Thursday 28 January 2010

പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !

ഇത് മോളികുട്ടിയുടെ കഥയാണൊ,അഥവാ തോമാസ്സിന്റെ കഥയാണൊ
എന്നെനിക്ക് വല്ലാത്തൊരു സംശയമുണ്ട്. അതിന് കഥപറയുവൻ ഞാനൊരു
കഥാകാരനൊ മറ്റോ അല്ലല്ലൊ...വെറും ഒരു ബൂലോഗൻ.
ഈ കഥാപാത്രങ്ങളാണെങ്കിലൊ  ഇവിടെ ലണ്ടനിലുള്ള എന്റെ മിത്രങ്ങളും.
അതെ ഞാൻ വെറുതെ ഒന്ന് എത്തിനോക്കുകയാണ് അവരുടെ ഉള്ളുകള്ളികളിലേക്ക്,
തീർത്തും അവരുടെ പൂർണ്ണസമ്മതത്തോടുകൂടിയാണ്, കേട്ടൊ .

മോളികുട്ടി ജോലിചെയ്യുന്ന ആശുപത്രി
ഏതാണ്ട് അഞ്ചുകൊല്ലം  മുമ്പ്, ഒരുമലയാളി സംഗമത്തില്‍ വെച്ചാണ്
മോളികുട്ടിയെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത് . അവിടെ വെച്ചന്ന്  പരിചയപെടുത്തിയ
അവളുടെ ഭര്‍ത്താവ് തോമസ് മാത്യു  ഇന്നും എന്‍റെ ഒരു നല്ല സുഹൃത്ത് തന്നെയാണ് .
പതിനെട്ടുകൊല്ലം മുമ്പ് നാട്ടിലെ ‘എലൈറ്റ് ആശുപത്രിയില്‍ ‘
വെച്ച് കണ്ടുമുട്ടിയ വളരെ ചുറുചുറുക്കുള്ള, കുറച്ചുചുരുണ്ടമുടിയുള്ള ,
നീണ്ടമൂക്കും ,നുണക്കുഴിയുമുള്ള നഴ്സിംഗ് സ്റ്റുഡന്റ് ആയി അവിടെ
പഠിച്ചിരുന്ന മോളികുട്ടിയില്‍നിന്നും,  അനേകം മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍
സാധിച്ചു എനിക്കപ്പോള്‍ അവളെ കണ്ടപ്പോള്‍ .
രക്തം ഇറ്റുവീഴുവാന്‍ പോകുന്ന കവിളുകളും ,
ബോബ്  ചെയ്തമുടിയും , ശരീരത്തിന്റെ വശ്യതയും ,
എല്ലാംചേര്‍ന്നു കൂടുതല്‍ സുന്ദരിയായി തീര്‍ന്നിരിക്കുന്നു അവള്‍ .
ഒപ്പം വളരെ നല്ല ആംഗലേയവും നല്ല  പക്വതയാര്‍ന്ന പെരുമാറ്റവും.

അന്ന് എലൈറ്റാശുപത്രിയിലെ  നേഴ്സിങ്ങ് സ്കൂളിലേക്ക്
പലചരക്കുകള്‍ സപ്ലൈ ചെയ്തിരുന്ന ഞാന്‍ ,മെസ് ലീഡറായിരുന്ന
ഇവരെയെല്ലാം കൊണ്ടു പോയി വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും  ‘ഹാം ബര്‍ഗ്ഗര്‍ ‘വാങ്ങികൊടുത്ത കഥയും മറ്റും (സപ്ലൈയ് ചെയ്യുന്ന സാധനങ്ങള്‍ക്ക് കുറ്റം പറയാതിരിക്കാനുള്ള
ഒരു മണിയടിയായിരുന്നു കേട്ടോ ) അപ്പോള്‍ തോമസിനോട് ചിരിച്ചുകൊണ്ടവൾ വിശദീകരിച്ചു .

അതിനുശേഷം പലപ്പോഴും ഞങ്ങള്‍ കുടുംബസമേധം
ഒത്തുകൂടാറുണ്ട് കേട്ടൊ , അല്ലാതെ ഫോണില്‍ കൂടിയും.
എന്തു കാര്യത്തിനും തോമസ്‌ എന്നെ വിളിച്ചിരിക്കും.
കഴിഞ്ഞവര്‍ഷം അവരുടെ താഴെയുള്ള മകളുടെ ,ഗംഭീരമായി
ആഘോഷിച്ച അഞ്ചാം പിറന്നാളിന്  ഞാന്‍ പോയി ‘മാജിക് ഷോ‘അവതരിപ്പിച്ചിരുന്നു.

ഇത്തവണ കൃസ്തുമസ് ആഘോഷവേളയിലാണ് തോമസ്‌
എന്നോടു മനസുതുറന്നു ചിലകാര്യങ്ങള്‍ പറഞ്ഞത് .
ശരിക്കുപറഞ്ഞാല്‍ സ്വന്തം കഥ തന്നെ ....
നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ
സന്താനമായിരുന്നു തോമസ്‌ .
സഹോദരങ്ങളെല്ലാം പഠിച്ചു ഡോക്ടറും എഞ്ചിനീയറും,വക്കീലുമൊക്കെയായപ്പോള്‍ ,
മൂപ്പര്‍ പത്താം തരം കടന്നതുതന്നെ നാലഞ്ചു തവണ കുത്തിയിട്ടാണ് .
പിന്നീട് പാരലല്‍ കോളേജില്‍ പോയിയും ,കച്ചവട സ്ഥാപനങ്ങളില്‍
അപ്പച്ചനെ സഹായിച്ചും ,എസ്റ്റേറ്റുകളിൽ മേല്‍നോട്ടം നടത്തിയും വെറുമൊരു
പച്ചപാവമായി വളര്‍ന്നു .
പെണ്ണിലും,കള്ളിലുമൊന്നും താല്പ്പര്യമില്ലാത്തതിനാലോ ,
തറവാടിനു പറ്റിയ തരത്തിലുള്ള ബന്ധങ്ങള്‍ വരാത്തതിനാലൊ
വയസ്സുമുപ്പതു കഴിഞ്ഞിട്ടും തോമസിന്റെ ബ്രപ്മചാര്യത്തിന് കോട്ടമൊന്നും പറ്റിയില്ല .

ഈ സമയത്താണ് അത്യാസനനിലയില്‍ തോമാസ്സിന്റെ
അപ്പച്ചനെ വളരെ കാലം ആശുപത്രിയില്‍ കിടത്തിയത്‌ .
ഇതേസമയത്തു തന്നെ എഴുകൊല്ലത്തെ‘സൗദി‘ജോലിക്ക് ശേഷം
മോളികുട്ടി അവരുടെ നാട്ടിലെ ആ പ്രമുഖ ഹോസ്പിറ്റലില്‍ ജോലിയില്‍
ചേരുകയും ചെയ്തിരുന്നു കേട്ടൊ...
അവിടെ വെച്ചാണ് കഥാനായിക ,അപ്പച്ചനടുത്ത്
സ്ഥിരം ബൈസ്റ്റാഡറായി നിന്നിരുന്ന കഥാനായകനായ
തോമസുമായി അടുക്കുന്നതും, അനുരാഗം വളര്‍ന്നതും, പിന്നീടത്
പ്രണയമായി പടർന്നുപന്തലിച്ചതും....

തോമാസിന്റെ വീട്ടുകാര്‍ക്ക് പലതരത്തിലും, ഈ ബന്ധം
ഇഷ്ടമായില്ലെങ്കിലും, അപ്പച്ചന്റെ അന്ത്യാഭിലാഷമായി അവരുടെ
കല്യാണം നടന്നൂ.
പിന്നീട് അഞ്ചുകൊല്ലത്തിനിടയില്‍ തോമസിന്റെ രണ്ടു പെമ്പിള്ളേരുടെ
അമ്മയായി മാറി മോളികുട്ടി.
മോളികുട്ടിയുടെ ഉപേഷിച്ച  ജോലിക്ക്  വീണ്ടും ജീവന്‍ വെച്ചത്
യു.കെയില്‍ നേഴ്സുമാരുടെ  വല്ലാത്ത ഡിമാന്റ് വന്നപ്പോഴാണ്.
തോമസ്‌ ലക്ഷങ്ങള്‍ മുടക്കിയപ്പോള്‍ മോളികുട്ടി യു.കെ.യിലെത്തി. .
രണ്ടുകൊല്ലത്തിനുള്ളില്‍ മോളികുട്ടി അഡാപ്റ്റേഷനും,
മറ്റും കഴിഞ്ഞ്, ഇവിടത്തെ നാഷണന്‍ ഹെല്‍ത്ത് സര്‍വീസില്‍
കയറി . രണ്ടുകൊല്ലത്തിനുശേഷം തോമസ്,മക്കളേയും കൂട്ടി, കച്ചവടമെല്ലാം
ബന്ധുക്കളെ ഏല്‍പ്പിച്ചു  ഇവിടെ എത്തിയ അവസരത്തിലാണ് ഞാനുമായി പരിചയപ്പെടുന്നത്.
കഥാനായിക
മക്കളുടെ പരിചരണവും, അവരെ സ്കൂളിലയക്കലും,
അൽ‌പ്പസൽ‌പ്പം വീട്ടുപണിയും ,മലയാളം ചാനലുകൾ
കണ്ടുരസിച്ചും,നാട്ടിലെ ബിസനസ്സുകൾ ഫോണിൽ കൂടി
നിയന്ത്രിച്ചും തൊമാസ് അങ്ങിനെ ലണ്ടനിലെ മലയാളിക്കൂട്ടത്തിനൊപ്പം
ഒഴുകിത്തുടങ്ങി.
മൂപ്പർ പല പാർട്ട് ട്ടൈം കോഴ്സുകൾക്കുപോയെങ്കിലും,
ഒന്നിലും വിജയിക്കുവാൻ കഴിഞ്ഞില്ല . നാട്ടിൽ നാലുടൈപ്പ് ,
കറോടിച്ചിരുന്ന തോമസ്സിന് ,പത്തുതവണപോയിട്ടും ഇവിടത്തെ
‘ഡ്രൈവിങ്ങ് തിയറി ടെസ്റ്റ് ‘പാസ്സാവാൻ സധിച്ചില്ല കേട്ടൊ.

ഇതിനിടയിൽ മോളികുട്ടി ഡ്രൈവിങ്ങ് ലൈസൻസ്
എടുക്കുകയും, ഒരു കാർ വാങ്ങുകയും, മോർട്ട്ഗേജ് മുഖാന്തിരം
ഒരു വീട് വാങ്ങിക്കുകയും, പലകോഴ്സുകൾ പാസ്സായി,അവരുടെ
ഡിപ്പാർട്ട്മെന്റിലെ മേട്രൻ വരെയായി മാറുകയും ചെയ്തു !

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

ഇവരുടെ കുടുംബത്തിന് രണ്ടുകൊല്ലം മുമ്പ്
ബ്രിട്ടീഷ് സിറ്റിഷൻ ഷിപ്പ് കിട്ടിയതുകൊണ്ട്,
പണിയില്ലെങ്കിലും തോമാസ്സിനും,മക്കൾക്കും ‘ബെൻഫിറ്റുകൾ ‘
പലതരത്തിലും കിട്ടികൊണ്ടിരുന്നതിനാൽ യതൊരു അല്ലലുമില്ലാതെ
അവർ സകുടുംബം  ഇവിടെ വാഴുകയായിരുന്നു.
ഈ കിട്ടുന്നതെല്ലാം ഉപേഷിച്ച്, ഈ ഡാഡിയും,മക്കളും
നാട്ടിലേക്ക് തിരിച്ചുപോകുകയാണെത്രേ...!

ഇവിടത്തെ സംസ്കാരം കൊള്ളാത്തതുകൊണ്ട്,
ഇനി മക്കളുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കഴിഞ്ഞേ
തിരിച്ചിങ്ങോട്ടുള്ളൂ എന്നാണവർ പറയുന്നത്.

പക്ഷെ ഇതൊന്നുമല്ല തോമാസ് ‘സ്കൂട്ടാവാനുള്ള ‘
യഥാർതഥ കാരണം കേട്ടൊ...
അയാളുടെ മനസ്സിനെ ഏറ്റവും വ്രണപ്പെടുത്തിയ
മോളികുട്ടിയുടെ ഒരു വല്ലാത്ത വിമർശനം ആയിരുന്നെത്രെ ആ സംഭവം !    
ഒരു വഴക്കിനിടയിൽ മോളികുട്ടി ഇങ്ങനെ
മനസ്സുകൊണ്ട് ശപിച്ച് പറഞ്ഞുപോലും
‘എന്റെ ദൈവം തമ്പുരാനെ..
എനിക്ക് ഇതുപോലെ ഒന്നിനും
കൊള്ളാത്ത ഒരു മനുഷ്യനെയാണല്ലൊ..നീ ..തന്നത് ?
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’

ശരിക്കുപറഞ്ഞാൽ ഈ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകൾ
തോമാസ്സിന്റെ മനസ്സിൽ ആഞ്ഞുതറച്ചു.
തന്റെ വ്യക്തിത്വത്തെ,തന്റെ ആണത്വത്തെ
വ്രണമാക്കിമാറ്റിയ വാക്കുകൾ !
പിന്നെ തീരുമാനത്തിന് വൈകിയില്ല ...
അങ്ങിനെ എന്റെ മിത്രം തോമാസ്സിനേയും ,മക്കളേയും
‘ ഹീത്രൂ എയർപോർട്ടിൽ ‘വെച്ച് യാത്രയയച്ചുവരുമ്പോൾ
തോന്നിയവരികൾ താഴെ കുറിക്കുന്നൂ.....


വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ 
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ 
പ്രാണനൊമ്പരങ്ങളുമാണ്.....കേട്ടൊ !

പിന്നെ ഞാൻ ഒരിക്കലും മോളികുട്ടിയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് തോമാസിനെ എല്ലാം കൊണ്ടും
നന്നായി അറിയാമായിരുന്നൂ...


പ്രണയനൊമ്പരം - കല്ല്യാണശേഷം

പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ പിന്നീടൊരിക്കലും
അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ ആയി എനിക്ക് കാണാന്‍
സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിക്കാൻ തോന്നിയ വരികൾ...
ഒരു പ്രണയ കാന്തന്‍ ,എന്റെ മിത്രം തോമാസ് കല്യാണ ശേഷം
കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം...

പ്രണയ നൊമ്പരം -കല്യാണ ശേഷം


മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
പ്രണയനൊമ്പരങ്ങൾ 


ഓഫ്‌ പീക്ക് :-
നമ്മുക്കിഷ്ട്ടപ്പെട്ട ,  ഏതുരൂപഭാവത്തിലും Dildo-കൾ
(കൃത്യ്മമായി ലൈംഗിക ഉത്തേജനം നൽകുന്ന ഉപകരണങ്ങൾ)
വളരെ നൈസർഗികമായി (ഉമിനീരും,സ്രവവും, സീൽക്കാരശബ്ദങ്ങളും വരെ)
ഉണ്ടാക്കി കൊടുക്കുന്ന ഇവിടത്തെ ഒരു വമ്പന്‍ കമ്പനി റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ ഒരു കാര്യമാണ് കേട്ടൊ പറയാൻ പോകുന്നത് ...
ലോകത്തിലെ 65-75 ശതമാനം  (അഥവാ നൂറുതവണ
ബന്ധപ്പെടുമ്പോൾ 70  തവണയും) സ്ത്രീകള്‍ക്കും , രതിയിലേർപ്പെടുമ്പോൾ
പലകാരണങ്ങളാല്‍, പൂർണ്ണസംതൃപ്തി ( രതിമൂർഛ )കിട്ടുന്നില്ല പോലും ....
ഭൂരിഭാഗവും ഇതിനെ കുറിച്ചു സ്വന്തം ഇണയോടൊ,മറ്റൊ തുറന്നു പറയാറില്ലെത്രെ !
ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...


 
ലേബൽ ,
ഒരു സംഭവ കഥ.

Tuesday 12 January 2010

ഹിമത്തടവറ... ! / Himatthatavara ...!


പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...

ഒപ്പം കൂടെ ജീവനുള്ളതൊ  അല്ലാത്തതൊ   ആയ ‘ഡ്യുവറ്റുകൾ‘ കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ അനുഭവങ്ങളാണ് ഇത്തവണ ഞാൻ  കുറിച്ചിടുന്നത് കേട്ടൊ.

ഒരു മഞ്ഞണിക്കൊമ്പിൽ !
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലെ, യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടു പതിറ്റാണ്ടിനുശേഷം, കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച് ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽ‌പ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന്... 
   
പോരാത്തതിന് ശീതക്കാറ്റും , ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും തനി  ഹിമത്തടവറ‘കളായി മാറി...!
പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്ന കണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !

അതോടൊപ്പം  ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....!
A Frozen Britian ...!
തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് 
ശേഷമിതാ വീണ്ടും  കുളിർ മഞ്ഞിന്റെ ഘോര താണ്ഡവം... !
ആദ്യം കല്ലു മഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘ എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചു വിളയാട്ടങ്ങള്‍ ...

പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞി കണക്കെ പാറി പാറിപ്പറന്ന് തൊട്ടു തലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ- ഹിമ പുഷ്പ്പങ്ങള്‍ കണക്കെ മഞ്ഞു കണങ്ങൾ ആടിയുലഞ്ഞു വരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!

പഞ്ഞിമഞ്ഞുകണങ്ങളും ഹിമകേളികളും...!
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
'ട്യൂബ് ലൈറ്റ്' ഇട്ടപോലെ മഴപോല്‍ (sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ വെളുത്ത കൂമ്പാരങ്ങളായി ഒരു മഞ്ഞുപ്പൊക്കം... !
അങ്ങനെ ഹിമ കിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുപുടവകളാൽ  ഒരു വെളുത്ത വെള്ളി പട്ടിനാൽ  നാണം മറച്ചു ലാസ്യ വിന്യാസത്തോടെ  കിടക്കുന്ന ഒരു മാദക സുന്ദരിയായി മാറിയിരിക്കുയാണ് ഇപ്പോൾ  യൂറോപ്പ് ...
എന്തായാലും ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമ സുന്ദരിയുടെ ലാസ്യ വിന്യാസങ്ങള്‍ ...!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു ...
പലരും ഹൈവ്വേകളില്‍ കുടുങ്ങി ...
നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!
അത്യസന നിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും 'ഹെലികോപ്ട്ടര്‍ ആംബുലന്‍സു'കള്‍ പറന്നുവന്നു കൊണ്ടുപോയി .
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി ...!

ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടി കരുതിയിരുന്ന ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,സകല ഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം  'ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് , ഫാക്ടറികളും, മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ്  ചൂട് പകർന്നു കൊണ്ടിരിക്കുന്നത്...

 വീടുകളിലും, മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള കൽക്കരി ചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായു മലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ) വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!

ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി  പൂളിനുള്ളിലെ കട്ടപിടിച്ച ഐസ് ഉരുകാതെ കിടന്നതുകൊണ്ട് കൈയും  കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ള മഞ്ഞുപാളികളിൽ കളി വിളയാട്ടം
നടത്തിയവരും ,(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളി തകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു  !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതു പെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള 'ബൈന്റു പുസ്തകങ്ങൾ' വാങ്ങി തീയ്യിട്ടു ചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും ഇവരുടെ
ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകൾ സമ്മതിച്ചേ തീരു !),...,....
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ
നാന തരത്തിലുള്ള ഹിമ മനുഷ്യരോടൊപ്പം കൌതുക വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ

ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ   ....!

1968 -നു ശേഷം ബ്രിട്ടൻ 
അനുഭവിച്ച അതിഗംഭീരമായ തണുപ്പ്  ...
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും , കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ ...!
 ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!
പിന്നെ ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്...
‘Any Dick and Harry writes poems in snowing time‘ എന്ന് ....
മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ  ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?
പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ നല്ലത് പദ്യം തന്നെയാണല്ലൊ..

ദേ....കെടക്കണ്....ഒരെണ്ണം !

ഹിമത്തടവറ


വീണ്ടുമിതാ ലോക തലസ്ഥാനം വെള്ള പട്ടണിഞ്ഞുവല്ലൊ ..
ആണ്ടു പതിനെട്ടിനുശേഷം ഈ ഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമ പതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലൊയേവർക്കും ...!

നീണ്ട രണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞി മഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗര വീഥികള്‍ നിശ്ചലമാക്കി ,ഒപ്പം പാളങ്ങളും ;
പണ്ടത്തെ രീതിയിലുള്ള വീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ - നിരത്തിലും,മൈതാനത്തും ;
രണ്ടു ദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...

കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍  ...
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;പിന്നെ 
കണ്ടം വിതയ്ക്കും പോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍  പട്ടാളട്ടാങ്കുകളോടും പോലവേ...

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബര പുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; ചെറി , സ്ട്രോബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെയങ്ങിങ്ങായി 
മണ്ടയില്‍ തൊപ്പിയേന്തി നിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ ...

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയ ലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍  ...!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്‍ണനീയം ..!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മ ചെപ്പില്‍ ഭദ്രമായ്‌. .


മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !

ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടും മഞ്ഞു വീഴ്ച്ചയുടെ നയന സുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് 'ഓര്‍ക്കൂട്ടിലും ,ഫേസ് ബുക്കി'ലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...

ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍ എല്ലാവരും  ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും, പ്രതിപക്ഷവും , രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനു വന്ന
കഷ്ട നഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച് എങ്ങും നടത്തുന്ന പ്രയത്‌നങ്ങൾ ...

ഇതെല്ലാമാണ് തീർച്ചയായും നമ്മള്‍ കണ്ടു 
പഠിക്കേണ്ട വലിയ വലിയ കാര്യങ്ങളും പാഠങ്ങളും... !
പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു...

മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും, വീഞ്ഞു മോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.

ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചൊന്നും, 'ഗ്ലോബ്ബൽ വാമിങ്ങ് ' നടപടി മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..

നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്ന് വിമർശിക്കാമായിരുന്നു.. 

ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ...!

ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും 
മറ്റു ശേഷ ക്രിയകൾക്കും
ആരെയാണൊന്ന് വിമർശിക്കുക ? 
പഴിചാരുക ? പ്രതികരണം അറിയിക്കുക ?

ഒരു ബൂലോക പ്രതികരണം !
ഇങ്ങിനെയെങ്കിലും ഒന്ന് പൂശി , 
ഞാനൊന്ന് തൽക്കാലം ആശ്വസിക്കട്ടേ...
മല്ലനൊന്നുമല്ലെങ്കിലും ; തനി ഒരു മല്ലു’വല്ലേ  ഞാൻ...

Sunday 27 December 2009

അവതാരം ! / AVATAR !

മഞ്ഞുകൊണ്ടുള്ള  ഒരു വെള്ള പട്ടുടുപ്പിട്ട് ആരെയും മോഹിപ്പിക്കുന്ന
സുന്ദരിയായിട്ടാണ്  ലണ്ടന്‍ ഇത്തവണ  കൃസ്തുമസ്സിനെയും ,പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍  അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത് .
എന്തുണ്ട്  ഇപ്പോള്‍ ലണ്ടനില്‍ വിശേഷം എന്ന് ചോദിച്ചാല്‍ ;
ഇവിടത്തുകാര്‍ പറയും  ഈ കൃസ്തുമസ് വെക്കേഷൻ അടിച്ചുപൊളിക്കണം ,
മഞ്ഞുകേളികളില്‍ പങ്കെടുക്കണം ,ലോകത്തിലെ  അതിസുന്ദരമായ
കരിമരുന്നിനാല്‍ വർണ്ണപ്രപഞ്ചം ഒരുക്കി ആഘോഷിക്കുന്ന ലണ്ടനിലുള്ള  തേംസ് നദിയിലും,തീരത്തുമുള്ള ആ നവ വത്സരപ്പുലരിയാഘോഷം നേരിട്ടുപോയി കാണണം ,
പിന്നെ  “ത്രീ -ഡി imax  സിനിമയിൽ” പോയി “അവാതര്‍ “(wiki/Avatar) എന്ന ഫിലിം കാണണം !

ഈ ഡിസംബര്‍ പത്തിന് ബിലാത്തിപട്ടണത്തില്‍ 
ഒരു സിനിമ വിപ്ലവം തന്നെയായിരുന്നു നടന്നിരുന്നത് ...! ലോകസിനിമയിലെ വമ്പന്മാരെല്ലാം  ലണ്ടന്‍ തെരുവുകളില്‍ നിറഞ്ഞാടിയ രാപ്പകലുകൾ .
നാലര കൊല്ലമായി നിര്‍മ്മാണത്തിലായിരുന്ന അവാതര്‍ എന്ന സിനിമയുടെ Leicester Square ലെ  “വേള്‍ഡ് പ്രീമിയര്‍ ഷോ” ആയിരുന്നു കാരണം ..!
James Cameron & his Avatar Team.

വളരെയധികം  കൊട്ടിഘോഷിക്കപ്പെട്ട, ലോകത്തിലെ വമ്പൻ വിശിഷ്ടാതിഥികളെ മുഴുവൻ നീലപ്പരവാതാനി വിരിച്ച് വരവേറ്റ , പ്രഥമ പ്രദര്‍ശനം മുതല്‍ ,എല്ലാ മാധ്യമങ്ങളാലും വാഴ്ത്തപ്പെട്ട ,ഇവിടെ  എല്ലാവരുടേയും സംസാര വിഷയമായി തീര്‍ന്ന പുതിയ ഈ  അവതാരം  അഥവാ 'അവതാര്‍' എന്ന മൂവി... !

ലോകത്തില്‍ ഇതുവരെ പിടിച്ച സിനിമകളില്‍  
ഏറ്റവും ചെലവ് കൂടിയത് ! രണ്ടായിരത്തി മുന്നൂറു 
കോടി രൂപ (306 million pounds ). ഒരൊറ്റ  സെക്കന്റിന്റെ
ഇഫക്റ്റ്സ് പ്രേഷകന് കിട്ടുവാന്‍ വേണ്ടി  എണ്ണൂറോളം പേര്‍ ആയിരത്തിയിരുപത്തി നാല് മണിക്കൂര്‍ നിരന്തരം പ്രയത്നിച്ചു പിടിച്ച സിനിമാരംഗത്തെ  റെക്കോര്‍ഡ്‌ ആയ ഷോട്ട്കൾ വരെയുണ്ട് കേട്ടോ ഈ സിനിമയില്‍. പരിഭാഷകളടക്കം  ലോകം മുഴുവൻ റിലീസ് ചെയ്ത ഈ അവതാരം പത്തുദിനം കൊണ്ട് മുടക്കു മുതലിനേക്കാൾ കൂടുതൽ കളക് ഷൻ നേടിയും റെക്കോർഡിട്ടു കേട്ടൊ...

നിര്‍മ്മാണ പങ്കാളിയും ,സംവിധായകനുമായ  ജയിംസ് കാമറൂണ്‍ ,
പതിനഞ്ചുകൊല്ലം മുമ്പ് തന്റെ പ്രിയങ്കര കഥയായ ഈ അവതാരം സിനിമയായി അവതരിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അന്നത്തെ കംപ്യുട്ടര്‍ സാങ്കേതിക വിദ്യകള്‍ ഇത്രയും വികസിക്കാത്ത കാരണം , ഒരു സംഭവ കഥ പറഞ്ഞു ഒരു സിനിമയുണ്ടാക്കി ...
-ടൈറ്റാനിക് -
ശരിക്കും ഒരു ക്ലാസ്സിക് സിനിമയായിരുന്നു 
ഇദ്ദേഹത്തിന്റെ ലോകവിസ്മയമായ ആ സിനിമ !

പിന്നീട് ഭാവനയും  സംഭവങ്ങളുമായി
ട്രൂ ലയ്സ് ,ഏലിയന്‍സ് ,ടെർമിനേറ്റർ ,...
മുതലായ ഏവരെയും കോരിത്തരിപ്പിച്ച കുറെയെണ്ണം 
അവസാനം അങ്ങിനെയിതാ അവസനം  സ്വപ്നസാക്ഷാത്കാരമായ അവതാറും ...!

തലക്കെട്ട് മുതൽ (അവാതർ/അവതാരം തന്നെ) ,കഥാപാത്രങ്ങളുടെ പേരുകൾ (നേയ്ത്രി,സുട്ടേയി,നാവി/പുതിയ) ,നിറം (ദൈവ നിറം നീല), പത്തടി ഉയരവും, നാലാളുടെ ശക്തിയും,വാലുമുള്ള രൂപഭാവങ്ങൾ(ഹനുമാൻ,ബാലി,...) , പക്ഷിപ്പുറമേറിയുള്ള
ആകാശ ഗമനം (ഗരുഡവാഹനം/ വിഷ്ണു) ,...,.....അങ്ങിനെ ഭാരതീയ ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങിവന്നവരാണൊ ഈ സിനിമയിലെ അന്യ ഗ്രഹജീവികൾ എന്നുതോന്നി പോകും.. 

പണ്ടോറയിലെ യുദ്ധരംഗങ്ങൾ

സിനിമയുടെ കഥ നടക്കുന്നത് 2154  ലാണ് കേട്ടൊ.  അന്നാണെങ്കില്‍
ഭൂമിയില്‍  ജീവിതം വളരെ ദുസ്സഹം . വനവും ,വന്യജീവികളുമൊക്കെ നശിച്ചു, ഒപ്പം ധാതു ലവണങ്ങളും തീര്‍ന്നു തുടങ്ങി . പക്ഷെ മനുഷ്യന്റെ ആശ നശിച്ചില്ല .
2129 ല് കണ്ടുപിടിച്ച പോളിഹിമിസ്(Polyphemis)  എന്ന ആകാശ ഗംഗ (സൌരയൂഥം പോൽ വേറൊന്ന്)  ഗ്രഹവും അതിന്റെ പതിനാല് ഉപഗ്രഹങ്ങളും (ഭാരത പുരാണത്തിലെ പതിനാലുലോകം പോലെ) .

ഈ ഉപഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയോളം  പോന്ന പണ്ടോറ “(Planet Pandora ) യിൽ ധാരാളം ധാതുലവണങ്ങളും ,ജീവജാലങ്ങളും ഉണ്ടെത്രെ ..!
കൂടാതെ മഗ്നെനി ലെവി: ഷിപ്പ്( Magnetic Levitating Super-Conducter  )മുഖാന്തിരം
ഈ പണ്ടോറയിൽ  വളരെയധികം  മൃതസഞ്ജീവനി  (ഹല്ലേല്ലുയാ/Hallalujah) മലകളും , പൊങ്ങി കിടക്കുന്ന ദ്വീപുകളും ,അവിടത്തെ നാട്ടു വാസികളായ  പത്തടി ഉയരവും നാലാളുടെ ശക്തിയും,  വാലും ഉള്ള   നാവി( Na Vi) എന്ന് വിളിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗ ഗോത്ര  മനുഷ്യരും, മറ്റുയനേകം വിചിത്രജീവികളും ,പ്രത്യേകതരം വൃക്ഷ ലതാതികളും ഈ പുതുതായി കണ്ടുപിടിച്ച പണ്ടോറ ഗ്രഹത്തില്‍ ഉണ്ടെന്നു മനുഷ്യന്‍ പഠിച്ചെടുത്തു ...

അങ്ങിനെ സെക് ഫോര്‍ (SecFor) എന്ന ഖനന കമ്പനി പണ്ടോറ  യിലെ
ഇഷ്ട്ട വിഭവങ്ങള്‍  ആഗ്രഹിച്ചു സ്പേസ് ഷിപ്പില്‍  അങ്ങോട്ട്‌ പോയി അവിടത്തെ ഈ നാവികളെ കുറിച്ചും , മറ്റു സ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും മറ്റുകാനന ലതാതികളും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍  ആരംഭിക്കുന്നു .. .

പണ്ടോറ യിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് അതിനു മുന്നോടിയായി
സ്പേസ് ഷിപ്പ് മുഖാന്തിരം ലാബുകള്‍ ഉണ്ടാക്കി , ക്ലോണിങ്ങ് സയന്റിസ്റ്റ്/Botanist ഗ്രേസ് അഗസ്റ്റിന്റെ(Grace Augustine acted by hollywood star Sigourney Weaver) ലീഡർഷിപ്പിൽ   പണ്ടോറ ഗോത്ര  മോഡലുകള്‍  ഉണ്ടാക്കി (അവതാരം) അവയിലേക്ക് ശരിക്കുക്കള്ള മനുഷ്യന്റെ തലച്ചോറിന്റെ സ്കാനിങ്ങ് കടത്തിവിട്ട് , ആ ക്ലോണിങ്ങ് മുഖാന്തിരം (പരകായ പ്രവേശം ) അവിടത്തെ മനുഷ്യരെപ്പോലെ ,ആ ലോകത്ത് അധിനി വേശം നടത്തി ,നാവികളുടെ രീതികൾ പഠിച്ചും,ഇടപഴകിയും
ആ പ്ലാനറ്റിൽ കുടിയേറി.....
അവിടത്തെ ധാതു സമ്പത്തുകള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പിന്നെ .
 ഇത്തരം നാവിയാവാനുള്ള താല്‍പ്പര്യം മൂലം മുൻ നാവികനായിരുന്ന ,
ഇപ്പോള്‍ വികലാംഗനായ ജാക്ക് സള്ളി,
(Jake Sully acted by the Austalian actor Sam Worthington )
പണ്ടോറ യിലെ ഈ കമ്പനിയുടെ താവളത്തിലേക്ക് എത്തുന്നതോടെയാണ്
സിനിമയുടെ തുടക്കം ....
ഇനി മുതല്‍ പണ്ടോറ യിലെ വർണ്ണപകിട്ടുള്ള  കാഴ്ച്ചകളാണ്....
ഇതിനിടയില്‍ ഇടവിട്ട് ജാക്ക് നാവിയായി പരകായ പ്രവേശം നടത്തി
ആദ്യ നടത്തത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും ,ട്രെയിനിങ്ങുകളും,
അതിനോടൊപ്പമുള്ള 3-ഡി കാഴ്ച്ചകളും അതിഗംഭീര മായി പ്രേക്ഷകർക്ക് കാണിച്ചുതരുന്നു ...!

ഒരിക്കൽ പരകായപ്രവേശം നടത്തിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ജാക്ക്
വിചിത്ര വനത്തില്‍ അകപ്പെട്ട് വളരെ വിചിത്രമായ പണ്ടോറയിലെ  ആറുകാലുള്ള കരിമ്പുലികളിൽ(thanator ) നിന്നും അവിടത്തെ  ഗോത്ര തലവന്റെ മകള്‍ നേയ്ത്രി (Princess Neytiri acted by Zoe Saldana ) അവനെ രക്ഷിച്ചു അവരുടെ താവളത്തിലെത്തിക്കുന്നു.

അതിനു മുമ്പ്  അവർ തമ്മിൽ കാമദേവന്റെ മലരമ്പുകള്‍ 
കൊണ്ടപോലെ പോലെ  പ്രണയം മൊട്ടിടുന്ന ഒരു സുന്ദര കാഴ്ച്ചയുമുണ്ട് ...
അങ്ങിനെ അമ്മ റാണി പറഞ്ഞതനുസരിച്ചു നേയ്ത്രി,
ജാക്കിനെ  അവരുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നത്  ,ശേഷം
അവനെ അവരുടെ ഗോത്രത്തിൽ ചേർക്കുന്നൂ . നാവികളുടെ പടത്തലവൻ
സുട്ടെയുമായി (Sutey acted by Las Alonsso ) ഉറപ്പിച്ചിട്ടുള്ള കല്യാണം പോലും
വകവെക്കതെ നേയ്ത്രിക്ക്, പ്രണയ മലരമ്പുകളുടെ പ്രേരണയാല്‍  ജാക്കിനോടു അനുരാഗം വളർന്നൂ. ഇതേസ്ഥിതിവിശേഷം തന്നെയായിരുന്നു വികലാംഗനായ ജാക്കിനും, നാവിയായി  പൂര്‍ണ്ണശരീരം വന്ന് 
പണ്ടോറ യുടെ  പ്രപഞ്ചഭംഗിയിൽ ഉല്ലസിച്ചു നടന്നപ്പോൾ ഉണ്ടായതും ...
അവതാറിന്റെ പേരിൽ തുടങ്ങിയ മൈക്രൊ ബ്ലോഗുകളിൽ ഒന്ന്


കമ്പനിക്കു വേണ്ടി ചാരപ്പണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞു വന്നിരുന്ന
ജാക്കിനും കൂട്ടര്‍ക്കും ഈ നാവികളെ കൂട്ടക്കുരുതി നടത്തി തുരത്തികളയുന്നതിൽ എതിർപ്പുവന്നപ്പോൾ പ്രശ്നങ്ങൾ തല പൊക്കുകയായി. 
ഉടനെ കമ്പനിയുടെ കേണൽ  മിൽസ് ക്യാർട്ടിക് (Miles Quaritch the chief Security acted by Stephen Lang ) നാവികളെ തുരത്താൻ യുദ്ധം ആരംഭിച്ചു .

കമ്പനിയുമായി യുദ്ധം ചെയ്യുന്ന അതിഭയങ്കര രംഗങ്ങളാണ്
ഓരൊ പ്രേഷകരും വീർപ്പടക്കിയിരുന്ന് കാണുന്ന അവസാന
ഇരുപതു മിനിട്ടിലെ ത്രീ-ഡയമൺഷൻ-മാക്സി-ഡിജിറ്റൽ ഇഫക്റ്റോടു കൂടിയ
ഇമ്പമേറിയ,അത്ഭുതം നിറഞ്ഞ  ഭാഗങ്ങള്‍...!

ഒരു ഭാഗത്ത് മനുഷ്യന്റെ കൈയിൽ ആധുനിക  വെടിക്കോപ്പ്ഉപകരണങ്ങള്‍ ,മറുപക്ഷത്തിന്റെ കൈവശം 
എൺപതടി ചിറകുവിസ്താരമുള്ള  ഭീകര ശബ്ദം പുറപ്പെടുവിച്ച്  ഡ്രാഗൻ പക്ഷികളെ
(വിസ്താരമ സ്ക്രീൻ മുഴുവനായി ഇവ നമ്മുടെ മുന്നിലേക്കു പറന്നുവരുന്നതായി തോന്നും/Great Leonoptery )  പറപ്പിച്ചു വരുന്ന ജാക്കും,നേയ്ത്രിയും, വിചിത്ര കുതിര പട്ടാളമായെത്തുന്ന നാവി പടക്കൂട്ടം ...

കമ്പനിയുടെ പട്ടാള തലവനുമായുള്ള  ജാക്കിന്റെ 
അവസാന വരെയുള്ള ഏറ്റുമുട്ടല്‍ ഒരിക്കലും ഗ്രാഫിക്സ് ഇഫക്റ്റ് കളാണെന്നറിയാതെ നമ്മള്‍ ശരിക്കും ത്രസിച്ചു പോകുന്ന രംഗചിത്രീകരണങ്ങള്‍ ...
ഏതാണ്ട് മൂന്നുമണിക്കൂര്‍(161 mints) നമ്മള്‍ പണ്ടോറ യിലായിരുന്നു ...

അവിടത്തെ വളരെ വിചിത്രമായ ദിനോസറുകളും , ഉരകങ്ങളും(banshee ) ,
പക്ഷികളും ( Leonopteryx )  മരങ്ങളും,ചെടികളും മറ്റും നമ്മുടെ തൊട്ടടുത്തും,
കാലിനിടയിലാണെന്നും മറ്റും തോന്നി നമ്മള്‍ ചിലപ്പോര്‍ പെട്ടൊന്നൊഴിഞ്ഞുമാറും.
അത്രയും പെര്‍ഫെക്റ്റ്  ആയി ആണ് പടം ചിത്രീകരിച്ചിരിക്കുന്നത് ,
പണ്ടോറ യിലെ നാവികൾക്കുവേണ്ടി   ഒരു പുതിയ ഭാഷ തന്നെയുണ്ടാക്കി കാമറൂണ്‍.

    നേയ്ത്രിയോടൊപ്പം ജാക്ക് പ്ലാനറ്റ് പണ്ടോറയിൽ 

ടൈറ്റാനിക്കിനെ പോലെയോ മറ്റോ ഒരു ക്ലാസ്സിക് സിനിമയല്ലെങ്കിലും
ഈ സിനിമ തീര്‍ക്കുന്ന അതി ഭാവുക മായാജാലങ്ങള്‍ കാണാന്‍ എല്ല്ലാ
സിനിമാപ്രേമികളും ഒരിക്കെലെങ്കിലും  സിനിമക്കുള്ളിലെ ഈ അവതാരം
കണ്ടിരിക്കണം കേട്ടൊ .....
അതും  ത്രീ -ഡയമൻഷൻ -മാക്സി -ഡിജിറ്റല്‍ സിനിമതീയറ്ററുകളില്‍  
3-D/ 1Max പ്രിന്റ്‌ വെച്ച് കളിക്കുന്നയിടങ്ങളില്‍ പോയി തന്നെ... !

ഐ മാക്‌സ് അത്ഭുതക്കാഴ്ച്ചകള്‍ 

2-D /സാധാ പ്രിന്റുകളില്‍ കാണുകയാണെങ്കില്‍ വെറും
ഒരു സയന്റിഫിക് -ഏലിയന്‍ തരത്തിലുള്ള സിനിമ കണ്ട
പ്രതീതി മാത്രമേ കിട്ടു ...കേട്ടോ

ഈ  സിനിമയിലൂടെ  സവിധായകൻ 
കാണിച്ചു തന്ന അധിനിവേശങ്ങളെ പറ്റി ,
ഈ അവതാരം കണ്ടാലും/കണ്ടിലെങ്കിലും
നമ്മള്‍ക്ക്  ഒന്ന് ഇരുത്തി ചിന്തിക്കാം അല്ലേ.....

കുടിയേറ്റത്തിന്റെ പേരില്‍ നമ്മള്‍ നശിപ്പിച്ച 
വനങ്ങളെകുറിച്ച്അ , അവിടെ നിന്നു ഓടിച്ചു വിട്ട 
ഗിരി വര്‍ഗ്ഗക്കാരെ കുറിച്ച്  , പഴയ അമേരിക്കന്‍ റെഡ് ഇന്ത്യൻ 
വർഗ്ഗത്തെപറ്റി , വിയറ്റ്-നാം/ഇറാക്ക് അധിനിവേശങ്ങളെ കുറിച്ച്.., ..., ..,...

മനുഷ്യ അധിനിവേശങ്ങള്‍ മാത്രമല്ല ....
അധിനിവേശ ജീവജാതികളായ പുതു വിത്തുകളാ‍യിവന്ന്
പ്രതികരണ ശേഷിയുള്ള നമ്മുടെ നാടന്‍ വിത്ത്കളെ  നാട്ടിൽ 
നിന്നും ഇല്ലാതാക്കിയതിനെ പറ്റി ....
അത്തിക്കും, മാവിനും, പ്ലാവിനും, പുളിക്കും, നെല്ലിക്കും പകരം
വന വല്‍ക്കരണത്തിന്റെ പേരില്‍ വന്ന് നാം  പുതുതായി  വെച്ചു
പിടിപ്പിച്ച അക്കേഷ്യ,യൂക്കാലിപ്റ്റ്സ്, സുബാബുൾ വൃഷങ്ങളെ കുറിച്ച് ...

വളർത്തുമത്സ്യകൃഷിയുടെ പേരില്‍ വിരുന്നുവന്ന നമ്മുടെ 
നാടന്‍ മീനുകളെ മുഴുവന്‍ തിന്നു തീര്‍ത്ത ഫിലോപ്പി,ആഫ്രിക്കന്‍ 
മുശു എന്നീ വരത്തൻ മീനുകളെകുറിച്ച്....
അധിനിവേശ രോഗങ്ങളായ എയിഡ്സ്, ചിക്കൻ ഗുനിയ, പന്നിപ്പനി,....
അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

ഓഫ് പീക്ക്:-



ഒരു പുതുവത്സര ഭൂമിഗീതം


രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍;നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....


ഒരു ലണ്ടൻ പുതുവത്സര രാവ്

 



 ഒരു ബാക്കിപത്രം.
ഈ നവത്സരത്തില്‍ എനിക്ക് 
കിട്ടിയ ഏറ്റവും നല്ല സമ്മാനമായിരുന്നു ,
ഇത്തവണ മാതൃഭൂമി വീക്കിലിയിലെ  (Jan 17-23 /ലക്കം 87/45) 
ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ഈ  "അവതാരം " എന്ന സിനിമാ വിശകലനം .
ആയതിന്  മാതൃഭൂമിയിലെ  ബ്ലോഗന ടീമിന്
എന്‍റെ എല്ലാവിധ കൃതജ്ഞതയും ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നൂ.

ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ചത്തിന്റെ  സ്കാനിങ്ങ് പേജുകള്‍ ഇതാ .....


 

Monday 30 November 2009

പ്രഥമ പിറന്നാൾ മധുരം... / Prathama Pirannaal Madhuram ...


കഴിഞ്ഞ വര്‍ഷം നവമ്പര്‍ ഒന്ന് കേരള പിറവിയുടെ അമ്പത്തിയഞ്ചാം  ജന്മദിനം...ഒപ്പം എന്റെ ബ്ലോഗ് തട്ടകമായ  "ബിലാത്തിപട്ടണത്തിന്റെയും " ആദ്യ ജന്മദിനം ...!
മലയാള ബൂലോകത്തിൽ ഒരു കൊല്ലമെങ്കിലും തുടർച്ചയയായി എന്തെങ്കിലും എഴുതിയിടണം എന്ന ഒരു വാശിയിലാണ് കഴിഞ്ഞ വർഷം ഈ ബൂലോഗ തട്ടകമായ ബിലാത്തി പട്ടണം ആരംഭിച്ചത് . ജോലിയും ,ജീവിതവുമായുള്ള ഇപ്പോഴുള്ള ലണ്ടൻ ജീവിതം തുടർന്ന് പോകുകയാണെങ്കിൽ ഇനി എത്ര കാലം ഇവിടെ ഇതുപോലെ എഴുത്തുകളും വായനകളുമായി തുടരുമെന്നും ഒരു നിശ്ചയവയുമില്ല ...

എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബുലോഗം  ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല ...!
പക്ഷെ എല്ലാം വിധി വിപരീതമെന്നുപറയാം .
2008 നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തിനുതന്നെ
എന്‍റെ ബുലോഗപ്രവേശത്തിന്  ഹരിശ്രീ കുറിച്ചെങ്കിലും ,ആ മാസം
ഒമ്പതിനാണ് പ്രഥമ പോസ്റ്റ് എഴുതി പൂര്‍ത്തിയാക്കിയത് .
ചടുപിടുന്നനെ നാലഞ്ച് രചനകള്‍ ചമയിച്ചൊരിക്കിയെങ്കിലും
ജനിച്ചു വീണപ്പോള്‍ ഉണ്ടായിരുന്ന അക്ഷര തെറ്റ് മുതലായ ബാലാരിഷ്ടതകള്‍
വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ടുതന്നെ എല്ലാം തന്നെ സംരംക്ഷിച്ചു വെച്ചു ...
പിന്നീട് നവമ്പര്‍ മുപ്പതിനാണ്  
ബിലത്തിപട്ടണത്തിൽ ആദ്യ പോസ്റ്റ്  പ്രകാശനമായത്...!

അങ്ങിനെ
ഞാനും ഇന്ന് ഈ ബൂലോഗത്തില്‍
ഒരുവയസ് പൂര്‍ത്തിയാക്കി കേട്ടോ !

എന്തുകൊണ്ടെന്നാല്‍ അന്നുമുതല്‍
നിങ്ങളുടെയെല്ലാം സ്നേഹ വാത്സ്യല്യങ്ങളും ,
പരിചരണങ്ങളും, പിന്തുണകളും.... ഒപ്പം ഉള്ളതു കൊണ്ട് മാത്രം !

എനിക്ക്  ചെറുപ്പം മുതലേ വായനയുടെ
കുറച്ച് ദഹനക്കേടുണ്ടായിരുന്നത് കൊണ്ട് ,
ഒപ്പംതന്നെ എഴുത്തിന്റെ കുറച്ച് കൃമി ശല്ല്യവും എന്നും  കൂടെയുണ്ടായിരുന്നൂ .

സ്കൂള്‍ ഫൈനല്‍ തൊട്ടേ കഥ /പദ്യ രചനകളില്‍ സമ്മാനങ്ങള്‍
ഒപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രണയ ലേഖനങ്ങള്‍ എഴുതിയും /എഴുതിക്കൊടുത്തും ഉണ്ടായ ഒരു കുപ്രസിദ്ധിയും ആ കാലഘട്ടങ്ങളില്‍ എന്‍റെ പേരിനൊപ്പം നിലനിന്നിരുന്നൂട്ടാ ..

കാലങ്ങള്‍ക്കുശേഷം അത്തരം ഒരു പ്രേമലേഖനം 
എഡിറ്റു ചെയത് എഡിറ്റ് ചെയ്തൊരുവള്‍  , പിന്നീടെന്റെ 
ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി അധോഗതിയായി... 
പ്രിയ പെണ്ണൊരുത്തിയവള്‍
എന്‍റെ ജീവിതം  മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു !

പിന്നെ കുറെ കൊല്ലങ്ങളായിട്ടുണ്ടായത്  
എന്‍റെ രണ്ടുമക്കളുടെ സൃഷ്ടികള്‍ മാത്രം ...

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !
അതും തണ്ടലിനു തന്നെ ;
ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !

അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, കഴിഞ്ഞ കൊല്ലം 
മാര്‍ച്ചില്‍ “റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,
എന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ,നല്ലൊരു വായനക്കാരികൂടിയായ  
മലയാളി നേഴ്സ് മേരികുട്ടി , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ ബുലോഗത്തെ പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം , സന്തോഷം ...

വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ ,
കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു എന്‍റെ
പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന
ഓര്‍ക്കുട്ട് സൈറ്റിലൂടെ ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും ദിനം തോറും കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .....

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി
ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ
ജേഷ്ടനായ ജെ .പി.വെട്ടിയാട്ടില്‍ എന്ന ജയേട്ടന്‍ !
എന്റെ സേവനങ്ങൾ, സ്വപ്നങ്ങൾ,സ്മൃതി,... മുതലായ ബ്ലോഗുകളിലൂടെയും ,

ഓര്‍ക്കൂട്ടിലൂടെയും  വീണ്ടും കണ്ടുമുട്ടിയ ചങ്ങാതിയും ,വഴികാട്ടിയുമായിരുന്ന ജയേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും , ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും ...!

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ
വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ:അജയ് ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത് ...
പിന്നെ എന്നെ സഹായിച്ചത്  എന്റെ മകള്‍ ലക്ഷ്മി,
ലിപികള്‍ ടൈപ്പുചെയ്തു മലയാളികരിച്ചുതന്നതും ,ടൈപ്പിംഗ്
പരിശീലിപ്പിച്ചുതന്നതും. പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന ബ്ലോഗ്ഗർമാരായ  ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നുതന്നു.


അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് 
നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .
ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം ...
ബിലാത്തി പട്ടണം ! 

അതെ ഇവിടെയിരുന്നു ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനയിട്ടാണ് കേട്ടോ  ...
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് പറയുന്നത് സത്യം !
മണ്ടന്മാര്‍ ലണ്ടനില്‍ എന്നത് എന്നെക്കുറിച്ച് പരമാര്‍ത്ഥം !!

ദേ ..എന്റൊരു പഴയ കവിത  പോലുള്ള വരികൾ വീണ്ടും  ഇവിടെ പകർത്തിവെക്കുന്നു 
മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...
പണ്ടം പോല്‍  മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന്
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,
കണ്ടപ്പോളതിശയത്താല്‍ വാപോളിച്ചമ്പരന്നു  നിന്നതും...
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത്   മമ ചുണ്ടിലെത്തുകയുള്ളൂ 
കണ്ടറിയുന്ന ബഹു  കൗശലത്താൽ കാകനാകാൻ കൊതിച്ചു. 

കൊണ്ടറിയുന്നു  കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും  ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....

ലണ്ടനിലന്നു മുതൽ  നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും 
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും ,
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി  കേട്ടും
കണ്ടതുപറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളറിവും നേടി
കൊണ്ടറിയുന്ന  ഒരു കൊറ്റിപോൽ ജീവിതം  നയിച്ചു   
മണ്ടനായി തുടരുന്നിതാ ലണ്ടനില്‍ ഇക്കാലമത്രയും ...!


പിന്നെ 
ഇപ്പോള്‍ ഞാന്‍ മാത്രമല്ല ഇംഗ്ലണ്ട്
എന്ന ബിലാത്തിയില്‍ നിന്നെഴുതുന്ന ബുലോഗര്‍ കേട്ടോ...

 എൻ മണിവീണയുമായി വീണമീട്ടുന്ന വിജയലക്ഷ്മിഏടത്തി ,സുന്ദരമായ ചിത്രങ്ങളോടും ,വളരെ നല്ല എഴുത്തോടും കൂടിയുള്ളവിഷ്ണുവിന്റെ ചിത്രലോകവും ,വിഷ്ണുലോകവും 
കൊച്ചുത്രേസ്യയുടെ ലോകം കൊണ്ടു ബുലോകത്തെ പുപ്പുല്ലിയായ കൊച്ചുത്രേസ്യ , ചരിത്രസ്മരണകളും ,കാര്യമായ കാര്യങ്ങളും ഒരു അഭിഭാഷകന്റെ ഡയറിയിൽ നിന്ന് എഴുതുന്ന വക്കീലായ സമദ് ഇരുമ്പഴി , തമാശയുടെ മാലപ്പടക്കം ഒരു  ദേശത്തിന്റെ കഥ യിലൂടെ പൊട്ടിക്കുന്ന പ്രദീപ്‌ ജെയിംസ് ,

പിന്നെ മലര്‍വാടി യിലൂടെ നേഴ്സ്മാരുടെ ദുരിത കഥകൾ
വിളിച്ചോതാന്‍ പോകുന്ന മേരികുട്ടി എന്ന കല്യാണപ്പെണ്ണ്
The Mistress  of Small Things ലൂടെകുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയായ  
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍ പറയുന്ന സീമ മേനോന്‍ , 

എന്റെ കണ്ണിലൂടെ എഴുതുന്ന ശ്രീരാഗ് , 
അരയന്നങ്ങളുടെ വീട്എഴുതുന്ന സിജോ ജോർജ്ജ്, 
ആത്മാവിന്റെ പുസ്തകത്തിന്റെ രചയിതവായ മനോജ് മാത്യു , 
ജെ.പി .മഞ്ഞപ്ര മുതലായവരെല്ലാം തന്നെ ബിലത്തിയില്‍ ഉള്ളവരും ,ഇവിടത്തെ വിശേഷങ്ങൾ മാളോകരെ  ബുലോഗത്തിൽ കൂടി അറിയിക്കുന്നവരും ആണ്   ...

എഴുതാന്‍ കുഴിമടിയനായ എന്നെ എപ്പോഴും വിളിച്ച് 
ഓരോ വിഷയം തന്ന് , ശേഷം ആയത് പ്രസിദ്ധീകരിക്കുകയും 
ചെയ്യുന്ന ബിലത്തിമാലയാളി പത്രവും , അതിന്റെ എഡിറ്റര്‍ ശ്രീമാന്‍ 
അലക്സ് കണിയാമ്പറമ്പില്‍ ...

യു.കെ.മലയാളി എഡിറ്റര്‍ ശ്രീ:ബാലഗോപാല്‍ ...
ബ്ലോഗുമുഖാന്തിരം പരിചയപ്പെട്ട് ആകാശവാണിയിൽ
കൂടി ലണ്ടൻ അനുഭവങ്ങളെ കുറിച്ച് ഞാനുമായി അഭിമുഖം
നടത്തി ആയത് പ്രക്ഷേപണം ചെയ്ത ശ്രീ :D പ്രദീപ്കുമാർ  ...

ഈയിടെ ബ്ലോഗ്‌ ഓഫ് ദി വീക്കായി ബിലത്തിപട്ടണത്തെ
തിരെഞ്ഞെടുത്ത പ്രിയമുള്ള കണിക്കൊന്ന  എഡിറ്റര്‍ ...

ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം അഗ്രഗേറ്ററുകളെ കുറിച്ച് 
എന്റെ ബ്ലോഗിൽ വന്നുയഭിപ്രായം മുഖാന്തിരം പറഞ്ഞുതന്ന 
നിരക്ഷരൻ ബ്ലോഗുടമയും  ; മുൻ ബിലാത്തി ബ്ലോഗറും , എന്നെ ചെറായി മീറ്റിന് ക്ഷണിച്ച ദേഹവുമായ മനോജ്‌ രവീന്ദ്രന്‍ , 

തിരുത്തലുകള്‍ ചൂണ്ടികാണിച്ചു തന്ന നാട്ടുകാരിയായ എഴുത്തോലയുടെ
എഴുത്തുകാരി .ശേഷം നാട്ടില്‍ വന്നപ്പോള്‍ ചെറായി മീറ്റില്‍ വെച്ച്
പരിചയപ്പെട്ട വളരെ സ്നേഹമുള്ള ബുലോഗവാസികളും അവരുടെ
കലക്കന്‍ ഉപദേശങ്ങളും , 

പച്ച കുതിര  എഴുതുന്ന സജി എന്ന  കുട്ടൻ മേനോൻ
നല്‍കിയ ബ്ലോഗിനെക്കുറിച്ച് നല്‍കിയ ട്യൂഷ്യന്‍ ക്ലാസ്സുകളും
ഒപ്പം നടത്തിതന്ന എന്‍റെ ബിലത്തിപട്ടണത്തിന്റെ രൂപ മാറ്റങ്ങളും ...

പിന്നെ എല്ലാത്തിലുമുപരി ഞാൻ പടച്ചുവിടുന്ന 
ഓരോ രചനകളും വായിച്ച ശേഷം നല്ല നല്ലയഭിപ്രായങ്ങള്‍ 
സ്ഥിരമായി എഴുതി എനിക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ബുലോഗത്തെ എന്‍റെ പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അനേകമനേകം കൂട്ടുകാരും , കൂട്ടുകാരികളും ,..,..

നന്ദി ഞാന്‍ ആരോടു ..ചൊല്ലേണ്ടൂ ....

ഈ എല്ലാവരോടും എങ്ങിനെയാണ് 
എന്‍റെ അകമഴിഞ്ഞ കൃതഞ്ജതയും , 
തീര്‍ത്താല്‍ തീരാത്ത നന്ദിയും  രേഖപ്പെടുത്തുക ...?



Wednesday 4 November 2009

മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും / Malayalam Blog athhava Boologavum kuracchu Pinnampuravum .

ഈയിടെ ലോക സാഹിത്യ വേദിയില്‍
നടത്തിയ ഒരു പഠനം വിശദീകരിക്കുന്നതിങ്ങനെയാണ് ...
മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍ മൂന്നാല് കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുന്നേറ്റു പോലും.,  ഒപ്പം എഴുത്തും !

 കാരണം ബ്ലോഗ്‌  എന്ന പുതിയ മാധ്യമം ആണത്രേ...

ഇപ്പോള്‍ ദിനം പ്രതി ധാരാളം പേര്‍ എല്ലാഭാഷകളിലും ആയി ബ്ലോഗിങ്ങ്‌
രംഗത്തേക്ക് , സ്വന്തമായി ഒരു വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നടത്തി കല ,
കായികം, സംഗീതം , പാചകം , വര , യാത്ര , ഫോട്ടോഗ്രഫി ,....എന്നിവയിലൂടൊക്കെ  മാറ്റുരച്ചു നോക്കുവാനും , ആസ്വദിക്കുവാനും , അഭിപ്രായം രേഖപ്പെടുത്താനും  ഒക്കെയായി  എത്തിക്കൊണ്ടിരിക്കുകയാണ് ദിനമ്പ്രതിയെന്നോണം ഈ ബൂലോകത്തിൽ എന്നുമെന്നും...

കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാ
ഭാഷകളിലും , വായന ഇരട്ടിയിൽ അധികമായെന്നാണ്
മുന്‍പറഞ്ഞ , ആ  പഠനങ്ങള്‍  വ്യക്തമാക്കുന്നത്.. സംഭവം
ഈ ബ്ലോഗ് എഴുത്ത്  തന്നെ !

എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,
വായനക്കാരും ഇപ്പോൾ ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
 
ഇതിന്റെയെല്ലാം മാറ്റൊലികള്‍
നമ്മുടെ  മലയാളത്തിലും അലയടിച്ചു കേട്ടോ....
അടുത്ത കാലത്ത് മലയാളത്തിൽ തന്നെ , ബ്ലോഗുലകത്തില്‍ നിന്നും
സജീവ്  എടത്താടൻ,  രാജ് നീട്ടിയത്ത് , രാഗേഷ് കുറുമാൻ, ബാബുരാജ്.പി.എം,
ടി.പി.വിനോദ്, ദേവദാസ്.വി.എം, ശശി ചിറയിൽ,കെ.എം.പ്രമോദ്,...,. ...എന്നീ ബൂലോഗ വാസികൾ , ബൂലോഗത്തുനിന്നും പുസ്തക ശാലകളിലേക്കും,സാഹിത്യ സദസ്സുകളിലേക്കും ഇറങ്ങിവന്നവരാണ് !
അതേ പോലെ ഇന്ന് നമ്മുടെ  ബൂലോഗത്തില്‍
മാധ്യമ -കലാ-സാംസ്കാരിക രംഗങ്ങളിലൊക്കെയുള്ള
ബാലചന്ദ്രന്‍ ചുള്ളിക്കാട് , ശിഹാബുദീന്‍ പൊയ്ത്തുംകടവ് , 
മൈന ഉമൈബാല്‍ ,മണിലാല്‍  , ഡി. പ്രദീപ്കുമാര്‍  , ജി.മനു , 
കുഴൂര്‍ വിത്സന്‍ ,മമ്മൂട്ടി ,മോഹൻ ലാൽ,  ജോസഫ്‌ ആ ന്റണി ,എന്‍ .പി.
രാജേന്ദ്രന്‍ ,ടി.സുരേഷ് ബാബു ,ബി.എസ്. ബിമിനിത് , ആര്‍ .ഗിരീഷ്‌ കുമാര്‍ , 
ബെര്‍ലി തോമസ്‌ , കമാല്‍ വരദൂര്‍ , നൌഷാദ് അകമ്പാടം, സഞ്ജീവ് ബാലകൃഷ്ണന്‍ , സുജിത് , പത്മനാഭന്‍ നമ്പൂതിരി .... മുതല്‍ പല പല പ്രമുഖരും , പിന്നെ മറ്റനേകം പേരും സ്വന്തമായ കാമ്പും ,ശൈലിയും കൊണ്ട്  ഈ സൈബര്‍ ലോകത്തില്‍ തിളങ്ങി നില്‍ക്കുന്നവരാണ് !

ഇനിയും അടുത്തുതന്നെ ബൂലോഗത്തില്‍ പല പ്രമുഖരുടെയും
കാലൊച്ചകള്‍ അരങ്ങേറ്റം കുറിക്കുന്നതിനായി  നമ്മള്‍ക്ക്  കാതോര്‍ത്തിരിക്കാം അല്ലേ.

അതെ എഴുതാനും മറ്റും കഴിവുള്ള എല്ലാവരും , എല്ലാ തരത്തിലും ,
എല്ലാതും അവരവരുടെ രീതിയിൽ ബൂലോഗത്ത് വിളമ്പി വെക്കട്ടേ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമ രംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയുമിനിയും മലയാളത്തില്‍ ഉണ്ടാകുമാറാകട്ടെ..!

ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്
1965 ലെ  ഇന്നത്തെ മെയിൽ സന്ദേശ പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക്‌ ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീകാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.

ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നുപിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും
അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവനദാതാക്കളും .

പിന്നീട് അവർ ധാരാളം സൈറ്റുകൾ ഓരൊ
ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി ,
സൈബർ ലോകത്തിൽ ഇടം നൽകുന്ന ഓര്‍ക്കൂട്ട് ,ഫേയിസ് ബുക്ക്
മുതല്‍ ബ്ലോഗ്‌ വരെയുള്ള നവ മാധ്യമ ആവിഷ്ക്കാരവേദികള്‍ സ്ഥാപിച്ചു .

ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,..
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .

1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ്‌ വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി  യൂണിക്കോഡ് ഫോണ്ട് വിപ്ലവം സൃഷ്ടിച്ചതോട്
കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.

അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച 
വെബ്‌ ലോഗുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
വീ ബ്ലോഗ്‌ ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് .

കാലിഫോര്‍ണിയയിലെ പൈര്ര ലാബ് എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പോതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത്‌ സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001   ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ്‌ പ്രസ്ഥാനം തന്നെയാണിപ്പോള്‍ .

കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ  തുടങ്ങി നാല്പതിൽ  കൂടുതൽ  ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ ..കേട്ടോ .

ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങിയ കാലംതൊട്ടുതന്നെ ഇന്റര്‍-നെറ്റ്
ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും ,
മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍
പടച്ചുവിട്ടിരുന്നൂ .
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...
മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..

19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന
ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ 
അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ
കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു
പോസ്റ്റുകള്‍ വന്നുതുടങ്ങി.
ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞുകവിഞ്ഞു!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ബ്ലോഗുലകത്തെ
കുറിച്ചുസചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും ബൂലോകം വാഴ്ത്തപ്പെട്ടു..
അതോടൊപ്പം നാട്ടില്‍ ജില്ലായടിസ്ഥാനത്തില്‍ ബ്ലോഗ്‌ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു ...

 രണ്ടായിരത്തിയാറിൽ  വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
ബുലോകം പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി.പിന്നീടത്
കഴിഞ്ഞവർഷം മൂവായിരവും ,ഇക്കൊല്ലം അവസാനമായപ്പോഴേക്കും ഏതാണ്ട്
അയ്യായിരത്തോളം ബൂലോഗരുമായി പടർന്നു പന്തലിച്ചു !
 മലയാളത്തിലെ പ്രഥമ ബ്ലോഗെഴ്സ് മീറ്റ്, യു.ഇ /07-07-2006 
വിശാലമനസ്കൻ, കുറുമാൻ,..മുതൽ
ഇതോടൊപ്പം തന്നെ ബ്ലോഗ് എഴുത്തുകാരുടെ കൂട്ടായ്മകളും വളർന്നു.....
പ്രഥമ ബ്ലോഗ് സംഗമം  അന്ന് ഏറ്റവും കൂടുതല്‍ ബൂലോഗരുണ്ടായിരുന്ന
യു.എ .ഇ യില്‍ , അതായത്  2006 ൽ ദുബായിൽ വെച്ച് നടന്നു.

അടുത്തവര്‍ഷം ഓരൊ ജില്ലകളിലും ബുലോഗ
അക്കാഥമികൾ ഉടലെടുക്കുകയും, ബ്ലോഗെഴുത്ത്
എങ്ങിനെ/എന്ത്/ഏത്...തുടങ്ങിയ ബോധവൽക്കരണ
ക്ലാസ്സുകളും,ജില്ലായടിസ്ഥാനത്തിലുള്ള ബുലോഗകൂട്ടായ്മകളും ഉണ്ടായി.
ആ‍ഗോളബൂലോഗ സംഗമം,ചെറായി/ ജൂലായി 2009 
2008 ൽ തൊടുപുഴയിൽ വെച്ച് കുറച്ചുപേര്‍
കൂടി ആദ്യ കേരള ബൂലോഗ സംഗമം നടന്നു .
പിന്നീട് 2009 ജൂലായിൽ ചെറായി കടൽ തീരത്തുവെച്ച്
ആഗോളതലത്തിലുള്ള എല്ലാമലയാളി ബ്ലോഗർമാർക്കും വേണ്ടി
സഘടിപ്പിച്ച സൌഹൃത  സമ്മേളനമാണ് “ ബുലോഗ ചെറായി മീറ്റ് 2009" .
കഴിഞ്ഞ മാസം  “ദോഹ”യിൽ വെച്ച് ഗൾഫ് ബുലോഗരും ഒന്നിച്ച് ഒരു കൂടിച്ചേരൽ നടത്തി കേട്ടോ
 ദോഹയിലുള്ള ബുലോഗരുടെ സംഗമം / 21-10-2009
പത്രപ്രസിദ്ധീകരണങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ്‌ നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തി.

അങ്ങിനെ നമ്മുടെ മലയാളം ബ്ലോഗിങ്ങ്‌ രംഗം
എല്ലാവരാലും ബൂലോഗം /ബുലോഗം എന്ന് വിളിക്കപ്പെട്ടു !
വായനയും, എഴുത്തും, വരയും , സംഗീതവും ,.. ഒക്കെയായി
ബൂലോഗത്തില്‍ വിഹരിക്കുന്നവരെ ബൂലോകര്‍ എന്നുവിളിച്ചു .

ബ്ലോഗന്‍ , ബ്ലോഗിണി , ബ്ലോഗന , ബ്ലോഗുലകം ,..ഇതുപോലെ
ഇമ്മിണി വാക്കുകള്‍ മലയാളം പദാവലിയിലേക്ക്  വന്നുചേര്‍ന്നു .

അതെ ഇന്ന് വിദേശത്തു താമസിക്കുന്ന മലയാളികളുടെ
പുതുതലമുറയടക്കം, നമ്മുടെ മാതൃഭാഷക്ക് ഈ സൈബര്‍
ലോകത്തില്‍ കൂടി ഒരു പുത്തന്‍ ഉണര്‍വും , പുതുജന്മവും, പുതു
പ്രസരിപ്പും നല്‍കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല കേട്ടോ .

പ്രത്യക്ഷമായും , പരോക്ഷമായും ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് സ്വന്തമായി ഒരു വേദിയുണ്ടാക്കി
ആത്മാവിഷ്ക്കാരം നടത്തുന്ന കാഴ്ചകളാണ് നമ്മള്‍ ഇപ്പോള്‍  ഈ ബൂലോഗത്ത് കണ്ടുകൊണ്ടിരിക്കുന്നത് .അവരുടെയെല്ലാം ഓരോ പുത്തൻ പോസ്റ്റുകളും അപ്പപ്പോൾ
തന്നെ പ്രത്യക്ഷമാകുന്ന മലയാളം അഗ്രിഗേറ്റരുകളും തോനെ പാനെ ഇപ്പോൾ നിലവിൽ വന്നിട്ടുമുണ്ടല്ലോ ..അല്ലെ

ബൂലോഗത്തെ പോലെ തന്നെ അതിവേഗം പടര്‍ന്നുപിടിച്ച സൈബര്‍ ഉലകത്തിലെ
ഓര്‍ക്കൂട്ട് ,ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും അനേകം മലയാളികളും അവരുടെ കൂട്ടായ്മകളും കൂടിച്ചേര്‍ന്നുള്ള നിറസാന്നിദ്ധ്യവും ഇപ്പോള്‍ കാണാവുന്നതാണ് .
കൂടാതെ സൈബര്‍ ലോകത്തിലെ എല്ലാ അറിവുകളും വെറുതെ വിപണനം
ചെയ്യുന്ന മലയാളം വിക്കിപീഡിയയിൽ ഇന്ന് വിക്കി പീടികകളില്‍  മലയാളിയുടെ കടക്ക്യാണ് ഇപ്പോള്‍ ലോകത്തിൽ  ഏഴാം സ്ഥാനം !

ഹൌ ....അമ്പട മലയാളിയെ !

അയ്യോ..ഒരു കാര്യം കൂടി..

ഈയിടെ ഇവിടെ കൂടിയ മന:ശാസ്ത്രജ്ന്മാർ സൈബർ
ലോകത്തുനിന്നും കുറെ പുതിയ  മനോരോഗങ്ങൾ കണ്ടെടുത്തുപോൽ
ബ്ലോഗോമാനിയ (ഏതു സമയവും ബ്ലോഗിനുമുന്നിൽ കഴിച്ചുകൂട്ടുന്നവർക്ക് വരുന്നത്), ബ്ലോഗോഫോബിയ (ബ്ലോഗേഴ്സിന്റെ പാർട്ട്നേസിനും,മറ്റു കുടുംബാംഗങ്ങൾക്കും വരുന്നത്), ...എന്നിങ്ങനെ.

അടുത്ത ജേർണനിൽ  അവർ ഇതിനെ പറ്റിയൊക്കപ്രസിദ്ധീകരിക്കുമായിരിക്കും.


ഉന്തുട്ടുകുന്തെങ്കിലും ആകട്ടേ....അപ്പ..കാണാം..ല്ലേ....







ഈ പോസ്റ്റ് രചനക്ക് സഹായമായത്
ഗൂഗിളും, ബൂലോഗമിത്രങ്ങളുടെ പഴയ
പോസ്റ്റുകളും ആണ് കേട്ടോ..നന്ദി .





                                                               

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...