Tuesday 14 November 2017

ഈ വരുന്ന നവംബറിൽ 11 -ന് ലണ്ടനിലുള്ള ബാർക്കിങ്ങിൽ
കലയുടെ നവാനുഭൂതികൾ ആസ്വാദകർക്ക് മുന്നിൽ വാരിവിതറികൊണ്ട്
' മലയാളി അസോസ്സിയേഷൻ ഓഫ് ദി യു .കെ'  , 'ചേതന കഥകളി കമ്പനി'യുമായി
ചേർന്ന് കാഴ്ച്ചവെക്കുന്ന കലാവിരുന്നാണ് , നാട്ടിൽ നിന്നും വന്നെത്തിയ പ്രശസ്തരായ
ഒമ്പത് കഥകളി കലാകാരന്മാരടക്കം , 'റിപ്പിൾ സെന്റർ' രംഗമണ്ഡപത്തിൻ അരങ്ങിൽ നവരസങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന  ഇരയിമ്മൻ തമ്പി രചിച്ച  ആട്ടക്കഥയായ 'ദക്ഷയാഗം' എന്ന കഥകളി ...!

പുരാതനകാലത്ത് നമ്മുടെ നാട്ടിലെ നല്ല കഴിവുള്ള കലാകാൻമാരുടെ
മനോധർമ്മത്തിൽ വിരിഞ്ഞ അതിമനോഹര ഉടയാടകളും , വർണ്ണക്കോപ്പുകളും
അണിഞ്ഞ് , നടന വിസ്മയങ്ങളാൽ നവരസങ്ങൾ ശരീര ചലനങ്ങളിൽ ആവിർഭവിപ്പിച്ച് ,  ചിട്ടപ്പെടുത്തിയ ചുവടുവെപ്പുകളിലൂടെ അനേകം കൈമുദ്രകളിലൂടെ ,നിരവധി രൂപഭാവങ്ങളിലൂടെ  - അലങ്കാര സമൃദ്ധമായ , സാഹിത്യ സമ്പുഷ്ടമായ -  പല കാവ്യ വല്ലഭരാലും രചിക്കപ്പെട്ട ആട്ടക്കഥകൾ ; ശ്ലോകങ്ങളായും , മറ്റും - താളവും , മേളവും  , വെളിച്ചവും സമന്വയിപ്പിച്ച് ചൊല്ലിയാടി കളിക്കുന്ന ഒരു ശ്രേഷ്ഠമായ സമ്പൂർണ്ണ കലാരൂപം തന്നെയാണ്  അനേകം കലാകാരന്മാർ ചേർന്നവതരിപ്പിക്കുന്ന കഥകളി ...

ചെറു പ്രായം  മുതൽ തന്നെ കഠിനമായ പരിശീലന കളരികളും ,
അഭ്യാസങ്ങളും നേടിയെടുത്താണ് ഓരോ കഥകളി കലാകാരനും നല്ല
മെയ്‌വഴക്കവും , അഭിനയത്തികവുമൊക്കെയായി അരങ്ങത്ത് വന്ന്  കലാവിസ്മയങ്ങൾ തീർത്ത്  കാണികളുടെ കണ്ണും  , കാതും , മനവുമൊക്കെ നിറയ്ക്കുന്നത് ...!

പക്ഷെ പണ്ട് കാലത്ത് മേലാളരും , തമ്പുരാക്കന്മാരുമൊക്കെ പരിപാലിച്ചാസ്വദിച്ച് ,
സംരക്ഷിച്ച് കാത്തുസൂക്ഷിച്ച നമ്മുടെ വളരെ ശ്രേഷ്ഠമായ കഥകളി സ്വരൂപങ്ങൾ , ഇന്ന് സാധാരണക്കാരനിലേക്ക് ഇറങ്ങിവന്നപ്പോൾ ഈ കലാരൂപത്തിനും , കലാകാരന്മാർക്കും അപചയം വന്നുതുടങ്ങി...

കേരളപ്പിറവിക്കും മറ്റും സന്ദേശങ്ങൾ കൈമാറുമ്പോഴും , ഘോഷയാത്രകളിൽ
കേരളത്തിന്റെ പ്രതീകം ഉയർത്തിപ്പിടിക്കുവാനും  , ഓണാഘോഷചടങ്ങുകളിൽ
മാവേലിയോടൊപ്പം വേഷം കെട്ടി നിറുത്താനുമൊക്കെയുള്ള വെറും കോലങ്ങളും , 'ഐക്കണു'കളുമൊക്കെയായി അധപ്പതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കഥകളി കലാകാരന്മാരും , ക്യാരിക്കേച്ചറുകളും ... !

കഥകളി ശരിക്കും  ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് ....
അതും  കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന ഒരു ലോകോത്തമ കലാരൂപം ...!
കഥകളിയുടെ ഈറ്റില്ലമായ കേരളത്തിലേതടക്കം ,ഒട്ടുമിക്ക പ്രവാസി മലയാളികളും  ഇന്നൊക്കെ കഥകളി  ആസ്വദിക്കുവാൻ മിനക്കെടുന്നില്ല  ...!

കൈമുദ്രകൾ മനസ്സിലാക്കേണ്ടാത്ത  ; രാഗ നിശ്ചയം വേണ്ടാത്ത  ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേക രീതിയിലുള്ള ഹൃദയ സംസ്കാരമോ
ആവശ്യമില്ലാത്ത  അപ്പപ്പോൾ വിനോദം പ്രധാനം ചെയ്യുന്ന സോഷ്യൽ മീഡിയ
തട്ടകങ്ങളും , സിനിമാക്കാരും , കോമഡിക്കാരും ,സിനിമാപ്പാട്ടുകാരും  ,സമൂഹത്തിലെ
നിറം കെട്ട  മത /രാഷ്ട്രീയക്കാരുമൊക്കെയാണ് ഇന്നുള്ള ഭൂരിഭാഗം ആളുകളുടെയും ആരാധ്യർ ...



സിനിമാ താരങ്ങളെയും ,മറ്റു മത രാഷ്ട്രീയ മേലാളന്മാരെയുമൊക്കെ  തികഞ്ഞ
അനുഭാവ പക്ഷത്തോടെ കൊണ്ടുനടക്കുന്ന  മലയാളികൾ , കഥകളി പോലുള്ള സാംസ്കാരിക തനിമയുള്ള കലാരൂപങ്ങളെ കോട്ടം കൂടാതെ കൊണ്ട് നടക്കുന്ന കലാസ്നേഹികളെയും പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണിപ്പോൾ ... !

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി യു.കെയിൽ അങ്ങോളമിങ്ങോളം
കഥകളിയുടെ നാനാതരം രംഗാവതരണ പര്യടനങ്ങൾ , നാട്ടിൽ നിന്നുള്ള പ്രശസ്ത കഥകളി കലാകാരന്മാരെ കൊണ്ടുവന്ന് സംഘടിപ്പിക്കാറുള്ള  ചേതന കഥകളി കമ്പനി ഇക്കൊല്ലം 2017 -ൽ നടത്തുന്ന കഥകളി ടൂറിൽ അവതരിപ്പിക്കുന്നത്  ഇരയിമ്മൻ തമ്പി രചിച്ച  ' ദക്ഷയാഗം' ആട്ടക്കഥയാണ് ...


അന്നും  ഇന്നും പറയുന്ന ഒരു പഴമൊഴിയാണല്ലൊ
'കഥയറിയാതെ ആട്ടം കാണരുത് 'എന്നത് . ഇന്നും മലയാളത്തിന്റെ
സാംസ്കാരിക തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ  , രംഗമണ്ഡപങ്ങളിൽ
അവതരിപ്പിക്കപ്പെടുന്ന , ആഗോളതലത്തിലുള്ള ഏതൊരു ക്‌ളാസിക് കലകളേക്കാളും മികച്ചുനിൽക്കുന്ന നമ്മുടെ കഥകളി അരങ്ങുകളിൽ നിന്നും ഉടലെടുത്തതാണ് ഈ പഴഞ്ചൊല്ല്‌  ...!


യു. കെ - യിലുള്ള കലാചേതന അവരുടെ പര്യടനത്തിന്റെ
ഭാഗമായി  'ദക്ഷയാഗ'വുമായി  നവംബർ 11 നു നമ്മെ തേടി വരുന്നു. 
അതു പൂർണമായി ഉൾക്കൊള്ളാൻ നമുക്കു ശ്രമിച്ചു തുടങ്ങാം. കഥകളിയെ
അറിയാൻ ശ്രമിക്കാം.
അന്നേ ദിവസം ബാർക്കിങ്ങിലെ റിപ്പിൾ സെന്ററിലേക്ക് വരൂ  ...
നമ്മുക്ക് ഏവർക്കും കഥകളി കൺകുളിർക്കെ കണ്ട് ആസ്വദിക്കാം ...


ഇനി കഥയറിഞ്ഞ് ആട്ടം  കാണാം


പ്രിയൻ പ്രിയവ്രതൻ താഴെ എഴുതിയിട്ട ദക്ഷയാഗത്തിന്റെ
പൂർണ്ണ അവതരണ കഥ കൂടി വായിച്ചതിന് ശേഷം ,നമുക്കേവർക്കും
ഇത്തവണ  കഥയറിഞ്ഞ്  ആട്ടം കാണാം , കാണണം ...

 പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷെ അൽപ്പം മിനക്കേടുണ്ടെങ്കിലും,
ജീവിതത്തിൽ ഒരിക്കലെങ്കിലും അതു നേരിട്ടു അനുഭവിക്കുക. മരിക്കും മുൻപ്
ചെയ്തിരിക്കേണ്ട 50 കാര്യങ്ങളുടെ പട്ടികയിൽ ഏതെങ്കിലും വെള്ളക്കാരൻ കഥകളി ഉൾപ്പെടുത്തിയാൽ മാത്രമേ അതൊന്നു കാണുകയൊള്ളു എന്ന വാശി നമുക്കു കളയാം...
അഞ്ചു വേഷക്കാർ അരങ്ങിലും രണ്ടു പാട്ടുകാരും, ചെണ്ടയും മദ്ദളവും അടങ്ങുന്ന സമ്പൂർണ്ണമായ
ഒരു സംഘമാണ് ദക്ഷയാഗം അവതരിപ്പിക്കുന്നത്...
സാധാരണ ഒന്നോ രണ്ടോ പേർ രംഗത്തും പിറകിൽ 'സി.ഡി' യിൽ
പാട്ടുമായുള്ള 'എക്കണോമി' അവതരണമാണ് നമ്മളെപ്പോലുള്ള വിദേശികൾക്കു
ലഭിക്കുന്നത്. ചുട്ടി കുത്തുന്നതു നേരിട്ടു കാണാൻ അവസരമുണ്ട്. കഥയും കഥാ സന്ദർഭങ്ങളും കാഴ്ചക്കാരോട്‌ വിശദീകരിച്ച ശേഷമാണ് അവതരണം. ഈ അപൂർവ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക.

അവതരണത്തിന്റെ ഘട്ടങ്ങൾ 

കേളികൊട്ട് -
ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള മേളം.
ഇതു സന്ധ്യയോടെ നടത്തുന്നു. കഥകളി ഉണ്ടായിരിക്കും എന്നുള്ളതിനുള്ള അറിയിപ്പാണ് ഇത്.
ഇരുട്ടുമ്പോൾ വിളക്കു വയ്ക്കുന്നു.
അതിനുശേഷം മേളക്കൈ -
മദ്ദളവും, ഇലത്താളവും, ചേങ്ങലയും ഉപയോഗിച്ചുള്ള മേളം.
അതിനുശേഷം മദ്ദളത്തിനു മുൻപായി തിരശീല പിടിക്കുന്നു.
തോടയം -
പ്രായേണ തുടക്കാക്കാരായ കളിക്കാർ ഈശ്വര
പ്രാർഥനാ പരമായ ഗാനങ്ങൾക്ക് അനുസരിച്ചു അമർന്നാടുന്നു.
പാട്ടുകാർ വന്ദന ശ്ലോകം ചൊല്ലുന്നു.
പുറപ്പാട്-
പ്രധാനമായ കഥാപാത്രം മറ്റു ചില വേഷങ്ങളോടൊപ്പം
ശംഖധ്വനി, ആലവട്ടം, മേലാപ്പ് എന്നിവയോടുകൂടി രംഗ പ്രവേശം ചെയ്യുന്നു.
ഭാഗവതർ പുറപ്പാടു ശ്ലോകം ചൊല്ലുന്നു.
ചെണ്ട, മദ്ദളം, ചേങ്ങല, ഇലത്താളം ഇവ ചേർന്നുള്ള മേളം ആരംഭിക്കുന്നു.
മേളപ്പദം അഥവാ മഞ്ജുതര -
ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ " മഞ്ജുതര കുഞ്ജ തല..."
എന്നു തുടങ്ങുന്ന പദം ചൊല്ലുന്നു. അരങ്ങിൽ മേളക്കാർ മാത്രം. തിരശീല
ഉണ്ടായിരിക്കില്ല. മേളക്കാർ തങ്ങളുടെ സാമർഥ്യം പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഇനി കഥ ആരംഭിക്കുകയായി.

ദക്ഷയാഗം കഥ 

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം കഥ ഇപ്രകാരമാണ്...
ബ്രഹ്മപുത്രനായ ദക്ഷന് നദിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ കിട്ടുന്നു.
ആകുഞ്ഞിനെ സതി എന്നു പേരിട്ടു വളർത്തുന്നു. സതി ശിവനെ വരിക്കുന്നു.
വിവാഹ കർമ്മത്തിനു ശേഷം ഔപചാരികമായി യാത്ര പറയുക പോലും ചെയ്യാതെ
ശിവൻ പോകുന്നു. ഇത് ദക്ഷനിൽ നീരസത്തിനു കാരണമായി തീരുന്നു.

ശിവ സതിമാർ കൈലാസത്തിൽ പാർക്കുന്നു.
ദക്ഷൻ ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്താൻ തീരുമാനിക്കുന്നു.
ശിവന്റെ താല്പര്യത്തിനു വിരുദ്ധമായി സതി യാഗത്തിനു പോകുന്നു. യാഗശാലയിൽ
വച്ച് സതിയെ ദക്ഷൻ ആക്ഷേപിച്ചു മടക്കുന്നു.
മടങ്ങി ശിവ സന്നിധിയിൽ എത്തിയ സതി പരാതി പറയുന്നു.
പ്രതികാരം ചെയ്യാം എന്നു പറഞ്ഞു ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു.
സതി ഭദ്രകാളിയെ സൃഷ്ഠിക്കുന്നു.
ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനോട് ദക്ഷന്റെ യാഗം നശിപ്പിക്കാൻ ആവശ്യപ്പെടുന്നു. യാഗശാല ഭദ്രകാളിയും , വീരഭദ്രനും കൂടി നശിപ്പിക്കുന്നു. ദക്ഷന്റെ ശിരച്ഛേദം ചെയ്യുന്നു.
ഇതിൽ സതി ദുഃഖിതയാകുന്നു. കഴുത്തിന് മുകളിൽ
ആടിന്റെ ശിരസ്സ് വച്ചുകൊണ്ടു ശിവൻ ദക്ഷനെ പുനർ ജനിപ്പിക്കുന്നു.
അനന്തരം സതി അഗ്നിപ്രവേശം ചെയ്യുന്നു.
സതിയോടുള്ള അഗാധ പ്രണയം നിമിത്തം,
ശിവൻ സതിയ്ക്ക് പാർവ്വതിയായി പുനർജ്ജന്മം നൽകുന്നു.
പാർവതി ശിവന്റെ ഭാര്യ ആയിത്തീരുന്നു...

ഭാഗവതത്തിലും മഹാഭാരതത്തിലും പ്രദിപാതിച്ചിട്ടുള്ള ദക്ഷയാഗം
മൂല കഥിയിൽ തന്നെ അന്തരങ്ങൾ ഉണ്ട്. ഇരയിമ്മൻ തമ്പി തന്റെ
ദക്ഷയാഗം ആട്ടക്കഥയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് ഭാഗവതത്തിൽ ദക്ഷന് പ്രസൂതിയിൽ ജനിച്ച പതിനാറാമത്തെ
കുട്ടിയാണ് സതി. മഹാഭാരതത്തിൽ പാർവതി ശിവനോട് ചോദിക്കുന്നു "എന്താണ്
അങ്ങയെ ക്ഷണിക്കാതെ ദക്ഷൻ യാഗം നടത്തുന്നത്?" പാർവതിയുടെ വാക്കുകൾ കേട്ടു
ശിവൻ കോപാകുലനാകുകയും യാഗം അലങ്കോലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ അനേകം വ്യതിയാനങ്ങൾ കണ്ടെത്താവുന്നതാണ്. [ഭാഗവതവും ഭാരതവും വ്യാസ വിരചിതമായി  പരക്കെ അറിയപ്പെടുന്നു എന്നത് മറ്റൊരു തർക്ക വിഷയമാണ്]

സീനുകൾ

സീൻ : 1
കുളിക്കാനായി നദിയിൽ പോയപ്പോൾ ഒരു സുന്ദരിയായ പെൺ കുഞ്ഞിനെ കിട്ടിയതും, അവളെ സതി എന്നു പേരിട്ടു വളർത്തി വലുതാക്കിയതും സതിയുടെ വിവാഹത്തിനു തൊട്ടു മുൻപുള്ള വേളയിൽ രാജാവായ ദക്ഷനും , പത്നിയും ഓർക്കുന്നു.

സീൻ  : 2
ശിവ സതിമാരുടെ വിവാഹം. ശിവനും സതിയും ദക്ഷനോട് യാത്ര ചോദിക്കാതെ വേദിയിൽ നിന്നും പുറപ്പെടുന്നു. ദക്ഷൻ കോപിക്കുന്നു. ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്തി പ്രതികാരം വീട്ടാൻ ദക്ഷൻ തീരുമാനിക്കുന്നു.

സീൻ  : 3
ശിവൻ ദേവന്മാരുടെ ദേവനാണെന്നും സൂക്ഷിക്കണമെന്നും ഇന്ദ്രൻ ദക്ഷനു മുന്നറിയിപ്പു കൊടുക്കുന്നു. അതു പരിഗണിക്കാതെ ദക്ഷൻ യാഗത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നു.

സീൻ  : 4
പിതാവു നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സതി ശിവനോടു അനുമതി തേടുന്നു. ആക്ഷേപിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യുമെന്നു ശിവൻ സതിക്കു മുന്നറിയിപ്പു നൽകുന്നു. തന്റെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരമാണിത് എന്നും അതുകൊണ്ടു തനിക്കു പോകണം എന്നും സതി പറയുന്നു. അനന്തരം ശിവൻ അനുവദിക്കുന്നു. സതി യാഗത്തിനു പോകുന്നു.

സീൻ  : 5
സതി എത്തിച്ചേരുമ്പോൾ ദക്ഷൻ പൂജ ചെയ്യുകയാണ്. കോപിഷ്ടനായ ദക്ഷൻ സതിയെ ഭൽസിക്കുകയും താൻ അവളുടെ പിതാവല്ല എന്നും യാഗ വേദിയിൽ നിന്നും പുറത്തുപോകണമെന്നും ആവശ്യപ്പെടുന്നു.

സീൻ  : 6
തിരികെ എത്തിയ സതി തനിക്കുണ്ടായ അപമാനം ശിവനോട് വിവരിക്കുന്നു. ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു. പ്രതികാരം ചെയ്യുമെന്നു പറയുന്നു. സതി തന്റെ കോപത്തിൽ നിന്നും സൃഷ്ട്ടിച്ച ഭദ്രകാളിയോടൊപ്പം , ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനെ യാഗം തകർക്കുവാനും, ദക്ഷനെ കൊല്ലുവാനും ചുമതലപ്പെടുത്തി പറഞ്ഞയക്കുന്നു.

സീൻ  : 7
വീരഭദ്രനും , ഭദ്രകാളിയും പ്രവേശിക്കുമ്പോൾ ദക്ഷൻ യാഗം തുടരുന്നു. ശിവനോടുള്ള ആദരം കാട്ടാൻ അവർ ദക്ഷനോട് ആവശ്യപ്പെടുന്നു. നിരസിച്ച ദക്ഷന്റെ ശിരച്ഛേദം വീരഭദ്രൻ ചെയ്യുന്നു.

സീൻ  : 8
ദയ തോന്നിയ ശിവൻ ദക്ഷനു ജീവൻ തിരികെ നൽകാമെന്ന് സതിക്ക് ഉറപ്പുനൽകുന്നു. അനന്തരം ആടിന്റെ ശിരസ്സ് വച്ചു ദക്ഷനെ പുനർജനിപ്പിക്കുന്നു. ദക്ഷൻ ശിവനോടു മാപ്പപേക്ഷിക്കുന്നു. പുഷ്പങ്ങൾ അർപ്പിക്കുന്നു. ശിവൻ ദക്ഷനെ അനുഗ്രഹിക്കുന്നു.

കഥകളി വേഷങ്ങൾ

പച്ച :

മുഖത്ത് പച്ച നിറം മുന്നിട്ടു നിൽക്കുന്നു. സാത്വിക കഥാപാത്രങ്ങളെയും സാത്വിക-രാജസ മിശ്രിത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഉദാഹരണം: കൃഷ്ണൻ, രാജാക്കന്മാർ.

കത്തി :

മുഖത്ത് അടിസ്ഥാന നിറം പച്ചയാണെങ്കിലും മുകളിലേക്ക് പിരിച്ചു വച്ച മീശ പോലെ ചുവന്ന നിറത്തിലുള്ള അടയാളം ഉണ്ടായിരിക്കും. മൂക്കിന്റെ തുമ്പിലും, നെറ്റിയുടെ മധ്യത്തിലും വെളുത്ത ഗോളങ്ങൾ  ഉണ്ടായിരിക്കും. ശൗര്യമുള്ള ദുഷ്ട കഥാപാത്രങ്ങളെ അവതരിക്കിപ്പൻ ഉപയോഗിക്കുന്നു. ഉദാഹരണം: രാവണൻ.

താടി :

മുഖത്ത് താടി ഉണ്ടായിരിക്കും. ചുവന്ന താടി, വെള്ളത്താടി, കറുത്ത താടി എന്നീ വകഭേദങ്ങൾ. ചുവന്ന നിറം താഴെയും, കറുപ്പ് നിറം മേൽ ഭാഗത്തുമായി മുഖം അലങ്കരിക്കുന്നത് ചുവന്ന താടി. ഉദാഹരണം: ബാലി. വെള്ളത്താടി കുറച്ചുകൂടി സാത്വിക കഥാപാത്രമായിരിക്കും.
ഉദാഹരണം: ഹനുമാൻ.
കറുത്ത താടി : വേട്ടക്കാർ, വനവാസികൾ തുടങ്ങിയവർക്കായി ഉപയോഗിക്കുന്നു.

കരി :
മുഖത്ത് അടിസ്ഥാന നിറം കറുപ്പ്. വെള്ളയും ചുവപ്പും നിറത്തിൽ അടയാളങ്ങൾ ഉണ്ടായിരിക്കും. നീച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു. ആൺകരിയും  പെൺകരിയും ഉണ്ട്. ഉദാഹരണം: ശൂർപ്പണഖ.

മിനുക്ക്‌ :

മുഖത്ത് മഞ്ഞ നിറം. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും ഉപയോഗിക്കുന്നു.
ഉദാഹരണം: ദമയന്തി, നാരദൻ.
ഇവയിൽ ഉൾപ്പെടാത്ത പതിനെട്ടോളം പ്രത്യേക വേഷങ്ങളും ഉണ്ട്.
ഉദാഹരണം: ഹംസം, ജടായു , മുതലായവ

അരങ്ങിലും അണിയറയിലും 

ദക്ഷൻ            :  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
സതി               :  കലാമണ്ഡലം വിജയകുമാർ
ശിവൻ            :  കലാമണ്ഡലം കുട്ടികൃഷ്ണൻ
വീരഭന്ദ്രൻ       :  കലാമണ്ഡലം സോമൻ
ഭദ്രകാളി          :  കോട്ടയ്ക്കൽ ദേവദാസൻ
പാട്ടുകാർ         :  കലാമണ്ഡലം മോഹനകൃഷ്ണൻ
പാട്ടുകാർ         :  കലാമണ്ഡലം രാജേന്ദ്രൻ
ചെണ്ട             :  സദനം രാമകൃഷ്ണൻ
മദ്ദളം               :  കലാമണ്ഡലം രാജനാരായണൻ
ചുട്ടി                  :  കലാമണ്ഡലം ബാർബറ വിജയകുമാർ
വസ്ത്രം               :  കലാചേതന
സാങ്കേതികം   :  ടോം ബ്ലാക്മോർ



Tuesday 3 October 2017

ആംഗ്ലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിതാ രത്നങ്ങൾ ..! / AngleyaNaattilNinnum MalayalamPettittaVanitha Rathnangal ..!


'അവിയൽ 'എന്നത് വിവിധതരം
പച്ചക്കറികൾ ഇട്ടുവെക്കുന്ന സ്വാദിഷ്ടമായ
ഒരു കറി  മാത്രമല്ല , വിവിധ ശൈലികളും , പലതരം
അഭിരുചികളും , വേറിട്ട മനോധർമ്മങ്ങളും കൂട്ടി ചേർത്തെഴുതിയ കഥയും , കവിതയും , യാത്രാവിവരണവും , ചരിത്രവും , പുരാണവും , അനുഭവങ്ങളും , പുളുവുമൊക്കെ കൂടി  , ഒമ്പതെഴുത്തുകാരുടെ രചനകൾ കൂട്ടിക്കലർത്തി , ഒരുമിച്ച് പ്രസിദ്ധീകരിച്ച ഒരു കിണ്ണങ്കാച്ചി പുസ്തകം കൂടിയാണ്...!

ലോകത്തിന്റെ നാന ഭാഗങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥ ജോലികൾ ചെയ്യുന്ന ഒരു 'മുഖ പുസ്തക ' കൂട്ടായ്മയിലെ ഒമ്പതു പേർ ചേർന്നെഴുതി , സാക്ഷാൽ 'സുക്കറണ്ണന് ' സമർപ്പിച്ച , 215  പേജുള്ള ലോഗോസ് ബുക്ക് ഇറക്കിയ, അതിരുകളില്ലാത്ത സൗഹൃദത്തിൽ ചങ്ങാത്തം അടയാളപ്പെടുത്തുന്ന ഒരു പുതു പുത്തൻ മലയാളം പുസ്തകമാണ്  'അവിയൽ ..!

ഈ പുസ്തകത്തിന്റെ ഒമ്പത് രചയിതാക്കളിൽ , നാല് എഴുത്തുകാരികളും ബ്രിട്ടീഷ് മലയാളികളാണെന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട് ...

ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം ചെറുതും വലുതുമായ
പ്രശസ്തരും , അല്ലാത്തവരുമായ ഓൺ-ലൈനായും ,  ഓഫ്-ലൈനായും മലയാളത്തിൽ എഴുതുന്ന വളരെ നല്ല എഴുത്തുകാരികൾ ഉണ്ട് ...

ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ 'യു.കെ മലയാളി'കളുടെ എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . യു.കെ - യിലിപ്പോൾ മലയാളം എഴുത്തുകാരോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കുന്ന അനേകം എഴുത്തുകാരികൾ   ഉണ്ടെന്നതാണ് വാസ്തവം ...!

'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു'കൾ പിടിച്ചടക്കിയ
അതിരുകൾക്കപ്പുറത്തുള്ള   ഈ ആംഗ്ലേയ നാട്ടിലെ , വിവിധ ദേശങ്ങളിൽ
വസിക്കുന്ന കുറച്ചു വനിതാരത്നങ്ങളായ എഴുത്തുകാരികളെ ചെറിയ രീതിയിൽ ഇതോടൊപ്പം പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...

ലണ്ടനിലുള്ള  കട്ടൻ കാപ്പിയും കവിതയുമെന്ന കലാസാഹിത്യ കൂട്ടായ്മയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് , യു.കെ - മലയാളികളുടെ ഇടയിൽ നിന്നും പ്രഥമമായി  ഒരു വനിത  എഴുതിയ  മലയാളം പുസ്തകമായ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' മുതൽ ഈയിടെ പുറത്ത് വന്ന 'അവിയൽ' വരെയുള്ള രചയിതാക്കളായ സ്‌ത്രീ രത്നങ്ങളെയെല്ലാം ജസ്ററ് ഒന്ന് പരിചയപ്പെടുത്തുന്നത് ...


അന്നാമ്മ വർക്കി 

ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ 'ബെർക്ക്ഷെയറിൽ' വന്നുപെട്ട 'അന്നാമ്മ വർക്കി' എന്ന ഒരു 'ആയ' -  തന്റെ വിരഹ വേളകളിൽ
 ഒരു നോട്ടുബുക്കിലെഴുതി , കുറിച്ചുവച്ചിരുന്ന എഴുത്തുകൾ  എല്ലാം കൂടി എഡിറ്റ് ചെയ്ത് , അന്ന് കാലത്ത് , ഏതാണ്ട് അര  നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി  എഴുത്തുകാരിയായ  , അന്നാമ്മ വർക്കിയുടെ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' ...!

1958 - 68  കാലങ്ങളിൽ ബ്രിട്ടണിൽ  ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനും , എസ് . മാരാത്ത് മേനോനും കൂടിയാണ് ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന 'കേരള  സമാജ'ത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു...


മാലതി മേനോൻ

ഒപ്പം  തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഈ ഡോക്റ്ററുടെ ഭാര്യയായ മാലതി മേനോൻ എഴുതിയ 'ബ്രിട്ടൻ  അനുഭവ കഥകൾ ' , 'ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും' എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്‌മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു ...

അന്ന് ലണ്ടനിലുണ്ടായിരുന്ന 'ബിലാത്തി വിശേഷം  ' എഴുതിയ കെ.പി.കേശവമേനോനും ,
ഓർബി മേനോനും , എം.എ . ഷുക്കൂർ സായ്‌വും , എസ് . മാരാത്ത് മേനോനുമൊക്കെ കൂടി , അതി പ്രഗത്ഭനായിരുന്ന വി.കെ.കൃഷ്ണമേനോൻറെ നേതൃത്വത്തിൽ   ആ കാലഘട്ടങ്ങൾക്ക്‌ മുന്നേ തുടങ്ങി വെച്ച കേരള(മലയാള )സമാജമാണ് - പിന്നീട്  പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ 'മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ'  ( MAUK  )  യായി രൂപം കൊണ്ടത് ...!


അച്ചാമ്മ വർഗ്ഗീസ്

അതോടൊപ്പം തന്നെ രണ്ടാം  ലോക മഹായുദ്ധത്തിന് ശേഷം
ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന
കുറെ ഭാരതീയ നേഴ്സുമാരിൽ മൂന്ന് മലയാളികളടക്കം ,  പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി . മലയാളികളായ സുന്ദരവല്ലി , റേച്ചൽ ജോൺ (അമ്മിണി) , അച്ചാമ്മ വർഗ്ഗീസ് എന്നിവരായിരുന്നു അവർ .  അതിലുണ്ടായിരുന്ന നേഴ്‌സുമാരിൽ ഒരാളായ  'അച്ചാമ്മ വർഗ്ഗീസ്' എഴുതിയ 'ഇന്ഗ്ലണ്ട് വിശേഷങ്ങൾ ' എന്ന , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും  പറയുന്നു ...




ഡോ :ഓമന ഗംഗാധരൻ


പിന്നീട് ഒരു  പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള  വേറൊരു  എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . നോവലിസ്റ്റ്,  കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ ,  പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ  .

ഓമനേച്ചി  , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി ...
ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
ഡോ : ഓമന ഗംഗാധരന്റെ  “ആയിരം ശിവരാത്രികള്‍”
എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്‍റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്‍റെ പ്രമേയം. പിന്നീട്  ഇറങ്ങിയ 'ഇലപൊഴിയും കാലവും' 'തുലാവർഷവും ' 'അരയാലിന്റെ ഇലകളും ' മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ് .സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ  നമ്മെ ബോധ്യപ്പെടുത്തുന്നു...


സിസിലി ജോർജ്ജ്

മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകല കലാ വല്ലഭയായ , പണ്ടേ മുതൽ കോളേജ് മാഗസിനുകളിൽ നിന്നും തുടങ്ങി വെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെ- യിലെ  പല മലയാള മാദ്ധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും , മറ്റും  ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .
ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ   അക്ഷരങ്ങളാൽ  തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ് ‘പക്ഷിപാതാളം'  ...
അതിന് ശേഷം സിസിലിയാന്റി  ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് 'വേനൽ മഴ '... ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് , തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം ...


 ജിഷ്‌മ ഷിജു 


നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്‌മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത്  ഉദിച്ചുയർന്നു  വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . 'ഒറ്റത്തുരുത്തിലെ നിർവൃതികൾ' എന്ന  ജിഷ്‌മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ് നതുരുത്തുകളുണ്ട്...
നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ....

ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്.
വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന , വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്.
ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' - എന്റെ സങ്കല്പം , കാഴ്ച്ചപ്പാട് എന്ന പുതു പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ് ജിഷ്‌മ ...


പ്രിയ കിരൺ


ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ  മിൽട്ടൺകീൻയ്സിലും ലണ്ടനിലുമായി താമസിസിക്കുന്ന ഒരു 'നെറ്റ്‌ വർക്ക് റെയിൽ' ഉദ്യോഗസ്ഥയാണ്.
ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു . പ്രിയയുടെ 'ഒരു കുഞ്ഞു പൂവിനെ ' എന്നുള്ള കഥ - ബിനോയ് അഗസ്റ്റിൻ  ഒരു ഷോർട്ട് ഫിലിമായി ചെയ്‍തത്  വളരെ ഹിറ്റായ തീർന്ന ഒരു ഷോർട് ഫിലീം ആയിരുന്നു .
മാതൃഭൂമി  ഓൺ-ലൈനിൽ പ്രിയയുടെ ചില ആർട്ടിക്കിളുകൾ  ലക്ഷകണക്കിന്  ആളുകൾ വായിച്ച വളരെ നല്ല അഭിപ്രായ രേഖപ്പെടുത്തിയിട്ടുള്ളതാണ് ..
'അവിയൽ'  പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ്  പ്രിയ കിരൺ . പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം  വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു  എഴുത്തുകാരി കൂടിയാണ്  ഈ വനിതാരത്നം   ...


മേരി കുട്ടി 

മധ്യ തിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്‌സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ  , 2010 -ൽ പ്രസിദ്ധീകരിച്ച  പുസ്‌തമാണ് 'കല്യാണപ്പെണ്ണ് ' എന്ന അനുഭവകഥ പോലുള്ള നോവൽ .
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!)  
എന്തൊ പിന്നാമ്പുറ  ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല ...! ?
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് ...


ഡോ : നസീന  മേത്തൽ

കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന 
ഡോ :നസീന മേത്തൽ   , തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് . ആകാശത്തിന് കീഴെയുള്ള സകലമാനകാര്യങ്ങളെ കുറിച്ച് മാത്രമല്ല ,പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുതിയിടുന്ന ഡോ : നസീനയുടെ കൊച്ച് കൊച്ചു കുറിപ്പുകൾ ഇന്ന് ധാരാളം പേർ വായിച്ച് പോകുന്നുണ്ട് . ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും കൂടിയാണ്  മൊഞ്ചത്തിയായ ഈ വനിതാരത്നം ... !
'അവിയൽ' പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ ...


കൊച്ചു ത്രേസ്യ 

ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി 'വീണ്ടും ബിലാത്തി വിശേഷങ്ങൾ ' എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ   ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .
നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും , ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ  ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി  പുറത്തിറക്കിയ 'കൊച്ചു ത്രേസ്യയുടെ ലോകം ' . പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല  എന്നതാണിതിന്റെ പ്രത്യേകത .
അന്നും , ഇന്നും ഈ കൊച്ച് - ഫേസ്‌ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം  തന്നെയാണ് ....!


സിയാ ഷമീൻ 

യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ  എന്ന 
യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളെയും , അവിടത്തെ ജീവിത സമസ്യകളേയും  അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .
'ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ' ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് ...


സീമ മേനോൻ 

ഇവിടെ യു.കെ - യിലെ ഗേറ്റ്സ്‌ഷെഡിൽ താമസിക്കുന്ന കൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട  സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരു തമ്പുരാട്ടി തന്നെയാണ് ...

മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും  കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും ,ലേഖനങ്ങളുമൊക്കെ 'വനിത'യടക്കം പല പ്രിന്റ്  മീഡിയകളിലും പ്രസിദ്ധീകരിച്ചു  വരാറുണ്ട് .
സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് 
ഒരു  കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ  ...

മീര കമല


ആലപ്പുഴക്കാരിയായ മീര കമല പഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര 'പാർവ്വതീപുരം മീര ' എന്ന പേരിലാണ് എഴുതുന്നത് ...
തബലിസ്റ്റും , നാടകനടനും , കഥാകൃത്തുമായ മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് - മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു . മലയാളത്തിൽ നിന്നും 'ജ്ഞാനപ്പാന' തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ 'ഇന്നൊരു മനിതർക്ക് 'എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് . ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്‌ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
'സ്നേഹപൂർവ്വം  കടൽ ' എന്ന ഒരു കവിത സമാഹാരമാന് മീരയുടെ ആദ്യ പുസ്തകം .
അതിന് ശേഷം മൂന്നാല് പുസ്തകങ്ങൾ എഴുതിയിട്ടുള്ള വനിതാരത്നം ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നൂ ...


വിജയലക്ഷ്‌മി 

യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്‌മി  കവിതകളും , കഥകളും , മലബാറിന്റേതായ  സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് .
ധാരാളം പാചക വിഭങ്ങൾ  തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി  .
 'കഥാ മിനാരങ്ങൾ' എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു ...

ഗീത രാജീവ്

തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന 'ഗുരു നിത്യചൈതന്യ'യുടെ ശിക്ഷ്യയായ ഗീത രാജീവ്  , ഇത്തിരി
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് .
നല്ല  ആഴത്തിൽ വായനയുള്ള ഗീത  രാജീവിന്റെ പല എഴുത്തുകളിലും ആയതിന്റെയൊക്കെ പ്രതിഫലനങ്ങൾ ദർശ്ശിക്കുവാൻ സാധിക്കും .
ആഗോള തലത്തിലുള്ള പല ക്ലാസ്സിക് ഗ്രൻഥങ്ങളിലേയും പല ചിന്തനനീയമായ സംഗതികളും ചൂണ്ടിക്കാണിച്ച് , മിക്ക  സോഷ്യൽ മീഡിയ സൈറ്റുകളിലും , മറ്റു  സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ  പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്‌ത്രീ രത്നമാണ് ഗീത രാജീവ്  ...


സിമ്മി കുറ്റിക്കാട്ട്


തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന്  ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ  സിമ്മി കുറ്റിക്കാട്ടി  ന്റെ പ്രഥമ പുസ്തകം 'മത്തിച്ചൂര് ' അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്   .
ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.  
സിമ്മിയെ പറ്റി 'വി. പ്രദീപ് കുമാർ' പറയുന്നത് നോക്കൂ -
' മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും...
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത്  . 
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം  സൈറ്റ്‌ സന്ദർശിക്കാം ...
ഇപ്പോൾ അടുത്ത് പുറത്തിറങ്ങിയ 'ഒറ്റ മേഘപ്പെയ്ത്ത് ' എന്ന ഹൈക്കു കവിത സമാഹാരത്തിലെ ഒരു എഴുത്തുകാരികൂടിയാണ് സിമ്മി കുറ്റിക്കാട്ട് എന്ന സ്ത്രീ രത്‌നം ...


നിഷ സുനിൽ 

യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്‌ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് . 
നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു . പലപ്പോഴായി നാട്ടിലേയും , യു.കെ - യിലേയും പല മാദ്ധ്യമങ്ങളിലും നിഷയുടെ സൃഷ്ട്ടികൾ ഇടക്ക് പ്രസിദ്ധീകരിച്ചു വരാറുണ്ട് .
'ഓൺ-ലൈൻ സൈറ്റി'നെക്കാളുമുപരി 'ഓഫ്-ലൈനാ'യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് ...




ദീപ സന്തോഷ്

തൃശൂരിലെ താലോർ സ്വദേശിനിയായ , യു.കെ - യിലെ ഗാന കോകിലമായ , പാട്ടുകാരിയും , എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ്  എഴുതാറുള്ളത് . പല പാട്ടുകാരെയും ,
സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്  . ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും , എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ) വാമഭാഗമാണ് ദീപ. സംഗീതത്തിലും , എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും , പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകൾ എഴുതി , ആയവ നല്ല സംഗീത ആൽബങ്ങളുമായി  ഇവർ ഇറക്കിയിട്ടുണ്ട്...


ബീന റോയ്

യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മലയാളി മാദ്ധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ  അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  'പെയ്ത് തോരാതെ  '.

ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . 
ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...
ബീനാ റോയിയുടെ ഏറ്റവും  അടുത്തിറങ്ങിയ പുസ്തകമാണ് 'ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരം .

ദീപ പ്രവീൺ

നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെ - യിലെ വെയിൽസിൽ താമസിക്കുന്ന,  കോട്ടയത്തിന്റെ പുത്രി  ദീപ മധു  എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ  തന്നെയാണ് .
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും . 
ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഒപ്പം സോഷ്യൽ മീഡിയയിൽ കൂടി പലതിനെ കുറിച്ചും  എന്നുമെന്നോണം പ്രതികരിച്ചുകൊണ്ടിരിക്കുന്ന ദീപ മുഖപുസ്തകത്തിലും , അതിലെ പല കൂട്ടായ്മകളിലും അറിയപ്പെടുന്ന ഒരു വ്യക്തി പ്രഭ തന്നെയാണ് ...

ഗാർഹിക പീഡന ഇരകൾക്കും , സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W . Aid ട്രസ്റ്റി , ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നീ  നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് ...

അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്റെ സങ്കല്പം, കാഴ്ച്ചപ്പാട് എന്ന പുസ്തകത്തിലേയും , ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ  'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലേയും  ഒരു രചയിതാവ് കൂടിയാണ് ദീപ പ്രവീൺ  എന്ന ഈ എഴുത്തുകളുടെ തോഴിയായ വനിതാരത്നം ...


രശ്‌മി പ്രകാശ്

കോട്ടയം ജില്ലയില്‍ കുമരകത്ത് ജനിച്ച് 10 വയസ്സു മുതല്‍ സ്കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതി തുടങ്ങിയ രശ്മി , സ്കൂള്‍ പഠന കാലത്ത് കലാമണ്ഡലം ദേവകി അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത  മണി അയ്യരുടെ കീഴിലും നൃത്തം  അഭ്യസിച്ചു. 
സ്കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി കലാതിലകമായ  ഇന്ന് യു.കെയിലെ ചെമ്സ്ഫീൽഡിലുള്ള , ഇവിടത്തെ  ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശ്  യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും , നല്ലൊരു അവതാരകയും , റേഡിയൊ ജോക്കിയും  കൂടിയാണ് .
ഒപ്പം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും , ലേഖനങ്ങളുമൊക്കെ ഇപ്പോൾ ...
ബ്രിട്ടീഷ്‌ മലയാളിയിലും ഫേസ്ബുക്ക്‌ കൂട്ടായ്മയിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കവിതയും മറ്റു ലേഖനങ്ങളും എഴുതാറുണ്ട്.2014 ല്‍ FOBMA യുടെ കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
ബ്രിട്ടീഷ്‌ മലയാളി അവാർഡ്‌ നൈറ്റിൽ തുടര്‍ച്ചയായി  മലയാളി  മങ്ക , മിസ്സ്‌ കേരള കോഓർഡിനേറ്റ്ർ ആയിരുന്നു .
രശ്മിയുടെ ആദ്യ മലയാള ആൽബം 'ഏകം '2014 - ൽ  പുറത്തിറങ്ങി. മലയാളി fm  എന്ന അമേരിക്കൻ റേഡിയോയിലും , ലണ്ടൻ മലയാളം റേഡിയോയിലും റേഡിയോ അവതാരകയായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന രശ്മി , യു.കെ - യിൽ ഉടനീളം സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയായി പ്രവർത്തിക്കുന്നു.
യു.കെ‌ - യിലുള്ള മദേഴ്‌സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്. 
ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി , 'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ് സകലകാല വല്ലഭയായ ഈ വനിതാരത്നം ...
രശ്മി പ്രകാശിന്റെ ഇതുവരെ  പുറത്തിറങ്ങിയ പുസ്തകങ്ങൾ 'ഏകം 'എന്ന കവിതാസമാഹാരവും ,'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ 'എന്ന നോവലെറ്റുമാണ് .

സന്ധ്യ.എൽ .ശശിധരൻ

കൊല്ലം കാരിയായ , ഇപ്പോൾ ലണ്ടനിൽ 'ബി.ബി.സി' യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ  ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാദ്ധ്യമ പ്രവർത്തകയും കൂടിയാണ് . 
തികച്ചും  വേറിട്ട കാഴ്ച്ചപ്പാടുകളോടയുള്ള സന്ധ്യയുടെ എഴുത്തുകളെല്ല്ലാം വായനക്കാർക്ക് ഏറെ ഇഷ്ടമുള്ളതാണ് . സന്ധ്യയുടെ മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ എന്നുമെന്നോണം നാട്ടിലേയും യു.കെ - യിലേയും പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് . ഒപ്പം വളരെയധികം സാഹിത്യ കുതുകിയായ ഈ എഴുത്തുകാരി ഇവിടെയുള്ള പല സാഹിത്യ കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു വരുന്ന ഒരു വനിതാരത്നം കൂടിയാണ് ...


ശ്രീകല നായർ

പത്തനംതിട്ടയിൽ ജനിച്ചുവളർന്ന്   , ഇന്ന് ലണ്ടനിൽ താമസിക്കുന്ന  
ശ്രീകല നായർ ഇവിടെയുള്ള പല മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് .
അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദകയാണ് താനെന്ന്   ശ്രീകലാ  നായർ സ്വയം പറയുന്നത് . 
ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ  രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ ആണെന്നും കലാ നായർ പറയുന്നു .
കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ  ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ്  കുത്തിക്കുറിച്ചു. യു .കെ - യിലെ കേരളലിങ്ക്, യു. എസ്സിലെ ആഴ്ചവട്ടം , എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു.  യു .കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി , ക്നാനായ  ക്രോണിക്കിൾ , പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്.  . ഒപ്പം അമേരിക്കയിൽ നിന്നും  ഇറങ്ങുന്ന 'ആഴ്ച്ചവട്ടം'  വാരികയിൽ 'മയിൽപ്പീലിയും വളപ്പൊട്ടും' എന്ന കോളവും എഴുതിയിരുന്നത്  ഈ എഴുത്തുകാരി തന്നെയാണ് . 
കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .
ആയതൊക്കെ  ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ  എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ  സ്‌ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി  ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി ... 


ആനി ഇസിദോർ പാലിയത്ത്  

 
ഇന്ത്യൻ  ആർമിയിൽ സേവനമനുഷ്ഠിച്ച് , പിന്നീട് യു.കെ - യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത്  മലയാളത്തിലും , ഹിന്ദിയിലും , ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ  വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!  
ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ  'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലെ ഒരു എഴുത്തുകാരികൂടിയാണ്  ആനി .
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും , സാമൂഹ്യ  പ്രവർത്തകയായും  , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് അഥെനീയം  അക്ഷര ഗ്രന്ഥാലയത്തിന്റെ അക്ഷര  അധിപർ കൂടിയായ ഈ ദമ്പതികൾ...


സ്മിതാ വി ശ്രീജിത്ത്  
 
പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ  ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ആയി ജോലി  ചെയ്യുകയാണ് സ്മിത . സോഷ്യൽ മീഡിയയിലും , സാമൂഹ്യ രംഗത്തും താരമായ സ്മിതയും , ഭർത്താവ് ശ്രീജിത്തും യുകെയിലെ എഴുത്തിന്റെ ലോകത്തും വളരെയധികം പേരെടുത്തവരാണ് ..

'അവയിൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി ധാരാളം കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്‍ച്ചവെക്കുന്നു . 
സ്മിതാ വി ശ്രീജിത്ത്‌ ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും ഈ വനിതാരത്നത്തിന്റെ    വരികളിൽ കൂടി നമുക്ക് തൊട്ടറിയാം ...


സിന്ധു എൽദൊ

ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്‌മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ്‌ ബുക്ക് താരങ്ങളിൽ  ഒരുവളായ  സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് ...
തൊട്ടതെല്ലാം പൊന്നാക്കുവാൻ കഴിവുള്ള സിന്ധു നല്ല നേതൃത്വപാടവമുള്ള ഒരു സംഘാടക കൂടിയാണ് ...
യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിന്ധു പോകുന്ന സ്ഥലങ്ങളിലെ സഞ്ചാര വിവരണങ്ങൾ അപ്പപ്പോൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നതിൽ ബഹുമിടുക്കിയാണ് ..
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി  ആംഗ്ലേയ നാട്ടിൽ  ഇല്ലെന്ന് തന്നെ പറയാം ...



ദിവ്യ ജോസ്

അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   ഇപ്പോൾ അയർലന്റിലെ   ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് . 

ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!
മലയാള സാഹിത്യത്തിലേയും,  ലോക സാഹിത്യത്തിലേയും നല്ല പുസ്തങ്ങൾ തെരെഞ്ഞു പിടിച്ച് വായിച്ച് അവയുടെ നിരൂപണമടക്കം നല്ല വിശകലനങ്ങൾ നടത്തുവാനുള്ള ദിവ്യ അതീവ  പ്രാവീണ്യവതിയായ ഒരു വനിതാരത്നം തന്നെയാണ് ... 



സ്വാതി ശശിധരൻ 


അതുപോലെ അയർലണ്ടിൽ തന്നെയുള്ള കമ്പ്യൂട്ടർ എൻജിനീയറായ   സ്വാതി ശശിധരൻ തിരുവനന്തപുരം സ്വദേശിനിയാണ് . 
നല്ലൊരു വായനക്കാരി കൂടിയായ സ്വാതി ഒട്ടുമിക്ക കൊച്ചു  വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ ഇപ്പോൾ എന്നും വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
ജീവിതത്തിൽ , കുടുംബത്തിൽ ,സമൂഹത്തിൽ അങ്ങിനെ തന്റെ ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധികളും , ഭീതികളുമൊക്കെ സരസമായി എഴുത്തിലൂടെ വരച്ചു കാണിച്ചുള്ള സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . നല്ലൊരു വായനക്കാരി കൂടിയായ സ്വാതി നല്ല രീതിയിൽ പുസ്തകാവലോകങ്ങളും നടത്തുന്ന സ്ത്രീ രത്നമാണ് ...
മുകളിൽ കൊടുത്തിരിക്കുന്ന 'അവിയൽ ' എന്ന പുസ്‌തകം  കാണാപാഠം പഠിച്ച് സ്വാതി , ഇതിൽ പരിചയ പെടുത്തിയ നാല് കൂട്ടുകാരികളെയടക്കം , അതിലെഴുതിയ എല്ലാ എഴുത്തുകാരെയും പ്രൊമോട്ട് ചെയ്തിരിക്കുന്ന ഒരു കിണ്ണങ്കാച്ചി കാഴ്ച്ച ഇവിടെ കാണാം ...
'റെയിൻ ഡ്രോപ്പ് ഓൺ മൈ മെമ്മറി യാച്റ്റ് ' എന്നൊരു ആംഗലേയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സ്വാതി ശശിധരൻ .
ഒരു പക്ഷെ അയർലണ്ടുകാരികളായ  ഈ മലയാളി ചുള്ളത്തികളുടെ പുസ്തകങ്ങൾ വീണ്ടും അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു .



ബീന പുഷ്കാസ് 


തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ  ബീന പുഷ്‌കാസ്  തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാദ്ധ്യമങ്ങളിൽ കവിതകൾ എഴുതിവരുന്നു . 
ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ്  ബീന . ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് ... 


മഞ്ജു വർഗീസ് 

എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു വർഗ്ഗീസ് എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയായ സ്ത്രീരത്നമാണ് .
'ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറയുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം, മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം 'എന്നീകവിതകളും ,ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .
ഒപ്പം അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്; സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര, ഏപ്രിൽ ഫൂൾ  'എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് . ഇപ്പോൾ 'ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ' എന്ന നോവലും മഞ്ജു വർഗീസ് എഴുതിക്കൊണ്ടിരിക്കുന്നു ...
 

 സിന്ധു സതീഷ്‌കുമാർ

കാഞ്ഞങ്ങാട്ടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്‌കുമാർ  കവിതകളും , ആർട്ടിക്കിളുകളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ് .  വാർത്താവതാരക  , പാട്ടുകാരി എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു 'കട്ടൻ കാപ്പി കൂട്ടായ്'മയിലും , ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നം കൂടിയാണ് .
സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ്  പലർക്കും സമാനാമായ പല സംഗതികളും, അവർക്കൊക്കെ  ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന്  സ്വയം അറിയുക ...!
നല്ലൊരു പാട്ടുകാരിയും , അവതാരകയുമായ സിന്ധു അതിമനോഹരമായി  അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് ...



നിമിഷ ബാസിൽ

കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലം ഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ് . ധാരാളം കവിതകളടക്കം , പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ ...


ലിജി സെബി

എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ് . നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ്   അടക്കം പല ദൃശ്യമാദ്ധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ കഥാകവിത മത്സരത്തിൽ വിജയി കൂടിയാണ് ഈ യുവ എഴുത്തുകാരിയായ ചുള്ളത്തി ...


അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും  ജനിച്ച്
വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ് അവരവരുടെ മാതൃഭാഷ...
ഇതിൽ പല അമ്മമാരിൽ കൂടിയും  ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത് - അവരൊക്കെ എഴുത്തിൽ കൂടി പല പല  സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്..
ആംഗ്ലേയ നാട്ടിലുള്ള അത്തരം മണിമുത്തുകളും , വനിതാരത്നങ്ങളുമായ അമ്മക്കിളികളെ വായനക്കാർക്ക് മുമ്പിൽ , ചെറിയ രീതിയിലൂടെയുള്ള ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകളാണിത്.. 
പ്രശസ്ത പോപ് ഗായികയും എഴുത്തുകാരിയുമായ ഷീല ചന്ദ്ര , തൊണ്ണൂറുകൾ  മുതൽ ലണ്ടനിൽ സാഹിത്യ രംഗങ്ങളിൽ പ്രശോഭിച്ചിരുന്ന , ഇപ്പോൾ  ഹെയ്‌സിലുള്ള മിനി രാഘവൻ , പിന്നെ ജീന , പാലാക്കാട്ടുകാരിയായ ഇപ്പോൾ കോവൻട്രിയിലുള്ള ചെറുകഥകാരി ജയശ്രീ സത്യൻ , നോവലിസ്റ്റായ കൊല്ലത്തുനിന്നും വന്ന് സൗത്താലിലുള്ള ജയശ്രീ ശ്യാംലാൽ , ത്യശൂരിൽ നിന്നും വന്ന്  മാഞ്ചസ്റ്ററിൽ താമസിക്കുന്ന 'ഷീബ ഷിബിൻ' , മലപ്പുറംകാരി യോർക്ക്ഷെയറിലുള്ള 'ഷംന ഫാസിൽ', പത്തനംതിട്ട നിന്നും ഇവിടെ എത്തിയ ഗീത , ത്യശൂർക്കാരിയായ 'ജൂലി ഡെൻസിൻ' എന്നിങ്ങനെ എഴുത്തു ലോകത്ത് ആംഗ്ലേയ നാട്ടിൽ തിളങ്ങി നിൽക്കുന്ന ഇമ്മിണിയിമ്മിണി വനിതാരത്നങ്ങൾ ധാരാളം പേർ ഇനിയും ഈ പടിഞ്ഞാറൻ നാട്ടിൽ ഉണ്ട്...  

ഇവരെയെല്ലാം പിന്നീടൊരിക്കൽ 
ഞാൻ ഇതുപോലെ പരിചയപ്പെടുത്തുന്നതായിരിക്കും....

ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ്‌  ഈയിടെ പുറത്തിറങ്ങിയ   
 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'  , 'ഒറ്റമേഘപ്പെയ്ത്ത്, 'പുരുഷൻ' എന്നീ  
പുസ്തകങ്ങളിലെ രചയിതാക്കളിലും ബിലാത്തിയിലുള്ള ഈ വനിതാരത്നങ്ങളിൽ 
നാലുപേർ  ഇടം പിടിച്ചിട്ടുണ്ട് ...! 

ആനി ഇസിദോറിനും  , ദീപ പ്രവീണിനും , ജിഷ്‌മ ഷിജുവിനും , സിമ്മി കുറ്റിക്കാടിനും അഭിനന്ദനങ്ങളും , അനുമോദനങ്ങളും ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു ... 

















വിഭാഗം 
ആംഗലേയ നാട്ടിലെ മലയാളം കലാസാഹിത്യ കുതുകികൾ (ഭാഗം : മൂന്ന് )


ഒന്നാം ഭാഗം :-
ആംഗലേയനാട്ടിലെ മലയാളം സാഹിത്യ കുതുകികൾ ...!

രണ്ടാം ഭാഗം :-
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭൻ ...!

മൂന്നാം  ഭാഗം : -


Tuesday 26 September 2017

Berlin Tharangal


 ആദ്യമായി ഒരു ജർമ്മങ്കാരിയെ പ്രണയിച്ച് കല്ല്യാണം കഴിച്ച മലയാളി ഞങ്ങളുടെ ഗോപാല മാമാനായത് കൊണ്ടായിരിക്കാം , ജർമ്മകാരെയെല്ലാം കാണുമ്പോൾ മറ്റു യൂറോപ്പ്യൻസിനെ അപേക്ഷിച്ച്   അവരോടൊക്കെ എനിക്ക് ഒരു പ്രത്യേക ബന്ധുജന സ്നേഹം ഉണ്ടായിരുന്നു കാല യു,കെ മലയാളികളിൽ പെട്ട ഗോപാല  തന്നെയാണെന്ന്  തോന്നുന്നു


'മിഡ് ലൈഫിലെ
വൈഫ് ' യാതൊരുവിധ
'ഫൺ & ഫയർ 'ഇല്ലാത്ത ഒരു
പ്രത്യേക ടൈപ്പാണെന്നാണ് സായിപ്പ്
പറയുക ...

അതെ, മക്കളൊക്കെ
വളർന്ന് മുതിർന്ന് വരുമ്പോൾ
ഏതൊരു ഭാര്യ - ഭർത്താക്കന്മാരും
പ്രണയമൊക്കെ നഷ്ടപ്പെട്ട് , അവനവൻ
കാര്യം മാത്രം നോക്കി നടക്കുന്ന കാലമാണത് ..!
കഴിഞ്ഞ വർഷം വി.ജെ.ജെയിംസിന്റെ
(https://www.facebook.com/james.vj.90 )
' പ്രണയോപനിഷത്ത്' എന്ന കിണ്ണങ്കാച്ചി കഥാ
സമാഹരത്തിലെ ഇക്കഥ വായിച്ചതിന്റെ ത്രില്ലിൽ ...
എന്റെ പ്രണയം വീണ്ടും സ്ട്രോബറി വള്ളികൾ തളിർക്കുന്ന പോലെ, ദിനംപ്രതി പൊട്ടി വിടർന്നപ്പോളാണ് ,ഭാര്യയോടുള്ള പ്രേമം മൂത്ത് ഞാനവളേയും കൊണ്ട് ജർമ്മനിയിലെ,ബെർലിനിലേക്ക് വണ്ടി വിട്ടത്...
കൂട്ടിന് പോരാൻ ഗെഡിയായ ജോസും , കെട്ട്യോളും മാത്രം ...
തന്തേടേം, തള്ളേടീം ശല്യം
ഒരാഴ്ചത്തേക്ക് ഇല്ല്യാണ്ടാവല്ലൊ
എന്നോർത്ത് പിള്ളേർക്കും സന്തോയം ...
ബെർലിനിൽ വെച്ചുണ്ടായ
മൂത്ത പ്രേമത്തിന് , ഇളം മധുരമൊന്നും
ഇല്ലെങ്കിലും ,നല്ല മൂത്ത കള്ളിന്റ(അന്തിക്കള്ളിന്റെ )
ലഹരിയാണെന്ന് അപ്പോൾ മനസ്സിലായി ...!
ഇപ്പോൾ 'പ്രണയോപനിഷത്ത്'
'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'
എന്ന പേരിൽ ഇറങ്ങി ഹിറ്റായിരിക്കുകയാണ് ...!
ഇനി ഈ സിനിമ കണ്ട് ,
ആ പ്രണയാവേശം മുട്ടതട്ടെത്തിക്കുവാൻ
'my life is my wife ' എന്നെല്ലാം ചുമ്മാ പറഞ്ഞ്
ചുളുവിൽ മണിയടിച്ച് , എന്റെ കാര്യങ്ങൾ നടത്താറുള്ളവളെ ,
ശേഷം ഏത് കോത്താഴത്തേക്കാണ് കൊണ്ട് പോകേണ്ടത് എന്നോർത്ത് ആകെ കൺഫ്യൂഷനിലാണ് ഞാൻ.....!
https://www.facebook.com/munthirivallikalthalirkkumbol/

Wednesday 6 September 2017

കണിമംഗലത്തപ്പന്മാർ... ! / Kanimangalatthappanmar... !

അന്നും ഇന്നും എന്നും ,
എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന നാട്ടുകാരായിരുന്ന കുറെ ഉത്തമ ഗെഡികളുണ്ടെനിക്ക് , കണിമംഗലത്തപ്പന്മാർ എന്നറിയപ്പെടുന്ന സ്വന്തം നാമധേയങ്ങളേക്കാൾ  ഉപരി - അടപ്പൻ , അലമ്പൻ , ഒലിപ്പൻ , കൊടപ്പൻ , ചെമ്പൻ , ഗുണ്ടൻ , ഗുണ്ടടി , കുണ്ടൻ , മുക്കാല്  , മൂക്കൻ , എല്ലൻ , കല്ലൻ , പുല്ലൻ , പല്ലൻ , കൂമ്പുള്ളി , കന്നാലി , കുട്ടാപ്പി , കോടാലി , ഊശാൻ , ആശാൻ , മൂപ്പൻ , മാഷ് , വാധ്യാർ , വൈദര് , ചാത്തൻ , ചെത്ത് , വെടിക്കെട്ട് , പാണി , പൂച്ച , കാള , ഫ്ലൂട്ട്  , ബ്രാല് , ഭഗവാൻ , ബുജി , സ്വാമി , പട്ടാലി , കുമ്പിടി , തപ്പാൻ , കപ്പ്യാർ , തമ്പുരാൻ , ചുള്ളമണി, അളിയൻ , പാച്ചു , ഫീനിക്സ് ,കരിംഭൂതം ,ചെമ്പൂതം ,പഞ്ചപൂതങ്ങൾ എന്നിങ്ങനെ നിരവധി ചെല്ലപ്പേരുകളിൽ വിളിക്കപ്പെടുന്ന അന്നും ഇന്നും സ്ഥിരമായുള്ള കൂട്ടുകാർ ...

കണിമംഗലത്തിന് ചുറ്റുവട്ടത്തുള്ള എൽ .പി .സ്‌കൂളുകൾ താണ്ടി ,
അന്ന് കാലത്ത് 1500 ൽ പരം വിദ്യാർത്ഥികളും ,അതിനൊത്ത അദ്ധ്യാപികാദ്ധ്യാപകരുമുണ്ടായിരുന്ന കണിമംഗലം
എസ് .എൻ.ബോയ്‌സ് ഹൈസ്കൂളിൽ വന്ന് ചേക്കേറി , ഹൈയ്യർ സെക്കന്ററിയും , പിന്നീട് തൃശൂരിലെ പല പ്രൊഫഷണൽ/  കോളേജുകളിൽ നിന്നും ഡിഗ്രിയും ,ഡിപ്ലോമയും കരസ്ഥമാക്കിയവരും ,അല്ലാത്തവരുമായ എല്ലാ തല്ലുകൊള്ളിത്തരത്തിനും മുന്നിട്ട് നിന്നിരുന്ന ഒരു വമ്പൻ പട  തന്നെയായിരുന്നു ഇന്നുള്ള ഈ കണിമംഗലത്തപ്പന്മാർ ...!

പിന്നീട് ഇവരുടെയൊക്കെ നിത്യ നിറ  സാന്നിധ്യങ്ങളാൽ ചുറ്റുവട്ടത്തെ ഗ്രാമീണ വായന ശാലകളും , റിക്രിയേഷൻ ക്ലബ്ബ്കളും,ശാസ്ത്ര സാഹിത്യ പരിഷത്ത് ശാഖകളും , ബോധിയും , സെവൻസ് തുണിപ്പന്തുകളി മത്സരവും , ഫീനിക്സ് ട്യൂട്ടോറിയൽ കോളേജ്ഉം ,മൂന്നാലു സിനിമാ കൊട്ടകകളുമൊക്കെ വളരെ ഉഷാറായി തന്നെ നടന്നു പോന്നു . സമീപ ദേശങ്ങളിലെ ഇടവക പള്ളിപ്പെരുന്നാളുകളിലും , ചുറ്റുവട്ടത്തെ വിഷുവേലക്കും , അശ്വതി വേലക്കും , കൂർക്കഞ്ചേരി തൈപ്പൂയത്തിനും , കാവടിയാട്ടത്തിനും , തൃശൂർ പൂരത്തിനും, പുലിക്കളിക്കും , മറ്റ് ഘോഷയാത്രകൾക്കുമൊക്കെ അകമ്പടി സേവിച്ചും ബാന്റുമേളങ്ങൾക്കും , ചെട്ടിക്കൊട്ടിനും , പഞ്ചവാദ്യത്തിനും ,തായമ്പകക്കുമൊക്കെ താളം പിടിച്ചും എല്ലാതരം ഉത്സവലഹരികളും ഏവരും ഒത്തു കൂടി തിമർത്താഘോഷിച്ചിരുന്ന ഒരിക്കലും വിസ്മരിക്കാനാകാത്ത ഒരു പ്രത്യക കാലഘട്ടം തന്നെയായിരുന്നു അന്തകാലം ...
ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളമായി യാതൊരു തരത്തിലുള്ള ജാതി മത രാഷ്ട്രീയ ചേരിതിരിവുകളും ഇല്ലാതെ - കണ്ടും , കേട്ടും  , ഇണങ്ങിയും , പിണങ്ങിയുമൊക്കെ ഞങ്ങളുടെയൊക്കെ ആ സൗഹൃദ കൂട്ടായ്മ അങ്ങിനെ ഒരു കോട്ടവും കൂടാതെ ; ഇന്നും അല്ലലില്ലാതെ തുടർന്ന് കൊണ്ടിരിക്കുകയാണ് ... !

അതെ എന്നും സന്തോഷം മണക്കുന്ന ചങ്ങാത്തങ്ങൾ ...
ഇന്നുള്ള ഞങ്ങളീ കണിമംഗലത്തപ്പന്മാരുടെ ബാല്യകാലങ്ങൾ  തൊട്ട് , പല പല കൗമാര ലീലകളും , തീഷ്ണമായ അനേകം യൗവ്വനാരംഭങ്ങളും ആടി  തകർത്ത , അടിച്ചു  പൊളിച്ച അന്നത്തെ ആ നല്ല നാളുകളുടെ സ്മരണകൾ അയവിറക്കാനും , വീണ്ടും ആയതിൽ ചിലതിലേക്കൊക്കെ കൂപ്പുകുത്തുവാനും വേണ്ടി ഇപ്പോഴും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അതാതു സമയത്ത് അപ്പോൾ നാട്ടിലുള്ളവരെല്ലാം കൂടി , പല ഒത്ത് ചേരൽ സംഗമങ്ങൾ വിഘ്‌നം കൂടാതെ കൊണ്ടാടുന്നത് കൊണ്ട് ഞങ്ങളീ ഗെഡികളിൽ  അവസാനത്തെ ആളുടെ കാലം കഴിയുന്നത് വരെ , ഈ കൂട്ടായ്മ തുടരും എന്നുതന്നെ , ഞങ്ങളോരോരുത്തരും  വിശ്വസിക്കുന്നൂ ...
തൃശൂരിൽ വിവിധ ഉദ്യോഗ പദവിയിൽ ഇരിക്കുന്നവർ മുതൽ , കേരളത്തിലെയും , ഇന്ത്യയിലെയും  പല പട്ടണങ്ങളിലും ജോലിചെയ്യുന്നവരും , കച്ചവടക്കാരും തൊട്ട് , ഗൾഫിലും , അമേരിക്കയിലും , യൂറോപ്പിലും പണിയെടുക്കുന്ന പ്രവാസികളടക്കം , കുലത്തൊഴിലും കൂലിപ്പണിയും വരെ ചെയ്യുന്ന നാട്ടിലുള്ള ഒരു കൂട്ടുകാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണ് കണിമംഗലത്തപ്പന്മാരായ  ഈ ഫിഫ്റ്റി പ്ലസ് ഗെഡാഗെഡിന്മാർ ...!
അവരവരുടെ ജന്മ ദേശങ്ങളോടുള്ള ഒരു പ്രത്യേക ഇഷ്ടം ,നാമൊക്കെ ലോകത്തിന്റെ മറ്റേത് നാട്ടിൽ പോയി സ്ഥിരതാമസമാക്കിയാലും മരണം വരെ താലോലിച്ച് കൊണ്ട് നടക്കും എന്നാണ് പറയുക ...
അതുകൊണ്ടായിരിക്കാം ഞാൻ ജനിച്ചുവളർന്ന തട്ടകമായ അതിമനോഹരമായ പാടശേഖരങ്ങളും , മാന്തോപ്പുകളും ,തെങ്ങിൻ പുരയിടങ്ങളുമൊക്കെയുള്ള തനി കാർഷികാഭിവൃദ്ധികളാൽ സുന്ദരമായ കണിമംഗലം ഗ്രാമം ഇന്നും ഒരു ഗൃഹാതുരത്വമായി എന്നെയെന്നും പിന്നാമ്പുറചിന്തകളിലേക്ക് എന്നുമെന്നോണം നയിച്ചുകൊണ്ടിരിക്കുന്നത് ...

തൃശൂര്‍ നഗരം കോർപ്പറേഷനായി  ഈ ദേശത്തെ വന്ന് വരിച്ചപ്പോൾ ഗ്രാമീണ സുന്ദരിപ്പട്ടം ഊരിയെറിഞ്ഞ് കളഞ്ഞ ഞങ്ങളുടെ സ്വന്തം കണിമംഗലം . 
സകലമാന  നാടുകൾക്കും അതിന്റേതായ ചരിത്രങ്ങൾ ഉണ്ടാകുമല്ലോ ...
പണ്ട് പണ്ട് പെരുമ്പടപ്പ് സ്വരൂപമായ കൊച്ചി രാജ വംശത്തിന്റെ ഒരു  സാമന്തരാജ്യമായിരുന്നു  കൊടുങ്ങല്ലൂരിന്റെ തായ്വഴികളിലുള്ള ക്ഷത്രിയന്മാരായിരുന്ന അപ്പൻ തമ്പുരാക്കന്മാർ നാടുവാഴികളായിരുന്ന തൃശ്ശിവപ്പേരൂരിന്റെ തൊട്ട് തെക്കുള്ള കണിമംഗലം ആസ്ഥാനമാക്കിയുള്ള വളരെ സമ്പന്നമായ നാട്ടുരാജ്യമായിരുന്നു കണിമംഗലം ...!
കാലങ്ങൾക്ക് ശേഷം കൊച്ചി രാജാവിന്റെ പ്രതിനിധിയായി , പ്രതാപിയായ ശക്തൻ തമ്പുരാൻ വരുന്നതിന് മുമ്പ് വരെ സമ്പൽ
സമൃദ്ധമായ ഈ രാജ്യം വാണിരുന്നത് കണിമംഗലം തമ്പുരാക്കന്മാരായിരുന്നു  !

രാജ്യത്തിന്റെ മുഴുവൻ  വരുമാനങ്ങളായ വടക്കുനാഥൻ ദേവസ്സം വക സ്വത്തു വകകളും, ഭൂസ്വത്തുക്കളും , കണിമംഗലം പാട ശേഖരങ്ങളും നോക്കി നടത്തിയിരുന്ന... കൊല്ലിനും , കൊലക്കും അധികാരമുണ്ടായിരുന്ന കണിമംഗലം തമ്പുരാക്കന്മാർ ... !
പിന്നീട് ശക്തൻ തമ്പുരാനോടൊപ്പം ...
സാക്ഷാൽ തൃശൂര്‍  പൂരം തുടങ്ങിവെച്ചവർ ... !

ഇപ്പോഴും കണിമംഗലത്തുകാരുടെ തിടമ്പേറ്റിയ ആന തെക്കേ ഗോപുരവാതിൽ വഴി ആദ്യമായി വടക്കുനാഥൻ അമ്പലത്തിൽ എത്തിച്ചേരുമ്പോൾ തന്നെയാണ് ...
ഇന്നും തൃശൂര്‍  പൂരം ആരംഭിക്കുക .. !

പിന്നെ ‘ഇന്ത്യൻ റെയിൽവേയ്സ്‘ ആരംഭിച്ചകാലാത്ത് ...
ഈ ഭാഗത്ത് റെയിൽ പാതക്ക് വേണ്ടി ഏറ്റവും കൂടൂതൽ ഭൂമി വിട്ടു കൊടുത്തതിന്, അഞ്ചാം തമ്പുരാക്കന്മാർ ചോദിച്ച് വാങ്ങിയതാണേത്രെ ‘കണിമഗലം റെയിൽ വേയ് സ്റ്റേഷൻ ‘
പിന്നീടാ കണിമംഗലം സ്റ്റേഷൻ ...
റെയിൽവേയുടെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോയെങ്കിലും, പ്രതാപികളായ ഈ തമ്പുരാൻ വംശ പരമ്പര , കുറച്ച് ക്ഷയിച്ചിട്ടാണെങ്കിലും
ഇന്നും നില നിന്നു കൊണ്ടിരിക്കുന്നൂ..., നാട്ടിലല്ലെന്നുമാത്രം ഒട്ടുമിക്കവരും കേരളത്തിന് പുറത്തും , വിദേശത്തുമായി ബിസിനെസ്സും ,നല്ല ഉദ്യോഗങ്ങളുമായി കഴിഞ്ഞുകൂടുകയാണ് ...
നമ്മുടെ ഗെഡികളായ  രഞ്ജിത്ത്  ഭായിയും ,
ഷാജി കൈലാസുമൊക്കെ ചേർന്ന് നമ്മളെയൊക്കെ കോരിത്തരിപ്പിച്ച് അഭ്രപാളികളിലെത്തിച്ച ആ
ആ   സിനിമയുണ്ടല്ലോ...
കണിമംഗലത്തെ ‘ആറാം തമ്പുരാൻ ...!
ആ ആറാം തമ്പുരാന്റെയൊക്കെ പിൻ മുറക്കാരായിരുന്നു ഈ തമ്പുരാക്കന്മാ‍ർ എന്നാണ് പറയപ്പെടുന്നത് ..
അന്നത്തെ ആ  തമ്പുരാക്കന്മാരൊക്കെ
തനി നരി-സിംഹങ്ങൾ തന്നെയായിരുന്നു ... !

  പക്ഷെ അപ്പൻ തമ്പുരാക്കന്മാർ ഇന്നില്ലെങ്കിലും കണിമംഗലത്തിന്റെ പ്രൗഢിയും ,ഗാംഭീര്യവും നിലനിറുത്തിക്കൊണ്ട് ഈ നാട്ടുകാർ പ്രാദേശികമായും ,ദേശീയമായും ,അന്തർദ്ദേശീയമായും പല മേഖലകളിലും രംഗ പ്രവേശം നടത്തി തിളങ്ങിനിൽക്കുന്നുണ്ട് ...
അകാലത്തിൽ ഞങ്ങളെ വിട്ട് വേർപ്പെട്ടുപോയ മൂന്ന്  മിത്രങ്ങളുണ്ട് ...
വാട്ടർ അതോറിട്ടിയിൽ ജോലിയുണ്ടായിരുന്ന കെ.വി .സുരേഷാണ് കാൽ നൂറ്റാണ്ട് മുമ്പ് ആദ്യമായി ഞങ്ങളെ വിട്ട് പോയത് ...
മൂന്ന് വർഷം മുമ്പ് വെദ്യുതി ഭവനിൽ അസി.എക്സി. എഞ്ചിനീയറായിരുന്ന പി.വി.പ്രദീപും ഞങ്ങളോട് വിട  പറഞ്ഞു പോയി ...

കഴിഞ്ഞ വർഷം വെറ്റിനറി ഡിപ്പാർട് മെന്റിൽ ജോലിചെയ്യുന്ന ഡോ :സുനിൽ കുമാറും ഞങ്ങളെ വിട്ട് പിരിഞ്ഞു പോയി ...
ഞങ്ങളുടെ പ്രിയപ്പെട്ട ഈ മൂന്നു മിത്രങ്ങൾക്കും പ്രണാമം അർപ്പിക്കുന്നു ...


ഓരൊ തവണ ജന്മനാട്ടിലെത്തുമ്പോഴും
അഭിനവ കണിമംഗലത്തപ്പന്മാരുടെ ചങ്ങാതിത്ത കൂട്ടായ്മയിൽ ഒത്തുകൂടാനും , സൗഹൃദം പുതുക്കുവാനും   ഒരു പ്രത്യേക ഉത്സാഹമാണെനിക്ക് ഉടലെടുക്കുക നാട്ടിലെത്തുമ്പോഴെക്കെ പണ്ടത്തെ ഇത്തരം മിത്രങ്ങളായ ക്ലാസ്സ് /ഗ്ളാസ് മേറ്റുകളായവരോടൊപ്പമുള്ള  ഗൃഹാതുരത്വങ്ങൾ അയവിറക്കാനും , മറ്റും ഞങ്ങൾ മിത്രങ്ങളായ പ്രവാസികളും - ആ  സമയം നീക്കിവെക്കുന്നതിനാൽ നാട്ടിലുണ്ടാകുന്ന എല്ലാ ആഘോഷവേളകളും അപ്പോൾ ഒത്തൊരുമിച്ച് ആമോദത്തോടെ ആർത്തുല്ലസിച്ച് കൊണ്ടാടീടുന്നൂ ...

വലിയ മുതൽ മുടക്കുകളൊന്നും
ഇല്ലാതെ തന്നെ ഏവർക്കും വെട്ടിപ്പിടിക്കാവുന്ന, ഒട്ടും മാനസിക സമ്മർദ്ദമില്ലാതെ ,
നഷ്ടത്തിൽ കലാശിക്കാതെ  സൂക്ഷിച്ചു വെക്കാവുന്ന ഒരു സമ്പാദ്യമുണ്ട് ...

ഏവരുടെയും ജീവിതത്തിൽ
എളുപ്പത്തിൽ നേടാവുന്ന ഒന്നായ സൗഹൃദ സമ്പാദ്യം ...!

നല്ല സൗഹൃദ സമ്പാദ്യത്തെക്കാൾ
വിലപ്പെട്ട വേറെ എന്ത് മുതലാണ്
നമ്മുടെയൊക്കെ കൊച്ചു  ജീവിതത്തിൽ
നിധിപോലെ കാത്ത് സൂക്ഷിക്കുവാൻ സാധിക്കുക അല്ലെ ..!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...