Wednesday 30 October 2013

പാതാള യാത്രകൾ ... ഒന്നര നൂറ്റാണ്ടിൻ നിറവിൽ ... ! / Pathaala Yaathrakal ... Onnara Noottandin Niravil ... !

എല്ലാ യാത്രകളും ഏവർക്കും മറക്കാത്ത
അനുഭങ്ങളായി  മാറ്റാം .. അതിന്  ലണ്ടനിൽ തന്നെ വരണം ..
അതിന് പാതാളത്തിൽ കൂടി ഓടുന്ന അതായത് ഭൂഗർഭ തീവണ്ടിയിൽ സഞ്ചാരം നടത്തിയാൽ മതി ...!

ഇവിടെയൊക്കെ നാം  നടത്തുന്ന ഓരൊ യാത്രകളിലും എന്തെങ്കിലുമൊക്കെ പുത്തൻ കാര്യങ്ങൾ എന്നും നമുക്കൊക്കെ തൊട്ടറിയാവുന്നതാണ് ...

നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !

മുഷിഞ്ഞ തൊഴിൽ വേഷങ്ങളിലുള്ള മാനവനായാലും ,
മന്നവനായലും ഏത് യാത്രാ വണ്ടികളിലും , അവർക്കൊക്കെ
ഇവിടെ ഒരേ പരിഗണന  തന്നെ ..!

മാനുഷ്യരെല്ലാരും ഒന്നുപോലെയെന്നുള്ള ചൊല്ല്
ഏറ്റവും അനുയോജ്യമാകുന്നത്  ഇത്തരം യാത്ര വേളകൾ തന്നെ ...!

ഞാനൊരു തടിയനായത് കൊണ്ട്
മിക്ക യാത്രകളിലും ആയത് ബസ്സിലായിക്കോട്ടെ ട്രെയിനിലായിക്കോട്ടെ ...

രണ്ട് പേർക്കിരിക്കാവുന്ന എതിർ ലിംഗക്കാരായ നല്ല കട തലയുള്ളവർ ഇരിക്കുന്നതിന്റെ തൊട്ട വേക്കന്റ് സീറ്റുകളിലേ ചെന്നിരിക്കൂ ...
അപ്പോൾ നല്ല ടൈറ്റ് ഫിറ്റായ , ആ ഇരിപ്പിൽ ഇരുന്ന് , പരസ്പരം ശരീരങ്ങളിലെ ചൂട് കൈമാറി , പൂ‍ച്ച കണ്ണടച്ച് പാൽ കുടിക്കുന്ന പോലെ , ഉറക്കം നടിച്ച് കിനാവ് കാണുന്നതിൽ സഹയാത്രികകൾക്കാണെങ്കിൽ ഒട്ടും കുഴപ്പമില്ലതാനും...

ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം പാലിച്ചിരിക്കണമെന്ന് മാത്രം ...

ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം   കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ  മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ  ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!

ഹും..അതൊക്കെ പോട്ടെ ... 
ഇത്തവണ ഞാൻ പറയുവാൻ
പോകുന്നത് ലണ്ടനിൽ ഈ വർഷം
മുഴുവനായും കൊണ്ടാടുന്ന ഒരു പിറന്നാൾ
ഉത്സവത്തെ കുറിച്ചാണ്...

അതും നൂറ്റമ്പതാം പിറന്നാൾ ..!
( ഈ സൈറ്റിൽ പോയാലുള്ള വീഡിയോയിൽ അന്ന് തൊട്ട് ഇന്ന് വരെയുള്ള ഫോട്ടോ ക്ലിപ്പുകൾ മുഴുവൻ കാണാം കേട്ടൊ)
ലോക ചരിത്രത്തിൽ ഇനി ആർക്കും തിരുത്താൻ
കഴിയാത്ത  ഒരു വാർഷികാഘോഷം ..!
മെട്രോ അഥവാ ട്യൂബ് ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന
ലണ്ടൻ അണ്ടർഗ്രൌണ്ട് ലിമിറ്റഡ് ( L .U .L ) എന്ന ലോകത്തിലെ
പ്രഥമ ഭൂഗർഭ തീവണ്ടികളുടേയും പാതകളുടേയുമൊക്കെ 150 th ആനിവേഴ്സറി...!


ഈ പാതാള തീവണ്ടി ചരിതങ്ങളെഴുതുവാൻ  , കുറെ ചരിത്രങ്ങളും , ഫോട്ടൊകളും സംഘടിപ്പിക്കുവാൻ വേണ്ടി , 'നെറ്റ് വർക്ക് റെയിൽവേയിൽ’ എന്റെയൊപ്പം ജോലിചെയ്യുന്ന ,  ഞാൻ ‘അളിയൻ‘ എന്ന് വിളിക്കുന്ന ജോൺ ബ്രിട്ടാസ് എന്ന ബ്രിട്ടങ്കാരന്റെ  , നോർത്ത് വെസ്റ്റ് ലണ്ടനിലുള്ള അവന്റെ വീട്ടിൽ ചെന്ന് കയറിയപ്പോൾ , ഇഷ്ട്ടന്റെ അമ്മായിയമ്മ അവിടെയിരുന്ന് ഏഷ്യാനെറ്റിലെ ‘പരസ്പരം’ സീരിയൽ കാണുകയായിരുന്നൂ.

ഈ പാർവ്വതിയെന്ന അമ്മായിയുടെ മകളെ ,1974 -ൽ  സിംഗപ്പൂരിൽ നിന്നും , ലണ്ടനിൽ കുടിയേറിയ ഒരു മല്ലു ദമ്പതികളുടെ , ഇവിടെ
ബോൺ & ബോട്ടപ്പായ പേര മകൻ നാട്ടിൽ വന്ന് , 1998 -ൽ കല്ല്യാണം കഴിച്ചു കൊണ്ടുവന്നതായിരുന്നൂ..
ഏതാണ്ട് രണ്ട് കൊല്ലത്തോളം മോരും
മുതിരയും പോലെ അവർ ഭാര്യയും ഭർത്താവും കളിച്ച് നോക്കിയെങ്കിലും ... പരസ്പരം കൂടിച്ചേരാൻ സാധിക്കാതെ വന്ന അവസരത്തിൽ ആ ഭർത്താവ് ഇവളെ വിവാഹ മോചനം നടത്തി കൈയ്യൊഴിയുവാൻ പോകുകയാണെന്നറിഞ്ഞപ്പോൾ , അയാളുടെ കൂട്ടുകാരനായ ജമൈക്കൻ
വംശജനായ , ഈ ജോൺ ബ്രിട്ടാസ് ആ ഫ്രെണ്ടിന്റെ ഭാര്യയെ ലീഗലായി തന്നെ
റീ-മ്യാരേജ് ചെയ്ത് ഭാര്യയാക്കുകയായിരുന്നു...!
ഇന്ത്യൻ കറികളുടെ ആരാധകനായ
ജോണിന് ഈ സുന്ദരിയായ  ഇന്ത്യൻ ഭാര്യയെ അത്രക്കിഷ്ട്ടമായിരുന്നൂ.

ഇന്നവർക്ക് മലയാളി ഛായയുള്ള  രണ്ട് കുട്ടികൾ ഉണ്ട്. ഇന്നിവരുടെ കുടുംബത്തോടൊപ്പം ലണ്ടനിലുള്ള വീട്ടിൽ , ജോണിന്റെ ,  മല്ലൂസായ അമ്മായിയമ്മയും അമ്മാനപ്പനുമുണ്ട് ...
കൂടാതെ  ജോണിന്റെ റെയിൽവേ ജോലി കൂടാതെ ,  മൂപ്പർ കേരളത്തിൽ നിന്നും അളിയനെ കൊണ്ട് വന്ന് പാർട്ടണറാക്കി , ‘ഹെൻണ്ടൻ സ്റ്റേയ്ഷനടുത്ത്‘ ഒരു ഓഫ്-ലൈസൻസുള്ള ഷോപ്പും കൂടി ഇപ്പോൾ നടത്തുന്നുണ്ട്.

ജോണിന്റെ അപ്പാപ്പന്റ അപ്പാപ്പനെ ,
150 കൊല്ലം മുമ്പ് ‘മെട്രോപൊളിറ്റൻ റെയിൽ കമ്പനി‘ക്കാർ തൊഴിലാളിയായി , വെസ്റ്റിന്റീസിൽ നിന്നും ലണ്ടനിൽ കൊണ്ടുവന്നതായിരുന്നൂ . അന്ന് തൊട്ട് ഇന്ന് വരെ പരമ്പരാഗതമായി ഇവരുടെയൊക്കെ കുടുംബാംഗങ്ങൾ , ലണ്ടനിലെ വിവിധ കമ്പനികളിലെ റെയിൽവേ തൊഴിലാളികൾ തന്നേയാണ് .



രണ്ട് തലമുറ മുമ്പേ തന്നെ സ്വന്തം വംശീയ നാടുമായി ബന്ധം വിട്ട ഇവർ മാത്രമല്ല ,
ഉഗാണ്ടക്കാരും , ഇന്ത്യക്കാരും , ഘാനക്കാരുമൊക്കെയായി ഒരു മിക്സഡ് ജനറേഷനായി ലണ്ടനിൽ മൂന്നാലിടങ്ങളിൽ കൂട്ടമായി താമസിക്കുന്ന എന്നും രാത്രി 1 മണി മുതൽ പുലർച്ചെ  4 മണി വരെ മാത്രവും , പിന്നെ ചില വീക്കെന്റുകളിലായും റെയിൽവേ ട്രാക്കുകളിലും മറ്റും പണിയെടുക്കുന്ന ആജാനബാഹുക്കളായ ‘ലണ്ടൻ ഗലാസികൾ ‘ എന്ന സമ്പന്ന സമൂഹമാണിന്നിവർ ..!


ഇവരെപ്പോലെയുള്ള ലണ്ടൻ തീവണ്ടി
ഗതാഗത മേഖലയിൽ നീണ്ട സേവനം പ്രധാനം ചെയ്തവരേയും മറ്റും ആധരിച്ചുകൊണ്ടാണ് ..
ഈ വാർഷികാഘോഷങ്ങൾക്ക്
ഇക്കൊല്ലമാദ്യം തുടക്കം കുറിച്ചത്.
തീവണ്ടി ചരിത്രം വ്യക്തമാക്കി തരുന്ന എക്സിബിഷനുകൾ , ആധുനിക പുത്തൻ ട്രെയ്നുകളുടെ (ഒന്നര മിനിട്ട് വീഡിയൊ ) പാതയിലിറക്കൽ , രാജ്ഞിയുടേയും , രാജ കുടുബാംഗങ്ങളുടേയും എഴുന്നള്ളത്തുകൾ , പഴയ സ്റ്റേയ്ഷനുകൾ നവീകരിക്കലുകൾ മുതലായ അനേകം പാതാള ഗമന കാര്യങ്ങളടക്കം ...
മറ്റ് പല പബ്ലിക് പരിപാടികളും  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആനിവേഴ്സറി ആഘോഷങ്ങളാണ് ഇവിടെ അരങ്ങേറി കൊണ്ടിരുന്നത് ...
ഈ അവസരങ്ങളിൽ സകലമാന മാധ്യമങ്ങളും ഫീച്ചറുകളും മറ്റു
കാഴ്ച്ചകളുമൊക്കെയായി അണ്ടർ ഗ്രൌണ്ടിനെ ആവോളം പാടി പുകഴ്ത്തി ..!


പണ്ട് മര റെയിലുകളിൽ കൂടി
കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന
വാഗണുകൾ , അഞ്ച് നൂറ്റാണ്ട് മുമ്പേ
ജർമ്മങ്കാർ കണ്ടുപിടിച്ചെങ്കിലും . ശേഷം 300 കൊല്ലങ്ങൾ കഴിഞ്ഞ് ഇംഗ്ലണ്ടിൽ ,ജോർജ് സ്റ്റീഫൻസൺ  കണ്ടുപിടിച്ച , സ്റ്റീം എഞ്ചിനാൽ പ്രവർത്തിപ്പിക്കുന്ന ഒരു ലോക്കോമോട്ടീവ് ആയിരുന്നല്ലോ,  ലോകത്തിലെ ആദ്യത്തെ ട്രെയിൻ .
പിന്നീടദ്ദേഹമുണ്ടാക്കിയ റെയിൽപ്പാതയാണ് ആദ്യത്തെ തീവണ്ടി പാതയും , റെയിൽ കമ്പനിയുമൊക്കെയായി മാറിയത് .
അതിന് ശേഷം ,  ലണ്ടനിലേക്ക് തീവണ്ടി ഗതാഗതം വന്നപ്പോൾ ...
പല സ്ഥലങ്ങളിലും പാത പണിയണമെങ്കിൽ ചില ചരിത്ര സ്മാരകങ്ങൾ പൊളിച്ചുകളയണമെന്നായപ്പോൾ...

അതിനുള്ള പോം വഴിയായാണ് ഇവർ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ തീവണ്ടികൾ ഓടിച്ചാൽ മുകളിലുള്ളവക്കൊന്നും കോട്ടവും തട്ടില്ല , ഒപ്പം വളവും തിരിവുമില്ലാതെ ട്രാക്കും പണിയാം പറ്റും എന്ന ബുദ്ധി ഉരുത്തിരിഞ്ഞ് വന്നത് .


ആ കാലഘട്ടത്തിൽ ലോകം മുഴുവൻ കാൽക്കീഴിലെ കോളണികളാക്കി
ഭരിച്ചിരുന്ന ബ്രിട്ടൻ , അന്നിതിന് പറ്റിയ  തൊഴിലാളികളെ മുതൽ സാങ്കേതിക
വിദഗ്ദ്ധരെ വരെ, പല നാടുകളിൽ നിന്നായി ഇവിടെ എത്തിച്ച് , 1860 ൽ തുടങ്ങിവെച്ച്,
1863 -ൽ പ്രാവർത്തികമാക്കിയ , മെട്രോപൊളിറ്റൻ റെയിൽവേ ലൈനാണ് ലോകത്തിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയും , മെട്രോ തീവണ്ടികളും ... !


പിന്നീട് ആ നൂറ്റാണ്ടിൽ തന്നെയുണ്ടായ
'ഡിസ്ട്രിക്റ്റ് ലൈനും' , 'സർക്കിൾ ലൈനും' ,
'ബേക്കർ ലൂ ലൈനു'മെല്ലാം ഓരൊ കമ്പനികളായി  സ്വന്തം അണ്ടർ ഗ്രൌണ്ട് പാതകൾ ഉണ്ടാക്കി തീവണ്ടികൾ ലണ്ടനടിയിൽ  ഓട്ടം തുടങ്ങി.
ശേഷം കഴിഞ്ഞ നൂറ്റാണ്ടിൽ പല പല സാങ്കേതിക മികവോടെ ട്യൂബുകൾ ഭൂമിക്കടിയിൽ ഉണ്ടാക്കി 'വിക്റ്റോറിയ'  , 'സിറ്റി & ഹാമർ സ്മിത്ത് ' , 'നോർത്തേൺ' ,'വാട്ടർ ലൂ & സിറ്റി', 'സെണ്ട്രൽ' , 'പിക്കാർഡലി' , ' ജൂബിലി ' എന്നീ കമ്പനികൾ കൂടി ട്യൂബ് സർവ്വീസുകൾ ആരംഭിച്ചപ്പോൾ ലണ്ടനിൽ മൊത്തം 11 പാതാള തീവണ്ടിപ്പാത കമ്പനികളും , 270  ട്യൂബ് സ്റ്റേയ്ഷനുകളുമായി.

പോരാത്തതിന് ട്രാം ലിങ്ക്  ( വീഡിയൊ ) സർവ്വീസുകളും , ഡോക് ലാന്റ് ലൈറ്റ്
റെയിൽവേയും ( D .L .R ), നാഷ്ണൽ  റെയിൽ കമ്പനികളുടെ ഓവർ ഗ്രൌണ്ട് സർവ്വീസുകളായ സി ടു സിയും , നാഷ്ണൽ എക്പ്രസും,  തേംസ് ലിങ്കും , വെസ്റ്റ് കോസ്റ്റും , ഈസ്റ്റേണും , യൂറോ സ്റ്റാറും മൊക്കെ ഓവർ ഗ്രൌണ്ട് ആയി തീവണ്ടി ഗതാഗതം ലണ്ടനിൽ ഓടിത്തുടങ്ങിയപ്പോൾ , മുക്കിന് മുക്കിന് 366 ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ഒരു പട്ടണമയി മാറി ഈ ലണ്ടൻ . അതായത് അര കിലോമീറ്ററിനുള്ളിൽ സിറ്റിയിൽ ഒരു ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ലോകത്തിലെ ഒരേ ഒരു വമ്പൻ സിറ്റി  ..!

ഇവയെല്ലാം പല മുതലാളിത്വ കമ്പനികളാണെങ്കിലും ,  ടി.എഫ്.എൽ-ന്റെ
കീഴിൽ  ഒത്തൊരുമിച്ച് ഒന്നിനോടൊന്ന് മികച്ച വിധം ,സേവന സന്നദ്ധരായി ...
പൊതുജനത്തിന്റെ യാത്രകളോടൊപ്പം തന്നേയുള്ള മറ്റെല്ലാ പരിഗണനകളും  , സമയ ക്ലിപ്തതയോടെ നിറവേറ്റുന്നതൊക്കെ നമ്മുടെ ഭരണാധികാരികളൊക്കെ തീർച്ചയായും കണ്ട് പകർത്തേണ്ട കാര്യങ്ങൾ തന്നേയാണ് ... !


ലണ്ടൻ സിറ്റിയിലെ ഒട്ടുമിക്ക റെയിൽ സ്റ്റേയഷനുകൾക്കുള്ളിൽ ചെന്നാൽ മുയലുകളുടെ മാളത്തിൽ ചെന്ന് പെട്ട പ്രതീതിയാണ് . ഓരോ നിലകളിലായോ , മറ്റു ഭാഗങ്ങളിലായോ  ഈസ്റ്റ് ബൌണ്ട് , വെസ്റ്റ് ബൌണ്ട് , സൌത്ത് ബൌണ്ട് , നോർത്ത് ബൌണ്ട് , ഓവർ ഗ്രൌണ്ട്  , ഡി .എൽ .ആർ മുതലായവയായി , രണ്ട് മുതൽ ഇരുപത് പ്ലാറ്റ് ഫോമുകൾ വരെ കാണാവുന്നതാണ്.

പത്തടി മുതൽ ഇരുനൂറടി വരെയുള്ള എക്സലേറ്ററുകളും , ലിഫ്റ്റുകളും , നടപ്പാതകളുമൊക്കെയായി ആ പാതളത്തിലും വർണ്ണപ്രപഞ്ചം വിരിയിക്കുന്ന പുരാതനതയും , ആധുനികതയും കൂടി ചേർന്ന ശില്പഭംഗിയുള്ള കെട്ടിട സമുച്ചയങ്ങൾ..!



ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ   കവിതാ ശകലങ്ങൾ  വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള  366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..

ഉദാഹരണത്തിന്  ബേക്കർ സ്ട്രീറ്റ്  സ്റ്റേയ്ഷനിലെ ചുമർ ചിത്രങ്ങളെല്ലാം ‘ഷെർലക് ഹോംസ്‘ കഥകളെ  ആധാരമാക്കിയുള്ളതാണ് .  വിംബിൾഡൻ  സ്റ്റേയ്ഷനിൽ ടെന്നീസിനെ കുറിച്ചാണെങ്കിൽ , ഓവൽ  സ്റ്റേയ്ഷനിൽ ക്രിക്കറ്റിന്റെ ചരിതങ്ങളാണ് .വാപ്പിങ്ങ് സ്റ്റേയ്ഷനിൽ 140 കൊല്ലം മുമ്പ് തേംസിനടിയിൽ കൂടി ഭൂഗർഭപാതയുണ്ടാക്കിയതിന്റെ വരകളും , ചരിത്രങ്ങളും രേഖപ്പെടുത്തിയത് കാണാം. വൈറ്റ് ചാപ്പൽ സ്റ്റേയ്ഷനിൽ  രക്തസാക്ഷികളുടെ ചരിതമാണെങ്കിൽ , ഈസ്റ്റ് ഇന്ത്യാ ഡോക്കിൽ അന്നത്തെ കോളണി ചരിത്രങ്ങളാണ്.

അതുപോലെ  സെന്റ്.പോൾസ്, വെസ്റ്റ് മിൻസ്റ്റർ, ഹൈഡ് പാർക്ക് , ബോണ്ട് സ്ട്രീറ്റ്, ഒളിമ്പിയ, വെമ്പ്ലി പാർക്ക് , സ്റ്റോൺ ബ്രിഡ്ജ് പാർക്ക് , ..,.., ..അങ്ങിനെയങ്ങിനെ പേരിനെ  സൂചിപ്പിക്കും ചരിതങ്ങളുമായി ഒരു പാട് റെയിൽ താവളങ്ങളായി മാറിയിരിക്കുന്ന ചരിത്ര സ്മാരകങ്ങൾ തന്നെയാണ് ഈ ബിലാത്തി പട്ടണത്തിലുള്ള ഓരൊ ട്രെയിൻ സ്റ്റേയ്ഷനുകളും..!

ചിലപ്പോഴൊക്കെ എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ചവട്ടങ്ങൾ ...
വേറെ ചിലത് വർഷത്തിലെ ചില വിശേഷ ദിനങ്ങളും മറ്റും യാത്രികർക്ക്
വിസ്മയമായി തീരാറുള്ള  ഓർമ്മകൾ  ...
അങ്ങിനെയങ്ങിനെ നിർലോഭം കണ്ട്
രസിക്കാവുന്ന അനേകം കേളിയാട്ടങ്ങളും.
പറഞ്ഞാലും , എഴുതിയാലും തീരാത്തത്ര സംഗതി കളുമായി 150 കൊല്ലമായി അഞ്ചുതലമുറകൾ മനസ്സിലിട്ട് താലോലിച്ച അനേകമനേകം യാത്രകളാണ് അതെല്ലാം   ...!

വീണ്ടും അനേകം തലമുറകൾ
ഈ ജൈത്ര യാത്രയിൽ പങ്കാളികളായി
ഇങ്ങനെയിങ്ങനെ  ഇത്തരം സഞ്ചാരങ്ങൾ ഇനിയുമിനിയും  തുടർന്നു കൊണ്ടേയിരിക്കും ...!

ലണ്ടനിലെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമാണ്
ഈ സിറ്റിയുടെ ഏറ്റവും വലിയ ഉയർച്ചക്കുള്ള കാരണമെന്ന് അടി വരയിട്ടു പറയാം.

എല്ലാ യാത്രകളും നിയന്ത്രിക്കുന്ന ട്രാൻസ്പോർട് ഫോർ ലണ്ടൻ ( T F L ) ലണ്ടനിലെ ഓരോ ചെറുപട്ടണങ്ങളിലും , പാർക്കുകളിലും , മറ്റ് പ്രധാന വീഥികളിലുമൊക്കെ എപ്പോഴും എത്തിച്ചേരാവുന്ന വിധത്തിലുള്ള , ചുറ്റളവിൽ  ഏതെങ്കിലും ഒരു കമ്പനിയുടെ,  റെയിൽ സ്റ്റേയഷനുണ്ടായിരിക്കും...!

ഒരു സ്ഥലത്തുനിന്നും കയറിയാൽ പരസ്പരം കണക്റ്റ്  ചെയ്തിട്ടുള്ള
ഈ പട്ടണത്തിലെ മറ്റേതൊരു സ്ഥലത്തേക്കും ആരേയും ആശ്രയിക്കാതെ
ഏതൊരു യാത്രക്കാരനും എത്തിച്ചേരാനുള്ള ഏർപ്പാടുകളാണ് ഇവിടെയുള്ളത്.

മാത്രമല്ല , എവിടേയും സ്ഥാപിച്ചിട്ടുള്ള ലോകപ്രസിദ്ധമായ
ലണ്ടൻ ട്രാൻസ്പോർട്ടിന്റെ ലോഗോകൾ നോക്കി , ആ എംബ്ലങ്ങളുടെ
വത്യസ്തമായ കളറുകളും , ചിഹ്നങ്ങളും അവ ആലേപനം ചെയ്ത പരസ്യ
പലകകളുടെ ചൂണ്ടികാണിക്കലുകളും നോക്കി ഏതൊരു യാത്രികർക്കും വളരെ
ഈസിയായി തന്നെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്കോ , ട്യൂബ് സ്റ്റേയ്ഷനുകളിലേക്കൊ ,
ട്രാം ലിങ്കകളിലേക്കോ , ഓവർ ഗ്രൌണ്ട് സ്റ്റേയ്ഷനുകളിലേക്കോ , മറ്റ് യാത്രമാർഗ്ഗങ്ങളിലേക്കൊ  എത്തിപ്പെടാവുന്നതാണ്.
അവിടെയൊക്കെ എപ്പോഴും സേവന സന്നദ്ധരായി നിൽക്കുന്ന ജോലിക്കാരും യാത്രികർക്കാവശ്യമായ എന്ത് സഹായങ്ങളും ഒട്ടും സമയ നഷ്ട്ടം വരുത്താതെ അപ്പപ്പോൾ ചെയ്ത് കൊടുക്കുന്നതാണ്...
പോരാത്തതിന് ലണ്ടനണ്ടൻ ഗ്രൌണ്ടിന്റെ അപ്പ്പ്പോളുള്ള പുരോഗതികളും മറ്റും,  സൈൻ ലാൻഗ്ഗേജടക്കം വീഡിയോ സഹിതം ഏവരേയും അറിയിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റവും ഇവിടെ അനുവർത്തിച്ച് പോരുന്നുണ്ട് ... ! 
നമ്മുടെ നാട്ടിലൊന്നും അധികം കാണാത്ത ഇത്തരം കാര്യക്ഷമതയോടെയുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കഴിഞ്ഞ നൂറ്റമ്പത് കൊല്ലമായി ഒരു കോട്ടവും കൂടാതെ തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷ്യം തെറ്റാതെയുള്ള ഈ ലണ്ടൻ മെട്രോകളുടെ ജൈത്ര യാത്രകളുടെ മുഖ്യ നേട്ടങ്ങൾക്കുള്ള  കാരണം ...!

ഓട്ടോമാറ്റിക്കായി ചില ബാങ്കു കാർഡുകളടക്കം ,
ട്രാവൽ കാർഡായ ഓയ്സ്റ്റർ  കാർഡ് ഉപയോഗിച്ച് ഏത് സഞ്ചാരിക്കും പബ്ലിക് ട്രാൻസ്പോർട്ട്  വാഹനങ്ങളായ വിവിധ കമ്പനികളുടെ ബസ്സുകളിലോ , അണ്ടർ ഗ്രൌണ്ട് ട്രെയിനുകളായ ട്യൂബ് തീവണ്ടികളിലോ , ഓവർ ഗ്രൌണ്ട് ട്രെയിനുകളിലോ , നാഷ്ണൽ റെയിൽ സർവ്വീസുകളിലോ , ഡ്രൈവറില്ലാതെ ഓടുന്ന ഡി.എൽ.ആർ എന്ന കൊച്ചുറെയിൽ കോച്ചുകളിലൊ , ട്രാം നെറ്റ്  വർക്ക് സർവ്വീസുകളിലോ , തേംസിലെ ബോട്ട് സർവ്വീസുകളിലോ ,തേംസിന്റെ മുകളിൽ കൂടി പോകുന്ന കേബിൾ കാറുകളിലോ ( വീഡിയോ ) യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്.

ലണ്ടനിൽ എത്തുന്ന ഏതൊരാൾക്കും ഏതെങ്കിലും സ്ഥലത്തെത്തണമെങ്കിൽ
ടി.എഫ്..എൽ -ന്റെ ജേർണി പ്ലാനറിൽ  പോയി സ്ഥല നാമമോ , പോസ്റ്റ് കോഡോ  മൊബൈലിലോ , ഇന്റർ നെറ്റിലോ അടിച്ച് കൊടുത്താൽ അവർക്കിഷ്ട്ടപ്പെട്ട രീതിയിലുള്ള അഞ്ച് പ്ലാനുകൾ കാണിച്ച് തരും , എല്ലാ അപ്ഡേറ്റ് സഹിതം ..!


ഈ ഓയ്സ്റ്റർ ട്രാവൽ കാർഡുകൾ യാത്രക്കാരന്റെ യാത്രാവേളകളനുസരിച്ച് ..
സോൺ അടിസ്ഥാനത്തിലോ , ഡെയ്ലി / വീക്കിലി  / മന്തിലി / ആനുവലി എന്നിങ്ങനെ ഓൺ-ലൈനായോ , ഷോപ്പുകളിൽനിന്നോ , സ്റ്റേയ്ഷനുകളിൽ നിന്നോ ആർക്കും അപ്ഗ്രേഡ് ചെയ്യാം.

സ്കൂൾ കുട്ടികൾക്കൊക്കെ ലണ്ടനിൽ ബസ്സ് യാത്ര ഫ്രീ ആണെങ്കിലും
അവർക്കും ബസ്സിൽ അവരുടെ സ്റ്റുഡൻഡ് കാർഡ് ടച്ച് ചെയ്താലെ സഞ്ചാരം സാധ്യമാകൂ..

അഥവാ ഒരാൾ ഓയ്സ്റ്റർ കാർഡില്ലാതെ കാഷ് കൊടുത്ത് ഡ്രൈവറുടെ അടുത്തുനിന്നും ടിക്കറ്റ് വാങ്ങുകയാണെങ്കിൽ മിനിമം പേയ്മന്റ് ടിക്കറ്റ് തുകയായ £ 1.40 പകരം £ 2.50 കൊടുക്കണം....!

ഒരു ട്രാവൽ കാർഡ്
ഉടമയുടെ  യാത്ര ചരിത്രം മുഴുവൻ വിരൽ തുമ്പിൽ കൂടി അറിയാൻ പറ്റുന്ന സംവിധാന മുള്ളതുകൊണ്ടാണല്ലോ ...

ഇപ്പോഴൊക്കെ എന്റെ പെണ്ണൊരുത്തിയും , മകളുമൊക്കെ കൂടി ,
എന്റെ ചില പ്രത്യേകയാത്രകൾ കഴിഞ്ഞ് വന്നാൽ , പിന്നീട് എന്നെ കസ്റ്റഡിയിൽ
എടുത്ത് കൊയ്സ്റ്റയൻ ചെയ്യാറുള്ളത്...? !


ഞാനാരാ മോൻ  ...
ഓയ്സ്റ്ററിന്റെ വീക്കിലി ട്രാവൽ കാർഡുണ്ടെങ്കിലും ,
ചില യാത്രകൾ ബാർക്കലേ ബാങ്ക് കാർഡുപയോഗിച്ചേ നടത്താറുള്ളൂ...!!

ചില വെള്ളക്കാരായ
മിത്രങ്ങളൊക്കെ  ഇടക്ക് പറയാറുണ്ട്
നിങ്ങളൊക്കെ വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളേക്കാളൊക്കെ 100- ഉം 150- ഉം വർഷത്തേക്കാളും പുറകിലാണെന്ന്..
എല്ലാ കാര്യത്തിലും അത് ശരിയല്ലെങ്കിലും
ഈ മെട്രോയുടെ കാര്യത്തിലെങ്കിലും അത് സത്യമാണല്ലോ .
 ഇപ്പോളെങ്കിലും നമ്മളും മെട്രോവിന്
വേണ്ടി പണിയും , പണിമുടക്കുമൊക്കെ തുടങ്ങിയല്ലോ..

 ഇവർ അടുത്ത ജൂബിലി കൊണ്ടാടുമ്പോഴേക്കും
നാം ആയത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ...!

43 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

6 മാസം മുമ്പ് , Net Work Rail -ന്റെ North West London ലെ
ഡെപ്പോയിൽ CCTV ഓപ്പറേറ്ററായി നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന അവസരത്തിലാണ്
ജോൺ ബ്രിട്ടാസിനെ പരിചയപ്പെട്ടത് ... അവന്റെ കഥ പറയാനാ‍ാണ് ഞാൻ ഒരുമ്പെട്ടത് ..?

ഒട്ടും കേരള സംസ്കാരം
അറിയാതെ ബ്രിട്ടനിൽ ജനിച്ച്
വളർന്ന ഒരു മല്ലുയുവാവ് നാട്ടിൽ വന്ന്
പെണ്ണ് കെട്ടി , പരസ്പരം യോജിച്ചു പോകുവനാകാതെ
ഭാര്യയെ ഉപേക്ഷിച്ചപ്പോൾ ,അവന്റെ മിത്രം
അവളെ ഏറ്റെടുത്ത് അസ്സലൊരു കുടുംബം ഉണ്ടാക്കിയ - കരീബിയൻ വംശജനായ
ജോണിന്റെ കഥ പറയാൻ വന്നിട്ട് ,ഈ ‘അണ്ടർ ഗ്രൌണ്ടി‘ ലേക്ക് താണുപോയതിന്
കാരണം ,കഥയെഴുത്ത് പണി എനിക്ക് ഒട്ടും പറ്റില്ല എന്നത് കൊണ്ടാണ് കേട്ടൊ കൂട്ടരെ...

കട്ടവനെ കിട്ടിയില്ലെങ്കിൽ
കിട്ടിയവനെ തട്ടുക എന്ന പോലെ
കഥയൊന്നുമല്ലെങ്കിലും , ഈ പാതാള വണ്ടിയുടെ ജൈത്രയാത്രയിൽ ഇത്തിരി കൊല്ലം
സഞ്ചരിച്ച ഒരു മലയാളിയെന്ന നിലയിലുള്ള
അനുഭവങ്ങൾ കൂട്ടി കുഴച്ച് അവിടെന്നുമിവടന്നുമൊക്കെ കണ്ടതും കേട്ടതുമൊക്കെയായുള്ള ഒരു അവയലാണിത്..!

ചുമ്മാ ഒന്ന് രുചിച്ചു നോക്കുമല്ലോ ..അല്ലേ

vettathan said...

രസിച്ചു വായിച്ചു.നമ്മള്‍ സമത്വം ഒക്കെ പറയുമെങ്കിലും ഒരിക്കലും അതിനടുത്ത് എത്താറില്ല. വിജ്ഞ്ജാനവും വിനോദവും പകര്‍ന്നു തന്ന എഴുത്തിന് നന്ദി. (പിന്നെ,ആ ബാഗിന്‍റെ ഉപയോഗം ഇഷ്ടപ്പെട്ടു കേട്ടോ...)

ശ്രീ said...

രസകരവും അറിവു പകരുന്നതുമായ പോസ്റ്റ്... മാഷേ...

Neelima said...

വിസ്തരിച്ചു രസകരമയി എഴുതിയത് മുഷിച്ചിൽ തീരെയില്ലാതെ വായിച്ചു ..

അംജിത് said...

മുരളിയേട്ടാ .. കിടിലൻ !!
അല്പം ശ്ളീലമല്ലാതെ തുടങ്ങി ജോണ്‍ ബ്രിട്ടാസിന്റെ ജീവിതത്തിലൂടെ പാതാളവണ്ടിയിലേയ്ക്കു ഞങ്ങളെയും വലിച്ചു കയറ്റി , സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യത്തിന്റെ അത്ഭുതനിർമിതിയുടെ ഒന്നരശതാബ്ദിയിലൂടെ ചൂളം വിളിച്ചു പാഞ്ഞു ബിലാത്തിയിലെ തിരുകുടുംബത്തിന്റെ വീട്ടുമുറ്റത്ത്‌ ചെന്ന് നിന്ന ഈ സംഗതി കലക്കി .

ജോണ്‍ ബ്രിട്ടാസിന് ഭാവുകങ്ങൾ :-)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കണ്ടാല്‍ ഞെട്ടണ ലണ്ടനിലെ രസകരവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ ..

African Mallu said...

വളരെ നല്ല വിവരണം ,ഒരിക്കൽ അവിടെ വന്നു ഇതെല്ലം കാണാൻ തോന്നിപ്പിക്കുന്ന ലേഖനം

jayanEvoor said...

അടി പൊളി പോസ്റ്റ്.

എന്നെയങ്ങ് ദത്തെടുത്തു കൂടേ ചേട്ടാ!?

aswathi said...

വളരെ രസകരവും വിജ്ഞാന പ്രദവുമായി ലണ്ടൻ മേട്രോയുടെ വിവരണം .....

Pradeep Kumar said...

ജോണിന്റെ കുടുംബകഥ മാത്രം കുറച്ചുകൂടി വിശദമായി മറ്റൊരു ലേഖനമായി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു. ആ കഥ അത്ര കൗതുകകരം.....

നമ്മുടെ നാട് ഇത്തരമൊരു അവസ്ഥയിൽ അടുത്തകാലത്തൊന്നും എത്തുമെന്നു തോന്നുന്നില്ല. വേണ്ടത്ര മനുഷ്യവിഭവവും, അനുകൂലമായ ഭൗതികസാഹചര്യങ്ങൾ ലഭിച്ചിട്ടും ഹിപ്പോക്രസിയുടെ പര്യായമായ നമ്മുടെ നൽകുന്ന രാഷ്ട്രീയ വ്യവസ്ഥിതിയും, അതോടൊപ്പം നീങ്ങുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ബ്യൂറോക്രസിയും നമ്മുടെ നാടിനെ നിരന്തരം പിന്നോട്ട് വലിച്ചുകൊണ്ടിരിക്കുമ്പോൾ, ഭാഗ്യം ചെയ്ത മനുഷ്യരുടെ നിറമുള്ള ലോകത്തെക്കുറിച്ചുള്ള ഇത്തരം കുറിപ്പുകൾ വായിച്ച് അസൂയപ്പെടാനാണ് എന്നെപ്പോലുള്ള ശരാശരി ഇന്ത്യക്കാരുടെ വിധി. പണ്ട് ബ്രിട്ടീഷുകാർ നിർമ്മിച്ച റെയിൽവേ സംവിധാനത്തിൽ നിന്ന് അധികമൊന്നും മുന്നോട്ടുപോവാത്ത ഇന്ത്യയിൽ ഇത്തരം വിപുലമായ സംവിധാനങ്ങൾ വരാൻ ഇനിയും നൂറ്റാണ്ടുകൾ കഴിയും....

നല്ലൊരു ലേഖനം. ബ്രിട്ടനിലെ മെട്രോകളെക്കുറിച്ച് ഇത്ര വിശദമായി ഇതിനുമുമ്പ് മലയാളത്തിൽ വായിച്ചിട്ടില്ല.കേവലം സൈബർ സ്പേസിൽ മാത്രമുള്ള വായനയേക്കാൾ കൂടുതൽ ആളുകൾ വായിക്കുന്ന മറ്റു മാധ്യമങ്ങളിൽക്കൂടിയും ഈ ലേഖനം പങ്കുവെക്കണമെന്നാണ് എന്റെ അഭിപ്രായം.....

Cv Thankappan said...

വിജ്ഞാനപ്രദമായ ലേഖനം!
ലേഖനം സവിസ്തരം വായിക്കാന്‍ മറ്റു ലിങ്കകളില്‍ പോയി താമസിച്ചെങ്കിലും വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളില്‍ സംതൃപ്തി നിറയുകയാണുണ്ടായത്.
അറിയാത്ത പലതും മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്.
ഹാ!നമ്മുടെ നാട്....
എന്തു പറയാന്‍....
Pradeep Kumar സാര്‍ എഴുതിയപോലെ ജോണിന്‍റെ കഥ മറ്റൊരു പോസ്റ്റായി എഴുതണമെന്നാണ് എന്‍റെയും അഭിപ്രായം.
ആശംസകളോടെ

Nidheesh Varma Raja U said...

മെട്രോ,
നമ്മുടെ സ്വപ്നം
അവരുടെ യഥാർത്യം
വിജ്ഞാനപ്രദം

ajith said...

ബ്രിട്ടനില്‍ പോയിവന്ന കൂട്ടുകാരൊക്കെ ട്യൂബ് ട്യൂബ് എന്ന് വലിയവായില്‍ പറയുമ്പോള്‍ ഇത്രയ്ക്കുണ്ട് എന്ന് നിരീച്ചില്ല. കേമം തന്നെ.

പല നാടുകളിൽ നിന്നായി ഇവിടെ എത്തിച്ച് , 1960 ൽ തുടങ്ങിവെച്ച്,
1963 -ൽ പ്രാവർത്തികമാക്കിയ>>>> 1860 ആയിരിയ്ക്കുമല്ലോ ഉദ്ദേശിച്ചത്. ഒന്ന് തിരുത്തിക്കോളൂ കേട്ടോ.

(ബാഗില്‍ എപ്പോഴും കനമുള്ളത് വല്ലതും കരുതാന്‍ മറക്കല്ലേ! അല്ലെങ്കില്‍ പണി പാളും. പറഞ്ഞില്ലെന്ന് വേണ്ട)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വെട്ടത്താൻ സർ,നന്ദി.നമ്മൾ എല്ലാം പറച്ചിലുകളിലല്ലേ ഉള്ളൂ ,പ്രവർത്തികളിൽ ഇല്ലല്ലോ.
ആദ്യ ഫോട്ടോ നോക്കൂ...ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പോലും സാധാരണക്കാരനെ പോലെ നിന്ന് ട്യൂബിൽ യാത്ര ചെയ്യുന്നൂ ...ഒരു പ്രജ പോലും അദ്ദേഹത്തിന് എഴുന്നേറ്റ് സീറ്റ് കൊടുത്തിട്ടില്ല ..!

പ്രിയമുള്ള ശ്രീശോഭ് ,നന്ദി.നല്ല രസമുള്ള യാത്രാനുഭവങ്ങൾ പങ്കുവെക്കുമ്പോൾ എങ്ങിനെ അത് രസകരമല്ലാതായിരിക്കും ... അല്ലേ.

പ്രിയപ്പെട്ട നീലിമ ,നന്ദി.വായനക്ക് ഒട്ടും മുഷിച്ചിൽ ഉണ്ടായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടൊ.

പ്രിയമുള്ള അംജിത് ,നന്ദി .ശ്ലീലമില്ലായ്മ ശീലമായത് കൊണ്ടാണ് ഇങ്ങനെയൊക്കെയുള്ള സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്...സ്വന്തം നാട്ടിൽ യാതൊരു റോ-മറ്റീരിയലും ഇല്ലാത്ത സായിപ്പ് മറ്റുള്ളവരെ വെച്ച് നടത്തുന്ന ഡെവ്ലപ്മെന്റ്സിന്റെ ഗുട്ടൻസ് ,നാലിലൊന്നുണ്ടെങ്കിൽ നമ്മുടെ നാട് ഇതിന്റെയിരട്ടി പുരോഗമിച്ചേനെ...!

പ്രിയപ്പെട്ട മുഹമ്മദ് ഭായ്,നന്ദി.കണ്ടാലും ,തൊട്ടാലും ഞെട്ടുന്ന കാര്യങ്ങളൊക്കെ തന്നെയാണ് ലണ്ടനിലുള്ള ഒട്ടുമിക്കതും..!

പ്രിയമുള്ള ആഫ്രിക്കൻ മല്ലൂ ,നന്ദി.നാട്ടിൽ പോകുമ്പോൾ രണ്ടാഴ്ച്ചത്തെ വിസയെടുത്ത് ലണ്ടൻ വഴി വായൊ...ഞാനില്ലേ ഇവിടെ..

പ്രിയപ്പെട്ട ജയൻ ഡോക്ട്ടറേ ,നന്ദി. ആയ്യുർവേദത്തിനൊക്കെ വമ്പിച്ച ഡിമാന്റാണ് കേട്ടൊ ഇവിടെ .ഇംഗ്ലണ്ട് മാഹാത്മ്യങ്ങളെന്ന എന്റെ മുൻ പോസ്റ്റിൽ ആയതിന്റെ ലിങ്കുകൾ ഞാനിട്ടിരുന്നു...അപ്ലേയ് ചെയ്ത് , ഇവിടേക്ക് കയറി വരൂ..ഭായ്!

പ്രിയമുള്ള അശ്വതി ,നന്ദി.ഈ ലണ്ടൻ മെട്രോ പുരാണം ഇഷ്ട്ടപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട് കേട്ടൊ അശ്വതി

പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി. ഒരു തരം ഭൌത്തിക സാഹചര്യവും ,മനുഷ്യ വിഭവ ശേഷിയും ഇല്ലാതിരുന്നിട്ടും ...അഴിമതിയില്ലാതെ ,ചുവപ്പുനാടകളില്ലാതെ സ്വന്തം നാടിന്റെ നന്മകൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരും ,ഉദ്യോഗസ്ഥരുമൊക്കെ തന്നെയാണ് ബ്രിട്ടനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ച വസ്തുത..!

ഇതിന്റെ നേരെ ഓപ്പോസിറ്റാണല്ലോ നമ്മുടെ നാട്ടിലെ സ്ഥിതി വിശേഷങ്ങൾ ..അല്ലേ മാഷെ.

Mohiyudheen MP said...

എന്നത്തേയും പോലെ വായിച്ച് തീർന്നതറിഞ്ഞില്ല. ബിലാത്തി മാന്ത്രിക ഭാവം ഈ രചനയിലുമുണ്ട്.


ഒരു സോഷ്യലിസ്റ്റ് രാജ്യം എന്ന് വേണമെങ്കിൽ വിളിക്കാം അല്ലേ... പണ്ട് എല്ലാ രാജ്യങ്ങളേയും കാൽക്കീഴിൽ വെച്ച് ഭരിക്കാൻ കഴിഞ്ഞത് ഈ പ്രത്യേകതകളൊക്കെ തന്നെയാവുമല്ലേ..

shibin said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യ പകുതി വയിച്ചപ്പോൾ ആകാംക്ഷ കൂടികൂടി വരികയായിരുന്നു.ഹ ഹ ഹ ആ കണ്ണട കറൂത്തതാക്കിയതിന്റെ കാരണം പിടികിട്ടി

പിന്നെ ഭൂഗർഭതീവണ്ടിയെ കുറിച്ച് ഇനി ആരു ചോദിച്ചാലും പരഞ്ഞു കൊടൂക്കാനും മാത്രം വിഅവരങ്ങളും

നമ്മുടെ കൽക്കട്ടയിലും ഉണ്ട് ഇതുപോലൊരെണ്ണം

പണ്ട് അതിൽ കയറിയപ്പോൾ അടുത്ത സ്റ്റേഷനും അതുപോലെ മറ്റു വിവരങ്ങളും ഒക്കീ പറഞ്ഞു തരുന്നത് കേട്ടപ്പോൾ നമ്മുടെ സാധാരണ തീവണ്ടികളിലും അതു പോലെ ഒക്കെ ചെയ്യാവുന്നതല്ലെ ഉള്ളു എന്ന് തോന്നിയിരുന്നു
  
എവിടെ ഇന്ത്യക്കാർക്ക് മുറുക്കിതുപ്പാൻ വേണ്ടി അതേ നിറത്തിൽ സായിപ്പ്  ബോഗി  ഉണ്ടാക്കിയത്  60 കൂല്ലം കഴിഞ്ഞിട്ടും അതുപോലെ വച്ചിരിക്കുന്ന മന്ത്രിമാർക്ക് പെണ്ണിനെ പീഡിപ്പിക്കലും , കാശ് കട്ട് സ്വിസ് ബാങ്കിൽ നിറക്കലും കഴിഞ്ഞ് നേരം എവിടെ അല്ലെ

Sunais T S said...

വായിച്ചു തീര്‍ന്നതരിഞ്ഞില്ല..,

ബാഗ്‌ കൊണ്ട് ഇങ്ങനേം ഉപയോഗം ഉണ്ടല്ലേ...

വീകെ said...

വളരെ വിഞ്ജാനപ്രദവുമായ പോസ്റ്റാണിത്.
150 വർഷ മുൻപു പണിത അണ്ടർഗ്രൌണ്ട് പാതയെക്കുറിച്ച് പറയുമ്പോൾ, 150 വർഷത്തിനു ശേഷം മുകളിൽ കൂടി ഒരു പാതയുണ്ടാക്കാൻ നാം പെടുന്ന പാട് ഓർക്കുമ്പോൾ ശരിക്കും നാണം തോന്നുന്നു.പിന്നെയല്ലെ അണ്ടർഗ്രൌണ്ട്...! അതിനിനിയും ഒരു 150 വേണ്ടിവരുമായിരിക്കും..

എന്നാലും അവിടത്തെ അണ്ടർഗ്രൌണ്ട് യാത്രകളിൽ ഒരു ബാഗ് കൂടി- അജിത്തേട്ടൻ പറഞ്ഞതു പോലെ ഇത്തിരി കനമുള്ളതായാൽ- കരുതിയാൽ പണി പാളാതെ രക്ഷപ്പെടാം..ഹാ...ഹാ...!!

ജോണിന്റെ കഥ, മുൻപ് ത്രുശ്ശൂർകാരുടെ കഥ പറഞ്ഞതു പോലെ വിശദമായൊരു കഥ പ്രതീക്ഷിക്കുന്നു.

തുമ്പി said...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!യാത്രയിൽ നിന്ന് മാറിയെഴുതിയെങ്കിലും വിഞ്ജാനപ്രദവും രസകരവുമായിരുന്നു വിവരണം.

കൊച്ചു കൊച്ചീച്ചി said...

"വികസിതരാജ്യം എന്നാല്‍ ദരിദ്രനുപോലും കാര്‍ ഉള്ള നാടല്ല, അതിസമ്പന്നര്‍ പോലും പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്ന നാടാണ്" എന്നൊരു ഉദ്ധരണി ഈയിടെയായി കണ്ടിരുന്നു. അതില്‍ ഗതാഗതത്തിനുപരിയായ വലിയൊരു സത്യമുണ്ട്.പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കാതെ സ്വന്തം സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുന്നവന് ക്രമേണ സമൂഹബോധം ഇല്ലാതാകുന്നു.

പരിസ്ഥിതിമലിനീകരണം, സാമ്പത്തികാസമത്വം, ക്രമസമാധാനം തുടങ്ങിയ പല വിഷയങ്ങളിലും സമൂഹത്തിനുമൊത്തം പ്രയോജനപ്പെടുന്ന നിലപാടുകള്‍ എടുക്കാതെ സ്വന്തം നേട്ടം മാത്രം നോക്കുന്ന ഒരു കൂട്ടം വ്യക്തികളുള്ള രാജ്യത്തെ എങ്ങനെ വികസിതരാജ്യമെന്നു പറയാന്‍ കഴിയും?

അത്തരം വികസനമില്ലായ്മ കേരളത്തിന്റെ മാത്രം പ്രശ്നമല്ല. പത്തുകൊല്ലമായി ടൊറോന്റോയിലെ ഗതാഗത വികസനത്തേക്കുറിച്ച് ചര്‍ച്ച നടക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ആകെ നാലുകിലോമീറ്റര്‍ സബ്‌വേയാണ് പണിഞ്ഞത്. അതെങ്ങനെ, ഇവിടത്തെ മേയര്‍ ഇടുക്കി ഗോള്‍ഡ് അടിച്ചോണ്ടു നടക്കുകയല്ലേ....

ഫൈസല്‍ ബാബു said...

കഥ പറഞ്ഞു വന്നു അവാസാനം കാര്യത്തില്‍ അവസാനിപ്പിച്ചു ഈ പോസ്റ്റ്‌ , നമ്മുടെ നാടൊക്കെ ഇത്രയും വേണ്ട ഇതിന്റെ മൂന്നില്‍ ഒന്ന്‍ പുരോഗമിക്കുന്നത് ഇനി എത്ര കാലം കഴിഞാണാവോ ? . മെട്രോ റയിലില്‍ കയറിയുള്ള ഈ യാത്ര ഏറെ ആസ്വദിച്ചു ട്ടോ ..

ലംബൻ said...

ലവിടെ വന്നു, അന്ത തീവണ്ടിയില്‍ ഞാനും ഒരു ദിവസം കയറും. അന്ന് നിങ്ങള്‍ പറഞ്ഞ പോലത്തെ ആള്‍ക്കാര്‍ അതില്‍ ഇല്ലെങ്കില്‍... (ലണ്ടന്‍ അല്ലെ സ്ഥലം കാണാതെയിരിക്കില)

എന്തായാലും ഇവിടെ മെട്രോ വരട്ടെ.. അതില്‍ ഇമ്മാതിരി സൈസുകള്‍ ഉണ്ടങ്കില്‍ പിന്നെ കാശു മുടക്കി അങ്ങോട്ട്‌ വരണ്ട കാര്യം ഇല്ലാലോ.

പട്ടേപ്പാടം റാംജി said...

നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !

കാണുമ്പോള്‍ അല്ല കേള്‍ക്കുമ്പോള്‍ തന്നെ വിശ്വസിക്കാന്‍ പ്രയാസമാണ്.
അടിയില്‍ കൂടിയുള്ള ട്രെയിന്‍ എങ്ങാനും ഇവിടെ കൊണ്ടുവരണം എന്ന് തീരുമാനിച്ചാല്‍ തന്നെ എന്തായിരിക്കും പുകില്‍ എന്ന് ഞാനാലോചിക്കുകയായിരുന്നു.
നല്ലൊരു ചരിത്രമാണ് കുറെ നാളുകള്‍ക്കുശേഷമെങ്കിലും നല്‍കിയത് .
വളരെ സന്തോഷം മുരളിയേട്ടാ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി .എല്ലാ ലിങ്കുകളിലും സഞ്ചാരം നടത്തിയതിൽ സന്തോഷമുണ്ട് ..,ജോണിന്റെ ചരിത്രമറിയാമെങ്കിലും ആയതൊരു കഥയായി..എന്റെ മണ്ടൻ തലയിൽ വരേണ്ടെ എന്റെ ഭായ്.

പ്രിയമുള്ള നിദീഷ് വർമ്മാ‍ാജി ,നന്ദി. മറ്റുള്ളവരുടെ യാഥാർത്ഥ്യങ്ങൾ നമ്മുടെയവിടെ എങ്ങിനെയൊക്കെ യാഥാർത്ഥ്യമല്ലാതാക്കാം എന്നുള്ളതാണല്ലോ നമ്മുടെ ലക്ഷ്യം.

പ്രിയപ്പെട്ട അജിത്ത് ഭായ് ,നന്ദി. ആ തെറ്റ് ചൂണ്ടികാണിച്ച് തിരുത്താൻ സഹായിച്ചതിന് ഒരു സ്പെഷ്യൽ താങ്ക്സ്.അതെ ഭായ് ട്യൂബിനുള്ളിലെ മ്ടെ കാറ്റ് കളയാതെ നോക്കണ്ട കാര്യം പിന്നെ പറയാനുണ്ടൊ എന്റെ ഭായ്...!

പ്രിയമുള്ള മൊഹിയുധീൻ ,നന്ദി. ബ്രിട്ടങ്കാരുടെ ഇത്തരം ബ്രോഡ്മൈന്റഡ് സോഷ്യലിസ്റ്റ് ചിന്താഗതി തന്നേയാണ് അവരെയും നാടിനേയുമൊക്കെ ഇത്ര ഉന്നതിയിലെത്തിച്ചത് ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷിബിൻ,നന്ദി.അഭിപ്രായം ഡിലീറ്റായി പോയെങ്കിലും ,ഈ പോസ്റ്റ് ഷെയറ് ചെയ്തതിൽ ഒത്തിരി സന്തോഷമുണ് കേട്ടൊ.

പ്രിയമുള്ള ഹെറിറ്റേജ് പണിക്കർ സർ.നന്ദി . നമ്മുടെ നാട്ടിലും വേണമെങ്കിൽ എല്ലാം വേരിലും കായ്പ്പിക്കാം കേട്ടോ ഡോക്ട്ടറെ. ഒപ്പം മെട്രോവിന്റെ ഗുണഗണങ്ങളൊപ്പം കറുത്ത കണ്ണടയുടെ ഗുണ വശവും ,കണ്ടു പിടിച്ചു അല്ലേ ഗൊച്ചു ഗള്ളാ..!

പ്രിയപ്പെട്ട കുറ്റിലഞ്ഞിക്കാരന്‍ ഭായ് ,നന്ദി .വാ‍യനയിൽ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം.പിന്നെ എന്റെ ബാഗ് മൾട്ടിപർപ്പസ് ഉപയോഗത്തിന് പറ്റിയതാ..ട്ടാ.

പ്രിയമുള്ള വി.കെ.അശോക് ഭായ് ,നന്ദി. നമ്മുടെ നാട്ടിൽ നാം നടത്താത്ത കാര്യങ്ങൾ ,മറ്റ് പ്രവാസരാജ്യക്കാർക്ക് വേണ്ടി ,അവിടെ പോയി നമ്മളോക്കെ എല്ല് മുറിയെ പണിത്
നടത്തി കൊടുക്കുന്നൂ..പക്ഷേ സ്വന്തം നാടിന്റെ കാര്യത്തിൽ നാം തനി പിന്തിരിപ്പന്മാരാരാണ് കേട്ടൊ ഭായ്.പിന്നെ ബാഗ് കൊണ്ട് മാനം മറക്കാമെന്ന് മനസ്സിലായല്ലോ ..അല്ലേ ഭായ്.

പ്രിയപ്പെട്ട തുമ്പി ,നന്ദി .എഴുതിയിട്ടതെല്ലാം യാത്രാനുഭവങ്ങളായത് കൊണ്ട് ബാഗ് കഥ കയറിവന്നതാണ് ..,ക്ഷമീര് .ഒരു ശരാശരി മലയാളിയനുഭവങ്ങൾ തന്നെയാണത് കേട്ടൊ തുമ്പി.

krishnakumar513 said...
This comment has been removed by the author.
krishnakumar513 said...

പ്രിയ ബിലാത്തീ, പതിവ് പോലെ തന്നെ.വെല്‍ ഡണ്‍ ....

Vishnu N V said...

പോസ്റ്റ്‌ കൊള്ളാം. വികസനം എന്നത് ഒരുപാട് അര്‍ത്ഥവ്യാപ്തിയുള്ള പദമാണ് എന്ന് ഓര്‍മ്മിക്കുക

ബിലാത്തി മലയാളി said...

1984-ല്‍ ഒരു ഹൃസ്വ സന്ദര്ശനത്തിനെതിയപ്പോള്‍ ലണ്ടനിലെ ഏറ്റവും വലിയ അത്ഭുതമായി എനിക്ക് തോന്നിയത് ഈ അണ്ടര്ഗ്രൗണ്ട് ആണ്. അന്ന് ഞാന്‍ ചിന്തിച്ചു – 1863-ല്‍ ഇത് തുടങ്ങിയ സമയത്ത് എന്റെ പൂര്വികരില്‍ ആരെങ്കിലും ഇവിടെ വന്നിരുന്നുവെങ്കില്‍ അവര്ക്ക് ‌ ഇതെന്തൊരു അല്ഭുതമായിരുന്നെനെ!

രണ്ടായിരാമാണ്ടില്‍ സ്ഥിരതാമസത്തിനായി ഇവിടെ വീണ്ടും വന്നപ്പോഴും ലണ്ടന്‍ അണ്ടര്ഗ്രൗൊണ്ട് അല്ഭുതമായിതന്നെ തുടര്ന്നു . മെട്രോപോളിട്ടന്‍ ലൈനില്‍ കയറി ബേക്കര്‍ സ്ട്രീറ്റില്‍ ചെന്ന് അടുത്ത ട്രെയിനില്‍ കയറാനായി കാത്തുനില്ക്കുംപോഴൊക്കെ ആ സ്റേഷനില്‍ എഴുതി വച്ചിരിക്കുന്ന ചരിത്രം പലപ്രാവശ്യം വായിക്കുമായിരുന്നു.

മറ്റു പല രാജ്യങ്ങളിലും മെട്രോസംവിധാനം വന്നുകഴിഞ്ഞപ്പോള്‍ ലണ്ടന്റെ പഴയ പ്രൌഢിയെല്ലാം പോയി. എന്നാലും ഇക്കാര്യത്തില്‍ ലണ്ടന്‍ തന്നെ തറവാടി.

ഇവിടെ വന്ന് വര്‍ഷങ്ങള്‍ താമഷിച്ചു ബ്രിട്ടിഷ് പാസ്പോര്ട്ട് കരസ്ഥമാക്കിയിട്ടും ഇതുവരെ ഈ പാതാളയാത്ര (ആ പ്രയോഗം അങ്ങ് സുഖിച്ചു) നടത്താന്‍ സാധിക്കാത്ത അനേകം മലയാളികള്‍ ഇന്നാട്ടിലുണ്ട്. അവര്ക്ക് മുരളിയുടെ സരസമായ ഈ വര്ണ്ണന ഒരു അനുഭവമായിരിക്കും.

അവര്ക്ക് മാത്രമല്ല, എനിക്കും ഇത് വളരെ ആസ്വാദ്യകരമായി, കെട്ടോ.

ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Akbar said...

ജോണിന്റെ കഥ അണ്ടർ ഗ്രൌണ്ടിലേക്ക് താണ് പാതാള യാത്രയുടെ ചരിത്രവും വർത്തമാനവും പറഞ്ഞു മറ്റൊരു ലോകത്തിലെത്തിച്ചു. ഒട്ടും മുഷിപ്പിക്കാത്ത അവതരണം.

Echmukutty said...

ഈ വിവരണം വളരെ നന്നായി, മുരളീഭായ്. പാതാളയാത്ര എന്ന പ്രയോഗം അങ്ങിഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍.

ജിമ്മി ജോണ്‍ said...

ന്റെ ബിലാത്തിയേട്ടാ.. ലണ്ടൻ കഥകൾ പറഞ്ഞ് കൊതിപ്പിച്ച് കൊന്നിട്ടേ അടങ്ങൂ അല്ലേ.. :)

അടുത്തിടെ ബാങ്കോക്കിൽ പോയപ്പോൾ ഇമ്മാതിരി ‘പാതാള യാത്ര’ നടത്താനുള്ള ഭാഗ്യം കിട്ടിയിരുന്നു.. എന്നാലും ഈ ബില്ലാത്തി യാത്രയുടെ അത്രയുമൊന്നും വരില്ലാന്നു തോന്നുന്നു..

Mukesh M said...

മുരളിയേട്ട...നല്ല വായന നല്‍കിയ ഒരു പോസ്റ്റ്‌ എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ !!
ബിലാത്തിയിലെ പാതാള തീവണ്ടി ഒരു സംഭവം തന്നെയെന്നു വായിച്ചു കഴിഞ്ഞപ്പോള്‍ മനസിലായി !! എന്തൊക്കെ വിശേഷങ്ങളാണ്.!! ഡല്‍ഹിയില്‍ വെച്ച് ആദ്യം നമ്മുടെ ഇന്ത്യന്‍ മെട്രോയില്‍ കയറുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിതന്നെയായിരുന്നു.അതും ഭൂഗര്‍ഭ യാത്ര ആണല്ലോ !! എന്നാലും താരതമ്യം സാധ്യമല്ല !! ഓര്‍മ്മകള്‍ ഇന്ന് വീണ്ടും അങ്ങോട്ട്‌ പോയി !!
പിന്നെ ആ രഹസ്യം ഇവിടെ വെളിപ്പെടുത്തി അല്ലെ... ആരും അറിയാതെ ട്രാവല്‍ കാര്‍ഡ് മാറ്റി യാത്ര ചെയ്യുന്നത്. എന്തായാലും ഇനി അതും രക്ഷയില്ല !! മുരളിയേട്ടന്റെ കാര്യം പോക്കാ !! ഇനി ഈ വിഷമം മാറാന്‍ വേണ്ടി ഒരു ഭൂഗര്‍ഭ യാത്ര കൂടി നടത്തേണ്ടി വരുമല്ലോ അല്ലെ.... !!
പിന്നെ; നാടന്‍ മലയാളി പെണ്കൊടിയെ കെട്ടിയ ജമൈക്കക്കാരന്റെ കഥയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നു!! മറക്കണ്ട കേട്ടോ !!
എല്ലാവിധ ഭാവുകങ്ങളും !!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി . പൊതുഗതാഗതം സുഗമമായാൽ അതോടൊപ്പം തന്നെ പുരോഗതിയും താനെ വരുമെന്നത് തന്നെയാണ് ലണ്ടൻ ലോകത്തിന് കാണിച്ചു കൊടുക്കുന്നത്.കാറുള്ളവർക്ക് പോലും കൺജഷൻ ചാർജ്,പാർക്കിങ്ങ് റെസ്ട്രിക്ഷൻ,30 മൈൽ സ്പീഡ് ലിമിറ്റ്,...ഇതൊക്കെ കാരണം ലണ്ടൻ സിറ്റിയിൽ ഏവരും ഓട്ടൊമറ്റിക്കായി പബ്ലിക് ട്രാസ്പോർട്ടിനെ അഭയം തേടും..അതെന്നെ കാര്യം ..!

പ്രിയമുള്ള ഫൈസൽ ബാബു,നന്ദി. ഇതൊന്നും കഥയല്ല..,ഒരു ശരാശരി മല്ലുവിന്റെ യാത്രാശീലങ്ങളടക്കമുള്ള കാര്യങ്ങൾ തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ശ്രീജിത്ത്,നന്ദി.ഞാനന്ന് പറഞ്ഞപോലെ ഏതെങ്കിലും നാട്ടിൽ പോക്കിൽ ലണ്ടനിൽ ഒന്ന് കാല് കുത്തി പോകുമല്ലോ,അപ്പോൾ ഈ അങ്കങ്ങളൊക്കെ കാണാം കേട്ടൊ ഭായ്.

പ്രിയമുള്ള റംജി ഭായ്,നന്ദി.പ്രധാനമന്ത്രി കാമറൂൺ സാധാരണകാരനെ പോലെ ട്യൂബിൽ സഞ്ചരിക്കുന്ന മുകളിലെ ഫോട്ടോ നോക്കൂ.ലണ്ടനിലെ പറഞ്ഞാലും,പറഞ്ഞാലും തീരാത്ത ലണ്ടൻ ചരിത്രങ്ങളിൽ ഒന്ന് മാത്രമാണ് കേട്ടോ ഭായ് ഈ പാതാള വണ്ടി ചരിതം..!

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ് ,നന്ദി. നേരിട്ടിവിടെ വന്ന് അനുമോദിച്ചതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള വിഷ്ണു ഭായ്, നന്ദി.വികസനത്തിന്റെ അർത്ഥവ്യാപ്തി ശരിക്ക് അറിയാത്തത് തന്നെയാണല്ലോ നമ്മുടെയൊക്കെ കോട്ടങ്ങൾ.. അല്ലേ ഭായ്.

പ്രിയപ്പെട്ട ബിലാത്തി മലയാളി അലക്സ് ഭായ് ,നന്ദി.ഏത് കാലഘട്ടത്തിൽ ലണ്ടനിൽ വന്നാലും നമ്മുടെ നാട്ടിലുള്ളവർക്കെല്ലാം ഇതൊരു അത്ഭുതലോകം തന്നെ..!ഈ പാതാള ഗമനകാര്യങ്ങൾ ആസ്വാദ്യകരമായതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അക്ബർ ഭായ്,നന്ദി.ഒട്ടും മുഷിപ്പ് കൂടാതെ ഈ പാതാള വണ്ടിയിൽ എന്നോടൊപ്പം സഞ്ചരിച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

© Mubi said...

വരുന്നുണ്ടുട്ടോ... ഇത്രയൊക്കെ അറിഞ്ഞിട്ടു അവിടെവരെ വരാതിരിക്കുന്നതെങ്ങിനെ? നല്ല ലേഖനം...

പടന്നക്കാരൻ said...

ബിലാത്തിയിൽ പോയപോലെ ഭായ് :)

സച്ചിൻ said...

വളരെ ശരിയാണ് ചേട്ടൻ പറഞ്ഞത്. ലണ്ടനിൽ വന്ന കാലം മുതൽ എന്നെ ഒരു പാട് ആകര്ഷിച്ച ഒരു കാര്യം ഇവിടുത്തെ Public Transport ആണ് . മറ്റു എന്ത് കാര്യത്തിൽ നമുക്ക് തർക്കിക്കമെങ്കിലും Public Transport ന്റെ കാര്യത്തിൽ നമ്മൾ ഒരു നൂറ്റാണ്ടെങ്കിലും പിറകിലാണ് - അത് Infrastructure ആയാലും കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന കാര്യത്തിലാണെങ്കിലും

ചേട്ടന്റെ ബ്ലോഗ്‌ follow ചെയ്യുന്ന മറ്റൊരു ലണ്ടൻ മലയാളി

drpmalankot said...

സ്വന്തം തോന്നലുകളും അനുഭവങ്ങളും ചേർത്ത് ചരിത്ര സത്യങ്ങൾ കുറിച്ച ലേഖനം, ചിത്രങ്ങൾ സഹിതം, നന്നായിരിക്കുന്നു. ആശംസകൾ.

Aarsha Abhilash said...

ഇതിനു ഞാന്‍ കമന്റ് ഇട്ടുന്നാ വിചാരിച്ചിരുന്നെ!! എവിടെ പോയോ ആവോ.... ഇവിടെയും മെട്രോ യാത്ര വളരെ രസകരം ആണ്.. ഇത്രയേറെ ഇന്ഫോര്‍മടിവ് ആയ ഒരു പോസ്റ്റ്‌ ആണിത് ന്നോര്‍ക്കുമ്പോള്‍ മുരളിയേട്ടന്‍ ഇതിനായി ചെയ്ത അദ്ധ്വാനം മനസിലാകുന്നു... നന്ദി :)

sijo george said...

മുരളീയ്യേട്ടന്റെ ബ്ലോഗിൽ കുറേനാളു കൂടി വന്നു :) എല്ലാദിവസോം രാവിലേം വൈകുന്നേരവും പീക്ക് അവേർസിൽ ട്യുബിൽ ഇടിച്ച് കേറുമ്പോൾ ഓർക്കും നാട്ടിലെ 'പീതാംബരകുറുപ്പുമാരെം' ജാക്കിച്ചാന്മാരേമൊക്കെ ഇവിടെ കൊണ്ടവിട്ടാലട്ഠെ അവസ്ഥയെന്താരിക്കുമെന്ന്. :)

Philip Verghese 'Ariel' said...

ഭായ് ഇതെങ്ങനെ മിസ് ആയി എന്നറിയില്ല സോറി ഇവിടെയെത്താൻ വൈകി.
ആരംഭത്തിൽ അൽപ്പം കല്ലുകടി അനുഭവപ്പെട്ടെങ്കിലും വലിയൊരു ചരിത്രം
യാത്രക്കൊപ്പം പറഞ്ഞു തരാൻ ഭായിക്കു കഴിഞ്ഞു. ഒപ്പം കണക്ടഡ് ലിങ്കുകളും പ്രയോജനപ്പെട്ടു.
പിന്നെ ജോണ്‍ ബ്രിട്ടാസ് ചരിത്രം ലഘുവെങ്കിലും നന്നായി പറഞ്ഞു, അക്കഥ ഇനിയൊരു ബ്ലോഗിൽ അല്ലെ! ആരു പറഞ്ഞു ഭായിക്കു കഥ എഴുതാൻ അറിയില്ലാന്നു, എല്ലാ എഴുത്തുകാർക്കും പറ്റുന്ന ഒരു അമളി, ഒന്നിനെക്കുറിച്ച് എഴുതാൻ ഇരിക്കും ഇടയിൽ മറ്റൊന്ന് കേറിവരും. അത് സാരമില്ല, അത് അടുത്തതിലേക്ക് മാറ്റി വെക്കാം. നമ്മുടെ മെട്രോ കഥകൾ അതൊന്നും പറയാതിരിക്കുന്നത് തന്നെ നല്ലത്. അടുത്ത തലമുറക്കെങ്കിലും അത് കിട്ടിയാൽ ഭാഗ്യം.
എഴുതുക അറിയിക്കുക. ആശംസകൾ

Unknown said...

ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ കവിതാ ശകലങ്ങൾ വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള 366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..

Unknown said...

ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം പാലിച്ചിരിക്കണമെന്ന് മാത്രം ...

ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...