Sunday 6 March 2011

ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!

ഇത്തവണ ഞാൻ പറയാൻ പോകുന്നത് ബ്രിട്ടീഷ് ബോർഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ (B.B.C ) നടത്തിയ ഒരു നീണ്ടയാത്രയുടെ, ഒരു കൊച്ച് അവലോകനമാണ്...
കറുത്ത പൊന്നിന്റെ ജന്മനാട്ടിൽ നിന്നും  ആരംഭിച്ച ആ മഹത്തായ സഞ്ചാരം അവസാനിക്കുന്നത് ചുവന്ന പൊന്ന് വിളയുന്ന നാട്ടിലാണ് ...!
ലിങ്കുകളിൽ നിന്നും ലിങ്കുകളിലേക്കുള്ള പ്രയാണവുമായി  നമുക്ക് തുടങ്ങാം അല്ലേ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിമനോഹരമായ കാഴ്ച്ചവട്ടങ്ങളാണ് ഇടക്കിടെയിപ്പോൾ  ബിബിസിയും , മറ്റു യൂറോപ്യൻ ചാനലുകാരും പല പല  ഡോക്യുമെന്ററികളിലൂടെ സമ്പ്രേഷണം നടത്തി ഇവിടത്തുകാരേയെല്ലാം ആമോദ ചിത്തരാക്കി കൊണ്ടിരിക്കുന്നത്...

നമ്മുടെ യൊക്കെ ,ഭക്ഷണവും (ഇവിടെ ക്ലിക്കിയാൽ Anthony Bourdain ന്റെ No Reservations-Kerala India 1:3 എന്ന വീഡിയോ കാണാം) രീതികളുമാണ് പടിഞ്ഞാറങ്കാരെയൊക്കെ പ്രഥമമായി കൊതിപ്പിക്കുകയും പിന്നീട് വെള്ളം കുടിപ്പിക്കുകയും  ചെയ്യുന്നതിപ്പോൾ...

ഇവിടത്തെ ചാനൽ 4 ന്റെ  ‘ഗോർഡെൻസ് ഗ്രേറ്റ് എസ്ക്കേപ്‘ എന്ന പരമ്പരയിലൂടെ നമ്മുടെ കള്ള് ഷാപ്പും -കറികളും, കരിമീൻ പിടുത്തവും, കള്ള് ചെത്തും , പോത്തോട്ടവും,... എല്ലാം അടങ്ങിയ ബ്രിട്ടീഷ് സെലിബിറിറ്റി ചെഫിന്റെ  ലീലാവിലാസങ്ങൾ ഇതാ ദാ..വിടെ..

നമ്മുടെയൊക്കെ പുരാതനമായുണ്ടായിരുന്ന കളിയാട്ടങ്ങളെ  കുറിച്ചും,
ആയോധന കലാമുറകളെ കുറിച്ചും, ആയുർവേദ ചിട്ടവട്ടങ്ങളേകുറിച്ചും ...
കൂടാതെ നമ്മുടെ വള്ളം കളി മുതൽ ആനയോട്ടം വരെയുള്ള കായിക മാമങ്കങ്ങളും...
ആനകളേയും , ചമയങ്ങളേയും, പൂരങ്ങളേയും മറ്റും ഉൾപ്പെടുത്തിയുള്ളവിനോദസഞ്ചാരപരിപാടികളുമൊക്കെ കാട്ടിതന്ന്...

മലരണിക്കാടുകളും, തെങ്ങുകളും, പുഴകളും, പാടങ്ങളും, കായലുകളും, മാമലകളും, 
കടൽത്തീരങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതി  ഭംഗിയേയും, മാറിമാറിവരുന്ന ആറു  കാലാവസ്ഥ ഋതുഭേദങ്ങളേയും മറ്റുമൊക്കെ നല്ലൊരു  ദൃശ്യവിരുന്നൊരുക്കി അവതാരകർ വാചാലരാകുമ്പോൾ...
 ‘കാറ്റെ‘ വള്ളം കളിക്കാർക്കൊപ്പം...
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, മലയാളികളായ ഞങ്ങളൊക്കെ...
ഈ മരം കോച്ചുന്ന ഏത് തണവിലും രോമാഞ്ചം വന്ന്  പുളകിതരായി തീരാറുണ്ട് കേട്ടൊ...

നാട്ടിലൊക്കെ ദൃശ്യമാധ്യമങ്ങളിലെ കാക്കതൊള്ളായിരം പരിപാടികളിൽ വശീകരിക്കപ്പെട്ടും, അടിമപ്പെട്ടും.. ഭൂരിപക്ഷം ആളുകളും സദാസമയവും ടെലിവിഷനുമുമ്പിൽ നിറമിഴികളായും, പൊട്ടിച്ചിരികളായും ഇരിക്കുമ്പോഴാകും...
പ്രവാസികളായ ,നമ്മളൊക്കെ വല്ല നാട്ടുവിശേഷങ്ങളറിയാൻ
ഒന്ന് ഫോൺ വിളിക്കുന്നത്....

അപ്പോൾ ഇവനേത് കൊത്താഴത്തുകാരനാടെയ്...
നമ്മുടെ കണ്ണീർ സീരിയലുകളുടേയും, കോമഡി കോപ്രാട്ടികളുടെയും കാഴ്ച്ച
മുടക്കുവാൻ എന്ന് സ്വയം പിറുപിറുത്തുകൊണ്ടാണ് ബന്ധുമിത്രാധികളൊക്കെ ഒന്ന്
വന്ന് ഫോണെടുക്കുക...!
ഒരാഴ്ച്ച മുമ്പ് വെറുതെ ഒരു പരീക്ഷണാർത്ഥം കൂട്ടുകാരുടെ മക്കളോടും,
ബന്ധുക്കളുടെ മക്കളൊടുമൊക്കെയായി ഞാനൊരഭിപ്രായ സർവ്വേ നടത്തിയപ്പോൾ
പാഠപുസ്തകം  കാണാപാഠം  പഠിച്ചതെല്ലാതെ ...
സിനിമാ / ക്രിക്കറ്റ് താരങ്ങളെയല്ലാതെ, നാട്ടിലുള്ള ഒരു സാംസ്കാരിക നായകരെയോ,സാഹിത്യകാരെയോ കുറിച്ചൊന്നും  ഇതിൽ പങ്കെടുത്ത  പിള്ളേർക്കൊന്നും ഒരു ചുക്കും അറിഞ്ഞ് കൂടാത്രേ...!

വെറും സിനിമാ / ക്രിക്കറ്റ് /സീരിയൽ /...ടീ.വി ജ്ഞാനം മാത്രമായി...,
മറ്റു പൊതുവിജ്ഞാനം ഒന്നുമില്ലാത്ത ഒരു തലമുറയാണൊ നമ്മുടെയിടയിൽ
അവിടെ വളർന്ന് വരുന്നതിപ്പോൾ ...?

അതേസമയം,  ഉദാഹരണമായി ...
ഇവിടെയുള്ള വിദ്യാർത്ഥി സമൂഹങ്ങളോടെല്ലാം ഇവിടത്തെ അദ്ധ്യാപകരെല്ലാം
ഒരു ഹോം വർക്കായി അവർക്കീയ്യിടെ കൊടുത്ത ഒരു വർക്ക്...എന്താണെന്നോ...
 കളരി യോദ്ധാക്കൾ v/s ‘കാറ്റെ’
കഴിഞ്ഞമാസം മുതൽ ബി.ബി.സി നടത്തിയിരുന്ന
‘ദി സ്പൈസ് ട്രയൽ ‘ എന്ന പരിപാടി സസൂഷ്മം വീക്ഷിച്ച്
അതിൽ നിന്നും നോട്ടുകൾ കുറിച്ചെടുക്കാനാണ് ...

എന്താണടപ്പാ... ഈ  ‘ദി സ്പൈസ് ട്രെയിൽ‘..?

ഈയ്യിടെ ഏറ്റവും കൂടുതൽ പ്രേഷകരാൽ വാഴ്ത്തപ്പെട്ട  The Spice Trail
എന്നപരിപാടി , ഓരോ മണിക്കൂർ വീതമുള്ള മൂന്ന് ഡോക്യുമെന്ററികളിലൂടെ...
 കുങ്കുമപ്പൂവ്വ്  വേർത്തിരിക്കൽ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ട്,  ഓരോ സുഗന്ധ ദ്രവ്യങ്ങളുടെ
ഈറ്റില്ലങ്ങളിൽ കൂടി ‘കാറ്റെ‘യെന്ന അവതാരക , ആ സ്പൈസിനെ പറ്റിയും..
അവിടങ്ങളിലുള്ള കാഴ്ച്ചകളെ കുറിച്ചും കാണിച്ച് തരുന്ന ഒരു നല്ല അറിവ് പകർന്നു
തരുന്ന പരിപാടിയാണ്...
നിർമ്മാതവും, സവിധായകനുമായ  പോൾ സാപിൻ /Paul Sapin
ചിത്രീകരിച്ച് വെച്ചിട്ടുള്ളത്....!

നല്ല മസാല മണത്തിനൊപ്പം, അതാതിടങ്ങളിലെ നാട്ടുകാരെ കുറിച്ചും ,
അവരുടെ ലോകത്തെ കുറിച്ചും, അതിലും ഉഗ്രൻ എരിവും പുളിയുമായി ...
കാറ്റെ  ഹംബിൾ / Kate Humble എന്ന അവതാരക
കറുത്ത സ്വർണ്ണത്തിന്റേയും (കുരുമുളക് / Pepper ),
ചുവന്ന സ്വർണ്ണത്തിന്റെയും (കുങ്കുമപൂവ്വ് / Saffron,
1 Kg വിന് ഏതാണ്ട് 3 ലക്ഷം രൂപ/ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ ദ്രവ്യം..! ) ഉറവിടങ്ങൾ കാണാനും,കാണിച്ചു തരുവാനും
വേണ്ടി നടത്തിയ ..ഒരു നവീനമായ  ഉലകം ചുറ്റും യാത്ര...!
 കുങ്കുമപ്പൂപ്പാടം...!
സുഗന്ധ ദ്രവ്യങ്ങളുടെ നാടായ നമ്മുടെ കേരളതീരത്ത് നിന്ന് ...
വാസ്ഗോഡി ഗാമ വന്നിറങ്ങിയ സ്ഥലത്തുനിന്നുമാണ് കാറ്റെ ,
തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നത് ...

ആനപ്പുറമേറിയും, കളരിപ്പയറ്റിന്റെ ചരിത്രം പറഞ്ഞും, ആയുർവേദത്തിന്റെ
മഹിമതൊട്ടറിഞ്ഞും, വള്ളം കളിയിൽ പങ്കെടുത്തും , കൊച്ചിയിലെ സുഗന്ധ വ്യാപാര വിപണിയിലേക്ക് നമ്മെ നയിച്ചും, നാട്ടടുക്കളകളിൽ നമ്മുടെ തനതയ  കറികളുടെ രുചിയറിഞ്ഞും...
കത്തിക്കയറിട്ട് ,  കാറ്റെ... നമ്മുടെയൊക്കെ നാടായ കറുത്തസ്വർണ്ണത്തിന്റെ ജന്മനാടിനെ  വാനോളം പുകഴ്ത്തിയ ശേഷമാണ് ...
കുരുമുളക് പുരാണത്തിലേക്ക് കടന്നുവരുന്നത്....
പിന്നെ കേരളത്തിലെ സുഗന്ധവിള കർഷകരെ ആത്മഹത്യയിലേക്ക്
നയിച്ച സംഭവങ്ങളും എടുത്ത് കാട്ടിയിട്ടുണ്ട്...!
 ശ്രീലങ്കയിലെ കറുവപട്ട ഉല്പാദിപ്പിക്കുന്ന’മുതലാളി’മാർക്കൊപ്പം..!
പിന്നീട്  കടൽ മാർഗ്ഗം കറുവപട്ടയുടെ( Cinnamon ) തറവാടായ
ശ്രീലങ്കയിലേക്കും, അവിടത്തെ സാംസ്കാരിക തനിമകളിലേക്കും...

ഒപ്പം ശ്രീലങ്കയിലെ വളരെയധികം യാതനകൾ അനുഭവിച്ച് കറുവപട്ട
വിളയിക്കുന്ന യഥാർത്ഥ കർഷകന് കിട്ടുന്നതിൽ നിന്നും , 2000 ഇരട്ടി വിലയിൽ ആയതിവിടെയൊക്കെ വാങ്ങുന്ന ഉപയോക്താവിനെ വരെ എടുത്ത് പറഞ്ഞ് ഇടനിലക്കാരുടെ ലാഭക്കൊയ്ത്തിനെ വരെ എടുത്തുകാട്ടി ചൂണ്ടിപ്പറഞ്ഞിരിക്കുന്നൂ...!

അതിനുശേഷം രണ്ടാമത്തെ എപ്പിസോഡിൽ ഇന്ത്യോനേഷ്യയിലെത്തി
അവിടെത്തെ അഗ്നിപർവ്വത ദ്വീപുകളിൽ പോയി ...
ഇന്ത്യോനേഷ്യയിലെ മലുക്ക് ദ്വീപിലെ സുഗന്ധനികൾക്കൊപ്പം...
ജാതിക്കായുടെയും (Nutmeg ) ഗ്രാമ്പൂവിന്റേയും (Cloves )
പുരാണങ്ങളും, ആ അതി മനോഹരമായ ദ്വീപുകളിലെ സുവർണ്ണ കാഴ്ച്ചകളും,
പിന്നീടാ നാട്ടിലെ വിശേഷങ്ങളുടേയും പൂരങ്ങൾ !

അവസാന എപ്പിസോഡിലെ ഒരു മണിക്കൂറിൽ സ്പെയിങ്കാരുടെ
മൊറോക്കോയിലെ അറ്റ്ലസ് പർവ്വതനിരകളുടെ താഴ്വരകളിൽ  കുങ്കുമപ്പൂവ്വ് ( Saffron)
വിളയിക്കുന്ന കുടുംബങ്ങളോടൊപ്പം...
ഒപ്പം കുങ്കുമപ്പൂവ്വിന്റെ ഉള്ളുകള്ളികളും കുങ്കുമ പൂവ്വ് വിളഞ്ഞുനിൽക്കുന്ന
അതിമനോഹരമായ പാടങ്ങളും, വിളവെടുപ്പും, വേർത്തിരിക്കലുകളും മറ്റും!

അവസാനം മെക്സിക്കോയിലെ പാപ്ലോന്തയിൽ വാനിലയുടെ ( Vanilla )
ജന്മദേശത്തിന്റെ കഥകളും , അവിടെ ജീവിക്കുന്നവരുടെ രീതികളും , പാട്ടും
ആട്ടവുമൊക്കെയായി ...അവസാനം മെക്സിക്കൻ രുചികളുമായി കൊട്ടിക്കലാശം ...!

പണ്ട് കാലത്ത് ലോകസഞ്ചരികളായിരുന്ന
മാർക്കോ പോളയും (Marco Polo ), കൊളംബസ്സും ( Columbus  ) ,
വാസ്കോഡാ ഗാമയും( Vasco da Gama ) മൊക്കെ  സഞ്ചരിച്ച വഴികളിലൂടെ ഒരു പുനർ യാത്ര...!

ആ പണ്ടത്തെ എമണ്ടൻ സഞ്ചാരികൾ നടത്തിയ
ചരിത്രയാത്രകളെ കൂടി ഇതിൽ സന്നിവേശിപ്പിച്ച്...
ഇന്നത്തെ ആ സ്ഥലങ്ങളും, നാട്ടുരീതികളും കണിച്ചു തന്ന്
അവിടങ്ങളിലുള്ള ഈ സുഗന്ധവിളകളുടെ വിളവെടുപ്പും, മറ്റും
നേരിട്ട് പോയി തൊട്ടറിഞ്ഞ യാത്രവിവരണങ്ങളും ചുറ്റുപാടുമുള്ള
എല്ലാ കാഴ്ച്ചവട്ടങ്ങളുമായുള്ള അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ള
വമ്പൻ സിനിമാപിടുത്തക്കാർക്ക് പോലും അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള
ചിത്രീകരണം കൊണ്ട് ബിബിസി യുടെ നിലയും, വിലയുമുള്ള ഒരു ജൈത്രയാത്ര
തന്നെയായിരുന്നു ഈ എപ്പിസോഡുകൾ...

അവർ തന്നെയാണ് മാധ്യമരംഗത്തെ അധിപർ എന്ന്
അടിവരയിട്ട് പറയിപ്പിക്കുന്ന വാർത്താ ചിത്രീകരണങ്ങൾ...!
അറ്റ്ലസിന്റെ താഴ്വരകളിൽ...
എന്നും ബി.ബി.സി യുടെ കിരീടത്തിൽ ചാർത്തിവെക്കാവുന്ന
സ്വർണ്ണതൂവലുകൾ തന്നെയാണ് കേട്ടൊ ഈ രുചിയും മണവുമുള്ള
മസാലക്കൂട്ടുകളുടെ  ചരിതങ്ങൾ....!

മൂന്നുമണിക്കൂറിന്റെ ഈ കാഴ്ച്ചവട്ടങ്ങളിൽ കൂടി മുന്നൂറ് ലേഖനങ്ങൾ
വായിച്ച് സ്വായത്തമാക്കാവുന്ന അറിവുകളാണ്, ബിബിസി  ഇതിലൂടെ
ആയതിന്റെ കാഴ്ച്ചക്കാർക്ക് നൽകിയെന്നാണ്  ഈ എപ്പിസോഡുകളെ
കുറിച്ച് മറ്റുമാധ്യമങ്ങൾ ഇവിടെ വിലയിരുത്തുന്നത് കേട്ടൊ .

വേറൊരു കാര്യം പറയാനുള്ളത് ...
മസാലക്കൂട്ടുകളുടെ (Spices) നാടായ കേരളത്തിൽ നിന്നും വന്ന
പെൺകൊടിമാരെയൊക്കെ ഇവിടെയുള്ളവരെല്ലാം  മസാലപ്പെൺക്കൊടിമാർ ( Spicy Girls )
എന്നാണ് വിളിക്കുന്നത്...
എന്താണാവോ...ഞങ്ങൾ അവിടെ നിന്നുള്ള ആണുങ്ങളെയൊന്നും
ഇവർ മസാലക്കുട്ടന്മാർ (Spicy Boys ) എന്നുവിളിക്കാത്തത് അല്ലേ..?

പിന്നെ ഇനിയും ഇതൊന്നും വീക്ഷിക്കാൻ പറ്റാത്തവർക്ക് വേണ്ടി ,കുറച്ചു ദിവസത്തേക്ക് കൂടി മാത്രം  ‘ബിബിസി‘യുടെ ‘ഐ പ്ലേയർ‘ മുഖാന്തിരം  ഈ മൂന്ന് എപ്പിസോഡുകളും ഇനിയും കാണാം കേട്ടൊ. നമ്മുടെ മല്ല്ലു ആംഗലേയ ബ്ലോഗർ, സുജിത്തിന്റെ ബ്ലോഗ്ഗിൽ കൊടുത്ത തഴെയുള്ള ലിങ്കുകളിൽ പോയാൽ  മതി..


(programme videos available online in the UK for a week or so, i guess)
Black Pepper and Cinnamon

The 2nd episode was this, on Nutmeg and Cloves.. This part explores the Spice islands of Maluku province in eastern Indonesia, only places where these 2 spices were available, among the 17,000 islands of Indonesia, and indeed in the whole world.http://www.bbc.co.uk/programmes/b00yzj5x

The 3rd episode, Vanilla and Saffron, takes you from Atlas mountains of Morocco to Spain, to trace the costliest spice in the world, and to Mexico, where Vanilla was born.
http://www.bbc.co.uk/programmes/b00z4j9d




ഇതിലെ  ഫോട്ടൊകൾക്കും മറ്റും കടപ്പട് B.B.C  യോട്.
കാറ്റെ ഹംബിളിനും,കൂട്ടർക്കും,ബിബിസിക്കും ഒരുപാട് നന്ദി.



ലേബൽ :-
വിജ്ഞാനം.



Sunday 6 February 2011

വേലാണ്ടി ദിനം അഥവാ വാലന്റിയൻസ് ഡേയ് ...! / Velandi Dinam Athhava Valetine's Day ... !

അസ്സൽ ഒരു  പ്രണയത്തിന്റെ കഥയാണിത്  ...
സംഭവമിതിൽ കുറച്ച് ചരിത്രവും , ഏച്ചു കെട്ടലുമൊക്കെ
ഉണ്ടെങ്കിലും , ഈ സംഗതികൾ നല്ല ഉഷാറായി തന്നെ കേട്ടിരിക്കാവുന്നതാണ് ...

ചെറുപ്പകാലത്ത് ,എന്നോട്  ഇക്കഥ  പറഞ്ഞു
തന്നിട്ടുള്ളത് ഞങ്ങളുടെ  പ്രിയപ്പെട്ട  നാരണ വല്ല്യച്ഛനാണ് ...

പണ്ട് കൂട്ടുകാരെല്ലാം കിളിമാസ്, അമ്പസ്താനി,
പമ്പരം കൊത്ത് , കുഴിതപ്പി,..മുതലായ കളികളിലെല്ലാം
എന്നെ തോൽ‌പ്പിച്ച് തൊപ്പിയിടീക്കുമ്പോൾ അവരോടൊക്കെ
തല്ലുപിടിച്ച് ഏകനാവുമ്പോഴാണ്...
കൊതിപ്പിക്കുന്ന കഥകളുടെ ‘ടെല്ലറാ‘യ -  എഴുപതിന്റെ മികവിലും
വളരെ ഉല്ലാസ്സവാനായി ചാരു കസേരയിൽ വിശ്രമിച്ചിരുന്ന , ഈ വല്ല്യച്ഛന്റെ
ചാരത്ത് പല ചരിത്ര കഥകളും , മറ്റും കേൾക്കുവാനായി ഞാനെത്തിച്ചേരുക...

ഉപമകളും, ശ്ലോകങ്ങളുമൊക്കെയായി പല പല കഥകളും, കാവ്യങ്ങളും
ഞങ്ങൾക്കൊക്കെ അരുമയോടെ വിളമ്പി തന്ന് മനസ്സ് നിറച്ചുതന്നിരുന്ന ...

സ്വന്തം തറവാട് വീട്, ആദ്യമായി  ‘നെടുപുഴ പോലീസ് സ്റ്റേയ്ഷൻ‘ ഉണ്ടാക്കുവാൻ വാടകക്ക് കൊടുത്തിട്ട് , സ്വസ്ഥമായി അനിയന്റെ മോന്റെ വീട്ടിൽ കഴിഞ്ഞ് കൂടിയിരുന്ന ആ നരാണ വല്ല്യച്ഛന്റടുത്ത്...

അന്നൊക്കെ അല്ലറ ചില്ലറ ആവശ്യങ്ങൾക്ക് ,  പോലീസ് സ്റ്റേഷൻ
പൂകേണ്ടി വന്നാൽ തറവാട്ടിൽ പോയതാണെന്നാണ് എല്ലാവരും പറയുക...!

അതൊക്കെ പോട്ടെ...
നമുക്കിനി ഈ കഥയിലേക്ക് കടന്ന് ചെല്ലാം ..അല്ലേ

അതെ ...
ഇത് ഒരു അനശ്വര  പ്രണയത്തിന്റെ കഥയാണ് ...
ഒപ്പം കണിമംഗലം ദേശത്തിന്റേയും... ഞങ്ങൾ തയ്യിൽ വീട്ടുകാരുടേയും ...

പണ്ട് പണ്ട് വെള്ളക്കാരിവിടെ വന്നിട്ട് അധിനിവേശം നടത്തിയപ്പോൾ...
മലയാളക്കരയുടെ വടക്കേയറ്റത്ത് അങ്ക ചേകവന്മാരായി ജീവിച്ചു പോന്നിരുന്ന, കുല പരമായി   നെയ്ത്ത് തൊഴിലായിരുന്നവരുടെ   കുടുംബങ്ങൾ പട്ടിണിയിലായി തുടങ്ങി ...

എന്തായിരുന്നു ഇതിന് കാരണങ്ങൾ ..?

നല്ല നാടൻ സാധനങ്ങളെല്ലാം തിരസ്കരിച്ച് , കൊള്ളാത്ത ഫോറിൻ
സാധനങ്ങളിൽ ഭ്രമം തോന്നുന്ന ഇന്നത്തെ ഈ  എടവാടുകൾ അന്നു തൊട്ടേ...
നമ്മൾ മല്ലൂസ്സിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം...

അന്നത്തെ  ആളുകളെല്ലാം  ബിലാത്തിയിൽ നിന്നും കൊണ്ടുവരുന്ന  ഉടയാടകളിലേക്ക് ശരീരത്തെ പറിച്ച്  നട്ടപ്പോൾ , നാട്ടിൽ നെയ്യുന്ന തുണിത്തരങ്ങളൊക്കെ ആർക്കും വേണ്ടാതായി...!

അതോടൊപ്പം അന്നത്തെ  നാടുവാഴികളും , മറ്റും  ചേകവന്മാരെ
മുൻ നിറുത്തി അങ്കം വെട്ടിച്ച് , തീർപ്പ്  കൽ‌പ്പിച്ചിരുന്ന
സമ്പ്രദായങ്ങൾ  - വെള്ളക്കാരായ  പുതിയ ഭരണ കർത്താക്കൾ നിറുത്തൽ ചെയ്യിച്ചു...!


അങ്ങിനെ അഞ്ചാറ് തലമുറ മുമ്പ് ,
പതിനെട്ടാം നൂറ്റാണ്ടിന്റെ  കാലഘട്ടത്തിൽ...
മലായാള ദേശത്തിന്റെ വടക്കെയറ്റത്തുനിന്നും
കുറെ നെയ്ത്തുക്കാർ പട്ടിണിയും, പണിയില്ലായ്മയുമെല്ലാം കാരണം കെട്ട്യോളും, കുട്ട്യോളും ,ചട്ടിയും കലവുമൊക്കെയായി   മലബാറിന്റെ  തെക്കേ ദേശങ്ങളിലേക്ക് പാലായനം ചെയ്തു...


അതേസമയം ഇങ്ങ് തെക്ക്, തൃശ്ശിവപ്പേരൂരിൽ
 കൊച്ചി രാജാവിന്റെ പ്രതിനിധിയായി , പ്രതാപിയായ
ശക്തൻ തമ്പുരാൻ വരുന്നതിന് മുമ്പ്... , സമ്പൽ സമൃദ്ധമായ
ഈ രാജ്യം വാണിരുന്നത് കണിമംഗലം തമ്പുരാക്കന്മാരായിരുന്നു  !

രാജ്യത്തിന്റെ മുഴുവൻ  വരുമാനങ്ങളായ വടക്കുനാഥൻ
ദേവസ്സം വക സ്വത്തു വകകളും, മറ്റു ഭൂസ്വത്തുക്കളും , കണിമംഗലം
പാട ശേഖരങ്ങളും നോക്കി നടത്തിയിരുന്ന... കൊല്ലിനും , കൊലക്കും അധികാരമുണ്ടായിരുന്ന കണിമംഗലം തമ്പുരാക്കന്മാർ ... !

പിന്നീട് ശക്തൻ തമ്പുരാനോടൊപ്പം ...
സാക്ഷാൽ തൃശൂര്‍  പൂരം തുടങ്ങിവെച്ചവർ ... !

ഇപ്പോഴും തൃശൂർ പട്ടണത്തിന്റെ തെക്കുഭാഗത്തുള്ള കണിമംഗലത്തുകാരുടെ തിടമ്പേറ്റിയ ആന
തെക്കേ ഗോപുര വാതിൽ വഴി ആദ്യമായി വടക്കുനാഥൻ
അമ്പലത്തിൽ എത്തിച്ചേരുമ്പോൾ തന്നെയാണ് ...
ഇന്നും തൃശൂര്‍  പൂരം ആരംഭിക്കുക കേട്ടൊ... !

പിന്നെ ‘ഇന്ത്യൻ റെയിൽവേയ്സ്‘ ആരംഭിച്ചകാലാത്ത് ...
തൃശൂർ  ഭാഗത്ത് പാതക്ക് വേണ്ടി ഏറ്റവും കൂടൂതൽ ഭൂമി വിട്ടു
കൊടുത്തതിന്, അഞ്ചാം തമ്പുരാക്കന്മാർ ചോദിച്ച് വാങ്ങിയതാണേത്രെ ‘കണിമഗലം റെയിൽ വേയ് സ്റ്റേഷൻ ‘...

പിന്നീടാ കണിമംഗലം സ്റ്റേഷൻ ...
റെയിൽവേയുടെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോയെങ്കിലും,
പ്രതാപികളായ ഈ തമ്പുരാൻ വംശ പരമ്പര , കുറച്ച് ക്ഷയിച്ചിട്ടാണെങ്കിലും
ഇന്നും അവിടെ നില നിന്നു കൊണ്ടിരിക്കുന്നൂ...

നമ്മുടെ ഗെഡികളായ  രഞ്ജിത്ത്  ഭായിയും ,
ഷാജി കൈലാസുമൊക്കെ ചേർന്ന് നമ്മളെയൊക്കെ കോരിത്തരിപ്പിച്ച് അഭ്ര പാളികളിലെത്തിച്ച  ആ.. സിനിമയുണ്ടല്ലോ...

കണിമംഗലത്തെ ‘ആറാം തമ്പുരാൻ ...!

ആ ആറാം തമ്പുരാന്റെയൊക്കെ പിൻ മുറക്കാരായിരുന്നു ഈ തമ്പുരാക്കന്മാ‍ർ എന്നാണ് പറയപ്പെടുന്നത് ..

അന്നത്തെ ആ  തമ്പുരാക്കന്മാരൊക്കെ
തനി നരി-സിംഹങ്ങൾ തന്നെയായിരുന്നു ... !

അവരുടെയൊക്കെ  കുടിയാന്മാരും, അടിയന്മാരുമായി
അല്ലല്ലില്ലാതെ തന്നെ, നാട് താണ്ടി വന്ന ഞങ്ങളുടെയീ  കാരണവന്മാർക്ക്
അവിടെയൊക്കെ നങ്കൂരമിടാൻ പറ്റി...

തറിയും മറ്റും സ്ഥാപിച്ച്  , തുണി തയ്യൽ ചെയ്യുന്നതു
കാരണം... അവരെല്ലാം പിന്നീട് ‘തയ്യിൽക്കാർ ‘എന്നറിയപ്പെട്ടു...!

ഇവരിൽ നല്ല മെയ്‌ വഴക്കമുണ്ടായിരുന്ന
ആണുങ്ങളെയെല്ലാം പിന്നീട് ‘പാർട്ട് ടൈം‘ പണി ‘റെഡി‘ യാക്കി
ഈ നാടുവാഴികൾ പടയാളികളായും, ഗോപാലന്മാരയും നിയമിച്ചു...

എങ്കിലും എന്റെയൊക്കൊയെല്ലെ മുതു മുത്തശ്ശന്മാർ....!

ഇതിലൊരുത്തൻ...

‘വേലാണ്ടി‘ എന്ന് നാമധേയമുള്ളവൻ...

പശുക്കളേയും , കാളകളേയും പരിപാലിക്കുന്ന
പണികൾക്കിടയിൽ... ; അന്നത്തെ  ഗജപോക്കിരി തമ്പുരാക്കന്മാരുടെ ,
കുഞ്ഞി പെങ്ങളുമായി ‘ലൈൻ ഫിറ്റാ‘ക്കി - ഒരു ഉഗ്രൻ പ്രണയത്തിന് തുടക്കമിട്ടു...!

‘ വല്ലി‘ എന്ന് പേരുണ്ടായിരുന്ന ഈ കുഞ്ഞി തമ്പുരാട്ടി...

കിണ്ണങ്കാച്ചി ആകാര കാന്തിയുണ്ടായിരുന്ന വേലാണ്ട്യച്ചാച്ഛന്റെ...
'എയിറ്റ് പാക്ക് ബോഡി' കണ്ട് അതിൽ മയങ്ങിപ്പോയതാണെന്നും
ഒരു കിംവദന്തിയുണ്ടായിരുന്നു കേട്ടൊ.

എന്തിന് പറയാൻ കുളക്കടവ് ‘ഡേറ്റിങ്ങ് സെന്ററാ’ക്കിയിട്ടും ,
തൊഴുത്തിലെ പുൽക്കൂടുകൾ പട്ട് മെത്തയാക്കിയിട്ടുമൊക്കെ
അവർ , അവരുടെ പ്രണയാവേശം മുഴുവൻ ...
രണ്ടുപേരും കൂടി ആറി തണുപ്പിച്ചു...!

‘കോണ്ടവും, കോണ്ട്രാസെപ്റ്റീവു‘മൊന്നും
ഇല്ലാതിരുന്ന... പണ്ടത്തെ കാലമല്ലേ..അത്..

നാളുകൾക്ക് ശേഷം ...കുഞ്ഞി തമ്പുരാട്ടിയുടെ വയറ്റിലെ
വലുതായി വരുന്ന ഒരു മുഴ കണ്ട് ഏട്ടൻ തമ്പുരാക്കന്മാരും പരിവാരങ്ങളും
അന്ധാളിച്ചു...!

സംഭവം കൂലങ്കൂഷിതമായി അന്വേഷിച്ച് വന്നപ്പോഴാണ്
വയറ്റിലെ മുഴയുടെ കിടപ്പുവശം, മറ്റേ കിടപ്പ് വശമാണെന്ന് അവന്മാർക്കെല്ലാം പിടികിട്ടിയത്... !

എന്തിന് പറയാൻ ...
സംഭവത്തിന്റെ ഗുട്ടൻസ് അവരറിഞ്ഞതിന്റെ പിറ്റേന്നുണ്ട്ടാ‍ാ..

 തമ്പുരാൻ കുളം

വേലാണ്ടി മുത്തശ്ശൻ വടിയായിട്ട്
മൂപ്പാടത്തുണ്ടായിരിന്ന തമ്പുരാൻ കുളത്തിൽ കിടക്കുന്നൂ...!

വേലാണ്ടിയെ മൊതല പിടിച്ചു എന്ന ചൂട്
വാർത്ത കേട്ടാണ് കണിമംഗലത്തുകാർ അന്ന് ഉറക്കമുണർന്നത്...

പക്ഷേ അന്നുരാത്രി തന്നെ
വേലാണ്ടിയുടെ പ്രേതം ഉയർത്തെഴുനേറ്റ് ...
മൂപ്പിലാനെ കൊലപ്പെടുത്തിയ തമ്പുരാനേയും, കൂട്ടാളികളേയും
മുഴുവൻ  കഴുത്തിൽ നിന്നും ചോരകുടിച്ച് നാമാവശേഷരാക്കി പോലും...

അങ്ക ചേകവന്മാരായിരുന്നവരോടാണോ...
ഈ  കണിമംഗലം തമ്പുരാക്കന്മാരുടെ കളി... ? !

അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിന് വരെ,
ഈ പ്രേതത്തിന്റെ പൊടി പോലും കണ്ടു പിടിക്കുവാൻ കഴിഞ്ഞില്ലത്രേ...!

ആ വല്ലി തമ്പുരാട്ടി , പിന്നീട് കല്ല്യാണമൊന്നും കഴിക്കാതെ
ഈ വേലാണ്ടി മുത്തശ്ശന്റെ പ്രേതത്തെ ഉപവസിച്ച് , എല്ലാ കൊല്ലവും
കുംഭ മാസത്തെ അശ്വതി നാളിന്റന്ന് ... , തന്റെ പ്രണയ വല്ലഭൻ കൊല്ലപ്പെട്ട
ആ ദിനം അർച്ചനകൾ അർപ്പിക്കുവാൻ തന്റെ മോനെയും കൂട്ടി ആ കുളക്കരയിൽ എത്തും..!

അന്നേ ദിവസം  വേലാണ്ടി മുത്തശ്ശൻ...  ഒരു പൂതമായി വന്ന്
ആ പ്രണയ ബാഷ്പ്പാജ്ഞലികളെല്ലാം സ്വീകരിക്കും എന്നാണ് പറയപ്പെട്ടിരുന്നത്...

ആ ഇഷ്ട്ട പ്രാണേശ്വരിയുടെ കാല ശേഷം...
ഈ പൂതം  അന്നുമുതൽ ഇന്നുവരെ ഓരോ വീടുകൾ
തോറും  , തന്റെ പ്രണയിനിയെ തേടി കണിമംഗലം ദേശം
മുഴുവൻ... മകരമാസം അവസാനം മുതൽ കുംഭമാസത്തിലെ
അശ്വതി നാൾ വരെ , കരഞ്ഞ് കരഞ്ഞ് , തെരഞ്ഞങ്ങിനെ നടക്കും...

പിന്നീട് വന്ന തമ്പുരാക്കന്മാർ ,
അന്നത്തെ  പാപ പരിഹാരാർത്ഥം
ഈ വല്ലി തമ്പുരാട്ടിയുടെ  സ്മാരകമായി
പണി തീർത്തതാണെത്രെ  കണിമംഗലം
‘വല്ലിയാലയ്ക്കൽ ദേവീ ക്ഷേത്രം‘ ... !

അതായത് കണിമംഗലത്തിന്റെ
പ്രണയ കുടീരമായ താജ്മഹൽ..!

ഇന്നും എല്ലാ ഫെബ്രുവരി  മാസത്തിലെ പകുതിയിലും
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിൽ കൊല്ലം തോറും
നടക്കുന്ന കണിമംഗലം വല്ലിയാലയ്ക്കൽ ക്ഷേത്രത്തിലെ അശ്വതി
വേലയുടെ അന്ന്...
ആ വല്ലി തമ്പുരാട്ടിയും, പൂതമായി വരുന്ന വേലാണ്ടിയും
കണ്ടുമുട്ടും... ഇതിന്റെ സ്മരണയാണെത്രെ കണിമംഗലത്തെ
ഈ അശ്വതി വേലയും , അവിടെ അന്ന് നടമാടാറുള്ള പൂതം കളിയും....!

 പ്രണയവല്ലഭനാം പൂതം 

അഥവാ എല്ലാ കൊല്ലവും കണിമംഗലത്തുകാർ
ഫെബ്രുവരി മാസത്തിലെ മദ്ധ്യത്തിൽ കൊണ്ടാടാറുള്ള
ഈ  വേലാണ്ടി ദിനം...!

ആ അനശ്വര പ്രണയത്തിന്റെ ഓർമ പുതുക്കൽ ദിവസം...
നാട്ടുകാരൊക്കെ ആ ദിവസം പ്രണയത്തിൽ ആറാടുന്ന ദിനം...

ഇനിപ്പ്യോ ...
നിങ്ങള് വിശ്വസിച്ചാലും... ഇല്ലെങ്കിലും...
ഈ സംഭവത്തിന്  ഒരു പരിണാമ ഗുപ്തി  ഉണ്ടായിട്ടുണ്ട് കേട്ടൊ.

ഈ പ്രണയത്തിന്റെ ഉജ്ജ്വല
പ്രതീകമായ  വർണ്ണപ്പകിട്ടുകൾ കണ്ടിട്ടാണ് ...
മൂന്നു നൂറ്റാണ്ട് മുമ്പ് തൃശൂര്‍ ജില്ലയിൽ മരണം വരെയുണ്ടായിരുന്ന
ജർമ്മൻ വംശജനായ  - മലയാള-സംസ്കൃത -  പണ്ഡിതനായിരുന്ന
'അർണ്ണോസ് 'പാതിരിയുടെ പിൻഗാമികളായി പിന്നീടിവിടെ വന്ന പടിഞ്ഞാറൻ പാതിരികൾ...

അന്നിവിടെ നിന്നും  സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോൾ...
നമ്മുടെ വിലപ്പെട്ട ചില താളിയോല ഗ്രന്ഥങ്ങൾക്കൊപ്പം...
വേലാണ്ടി ദിനത്തിന്റെ ...
പരിഛേദനവും കൊണ്ടാണ്  തിരികെപ്പോയത്...!

 ഒരു ലണ്ടൻ വാലന്റിയൻസ് ദിനാഘോഷം...!

പിന്നീടവർ യൂറോപ്പിലെത്തിയപ്പോൾ ഈ  
‘വേലാണ്ടി ദിനത്തെ‘ ,  ഒരു യൂറോപ്പ്യൻ മിത്തുമായി കൂട്ടി യോജിപ്പിച്ച് ...

അധികം ഉത്സവങ്ങളൊന്നുമില്ലായിരുന്ന യൂറോപ്പിൽ...
മഞ്ഞുകാലം  തീരുന്ന സമയത്ത് ,  - ഫെബ്രുവരി 14- ന്  -,
അവരുടെ സ്നേഹത്തിന്റേയും , പ്രണയത്തിന്റേയും തല തൊട്ടപ്പനായിരുന്ന ഒരു പരിശുദ്ധ പിതാവായ ‘ബിഷപ് വാലന്റിയൻ‘ തിരുമേനിയുടെ പേരിൽ  പ്രണയത്തിന് വേണ്ടി ഒരു വൺ-ഡേയ് ആഘോഷം തുടങ്ങി വെച്ചത്....!

ദി വാലന്റിയൻ ഡേയ് ...‘ !


പിന്നെ വേറൊന്നുള്ളത്...
സാക്ഷാൽ പ്രണയത്തിൽ ‘ എം.ബി.എ  ‘
എടുത്ത നമ്മുടെ ശ്രീകൃഷ്ണേട്ടൻ , കാമദേവൻ
മുതൽ നള-ദമയന്തിമാർ വരെ - നമ്മുടെ പുരാണങ്ങളിലുണ്ട്...

പ്രണയത്തെ പറ്റി എല്ലാം  വാരിക്കോരി ‘പി.എച്.ഡി‘ യെടുത്ത പ്രൊ: വാത്സ്യയന മഹർഷിയും നമ്മുടെ ഇതിഹാസങ്ങളിലുണ്ട്...

പ്രണയ ചരിത്രത്തിൽ ഉന്നത സ്ഥാനങ്ങൾ
പിടിച്ചെടുത്ത  ഷാജഹൻ ഇക്കയും , മൂംതാസ് ബീവിയും,...,...,...
അങ്ങിനെയങ്ങിനെ എത്രയെത്ര പേർ നമ്മുടെയൊക്കെ പ്രണയത്തിന്റെയൊക്കെ താളുകളിൽ മറഞ്ഞിരിക്കുന്നു..! !



എന്നിട്ടും സായിപ്പ് വിളമ്പി തരുമ്പോഴാണല്ലോ
എല്ലാം നമ്മൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് തലയിലും,
ഒക്കത്തുമൊക്കെ കേറ്റി വെക്കുന്നത്... അല്ലേ


അതൊക്കെ ഉന്തുട്ട് തേങ്ങ്യാണെങ്കിലും...
ഞങ്ങൾ കണിമംഗലത്തുകാർക്ക്, ഈ  പ്രേമോപാസകരായിരുന്ന ...
അന്നത്തെ ചുള്ളനും , ചുള്ളത്തിയുമായിരുന്ന ആ മുതു മുത്തശ്ശനേയും , മുതു മുത്തശ്ശിയേയും മറക്കാൻ പറ്റുമോ... കൂട്ടരെ...?

കൊല്ലത്തിൽ ഒരു ദിവസത്തെ 'വേലാണ്ടി ദിന'ത്തിന്റന്നോ അഥവാ
ഇപ്പോൾ കൊണ്ടാടുന്ന ഈ 'വാലന്റിയൻസ് ഡേയ്ക്ക് 'മാത്രമോ പോരാ... ഈ പ്രേമം...
അല്ലെങ്കിൽ ഈ പ്രണയ കോപ്രാട്ടികളുടെ കാട്ടി കൂട്ടലുകൾ... അല്ലേ .

ഇമ്ക്കൊക്കെ എന്നുമെന്നും വേണമീ നറു പ്രണയം  .....
വലിച്ചാലും , കടിച്ചാലും പൊട്ടാത്ത മഹത്വായ പ്രണയം...!



പിന്നാം ഭാഗം :-

വീണ്ടും....
ബ്ലോഗനയിൽ അംഗീകാരം...!
നമ്മുടെ വേലാണ്ടി ദിനം ..ഈ ആഴ്ച്ചയിലെ  (Feb 20-26 )
മാതൃഭൂമിയിലെ ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ച്
വന്നിരിക്കുന്നു കേട്ടൊ
മാതൃഭൂമിയുടെ ബ്ലോഗന ടീമിന്  
ഒത്തിരിയൊത്തിരി നന്ദി....
.

Saturday 15 January 2011

ചില ലണ്ടൻ പുതുവത്സര ചിന്തകൾ ...! / Chila London Puthu Valsara Chinthakal...!

നവാനൂഭൂതികൾ വേണ്ടുവോളം നൽകിയ ശ്രദ്ധേയമായ അനേകം നവവത്സര ഇ-രചനകൾ വാ‍യിച്ചപ്പോൾ... ഇനി ബൂലോഗരെല്ലാം മലയാള ഭാഷയ്ക്കും, നമ്മുടെ സാംസ്കാരിക തനിമകൾക്കും ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭാഗം തന്നെയാണെന്ന് ഞാനടക്കം എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം തന്നെയാണല്ലോ...അല്ലേ.

ഒപ്പം നമുക്കെല്ലാം ചേർന്ന് , ഓരൊ തട്ടകത്തിലും നവമുകുളങ്ങളെപ്പോൽ ഉടലെടുക്കുന്ന പുതുപുത്തൻ ബൂലോഗരെയെല്ലാം തന്നാലാവുന്നവിധം പരസ്പരം പ്രോത്സാഹനങ്ങൾ നൽകി വളർത്തിയെടുത്താൽ...
ഇനിയുള്ള സമീപ ഭാവിയിൽ ബൂലോകത്തിനെ, ഭൂലോകത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാമെന്നുള്ളത്  ഒരു തീർച്ചയായ കാ‍ര്യമാണല്ലോ...!


പിന്നെ ഈ 'ബൂലോഗമാനിയ' എന്ന രോഗത്തിനടിമയായ ഈയ്യുള്ളവനെ
പുതുവർഷത്തിൽ, പുത്തൻ ... മുത്തൻ ലാത്തികളൊന്നും ബിലാത്തിയിലില്ലേ  മൂശ്ശേട്ടേ (മുരളിശ്ശേട്ടാ‍യ്)യെന്നുള്ള ചില മെയിലോർമ്മപ്പെടുത്തലുകളാണ്... എന്നെ  ഈ തിരക്കിനിടയിലും കയറില്ലാതെ ഇങ്ങോട്ട് കെട്ടിവലിച്ച് കൊണ്ട് വന്നിട്ടുള്ളത് കേട്ടൊ.
പൊട്ട്ണ്..പൊട്ട്ണ് എൻ മനം പൊട്ട്ണ്...
ഇപ്പൊട്ടല് ...കാണുമ്പോളൊരമിട്ട് പോലെ..!
എല്ലാതവണത്തേയും പോലെ തന്നെ ഈ മണ്ടൻ...
ലണ്ടനിൽ ഇക്കൊല്ലം കണ്ട പുതുവർഷക്കാഴ്ച്ചകൾ, കുറച്ച് പൊടിപ്പും
തൊങ്ങലും വെച്ച്... ഇത്തവണയും  വെച്ച് കാച്ചുന്നു എന്നുമാത്രം...

ഈ പുതുദശകത്തിലെ , ആദ്യ ചിന്തകൾ സ്വന്തം
കുടുംബത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ..
മൂന്നുമാസത്തെ ഹോസ്റ്റൽ വാസത്തിന് ശേഷം മകൾ
കുറച്ചവുധിക്ക് വേണ്ടി  വീട്ടിലെത്തിയപ്പോൾ മുതൽ; ഞാനും, പെണ്ണും ...
ഒരു ഇള്ളക്ടാവിനെ വീണ്ടും കണ്ടപോലെ വാദിച്ച് തന്നെ...
മോളൊരുത്തിയെ താലോലിച്ചുകൊണ്ടിരിക്കുകയായിരുന്നു...
ലണ്ടനിലൊരു മണ്ടനും തിരുകുടുംബവും പുതുവർഷരാവിൽ..!
ഇതിനോടൊപ്പം ഞങ്ങൾ, സകുടുംബം സ്നേഹത്തേരിലേറി മഞ്ഞണിഞ്ഞ രാവുകളിൽ ഹിമകണങ്ങളേറ്റ് , ഈ ബിലാത്തിപ്പട്ടണത്തിന്റെ ഒരിക്കലും ഉറക്കമില്ലാത്ത വീഥികളിൽ കൂടിയൊക്കെ സുഖമുള്ള സഞ്ചാരങ്ങൾ നടത്തിയുമൊക്കെയാണ്, ഇപ്രാവശ്യം പുതുവർഷത്തെ വരവേറ്റത് കേട്ടൊ...
നമ്മുടെ നാട്ടിലെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ആഘോഷങ്ങളോ,
ഒത്തുചേരലുകളോ ഇല്ലാത്തയിവർക്കൊക്കെ ‘ക്രിസ്റ്റ്മസ് കം ന്യൂയിയർ സെലിബെറേഷൻ‘ തന്നെയാണ് ഏറ്റവും വലിയ നാഷണൽ ഫെസ്റ്റിവെൽ...!

വേൾഡിലെ നമ്പർ വൺ ന്യൂയിയർ ഫെസ്റ്റിവെല്ലുകളിലൊന്നായ
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത , ഇത്തവണ ഇന്ത്യൻ പാട്ടും ഡൻസുമൊക്കെ
തിരുകി കയറ്റിയലണ്ടൻ ന്യൂയിയർ സെലിബിറേഷൻ “ (ഇവിടെ ക്ലിക്കി ഈ
മനോഹാരിത ഒന്ന്  കണ്ട് നോക്കൂ!)
കൺകുളിർക്കേ ഞങ്ങൾ ലൈവ്വായി കണ്ടതായിരുന്നു ഇതിൽ
ഏറ്റവും നല്ല ഇമ്പമാർന്ന കാഴ്ച്ച....!

ലോകത്തിലെ ഏറ്റവും പേര് കേട്ട... ആറ് , വീഥികളിൽ...
രണ്ടെണ്ണമുള്ളത്; ഈ ബിലാത്തിപട്ടണത്തിലാണല്ലോ....
ദി ഓക്സ്ഫോർഡ് സ്ട്രീറ്റ്  ഇൻ ലണ്ടൻ..!
ലണ്ടനിലെ  ഓക്സ്ഫോർഡ് സ്ട്രീറ്റും,  റീജന്റ് സ്ട്രീറ്റും !
ഭൂലോകത്തിൽ എന്തും ആദ്യമായി ‘ലോഞ്ചു‘ചെയ്യുന്നയിടങ്ങൾ ....

പുതുവർഷ രാവിൽ, ട്രെയിനുകളിലെല്ലാം പുലർകാലം വരെ
‘ഫ്രീട്രാവൽ‘ അനുവദിക്കുന്നതുമൂലം...
ഈ ലണ്ടൻ തെരുവുകളിലെല്ലാം...
പുത്തൻ ഫേഷൻ കലവറകളും, പുതുപുത്തൻ ആധുനിക സാധനങ്ങളുടെ
പ്രദർശനങ്ങളുമെല്ലാം  കണ്ട് ...
ഞങ്ങൾ സകുടുംബം... നിലാവത്തഴിച്ചിട്ട കോഴികളെപോലെ, വിസ്മയകാഴ്ച്ചകൾ
കണ്ട് കണ്ണ് മഞ്ഞളിച്ച് നടക്കുകയായിരുന്നു....!

മറ്റുള്ള നല്ല തുടുതുടുപ്പുള്ള വൈറ്റ്ല്ഗോൺ, ബ്ലേക്ക്മിനോർക്ക, റെഡൈലന്റ് മുതലുള്ള മേഞ്ഞുനടക്കുന്ന  പിടക്കോഴികളെ ഒട്ടും ഗൌനിക്കുന്നില്ല എന്ന ഭാവത്തോടെ തലയിലൊരു  ചുവന്ന തൊപ്പിയും വെച്ച്,  ഒരു നാടൻ  കോഴിച്ചാത്തനെ  പോലെ , വെറുതെ ചിക്കി മാന്തി തെരഞ്ഞ്  ഞാനും...!

ഇതിനിടയിൽ മകനാണ് ആളെ പറ്റിച്ചത്....
റിമോട്ടിന് പകരം, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന
ഒരു ഹെലികോപ്പ്ട്ടർ കളികോപ്പ് വേണമെന്ന് പറഞ്ഞ്  കോപ്രായം...
അവന്റമ്മക്കതിന്റെ വിലകേട്ടപ്പോൾ  ആ വാശി നടക്കില്ലെന്ന കട്ടായം....

ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!

ഏതായാലും അനിയന്റിഷ്ട്ടം തന്നെ നടക്കട്ടെയെന്ന്  ചേച്ചീടെ പിന്തുണ...
മൂന്നാല് കുപ്പി കള്ളിന്റെ കാശെല്ലേ...
പോട്ടേന്ന് ... ഈ ഞാനും...!
ലണ്ടൻ ന്യൂയിയർ സെലിബിറേഷൻ ഇൻ റീജന്റ് സ്ട്രീറ്റ്.!
പണ്ട് എന്റെ പെണ്ണിന്റെ അമ്മാനച്ഛൻ, ഞങ്ങൾ
നാല് മക്കളെയും കൊണ്ട് പൂരത്തിന് പോയപ്പോൾ കുഞ്ഞനുജത്തിക്ക്
ഒരു പ്ലാസ്റ്റിക് തത്തമ്മയെ വാങ്ങികൊടുക്കുന്നത് കണ്ടിട്ട് ...
കേയ്പ്പിട്ട് വെടിപൊട്ടിക്കുന്ന ഒരു കളി തോക്കിന് വേണ്ടി ഞാൻ
വാശിപിടിച്ചപ്പോൾ കിട്ടിയ കിഴ്ക്കിന്റെ വേദന..!

അന്ന് പിന്നീട് അച്ഛൻ വീട്ടിൽ വന്നശേഷം... അവരുടെയെല്ലാം ചെറുബാല്യത്തിൽ
അവരെട്ടുമക്കൾ അനുഭവിച്ചിരുന്ന ഉടുതുണി പോലുമില്ലാത്ത...
പട്ടിണി കിടന്നിരുന്ന ആ കാലത്തെ കുറിച്ച് ...
അനിയത്തികുട്ടിക്ക് വേണ്ടി കളിക്കോപ്പ് ത്യജിക്കേണ്ടി വന്ന ഈ ചേട്ടൻ കാരണവരുടെ
ത്യാഗം ചെയ്യലിനെ പറ്റിയുമൊക്കെ പറഞ്ഞ് കേട്ടപ്പോഴൊക്കെയാണ്...
ഈയൊരുത്തന് കിട്ടിയ ആ കിഴിക്കിന്റെ വേദനയും..സങ്കടവുമൊക്കെയൊന്ന് തീർന്നുകിട്ടിയത്...!

ഇനി എന്റെ മക്കളും അവരുടെ കുട്ടിയോടും ഈ
‘സൈക്കിളിക് കഥ ‘ പറഞ്ഞുകൊടുക്കുമായിരിക്കും അല്ലേ....

എട്ട് പോയി നാ‍ലായി, നാല് പോയി രണ്ടായി , രണ്ട് പോയി...
ഇനി അടുത്ത ‘ജെനെറേഷനിൽ‘ കുട്ടികളെ  ഒക്കെ
ഇവർ ഉണ്ടാക്കുമോ ..എന്ന് കണ്ടറിയേണ്ടി വരും...!

ഇത്രേം നല്ല്ലൊരു കുടുംബനാഥനായി ഞാൻ മാറിയതിന് പിന്നിൽ
പുതുവർഷത്തിന് ഞാനെടുത്തൊരു കുഞ്ഞ് ‘റെസല്യൂഷ‘നുണ്ട് കേട്ടൊ...!

ചാര ട്രെയിനിങ്ങിന്റെ ക്ലാസ്സിനൊക്കെ പോയിരുന്നപ്പോൾ
കണ്ണിന് പണ്ടത്തെപ്പോലെ ക്ലച്ച് പിടിക്കുന്നില്ല....?

അങ്ങിനെയാണ് അടുത്തുള്ള ‘നീൽഗോർഡൻ ക്ലീനിക്കിൽ‘ പോയി
‘ഒപ്ടിഷ്യനെ‘ കാണാൻ അപ്പോയ്മെന്റ് എടുത്തത്...

ഡോക്ടറൊരുത്തി ലോകസുന്ദരിമരുടെ നാടായ,  ഇറാനിൽ നിന്നുള്ളവൾ...!
പേപ്പർ വർക്സും,ചോദ്യങ്ങളും കഴിഞ്ഞ ശേഷം...

ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുടേയുംകണ്ണുകൾക്കിടയിൽ ഒരു കുന്ത്രാണ്ടം
വെച്ച്, മുഖം മുഖത്തോടടുപ്പിച്ചു ശരിക്കും കിസ്സ് ചെയ്യുന്ന സ്റ്റൈലിൽ...
ഒരു കാമസൂത്ര പോസിൽ നിന്ന് ...
രണ്ടുകണ്ണുകൾ ‘എക്സാം‘ ചെയ്തപ്പോഴേക്കും ...
എന്റെ ശരീരത്തിൽ ചിലഭാഗങ്ങളിലും ‘എക്സ്റ്റെൻഷൻ‘ വന്ന് തുടങ്ങി...!
പോരാത്തതിന് അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന സ്പ്രേയുടെ
മാദകമുണർത്തുന്ന ഗന്ധവും, ആ‍ ഇരുട്ടാക്കിയ മുറിയും..!

പോരെ പൂരം
പിന്നീടുള്ള ലെൻസുവെച്ചുള്ള വായനയിൽ..അവളുടെ ചോദ്യങ്ങൾക്ക് ഒരക്ഷരവും എനിക്ക് കാണാനും ,പറയാനും പറ്റിയില്ല
ആകെ പറഞ്ഞത്
“യു ആർ.. സോ..സെക്സി “ !
എന്നുമാത്രം...
അന്നത്തെ പരിശോധന പിറ്റേന്നേക്കു കൂടി നീട്ടി...
എന്തിന് പറയാൻ മൂന്നാ‍ലുപരിശോധനകൾ കൊണ്ട് എന്റെ ‘ഫ്രെന്റായി‘ തീർന്ന ഈ
‘സിംഗിൾ പാരന്റായ‘  ഇറാനിച്ചി പാത്തികിരി ,  കണ്ണട പുത്തനൊന്ന് എനിക്ക് ഫിറ്റ് ചെയ്ത് തരുന്നതിനിടയിൽ...
’ ബൈഫോക്കലാണ്, ഫൈബറാണ് ,തേങ്ങ്യാണ്,മാങ്ങ്യാണൊന്നൊക്കെ പറഞ്ഞ് ‘എന്റെ കാർഡിലെ പരമാവുധി കാശ്, അവരുടെ എക്കൌണ്ടിലാക്കി ..ട്ടാ..

ശേഷം പിന്നീടൊരുരാവിൽ ലീഡ്സിൽ നിന്നും,
മാജിക്കവതരണം കഴിഞ്ഞ് വരുമ്പോഴുണ്ട്ഡാ...
ഇറാനി ബിരിയാണി കഴിക്കാൻ ഒരു  ക്ഷണം..

രോഗിയും, വൈദ്യരും ഇച്ഛിച്ചതും ‘പാല്‘ തന്നെ ...!

പിന്നെ ആണായാൽ...
നാലടുക്കള കാണണമെന്നും പറയുമല്ലോ
ഒപ്പം ഇമ്ടെ പോയ കാശും, മൊതലാക്കണമല്ലോ...അല്ലേ !

മൂന്നാലിസം കഴിഞ്ഞ്, ഈ ഇറാനി ബിരിയാണിയുടെ ‘റെസിപ്പി ‘
കിട്ടിയത്കൊണ്ട്, വീട്ടിൽ വെച്ച് ഭാര്യക്കൊപ്പം അതുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ...
ഞാനിതെവെടെന്നൊപ്പിച്ചൂ ...എന്ന് , അവൾക്കൊരു ഡൌട്ട്...?

“കണ്ണുകാണീക്കുവാൻ പോയീട്ടെൻ കീശയോട്ടയായി..
കണ്ണിനിമ്പമായ് തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി..!
കണ്ണന്റെ പേരുള്ളയെന്നെനീ ശപിക്കല്ലേ പെണ്ണേ, നിൻ
കണ്ണായ ഞാനിനി പോകില്ലയൊട്ടുമാവിഭവം കഴിക്കുവാൻ...“


എന്തിനാ നമ്മളായിട്ട് കുടുംബകലഹം ഉണ്ടാക്കുന്നത് അല്ലേ..

അപ്പോൾ തന്നെ ഞാനവളുടെ മുമ്പിൽ വെച്ച് പ്രതിജ്ഞയെടുത്തു...

ഇക്കൊല്ലം ഇനി പുതിയ പാചകരീതികൾ ടേയ്സ്റ്റ് ചെയ്യാനോ...
പിന്നീടത് പരീക്ഷിക്കാനോ, ഇനിമുതൽ പോകില്ലയെന്ന് പറഞ്ഞ് ..

സത്യം..സത്യം..സത്യം..!

ഈ റെസ്ലൂഷനൊക്കെയെടുത്തിട്ടും, ആ ഇറാനിച്ചിയുടെ മണങ്ങട്...
മൂക്കീന്ന് പോണില്ലാന്ന്..!
ഇനിപ്പ്യു ന്തുട്ടാ.. ചെയ്യാ ല്ലെ..?


ഇനിത്തിരി കാര്യത്തിലേക്ക് പോയാലോ...
സംഗതികൾ വിവരം ചോർത്തുന്ന ചാരന്മാരെ കുറിച്ചാണ് കേട്ടൊ


ഇലക്ട്രോണിക് സ്കാനർ പെൻസ്..!
ചാരപ്പണിയിലെ ട്രെയിനിങ്ങ് ക്ലാസ്സിൽ വെച്ച്  മനസ്സിലാക്കിയ
ഇലക്ട്രോണിക് പിക്പോക്കറ്റിങ്ങിനെ കുറിച്ച്..
നിങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ട  ഒരു യാഥാർത്ഥ്യം..!

യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,മൊബൈൽ ഫോൺ ഡാറ്റകൾ ,...
എന്നിവയെല്ലാം നമ്മൊളൊന്നു പോയി മുട്ടിയാൽ, തലോടിയാൽ, പരിശോധിച്ചാൽ നമ്മുക്കൊപ്പിയെടുക്കാവുന്ന മൊബൈയിൽ തരത്തിലുള്ള ഡിവൈസുകളുമായിട്ടാന് (R F I D)  വിവരസാങ്കേതികവിദ്യയുടെ പുത്തൻ വിവരം ചോർത്തലുകൾ കേട്ടൊ.

കടുകട്ടി സെക്യൂരിറ്റി വേണ്ടയിടത്തൊക്കെ  നമുക്കിത് സഹിക്കാം..
പക്ഷേ വെറും  കള്ളന്മാരൊക്കെ ചേർന്ന് നമ്മുടെ സകല വിവരങ്ങളും
എവിടേയും വെച്ച് അപഹരിക്കുമെന്നുള്ള നിലയും കൈവന്നിരിക്കുകയാണ് ഈ കാലഘട്ടത്തിൽ...
അപ്പോൾ ഇനി മുതൽ സ്വയം ഒന്ന് സൂക്ഷിക്കുക ..!
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട....
ഈ ലിങ്കിലെ വീഡിയൊ തീർച്ചയാ‍യും കാണൂക !







ലേ :‌-
നുങ്ങൾ.
.

Wednesday 22 December 2010

ആന്റപ്പ ചരിതം ഒരു ഫ്ലാഷ് ബാക്ക് ...! / Antappa Charitham Oru Flash Back ...!

  ഹിമനീലരാവിലൊരു യാത്ര...! /ലണ്ടൻ ടു ലീഡ്സ് .
കനത്ത മഞ്ഞുവീഴ്ച്ചമൂലം നമ്മുടെ ഹർത്താലുകളെ പോലെ വീണുകിട്ടിയ ഒഴിവുദിനങ്ങളും, മറ്റ് കൃസ്തുമസ് ഓഫ് ദിനങ്ങളും ഒന്നിച്ച് കിട്ടിയപ്പോൾ ഈ ഹിമത്തടവറയിൽ നിന്നും , പെണ്ണൊരുത്തിയുടെ ചൊറിച്ചിലുകളിൽ നിന്നും ഒരു റിലീഫ് കിട്ടാൻ വേണ്ടിയാണ് ലണ്ടനിൽ നിന്നും സ്കൂട്ടായി ഞാൻ ലീഡ്സിലെത്തി , അനുജന്റെ ഗെഡി ആന്റോവിന്റെ 'ലാന്റ് ലോർഡിന്റ'ടുത്തെത്തി അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതും ഈ കഥ കേട്ടതും, കേട്ടപാതി നിങ്ങളോടെല്ലാം വളരെ ശുഷ്കമായിതിനെ പങ്കുവെക്കുവാൻ പോകുന്നതും...

ഇനി പോസ്റ്റൊന്നും എഴുതാതെ ബൂലോഗ ഗെഡികൾക്കും, ഗെഡിച്ചികൾക്കും എന്നെ മിസ്സ് ചെയ്താലും,എനിക്കവരെ മിസ്സാക്കാ‍ൻ പറ്റില്ലല്ലോ എന്ന പരമസത്യവും കൂടി മനസ്സിലാക്കിയപ്പോൾ ഈ സംഗതി തന്നെ പെടച്ചുവിടാമെന്ന് ഞാനും കരുതിയെന്ന് കരുതിക്കോളൂ...

ഇതിന്റെ എല്ലാ ഒറിജിനൽ സംഭവങ്ങളെല്ലാം കൂട്ടിയിണക്കിയിട്ട്..
കഥയും,  നോവലുമഴുതുന്നവർ,  ചേരേണ്ടത് ചേരുമ്പടി ചേർത്ത് , സാഹിത്യത്തിന്റെ മേമ്പൊടിയൊക്കെ ചേർത്ത് , ഈ  കഥ എഴുതുകയായിരുന്നുവെങ്കിൽ മിനിമം ഒരു ബുക്കർ പ്രൈസെങ്കിലും കിട്ടാൻ സാധ്യതയുണ്ടായാനെ...!

എന്തെന്നാൽ ഇതിൽ മൂന്നുതലമുറയുടെ കഥയും,രണ്ടു രാജ്യങ്ങളുടെ ചരിത്രവുമൊക്കെ അതിമനോഹരമായി തിരുകികയറ്റാമെന്നുള്ളതുകൊണ്ട് തന്നെ..!

ഇവിടെ ബിലാത്തിയിലെ, ലീഡ്സില്ലുള്ള  സാലീസ്ബറി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് കൊണ്ടാടുന്ന കൃസ്തുമസ് ആഘോഷങ്ങളിൽ മാജിക്കവതരിപ്പിക്കുവാൻ വേണ്ടി ആന്റോ എന്നെ വിളിച്ചപ്പോൾ മുതൽ എന്റെ സ്വന്തം പെണ്ണിനൊരു മുറുമുറുപ്പ് തുടങ്ങിയതാണ്....
 മാന്ത്രികനായ മുരളി...!
‘ഇവിടെയൊക്കെ മൈനസ് അഞ്ചും പത്തും ഡിഗ്രി തണുപ്പുള്ളയീയവസ്ഥയിൽ സുഖമാ‍യി ഡ്യുവറ്റിനുള്ളിൽ , മറ്റൊരു ചൂടുകമ്പിളി പോലെ, പരസ്പരം കെട്ടിപ്പിടിച്ചുറങ്ങാതെ ...
ഈ മനുഷ്യനെന്താ മാജിക്കും കളിച്ച് നടക്കുകയാണോ എന്റെ ഈശ്വരൻമാരേ‘
എന്നാണ് അവളുടെ പിറുപിറുക്കലുകളുടെ അർത്ഥം കേട്ടൊ...

ഇമ്മൾക്ക് ഇതിലും നല്ല,  പളപളാ കണക്കെ വെൽവെറ്റുപോലുള്ള
ഡ്യുവറ്റുകൾ കിട്ടുന്നകാര്യം അവൾക്കറിയില്ലല്ലോ...അല്ലേ !

 ബിലാത്തിയിലും സ്വന്തം നാട്ടുകാർ...!
അല്ലാ..ഞാൻ ...ഈ  ആന്റൂനെ പരിചയപ്പെടുത്തിയില്ലാ അല്ലേ
ആളും എന്റെ നാട്ടുകാരനായ ഒരു ബിലാത്തിക്കാരൻ തന്നെയാണ് കേട്ടൊ.

എന്റെ സ്വന്തം നാടായ , കണിമംഗലത്തെ മേരിമാത ടാക്കീസിന്റെ
മുമ്പിൽ പെട്ടിക്കട നടത്തിയിരുന്ന ചാക്കപ്പേട്ടന്റെ മൂന്നാമത്തെ മോൻ..
മൂന്ന് പെങ്ങന്മാരുടെ അരുമയായ കുഞ്ഞാങ്ങള...

നാട്ടിലെ ഒരു കുഞ്ഞുബ്രോക്കർ കൂടിയായിരുന്ന ചാക്കപ്പേട്ടന്റെ കുത്തകയായിരുന്ന സിനിമാകൊട്ടകയിലെ ചായകച്ചവടവും,കപ്പലണ്ടികച്ചവടവും മറ്റും...

ഞങ്ങടെയീ ചാക്കപ്പേട്ടന്റെ ലീലാവിലാസങ്ങൾ
എഴുതുകയാണെങ്കിൽ തന്നെ അഞ്ച്പത്ത് പോസ്റ്റെഴുതാനുള്ള
വകകളുണ്ടാവും, അത്രമാത്രം വീരശൂരപരാക്രമിയായിയിരുന്നു അദ്ദേഹം ...!

ഒരിക്കൽ വൈകുന്നേരം വട്ടപ്പൊന്നിയിലെ
ചാരായമ്മിണ്യേച്ചിയുടെയവിടെ നിന്നും നാടൻ വെട്ടിരിമ്പടിച്ച് പാമ്പായിട്ട്...
പനമുക്കിലുള്ള പാട്ടകൈമളിന്റെ വീട്ടിലെ പട്ടിക്കൂട്ടിനടിയിൽ കിടന്നുറങ്ങി , തലയിൽ
പട്ടി തൂറിയ ചരിത്രവും കണിമംഗലത്തെ ഈ ചാക്കപ്പേട്ടന്റെ പേരിൽ തന്നെയാണ് നാട്ടുകാർ
കുറിച്ച് വെച്ചിട്ടുള്ളത് ...!

അയ്യോ... അപ്പന്റെ കഥ പറഞ്ഞുനിന്നാൽ  മക്കളുടെ കഥയിൽ എത്തില്ല ...
അതുകൊണ്ട്  കഥയിലേക്ക് തന്നെ തിരിച്ചു വരാം അല്ലേ...

ഞങ്ങളെയെല്ലം പുറം ലോകത്തിന്റെ മായ കാഴ്ച്ചകളും, പല പല പുത്തനറിവുകളും
കാട്ടിത്തന്ന ആ മേരിമാതയുടെ സ്ക്രീനും, ഇടവക കൊട്ടകയുമൊക്കെ മരണമണിമുഴക്കി ... കേരളത്തിലെ മറ്റുലോക്കൽ ടാക്കീസുകളെ പോലെ കുറച്ചുകൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നും വേരറ്റുപോയെങ്കിലും ...

എട്ടുകൊല്ലം മുമ്പ് സപ്തതികഴിഞ്ഞ ശേഷം ചാക്കപ്പേട്ടൻ  ,
ഭാര്യക്ക് പിറകെ , കർത്താവിൽ നിദ്രപ്രാപിച്ചെങ്കിലും ...
ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ പിൻഗാമികൾ അവിടെയൊക്കെ
തന്നെ  കിരീടമില്ലാത്ത രാജാക്കന്മാരായി വാഴുകയാണ് കേട്ടൊ.

മൂപ്പരുടെ മൂത്ത പുത്രൻ ജോസ് , ഇന്നത്തെ വലിയ റിയൽ എസ്റ്റേറ്റ് ഉടമയും ,
സിംഹക്ലബ്ബിന്റെ ഭാരവാഹിയും മറ്റുമാണിപ്പോൾ.., മാറ്റുകൂട്ടുവാൻ  അല്പസല്പരാഷ്ട്രീയവും
ഉണ്ടെന്ന് കൂട്ടിക്കോളൂ.
രണ്ടാമത്തോൻ സണ്ണിയും,ആന്റോയും ഒന്നിച്ച് സ്വർണ്ണപ്പണി പഠിക്കാന്‍  പോയിട്ട്
പച്ചപിടിച്ചത് സണ്ണിച്ചനാണ്.ഇന്നവൻ സ്വർണ്ണാഭരണങ്ങളുടെ മൊത്തക്കച്ചവടക്കാരനും,
നാട്ടിലെ ഒരു തലതൊട്ടപ്പന്മാരിൽ ഒരുവനുമാണ്.

മൂന്നാമത്തോൻ, നമ്മുടെ നായകൻ ... ആന്റോ ,
ചേച്ചിമാരുടെ പേറ് നോക്കാൻ പോയ്പ്പോയി മിഷ്യനാശൂപത്രിയിലെ ...
ഇടുക്കിയിൽ നിന്നും പഠിക്കാന്‍  വന്ന നേഴ്സിങ്ങ് സ്റ്റുഡന്റ് റോസാമ്മയുമായി
പഞ്ചാരയും ,പിടിച്ചാൽ പൊട്ടാത്ത ലൈനും ആയി....

പിന്നീട് തട്ടിമുട്ടി നടന്ന അവരുടെ കല്ല്യാണശേഷം
ആന്റോയുടെ പോപ്പുലർ ഓട്ടോമൊബൈസിലെ ജോലികൊണ്ട്
കുടുംബഭാരം മുട്ടതെറ്റെത്തിക്കുവാൻ പറ്റാതെ വന്നപ്പോൾ, കടിഞ്ഞൂൽ
പുത്രി ആൻസിമോളുടെ പരിപാലനം സ്വയം ഏറ്റെടുത്ത്...

റോസാമ്മയെ രണ്ടുകൊല്ലം റിയാദിലെ കിംങ്ങാശുപത്രിയിലെക്ക്
പ്രവാസത്തിന് വിട്ടെങ്കിലും , ചേട്ടന്മാരെപ്പോലെ പുത്തൻ പുരയിടം
വാങ്ങാനോ,പുരവെക്കാനൊ ആന്റൂനന്നൊന്നും പറ്റിയില്ല.

അങ്ങിനെയിരിക്കുന്ന അവസരത്തിലാണ് ,പത്ത് കൊല്ലം മുമ്പ് കോട്ടയത്തെ
ഒരു ഏജന്റ് മുഖാന്തിരം,   റോസാമ്മക്ക് വേണ്ടി ഒരു  ‘യു.കെ .സീ‍നിയർ കെയർ
വർക്ക് പെർമിറ്റ്‘  ഒപ്പിച്ചെടുത്തത്  ...!

സംഭവമതിനുവേണ്ടി കണിമംഗലത്തെ ശവക്കൊട്ടയുടെ
തൊട്ടടുത്തുള്ള ഭാഗം കിട്ടിയ സ്വന്തം തറവാട് വീട് മൂത്ത ചേട്ടന് പണയം വെച്ചിട്ടാണെങ്കിലും....

പാവം റോസാമ്മ,യു.കെയിൽ ഹാംഷെയറിലുള്ള ഒരു ഗുജറാത്തി നടത്തിയിരുന്ന മാനസികരോഗികളായ വൃദ്ധരെ  താമസിപ്പിക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിൽ എത്തിപ്പെട്ടെങ്കിലും നാട്ടിലെ കടബാധ്യതകൾ കാരണം...

ഒരു കൊല്ലത്തോളം അവിടുത്തെ അന്തേവാസികളുടെ ആട്ടും,തുപ്പും,
മാന്തുമൊക്കെ ധാരാളം വാങ്ങിച്ചകൂട്ടിയിട്ടും , ആന്റോയേയും,മോളേയും
ഡിപ്പെന്റ് വിസയിൽ ഇവിടേക്ക് കൊണ്ടുവരാനായില്ല....

ആ അവസരത്തിൽ നേഴ്സിങ്ങ് ഹോമിലെ അന്തേവാസിയായിരുന്ന ...
ഇവിടെയുള്ള അന്നത്തെ രാജകുമാരിയുടെ പേരിട്ടിട്ടുള്ള, എലിസബത്തെന്ന
സ്വന്തം ചേച്ചിയ... വിസിറ്റ് ചെയ്യുവാൻ വരാറുണ്ടായിരുന്ന, എലീനയെന്ന മദാമ്മച്ചിയുടെ മനസ്സുനുള്ളിൾ കയറി, കൂടുകെട്ടുവാൻ റോസമ്മക്ക് അതിവേഗം സാധിച്ചു.

പിന്നീടിവിടത്തെ തണവിനും,സ്നേഹത്തിനും കൂട്ടായിട്ട്  ആന്റോയും,
മോളും ബിലാത്തിയിലെത്തി ചേർന്നപ്പോൾ എലീന മദാമയുടെ വീട്ടിൽ
ആന്റോവിന് ഒരു കൊച്ചുകാര്യസ്ഥപ്പണി തരമാവുകയും ചെയ്തു...

പണ്ടത്തെ സായിപ്പുമാരുടെ പറുദീസയായിരുന്ന ഇന്ത്യയിലെ
‘ഈസ്റ്റിന്ത്യാ കമ്പനി‘യിലായിരുന്നു ഈ ഏലി സോദരിമാരുടെ ... ഡാഡ്...
റിക്കി സായിപ്പിന് ജോലി.

ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ  ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക  എന്നതായിരുന്നു !

നമ്മളെല്ലാം ഉപജീവനം തേടി ഇന്നെല്ലാം
വിദേശങ്ങളിൽ പോയി ചേക്കേറുന്ന പോലെ  ...!

അന്നൊക്കെ മദ്രാസ് റീജിയണിൽ വർക്കുചെയ്തിരുന്ന ഡാഡിക്കൊപ്പം
ധാരാളം അവുധിക്കാലങ്ങൾ ഇന്ത്യയിലെ മദ്രാസിലും ,ടെലിച്ചേരിയിലും,ട്രിച്ചിയിലും ,
ട്രിച്ചൂറുമൊക്കെ  ചിലവഴിച്ച ആ സമ്പന്നമായ ബാല്യകാലം , ഇപ്പോഴും നല്ല വിസ്മയം തീർക്കുന്ന വർണ്ണക്കാഴ്ച്ചകളായി...
ഈ എലീന മദാമ വിവരിക്കുമ്പോൾ നമ്മളെല്ലാം കോരിത്തരിച്ചു പോകും കേട്ടൊ !


ഈ ചേച്ചിയനുജത്തിമാരുടെ ആസ്ത്രേലിയയിലും,അമേരിക്കയിലുമൊക്കെയായി
കുടിയേറ്റം നടത്തിയ മക്കളും,പേരക്കുട്ടികളും ബന്ധങ്ങൾ മുഴുവൻ...
വല്ലപ്പോഴുമുള്ള ഫോൺകോളുകളിലോ, ബർത്ത്ഡേയ് കാർഡുകളിലോ,
ക്രിസ്റ്റ്മസ് സമ്മാനങ്ങളിലോ ഒതുക്കിയതു കൊണ്ടാകാം...

രണ്ടായിരത്താറിൽ എലിസബത്ത് മദാമ മരിച്ചപ്പോൾ , സ്വത്തുവകകളെല്ലാം
ആ മഹതി എന്നോ എഴുതിവെച്ചിരുന്ന ആധാരപ്രകാരം വളർത്തുപട്ടികൾക്കും,
പൂച്ചകൾക്കും,പിന്നെ ഭാരതത്തിലെ ഒരു ആൾ ദൈവത്തിനും കിട്ടിയത്..!

പട്ടീടേം, പൂച്ചേടേം, ‘മറ്റുള്ളവരുടേയും‘  ഭാഗ്യം ..അല്ലേ.

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ  ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

അതുപോലെ തന്നെ അപ്പന്റെ കാലശേഷം ...
കഴിഞ്ഞ എട്ടുകൊല്ലമായിട്ട് നാട്ടിലൊന്നും തീരെ പോകാതെ , ആനുവൽ ലീവിനൊക്കെ
എലീന മദാമയേയും,റോജർ സായിപ്പിനേയും കൂട്ടി....  ലോകം മുഴുവൻ കണ്ട് ഹോളിഡേയ്  ആഘോഷിച്ച് നടക്കുകയാണ്  ആന്റോയുടെ കുടുംബമിപ്പോൾ...

ഈ എലീന മദാമയേയും, മൂപ്പത്തിയാരോടൊപ്പം നാൽ‌പ്പതുകൊല്ലമായുള്ള
മൂന്നാം പാർട്ട്നർ റോജർ സായിപ്പിന്റേയും കെയററാണ് ഇന്ന് ആന്റൊ...

ഒപ്പം ഇവരുടെ ഫാം ഹൌസ്സിന്റെയും , സ്വത്തിന്റേയും ‘കെയർ ടേക്കർ ‘
കൂടിയായി മാറി ഇവരോടോപ്പമിപ്പോൾ താമസിക്കുന്ന ആന്റോവിന്റെ  കുടുംബം...
 ചില കഥാപാത്രങ്ങളും കഥാകാരനും..,!
സ്വന്തം അപ്പനമ്മമാരേക്കാൾ ഭംഗിയായിട്ടാണ് ആന്റോ-റോസ് ദമ്പതികൾ
ഈ വെള്ളക്കരെ ഇന്ന് ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്നത് ...

ഇവരുടെ മക്കൾ ഈ ഗ്രാന്റമ്മക്കും,ഗ്രാന്റ്ഡാഡിനും കൊടുക്കുന്ന
സ്നേഹം കണ്ടാൽ നമുക്ക് പോലും അസൂയ തോന്നും..!

ഈ ദമ്പതികളുടെ മൂത്തമകൾ ആൻസി മോൾക്കും,
ഇവിടെ വെച്ചുണ്ടായ ചാക്സൺ മോനുമാണ് എലീന/റോജർ ജോഡികൾ...
കാലശേഷം അവരുടെ സ്വത്തുക്കളുടെ വിൽ‌പ്പത്രം എഴുതിവെച്ചിട്ടുള്ളത്....!

ഇതുകേട്ടപ്പോഴുള്ള കുശുമ്പോണ്ടൊന്നുമല്ല കേട്ടൊ
പണ്ട് പറയാറില്ലേ ...
അതെന്ന്യെയിത് ...
‘ഭാഗ്യളോന്റെ മോത്ത് പട്ടി തൂറും !‘

അതേപോലെ കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല എന്നുപറഞ്ഞ പോലെ,
ഈ സത്യങ്ങളെല്ലാം തുറന്നെഴുതിയതിന്, ഈയ്യുള്ളവന്റെ കഞ്ഞ്യുടി മുട്ടാനും
സാധ്യതയുണ്ടെന്ന് തോന്നുന്നു...

സങ്കരചരിതം എഴുതിയപ്പോൾ കിട്ടിയപോലെതന്നെ നാട്ടുകാരുടെ
കൈയ്യിൽ നിന്നും തന്നെയായിരിക്കും ഇത്തവണയും നന്നായി കിട്ടാൻ സാധ്യതകാണുന്നത്..

എന്തായാലും ഈ അവസരത്തിൽ എന്റെ
എല്ലാ ബൂലോഗ മിത്രങ്ങൾക്കും അതിമനോഹരവും,
സന്തോഷപ്രദവുമായ കൃസ്തുമസ് ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....


കൂടാതെ നിങ്ങൾക്കെല്ലാം ഇനിമേൽ ‘ബൈബിൾ പുതിയനിയമം‘
മലയാളത്തിൽ ,  നിങ്ങളുടെ വിരൽതുമ്പൊന്ന് ക്ലിക്കിയാൽ ബിലാത്തിയിൽ
നിന്നുമിറങ്ങുന്ന സ്നേഹസന്ദേശത്തിന്റെ  ഈ ഹെഡർ പേജിൽ നിന്നും ഇഷ്ട്ടവാക്യങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാവുന്നതാണ്  കേട്ടൊ കൂട്ടരെ






new year 2011 scraps
അമിട്ടും കുറ്റികൾ !



ലേബൽ :‌-
നുവം.

Tuesday 30 November 2010

ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ ... ! / Oru Pranayatthin Varnnappakittukal ... !

 ലണ്ടനിലെ കർണ്ണശപഥം കഥകളിയരങ്ങ് ...!
(കലാമണ്ഡലം ഗോപിയാശാനും സംഘവും)
ഇവിടെയീ നവംബറിൽ നവാനുഭൂതികൾ പരത്തി നേരത്തെ
തന്നെ വിരുന്നെത്തി പെയ്തിറങ്ങിയ മഞ്ഞുകണങ്ങളേക്കാൾ കാണികളെ
കൂടുതൽ കുളിരണിയിച്ചത്, പത്മശ്രീ കലാമണ്ഡലം ഗോപിയാശാനും സംഘവും
നവ രസങ്ങളോടെ ബിലാത്തിയിൽ ആടിക്കളിച്ച,  കലാമിത്ര സംഘടിപ്പിച്ച കഥകളിയരങ്ങുകളായിരുന്നു. ....!

85 ശതമാനവും മലയാളികളല്ലാത്തവർ കീഴടക്കിയ സദസ്സുകളൊന്നിൽ, എന്റെ തൊട്ടടുത്ത്  കളിയാസ്വാദകയായിരുന്ന വെള്ളക്കാരിയിൽ നിന്നും കർണ്ണശപഥം കഥകളിയുടെ...
കഥാസന്ദർഭം കേട്ടറിഞ്ഞപ്പോൾ മലയാളത്തിന്റെ തനതായ ഈ കലയിലുള്ള എനിക്കുള്ള അല്പജ്ഞാനമോർത്ത് ഞാൻ സ്വയം ലജ്ജിച്ചു പോയി....!

എന്തുചെയ്യാം...
അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട്
കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ് അല്ലേ...

അതെ ഈ കലാ-സാഹിത്യ സംഗതികളോടൊക്കെയുള്ള വല്ലാത്ത
പ്രണയം കാരണം ഇപ്പോൾ മറ്റുയാതൊന്നിനും സമയം കിട്ടുന്നില്ലാ എന്ന അവസ്ഥയിലായിരിക്കുകയാണ് എന്റെ സ്ഥിതി വിശേഷങ്ങൾ...
എന്നാ‍ലിനി എന്റെ ഒരു യഥാ‍ർത്ഥ
പ്രണയ കഥയിലേക്ക് ഒന്ന് എത്തി നോക്കിയാലോ..?
സംഭവം നടക്കുന്നത് ഒരു രണ്ടരക്കൊല്ലം മുമ്പാണ് കേട്ടൊ..


അതായത് തണ്ടലു കൊണ്ടുള്ള അല്പം പണി കൂടുതൽ കാരണം ..
ഇവന്റെ തണ്ടലിനൊരു പണികൊടുത്താലോ എന്നുകരുതിയിട്ടാകാം ..
ദൈവം തമ്പുരാൻ ഈയ്യുള്ളവനെ
ഒരു ‘മൈക്രോഡിസക്ട്ടമി‘ സർജറി ഇവനിരിക്കട്ടെ
എന്ന് വരം നൽകി , എന്നെ രണ്ടായിരത്തിയെട്ട് മാർച്ചിൽ
റോയൽ ലണ്ടൻ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യിപ്പിച്ചത്...

ഇന്ത്യയുടെ പല വി.ഐ.പി.മാരായ
മന്ത്രി പുംഗവന്മാരും .., ക്രിക്കറ്റ് തലതൊട്ടപ്പന്മാരുമൊക്കെ
കിടന്ന ബെഡ്ഡിൽ കിടക്കുവാനുള്ള ഈ മണ്ടന്റെ ഒരു ഭാഗ്യം നോക്കണേ...!
 Royal Mandan in Royal London Hospital /March 2008

മുപ്പത് മാസം മുമ്പാണ് എന്റെ ഈ പുത്തൻ പ്രണയിനിയെ ..
വേറൊരു മിത്രമായിരുന്ന, മേരികുട്ടി എനിക്കന്നാ ആ ആസ്പത്രി
കിടക്കയിൽ വെച്ച് പരിചയപ്പെടുത്തിതന്നത്....

ആദ്യം കരുതി ഇത്ര യൂറോപ്പ്യൻ സുന്ദരിമാരും മറ്റും അഴിഞ്ഞാടുന്ന
ഈ ബിലാത്തിയിൽ , ഞാനെന്തിന്  വെറും ഒരു ശരാശരിക്കാരിയായ ,
ഈ തനി മലയാളിപ്പെണ്ണിനെ എന്റെ സൗഹൃദത്തില്‍  കൂട്ടണം എന്ന്....

പക്ഷെ തനി മലയാളിത്വ തനിമകളോടെയുള്ള അവളുടെ
ലാസ്യ വിന്യാസങ്ങൾ കണ്ടപ്പോൾ ഞാ‍നവളിൽ തീർത്തും
അനുരക്തനായി എന്നുപറയുകയായിരിക്കും കൂടുതൽ ഉത്തമം ...!

പോരാത്തതിനാ സമയം കുറച്ചുനാൾ തീർത്തും ബെഡ് റെസ്റ്റിലായിരുന്ന
എന്നെ ഏതു സമയത്തും വന്ന് ആശ്വാസിപ്പിക്കാമെന്നുള്ള അവളുടെ വാഗ്ദാനം
കൂടി ആയപ്പോൾ , ആയത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്തു...

എന്തിന് പറയുന്നു വെറും ആറുമാസം
കൊണ്ട് ഞങ്ങൾ പിരിയാനാകാത്തവിധം അടുത്തുപോയി...!

വയസ്സാങ്കാലത്തുണ്ടായ ഈ പ്രേമം മൂത്ത് മുരടിച്ച് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്ന വീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ

പൊട്ടന് ഓണേഷ് കിട്ടിയ പോലെയായി എന്റെ കോപ്രായങ്ങൾ...!

തന്നില്ലെങ്കിൽ അവർക്കറിയാം ഇത് നാടല്ല...
ബിലാത്തിയാണ് ... ആർക്കും സ്വന്തം ഇഷ്ട്ടം പോലെ
ആരുമായിട്ടും ഏതുപോലെയും രമിച്ച് മതിച്ച് ജീവിക്കാമെന്ന് ...!

അങ്ങിനെ 2008-ലെ ; കേരളപ്പിറവിദിനമായ നവംബർ ഒന്നിന്
ഞാനുമീസുന്ദരിയും കൂടി അനൌദ്യോഗികമായ ഒരു എൻഗേജ്മെന്റ്
ഉണ്ടായെങ്കിലും, ആദ്യസമാഗമമുണ്ടായത് ദിവസങ്ങൾക്ക് ശേഷമാണ്....

മറ്റുള്ളവരെ അഭിമുഖീകരിക്കുവാനുള്ള ഒരു ചെറിയ വിമുഖത കാരണം ,
മാസാവസാനം നവംബർ മുപ്പതിനാണ്  ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് പാർപ്പ് തുടങ്ങിയത്...!

ഈ മലയാളി ബൂലോഗമങ്കയുമായുള്ള ഈ സുന്ദര
ദാമ്പത്യത്തിന് ഇന്ന് രണ്ടുവർഷം തികഞ്ഞിരിക്കുകയാണ് കേട്ടൊ.

യെസ്സ്...
ദി  സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി !

ഞങ്ങളുടെ വീടായ ഈ ബിലാത്തിപട്ടണത്തിൽ   ഇന്ന് ചിയേഴ്സ് പാർട്ടിയാണ്....!

തുടങ്ങാം അല്ലേ....

“എല്ലാവർക്കും ചിയേഴ്സ് !“

ഒരു കാര്യം വാസ്തവമാണ് , ഈ  ‘‘ബിലാത്തിപട്ടണമില്ലായിരുന്നെങ്കിൽ ‘’
നിങ്ങളുടെയെല്ലാം മുമ്പിൽ വെറുമൊരു വട്ടപൂജ്യമായിമാറി , ഇവിടത്തെ ലണ്ടൻ
മല്ലുമാധ്യമങ്ങളിൽ വല്ലപ്പോഴും വല്ല റിപ്പോർട്ടുകളൊ, മറ്റോ എഴുതി  വെറുതെയിവിടങ്ങളിൽ
ട്ടായം കളിച്ച് തീരേണ്ടതായിരുന്നു എന്റെ ജന്മം!

പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ്ടിട്ടോ, മിണ്ടീട്ടൊ ഇല്ലാത്ത ഭൂലോകം
മുഴുവൻ വ്യാപിച്ചുകിടക്കുന്ന അനേകം ബൂലോഗമിത്രങ്ങൾ...!

ഒപ്പം കണ്ടൂം , മിണ്ടീം ഇരിക്കുന്ന ഏത് ബന്ധുക്കളേക്കാളും , മറ്റു കൂട്ടുകാരേക്കാളും
വിശ്വസിക്കാവുന്ന ഉത്തമമിത്രങ്ങളായി തീർന്ന അനേകം ബൂലോഗർ വെറേയും...!

നന്നായി വായിക്കുമായിരുന്നുവെങ്കിലും ...
ഒരിക്കലും ഒരു നല്ല എഴുത്തുകാരനൊന്നുമല്ലെങ്കിലും ...
ഈ കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ  , ഞാൻ കണ്ടകാഴ്ച്ചകളും...
വിശേഷങ്ങളും , എന്റെ മണ്ടത്തരങ്ങളുമെല്ലാം കുറച്ച് ‘പൊക്കിത്തരങ്ങളുടെ‘
അകമ്പടിയോടെ എന്നെ കൊണ്ട് ആവുന്ന വിധം നിങ്ങളുമൊക്കെയായി , പലതും
പല വിധത്തിലും ,പല തരത്തിലും പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു....അല്ലേ

 പഴയ വീഞ്ഞ് ,പുതിയകുപ്പിയിൽ ...!
പഴയ വീഞ്ഞ് പുത്തൻ കുപ്പിയിൽ പകർത്തിവെക്കുന്ന പോലെ ...
പണ്ടെല്ലാം തോന്നുമ്പോൾ ഒരോന്ന് റഫായി ഓരോരൊ കൊല്ലത്തെ
ഡയറിയുടെ താളുകളിൽ കുറിച്ചിട്ട എന്റെ ‘തലേലെഴുത്തുകളും, മറ്റുമെല്ലാം’
 കുറച്ച് മേമ്പൊടിയും , മസാലക്കൂട്ടുകളുമെല്ലാം  ചേർത്ത് ഇപ്പോൾ ഈ ബിലാത്തി
പട്ടണത്തിൽ  ജസ്റ്റ് വിളമ്പിവെക്കുന്നു  എന്നുമാത്രം.... !

ഓരോ കൂട്ടുകാരും ഇതൊക്കെ വന്ന് കഴിച്ചുപ്പോകുമ്പോഴുണ്ടാകുന്ന
ആ ഏമ്പക്കം കേൾക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ,  ആ സംതൃപ്തി ഒന്ന്
വേറെ തന്നേയാണ് കേട്ടൊ കൂട്ടരേ...
വേറെ ഏതൊന്നിൽ നിന്നും കിട്ടുന്നതിനേക്കാളേറെ ഒരു സുഖം... !

കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തിലും, പുതുനൂറ്റാണ്ടിന്റെ
ആരംഭത്തിലുമൊക്കെ ഞാനെഴുതി നിറച്ചുവെച്ച ചില ‘അമിട്ടുംകുറ്റി‘കൾ
പൊടികളഞ്ഞെടുത്ത് , ഇതിനിടയിൽ ചിലപ്പോഴെക്കെ പല രചനകളോടൊപ്പം
ഒരു വർണ്ണപ്പൊലിമക്ക് വേണ്ടി എടുത്ത് പൊട്ടിക്കുകയും ചെയ്തിട്ടുമുണ്ട് കേട്ടൊ...

പിന്നെ ചില ‘കുഴിമിന്നൽ തീർക്കുന്ന അമിട്ടുകൾ ‘ ഇപ്പോഴും
പൊട്ടിക്കാൻ ധൈര്യമില്ലാ‍തെ വെടിക്കെട്ട് പുരയിൽ ഇപ്പോഴും
വളരെ ഭദ്രമായി സൂക്ഷിച്ചു തന്നെ വെച്ചിരിക്കുകയാണ്...!!

പൊട്ടിക്കാത്ത പഴേ അമിട്ടും കുറ്റികൾ...!!
ബൂലൊഗത്ത് പ്രവേശിച്ചതോടുകൂടി സ്ഥിരം ചെയ്തിരുന്ന ആനുകാലികങ്ങളിലും,
മറ്റും ഉണ്ടായിരുന്ന ആഴത്തിലുള്ള വായന നഷ്ട്ടപ്പെട്ടെങ്കിലും, ബോറഡിച്ചിരിക്കുന്ന ജോലിസമയങ്ങളിൽ ബൂലോഗം മുഴുവൻ തപ്പി നടന്നുള്ള ഒരു വയനാശീലം ഉടലെടുക്കുകയും ചെയ്തതോടെ പല പല നാട്ടുവിശേഷങ്ങൾക്കൊപ്പം , നവീന കഥകളും ,ആധുനിക കവിതകളും,
ആയതെല്ലാം പങ്കുവെച്ച ബൂലോഗരേയുമൊക്കെ  നേരിട്ടറിയാൻ കഴിഞ്ഞു എന്ന മേന്മയും ഉണ്ടായി കേട്ടൊ .

നമ്മുടെ ഈ ബൂലോഗത്ത് നല്ല അറിവും വിവരവും പങ്കുവെക്കുന്നവർ തൊട്ട് ,
വെറും കോപ്പീപേസ്റ്റുകൾനടത്തുന്ന മിത്രങ്ങളെ വരെ  കണ്ടുമുട്ടുവാൻ സാധിച്ചിട്ടുണ്ട്...
ഒപ്പം സ്വന്തം തട്ടകങ്ങളിൽ കിരീടം വെക്കാത്ത പല രാജക്കന്മാരേയും..
വൈഭവങ്ങളിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിക്കുന്ന ചില റാണിമാരേയും
എനിക്കിവിടെ കാണുവാൻ  സാധിച്ചു ...

പിന്നെ അതിപ്രശസ്തരും അപ്രശസ്തരുമായ ധാരാളം പേർ
കുറെനാളുകൾക്കുശേഷം പല സങ്കുചിത / സാങ്കേതിക / വ്യക്തിപരമായ
കാരണങ്ങളാൽ ബൂലോഗത്ത് നിന്ന് വിട്ടുനിൽക്കുന്നകാഴ്ച്ചകളും കൂടി വളരെ
ദു:ഖത്തോടെ കാണുകയും ചെയ്യുന്നുണ്ട്....
ഒപ്പം നല്ല കഴിവും,പ്രാവീണ്യവുമുണ്ടായിട്ടും ഒരു
നിശ്ചിത ഗ്രൂപ്പിനുള്ളിൾ ഒതുങ്ങി കഴിയുന്നവരും ഇല്ലാതില്ല കേട്ടൊ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബൂലോഗത്തുനിന്നും
കുറേപേർ ഇതിനിടയിൽ മലയാളസാഹിത്യലോകത്തേക്കും,
സാംസ്കാരിക രംഗത്തേക്കും, പൊതുരംഗത്തേക്കുമൊക്കെ ആനയിക്കപ്പെട്ടതിൽ
നമ്മൾ ബൂലോഗർക്കൊക്കെ അഭിമാനിക്കാം അല്ലേ....!

അതുപോലെ തന്നെ ഇപ്പറഞ്ഞ രംഗങ്ങളിൽ നിന്നുമൊക്കെ ധാരാളം
പേർ ബൂലോഗത്തേക്കും ഇപ്പോൾ  വന്നുകൊണ്ടിരിക്കുകയാണല്ലോ..!

ഇതോടൊപ്പം എന്റെ മിത്രങ്ങളോട് എനിക്കുണർത്തിക്കുവാനുള്ള
വേറൊരു കാര്യം ഞാനൊരു പുതിയ ജോലിയിൽ രണ്ട് വാരത്തിനുള്ളിൽ
പ്രവേശിക്കുവാൻ പോകുക എന്നുള്ളതാണ്....

അഞ്ചാറുകൊല്ലത്തെ സെക്യൂരിറ്റി ഗാർഡ് / ഓഫീസർ
തസ്തികകൾക്ക് ശേഷം ഒരു ‘സെക്യൂരിറ്റി ഏജന്റ് ‘എന്ന ഉദ്യോഗം ....

സ്പൈ വർക്ക് അഥവാ ചാരപ്പണി !

ആറുമാസമിനി പഠിപ്പും  ട്രെയിനിങ്ങുമായി സോഷ്യൽ നെറ്റ് വർക്കുകൾ
‘ബാൻ‘ ചെയ്ത അന്തരീക്ഷങ്ങളിൽ ഞാനെങ്ങിനെ ഇണങ്ങിചേരുമെന്ന് കണ്ടറിയണം....!

അതുകൊണ്ട് ഈ ചാരപ്പണിയിൽ നിന്നും ആ കമ്പനി
എന്നെ പുറത്താക്കുകയോ, ഞാനുപേഷിച്ച് പോരുകയൊ
ചെയ്തില്ലെങ്കിൽ....
കുറച്ചു നാളത്തേക്ക് ഇതുപോലെ സജീവമായി
എനിക്ക് ബൂലോഗത്ത് മേഞ്ഞുനടക്കുവാൻ സാധ്യമാവില്ല
എന്നുള്ളത് ഉറപ്പാണെങ്കിലും , എന്റെ മണ്ടത്തരത്തോട് കൂടിയ
അഭിപ്രായങ്ങളൊന്നും നിങ്ങളുടെ പോസ്റ്റുകളിൽ കണ്ടില്ലെങ്കിലും ....

നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്ന താഴെയുള്ള
ആ ചാരകണ്ണുകൾ സമയാസമയം , ഒരു ചാരനെപ്പോലെ
ആയതെല്ലാം വീക്ഷിച്ചുകൊണ്ടേയിരിക്കും....
കേട്ടൊ കൂട്ടരേ
 The Folower / ചാരക്കണ്ണുകൾ ! 


നി മുക്ക്  Be Latthi Pattanatthi ലെ  
നി ഒറിജിലായരു കണ്ടതും കേട്ടതും ആയാലൊ
ഇത് വെറും ബി ലാത്തിയല്ല .....കേട്ടൊ
 ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ.....

നാട്ടിൽ സപ്തതിയാഘോഷിച്ചുകൊണ്ടിരിക്കുന്ന
അച്ഛമ്മയുമായി   പത്തുവയസ്സുകാരനയ എന്റെ മകൻ ഇന്നലെ ,
രണ്ടു ഭാഗത്തേയും  മൈക്ക് ഓൺ ചെയ്തുവെച്ചിരുന്ന ഫോണുകളിൽ
സംസാരിക്കുന്നത് കേട്ടതിൽ നിന്നും ചില ഭാഗങ്ങൾ...

മോൻ       :- “ അമ്മാ‍മ്യേ.... അച്ഛ്നു പുത്യേ -ജ്വാലി കിട്ടീട്ടാ‍ാ‍ാ...
                       സ്പൈ വർക്കാ.. സ്പൈ ഏജന്റ് ”

അച്ഛമ്മ   :-  “ ഉന്തുട്ടാ ജോല്യെയ്ന്റെ മോനെ ... മലയാൾത്ത്യേ ...പറ്യ് ”

മോൻ      :-  “ ജാരൻന്ന് പറയ്മ്മാമേ ...   ജാരൻ  ”

അപ്പോളിതെല്ലാം കേട്ട് വീട്ടിൽ അകം തുടച്ചു
കൊണ്ടിരുന്ന  വേലക്കാരി ആനിയുടെ വക ഒരു കമ്മന്റ്സ്

ആനി    :-   “ ഈശ്വോയെ... ഈ മുർള്യേട്ടനവിടേ പോയിട്ടും ഇപ്പണ്യന്ന്യാ..! “

ഇതെല്ലാം കേട്ട് ചൂലുംകെട്ടിനു പകരം ഇവിടെ അടിച്ച് കോരുവാൻ
ഉപയോഗിക്കുന്ന ബ്രൂം .., എന്റെ പെണ്ണൊരുത്തി എടുക്കുവാൻ പോകുന്നത്
കണ്ട് , കാറിന്റെ കീയെടുത്ത് പെട്ടെന്ന് തന്നെ ഞാനവടന്ന് സ്കൂട്ടായി ..!


എന്ത് ചെയ്യാം ...
ഞാനല്ലവനേ ...
മലയാളം പഠിപ്പിക്കുന്നത്  ...!
എന്റെന്നെയല്ലേ ചെക്കൻ....!
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ ...?




ലേബൽ :‌-
രണ്ടാം വാർഷികാനുഭവ കുറിപ്പുകൾ  ...

Monday 15 November 2010

വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Vaay Vitta Vakkukalum Chila Pravritthikalum ...!

വായ് വിട്ട് പോയ വാക്കും ,തൊടുത്തുവിട്ട അമ്പും തിരിച്ചെടുക്കുവാൻ സാധിക്കില്ലായെന്നാണ് പറയാറ്...

പക്ഷേ  ഈ മണ്ടനും,ഇവിടെ പഠിക്കാന്‍  വന്ന ഒട്ടും മണ്ടരല്ലാത്ത സ്റ്റുഡെൻസുമൊക്കെ കൂടിച്ചേർന്ന്  പല ജോലികളുടെ വിശ്രമവേളകളിലും,ഒഴിവുദിനങ്ങളിലെ കമ്പനി കൂടും സദസ്സുകളിലുമൊക്കെ വെച്ച് ഞങ്ങൾ പടച്ചുവിട്ട പല വാക്യങ്ങളും എനിക്കുതന്നെ ഇപ്പോൾ തിരിച്ചുകിട്ടികൊണ്ടിരിക്കുകയാണ് !

പോയ വാക്കുകളൊക്കെ തിരിച്ചുകിട്ടുന്ന കാലം അല്ലേ..
അതെ ഏഴെട്ടുകൊല്ലം മുമ്പ് ഇവിടത്തെ ആംഗലേയമൊബൈയിൽ തമാശകൾ മലയാളീകരിച്ച് തുടങ്ങി വെച്ച ആ വിടുവായത്വങ്ങൾ ഇപ്പോൾ , മലയാളം മെയിലുകളിലേക്ക് കാലുമാറിയെങ്കിലും , പുതുവിദ്യാർത്ഥികളുമായി കൂടിച്ചേര്‍ന്നീ പരിപാടികൾ, ഞങ്ങൾ ഇപ്പോഴും പുത്തൻ ആശയങ്ങളും, പുതു കഥകളുമൊക്കെയായി  വിനിമയം ചെയ്തുകൊണ്ടിരിക്കുകയാണ് ....
നാട്ടിലെ മിത്രങ്ങൾക്കും മറ്റുമൊക്കെയായി..കേട്ടൊ  !

എന്തായാലും അണ്ണാറ കണ്ണനും തന്നാലായത്  എന്ന പോലെ കൊല്ലംതോറും പുതുവർഷത്തിനും,വിഷുവിനും,റംസാനിനും,ഓണത്തിനും, കൃസ്തുമസ്സിനുമൊക്കെയായി ഈ ലണ്ടനിൽ നിന്നും ഞങ്ങളിറക്കികൊണ്ടിരിക്കുന്ന മെസേജുകളുടെ കൂമ്പാരങ്ങൾ പലപല വെബ്ബുകാരും, കമ്പനികളുമൊക്കെ ഏറ്റെടുത്ത് സകലമാന മലയാളികൾക്കും അതെല്ലാം എത്തിച്ചുകൊടുക്കുന്ന കൂട്ടത്തിൽ സൃഷ്ട്ടികർത്താക്കളായ ഞങ്ങൾക്ക് കൂടി അവ കിട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആയതിന്റെയൊക്കെ ഒരു ത്രിൽ ഞാനൊക്കെ ശരിക്കും അനുഭവിക്കുന്നത് കേട്ടൊ...

 അതുപോലെ തന്നെ തൃശൂര്‍  ഭാഷയിൽ ഞങ്ങളൊക്കെക്കൂടി ചമച്ച പരസ്യഡയലോഗുകൾ,ടീ.വിയിലും മറ്റും ദൃശ്യ ആവിഷ്കാരം  ചെയ്ത് ഹിറ്റാവുമ്പോഴുമൊക്കെ കിട്ടുന്ന അനുഭൂതികൾക്കൊക്കെ ബ്ലോഗെഴുത്തുകൾക്ക് നിങ്ങൾ വായനക്കാർ  അഭിപ്രായമറിയിക്കുമ്പോഴുണ്ടാകുന്ന അതേ സുഖം തന്നെയാണ് കിട്ടുന്നത്...!


ഒരു കാര്യം വാസ്തവമാണ് ,ഗൽഫ് മലയാളി പ്രവാസസമൂഹം കഴിഞ്ഞാൽ മലയാളത്തെ ഏറ്റവും കൂടുതൽ താലോലിച്ചുകൊണ്ടിരിക്കുന്ന വിദേശമലയാളിക്കൂട്ടങ്ങളുള്ളത് ഈ ബിലാത്തിയിൽ തന്നെയാണുള്ളത്. സ്വദേശിയരല്ലാത്ത മറ്റുഭാഷാക്കൂട്ടായ്മകൾക്ക് ഈ രാജ്യം നൽകിവരുന്ന പരിഗണന കൂടി ഇത്തരം വളർച്ചകൾക്ക് ഏറെ സഹായം കൂടി നൽകുന്നു എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ് .

ഒപ്പം വളരെ ആശ്വാസമായ ഇവിടത്തെ പല തൊഴിൽ നിയമങ്ങളും ഒരു പരിധിവരെ ഇതിന് സഹായിക്കുന്നുണ്ടെന്നും വേണമെങ്കിൽ പറയാം.
ഏതു  തൊഴിലിനും അതിന്റേതായ ഒരു മാന്യത കല്പിച്ചുപ്പോരുന്ന രാജ്യങ്ങളും,
ആളുകളുമാണ്  പടിഞ്ഞാറൻ നാടുകളിലുള്ളത്.

നാട്ടിലെപ്പോലെ കുലംതിരിച്ചുള്ള ജോലികളോ മറ്റോ ഇവിടെയില്ല.
ഇവിടെ എഞ്ചിനീയറേയും, എഞ്ചിനോപ്പറേറ്ററേയും,തെരുവിൽ ഇഞ്ചിവിൽക്കുന്നവനേയും ജോലിയുടെ പേരിൽ ആരും വേർതിരിച്ചുകാണൂന്നില്ല.
എക്കൌണ്ടൻസി പഠിച്ചിട്ട് അതിലും കൂടുതൽ വേതനം ലഭിക്കുന്ന ചവറടിക്കുന്ന ജോലിക്കുപോകുന്നവനും ,  കോൾഗേളിന്റെഡ്യൂട്ടിക്ക് പോകുന്ന ഭാര്യയുടെ ഭർത്താവായ ബാങ്ക് മാനേജരും, പോലീസുകാരിയുടെ പാർട്ടണറായ കള്ളനുമൊക്കെ എന്റെ ഗെഡികളായ സായിപ്പുമാരാണ്.
 ഒരു ലണ്ടൻ മലയാളി മുടിവെട്ടു കട
നാട്ടിൽ അഗ്രികൾച്ചറൽ യൂണീവേഴ്സിറ്റിയിൽ നിന്നും റാ‍ങ്ക് നേടി, ഇവിടെത്തെ സുഖമുള്ള ജോലിയായ ബസ്സ്ഡ്രൈവർ ജോലി നോക്കുന്നവനും, എം.ബി.ബി.എസ് കഴിഞ്ഞ് റിസ്ക്കെടുക്കുവാൻ തയ്യാറാവാതെ ബെറ്റിങ്ങ് ക്ലബ്ബിൽ ഉദ്യോഗം നോക്കുന്നവനും, എഞ്ചിനീയറിങ്ങ് കഴിഞ്ഞ് മലയാളി കടയിൽ മുടിവെട്ടാൻ നിന്ന് ലക്ഷക്കണക്കിന് സമ്പാധിക്കുന്ന മലായാളികളായ മിത്രങ്ങളും ഈ ഗണത്തിൽ പെട്ടവർ തന്നെയാണ് കേട്ടൊ.

അതുപോലെ തന്നെ ഈ മണ്ടനും യാതൊന്നിലും ഉറച്ചുനിൽക്കുന്ന സ്വഭാവം ഇല്ലാത്ത കാരണം ഇവിടെ വന്നശേഷം പഴകമ്പനി,സൂപ്പർ മാർക്കറ്റ്,ബേക്കറി,വെയർ ഹൌസ് ,സിനിമാ കൊട്ടക, റെയിൽവേ,സെക്യൂരിറ്റി അങ്ങിനെ കുറെ പണികൾ ചെയ്തുകൂട്ടി....

അവസാനം ഏറ്റവും കൂടുതൽ ഉറച്ചുനിന്നതും ഈ പാറാവുപണിയിൽ തന്നെ.....
ഏത് സ്ഥാപനത്തിൽ ജോലിചെയ്യുമ്പോഴും മേധാവി മുതൽ കീഴാളൻ വരെയുള്ളവരെ റിസപ്ഷൻ ഓഫീസിലിരുന്ന് പരിശോധിക്കാനുള്ള അധികാരം,നൈറ്റ് വർക്കുകളിൽ വെറുതെ സി.സി.ടീ.വി വാച്ച് ചെയ്തിരുന്ന്, ബൂലോഗം മുഴുവൻ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പോരാത്തതിന് ഏതുജോലിയിലും മടുപ്പുളവാതിരിക്കാൻ , ഒരു ഓപ്പോസിറ്റ് സെക്സ് പാർട്ട്നറെ കൂടി അനുവദിക്കുന്ന ഇവിടത്തെ ജോലിവ്യവസ്ഥകൾ,...,...
ഇതെല്ലാമായിരിക്കാം എന്നെപ്പോലുള്ളയൊരുവന് ഈ ജോലിയിൽ തുടർന്നുപോകുവാനുള്ള താല്പര്യങ്ങൾ കേട്ടൊ.

കൂടാതെ സെക്യൂരിറ്റി  ഇൻഡസ്ട്രി അതോറട്ടിയുടെ അംഗീകാരമുള്ള കമ്പനികളും, പോലീസുമായുള്ള പാർട്ണർഷിപ്പും,നല്ല വേതനവും,മെയ്യനങ്ങാത്ത പണിയും കൂടിയാകുമ്പോൾ എന്നെപ്പോലെയുള്ള കുഴിമടിയന്മാരുടെ സ്ഥിതി പറയാനുണ്ടോ !

ചിലപ്പോൾ ജോലിക്കിടയിൽ ചില പുലിവാലുകളും പിടിക്കാറുണ്ട് കേട്ടൊ.

പണിപോയ ശേഷം പിന്നീട് കിട്ടിയ സെക്യുരിറ്റി കമ്പനിയിൽ സ്ഥിരം നൈറ്റ് ഡ്യൂട്ടി എടുക്കുന്ന സമയത്ത് ഒരു മാസം മുമ്പ് മുഹമ്മദ്കുട്ടി സാഹിബിന്റെ ‘ജലസേചനം- ഓട്ടോമറ്റിക്’, ചാണ്ടികുഞ്ഞിന്റെ ‘വെടിക്കഥ...ഒരു തുടർക്കഥ’ മുതൽ , കുറെ ഞാൻ വായിച്ച് അഭിപ്രായമിട്ട കുറെ പോസ്റ്റുകളുടെ പ്രിന്റെടുത്തിട്ട് , പിറ്റേന്ന് ഓഫീസ് മേധാവി മദാമ്മയുടെ വക കണ്ടമാനം ചോദ്യം ചെയ്യലുകൾ ...

അവർക്കറിയാത്ത ഭാഷയിൽ , തോക്കിന്റെ പടവും,ജലസേചനത്തിന്റെ സ്കെച്ചുമെല്ലാം കണ്ടപ്പോൾ അവൾക്ക് ഞാൻ വല്ല തീവ്രവാദി ഗ്രൂപ്പിൽ പെട്ടവനോ ,ഭീകരനോ ,പാക്കിയോ,..മറ്റോ ആണെന്നുള്ളൊരു സംശയം ?

അനേകം ചോദ്യങ്ങളുടെ രീതി കേട്ട് , സത്യം മനസ്സിലാക്കി കൊടുക്കുവാൻ അവസാനം ആ മദാമപ്പെണ്ണിന് എനിക്കെന്റെ പേന്റ്സിന്റെ സിബ്ബൂരി, ശരിക്ക് കാണിച്ചുകൊടുക്കേണ്ടി വന്നു ! !
 പുതിയ ബോസ്സും സഹപ്രവർത്തകയും..!
എന്തിന് പറയുന്നു അന്നുമുതൽ എന്റെ പണി അവളോടൊപ്പം കണ്ട്രോൾ റൂമിൽ...
പണിയോടു പണി...
മനുഷ്യനൊരു വിശ്രമം വേണ്ടെ  ...!
എന്തുചെയ്യാം ചാണ്ടിച്ചൻ അവിടെ വെടി പൊട്ടിച്ചപ്പോൾ ഇവിടെയെന്റെ
വെടി തീരുമെന്ന് ഞാൻ കരുതിയൊ ?
എന്തായാലും ഞാൻ ഈ താൽക്കാലിക പണി വിടാൻ പോകുകയാണ് കേട്ടൊ.

ഈ പണിയോടനുബന്ധിച്ച്  എന്റെ പഴയൊരു പ്രശ്നകവിത ഖണ്ഡകാവ്യമായി എഴുതിയത് ഒർമ്മവരികയാണ്.ഇതിവൃത്തം   ഒരു കവിയും,കവിയത്രിയും ആദ്യമായൊരു കവിയരങ്ങിൽ വെച്ച് കണ്ട്മുട്ടുകയാണ്.
തുടക്കം  ഇങ്ങിനെയാണ്...

കവിയരങ്ങതുകഴിഞ്ഞു , ആളൊഴിഞ്ഞു
വിവരങ്ങളെല്ലാമിനിയെഴുതിയയക്കാം ;
അവചിട്ടവട്ടങ്ങളായി പരസ്പരം നമുക്കീ
ജീവിതാവസാനംവരെയെന്ന് ചൊല്ലിപ്പിരിഞ്ഞു...

പിന്നെ അവരുടെ പ്രണയവല്ലരി മുളപൊട്ടി വിടർന്നുവരുന്ന വർണ്ണനകളാണ്
.......................................................................
......................................................................
പിന്നീടവർ കൂടുതൽ കൂടുതലടുത്ത് പ്രണയം പൂത്തുലഞ്ഞ് ഇണപിരിയാത്ത മിത്രങ്ങളെപ്പോലെയായി.
വേറൊരു കണ്ടുമുട്ടലിൽ അവർ രണ്ടുപേരും ശരിക്കും കൂടിച്ചേർന്നു.
.......................................................................
.......................................................................
ശേഷം അവസാന വരികൾ ഇങ്ങിനെ....


രാസകേളിക്കൊടുവിൽ കവി ചോദിച്ചീടുന്നു...
മതിയോ നിനക്കോമലേ..എൻ പൂ തിങ്കളേ ?
കവിയത്രിയപ്പോൾ മെല്ലെയോതിയിങ്ങനേ...
മതിയോ നിനക്ക്...,മതിയോ നിനക്ക്..വേഗം !

എന്താണ് കവയത്രിയും അങ്ങിനെ തന്നെ പറഞ്ഞത് ?
പ്രശ്നോത്തരം അഭിപ്രായപ്പെട്ടിയിൽ  ചേർത്തിട്ടുണ്ട്...കേട്ടൊ

ഇത്തരം ക്രിയാത്മകരചനകളും, തനി പാരഡി ഗാനങ്ങളൊന്നും ഇപ്പോഴില്ല കേട്ടൊ.
അതുപോലെ ചൊറിച്ചുമല്ലുകളും മറ്റും ഉപേഷിച്ച് ബൂലോഗത്തിൽ നല്ല പിള്ള ചമഞ്ഞ് ഇങ്ങനെ വാഴുകയാണ്.അതും ഈ ബിലാത്തിയിലെ സെക്യൂരിറ്റി പണിയുടെ മഹിമകൊണ്ട് ....
ഈ പണിയല്ലെങ്കിൽ എന്റെ ബ്ലോഗ്ഗിൽ ഇത്ര രചനകളും,
ബൂലോഗത്തിൽ  എന്നിൽ നിന്നും ഇത്രയധികം അഭിപ്രായങ്ങളും വരില്ലായിരുന്നു.....!
മറ്റുള്ള ബിലാത്തിബൂലോഗരെ പോലെ പണിയും,എഴുത്തുമൊക്കെയായി വട്ടം കറങ്ങിയേനെ.....!

രണ്ടുകൊല്ലം മുമ്പ്  ഈസ്റ്റ്ലണ്ടൻ റെയിൽവേയുടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി പണിചെയ്തുകൊണ്ടിരിക്കുമ്പോൾ  ഒരു കവിതപോലെയെന്ന് കരുതി ഞാനെഴുതിയ കുറച്ചുവരികളാണ് താഴെ....
സെക്യൂരിറ്റി ഗാർഡ്  / SECURITY GUARD


സെക്യൂരിറ്റി ഗാർഡ്
പണം,പദവി,പെരുമയെന്നിവയെവിടയുണ്ടോയവിടെ
കാണാം പാറാവ്-കാവല്‍ ഭടന്മാരെ ചുറ്റുവട്ടങ്ങളില്‍ ,
പണിയുന്നീപാവം പാറാവ് കരെനെന്നും രാപ്പകല്‍
പണത്തിനായ്  മണിക്കൂറുകൾ പരിഭവമേതുമില്ലാതെ ;


പണിയിതെന്നും കാവൽ ,പണിയോ വെറും മടുപ്പ് ;
പകലും രാവും മുഴുവന്‍ നിൽപ്പും ഇരിപ്പും മാത്രം ,
പകലില്‍ പൊരിവെയിലത്തും,പെരുമഴയത്തും,
പാതിരായില്‍ കൊടുംമഞ്ഞിലും ഒറ്റക്കിരുന്നവർ...


പണിയെടുക്കുന്നോരോ ദിനങ്ങളിലും, മുടക്കങ്ങൾ
പാറാവിനില്ലെത്രെ , വിശേഷങ്ങളുമാഘോഷങ്ങളും.
പന്ത്രണ്ടു മണിക്കൂറിന്‍ വേതനം ലക്ഷ്യമിട്ടവന്‍ ,
പകലന്തികളില്‍ ഏതിനും സംരക്ഷണമേകി...


പാതിരാവിലവർക്ക് കൂട്ടിന് താരംപോല്‍ മിന്നിമറയും
പറക്കും വീമാന കണ്ണുകള്‍ ..., പകലിലോയവ വെറും
പറവകള്‍ കൂട്ടം തെറ്റി പാറിപറക്കും പോലവേ...! 
പാറാവ് മേലാള്‍ക്കിവിടെ ഒരു വന്‍ വ്യവസായം.


പാറാവ് കാരനേവര്‍ക്കുമൊരുഗ്രന്‍ കാവല്‍ നായ
പരിശോധന,പലവിധം ഒത്തു നോക്കലുകള്‍ ....
പണിചെയ്യുന്നയീ പരിശോധകനോടേവര്‍ക്കും
പുച്ഛം..., വണക്കം പറഞ്ഞു വരവേല്‍ക്കുമ്പോള്‍ പോലും!


പരിതാപം ഈ കാവല്‍ ഭടനുമാത്രമെന്നുമെന്നും,
പകയില്ലാതെ സുസ്മേരനായി എന്നുമീയുലകം ,
പലകാലമായി ഒരു പരിഭവവുമില്ലാതെയവർ
പരിരക്ഷിച്ചിടുന്നു..., ശ്രീപരമേശ്വരനെപോല്‍ !!!



ലോകം മുഴുവനുമുള്ള കാവല്‍ഭടന്മാര്‍ക്ക് വേണ്ടി
ഈ ‘മണ്ടൻവരികള്‍‘ സമര്‍പ്പിക്കുന്നു .
പിന്നീട് ഇതിന് സമാനമായ ഒന്ന്
ആംഗലേയത്തിൽ എഴുതപ്പെട്ടത്‌ താഴെ കുറിക്കുന്നു .
ഒരു സെക്യൂരിറ്റി കണ്ട്രോൾ റൂം


SECURITY GUARD


Security hours are Twelve a Day,
Well,they are here anyway-
Seven in the morning, Till Seven at night.
It is so hard to stay alert and bright....
Greeting the visitors ,Checking the pass ,
Being treated like you are Second class
"Why do we do it"  Some will say :
Well , it certainly.., Is not the Rate of pay !

അല്ലാ...
കുറച്ചൊക്കെ ഒരു ഇമ്പ്രൂവ്മെന്റ്  വരുന്നുണ്ടൊ എന്റെ കൂട്ടരേ
ശരിക്കഭിപ്രായിച്ചോണം ..കേട്ടൊ


ലേബൽ :-
കവിത .

Saturday 30 October 2010

ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Kocchu Kocchu Parichayappetutthalukal !

തെരെഞ്ഞെടുപ്പിന് ശേഷം നാട്ടിലെ ത്രിതല പഞ്ചായത്തുകളിൽ ത്രിവർണ്ണപതാകകൾ പാറിപറന്നപ്പോൾ അതിനെ പുകഴ്ത്തിപ്പറയാനും,ഇകഴ്ത്തി പറയാനും,വിലയിരുത്താനും അങ്ങകലെ ഇവിടെ ലണ്ടനിലും രാഷ്ട്രീയബോധമുള്ള മലയാളികൾ ഒത്തുകൂടി ചർച്ചകൾ സംഘടിപ്പിച്ചു ...!

മലയാള ഭാഷയ്ക്ക് വീണ്ടും ജ്ഞാനപീഠം  പുരസ്കാരം  നേടിതന്ന ഒ.എൻ.വി.കുറിപ്പിനെ അനുമോദിക്കുവാനും,അദ്ദേഹത്തിന്റെ കവിതകളും,പാട്ടുകളും ആലപിച്ച് ചർച്ചകൾ നടത്താനും വിവിധ സ്ഥലങ്ങളിലായി ഏഴുപരിപാടികളാണ് ഈയിടെ ലണ്ടനിൽ തന്നെ നടന്നത്..!

അത്പോലെ കവി അയ്യപ്പേട്ടൻ, തന്റെ വിഖ്യാതമായ അയ്യപ്പൻപ്പാട്ട് നിറുത്തി നമ്മേ വിട്ട് വേർപ്പെട്ട് പോയപ്പോഴും അദ്ദേഹത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാൻ ലണ്ടൻ മലയാളികൾ ഒത്തുകൂടി..കേട്ടൊ
 ലണ്ടനിലെ ചില കൊച്ച് കൊച്ചു സാഹിത്യസദസ്സുകൾ ...
നാഷ് റാവുത്തർ,ഫ്രാൻസീസ്  ആഞ്ചലോസ്,സിസിലി,ഗിരിജ,വക്കം സുരേഷ്,സുധീർ&സുഗതൻ
നിങ്ങളെല്ലാം കരുതുന്നുണ്ടാവും  ഇവന്മാർക്കും, ഇവളുമാർക്കുമൊക്കെ
ഇതെങ്ങെനെ പറ്റ്ന്ടമ്മാ‍..എന്ന്  ?

അതാണ്...
ദി  ലണ്ടൻ മല്ലൂസ് മാജിക് ..!

ഈ ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഈ ഭൂലോകത്തിൽ ലണ്ടൻ
എന്ന ഈ ബിലാത്തിപട്ടണം ഉണ്ടായിരുന്നു....
കഴിഞ്ഞ പത്തെഴുപത്  കൊല്ലമായി മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് കുടിയേറിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ ഉണ്ടായത് പിന്നീട് കുറെ വർഷങ്ങൾക്ക്  ശേഷമാണ് ....
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി....
അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ....

അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!

ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...

ഓരൊ പ്രവാസസമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ
ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , മറ്റുഎല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ
തന്നാലയവിധം കാഴ്ച്ചവെച്ച്  ഗൃഹതുരത്വസ്മരണകൾ എന്നും അന്യനാട്ടിലും നിലനിർത്തികൊണ്ടിരിക്കുന്നത്...

അതെ ലോകത്തിന്റെ , സാംസ്കാരിക പട്ടണമായ ഈ ബിലാത്തിപട്ടണത്തിലും അത്തരം മലയാളത്തിനെ സ്നേഹിക്കുന്ന ഇത്തരം കൊച്ചുകൊച്ചുകൂട്ടായ്മകൾ, അന്ന് തൊട്ടേയുണ്ടായിരുന്നൂ‍.
ആയത് കൊല്ലം തോറും തഴച്ചുവളർന്നു പന്തലിച്ചു.

ഈ തണലിൽ സ്വന്തം തട്ടകങ്ങളിൽ പേരെടുത്ത് പല പല ഉസ്താദുകളുംവളർന്നുവന്നു...
 മുൻ നിരക്കാർ..
പാർവ്വതീപുരം മീര,മണമ്പൂർ സുരേഷ്,ഫ്രാൻസീസ് ആഞ്ചലോസ് & ഫിലിപ്പ് എബ്രഹാം
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നമ്മുടെ ടീ.വി.ചാനലുകളും, ഓൺ-ലൈൻ പത്രങ്ങളും നാട്ടറിവുകൾ മുഴുവൻ അപ്-ടു-ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഒപ്പം തന്നെ  ഇവിടെയുള്ള മലയാളികൾക്ക് നാടിന്റേയും , ഇവിടെത്തേയും അപ്പപ്പോഴുള്ള ഓരൊ സ്പന്ദനങ്ങളും കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന വളരെ സ്വതന്ത്രമായ / സ്വന്തമായ പത്രപ്രവർത്തനങ്ങളിലൂടെ മറ്റുരക്കുന്ന ചിലരേയും ഈ വേളയിൽ പരിചയപ്പെടുത്തേണ്ടതുണ്ട്...
സാഹിത്യത്തിന് എന്നും ഊന്നൽ നൽകുന്ന അലക്സ് കണിയാമ്പറമ്പിലിന്റെ ബിലാത്തി മലയാളി ,
ലണ്ടനിലെ ഏതൊരു പരിപാടിയിലും നേരിട്ട് വന്ന് പിന്നീടതിനെ കുറിച്ച് സുന്ദര വാർത്തകളാക്കി മാറ്റുന്ന  ഫിലിപ്പ് എബ്രഹാമിന്റെ കേരള ലിങ്ക് ,
പത്രപ്രവർത്തന രംഗത്ത് പരിചയ സമ്പന്നനായ ,യു.കെയിൽ നിന്നുപോലും ആയതിൽ അംഗീകാരം കരസ്ഥമാക്കിയ രാജഗോപാലിന്റെ യു.കെ.മലയാളി കോം  ,
കേരള കൌമുദി ലേഖകൻ മണമ്പൂർ സുരേഷിന്റെ വാർത്താപത്രികകൾ  ,
ജോജു ഉണ്ണി അണിയിച്ചൊരുക്കുന്ന  യു.കെ.മലയാളി,
കുറച്ച് പൊടിപ്പും ,തൊങ്ങലുമൊക്കെയായി രംഗത്തിറക്കുന്ന നല്ല വായനക്കാരുള്ള ഷാജൻ സ്കറിയയുടെ  ബ്രിട്ടീഷ് മലയാളീ എന്നീ പത്രങ്ങളും ഈ മാജിക് സംരംഭത്തിന് അണിയറയൊരുക്കുന്നവർ തന്നെയാണ്.....
 പ്രസന്നേട്ടൻ,പ്രദീപ്,മനോജ്,റെജി,വക്കം സുരേഷ്കുമാർ 
പിന്നിൽ മീരയും,അശോക് സദനും,ശശിയും
ഒപ്പം ലണ്ടൻ മലയാളസാഹിത്യവേദിയിലൂടെ റെജി നന്തികാട്ട് നടത്തുന്ന കലാസാഹിത്യ സദസ്സുകളിലൂടെയും...
ബിലാത്തി മല്ലു ബ്ലോഗേഴ്സ്സെല്ലാമുള്ള ബിലാത്തി ബൂലോഗർ  മുഖാന്തിരവും
ലണ്ടൻ മലയാളികളെല്ലാം എന്നും നാട്ടിലെപ്പോലെ തന്നെ എല്ലാ മലയാളി വിശേഷങ്ങളും , വാർത്തകളും അപ്പപ്പോൾ തന്നെ തൊട്ടറിഞ്ഞുകൊണ്ടിരിക്കുകയാണ് ഇവിടെ !

അതേ പോലെ തന്നെ കലാ-സാംസ്കാരികരംഗത്തും ഇവിടെ  കുറെപേർ ഉണ്ട് കേട്ടൊ..
 വെട്ടൂർ ജി.കൃഷ്ണകുട്ടിയങ്കിൾ
അമ്പതുകൊല്ലത്തോളമായി ലണ്ടനിലുള്ള കവിയും,നാടകക്കാരനും,കലാകാരനുമായ ആയിരം പൂർണ്ണചന്ദ്രമാരെ നേരിൽ കണ്ട വെട്ടൂർ കൃഷ്ണന്‍കുട്ടിയങ്കിളാണ് ഇവിടെയിപ്പോഴുള്ള അത്തരത്തിലുള്ള ഒരു  കാരണവർ.എല്ലാത്തിനും ഞങ്ങളെക്കാളേറെ യൌവ്വനമുള്ള ഒരു മനസ്സുമായ് മുന്നിട്ടിറങ്ങുന്ന ഒരു സാക്ഷാൽ കലാകാരൻ...!
പൊതുപ്രവർത്തകയും ആദ്യത്തെ മലയാളി ലണ്ടൻ കൌൺസിലറും, ഒരിക്കൽ  സിവിക് അംബാസിഡർ പദവികൂടിയലങ്കരിച്ച ഡോ: ഓമന ഗംഗാധരൻ,
നാടക സവിധായകനും,എഴുത്തുകാരനും,കലാകാരനുമായ കേളിയുടെ അധിപൻ ശശി കുളമട,
 പ്രൊ: ആർ.ഇ.ആഷറോടൊത്ത്
മലയാളത്തിൽ നിന്നും പ്രമുഖ ഗ്രന്ഥങ്ങൾ ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്ത വെള്ളക്കാരനായ പ്രൊ: ആർ.ഇ.ആഷർ ,
 4M's വിദ്യാരംഭം ചടങ്ങ് ..!
സൌദിയിൽ നിന്നും വന്ന് ലണ്ടനിൽ കുടിയേറിയ പ്രവാസി എഴുത്തുകാരനായ കാരൂർ സോമൻ, മലയാളികളുടെ സാംസ്കാരികനായകത്വം വഹിക്കുന്ന 4M കോർഡിനേറ്റർ പ്രസന്നേട്ടൻ,
പ്രാസംഗികരും,എഴുത്തുകാരുമായ ഹാരീസും,മുരളി വെട്ടത്തും,വിജയകുമാർ പിള്ളയും,
എഴുത്തുകാരനും ,കോളേജദ്ധ്യാപകനുമായ ഫ്രാൻസിസ് ആഞ്ചലോസ്,
 ആലാപനം/സംഗീതം ബൈ പ്രിയൻ പ്രിയവ്രതൻ
സംഗീതതിന്റെ ഉപാസകരായ ആൽബർട്ട് വിജയൻ, വക്കം സുരേഷ്കുമാർ,പ്രിയൻ പ്രിയവ്രതൻ ,
നല്ലലേഖനങ്ങളാൽ പേരെടുത്ത ഡോ: ആസാദ്,ഡോ:അജയ് ,
കഥകളെഴുതുന്ന ഷാജി,സുബാഷ്,മനോജ് ശിവ,പ്രിയ,സാബു,...,..,..
കവിതകളുടെ തമ്പുരാട്ടി പാർവ്വതീപുരം മീര,ധന്യാവർഗ്ഗീസ്,സുജനൻ ,...,..
സാഹിത്യത്തിന്റെ ഭാവിയിലെ വാഗ്ദാനമായ പതിമൂന്നു വയസ്സുകാരിയായ അമ്മു...അങ്ങിനെനിരവധി പേർ....
നമുക്ക് അവരെ ചിലരെയൊക്കെ ഒന്ന് പരിചയപ്പെട്ടാലോ..

എഴുത്തുകാരിയും ഗാനഗന്ധർവ്വനും 
ആദ്യം ഡോ: ഓമന ഗംഗാധരനിൽ നിന്നും തുടങ്ങാം ..അല്ലേ
ഇതിൽ തീരെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരാളാണ് കഴിഞ്ഞ മുപ്പത്തിയെട്ടുവർഷമായി ലണ്ടനിലുള്ള ഡോ: ഓമന ഗംഗാധരൻ...
കവിതകൾക്കും,ലേഖനങ്ങൾക്കും പുറമേ ഒരു യാത്രവിവരണം കൂടി എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ, പതിനാലോളം നോവലുകൾ എഴുതിയ ഈ സാഹിത്യകാരി..എന്നും പ്രണയം ചാലിച്ചെഴുതുന്നവൾ !
മഴ പെയ്തുതോർന്നപ്പോൾ പാതവക്കത്തിരിക്കുന്ന തണുത്തുമരവിച്ച പറക്കാൻ കഴിയാത്ത പക്ഷിയേപ്പോലെയാണ്, ഡോക്ട്ടറുടെ കഥാപാത്രങ്ങൾ, തന്റെ പ്രണയിയുടെ അടുത്തെത്താൻ കഴിയാതെ  ഭാരമുള്ള ചിറകുകളുമായി അത് നിശബ്ദം കേഴുന്നു ..
ആ പക്ഷിയേ പോലെ വിരഹാതുരമായ കരച്ചിലുള്ള കഥാപാത്രങ്ങളാണ് സിന്ധുഭൈരവി പോലെ ഒഴുകിപ്പടരുന്നത് .
മണിവത്തൂരിലെ ആയിരം ശിവരാത്രികളിലൂടേയും(സിനിമയും ആയിട്ടുണ്ട്),ഇലപൊഴിയും കാലത്തിലൂടേയുമെല്ലാം മലയാളനോവൽ സാഹിത്യത്തിൽ കൂടി വായനക്കാർ ഉന്നതങ്ങളിലെത്തിച്ച എഴുത്തുകാരി.
ലണ്ടനിലെ പൊതുപ്രവർത്തകയും, ലേബർ പാർട്ടിയുടെ കൌൺസിലറുമായ  ഓമനേച്ചിയുടെ പുതിയ നോവലായ ‘പാർവ്വതീപുരത്തെ സ്വപ്നങ്ങളുടെ’ കൈയ്യെഴുത്തുപ്രതി എനിക്ക് വായിക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് കേട്ടൊ
 കാരൂർ സോമനും ഒരു സാഹിത്യചർച്ചയും
 ഇനി കാരൂരിനെ പറ്റിയാവാം..
അതുപോലെ തന്നെ ഈ പ്രവാസിസഹിത്യകാരനായ കാരൂർ സോമനും , സൌദിവിട്ട ശേഷം കഴിഞ്ഞ ഏഴുവർഷമായി താവളമുറപ്പിച്ചിരിക്കുന്ന തട്ടകവും ഈ ബിലാത്തിപട്ടണം തന്നെയാണ് കേട്ടൊ.
സാഹിത്യത്തിന്റെ എല്ലാമേഖലകളിലും കൈവെച്ചിട്ടുള്ള ഈ ഫുൾടൈം എഴുത്തുകാരനായ ഞങ്ങളെല്ലം ഡാനിയൽ ഭായ് എന്നുവിളിക്കുന്ന ഇദ്ദേഹത്തെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി.
 മീരയും കൃഷ്ണകുട്ടിയങ്കിളും ശശി കുളമടയും
അടുത്ത താരം പാർവ്വതീപുരം മീരയാണ്...
മീരയുടെ കവിമനസ്സിലൊരു ത്രിവേണി സംഗമമുണ്ട് -മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലെ കാവ്യ സംസ്കാരസമന്വയമാണത്. അതിന്റെ അന്തർലാവണ്യംകൊണ്ട് ധന്യമാണ് മീരയുടെ കവിതകൾ.

“മാനം കാണാപ്പെൺപൂവ്
മാരൻ കാവിലിളം പൂവ്
നാടൻ പാട്ടിന്നല്ലികൾ നുള്ളി-
ത്താനെ പൂത്തൊരകം പൂവ് “

‘പെൺ ചില്ല’ എന്ന കവിതയിലെതാണീ വരികൾ. മലയാളവും, തമിഴും ഒപ്പം പുലർത്തുന്ന ദ്രാവിഡത്തനിമയുടെ താളവും ശൈലികളും ഈ കവിതയിലുണ്ട്.
ഹൃദയ  സാഗരം എന്ന കവിതയിലെ വരികൾക്ക് സംസ്കൃതമലിഞ്ഞുചേര്‍ന്ന മലയാളത്തിന്റെ കാന്തിയുണ്ട്... നോക്കു

‘പാടുന്നിതെൻ സാഗരം മധുര വിരഹം...
...ശാന്തം നിസാന്ത നിമിഷം പ്രണയഗന്ധം’

അതേസമയം’ജിബ്രാന്റെ മണിയറയിൽ’ എന്ന കവിതയിലെ ബിംബങ്ങളുടെ പാരസികകാന്തിയാവട്ടെ ഇംഗ്ലീഷ് കവിതകളിലൂടെ നമ്മുടെ ആസ്വാദന തലത്തിലേക്ക് പെയ്തിറങ്ങിയതാണ്...

‘അവനുമുന്നിൽ സ്നേഹത്താൽ നീ
വിവസ്ത്രയാകൂ !
അവനുമുന്നിൽ ദാഹത്താൽ നീ
യോർദാൻ തിരയാകൂ...’

എന്നുവായിക്കുമ്പോൾ,നിങ്ങൾ ലെബനനിലെ ഏതോമുന്തിരിത്തോപ്പിലിരുന്ന് സോളമന്റെ ഗീതങ്ങൾ കേൾക്കുമ്പോഴുള്ള അനുഭൂതിക്കു അവകാശിയാകുന്നു.

ഹൃദയത്തിന്റെ  കിളിവാതിലുകളെല്ലാം തുറന്നിട്ട്,അതുവഴി വന്നെത്തുന്ന കാലത്തിന്റെ സംവേദനങ്ങളും,സന്ദേശങ്ങളുമെല്ലാം ഏറ്റുവാങ്ങി,പ്രത്യക്ഷത്തിൽ വെളിച്ചം വെണ്മയാണെങ്കിലും അതിൽ നിർലീനമായിരിക്കുന്ന വർണ്ണരാജിയെ കണ്ടെത്താനും,കാട്ടിക്കൊടുക്കുവാനും തന്റെ കവിതയ്ക്ക് ആകുമെന്ന് തെളിയിച്ചുകൊണ്ട്, മീര ഇനിയുമിനിയും നമ്മളോടൊപ്പം നിന്നു പാടട്ടെ !

ആ പാട്ടിൽ പൊങ്കലിന്റേയും,പൊന്നോണത്തിന്റേയും നാടുകളിലെ മാത്രമല്ല,ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹർഷ വിഷാദങ്ങളും,ഉന്മേഷങ്ങളും ,ഉത്കണ്ഠകളും ,ആത്മദാഹങ്ങളും മൌലികശൊഭയോടെ പൂത്തുലയട്ടെ!

ഈ പറഞ്ഞതെല്ലാം നമ്മുടെ പ്രിയ കവി ഒ.എൻ.വി.സാർ,
മീരയെ ആശീർവദിച്ച് എഴുതിയതാണ് കേട്ടൊ .

തമിഴിൽ നിന്നും പ്രസിദ്ധകവി  ബാലയുടെ ‘ഇന്നൊരു മനിതർക്ക് ‘എന്ന ബുക്ക് , പിന്നെ നീല പത്മനാഭന്റെ എതാനും കവിതകൾ എന്നിവ മലയാളത്തിലേക്കും, നമ്മുടെ ‘ജ്ഞാനപ്പാന‘ തമിഴിലേക്കും പരിഭാഷപ്പെടുത്തിയതും ഈ പാർവ്വതീപുരം കാരിതന്നെയാണ് കേട്ടൊ.
ഇപ്പോൾ ഒ.എൻ.വി യുടെ ചില പുസ്തകങ്ങൾ തമിഴിലേക്കും, ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തി കൊണ്ടിരിക്കുന്നു.
പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച മീരയുടെ 32 കവിതകളുടെ സമാഹാരമാണ്
‘സ്നേഹപൂർവ്വം കടൽ’ എന്ന പുസ്തകം .
ഏതാണ്ടൊരു ദശകമായി ലണ്ടനിലെ ഏതൊരു മലയാളി സാംസ്കാരിക പരിപാടികളിലും അവതാരകയായും,പ്രഭാഷകയായും, കവിതയാലപിച്ചുമെല്ലാം സദസ്സിനെ മുഴുവൻ കൈയ്യിലെടുത്ത് അമ്മാനമാടുന്ന പുത്തൻ സാഹിത്യപ്രതിഭയാണ് പാർവ്വതീപുരം മീര എന്ന എന്റെ മിത്രം....
കൂട്ടുകാരനായ തബലിസ്റ്റും,സംഗീതജ്ഞനും,കഥാകാരനും,ബ്ലോഗറുമായ മനോജ് ശിവയുടെ പ്രിയ സഖിയാണീ പാർവ്വതീപുരം മീര   കേട്ടൊ
 ലണ്ടൻ സാഹിതീസഖ്യങ്ങൾ
ഇനിയിത്തിരി മനോജ് ശിവയെ കുറിച്ച് ...
ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഈ മനോജ്  ഇവിടെ ചുക്കില്ലാത്ത കഷായം പോലെയാണ് !
സംഗീതം തപസ്യയാക്കിയ ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല എല്ലാ ഏഷ്യൻ സംഗീതപരിപാടികളിലും സുപരിചിതനാണ്.എല്ലാതരത്തിലും ഒരു സകലകലാവല്ലഭൻ തന്നെയായ ഈ കലാകാരൻ കൊടിയേറ്റം ഗോപിയുടേയും,കരമന ജനാർദന നായരുടേയും ബന്ധു കൂടിയാണ്. ഈ മനോജും നന്നാ‍യി തന്നെ കവിതയും,കഥയുമൊക്കെ എഴുതിയിട്ട് ലണ്ടനിലെ എല്ലാമല്ലു മാധ്യമങ്ങളിലും പ്രസിദ്ധനാണ് കേട്ടൊ.

ഈ മണ്ടൻ , ലണ്ടങ്കാരെ കുറിച്ചെഴുതി വല്ലാതെ ബോറടിപ്പിച്ചു അല്ലേ ...

എന്നാൽ ഇനി തൽക്കാലം നിറുത്താം ....അല്ലേ !




ലേ :‌-
ക .

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...