Monday, 24 September 2018

പദശുദ്ധി കോശം ....! / Padashuddhi Kosham ...!

അങ്ങനെ എങ്ങനെ എഴുതും എന്നതുമാത്രമല്ല ,
ഇങ്ങനെ എഴുതിയാൽ - 'അങ്ങിനെ' എന്നാണോ 
 'ഇങ്ങിനെ'യെന്നാണോ  'എങ്ങിനെ'യെന്നാണോ -
അഥവാ ഇവയെല്ലാം എങ്ങനെയാണ്  വായിക്കേണ്ടത്  അല്ലെങ്കിൽ പറയേണ്ടത് എന്നതുപോലും നമ്മൾ ഒട്ടുമിക്ക മലയാളികൾക്കും അറിയില്ല എന്നത് ഒരു വാസ്തവമാണ് ...
ആദരാഞ്ജലി (ഞ് ജ )അർപ്പിക്കുന്നതിന് പകരം
ആദരാജ്ഞലികൾ (ജ്‌ ഞ)നേരുന്നവരാണ് നാം കൂടുതൽ പേരും ...
അങ്ങനെ , ഇങ്ങനെ , എങ്ങനെ ,അതിഥി , അടിയന്തിരം , അഗ്നികുണ്ഡം , അഭിഭാഷിക , കല്യാണം , കവയിത്രി , കർക്കടകം, കൈയൊപ്പ് , മാദ്ധ്യമം , തിരഞ്ഞെടുപ്പ്  , തെറ്റുദ്ധാരണ , നിഘണ്ടു , പതിവ്രത  , പ്രസംഗകൻ , യാചക ,
ശിപാർശ , ഷഷ്ടിപൂർത്തി , സ്ത്രീശക്തീകരണം  മുതൽ അനേകം ശരിയായ ഉച്ചാരണവും, അർത്ഥവുമുള്ള മലയാള ഭാഷയുടെ പദസമ്പത്തിൽ നിന്നും ഇപ്പോൾ പലയിടത്തും ഇവയുടെയൊക്കെ  വികലമായ പദങ്ങളായ അങ്ങിനെ , ഇങ്ങിനെ , എങ്ങിനെ , അഥിതി , അടിയന്തരം , അഗ്നികുണ്ഠം, അഭിഭാഷക , കല്ല്യാണം , കവിയിത്രി , കർക്കിടകം, കൈയ്യൊപ്പ് , മാധ്യമം , തെരെഞ്ഞടുപ്പ്, തെറ്റിദ്ധാരണ , നിഘണ്ഡു , പതിവൃത , പ്രാസംഗികൻ , യാചിക , ശുപാർശ , ഷഷ്ഠിപൂർത്തി, സ്ത്രീശാക്തീകരണം എന്നിങ്ങനെയുള്ള ഉച്ചാരണങ്ങളും പ്രയോഗങ്ങളുമാണ് കണ്ടുവരുന്നത് ...!

മറ്റു ഭാഷകളിൽ നിന്നും കടമെടുത്തതും , അല്ലാത്തതുമായ പദങ്ങളുടെ ശരിയായ അർത്ഥവും ഘടനയും എന്തെന്നറിയാതെ അതാതു പ്രാദേശിക ഭാഷ്യങ്ങളുമായി ഉരുത്തിരിഞ്ഞു വന്ന വാക്കുകൾ പ്രാബല്യത്തിൽ വന്നത് തൊട്ട് , നമ്മുടെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങൾ മുതൽ ആധുനികമായ കമ്പ്യൂട്ടർ ലിപികൾ വരെ ഇത്തരം വികലമായ പദങ്ങൾ നിത്യോപയോഗത്തിൽ പ്രായോഗികമാക്കിത്തീർക്കുവാൻ ഏവരെയും പ്രാപ്തരാക്കി എന്ന് പറയുന്നതായിരിക്കും ഇതിനുള്ള കാരണങ്ങൾ ...!

ഇതുപോലെ അനേകമനേകം മലയാളം പദങ്ങൾ ഒട്ടും ഭാഷ ശുദ്ധിയില്ലാതെയാണ്  നാം പ്രയോഗിച്ചുവരുന്നതെന്ന് മനസ്സിലാക്കിയാൽ ശ്രേഷ്ഠമലയാളം എന്ന പദവിക്ക് നമ്മൾ അനർഹരായി തീരും ...!

ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയിൽ  നമ്മുടെ ഭാഷാശുദ്ധിയെ കുറിച്ചുള്ള ഏറ്റവും നവീനമായ 'പദശുദ്ധി കോശം ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...

മലയാള ഭാഷയിൽ കാലാകാലങ്ങളായി ഇറങ്ങിയ ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന
നിരവധി ഗ്രന്ഥങ്ങളിൽ നിന്നും എടുത്തിട്ടുള്ള പരാമർശങ്ങൾ സഹിതം , ഡോ .ഡേവീസ് സേവ്യർ , 2014 മുതൽ 'ദീപനാളം' വാരികയിൽ തുടർച്ചയായി എഴുതി വന്ന 'ശ്രേഷ്ഠമലയാളം എന്ന പംക്തി , കുറച്ച് ഭാഷാസ്നേഹികളുടെ കൂട്ടായ്മയാൽ പുസ്തകരൂപം പ്രാപിച്ചതാണ് മലയാളത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ  ഗ്രന്ഥം ...!

അതായത് വായനയുടെ രസകരമായ രസതന്ത്രം തീർക്കുന്ന 'ബുക്ക് മീഡിയ ' പ്രസിദ്ധീകരിച്ച വായനയും എഴുത്തും വിഭാഗത്തിലുള്ള യുക്തിയുക്തമായ സമർത്ഥനങ്ങളോടെ അനേകം ദൃഷ്ട്ടാന്തങ്ങൾ  സഹിതം , ലളിത പ്രതിപാദനത്തോടെ തയ്യാറാക്കിയ - മലയാള ഭാഷ വ്യവഹരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരെല്ലാം അവശ്യം കൈയിൽ കരുതേണ്ട ഒരു ആധികാരിക ഗ്രന്ഥം ...

മലയാള ഭാഷ കൃത്യമായി പ്രയോഗിക്കാൻ , 3416 ശുദ്ധപദങ്ങളുടെ ഒരു വാഗർത്ഥജാതകം ...! !


ഒരേസമയം ശരിയും തെറ്റുംപ്രചരിച്ചു
കൊണ്ടിരുന്നാൽ ഭാഷയ്ക്ക് വ്യവസ്ഥയില്ലാതാകും.
ഈ തരത്തിലുള്ള വ്യവസ്ഥയില്ലായ്മയെ ഒരു ഭാഷണ സമൂഹവും അംഗീകരിക്കുന്നില്ല.

അതുകൊണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരായ അദ്ധ്യാപകർ , മാദ്ധ്യമ പ്രവർത്തകർ, സാഹിത്യ പ്രവർത്തകർ , പ്രഭാഷകർ , അഭിഭാഷകർ  , ന്യായാധിപർ , ഭരണ്ഡർ, ഭരണകർത്താക്കൾ മുതൽ നവമാദ്ധ്യമ തട്ടകങ്ങളിലെ രചയിതാക്കൾ വരെ ഭാഷയിലെ 'വരമൊഴിയിലെ നേർവഴി' ശീലിക്കേണ്ടതുണ്ടെന്നാണ് ഡോ .ഡേവീസ് സേവ്യർ തന്റെ മുഖക്കുറിപ്പിൽ വ്യക്തമാക്കുന്നത് .

ഈ ശീലം പ്രാവർത്തകമാക്കിയില്ലെങ്കിൽ നമ്മുടെ വരുംതലമുറ വഴിതെറ്റുമെന്നും , എഴുതുന്ന ആൾ വിവക്ഷിക്കുന്നത് വായിക്കുന്ന /കേൾക്കുന്നവർ ശരിയായി ഗ്രഹിക്കണമെങ്കിൽ ഭാഷ നിഷ്കർഷമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു ...

ആഗോളതലത്തിലുള്ള ഏതൊരു ഭാഷയിലും തെറ്റുകൾ സ്വാഭാവികമായതിനാൽ തെറ്റുതിരുത്തലുകളും അനിവാര്യമാണ് . പലപ്പോഴും ഇത്തരം തെറ്റുകൾ ഒരു വാക്കിന്റെ യഥാർത്ഥ അർത്ഥത്തെ മാറ്റി മറിക്കുകയോ അവ്യക്തമാക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് ഗ്രന്ഥകാരൻ  പറയുന്നത് .

അതിനാൽ ആശയവിനിമയത്തിന് കോട്ടം തട്ടാത്ത വിധത്തിൽ ഏതൊരു പുതിയ പദത്തിനും ഭാഷയുടെ ധർമ്മത്തിനനുസരിച്ചുള്ള ശുദ്ധിയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തിലെ വികസിത ഭാഷകളിലെല്ലാം ഈ പ്രക്രിയ നടക്കുന്നുണ്ടെന്നുള്ളതിനാലാണ് ഗ്രന്ഥകാരനും കൂട്ടരും കൂടി , ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അവലോകനം ചെയ്ത് , പലതരം പരാമർശങ്ങൾ അടക്കം ഈ 'പദശുദ്ധി കോശം ' പുറത്തിറക്കിയിട്ടുള്ളത് ...

ശരി പഠിക്കണമെന്നും ഭാഷ ശരിയായി പ്രയോഗിക്കണമെന്ന്  ആഗ്രഹമുള്ള ഏതാനും പേരുടെ ഇച്ഛാശക്തിയാണ്  ഈ ഗ്രന്ഥത്തിന്റെ ജനനത്തിന് വഴിയൊരുക്കിയത് .

ഭാഷ ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്നവർക്ക് ഭൂമിയിലും സ്വർഗ്ഗത്തിലും ആഗ്രഹിക്കുതെന്തും ലഭിക്കുമെന്നാണ് പതഞ്ജലി മഹർഷി പുരാണകാലത്ത് പറഞ്ഞുവെച്ചിട്ടുള്ളത് ...!

ആ ഭാഷ്യം അല്ലങ്കിൽ മഹദ്വചനം അന്വർത്ഥമാക്കുന്ന പ്രതീതിയാണ് മലയാളത്തിലെ ഈ വിലപ്പെട്ട പുസ്തകത്തിന്റെ അണിയറ ശില്പികൾക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളത് ...

ഇതേ അനുഭവം തന്നെയാവും ലോകമെമ്പാടുമുള്ള മലയാളികൾക്കും 'പദശുദ്ധി കോശം ' വായിച്ച ശേഷം , നമ്മുടെ മാതൃഭാഷ മലയാളം ശരിയായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നതും ...!

അതുമല്ലെങ്കിൽ മലയാളം ശരിയായി പഠിക്കുവാനും , ശരിയുടെ പക്ഷത്ത്
ഉറച്ചുനിൽക്കുവാനുള്ള ഒരു പ്രത്യേക ഊർജ്ജമെങ്കിലും ഈ 'പദശുദ്ധി കോശം'
പ്രദാനം ചെയ്യും ...!

മാതൃഭാഷ മലയാളത്തിന്റെ ഭാഷണത്തിലും എഴുത്തിലും ആർജ്ജിച്ച
പൈതൃകശക്തിയെ അത്യന്ത്യം ബലപ്പെടുത്തുന്ന ഒരു പദശുദ്ധി കോശം
മലയാള ഭാഷക്ക് സമർപ്പിച്ച , പാലാ സെന്റ്‌ .തോമസ് കോളേജ് മാലയാള വിഭാഗം
അധിപൻ ഡോ .ഡേവീസ് സേവ്യറിനോട് ഭാഷാസ്നേഹികളായ എല്ലാ മലയാളികളും എന്നും കടപ്പെട്ടിരിക്കുകയാണ് ...
അതെ
ഡോ .ഡേവീസ് സേവ്യർ ചെയ്തിരിക്കുന്നത് ഒരു മഹത്തായ സേവനം തന്നെയാണ് ...!

ഇന്നുള്ള നവ വിനോദോപാധി മാദ്ധ്യമങ്ങളിൽ അടക്കം മറ്റെല്ലാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിൽ വരുന്ന മലയാള പദങ്ങളെ കുറിച്ചുള്ള തെറ്റുകുറ്റങ്ങളും , സംശയങ്ങളും , മറ്റും വായനക്കാരും , ശ്രോതാക്കളും , കാഴ്ച്ചക്കാരുമെല്ലാം സൗമനസ്യം ചൂണ്ടിക്കാണിച്ചാൽ മാത്രമേ ഇത്തരം വാഗർത്ഥ ജാതകങ്ങൾ പൂർത്തിയാകുകയുള്ളൂ...
  
ഡോ .ഡേവീസ് സേവ്യർ 
അതായത് നമ്മുടെ ശ്രേഷ്ഠമലയാളം
തെറ്റില്ലാതെ വളരണം ; വളർത്തപ്പെടണം ...

പിന്നാമ്പുറം :-
'ബ്രിട്ടീഷ് മലയാളി'യിൽ ഈ 'പദശുദ്ധി കോശം'
ഗ്രന്ഥാവലോകനം പ്രസിദ്ധീകരിച്ചത് ..!

Thursday, 2 August 2018

Bilatthipattanam / ബിലാത്തിപട്ടണം : പകർപ്പാവകാശം മുതൽ 'മീശ'യുടെ ആവിഷ്കാര സ്വാതന്ത്യം വ...

Bilatthipattanam / ബിലാത്തിപട്ടണം : പകർപ്പാവകാശം മുതൽ 'മീശ'യുടെ ആവിഷ്കാര സ്വാതന്ത്യം വ...: ഈയിടെ ഇന്റർനെറ്റ് എഴുത്തുകളുടെ പകർപ്പാവകാശ ലംഘനത്തിനെതിരെ നമ്മുടെ മിത്രം നിരക്ഷരനായ മനോജ് രവീന്ദ്രന്റെ നേതൃത്വത്തിൽ - ഒരു കൂട്ടം സൈബർ എഴു...

Tuesday, 31 July 2018

പകർപ്പാവകാശം മുതൽ 'മീശ'യുടെ ആവിഷ്കാര സ്വാതന്ത്യം വരെ ... ! / Pakarppavakaasham Muthal ' Meesha'yute Aavishkaara swathanthryam Vare ... !

ഈയിടെ ഇന്റർനെറ്റ് എഴുത്തുകളുടെ പകർപ്പാവകാശ ലംഘനത്തിനെതിരെ നമ്മുടെ മിത്രം നിരക്ഷരനായ മനോജ് രവീന്ദ്രന്റെ നേതൃത്വത്തിൽ - ഒരു കൂട്ടം സൈബർ എഴുത്തുകാർ, അവരുടെ തട്ടകങ്ങളിലെ കൃതികളിൽ നിന്നും ,പല  ഭാഗങ്ങളും പകർത്തിയെടുത്ത് പുസ്തകങ്ങൾ ഇറക്കിയ എഴുത്തുകാരനും , ആയത് പ്രസിദ്ധീകരിച്ച് പുസ്തകമാക്കിയ പ്രസാധകർക്കും എതിരെ ഒരു 'ബെഞ്ച് മാർക്ക് 'വിധി സമ്പാദിക്കുവാൻ വേണ്ടി മുന്നിട്ടിറങ്ങിയ കാര്യം ഏവർക്കും അറിവുള്ള കാര്യമാണല്ലോ  .
ഒരു പക്ഷെ നമ്മുടെ നാട്ടിൽ പുതിയതായുള്ള  'ഡിജിറ്റൽ മീഡിയ നിയമ'ങ്ങൾ അങ്ങിനെ പ്രാബല്യത്തിൽ വരാത്തതുകൊണ്ടായിരിക്കാം , ഈ കേസിലെ പ്രതികളൊക്കെ ചുമ്മാ ഇതിനെ പുച്‌ഛിച്ചു തള്ളുന്നത് . 
ഈ വേറിട്ട കേസിന്റെ ഇതുവരെയുള്ള നീക്കങ്ങളും ,വഴിത്തിരിവുകളും ഇവിടെ നിരക്ഷരൻ ബ്ലോഗ്ഗിൽ വായിക്കാവുന്നതാണ്  ...

ഇപ്പോൾ ബ്രിട്ടനിലും ,യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളിലും 'ഓൺ- ലൈൻ' മാധ്യമങ്ങളിലെ ഏത് 'പ്ലാറ്റ്‌ഫോമിൽ ' ചെയ്യുന്ന എന്ത് /ഏത് വർക്കുകൾ വരെ ഓട്ടോമറ്റിക്കായി 'കോപ്പി റൈറ് 'നിയമത്തിൽ പെടുന്നതാണ്...
Copyright is an abstract notion for many of us. It is unclear whether
it requires registration or not, what the © stands for, how much it costs and what it protects. So, here’s a simple and brief overview of what copyright is. Copyright rests automatically on any work, as long as you created it and it canbe considered original.
Automatically?
Yes! Copyright does not require a registration, payment
or any other formality. It applies automatically to your work once it’s completed.
In the UK and the EU, the © sign is not required, but can be useful to signal that
you are aware of your copyright and will enforce it.
 Any work?
This can be a book, article, blogpost or any other text; a song or melody
you create; a video or film you made; a public performance of theatre or dance; software
code you’ve developed; photographs you’ve taken; logos you’ve drawn; and works of art
such as paintings and sculptures.
Original?
This does not mean you need to be the first ever to create something like it.
It refers to the skill, effort or labour you’ve put into creating it, the creative decisions
you made along the way. For this reason, it is not possible to obtain a copyright on a colour,
name or word (you can look at trade marks for that).
ഇതുപോലെ തന്നെ അമേരിക്കയിലെ
ഡിജിറ്റൽ മീഡിയ നിയമങ്ങളും ഇവിടെ നോക്കാം .

ഒരു കെട്ടിട സമുച്ചയത്തിലെ കടമുറി വാങ്ങിയിട്ടൊ , വാടകക്കൊ എടുത്ത് കച്ചവടം ചെയ്യുമ്പോൾ , ആ കച്ചവടക്കാരനാണ് നിയമപരമായി മൂലധനവും , ലാഭവും , നഷ്ട്ടവുമൊക്കെ സാദ്ധ്യമാകുന്നത് .
അതുപോലെ തന്നെയാണ് ഏതൊരു ' സൈബർ പ്ലാറ്റ്‌ഫോമി'ൽ നിന്നും ഒരു 'ഡൊമെയ്ൻ ' വാങ്ങിയൊ , പാട്ടത്തിനെടുത്തൊ ഒരു 'വെബ് സൈറ്റ് ' തുടങ്ങുന്ന ഏതൊരാൾക്കും കിട്ടുന്ന നിയമ പരിരക്ഷ ...!
സമീപ ഭാവിയിലെ എഴുത്തും , വായനയും ഭൂരിഭാഗവും ഇനി നടക്കുവാൻ പോകുന്ന 'ഡിജിറ്റൽ മീഡിയ' തട്ടകങ്ങളിലുണ്ടാകുന്ന ആവിഷ്കാര സ്വാതന്ത്ര്യം , പകർപ്പവകാശം, പൈറസി ,വിശ്വാസ ലംഘനം മുതൽ സംഗതികളെ കുറിച്ചെല്ലാം  ഇന്നുള്ള ഓരോ സൈബർ എഴുത്തുകാരും ബോധവാന്മാരാകേണ്ടതാണ് ...!

അതുകൊണ്ട് മലയാള സൈബർ ഇടങ്ങളിലെ ഏവരും - നിരക്ഷരനും, കൂട്ടരുടെയും കൂടെ , ഈ വിഷയത്തിൽ , നമ്മുടെ നാട്ടിലെ നിയമ സ്ഥാപനങ്ങളിൽ നിന്നും ഒരു 'പ്രഥമ നിയമ വിധി പ്രസ്താവ'ന ഇറക്കുന്നതിന് വേണ്ടി ഒന്നിച്ച്  അണിചേരേണ്ടതാണ് ...!

ആവിഷ്കാര സ്വാതന്ത്ര്യം , പകർപ്പവകാശം എന്നീ  സംഗതികളൊക്കെ ഒരു സൃഷ്ടികർത്താവിന്റെ അവകാശങ്ങളാണ് .
ഏതൊരു കലാസൃഷ്ടിയും , സാഹിത്യവുമൊക്കെ ഏതൊരു മേഖലയിലും ആവിഷ്കരിച്ചാലും , ആയതിന്റെ ഉടയോരായവർ തന്നെയാണ് ആ സൃഷ്ടി എങ്ങിനെയായിരിക്കണമെന്നും , എന്തുചെയ്യണമെന്നും നിശ്ചയിക്കുന്നവർ ...!

അതെ ഇത്തരം സൃഷ്ടികളിൽ കൂടിയാണല്ലോ പുരാതനകാലം മുതൽ ഇന്ന് വരെ മാനുഷിക സമൂഹത്തിൽ ഓരൊ നവീനമായ ആശയങ്ങളും , പുരോഗമന ചിന്തങ്ങളും അതാതു കാലഘട്ടങ്ങളിലെ  ഒട്ടുമിക്ക കലാസാഹിത്യ വല്ലഭരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...
ആഗോളപരമായി നോക്കിയാൽ ഒരു ദശകം മുമ്പ് വരെ സോഷ്യൽ മീഡിയ വെറും വിനോദോപാധി തട്ടകങ്ങളല്ലാതെ പൊതുജന ജീവിതത്തെ ഒട്ടും അലോസരപ്പെടുത്താത്ത വെറും സൈബർ ഇടങ്ങളായിരുന്നു ...!
പക്ഷെ ഇന്ന് ഇത്തരം സോഷ്യൽ മീഡിയ മാധ്യമങ്ങൾ  അപ്പപ്പോൾ ലോകത്തുള്ള സകലമാന സംഗതികളുടെയും ഗുണഗണങ്ങളും , കാപട്യങ്ങളും അതാതു സമയത്ത് തന്നെ പൊടിപ്പും , തൊങ്ങലും വെച്ച് അങ്ങാടിപ്പാട്ടാവുന്ന സ്ഥിതി വിശേഷങ്ങളിലേക്ക് വളർന്നുവലുതായി കഴിഞ്ഞു ... ! 
ഓരോ രാജ്യങ്ങളുടെയും ഭരണകൂടങ്ങൾക്കും , രാഷ്ട്രീയത്തിനും , മതത്തിനും , മറ്റു കള്ളത്തരങ്ങൾക്കുമൊക്കെ പ്രതികൂലമായും , അനുകൂലമായും , പക്ഷം ചേർന്നുള്ള കൂട്ടങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോഴുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങൾ എന്നും പുതിയ പഠനങ്ങൾ വിലയിരുത്തുന്നു .
കെട്ടിച്ചമച്ച പുകഴ്ത്തലുകളും , ഇകഴ്ത്തലുകളും കാരണം നല്ലതും ചീത്തയും വേർതിരിക്കുവാനാകാതെ വിഷമിക്കുകയാണ്  നവമാധ്യമ ഉപഭോക്താക്കൾ എന്നും ഈ പഠനങ്ങൾ പറയുന്നു.

യു.കെയില്‍ വരെ  സോഷ്യല്‍ മീഡിയകള്‍ക്ക് മേല്‍ വന്‍ നിയന്ത്രണം വരുവാൻ പോകുകയാണ് . സോഷ്യൽ മീഡിയ തട്ടകങ്ങളെ   കയറഴിച്ച് വിട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയെന്നാണ് പാര്‍ലിമെന്ററി കമ്മിറ്റി പറയുന്നത്  , ഒപ്പം സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം ജനത്തിന്റെ വോട്ടിങ്ങിനെ  വഴിതെറ്റിക്കുന്നു എന്നും .

ഇതിനോടനുബന്ധിച്ച്  തന്നെ പറയുകയാണെങ്കിൽ , നാട്ടിൽ അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളിൽ 'മീശ' എന്ന സാഹിത്യ സൃഷ്ടിയുടെ ഉടയോൻ ഹരീഷും, മീൻ വിൽക്കുന്ന വിദ്യാർത്ഥിനി ഹനാനും , തീവ്രവാദ കരങ്ങളാൽ വധിക്കപ്പെട്ട അഭിമന്യുവുമൊക്കെ അപഹസിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് .
ഇത്തരം എത്രയൊ ഉദാഹരണങ്ങൾ നിത്യ സംഭങ്ങളായി നടന്നു
കൊണ്ടിരിക്കുന്ന ഒരു കേഴുന്ന നാടായി കൊണ്ടിരിക്കുന്നു നമ്മുടെ ദേശം ...!

എന്താണിതിനൊക്കെ കാരണങ്ങൾ...? 

രാഷ്ട്രീയ മത തീവ്രവാദ സംഗതികളാൽ അടിമപ്പെട്ട് ചുമ്മാ ജീവിച്ചു മരിക്കുന്ന ഒരു ജനതയായി മാറി കൊണ്ടിരിക്കുകയാണോ നമ്മൾ..?

എന്താണ് മലയാളി   ജനതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്..? 
ഇന്നത്തെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന 
പക്ഷം ചേർന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകൾക്കിടവരുന്ന ആവിഷ്കാരങ്ങളെ കുറിച്ചും , 
ആവിഷ്കാര സ്വാതന്ത്ര്യമാകുന്ന  വടിച്ചുമാറ്റിയ മീശയെ കുറിച്ചും   ലണ്ടനിലുള്ള   'കട്ടൻ കാപ്പിയും കവിതയും '  കൂട്ടായ്മ ഇവിടെയുള്ള  പല സാഹിത്യ കുതുകികളോടും അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു.  
പിന്നീട് കഴിഞ്ഞ വാരാന്ത്യത്തിൽ ചർച്ച ചെയ്ത്  അതിൽ നിന്നും സ്വരൂപിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ടും ഇവിടെ ഇതോടൊപ്പം സമർപ്പിക്കുകയാണ് . 
ഒപ്പം  സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ നടമാറിക്കൊണ്ടിരിക്കുന്ന പക്ഷം ചേർന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകൾക്കിടവരുന്ന ആവിഷ്കാരങ്ങളും അന്ന് ചർച്ച ചെയ്തിരുന്നു .
മീശയുടെ നിറങ്ങൾ - kattankaappi.com Report

'എഴുത്തിലുള്ള സ്വാതന്ത്ര്യം' കലയിൽ ഏർപ്പെടുന്നവരുടെ
 'ആവിഷ്ക്കാര സ്വാതന്ത്ര്യം' എഴുത്തുകാരുടെ 'സാമൂഹിക പ്രതിബദ്ധത', 
'സ്വതന്ത്ര ചിന്ത', ആവിഷ്കാരങ്ങളിലൂടെ വ്രണിതമാക്കപ്പെടുന്ന പ്രക്രിയ, തുടങ്ങിയവ 'കട്ടൻ കാപ്പി'യുടെ വേദികളിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.  അപ്പോഴൊക്കെ വ്യത്യസ്തമായ അഭിപ്രായങ്ങൾ എല്ലാ വിഷയങ്ങളിലും ഉയർന്നിട്ടുണ്ട്. 

ഹരീഷിന്റെ 'മീശ' എന്ന കൃതിയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ 2018 ജൂലൈ 28 ശനിയാഴ്ച ഒത്തുകൂടിയപ്പോഴും, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. 

പ്രസക്തമായ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.

'മീശയുടെ മൊത്തമായ കാഴ്ച്ചപ്പാട് എന്തെന്നറിയാൻ സാഹചര്യം ഉണ്ടാകും മുമ്പേ , കൃതിയുടെ തുടക്കത്തിലുള്ള ഒരു പരാമർശത്തെ അടിസ്ഥാനമാക്കി അതു പിൻവലിച്ചത് ഉചിതമായില്ല"

'മീശ സമൂഹത്തിലെ ചില 
വിഭാഗങ്ങളെ മാനസികമായി മുറിപ്പെടുത്തി"

'മീശ' യിലെ ചില പരാമർശങ്ങൾ പണ്ടു സമൂഹത്തിൽ 
ഉണ്ടായിരുന്നതു മാത്രമാണ്. ചരിത്രത്തെ നിഷേധിക്കുന്നത് ശരിയല്ല." 

"സ്ത്രീകളെ പൊതുവായി അധിക്ഷേപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ മൗനം 
അവരുടെ രാഷ്ട്രീയ വിധേയത്വം വെളിവാക്കുന്നു"

"വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചു."

"വിവാദ വിഷയങ്ങൾ നിരത്തിവച്ചുകൊണ്ടു രചയിതാവ് പ്രശസ്തനാവാൻ ശ്രമിച്ചു  "

"ഫാസിസ്റ്റു ശക്തികളുടെ അപലപനീയമായ 
ഭീഷണി എഴുത്തുകാരനു നേരെ ഉണ്ടായി"

"ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണ്"

"രാഷ്ട്രീയ മുതലെടുപ്പുകൾ ഈ 
വിഷയത്തിൽ വ്യാപകമായി നടന്നു. 
വോട്ടു ബാങ്കുകളാണ് എതിർത്തവരുടെയും, അനുകൂലിച്ചവരുടെയും ലക്‌ഷ്യം"

മീശയുടെ കാര്യത്തിൽ അനുകൂലവും, 
പ്രതികൂലവുമായി പ്രതികരിച്ച പല സാഹിത്യ പ്രവർത്തകരുടെയും പ്രതികരണങ്ങൾ വായിച്ചു
കൊണ്ടാണ് ചർച്ച തുടങ്ങിയത്. 
കേരളത്തിലെ സാഹചര്യത്തിൽ മത പ്രീണനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി അനുവർത്തിച്ചു വരുന്നു. 
പിന്നിൽ നിന്നിരുന്ന മതാധികാര കേന്ദ്രങ്ങൾ മുന്നിൽ വരാനും പൊതു സമൂഹത്തെ നിയന്ത്രിക്കുവാനും ഇതിടയാക്കി. പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന വിഷയങ്ങൾ വരെ അമിത പ്രാധാന്യത്തോടെ മുൻപന്തിയിൽ എത്തപ്പെടുന്നു. 

രാഷ്ട്രീയ പാർട്ടികളുടെ പക്ഷപാതപരമായ നിലപാടുകൾ അവരുടെ താൽക്കാലികമായ നിലപാടുകൾ ഭദ്രമാക്കിയെങ്കിലും സമൂഹത്തിൽ മതത്തിന്റെ പേരിലുള്ള വലിയ വിള്ളലുകൾ ഉണ്ടാക്കാനും, അവരുടെ തന്നെ നിലനിൽപ്പിന്റെ അടിത്തറ ഇളക്കുവാനും ഇതു വഴിതെളിച്ചു.

ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടുവേണം 'മീശ'യുടെ പിൻവാങ്ങലിനെ കാണേണ്ടത്.

ഭയരഹിതവും സ്വന്തന്ത്രവുമായി എഴുതാനുള്ള സാഹചര്യം ഏതൊരു എഴുത്തുകാരന്റെയും പ്രാണവായുവാണ്. 
അത്  കേരളത്തിലും ഇന്ത്യയിലും മറ്റെവിടെയും ഉണ്ടാകേണ്ടതാണെന്നും, ആയത്  സംരക്ഷിക്കപ്പെടേണ്ടതാണെന്നും അന്നവിടെ കൂടിയ ഏവരും കൂടി പ്രമേയം പാസാക്കി...!
Friday, 29 June 2018

മലയാളിത്വം കൈവിട്ടു പോകാത്ത ബിലാത്തി മലയാളികൾ ... ! / Malayalithwam Kaivittu Pokattha Bilathi Malayalikal ...!

അനേകം  മലയാളി വംശജർ ഇന്ന് യൂറോപ്പിലാകെ അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി അധിവസിച്ചു വരുന്നുണ്ട് .  
അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതിൽ ഏറ്റവും കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാടുകൾ ' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ് , സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ രാജ്യങ്ങളിലാണ് .
അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !
കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് മുതൽ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ബ്രിട്ടനിൽ  വന്ന് ചെറിയ രീതിയിൽ സ്ഥിര താമസമായെങ്കിലും , വ്യാപകമായ കുടിയേറ്റം ഉണ്ടായതും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും പിന്നീട് അര നൂറ്റാണ്ടിന് ശേഷമാണ് ...

പിന്നീടവർ കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങിയപ്പോൾ നമ്മുടെ നാടിന്റേതായ പലതും ഈ കുടിയേറ്റ നാട്ടിലേക്കും പറിച്ചു നട്ടു .

വേറൊരു വിധത്തിൽ പറഞ്ഞാൽ ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും , സംസ്കാരങ്ങളും, മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ കായിക  രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും പറയാം .അതിമനോഹരമായ രണ്ട് ബൃഹത്തായ ഉത്സവാഘോഷങ്ങൾ  മുൻ വർഷത്തെക്കാൾ കെങ്കേമമായിട്ടും , വിപുലമായിട്ടും അണിയിച്ചൊരിക്കിയാണ് യു.കെ മലയാളികൾ - ബ്രിട്ടൻ നിവാസികളെ ഇത്തവണയും കോരിത്തരിപ്പിക്കുന്നത് .
ഈ വാരാന്ത്യത്തിൽ ജൂൺ 30 , ശനിയാഴ്‍ച്ച അരങ്ങേറുന്ന ഇംഗ്ലണ്ടിലെ ചരിത്ര പ്രധാന്യമുള്ള  സാംസ്‌കാരിക നഗരമായ ഓക്സോഫോർഡിൽ , 'കേരള പൂരം 2018' എന്ന പേരിൽ മലായാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ' യുക്മ ' ഒരുക്കുന്ന കേരളത്തിന്റെ തനതായ രീതിയിലുള്ള 'വള്ളം കളി മാമാങ്കമാണ്  ആദ്യ പരിപാടി.
പിന്നെ പിറ്റേ ദിനം , ജൂലായ്  1 , ഞായാറാഴ്‍ച്ച ' മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച്  അരങ്ങേറുന്ന 'കേരളോത്സവം 2018' മാണ്  ഈ മലയാളി സാംസ്‌കാരിക ചിട്ടവട്ടങ്ങൾ മുഴുവൻ ആവിഷ്കരിച്ച് നടത്തുന്ന രണ്ടാമത്തെ പരിപാടി .
തികച്ചും വേറിട്ട രണ്ട്  മലയാളി ഉത്സവ ആഘോഷ മേളങ്ങൾ ...!
മഞ്ഞുകാലം കഴിയുമ്പോൾ മാർച്ച് മാസം മുതൽ ഇലകൾ തളിരിട്ട് പൂക്കാലമായ വസന്ത കാലം കഴിയുന്ന ജൂണിൽ , നീണ്ട പകലുകളുള്ള ഈ ഗ്രീഷ്മകാലത്തെ പാശ്ചാത്യർ എന്നും വരവേറ്റുകൊണ്ടിരിക്കുന്നത് നാനാതരം ഉത്സവ തിമിർപ്പുകളോടെയാണ് .
അതിന്റെ ഭാഗമായാണ് പ്രവാസി മലയാളികൾ  ആമദത്തോടെ , ആരവത്തോടെ  , ആവേശത്തോടെ താളമേളങ്ങളും , നൃത്ത ചുവടുകളുമായി അവരുടെ തനതായ കലാ കായിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച് ആംഗലേയ നാട്ടിലുള്ളവരെയൊക്കെ ആനന്ദിപ്പിക്കുന്നത് ...!
കുട്ടനാടൻ ഗ്രാമങ്ങളുടെ പേരുള്ള 32 ചെറിയ ചുണ്ടൻ വള്ളങ്ങൾ 4 ടീമുകൾ  വീതം 8 ഹീറ്റ്സുകളിലായി  മത്സരിച്ച് , അതിൽ ജേതാക്കളാകുന്ന 2 ടീമുകൾ ,  അടുത്ത ഊഴത്തിലേക്കും , അതിൽ നിന്ന് സെമി ഫൈനൽ - ഫൈനൽ വരെയുള്ള കേരളത്തിലെ പോലെയുള്ള വള്ളം കളി മത്സരങ്ങൾ തന്നെയാണ് ഓക്സ്ഫോർഡിൽ അരങ്ങേറുക .
ജൂൺ 30 ന് ഓക്സ്ഫോർഡിലെ  ഫാർമൂർ റിസർവോയറിൽ രാവിലെ 10 മണിക്ക് നടക്കുന്ന വള്ളം കളി മത്സരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് നാട്ടിൽ നിന്നും എത്തിച്ചേരുന്ന കേരള നിയമ സഭ സ്പീക്കർ ശ്രീ .പി.രാമകൃഷ്‌ണനാണ് .
അന്ന് വൈകീട്ട് നടക്കുന്ന 'യുക്മ' യുടെ ദശ വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം  ശ്രീ .ശശി തരൂർ എം.പി യും നിർവ്വഹിക്കും ,  എം.എൽ.എ മാരായ ശ്രീ .വി.ടി .ബൽറാം ,ശ്രീ.റോഷി അഗസ്റ്റിൻ അടക്കം ധാരാളം വിശിഷ്ട്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകൾ കൂടാതെ മറ്റനേകം കലാസാംസ്കാരിക പരിപാടികളും അന്നവിടെ അരങ്ങേറുന്നുണ്ട് .
മലയാളി രുചി ഭേദങ്ങളുടെ ഭക്ഷണ ശാലകളും , കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും , 5000 കാറുകൾക്ക് വരെ പാർക്കിംങ്‌  സൗകര്യമടക്കം ,ഒരു ഹെലിപ്പാഡ് വരെ സംഘടാകർ അതിഥികൾക്കും ,മത്സരാർത്ഥികൾക്കും , കാണികൾക്കും വേണ്ടി ഒരുക്കിയിട്ടുണ്ട് .
ഇനി കാണാൻ പോകുന്ന ഈ കേരളം പൂരത്തെ കുറിച്ച് പറഞ്ഞറിയിക്കേണ്ട കാര്യം ഇല്ലല്ലൊ .
അതുപോലെ 'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ 'ആഭിമുഖ്യത്തിൽ ലണ്ടനിൽ എല്ലാ വർഷവും കൊണ്ടാടാറുള്ള 'കേരള കാർണിവലായ' ഇക്കൊല്ലത്തെ 'കേരളോത്സവ് 2018' , അതിവിപുലമായി ,  ഈ ജൂലായ് മാസം ,  1  - ന് ഞായറാഴ്ച , രാവിലെ 10 മണി മുതൽ 'ഈസ്ററ് ഹാമി'ലുള്ള 'ഫ്ളാണ്ടെസ്സ് ഫീൽഡി'ൽ ആരംഭിക്കും .
കേരളീയ പുടവകൾ ഉടുത്തണിഞ്ഞൊരുങ്ങി വന്ന് 200 പരം മലയാളി മങ്കമാർ നൃത്ത ചുവടുകളുമായി കളിക്കുന്ന 'മെഗാ തിരുവാതിരക്കളി'യാണ് ഇത്തവണത്തെ കേരളോത്സവത്തിന്റെ എടുത്തു പറയാവുന്ന മേൻമ ...!

കൂടാതെ പാട്ടും , ക്‌ളാസ്സിക് നാട്യങ്ങളും , നൃത്തങ്ങളും , വടം വലി മത്സരങ്ങളും , ഓട്ട ചാട്ട മത്സരങ്ങളുമടക്കം ധാരാളം കായിക വിനോദങ്ങളും , ഒപ്പം  തന്നെ നല്ല  രുചിയുള്ള നാടൻ ഗൃഹ വിഭവങ്ങളുമൊക്കെയായി ശരിക്കും സന്തോഷകരമായി കൊണ്ടാടാവുന്ന തനി ഉത്സവ മേളങ്ങൾ തന്നെയാണ്  അന്നവിടെ പങ്കെടുക്കുന്നവർക്ക് ആസ്വാദിക്കാനാവുക...

അതെ നമ്മുടെ തനതായ കലാ കായിക 
സാംസ്കാരിക താളമേളങ്ങൾ കാത്തു സൂക്ഷിക്കുന്ന ,  
ഇന്നും മലയാളിത്വം കൈവിട്ടുപോകാത്ത പ്രവാസികൾ
തന്നെയാണ് ,   മലയാളത്തെ എന്നും സ്നേഹിക്കുന്ന ഈ ബിലാത്തി മലയാളികൾ ...!

Wednesday, 30 May 2018

ചിന്തനീയമായ ചില ചിന്തകൾക്കൊരു ഉറവിടം - പ്രൊ : രവിചന്ദ്രൻ .സി /Chinthaneeyamaya Chila Chinthakalkkoru Uravitam - Pro:Ravichandran .C

അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ  തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന  ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ ...
പിന്നെ ജനിച്ച നാട് , കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ  ഓരോരുത്തരുടെയും ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നുഎന്നുള്ളത്  ഒരു ആഗോള പ്രതിഭാസമാണ് ...
ഇതുപോലെ അന്ധവിശ്വാസവും, യുക്തിരാഹിത്യവും ,ശാസ്ത്ര വിരുദ്ധ ചിന്താഗതികളും മറ്റും ഇന്നത്തെ ഭാരതീയ  സമൂഹത്തില്‍
ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേരു പടരുന്നു എന്നത് ഒരു ഭീകരമായ  സംഗതിയാണെന്നുള്ളത്  വാസ്തവമാണ് ...!  
ഇന്ത്യയിലെ സാക്ഷര / ശാസ്ത്ര/ ആരോഗ്യ / സാങ്കേതികത - വിദ്യാ സമ്പന്നമായ കേരളത്തിൽ പോലും ഈ അടുത്ത കാലങ്ങളിൽ തന്നെ എത്ര കൊലപാതകങ്ങളും , മറ്റു  തീണ്ടായ്മകളും - ജാതി മത രാഷ്ട്രീയ വെറികളാൽ സംഭവിച്ചിരിക്കുന്നു എന്നാലോചിച്ചാൽ തന്നെ ഇത്തരം അറിവുകളും, വിജ്ഞാനങ്ങളും അത്രമാത്രമില്ലാത്ത  മറ്റിന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതിഗതികൾ എങ്ങിനെയായിരിക്കുമെന്ന് ശരിക്കും ഊഹിച്ചു നോക്കാവുന്നതാണ് ...! 


തീര്‍ച്ചയായും , ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും
മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ...!
ഇന്നത്തെ ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ പോലും പഴമയിലെ  ചിന്തകളിലേക്ക് ഭൂരിപക്ഷം ജനതയേയും നയിച്ച്  കൊണ്ട്  
ജാതിയും ,മതവും , രാഷ്ട്രീയവുമൊക്കെ കൂടി പല പല വിശ്വാസങ്ങളിലും ,പ്രവർത്തികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുവാൻ ആഗോളതലത്തിൽ
മാനവ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുകയാണ്...! 
എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനുവഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും , രാജ്യവും ശിഥിലമാകുന്നു ...!
കഥാപാത്രങ്ങൾ കാലാന്തരത്തിൽ ദൈവങ്ങളായി മാറിയതും , ആ ദൈവങ്ങളെ ഉപയോഗിച്ചു ചിന്താ ശൂന്യരെ ചൂഷണം ചെയ്യുന്നതും നാമെത്രയോ ഇതുവരെ കണ്ടുകഴിഞ്ഞു...
വീരാരാധനയിൽ തുടങ്ങി, അർഥശൂന്യമായ ആചാരങ്ങളിലും, അന്ധവിശ്വാസത്തിലും, തീവ്ര വാദത്തിലും, നൃശംസതയിലും ചെന്നെത്തിച്ചേർന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. നാം ചിന്തിക്കേണ്ടിയിരിക്കുന്നു... 
നാം  ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു ...!

നാട്ടിൽ വെച്ചുപുലർത്തിയിരുന്ന അന്ധവിശ്വാസങ്ങളും , അനാചാരങ്ങളും , രോഗശാന്തി ശുശ്രുഷകളുമടക്കം അനേകം വിഴുപ്പുകൾ പലരൂപേണ മലയാളികൾ ഈ പാശ്ചാത്യ ലോകത്തേക്കും വലിച്ചിഴച്ചുകൊണ്ടുവന്ന് , ഇവിടുത്തെ ജീവിതത്തെ മലീമസപ്പെടുത്തുന്ന അവസരത്തിലാണ് , യു .കെ മലയാളികളുടെയിടയിൽ , ശാസ്ത്രം, മാനവികത, സ്വതന്ത്ര ചിന്ത മുതൽ പല മാനുഷിക ഉന്നമനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാനായി 'എസ്സെൻസ്‌ യു.കെ' എന്ന സംഘടന കഴിഞ്ഞ വർഷം രൂപം കൊണ്ടത് ...!

പാശ്ചാത്യ നാട്ടിലെ മലയാളി സമൂഹത്തിനെ ബാധിച്ച അന്ധ വിശ്വാസങ്ങൾക്കും , അനാചാരങ്ങൾക്കും , മത രാഷ്ട്രീയ ചൂഷണങ്ങൾക്കുമെതിരെ
പ്രവാസി മലയാളികളെ ബോധവൽക്കരിക്കുവാൻ വേണ്ടി 'എസ്സെൻസ്  യു.കെ'യുടെ ആഭിമുഖ്യത്തിൽ പ്രഥമ പരിപാടിയായിട്ടാണ് പ്രൊ.രവിചന്ദ്രൻ .സി (Pro:Ravichandran.C ) യുടെ പ്രഭാഷണ പരമ്പര ഈ മാസം പകുതി മുതൽ ഈ  ആംഗ്ലേയ ദേശത്തെ ഏഴ് നഗരങ്ങളിൽ അരങ്ങേറിയത്...
കേരളത്തിലും ,പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ആയിരത്തിലധികം വേദികളിൽ പ്രഭാഷകനായിട്ടുള്ള  പ്രൊ:രവിചന്ദ്രന് , തന്റെ കൃതിയായ 
' ബുദ്ധനെ എറിഞ്ഞ കല്ലിന് '  ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും   ലഭിച്ചിട്ടുണ്ട് .
ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും  ,അനേകം വീഡിയൊ   പ്രഭാഷണങ്ങളും  എന്നുമെന്നോണം ധാരാളം ആളുകൾ
വായിക്കുകയും ,വീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു ...

ശാസ്ത്രബോധ പ്രചാരകനും ,സ്വതന്ത്ര ചിന്തകനും ,കോളേജ് അദ്ധ്യാപകനും ,എഴുത്തുകാരനുമായ  പ്രൊ:രവിചന്ദ്രൻ .സി യുടെ ഇവിടെ നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഓരൊ പ്രഭാഷണ വേദികളും,  അവതരണത്തിലും ,നടത്തിപ്പിലും ജന പങ്കാളിത്തത്തിലും ഏറ്റവും മികച്ചതായിരുന്നു ...
'എസ്സെൻസ് യു .കെ'യുടെയൊപ്പം  ,'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ കീഴിലുള്ള 'കട്ടങ്കാപ്പിയും കവിത കൂട്ടായ്മ'യും , 'ചേതന.യു.കെ' യും ഓരോ വേദികൾ ലണ്ടൻ ഈസ്ററ് ഹാമിലും ,ഓക്സ്ഫോർഡിലും സംയുക്താഭിമുഖ്യത്തോടെ നടത്തിയ രണ്ട് പരിപാടികളും വമ്പിച്ച വിജയമായിരുന്നു ...
അന്ധവിശ്വാസങ്ങളിലും , അനാചാരങ്ങളിലും കടിച്ചു തൂങ്ങി 'മരിച്ചു ജീവിക്കാതെ' , അതിൽനിന്നും മോചിതരായി , 'ജീവിച്ചു മരിക്കുവാൻ' ,ശ്രോതാക്കളോട് ആഹ്വാനം ചെയ്യുകയാണ് പ്രഭാഷകനായ
പ്രൊ:രവിചന്ദ്രൻ തന്റെ പ്രസംഗത്തിലുടനീളം ചെയ്തത് .

രോഗശാന്തി ശുശ്രുഷകരുടെ പൊള്ളത്തരങ്ങളും , മൂടുപടങ്ങളും വെളിവാക്കി , വ്യാജ ചികിത്സകരുടെ പണ സമ്പാദന രീതികളെ വിശകലനം ചെയ്‌തും നടത്തിയ പ്രഭാഷണങ്ങൾ  ഏവരുടെയും മനസ്സിൽ ഒരായിരം ചിന്തകൾ ഉണർത്തിക്കാൻ പര്യാപ്തങ്ങളായിരുന്നു...

മഹായുദ്ധങ്ങളും , പകർച്ചവ്യാധികളും ഇല്ലാത്ത നാം ജീവിക്കുന്ന ഇന്നത്തെ ലോകം മനുഷ്യ ചരിത്രത്തിലെ ഏറ്റവും സുന്ദര പൂർണവും , വികാസം പ്രാപിച്ചതുമാണെന്നും , അത് തുടർന്ന്
കൊണ്ടുപോകണമെങ്കിൽ , ജാതി മത വേലികെട്ടുകളിൽ നിന്നും പുറത്തു ചാടി മാനുഷികതയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി . ഒപ്പം ജാതിമത വർഗ ചിന്തകൾക്കതീതമായിട്ടെ  നല്ല ഒരു ജനസമൂഹം രൂപപെടുകയുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി...

എല്ലാ പ്രഭാഷണ വേദികളിലും സദസ്യരുമായി നടന്ന സംവാദത്തിൽ അവരുടെ ചോദ്യങ്ങൾക്കും , സംശയങ്ങൾക്കും വളരെ വിജ്ഞാന പ്രദങ്ങളായ മറുപടികളോടെ , കേരള സാഹിത്യ അക്കാദമി / കേരള ഗവർമെന്റ് ശാസ്‌ത്ര പ്രചാരകൻ  എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊ. രവിചന്ദ്രൻ പ്രതികരിക്കുകയുണ്ടായി ... 
വിവിധ സദസ്സുകളിൽ ൽ വെച്ച് ഹോമിയോപ്പതിയും , സ്ത്രീ സ്വാതന്ത്ര്യവും , മതവും , മാനുഷികതയും , ഭൗതിക ശാസ്ത്രവും , രാഷ്ട്രീയവും ,സ്റ്റീഫൻ ഹോക്കിങ്‌സും ,വാലസും ,അർഥശൂന്യമായ ആചാരങ്ങളും , അന്ധവിശ്വാസവും , തീവ്ര വാദവുമൊക്കെ അടങ്ങുന്ന മിക്ക വിഷയങ്ങളും വളരെ തന്മയത്വത്തോടെ അദ്ദേഹം വിശകലനം
ചെയ്തുകൊടുത്തത് ഏവർക്കും  പ്രിയങ്കരമായി മാറി ...

ഈ പ്രഭാഷണ  പരിപാടിയിൽ  പങ്കടുക്കുവാൻ ഭാഗ്യം ലഭിച്ച എല്ലാവരും കൂടുതൽ പ്രബുദ്ധരായിട്ടാണ് തിരികെ പോയതെന്ന് അടിവരയിട്ട് പറയാവുന്ന ഒരു സംഗതിയാണ്...

ഏതാണ്ട് ഒരു ദശകം മുമ്പ് വരെ  ജാതി മത രാഷ്ട്രീയ ചേരി തിരുവുകളില്ലാതെ തനി മലയാളിത്വ
ഗുണഗണങ്ങളുമായി നല്ല  രീതിയിൽ ജീവിച്ചു വന്നിരുന്ന  പ്രവാസികളായിരുന്നു  ബിലാത്തി മലയാളികൾ...!

പിന്നീട്  മത രാഷ്ട്രീയ മേലാളർ ഇവിടെ വന്ന് ഈ പ്രവാസ ജനതയെ പ്രീണിപ്പിച്ചു തുടങ്ങിയപ്പോൾ മത സംഘടനകളും,
നാട്ടിൽ വോട്ടു പോലുമില്ലെങ്കിലും പാർട്ടിയനുസരിച്ച് അവരുടെ പ്രവാസി കൂട്ടായ്‌മങ്ങളും ഇവിടങ്ങളിലും രൂപപ്പെട്ടുതുടങ്ങി...

ഒപ്പം പല ജാതി കൂട്ടായ്മകളും, പ്രാർത്ഥനകളും, ധ്യാനങ്ങളുമൊക്കെയായി,
നാട്ടിലെക്കാൾ ഉപരി  മലയാളികൾ വിഘടിച്ച്  അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിത്തുടങ്ങി.


പുരോഗമന ആശയങ്ങൾ എന്നും പ്രാബല്ല്യത്തിൽ നടപ്പാക്കുന്ന ഈ പാശ്ചാത്യ നാട്ടിൽ പിന്തിരിപ്പൻ ചിന്തകൾ കൊണ്ടു നടക്കുന്ന
ഒരു സമൂഹമായി മലയാളികൾ അധഃപതിക്കാതിരിക്കണമെങ്കിൽ , അവർ സ്വയം ശാസ്ത്രീയമായ അറിവുകളെ കുറിച്ച് ചിന്തിച്ചേ മതിയാകൂ ...!
ഈ അവസരത്തിലാണ് യൂറോപ്പ് മലയാളികളുടെ ചിന്തയ്ക്കു ചിന്തേരിടാൻ 'എസ്സെൻസ് യു.കെ' യുടെ ആഭിമുഖ്യത്തിൽ  എഴുത്തുകാരനും ,  പ്രഭാഷകനും , ശാസ്ത്രപ്രചാരകനും , കോളേജദ്ധ്യാപകനുമായ ശ്രീ .രവിചന്ദ്രൻ മാഷുടെ ഒരു   പ്രഭാഷണ പാരമ്പര യു.കെ /അയർലണ്ട്  നാടുകളിൽ അരങ്ങേറിയത് .
ഇവിടങ്ങളിൽ ഏഴു നഗരങ്ങളിലായി അദ്ദേഹം നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും, തുടർന്നുള്ള ചോദ്യോത്തര വേളകളും ഒരു വമ്പിച്ച വിജയമാക്കിയത് , ആംഗ്ലേയ ദേശങ്ങളിലുള്ള ഇതിൽ പങ്കെടുത്ത വേറിട്ട് ചിന്തിക്കുന്ന കുറെ പ്രവാസി മലയാളികളാണ് ...
' എസ്സെൻസ് യു.കെ '   തുടർന്നും ഇത്തരം പ്രൗഢ ഗംഭീര പ്രവർത്തനങ്ങൾ നടത്തി യു.കെ യിലെ മലയാളി സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും , ചൂഷണങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുവാൻ എന്നും മുന്പന്തിയിലുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം...

എന്തായാലും ആംഗ്ലേയ നാട്ടിലെ മലയാളികൾക്കിടയിൽ 
ശരിക്കും , ചിന്തനീയമായ ചില ചിന്തകൾക്കുള്ള ഒരു തീപ്പൊരി കൊളുത്തിയിട്ടിട്ടാണ് ശാസ്ത്ര പ്രചാരകനും,
എഴുത്തുകാരനുമായ പ്രൊ: രവിചന്ദ്രൻ മാഷുടെ പ്രഭാഷണ പരമ്പര പര്യവസാനിച്ചത്...
ഈ തീപ്പൊരികൾ കനലുകളാകും ...
ആ  കനലുകൾ പിന്നീട് തീ പന്തങ്ങളാകും ...
അത്തരം പന്തങ്ങളുടെ  ചൂടിലും , പ്രകാശത്തിലും 
പല അനാചാരങ്ങളും , അന്ധവിശ്വാസങ്ങളും കരിഞ്ഞുണങ്ങി പോകും ...!
അതാണ് ഈ  ആൾക്കൂട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്...
വേറിട്ടു ചിന്തിക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങളിൽ ഒരാളാവാൻ കഴിഞ്ഞതിൽ പങ്കെടുത്തവർക്കെല്ലാം അഭിമാനിക്കാം ...!


Pro: Ravichanran.C - UK visit news links
Wednesday, 18 April 2018

ഇവർ ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളിൽ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികൾ ...! / Ivar Englandile Local Electionukalil Itam Netiya Englandile Malayalikal ... !

അനേകം മലയാളികളിപ്പോൾ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ് . 
അടുത്ത മാസം  2018 മെയ്‌  മൂന്നിന്  നടക്കുന്ന ഇംഗ്ലണ്ടിലെ പല  കൗണ്ടികളിലും , ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് . 
ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ , ഭാരതീയ വംശജർക്കൊപ്പം , ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും  അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ് . 
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ  പോലെയുള്ള   ജനാധിപത്യ ഭരണ മാതൃകയിൽ തന്നെയാണ്  ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളും നടത്താറുള്ളത് .   
ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത് ) , അവിടെയുള്ള ബറവ് / Borough ( കോർപ്പറേഷൻ )   , 34 മെട്രോപൊളിറ്റൻ ബറവ് (സിറ്റി കോർപ്പറേഷനുകൾ ) , 17 യൂണിറ്ററി അതോററ്റീസ് (മുൻസിപ്പാലിറ്റികൾ ) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നൊ , രണ്ടൊ  നിയോജക മണ്ഡലങ്ങൾ ഒന്നിച്ച് ചേർന്ന 32 London Boroughs / ലണ്ടൻ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കൽ കൗൺസിലുകൾ ... 
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക . ചില ടൗൺഷിപ്പുകളിൽ രണ്ട് കൊല്ലം കൂടുമ്പോൾ പകുതി കൗൺസിലേഴ്‌സിനെ വീതവും , മറ്റു ചില ലോക്കൽ കൗൺസിലുകളിൽ കൊല്ലം തോറും മൂന്നിലൊന്ന്  ഭരണ സാരഥികളെയും തിരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു .കെ യിൽ പിന്തുടർന്ന്  പോരുന്നുണ്ട് ...

ലണ്ടനിലുള്ള  32  ബറവ്കളടക്കം , നാലുകൊല്ലത്തിലൊരിക്കൽ ഇലക്ഷൻ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കൽ കൗൺസിലേഴ്‌സിനെയാണ്  , ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത  മെയ് മാസം 3 - ന് വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റുന്നത് . 
ഒപ്പം തന്നെ കാലം പൂർത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി , ലെവിസ്ഹാം , ന്യൂഹാം , ടവർ ഹാംലെറ്റ് , വാട്ട് ഫോർഡ് എന്നിവടങ്ങളിലെ പുതിയ മേയർമാരെയും പ്രജകൾ നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട് . 
ഈ അവസരത്തിൽ ഇപ്പോൾ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗൺസിലേഴ്‌സിനെയും , ഇപ്പോൾ ഭരണത്തിൽ തുടരുന്നവരെയും ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് .

പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗൺസിലർ :-

ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടിൽ ഒരു   ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത്‌ മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു . ആയത് ഇംഗ്ലണ്ടിൽ   ലണ്ടനിലെ കാംഡെൻ ബറോവിലെ സെന്റ് :പാൻക്രാസ് വാർഡിൽ നിന്നും കൗൺസിലറായി ഭരണത്തലേറിയ പ്രഗത്ഭനായ വി.കെ കൃഷ്‌ണ മേനോൻ ആയിരുന്നു.  പിന്നീട് പാർലിമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നുവെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകൾ ഏറ്റെടുക്കുവാൻ വി.കെ. തിരിച്ചു പോയി ...
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം  കോഴിക്കോടും , ബിരുദ പഠനം മദ്രാസ്  കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ്  തുടങ്ങിയ സ്ഥാപനങ്ങളിൽ   നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ  അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ - വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പി.
നല്ലൊരു വാഗ്മിയും , പത്രപ്രവർത്തകനും , എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ  - പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗൺസിലറായും , സ്വാതന്ത്ര്യാനന്തരം , ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു . 
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ,  ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു ... !

വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യൻ / ഭാരതീയ വംശജർ ബ്രിട്ടണിൽ വാർഡ് കൗൺസിലർമാരായും  , പാർലിമെന്റിൽ എം.പി മാരായും പല പാർട്ടികളുടെ ലേബലിൽ മത്സരിച്ച് ജയിച്ചു വന്നിരുന്നു ...

ബ്രിട്ടനിലെ പ്രഥമ മലയാളി മേയർ :-

എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോനു ശേഷം ഒരു മലയാളി കൗൺസിലർ  യു.കെ യിൽ ജയിച്ചു വരുന്നത്  പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 - ൽ ബക്കിങ്ങാംഷെയറിലെ  ചിൽറ്റെൺ (Chiltern ) ഡിസ്ട്രിക്ട് കൗൺസിലിലെ , ചെഷാം ടൗൺ ഷിപ്പിലെ (Chesham ) ടൗൺസെന്റ് (Town Send ) വാർഡിൽ നിന്നും - 'ലിബറൽ ഡെമോക്രാറ്റ് പാർട്ടി'യുടെ കൗൺസിലറായ റോയ് അബ്രഹാമാണ് ( Roy Abraham ).
1980 കാലഘട്ടത്തിൽ ബ്രിട്ടനിലെത്തിയ  റോയ് എബ്രഹാം ആയിരുന്നു , പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 തിരഞ്ഞെടുക്കപ്പെട്ട , ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ  മലയാളി മേയർ ..!
2011 - ൽ ആണ് ഇദ്ദേഹം അവസാനമായി ചിൽറ്റെണിൽ നിന്നും അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത് , ഒപ്പം തന്നെ  2014 വരെ റോയ് , ചിൽറ്റെൺ ക്ളീനിക്കൽ കമ്മീഷണൽ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുൻ ബാങ്കറും മാർക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്ന ശേഷം  , ഇപ്പോൾ  പൊതുപ്രവർത്തനങ്ങളിൽ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയർ ലൈഫ് ആസ്വദിക്കുകയാണ് ...


യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ / സിവിക്  മേയർ  :-

പിന്നീട്  ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുത്തുകാരിയായ ഡോ : ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവിൽ നിന്നും ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി ജയിച്ചു വന്നിരുന്നത് .  
നോവലിസ്റ്റ് , കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ , ഒരു ഹോമിയൊ ഡോക്ട്ടറാണ് പേര് കേട്ട എഴുത്തുകാരി കൂടിയായ  ഡോ :ഓമന ഗംഗാധരൻ  .
പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ  മലയാളി വനിതാ കൗൺസിലർ , പ്രഥമ സിവിക് അംബാസഡർ എന്നീ  സ്ഥാനങ്ങൾ അലങ്കരിച്ച ഡോ : ഓമന ഗംഗാധരൻ , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . 

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ 'ന്യൂഹാം കൗണ്‍സിലി'ന്‍റെ സ്പീക്കര്‍ അഥവാ സിവിക് മേയർ / അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി .
ധാരാളം ലേഖനങ്ങളും , കവിതകളും , പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
.

ഈ വരുന്ന ലോക്കൽ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ 'വോൾ എൻഡ് വാർഡി'ൽ നിന്നും തീർച്ചയായും നാലാം തവണയും ജയിച്ചു വരുവൻ പോകുന്ന ഒരു കൗൺസിലർ സ്ഥാനാർത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്നം ...!


യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ മേയർ :-

ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച  മറ്റൊരു വനിതാരത്നമാണ് 2014 /15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ് .
തിരുവന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു  , ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയിൽ എത്തിയ ശേഷം , പിന്നീട് ഇവിടെയുള്ള ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് ലേബർ പാർട്ടിയുടെ ഈ പടയാളി . 
ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു . 
മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച   കാൻസർ /മെന്റൽ ഹെൽത്ത്   ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും , കമ്യൂണിറ്റി പ്രവർത്തനങ്ങളിലും  എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക തന്നെയാണ് 'പീപ്പിൾസ് മേയർ' എന്ന്  വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗൺസിലർ. 
മഞ്ജു ഷാഹിൽ ഹമീദ് ക്രോയ്ഡനിലെ 'ബ്രോഡ് ഗ്രീൻ വാർഡി'ൽ നിന്നും ഇത്തവണയും മത്സരിച്ച് ജയിച്ചുവരുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബർ പാർട്ടിക്കുള്ളത് .
 

യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയർ :-

പത്തനംത്തിട്ടയിലെ വയലത്തലയിൽ നിന്നും 1972 -ൽ  എൻജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേർണലിസ്റ്റും , കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും , 'യു.കെ കേരള ബിസിനെസ്സ് ഫോറ'ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയർ . 
കഴിഞ്ഞ 25  കൊല്ലമായി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കേരള ലിങ്ക് ' എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കൽ ഫിലിപ്പ് എബ്രഹാം .  
ഇംഗ്ലണ്ടിലെ 'എസെക്സ് 'കൗണ്ടിയിലുള്ള 'എപ്പിങ്ങു് ഫോറെസ്റ്റി'ലുള്ള 'ലോഹ്ട്ടൻ (Loughton )' ടൗൺ ഷിപ്പിലെ താമസക്കാർ  രാഷ്ട്രീയ പാർട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗൺസിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ് . 
നോൺ പൊളിറ്റിക്കൽ  ഓർഗനൈസേഷനായ  'ലോഹ്ട്ടൻ റെസിഡന്റ് അസോസിയേഷൻ 
( LHR ) 'സ്ഥാനാർത്ഥിയായി ഈ ചെറിയ ടൗൺ ഷിപ്പിൽ 2012 -ലാണ് ഫിലിപ്പ് എബ്രഹാം , 'ആൽഡർട്ടൻ വാർഡി'ൽ നിന്നുമാണ് ആദ്യമായി കൗൺസിലറായത് . 
പിന്നീട് 2016 -ലും തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവർഷം ഇദ്ദേഹം ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് അർഹനായി. ഇപ്പോൾ 2017/ 18 കാലഘട്ടത്തിൽ ഈ ലോഹ്ട്ടൻ ടൗൺ ഷിപ്പിലെ കൗൺസിലേഴ്‌സ് , ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടൻ മേയറായി തിരഞ്ഞെടുത്തിരിക്കുകയാണ് .
ലോഹ്ട്ടൻ കൗൺസിൽ ഇലക്ഷൻ ഇനി 2020 ലായിരിക്കും നടക്കുക ...

ബ്രിട്ടനിൽ ഒരു മലയാളി ഡെപ്യൂട്ടി മേയർ :-

പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെർഷെയറിലുള്ള ആദ്യത്തെ ഏഷ്യൻ  കൗൺസിലർ ആണ് ടോം പ്രബിൻ ആദിത്യ. ബ്രിസ്റ്റോൾ  ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ 2011 മുതൽ  കൗണ്സിലറായും ഇപ്പോൾ  ഡെപ്യൂട്ടി മേയർ  ആയും  പ്രവർത്തിക്കുന്ന ടോം ആദിത്യ,  ബ്രിട്ടനിലെ ഭരണകക്ഷിയായ   കൺസർവേറ്റീവ് പാർട്ടി അംഗമായി  പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ  ആദ്യത്തെ തെക്കേ ഇന്ത്യൻ വംശജനാണ്.  എവോൺ & സോമർസെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനൽ വൈസ് ചെയർമാനും,   ബ്രിസ്റ്റൾ മൾട്ടി - ഫെയ്‌ത്ത് ഫോറത്തിന്റെ വൈസ് ചെയർമാനും കൂടിയാണ് അദ്ദേഹം. 
മനുഷ്യാവകാശപ്രവർത്തകനും,  കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും ഗവേഷകനുമാണ്, കൗൺസിലർ ആദിത്യ.  ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും, പ്രഭാഷകനുമായും  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  
പാലായിൽ ജനിച്ചു, റാന്നിയിൽ വളർന്നു, തിരുവനന്തപുരത്തും,    ചങ്ങനാശേരിയിലും,  എറണാകുളത്തും വിദ്യഭ്യാസവും,  കാഞ്ഞിരപ്പള്ളിയിൽ കർമ്മമേഖലക്ക് അടിത്തറയിട്ടതുമായ  തികഞ്ഞ മലയാളിയാണ് അദ്ദേഹം.  ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന  വെട്ടം മാണിയുടെ പൗത്രനായ ടോം,    ഇംഗ്ലീഷ്  ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാർത്ഥി സംഘടനാ നേതാവായും  നന്നേ ചെറുപ്പത്തിൽ തന്നെ ശോഭിച്ചിരുന്നു.  
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന്  വേണ്ടി  പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും  ചർച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും  നേരിട്ടു ഇടപ്പെട്ട്  സേവനങ്ങൾ  ചെയ്തുകൊടുക്കുന്നതിൽ ബിലാത്തി മലയാളികൾക്കിടയിൽ  മുൻപന്തിയിൽ നിൽക്കുന്ന നല്ലൊരു സാമൂഹ്യ പ്രവർത്തകനുമാണ്  ടോം ആദിത്യ.   ബ്രിട്ടനിലെ സ്‌കൂളുകളിൽ   മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേർക്കുന്ന പദ്ധതിയും  അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും  നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് . കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന  പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിയ്ക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിയ്ക്കുന്നു. 

ബ്രിട്ടനിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പർശം ഉണ്ടായിട്ടുണ്ട്.  സൗദി അറേബ്യയിൽ  വീട്ടുവേലക്കു പോയിട്ട്   നരകയാതന  അനുഭവിച്ച മലയാളി സ്ത്രീകൾക്ക് മോചനം നൽകുവാനും, അവരെ നാട്ടിൽ എത്തിക്കുവാനും, അതുപോലെ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറിൽ നിന്ന് മോചനം നൽകുന്നതിന് അന്താരാഷ്ട്ര തലത്തിൽ നേതൃത്വം  നൽകിയതും ടോം ആദിത്യയാണ്. അങ്ങനെ അനവധി നിരവധി സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്.  ഈ മെയ് മാസം അദ്ദേഹം മേയർ ആയി സ്ഥാനമേൽക്കും എന്ന് നമുക്ക് കരുതാം. 
ഭാവിയിൽ  പാർലമെന്റിലും   ടോം ആദിത്യയുടെ സാന്നിദ്ധ്യം  ഉണ്ടാകട്ടെ   എന്ന് നമുക്ക് പ്രത്യാശിക്കാം.

 2018 ലെ ലോക്കൽ ഇലക്ഷനിൽ വിജയം 
പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗൺസിലർ സ്ഥാനാർത്ഥികൾ :-

സുഗതൻ തെക്കേപ്പുര 
വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ  ബിരുദവും , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ  ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ് . 

ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് പ്രവർത്തന മണ്ഡലം കാഴ്ച്ചവെക്കുന്ന സുഗതൻ , നാട്ടിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ്  ലണ്ടനിൽ വന്നത് .  
നോർത്ത് ലണ്ടൻ യൂണി:യിൽ നിന്നും മാസ്റ്റർ ബിസിനെസ്സ് മാനേജ്‌മെന്റ്  ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന  ശേഷം , ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണി:യിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .
നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ് .  
2010  മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ 'മൊമെന്റം സ്റ്റിയറിങ്ങു് കമ്മറ്റി മെമ്പർ' , പാർട്ടിയുടെ 'ഈസ്റ് ഹാം CLP മെമ്പർ '  എന്നീ സ്ഥാനങ്ങളും സുഗ വഹിക്കുന്നുണ്ട് .  
ഒപ്പം എന്നുമെന്നോണം  സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്  . 

ന്യൂഹാം ബറോവിലെ ഈസ്റ് ഹാമിലെ 'സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗ തെക്കേപ്പുര  , അടുത്ത മെയ് മൂന്നിന് കൗൺസിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ് . 

പിന്നെ  ഭാവിയിൽ ലണ്ടനിൽ നിന്നും രാഷ്ട്രീയത്തിൽ  ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു മലയാളി വ്യക്തിത്വമായി സുഗതനെ വിലയിരുത്താവുന്നതും കൂടിയാണ് .

ബൈജു വർക്കി തിട്ടാല

ഡൽഹിയിൽ നാനാതരം തൊഴിൽ ജീവിതങ്ങൾ നയിച്ച കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്‌ജ്‌ഷയറിലെ , കേംബ്രിഡ്‌ജ് സിറ്റി കൗൺസിലിൽ , ലേബർ പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ് .
ബ്രിട്ടനിൽ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും , പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവർത്തനും , എഴുത്തുകാരനുമാണ് ഇദ്ദേഹം .
യു.കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ  നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോർവിച്ചിൽ  നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ  മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം 'ലോയറാ'യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ് .

ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 'ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ  ഭരണ ഘടന മൗലിക ചട്ടങ്ങളെ 'പറ്റി റിസർച്ച് നടത്തി , ആയതിൽ  ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു .
കേംബ്രിഡ്ജിലെയടക്കം , ബ്രിട്ടനിലെ പല നിയമ ലംഘനങ്ങൾക്കെതിരെ എന്നും സാമൂഹ്യമായി ഇടപെടലുകൾ നടത്തുന്ന ഈ സാമൂഹ്യ പ്രവർത്തകൻ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി .

ഇപ്പോൾ കേംബ്രിഡ്‌ജ് സിറ്റികൗൺസിലിലെ 'ഈസ്ററ് ചെസ്റ്റൺ ' വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല .
ഒരു പക്ഷെ ആദ്യത്തെ മലയാളി പാർലിമെന്റ് എം.പി സ്ഥാനാർത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ  മലയാളികൾക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന  , ബൈജു വർക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബർ പാർട്ടി നിർദ്ദേശിക്കുക .

സജീഷ് ടോം 
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോർത്ത് ഹാംഷെയറിലുള്ള 'ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസി'ലേക്ക് ലേബർ പാർട്ടിയുടെ ലേബലിൽ മത്സരിക്കുകയാണ് . 

ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ്  , ബേസിങ്‌സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും , മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച്  നമുക്ക് അഭിമാനിക്കാം
എക്കൗണ്ടിങ്ങിൽ ബിരുദധാരിയായ , ബേസിങ്‌സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം , നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച , വളരെ ഫ്‌ളെക്‌സിബ്ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .  
ഒരു എഴുത്തുകാരനും സംഘാടകനുമായ  സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു .കെ യിൽ നിന്നിറങ്ങുന്ന ഓൺ-ലൈൻ പോർട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ഇദ്ദേഹം . 
സജീഷ് , യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ 'യുക്ക്മ / uukma ' യുടെ മുൻ ജനറൽ സെക്രട്ടറിയും , ബേസിങ്‌സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും , UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ് . ഒപ്പം ബേസിങ്‌സ്റ്റോക്ക്   ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം .
ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസിലിലെ 'ഈസ്ട്രോപ് വാർഡി'ൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ , ഈ വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറാകുവാൻ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥി തന്നെയാണ് സജീഷ് ടോം .


റോയ് സ്റ്റീഫൻ    

കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ , സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള 'സ്വിൻഡൻ ടൌൺ കൗൺസിലി'ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിൽ കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് . 
വളരെ ചുരണ്ടിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ . ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ 'ബ്രിട്ടീഷ് എംപയർ' പുരസ്കാരം ലഭിച്ചതിൽ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ് . 
മൂന്ന് വർഷം മുമ്പ്  'പ്രൈഡ് ഓഫ് സ്വിൻഡൻ ' അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു . 
തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച് ,ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു .
സ്വിൻഡൻ കൗൺസിലിൽ വോൾക്കോട്ട് വാർഡിൽ താമസിക്കുന്ന റോയ് സ്റ്റീഫൻ , 'വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch )' വാർഡിൽ നിന്നും ടോറി പാർട്ടിയുടെ കൗൺസിലറായി തന്നെ വിജയിക്കും എന്നു  തന്നെ പ്രതീക്ഷിക്കുന്നു .
ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളൊ , ഹർത്താലുകളൊ അങ്ങിനെ പൊതു ജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ  - വീടുകളിൽ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും , സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങൾ നടത്തിയും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .

എന്തിന് പറയുവാൻ ഇലക്ഷൻ ദിവസം , ഒരു പൊതു 
അവധി പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ... 

എന്നാണ് നമ്മുടെ നാടും , രാഷ്ട്രീയവുമൊക്കെ
ഇനി ഇതു പോലെയൊക്കെ നന്നായി തീരുക അല്ലേ ... ?


P S
ഈ ആർട്ടിക്കിൾ ബ്രിട്ടനിലെ മലയാളം 
മാധ്യമങ്ങൾക്ക് വേണ്ടി എഴുതിയാതാണ് ... !
 • britishmalayali/ബ്രിട്ടീഷ് മലയാളി .
 • uukmanews/യുക്ക്മ ന്യൂസ് .
 • malayalam uk/മലയാളം യു .കെ
 • ukvartha/യു കെ വാർത്ത 
 • europemalayali/യൂറോപ്പ് മലയാളി 
 • pravasivartha/ പ്രവാസിവർത്ത .
 •  
  ഇന്നലെ യു. കെ യിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് മലയാളികളിൽ അഞ്ചുപേരും വിജയം വരിച്ച് മലയാളികൾക്ക് അഭിമാനമായി മാറി...😍
  ലണ്ടനിലെ ന്യൂഹാമിൽ നിന്ന് ഡോ. ഓമന ഗംഗാധരനും, ക്രോയ്ഡനിൽ നിന്ന് മഞ്ജു ഷാഹുൽ ഹമീദും നാലാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..😘
  നോർത്ത് ലണ്ടനിലെ ഹാരിൻഗേ കൗൺസിലിൽ നിന്നും(https://voting.haringey.gov.uk/bounds-green-2018/) ജെയിംസ് ചിരിയങ്കണ്ടത്ത് തിരഞ്ഞെടുക്കപ്പെട്ടു... 😘
  കന്നി വിജയവുമായി ലണ്ടനിൽ നിന്ന് സുഗതൻ തെക്കേപ്പുരയും, കേംബ്രിജിൽ നിന്ന് ബൈജു വർക്കി തിട്ടാലയും വിജയം നേടി...😘

  ഇത്തവണ ബിലാത്തിയിലെ 150 കൗൺസിലുകളിലെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തപ്പോൾ ഭരണപക്ഷമായ 'ടോറി പാർട്ടി'യേക്കാൾ മേൽക്കോയ്മ 'ലേബർ പാർട്ടി' നേടി... ഒപ്പം നേട്ടം ഏറെയുണ്ടാക്കിയത് ' ലിബറൽ ഡെമെക്രാറ്റിക് പാർട്ടി'യും,പിന്നെ 'ഗ്രീൻ പാർട്ടിയും '... തീവ്ര വലതുപക്ഷ പാർട്ടിയായ 'യുക്കിപ് ' പാർട്ടി ഇത്തവണ തകർന്നടിഞ്ഞു... !
  ലേബർ പാർട്ടിയുടെ ലേബലിൽ
  വിജയിച്ചുവന്ന പുതിയ അഞ്ച് മലയാളി
  കൗൺസിലേഴ്‌സിനും അനുമോദനങ്ങൾ ...
  അഭിനന്ദനങ്ങൾ 😘👏👏👏

പദശുദ്ധി കോശം ....! / Padashuddhi Kosham ...!

അങ്ങനെ എങ്ങനെ എഴുതും എന്നതുമാത്രമല്ല , ഇങ്ങനെ എഴുതിയാൽ - 'അങ്ങിനെ' എന്നാണോ   'ഇങ്ങിനെ'യെന്നാണോ  'എങ്ങിനെ'യെന്നാ...