളത്തിൽ നിന്നും വന്ന
പെൺകൊടിമാരെയൊക്കെ ഇവിടെയുള്ളവരെല്ലാം  മസാലപ്പെൺക്കൊടിമാർ ( Spicy Girls )
എന്നാണ് വിളിക്കുന്നത്...
എന്താണാവോ...ഞങ്ങൾ അവിടെ നിന്നുള്ള ആണുങ്ങളെയൊന്നും
ഇവർ മസാലക്കുട്ടന്മാർ (Spicy Boys ) എന്നുവിളിക്കാത്തത് അല്ലേ..?

പിന്നെ ഇനിയും ഇതൊന്നും വീക്ഷിക്കാൻ പറ്റാത്തവർക്ക് വേണ്ടി ,കുറച്ചു ദിവസത്തേക്ക് കൂടി മാത്രം  ‘ബിബിസി‘യുടെ ‘ഐ പ്ലേയർ‘ മുഖാന്തിരം  ഈ മൂന്ന് എപ്പിസോഡുകളും ഇനിയും കാണാം കേട്ടൊ. നമ്മുടെ മല്ല്ലു ആംഗലേയ ബ്ലോഗർ, സുജിത്തിന്റെ ബ്ലോഗ്ഗിൽ കൊടുത്ത തഴെയുള്ള ലിങ്കുകളിൽ പോയാൽ  മതി..


(programme videos available online in the UK for a week or so, i guess)
Black Pepper and Cinnamon

The 2nd episode was this, on Nutmeg and Cloves.. This part explores the Spice islands of Maluku province in eastern Indonesia, only places where these 2 spices were available, among the 17,000 islands of Indonesia, and indeed in the whole world.http://www.bbc.co.uk/programmes/b00yzj5x

The 3rd episode, Vanilla and Saffron, takes you from Atlas mountains of Morocco to Spain, to trace the costliest spice in the world, and to Mexico, where Vanilla was born.
http://www.bbc.co.uk/programmes/b00z4j9d




ഇതിലെ  ഫോട്ടൊകൾക്കും മറ്റും കടപ്പട് B.B.C  യോട്.
കാറ്റെ ഹംബിളിനും,കൂട്ടർക്കും,ബിബിസിക്കും ഒരുപാട് നന്ദി.



ലേബൽ :-
വിജ്ഞാനം.



കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...