Monday 24 September 2018

പദശുദ്ധി കോശം ....! / Padashuddhi Kosham ...!

അങ്ങനെ എങ്ങനെ എഴുതും എന്നതുമാത്രമല്ല ,
ഇങ്ങനെ എഴുതിയാൽ - 'അങ്ങിനെ' എന്നാണോ 
 'ഇങ്ങിനെ'യെന്നാണോ  'എങ്ങിനെ'യെന്നാണോ -
അഥവാ ഇവയെല്ലാം എങ്ങനെയാണ്  വായിക്കേണ്ടത്  അല്ലെങ്കിൽ പറയേണ്ടത് എന്നതുപോലും നമ്മൾ ഒട്ടുമിക്ക മലയാളികൾക്കും അറിയില്ല എന്നത് ഒരു വാസ്തവമാണ് ...
ആദരാഞ്ജലി (ഞ് ജ )അർപ്പിക്കുന്നതിന് പകരം
ആദരാജ്ഞലികൾ (ജ്‌ ഞ)നേരുന്നവരാണ് നാം കൂടുതൽ പേരും ...
അങ്ങനെ , ഇങ്ങനെ , എങ്ങനെ ,അതിഥി , അടിയന്തിരം , അഗ്നികുണ്ഡം , അഭിഭാഷിക , കല്യാണം , കവയിത്രി , കർക്കടകം, കൈയൊപ്പ് , മാദ്ധ്യമം , തിരഞ്ഞെടുപ്പ്  , തെറ്റുദ്ധാരണ , നിഘണ്ടു , പതിവ്രത  , പ്രസംഗകൻ , യാചക ,
ശിപാർശ , ഷഷ്ടിപൂർത്തി , സ്ത്രീശക്തീകരണം  മുതൽ അനേകം ശരിയായ ഉച്ചാരണവും, അർത്ഥവുമുള്ള മലയാള ഭാഷയുടെ പദസമ്പത്തിൽ നിന്നും ഇപ്പോൾ പലയിടത്തും ഇവയുടെയൊക്കെ  വികലമായ പദങ്ങളായ അങ്ങിനെ , ഇങ്ങിനെ , എങ്ങിനെ , അഥിതി , അടിയന്തരം , അഗ്നികുണ്ഠം, അഭിഭാഷക , കല്ല്യാണം , കവിയിത്രി , കർക്കിടകം, കൈയ്യൊപ്പ് , മാധ്യമം , തെരെഞ്ഞടുപ്പ്, തെറ്റിദ്ധാരണ , നിഘണ്ഡു , പതിവൃത , പ്രാസംഗികൻ , യാചിക , ശുപാർശ , ഷഷ്ഠിപൂർത്തി, സ്ത്രീശാക്തീകരണം എന്നിങ്ങനെയുള്ള ഉച്ചാരണങ്ങളും പ്രയോഗങ്ങളുമാണ് കണ്ടുവരുന്നത് ...!

മറ്റു ഭാഷകളിൽ നിന്നും കടമെടുത്തതും , അല്ലാത്തതുമായ പദങ്ങളുടെ ശരിയായ അർത്ഥവും ഘടനയും എന്തെന്നറിയാതെ അതാതു പ്രാദേശിക ഭാഷ്യങ്ങളുമായി ഉരുത്തിരിഞ്ഞു വന്ന വാക്കുകൾ പ്രാബല്യത്തിൽ വന്നത് തൊട്ട് , നമ്മുടെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങൾ മുതൽ ആധുനികമായ കമ്പ്യൂട്ടർ ലിപികൾ വരെ ഇത്തരം വികലമായ പദങ്ങൾ നിത്യോപയോഗത്തിൽ പ്രായോഗികമാക്കിത്തീർക്കുവാൻ ഏവരെയും പ്രാപ്തരാക്കി എന്ന് പറയുന്നതായിരിക്കും ഇതിനുള്ള കാരണങ്ങൾ ...!

ഇതുപോലെ അനേകമനേകം മലയാളം പദങ്ങൾ ഒട്ടും ഭാഷ ശുദ്ധിയില്ലാതെയാണ്  നാം പ്രയോഗിച്ചുവരുന്നതെന്ന് മനസ്സിലാക്കിയാൽ ശ്രേഷ്ഠമലയാളം എന്ന പദവിക്ക് നമ്മൾ അനർഹരായി തീരും ...!

ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയിൽ  നമ്മുടെ ഭാഷാശുദ്ധിയെ കുറിച്ചുള്ള ഏറ്റവും നവീനമായ 'പദശുദ്ധി കോശം ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...

മലയാള ഭാഷയിൽ കാലാകാലങ്ങളായി ഇറങ്ങിയ ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന
നിരവധി ഗ്രന്ഥങ്ങളിൽ നിന്നും എടുത്തിട്ടുള്ള പരാമർശങ്ങൾ സഹിതം , ഡോ .ഡേവീസ് സേവ്യർ , 2014 മുതൽ 'ദീപനാളം' വാരികയിൽ തുടർച്ചയായി എഴുതി വന്ന 'ശ്രേഷ്ഠമലയാളം എന്ന പംക്തി , കുറച്ച് ഭാഷാസ്നേഹികളുടെ കൂട്ടായ്മയാൽ പുസ്തകരൂപം പ്രാപിച്ചതാണ് മലയാളത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ  ഗ്രന്ഥം ...!

അതായത് വായനയുടെ രസകരമായ രസതന്ത്രം തീർക്കുന്ന 'ബുക്ക് മീഡിയ ' പ്രസിദ്ധീകരിച്ച വായനയും എഴുത്തും വിഭാഗത്തിലുള്ള യുക്തിയുക്തമായ സമർത്ഥനങ്ങളോടെ അനേകം ദൃഷ്ട്ടാന്തങ്ങൾ  സഹിതം , ലളിത പ്രതിപാദനത്തോടെ തയ്യാറാക്കിയ - മലയാള ഭാഷ വ്യവഹരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരെല്ലാം അവശ്യം കൈയിൽ കരുതേണ്ട ഒരു ആധികാരിക ഗ്രന്ഥം ...

മലയാള ഭാഷ കൃത്യമായി പ്രയോഗിക്കാൻ , 3416 ശുദ്ധപദങ്ങളുടെ ഒരു വാഗർത്ഥജാതകം ...! !


ഒരേസമയം ശരിയും തെറ്റുംപ്രചരിച്ചു
കൊണ്ടിരുന്നാൽ ഭാഷയ്ക്ക് വ്യവസ്ഥയില്ലാതാകും.
ഈ തരത്തിലുള്ള വ്യവസ്ഥയില്ലായ്മയെ ഒരു ഭാഷണ സമൂഹവും അംഗീകരിക്കുന്നില്ല.

അതുകൊണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരായ അദ്ധ്യാപകർ , മാദ്ധ്യമ പ്രവർത്തകർ, സാഹിത്യ പ്രവർത്തകർ , പ്രഭാഷകർ , അഭിഭാഷകർ  , ന്യായാധിപർ , ഭരണ്ഡർ, ഭരണകർത്താക്കൾ മുതൽ നവമാദ്ധ്യമ തട്ടകങ്ങളിലെ രചയിതാക്കൾ വരെ ഭാഷയിലെ 'വരമൊഴിയിലെ നേർവഴി' ശീലിക്കേണ്ടതുണ്ടെന്നാണ് ഡോ .ഡേവീസ് സേവ്യർ തന്റെ മുഖക്കുറിപ്പിൽ വ്യക്തമാക്കുന്നത് .

ഈ ശീലം പ്രാവർത്തകമാക്കിയില്ലെങ്കിൽ നമ്മുടെ വരുംതലമുറ വഴിതെറ്റുമെന്നും , എഴുതുന്ന ആൾ വിവക്ഷിക്കുന്നത് വായിക്കുന്ന /കേൾക്കുന്നവർ ശരിയായി ഗ്രഹിക്കണമെങ്കിൽ ഭാഷ നിഷ്കർഷമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു ...

ആഗോളതലത്തിലുള്ള ഏതൊരു ഭാഷയിലും തെറ്റുകൾ സ്വാഭാവികമായതിനാൽ തെറ്റുതിരുത്തലുകളും അനിവാര്യമാണ് . പലപ്പോഴും ഇത്തരം തെറ്റുകൾ ഒരു വാക്കിന്റെ യഥാർത്ഥ അർത്ഥത്തെ മാറ്റി മറിക്കുകയോ അവ്യക്തമാക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് ഗ്രന്ഥകാരൻ  പറയുന്നത് .

അതിനാൽ ആശയവിനിമയത്തിന് കോട്ടം തട്ടാത്ത വിധത്തിൽ ഏതൊരു പുതിയ പദത്തിനും ഭാഷയുടെ ധർമ്മത്തിനനുസരിച്ചുള്ള ശുദ്ധിയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തിലെ വികസിത ഭാഷകളിലെല്ലാം ഈ പ്രക്രിയ നടക്കുന്നുണ്ടെന്നുള്ളതിനാലാണ് ഗ്രന്ഥകാരനും കൂട്ടരും കൂടി , ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അവലോകനം ചെയ്ത് , പലതരം പരാമർശങ്ങൾ അടക്കം ഈ 'പദശുദ്ധി കോശം ' പുറത്തിറക്കിയിട്ടുള്ളത് ...

ശരി പഠിക്കണമെന്നും ഭാഷ ശരിയായി പ്രയോഗിക്കണമെന്ന്  ആഗ്രഹമുള്ള ഏതാനും പേരുടെ ഇച്ഛാശക്തിയാണ്  ഈ ഗ്രന്ഥത്തിന്റെ ജനനത്തിന് വഴിയൊരുക്കിയത് .

ഭാഷ ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്നവർക്ക് ഭൂമിയിലും സ്വർഗ്ഗത്തിലും ആഗ്രഹിക്കുതെന്തും ലഭിക്കുമെന്നാണ് പതഞ്ജലി മഹർഷി പുരാണകാലത്ത് പറഞ്ഞുവെച്ചിട്ടുള്ളത് ...!

ആ ഭാഷ്യം അല്ലങ്കിൽ മഹദ്വചനം അന്വർത്ഥമാക്കുന്ന പ്രതീതിയാണ് മലയാളത്തിലെ ഈ വിലപ്പെട്ട പുസ്തകത്തിന്റെ അണിയറ ശില്പികൾക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളത് ...

ഇതേ അനുഭവം തന്നെയാവും ലോകമെമ്പാടുമുള്ള മലയാളികൾക്കും 'പദശുദ്ധി കോശം ' വായിച്ച ശേഷം , നമ്മുടെ മാതൃഭാഷ മലയാളം ശരിയായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നതും ...!

അതുമല്ലെങ്കിൽ മലയാളം ശരിയായി പഠിക്കുവാനും , ശരിയുടെ പക്ഷത്ത്
ഉറച്ചുനിൽക്കുവാനുള്ള ഒരു പ്രത്യേക ഊർജ്ജമെങ്കിലും ഈ 'പദശുദ്ധി കോശം'
പ്രദാനം ചെയ്യും ...!

മാതൃഭാഷ മലയാളത്തിന്റെ ഭാഷണത്തിലും എഴുത്തിലും ആർജ്ജിച്ച
പൈതൃകശക്തിയെ അത്യന്ത്യം ബലപ്പെടുത്തുന്ന ഒരു പദശുദ്ധി കോശം
മലയാള ഭാഷക്ക് സമർപ്പിച്ച , പാലാ സെന്റ്‌ .തോമസ് കോളേജ് മാലയാള വിഭാഗം
അധിപൻ ഡോ .ഡേവീസ് സേവ്യറിനോട് ഭാഷാസ്നേഹികളായ എല്ലാ മലയാളികളും എന്നും കടപ്പെട്ടിരിക്കുകയാണ് ...
അതെ
ഡോ .ഡേവീസ് സേവ്യർ ചെയ്തിരിക്കുന്നത് ഒരു മഹത്തായ സേവനം തന്നെയാണ് ...!

ഇന്നുള്ള നവ വിനോദോപാധി മാദ്ധ്യമങ്ങളിൽ അടക്കം മറ്റെല്ലാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിൽ വരുന്ന മലയാള പദങ്ങളെ കുറിച്ചുള്ള തെറ്റുകുറ്റങ്ങളും , സംശയങ്ങളും , മറ്റും വായനക്കാരും , ശ്രോതാക്കളും , കാഴ്ച്ചക്കാരുമെല്ലാം സൗമനസ്യം ചൂണ്ടിക്കാണിച്ചാൽ മാത്രമേ ഇത്തരം വാഗർത്ഥ ജാതകങ്ങൾ പൂർത്തിയാകുകയുള്ളൂ...
  
ഡോ .ഡേവീസ് സേവ്യർ 
അതായത് നമ്മുടെ ശ്രേഷ്ഠമലയാളം
തെറ്റില്ലാതെ വളരണം ; വളർത്തപ്പെടണം ...

പിന്നാമ്പുറം :-
'ബ്രിട്ടീഷ് മലയാളി'യിൽ ഈ 'പദശുദ്ധി കോശം'
ഗ്രന്ഥാവലോകനം പ്രസിദ്ധീകരിച്ചത് ..!
40 കഴിഞ്ഞ സഹോദരങ്ങൾ ക്ഷമയോടെ വായിക്കുക..

വയസ് നാല്പതുകളിലോ അമ്പതുകളിലോ  എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ,
എത്തി കഴിഞ്ഞവരെ,
ഇത് നിങ്ങൾക്കാണ്.........

 ഹോ,നമ്മളോളം കുട്ടികളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്തുണ്ടാവുമോ?

എത്ര വയസുവരെയാണ്‌ മനുഷ്യരുടെ സദാ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം?

ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത്‌ പിന്നേയും മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്‌

പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ്‌ നമ്മുടെ പൂർവികർ.

പത്തു വയസാവുമ്പോഴക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക്‌ നിർവ്വഹിച്ചിരുന്നവർ

അവരുടെ തലമുറയിൽപെട്ട അമ്മമാരാണ്‌ ഇരുപത്തി അഞ്ചു വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ്‌ എന്ന  കാരണത്താൽ കൂട്ടുകാരികൾ
പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്‌

മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും , ടി  വി യും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ധുചെയ്ത്‌ വീടിനെ മരണവീടുപോലെ   ശോകമൂകമാക്കുകയും ചെയ്യുന്നതും

മകന്‌  മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത്‌ കൂട്ടിരിക്കുന്ന ഒരമ്മയെ പറ്റി കേട്ടിട്ടുണ്ട്


ഹോസ്റ്റലൊന്നും ശരിയാവില്ല ,അവന്‌ ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ്‌ അവരുടെ യുക്തി

കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല,

നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരുംവരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ്‌ വിഷയം.

സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.

ഒരു പൊന്മാന്‌ അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ

പക്ഷേ കണ്ടിട്ടില്ലേ
അത്‌ മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ്‌ ചെയ്യുക

കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ്‌ ഈ ഭൂമി
ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം

നിങ്ങൾ നിങ്ങളുടെ ജീവിതംജീവിക്കുക എന്നത്‌ പ്രധാനമാണ്‌

മരങ്ങളിൽ വള്ളികൾക്ക്‌ എന്നുള്ളതുപോലെയാണ്‌ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്‌
അത്‌ ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ്‌ ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്‌

മരിക്കുംബോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്‌

രണ്ടാമത്തെ തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്‌?
ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക്‌ അതു കൊണ്ട്‌ എന്ത്‌ ലാഭമാണുള്ളത്‌?

അതു കൊണ്ട്‌ അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച്‌ അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക
അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക അവനവന്റെ ഇഷ്ടങ്ങൾക്ക്‌ അപരന്റേതിന്‌ ഒപ്പമെങ്കിലും പരിഗണന നൽകുക

നാൽപത്തി അഞ്ച്‌ വയസ്‌ കഴിഞ്ഞ ഒരു മദാമ്മ ഈയിടെ  വയനാട്ടിൽ വന്നു

അൻപത്‌ വയസിന്‌ മുൻപ്‌ ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ്‌ ലിസ്റ്റ്‌ ഉണ്ടായിരുന്നു അവരുടെ കയ്യിൽ
അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു

ആനപ്പുറത്ത്‌ കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം  നടപ്പിലായിക്കിട്ടുമോ എന്നാണ്‌ ആയമ്മക്ക്‌ അറിയേണ്ടിയിരുന്നത്‌

മറ്റുള്ളവർക്ക്‌ വിചിത്രമെന്ന് തോന്നാം ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ
അത്‌ പക്ഷേ നമ്മുടെ കുഴപ്പമല്ല ,
നമ്മളല്ല അവർ എന്നത്‌ കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫൂഷനാണത്‌
നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.

നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക്‌ വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നർസ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു

ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുംബോൾ പറഞ്ഞിരുന്നത്‌  എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം.
'കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു..'എന്നതാണ്‌ അതിന്‌ അവർ പറഞ്ഞ ഉത്തരം

പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ്‌ ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ

ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക്‌ പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു

ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌

നിസ്സാരമെങ്കിലും പലവിധകാരണങ്ങളാൽ നടക്കാതെപോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ്‌ ആശകളേക്കുറിച്ചാണ്‌

മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല
മറ്റുള്ളവർക്ക്‌ വേണ്ടി, മറ്റുള്ളവർക്ക്‌ വേണ്ടി എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ  ചില സന്തോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിക്കുന്നത്‌

നാളേക്ക്‌ നാളേക്ക്‌ എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന  പലപല സംഗതികളെക്കുറിച്ച്‌

അത്‌ പലർക്കും പലതാകാം

വിജനമായ ഒരു മലമുകളിലേക്ക്‌ ഒറ്റക്ക്‌ കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം

കാസിരംഗയിലെ ഒരു ഒരു കാനന സഫാരിയോ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലോ ആകാം

ഉറക്കെയുറക്കെ പാടുക
മതിവരുവോളം നൃത്തം ചെയ്യുക

പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട്‌ മലർന്നു കിടക്കുക,
തുടങ്ങി അന്യന്‌ ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം

നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്‌

വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ സിംഗറിന്റെ തയ്യൽ മെഷീൻ കണ്ടോ

'തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത്‌ പോകാൻ വയ്യ..
ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം'
എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത്‌ നേരാണ്‌ എന്ന് ഒരാൾ വിശ്വസിച്ചതാണ്‌ അതങ്ങനെ അവിടെ വരാൻ കാരണം

അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ അതും അങ്ങനെ വന്നതു തന്നെ

എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ  ഈ കുറിപ്പ്‌ കൊണ്ടും ഞാൻ ലക്ഷ്യം വക്കുന്നത്‌ നാൽപത്‌ കഴിഞ്ഞവരേയാണ്‌

മറ്റുള്ളവർക്ക്‌ ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ്‌ അത്‌

നാൽപത്‌ കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ
സ്റ്റാന്റ്‌ വിട്ടു പോയിക്കൊണ്ടിരിക്കുന്നത്‌ അവർക്കുള്ള അവസാന ബസുകളാണ്‌

അമാന്തിച്ചു നിന്നാൽ  മനസമാധാനമില്ലാതെ മരിക്കാം
ഈ മനോഹരതീരത്ത്‌ ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം

നിങ്ങളോട്‌ എന്ന വ്യാജേന ഇത്‌ ഞാൻ എന്നോടും കൂടിയാണ്‌ പറയുന്നത്‌ എന്ന് തിരിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ

പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ധങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ  അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്‌

പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട്‌ ഞാൻ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു

ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ്‌ ആ കൗശലം

ഒരാൾ ഇല്ലാതായാൽ ലോകത്തിന്‌ എന്ത്‌ സംഭവിക്കാനാണ്‌?

ഭാര്യ തനിയെ ജീവിക്കില്ലേ?

മകൾ പഠിക്കുകയോ ഉദ്യോഗം നേടുകയോ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യില്ലേ?

നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ?
ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ?

അത്രയേ ഉള്ളൂ കാര്യം
നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ പ്രസക്തി

അപ്പോ ശരി..
എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ?

ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌ എന്നു സാരം

സുഹൃത്ത് അയച്ചുതന്നത്....

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...