Monday 31 July 2017

മൈന്റ്ഫുൾനെസ്സ് ... ! / Mindfulness ... !

അവനവന്റെ ഉന്നമനത്തിന് വേണ്ടി ഇന്ന് പാശ്ചാത്യ നാട്ടിലൊക്കെ ഒരു ദിനചര്യ പോലെ ഓരോരുത്തരും അനുഷ്ടിച്ച്  പോരുന്ന - മാനസികോർജ്ജം കൈവരുത്തുന്ന ഒരു സംഗതിയാണ്  മൈന്റ്ഫുൾനെസ്സ്  / Mindfulness എന്ന വളരെ സിംമ്പളായ മെഡിറ്റേഷൻ വ്യായാമ മുറ ...!
പണ്ടത്തെ ബുദ്ധമത സന്യാസികളുടെ ധ്യാനമുറകളിൽ നിന്നും , 'യോഗ'യിൽ നിന്നുമൊക്കെ ഉരുത്തിരിച്ച്ചെടുത്ത വളരെ ലളിതമായി ചെയ്യാവുന്ന ഒരു അഭ്യാസ മുറയാണിത്  ...
മാനസിക പക്വതയോടൊപ്പം , പല മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും , മറ്റ് ഊർജ്ജസ്വലമായ ദൈനംദിന കാര്യങ്ങൾ വളരെ ശാന്തമായി ചെയത് തീർക്കുവാനും ഈ പരിശീലനം കൊണ്ട് സാധ്യമാണെന്ന് ലോക മനസികാരോഗ്യ സംഘടന (WHO mental health ), പഠനങ്ങൾ നടത്തി തെളിയിച്ചിരിക്കയാണിപ്പോൾ...
പല സംഗതികളിലും മറ്റുരാജ്യക്കാരുടേത്  പോലെ മാനസിക പക്വത എത്തിപ്പിടിക്കാനാകാത്ത  നമ്മൾ  മലയാളികളൊക്കെ പ്രാക്ടീസ് ചെയ്യേണ്ടുന്ന ഒരു മാനസിക വ്യായാമ മുറ തന്നെയാണ് 'മൈന്റ്ഫുൾനെസ്സ്' എന്ന ഈ ധ്യാന പ്രക്രിയ ...!
അവരവർ കാര്യങ്ങൾ ഇടതടവില്ലാതെ കൊട്ടിഘോഷിച്ച് വിളംബരം ചെയ്യുന്നതിനേക്കാൾ ഉപരി മറ്റുള്ളവരുടെ വീഴ്ച്ചകളും , തെറ്റുകുറ്റങ്ങളും , ഇല്ലാകഥകളും , മറ്റും പെരുപ്പിച്ച് കാണിക്കുന്നതിലാണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ എന്നുമെന്നും അഭിരമിച്ചു കൊണ്ടിരിക്കുന്ന ഭൂരിഭാഗം മല്ലു വംശജരുടെയും താല്പര്യങ്ങളും , സന്തോഷങ്ങളും എന്ന് പറയപ്പെടുന്നു ...
സ്വയം ചെയ്ത് കൂട്ടുന്ന തെറ്റുകുറ്റങ്ങളെല്ലാം കമനീയമായി ഒളിപ്പിച്ച് വെച്ച് , മറ്റുള്ളവരുടെ ഇത്തരം വിക്രിയകൾ എന്തെങ്കിലും കണ്ട്  കിട്ടിയാൽ ആയത് ചൂണ്ടി കാട്ടി ക്രൂശിക്കുന്ന ഒരു വല്ലാത്ത പ്രവണത തന്നെയാണിത് ...!
പണ്ടുകാലം മുതലേ കുറ്റവാളികളെയും , കുറ്റം ആരോപിക്ക പെട്ടവരെയും , മറ്റും വന്യമൃഗങ്ങൾക്ക് നടുവിലേക്ക് എറിഞ്ഞ് കൊടുത്ത് , അവരുടെയൊക്കെ പ്രാണൻ പോകുന്നത് വരെ ചുറ്റും നിന്ന് ആസ്വദിച്ചു കാണുമ്പോഴും  , പല ആരോപണ വിധേയരായവരെ ജനമധ്യത്തിൽ വെച്ച് തലവെട്ടി കൊല്ലുമ്പോഴും ,സമൂഹത്തിന് നന്മയേകിയ യേശുക്രിസ്തുവിനെ പോലെയുള്ളവരെ പീഡിപ്പിച്ച് കുരിശിലേറ്റിയപ്പോഴും , ശ്രീരാമ പത്നി സീതയെ പതിവ്രത ചട്ടം പരീക്ഷിക്കുന്നതിന് അഗ്നികുണ്ഡത്തിൽ ചാടിപ്പിക്കുമ്പോഴും തൊട്ട് , പ്രമുഖ നടനെ കോടതിയിലേക്ക് വിചാരണക്ക് കൊണ്ടു പോകുമ്പോൾ വരെ ജനങ്ങൾ ആർത്തുല്ലസിച്ച്  കാണുവാൻ വരുന്നതും , കൂകിവിളിക്കുന്നതുമൊക്കെ മനുഷ്യനിൽ ഉൾക്കൊള്ളുന്ന ഇത്തരം സ്വഭാവ വിശേഷണങ്ങൾ കൊണ്ടാണത്രെ ...!
മറ്റുള്ളവർക്കേൽക്കുന്ന പീഡനങ്ങളും , ദു:ഖങ്ങളും കണ്ട് രസിച്ചാസ്വദിക്കുന്ന ഒരു സ്വഭാവ വിശേഷം മനുഷ്യനുണ്ടായ കാലം മുതൽ അവരുടെ ജീനുകളിൽ ഉണ്ടെന്നാണ് പല ശാസ്ത്രപഠനങ്ങളും വ്യക്തമാക്കുന്നത് . ജനിതകമായി തന്നെ ഇത്തരം വൈകല്യങ്ങളുടെ ജീനുകൾ ഏറെക്കുറെ മലയാളികളിലും ഇത്തിരി കൂടുതലുള്ള  കാരണമാണ് , ഈ തരത്തിലുള്ള സ്വഭാവ വിശേഷങ്ങൾക്ക് ജാതി-മത-രാഷ്ട്രീയ ഭേദമന്യെ ഒട്ടുമിക്ക കേരളീയ പാര്യമ്പര്യമുള്ളവരിലും കുടികൊള്ളുന്നത് പോലും ...!
അതെ ഒപ്പമുള്ളതിനേയും , ചുറ്റുമുള്ളതിനേയും തന്റെ നിലനിൽപ്പിന് വേണ്ടി കീഴടക്കി കൊണ്ടുള്ള ഒരു ജൈത്ര യാത്ര തന്നെയാണ് , പ്രകൃതിയിൽ വാണരുളുന്ന ഓരോ ജീവജാലങ്ങൾക്കും പറയാനുണ്ടാവുക ...!
അതായത് എന്നുമെപ്പോഴും ഇടിച്ചിടിച്ച് നിന്ന് പിടിച്ചുപിടിച്ച്‌ മുന്നോട്ടുള്ള ജീവിത പ്രയാണങ്ങൾ കോട്ടം കൂടാതെ പൂർത്തീകരിക്കുവാനുള്ള ഒരു തരം പ്രത്യേക ജന്മ വാസനകൾ , ലോകത്തിലെ ഏതൊരു ഏകകോശ ജീവജാലങ്ങൾ തൊട്ട് മനുഷ്യരടക്കം സകലമാന ജീവികൾക്കും ജന്മസിദ്ധമായി തന്നെ കിട്ടിയ ഒരു വരമാണ് ...

കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന പറഞ്ഞ പോലെ എത്രയെത്ര പ്രതിസന്ധികളും , വെല്ലുവിളികളും തരണം ചെയ്തശേഷമാണ് ലക്ഷകണക്കിന് ബീജങ്ങളിൽ നിന്നും ഒന്ന് , അണ്ഡവുമായി സംയോജിച്ച്  , ആയതിന്റെ കാലവുധി പൂർത്തിയാക്കി ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് അല്ലെ .
തനിക്കുമാത്രമല്ല , തന്റെ ചുറ്റുപാടുമുള്ള എല്ലാ ജാലങ്ങൾക്കും , പ്രകൃതിക്കും കോട്ടം കൂടാതെ നല്ല നിലയിൽ ജീവിക്കുവാൻ വേണ്ടി മനുഷ്യന്റെ ഇത്തരത്തിലുള്ള ചില സ്വഭാവശീല      ദോഷങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടി പൗരാണികമായി  തന്നെ പല ആചാര്യന്മാരും , ചിന്തകരും കൂടി അനേകം രൂപകല്പനകൾ - അതാത് കാലഘങ്ങളിൽ ആർജിച്ച്ചെടുത്തതിൽ നിന്നാണ് ഇന്നുള്ള പല ജീവിത ചിട്ടവട്ടങ്ങളും മനുഷ്യകുലത്തിന് ഉണ്ടായി വന്നത്  ...
ഇത്തരം ചിന്തകളിൽ നിന്നും ഭാഷകളും , ജാതികളും , ഗോത്രങ്ങളും , ദേശങ്ങളും , വംശങ്ങളുമൊക്കെ ഉരുത്തിരിഞ്ഞുവന്നു . പിന്നീട് താളവും , മേളവും , സംഗീതവും. ശേഷം കലയും , സംസ്കാരവും ,സാഹിത്യവും , ശാസ്ത്രവും , മതവും , രാഷ്‌ട്രീയവുമൊക്കെ മെല്ലെ മെല്ലെ മനുഷ്യനുമേൽ ആധിപത്യം സൃഷ്ട്ടിച്ചു എന്നുമാണ്  ഇതുവരെയുള്ള ഭൂലോകവാസികളായ ഓരൊ  മനുഷ്യരുടേയും  ചരിതങ്ങൾ നമുക്ക് പറഞ്ഞു  തരുന്നത്  ...
പൗരാണിക കാലം മുതൽ ഇന്നുള്ള ആധുനിക കാലം വരെയുള്ള മനുഷ്യകുലങ്ങളുടെ ചരിത്രങ്ങൾ പരിശോധിച്ചാൽ ഒന്ന് മനസ്സിലാകും , അന്ന്  തൊട്ട് ഇന്ന് വരെ വിവേകപരമായും , വിജ്ഞാനപരമായും അനേകമനേകം അറിവുകൾ സമ്പാദിച്ച് ,ശാസ്ത്രീയമായ പല കണ്ടെത്തലുകളും  നടത്തി - പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വരികയാണ്  ലോക ജനതകൾ ...
പക്ഷെ ഇന്ന് ആധുനിക മനുഷ്യർ ആഗോളപരമായി ശാസ്ത്ര സാങ്കേതികപരമായും , കായികപരമായും , സാമ്പത്തികപരമായുമൊക്കെ  പല അഭിവൃദ്ധികളും അനുദിനം കൈവരിച്ചെങ്കിലും - അവർ മനസികകമായി വളരെയധികം പിന്നോട്ട് പോയിരിക്കയാണെത്രെ ...!

ഇത്തരം നേട്ടങ്ങളുടെ ഉടമകളിൽ ഒട്ടുമിക്കവരൊക്കെ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട് പോലും , ഒന്നല്ലെങ്കിൽ വേറൊരുതരത്തിൽ ഓരോരുത്തരും വിധതരത്തിലുള്ള  അശാന്തി ഭാവത്തിൽ അടിമപ്പെട്ടവരാണെത്രെ ..!
പിന്നീട് ഈ അവസ്ഥകളാണ് വിഷാദ രോഗത്തിലേക്കും , മദ്യപാനത്തിലേക്കും , മയക്കുമരുന്നുപയോഗത്തിലേക്കും ,വിവാഹ മോചനത്തിലേക്കും , കുത്തക നിറഞ്ഞ മറ്റ് ജീവിതരീതികളിലേക്കുമൊക്കെ അവരെ നയിക്കുന്നത്  ...!
ഇത്തരം അവസ്ഥാവിശേഷങ്ങള്ളിൽ നിന്നും വിടുതൽ നേടാനും , ആയത് പിടികൂടാതിരിക്കുവാനും വേണ്ടി ഇന്ന് അനേകം വ്യക്തിത്വ വികസന പരിപാടികളും , മാനസിക ഉത്തേജന ജനസമ്പർക്ക കേന്ദ്രങ്ങളും ഇന്ന് പല രാജ്യങ്ങളിലും വിവിധ പ്രസ്ഥാനങ്ങൾ വഴി നടത്തി പോരുന്നുണ്ട് ...
സ്വയം മനസികോർജ്ജം ആർജ്ജിക്കുവാനും , വളരെയധികം പൊസറ്റീവായി ചിന്തിക്കാനും , ഒപ്പം നമ്മെ പോലെ മറ്റുള്ളവരുടെ നന്മകൾക്കും , ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാനും നമ്മൾ ഓരോരുത്തരെയും സജ്ജമാക്കുന്ന ഇടങ്ങലാണ് ഇത്തരം കേന്ദ്രങ്ങൾ ...
പണ്ടക്കെ  മത ഭക്തി ചുറ്റുവട്ടങ്ങളിൽ നിന്നുള്ള പ്രാർത്ഥനകളും , തനി കള്ള നാണയങ്ങളല്ലാത്ത ആത്‌മീയ ഗുരുക്കന്മാരുടെ സ്വാന്തനങ്ങളും , ഉപദേശങ്ങളും മറ്റും ഇത്തരം കുഴപ്പങ്ങളെയെല്ലാം വളരെയധികം ലഘൂകരിച്ചിരുന്നു ...
ഒപ്പം കാലങ്ങളായി പല ജനതയും പരിശീലിച്ചു പ്രായോഗികമാക്കിയ യോഗയും , അനേക തരത്തിലുള്ള ധ്യാന മുറകളും ...!
മാനസിക പിരിമുറക്കങ്ങൾ ഇല്ലാതാക്കാനും , ഊർജ്ജസ്വലമായ ദൈനംദിന കാര്യങ്ങൾ കൈവരുത്തുവാനും വേണ്ടി  ഇപ്പോൾ ഈ മില്ലേനിയം നൂറ്റാണ്ടിൽ പ്രചുരപ്രചാരം നേടിയ ഏറ്റവും എളുപ്പത്തിലും ലളിതമായും  ചെയ്യാവുന്ന ഒരു പരിശീലനമാണ്  മൈന്റ് ഫുൾനെസ്സ് ..!
'മൈന്റ് ഫുൾനെസ്സ് 'എന്ത് ഏത് എങ്ങിനെ എന്നൊക്കെ
അറിയുവാൻ  ഇവിടെ Mindful Org ക്ലിക്കിയാൽ മതി...
നമ്മൾ ഓരോരുത്തരും  സ്വയം മാറ്റങ്ങൾ ഉൾക്കൊണ്ട് നല്ല പക്വത കൈവരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , അതോടൊപ്പം  സമൂഹത്തിന്റെ നന്മക്കും , മറ്റു പോസറ്റീവായ ഉന്നമനങ്ങൾക്കും ഊർജ്ജം പകർന്ന് നേരായ നല്ല മാർഗ്ഗങ്ങൾക്ക് വഴി കാട്ടി ജീവിതത്തിലേക്ക്  കൊണ്ടുവരുവാൻ തയ്യാറാണെങ്കിൽ ഇത്തരം പ്രാക്ട്രീസുകൾ തുടങ്ങി വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ ...!
നമ്മുടെ മറ്റെല്ലാ പുരോഗതികൾക്കൊപ്പം
എന്നും , എപ്പോഴും - ഏവരുടെയും സന്തോഷാരവങ്ങൾ  നിറഞ്ഞ
ബി മൈന്റ് ഫുൾ / Be Mindful  ആയിരിക്കട്ടെ  നമ്മുടെ  ഓരോരൊ മനസ്സുകളും  .. ! !

Thursday 22 June 2017

ഗൃഹസ്ഥാശ്രത്തിൻ ഇരുപത്തെട്ടും ഒരു ചരടുകെട്ടും ... ! / Gruhasthashramathhin Irupatthettum Oru Charatukettum ...!

അവനവൻ കാര്യങ്ങളൊ , ഇഷ്ട്ടങ്ങളൊ
കൊട്ടിഘോഷിച്ച് മാലോകരെ അപ്പപ്പോൾ
അറിയിക്കുന്നതിന് വേണ്ടിയാണ് , ഇന്നത്തെ അത്യാധുനിക ലോകത്ത് ഭൂരിഭാഗം സോഷ്യൽ മീഡിയ സൈറ്റുകളും ഉപയോഗിക്കപ്പെടുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത് ...

പണ്ടൊക്കെ മാധ്യമങ്ങളിൽ ഒരു രചന വരണമെങ്കിൽ പത്രാധിപ സമിതി കനിഞ്ഞാലൊ  , പടം  അച്ചടിച്ച് പ്രസിദ്ധീകരിക്കണമെങ്കിൽ  മരണം വരിച്ച് - ചരമ കോളത്തിൽ വരുകയൊ  വേണമെന്നുള്ളിടത്ത് , ഇന്നുള്ള സൈബർ ഇടങ്ങളിലെ നവ മാധ്യമ തട്ടകങ്ങളിൽ , സ്വയം കത്തി വെക്കാത്ത പത്രാധിപരായി - സ്വന്തമൊ, കൂട്ടത്തിലുള്ളവരുടെയൊ  കാഴ്ച്ചപ്പാടുകളും , കലാ-സാഹിത്യ രചനകളും , കായിക അഭിരുചികളും മാത്രമല്ല എന്ത്  ചവറുകളും വാരിക്കോരി നിറക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുകയാണ് ഇത്തരം വിനോദോപാധി വിവര സാങ്കേതിക തട്ടകങ്ങളിലെ ഇടങ്ങളായ 'സോഷ്യൽ മീഡിയ സൈറ്റുകൾ ' ...!
അതുപോലെ തന്നെ ജന്മ വാർഷികങ്ങൾ  , യാത്രാ പൊങ്ങച്ചങ്ങൾ , അപകടം പിടിച്ച വിവാഹ വാർഷിക ദിനങ്ങൾ മുതലായവയുടെ ഓർമ്മപ്പെടുത്തലുകളടക്കം ; വകയിലെ ഏതെങ്കിലും അപ്പാപ്പൻ മരിച്ച പടങ്ങൾ വരെ ഒട്ടിച്ച് , ചുമ്മാ  ഒരു ചിലവും കൂടാതെ പതിച്ചുവെക്കാവുന്ന അസ്സൽ ചുമരുകൾ കൂടിയാണ് ഇന്നത്തെ  'ഇന്റർ-നെറ്റു'നുള്ളിലെ ഇത്തരം 'ഓൺ-ലൈൻ' പ്രസിദ്ധീകരണ ശാലകളായ 'സോഷ്യൽ മീഡിയ' തട്ടകങ്ങൾ ...

ആർക്കും വെറുതെ പ്രസിദ്ധീകരിക്കാവുന്ന ഒരു നവ മാധ്യമം മാത്രമല്ലല്ലൊ , ഏവർക്കും  അതൊക്കെ വെറുതെ വായിക്കുവാനും , കാണുവാനും , കേൾക്കുവാനുമൊക്കെ പറ്റും എന്നുള്ള ഒരു ഗുണമേന്മ കൂടിയുണ്ടല്ലോ ഈ 'ന്യൂ-ജെൻ സോഷ്യൽ മീഡിയ സൈറ്റു'കൾക്ക് അല്ലെ ...

അതുകൊണ്ട് - അറിവ് , ബോധവൽക്കരണം , വെറുപ്പിക്കൽ മുതലായ ഒട്ടനവധി മേഖലകൾ  കൂടിയും , ഇന്നത്തെ  സൈബർ ലോകത്ത് പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റുകൾക്കും അതിന്റെതായ രീതിയിൽ സാധ്യമാകും എന്നുള്ളതും , ആയതൊക്കെ പ്രസിദ്ധീകരിക്കുന്നവർ മനസ്സിലാക്കണമെന്ന് മാത്രം ...!

അടിസ്ഥാന സൗകര്യങ്ങളായ ആഹാരവും , വസ്ത്രവും ,
പാർപ്പിടവും സ്ഥിരമായി കിട്ടിക്കഴിഞ്ഞാൽ , ഒരാൾക്ക്   സ്വന്തമായി
നല്ല - പണി , പണം , പെരുമ , പ്രശസ്‌തി  എന്നിങ്ങനെയുള്ള ആഗ്രഹ സഫലീകരണങ്ങൾക്ക് വേണ്ടി എന്നും പെടാപാട് നടത്തുവാനുള്ള ഒരു ത്വര കാരണം  , ഭൂമിയിൽ  മനുഷ്യർ ഉള്ളിടത്തോളം കാലം , ഇത്തരം കൊട്ടിഘോഷണ വിളംബരങ്ങൾ എന്നും , എവിടേയും ഉണ്ടായിക്കൊണ്ടിരിക്കും  എന്നത് തന്നെയാണ് വാസ്തവം ...

ഇതാ ഇത്തരത്തിലുള്ള ഒരു ഗൃഹിയുടേയും , ഗൃഹിണിയുടേയും ഗൃഹസ്ഥാശ്രമ കാലഘട്ടം നീന്തി കയറുന്ന വെറും ഒരു പൊങ്ങച്ച കഥയാണിത് ...
ഇന്നുള്ള വമ്പൻ മതങ്ങളെല്ലാം ഉടലെടുക്കുന്നതിന് മുമ്പ് , പല പല ജീവിത അറിവുകളും , വിജ്ഞാനങ്ങളും കൈവന്നപ്പോൾ മുതൽ അഖണ്ഡ ഭാരതീയരായ നമ്മുടെയൊക്കെ പൂർവ്വികർ , 'സനാതന ധർമ്മ ശാസ്ത്ര ' പ്രകാരം മനുഷ്യ ജീവിതങ്ങൾ , എങ്ങിനെയൊക്കെ നന്നായി തന്നെ അവരവരുടേതായ   ജീവിതത്തിൽ  പരിപാലിക്കണം എന്നതിന്  വേണ്ടി ചില ചിട്ടവട്ടങ്ങളുണ്ടാക്കിയതാണ് 'ചതുരാശ്രമം' എന്ന ജീവിത ചര്യകൾ ...!
നമ്മുടെ പുരാതനമായ ഷോഡശ സംസ്കാര ശാസ്ത്രങ്ങളിൽ പറയുന്ന  പ്രകാരം ഒരു മനുഷ്യന്റെ ജീവിതം 14 സപ്ത വർഷങ്ങളായി തിരിച്ച , നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു എന്നാണു പറയപ്പെടുന്നത്
21 (7 x 3 ) വർഷമുള്ള ബ്രഹ്മചര്യം ,
28 (7 x 4 ) കൊല്ലം നീണ്ടുനിൽക്കുന്ന ഗൃഹസ്ഥാശ്രമം ,
21 (7 x 3 ) സംവത്സരമുള്ള വാനപ്രസ്ഥം , അവസാനത്തെ
28 (7 x 4 )  വർഷം , നിർവാണം പ്രാപിക്കുന്നതുവരെ സന്യാസം എന്നിങ്ങനെ ചേർന്നുള്ള നാല് ഘട്ടങ്ങൾ ചേർന്നതിനെയാണെത്രെ , ഒരു ഉത്തമ   മനുഷ്യ ജീവിതത്തിന്റെ നാല് ആശ്രമങ്ങൾ എന്ന്  പറയപ്പെടുന്നത് ...!

പിന്നെ ഹിന്ദു മതം ഉടലെടുത്ത ശേഷം എഴുതപ്പെട്ട ഇത്തരം ശാസ്ത്രീയ ഗ്രൻഥങ്ങളിൽ ഷഷ്ഠിപൂർത്തി വരെ , 'വാനപ്രസ്ഥ ഘട്ടം' 'സ്കിപ്പ് ' ചെയ്ത് , 'ഗൃഹസ്ഥാശ്രമ ഘട്ടം' നീട്ടി കൊണ്ടുപോയി - ഷഷ്ഠിപൂർത്തി  മുതൽ സപ്തതി വരെ വാനപ്രസ്ഥം സ്വീകരിച്ചാൽ  മതി എന്ന ഒരു 'ലൂപ്പ് ഹോൾ' കൂടി ആധുനിക ആശ്രമ പർവ്വങ്ങളിൽ  നടപ്പാക്കുന്നതായും  കാണുന്നുണ്ട് ...

ബ്രഹ്മചര്യം  അനുഷ്ടിച്ച് തന്നെയാണ് ഭൂരിഭാഗം ആളുകളും  വലുതായി  വരുന്നത്. മാതാപിതാഗുരുക്കന്മാരാൽ സംരംക്ഷിക്കപ്പെടുന്ന ബാല്യം , കൗമാരം , വിദ്യാ -തൊഴിൽ അഭ്യാസങ്ങൾ കരസ്ഥമാക്കുന്ന ചിട്ടയായ ചില ചര്യകൾ പിന്തുടരുന്ന ഒരു ജീവിത രീതിയാണ് ഇത്.
അവരവരുടെ  ശരീര മനോ ബലങ്ങൾ വർദ്ധിപ്പിക്കാനും , വിജ്ഞാനം വർദ്ധിപ്പിക്കാനും , കാമം,  ക്രോധം , ലോഭം, മതം , മാത്സര്യം എന്നിവയില്‍ നിന്നും മോചനം നേടാനും ബ്രഹ്മചര്യം വളരെ പവിത്രമായ ഒരു അനുഷ്ടാനം തന്നെയാണ് ...

ബ്രഹ്മചര്യ പൂർത്തീകരണത്തിന് ശേഷം പ്രായപൂർത്തിയും , പക്വതയും വന്ന ഒരു സ്ത്രീയും , പുരുഷനും ഒരുമിച്ച് ചേർന്ന് അനുഷ്ടിക്കുന്ന ദാമ്പത്യ ജീവിത രീതിയാണ് ഗൃഹസ്ഥാശ്രമം ...
പരസ്പര വിശ്വാസത്തിലും , സമാധാനത്തിലും അധിഷ്ഠിതമായ , കൂടുമ്പോൾ  ഇമ്പമുണ്ടാകുന്ന ഒരു കുടുംബജീവിതം - സുഖത്തിലും , ദു:ഖത്തിലും ഒത്തൊരുമിച്ച് പങ്ക് ചേർന്ന് നയിക്കുന്ന ഘട്ടമാണ് ഇത് ...
ഗൃഹസ്ഥാശ്രമം അനുഷ്ഠിക്കുന്ന പുതിയ ഗൃഹിയും , ഗൃഹിണിയും  കൂടി , അവരുടെ മാതാപിതാക്കളെ അവർ വാനപ്രസ്ഥത്തിലേക്കൊ , സന്യാസത്തിലേക്കൊ പോയില്ലെങ്കിൽ  ,അവരെ സംരംക്ഷിക്കേണ്ട ചുമതലയും ഉണ്ട്. ഒപ്പം തന്നെ  അശരണരായ മറ്റു സഹോദരി സഹോദരന്മാരെയും പോറ്റുകയൊ  , സഹായിക്കുകയൊ ചെയ്യണമെന്നും പറയുന്നു...

ഗാർഹസ്ഥ്യം അഥവാ ഗൃഹസ്ഥാശ്രമ ഘട്ടങ്ങളിലാണ്  രണ്ട് വ്യക്തികൾക്കൊരുമിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന അതി മനോഹരമായ പല മുഹൂർത്തങ്ങളും , അവരുടെ ഗാർഹിക ജീവിതത്തിൽ ഉണ്ടാകുന്നത് ...!

പ്രഥമ രാത്രിയുടെ നീറുന്ന അനുഭവം മുതൽ അനേകം നിർവൃതിയുണ്ടായ  രാവുകളുടെ ഓർമ്മകൾ , സ്വന്തമായി പുരയിടം മുതൽ രാപാർക്കുവാൻ സ്വഗൃഹം / വാഹനം , ഗർഭധാരണം , കടിഞ്ഞൂൽ സന്താനം , മുലയൂട്ടൽ  മുതലുള്ള മറ്റ് സന്താന ലബ്‌ദികൾ , വീട്ടിൽ അവർക്കോ മറ്റുള്ളവർക്കൊ  ജനിച്ച്  വളരുന്ന കുട്ടികളുടെ പാൽ പുഞ്ചിരി മുതൽ അവരുടെയൊക്കെ ബാല്യ - കൗമാര ലീലകൾ മുതൽ വിദ്യാഭ്യാസം തൊട്ട്  മക്കളുടെ മാംഗല്യം വരെയുള്ള കാഴ്ച്ചവട്ടങ്ങൾ ,
ഗൃഹത്തിലുള്ളവരെല്ലാം കൂടി ഒന്നിച്ചാഘോഷിക്കുന്ന അനേകം ഉത്സവ ലഹരികൾ , ചിലപ്പോൾ  ആയതിൽ ഉറ്റവരാണെങ്കിലും വേർപ്പെട്ട് പോകുമ്പോഴൊ , മാറാ രോഗങ്ങൾക്ക് അടിമപ്പെടുമ്പോഴൊ അനുഭവിക്കുന്ന വിങ്ങി പൊട്ടലുകൾ... അങ്ങിനെയങ്ങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭങ്ങളുടെ ഒരു കലവറ തന്നെയായിരിക്കും ഓരോ ഗൃഹസ്ഥാശ്രമിക്കും ചൊല്ലിയാടാനുണ്ടാകുക...അല്ലെ .

ഇത്തരം  പൗരാണികമായ ചതുരശ്രമത്തിലെ എല്ലാം ചിട്ടവട്ടങ്ങളും , ഇന്നുള്ള ആധുനികമായ അണുകുടുംബം നയിക്കുന്ന ഗൃഹസ്ഥാശ്രമികൾക്ക്  കഴിയിലെങ്കിലും , ഏതാണ്ടിതുപോലെയൊക്കെ തന്നെ ഗൃഹസ്ഥാശ്രമ ഘട്ടം സഫലീകരിച്ചു കൊണ്ടിരിക്കുകയാണ്  ഗൃഹിയും , ഗൃഹിണിയുമായ ഞാനും , എന്റെ പെർമനന്റ്  ഗെഡിച്ചിയും ഒന്നിച്ച് കൂടി ...!

28 കൊല്ലം മുമ്പ്  വെറും ഒരു പൂച്ച കുട്ടിയെ പോലെ എന്റെ ജീവിതത്തിലേക്ക് ഞാൻ തന്നെ പിടിച്ച്  കൊണ്ടുവന്നവൾ , പലപ്പോഴും ഒരു തനി പുലിച്ചിയായി എന്റെ മേൽ ചാടിവീഴുമ്പോഴൊക്കെ , ഞനൊരു സാക്ഷാൽ പുലിമുരുകൻ കണക്കെ കുന്തമെറിഞ്ഞ് ഈ പെൺ പുലിയെ വീഴ്ത്തുന്നത് കൊണ്ടവൾ - അന്നും , ഇന്നും ഇണക്കമുള്ള , ഒരു ഇണങ്ങിയ ഇണയായി എന്നോടൊപ്പം എന്തിനുമുണ്ട് ...,  അവളുടെ 'ടെറിട്ടറി' എന്നും കാത്ത് സൂക്ഷിച്ച കൊണ്ട് ...!
പണ്ടുള്ള  കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും , ഗൃഹനാഥൻ മാത്രം പുറത്തു ജോലി ചെയ്ത് വരുമാനം കൊണ്ട് വന്ന് കുടുംബം പുലർത്തുന്ന രീതിയിൽ  നിന്നുമൊക്കെ ഏറെ മാറി - ഗൃഹിണിയും കൂടി പുറത്ത് പണിയെടുത്ത്  വരുമാനമുണ്ടാക്കുന്ന , കൂട്ടുത്തരവാദിത്തത്തോടെ  ഗാർഹസ്ഥ്യമലങ്കരിക്കുന്ന ദമ്പതിന്മാർ ഉള്ള അണു കുടുംബ വ്യവസ്ഥയിലേക്ക്‌ കൂടുമാറ്റം നടത്തിയ ഇന്നത്തെ 'മോഡേൺ ലൈഫി'ൽ ഒട്ടുമിക്ക  കുടുംബങ്ങളിലും  , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള പല തരത്തിലുള്ള ‘ഇന്റിമേറ്റ്  വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ഉടലെടുക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത് ...


മാനസികമായും , ശാരീരികമായും , ലൈംഗികമായുമൊക്കെ കിടക്കപ്പായയിൽ നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ , ആ കുടുംബം ശിഥിലമാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയൊ  , അണിചേരുകയൊ  ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ  പറയുന്നത്.. !


അത് കൊണ്ട് ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ ഇന്നുള്ള ഒരു ഗൃഹസ്ഥാശ്രമികൾക്കും മുന്നോട്ട് വെക്കുവാൻ - പരസ്പരമുള്ള വിട്ട് വീഴ്ചകൾ കൂടിയെ മതിയാകു എന്നുള്ള സത്യം - ഈ കാലഘട്ടത്തിലെ എല്ലാ ദമ്പതികളും മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുത തന്നേയാണ് ..!
ഇത്തരം പലതരം 'അഡ്ജസ്റ്മെന്റു'കൾക്കും പല ദമ്പതിമാരും തയ്യാറാകാത്തത് കൊണ്ടാണ് , പണ്ടത്തെ അപേക്ഷിച്ച് ,  ദിനം പ്രതി അനേകം വിവാഹ മോചനകൾ ഇന്നൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് പോലും...
പണ്ടുള്ളവർ പറഞ്ഞുവെച്ചതാണെങ്കിലും ഗൃഹസ്ഥാശ്ര പർവ്വത്തിലുള്ള പല കാര്യങ്ങളും , സംഗതികളുമൊക്കെ വളരെ അനുനയത്തോടെ ഞങ്ങളുടെ ജീവിതത്തിൽ പരിപാലിക്കപ്പെടുന്നത് മൂലമാണ് , സായിപ്പിന്റെ നാട്ടിൽ വന്നുപ്പെട്ടിട്ടും , ഇവിടെ ചുറ്റുപാടും നടക്കുന്ന ഒട്ടും 'പെർമനന്റല്ലാത്ത' ഗൃഹസ്ഥാശ്രമ ചുറ്റി കളികൾ  കണ്ടിട്ടും , കേട്ടിട്ടുമൊക്കെ - ഒരു കുലുക്കവുമില്ലാതെ ഞങ്ങളിരുവരും കൂടി , ഈ കഴിഞ്ഞ 28 വർഷത്തെ ഗാർഹസ്ഥ്യ ആശ്രമത്തിൽ അടയും ശർക്കരയും പോലെ കഴിഞ്ഞിരുന്നത്  ...!
എന്ത് തന്നെയായാലും എന്തൊ കുരുത്തം കൊണ്ടൊ , മറ്റൊ എന്റെയും , എന്റെ പെർമനന്റ്  ഗെഡിച്ചിയുടെയും ഗൃഹസ്ഥാശ്രമ കാലഘട്ടം ,അതായത് മതാ പിതാ ബന്ധുമിത്രാതി ഗാർഹിക കർമ്മ സംരംക്ഷണങ്ങൾ , രതി ക്രീഡകൾ , സന്താനോൽപാദനം മുതൽ കന്യാദാനം വരെ പൂർത്തീകരിച്ച് നാല് സപ്തവർഷങ്ങൾ വലിയ കോട്ടങ്ങളൊന്നുമില്ലാതെ , അൽപ്പസൽപ്പം തട്ടും മുട്ടുമൊക്കെയായി , ചില്ലറ വെടിക്കെട്ടുകൾ നടത്തി , അനേകം വർണ്ണാമിട്ടുകൾ വിരിയിച്ച് കടന്ന്‌ പോയിരിക്കുകയാണിപ്പോൾ  ..!

എന്തെന്നാൽ ഇനി  അടുത്ത തലമുറക്ക്  ഗൃഹസ്ഥാശ്രമ പട്ടം കൈമാറി വാനപ്രസ്ഥത്തിലേക്ക് കാലുകൾ നീട്ടി ഇരുപ്പായി എന്നർത്ഥം . എന്തായാലും സന്യാസ ഘട്ടം   അനുഷ്ടിച്ച് ഇപ്പോഴുള്ള ജീവിതത്തിൽ നിന്നും നിർവാണം പ്രാപിക്കുവാൻ ഞങ്ങളുടെ ഇപ്പോഴുള്ള ശരീര സ്ഥിതികൾ അനുവദിക്കുമെന്ന് തോന്നുന്നില്ല...

അതുകൊണ്ട്  വാനപ്രസ്ഥ ഘട്ടം  പടി  വാതിലിൽ വന്ന് ശരിക്കും ഒന്ന് മുട്ടി വിളിച്ചാൽ , ആരോഗ്യ കരമായ ചുറുചുറുക്കുകൾ ഉണ്ടെങ്കിൽ പാരീസിലും , ബെർലിനിലും ,ദുബായിലും മറ്റ് എല്ലാ എമിറേറ്റുകളിലെല്ലാം കറങ്ങിയടിച്ച പോലെ  ,
വീണ്ടും നല്ലൊരു  താങ്ങും തണലുമായി എന്റെ ഗെഡിച്ചി
ഒരു ഊന്നുവടിയായി  കൂടെയുണ്ടെങ്കിൽ , അനേകം നാടുകൾ ഇനിയും ചുറ്റിയടിക്കണമെന്നുള്ള ഒരു ദുരാഗ്രഹ മോഹം ഇപ്പോൾ ഉള്ളിലൊളിപ്പിച്ച് - ഈ ഗാർഹസ്ഥ്യ   വാർഷികത്തിന് അവളുടെ അരയിൽ  ഒരു ചരട് കെട്ടി അരക്കിട്ട് ഉറപ്പിക്കുകയാണ് ...!

ഈ മാസം ജൂൺ 25 -ലെ ഞങ്ങളുടെ
28 ആം വാർഷികത്തിന്റെ , ഇരുപത്തെട്ടിന്റെ
ചരട് കെട്ട് ചടങ്ങിലേക്ക് എല്ലാ ബന്ധുമിത്രാധികളേയും ഹൃദയ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു..

സസ്നേഹം ,

നിങ്ങളുടെ സ്വന്തം
ഗെഡിയും , ഗെഡിച്ചിയും .



ചില മുൻകാല ഗാർഹസ്ഥ്യ കുറിപ്പുകൾ  
ദേ ...തഴേയുള്ള ലിങ്ക് തലക്കെട്ടുകളിൽ ക്ലിക്കിയാൽ വായിക്കാം കേട്ടോ 










Tuesday 30 May 2017

ദി ഓണം - ഒരു മമ കഥ ... ! / The Onam - Oru Mama Kathha ... !

നമ്മുടെ കഥയാണിത് ..ഓണത്തിനെ ആസ്പദമാക്കിയുള്ള 
നമ്മുടെ സ്വന്തം നാടായ മലയാള നാടിന്റെയും നമ്മുടേയും കഥ ...
എന്നാലിത് ഈ കാലഘട്ടത്തിൽ ജീവിക്കുന്നവരായ മലയാളികളുടേയും , 
നാടിന്റേയും കഥയൊന്നുമല്ല  താനും ... 
ഇന്നത്തെ മലയാളികൾ ഏറെയും  കച്ചവട ഉപഭോഗസംസ്കാരത്തിനടിമപ്പെട്ടവരാണല്ലോ ...
വിദ്യഭ്യാസപരമായി വളരെ ഉന്നതിയിലെത്തിയ ഇന്നത്തെ മലയാളി സമൂഹം , നാടും , കൂടും വിട്ട് ലോകത്തിലെ ഏതൊരു നാട്ടിലും പോയി , പണിയെടുത്ത് സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിൽ നിപുണരാണെങ്കിലും , സ്വന്തം നാട്ടിൽ കപട സദാചാര പൊയ്മുഖങ്ങൾ  അണിഞ്ഞ് , മെയ്യനങ്ങാതെ , പല ഉഡായിപ്പ് വേലകളിൽ കൂടി ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്...

 ഭക്തി മുതൽ വേശ്യാവൃത്തി വരെ ഒട്ടുമിക്കവർക്കും , ഇന്ന് നമ്മുടെ 
ഹർത്താൽ പോലെ ഒരു ഹരമാണ് ; മദ്യപാനം , സാമ്പത്തിക തിരിമറി , 
വിശ്വാസ വഞ്ചന എന്നീ സകല അൽക്കുലുത്ത് കാര്യങ്ങളിൽ , ഇന്ന് മലയാളിയെ 
വെല്ലുവാൻ ആരുമില്ല എന്ന് തന്നെ പറയാം . മലയാള  നാടിനെ മൊത്തത്തിൽ  ഗ്രസിച്ചിരിക്കുന്ന ഈ  പ്രശ്നങ്ങൾക്കൊന്നും പെട്ടൊന്നൊരു ശാന്തിയുണ്ടാകാൻ,  ഇനി ദൈവത്തിന്റെ നാട്ടിലെ സാത്താന്മാർ തന്നെ കരുതണം ... !
 
ഒരു പക്ഷേ ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാകാം ... അനേകം പ്രവാസീ മലയാളികൾ ജന്മനാടുപേക്ഷിച്ച്  , പോറ്റമ്മയായ അവരുടെ
പ്രവാസ രാജ്യത്തിലെ ‘സിറ്റിസൺഷിപ്പെ‘ടുത്ത് അവിടങ്ങളിൽ കുടിയേറി കൊണ്ടിരിക്കുന്നത്.. !

പണ്ട് സായിപ്പ് ഇന്ത്യ കൈയ്യടക്കി വാഴുന്ന കാലത്ത് തൊട്ട് തന്നെ അവർ നമ്മുടെ നാട്ടിൽ നിന്നും കണക്കെഴുതാനും , കുശിനി പണിക്കും, മറ്റ് കൂലി പണിക്കു മൊക്കെയായി പതിനെട്ട് , പത്തൊമ്പത് നൂറ്റാണ്ടുകളിൽ അടിമ വേലക്കാരായി കൊണ്ടുവന്നവർ തൊട്ടാണ് ഇവിടെ യു.കെയിൽ , മറ്റ് കറുത്ത വർഗ്ഗക്കാരുടെ കുടിയേറ്റം ആരംഭിച്ചത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ പട്ടാളസേവനത്തിനായും , റെയിൽവേ പണിക്കുമൊക്കെയായി ഇവർ മലബാറിൽ നിന്നടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി ധാരാളം മനുഷ്യ കടത്തലുകൾ നടത്തിയെങ്കിലും , അവരുടെയെല്ലം തലമുറകളിൽ മിക്കവരും , അര ഇന്ത്യക്കാരായി സ്വന്തം സംസ്കാരം കൈവിട്ടുപോയ ഒരു ജിപ്സി വർഗ്ഗമായാണ് ഇവിടെ ഇന്നൊക്കെ ജീവിച്ച് പോരുന്നത്!

ആ അവസരത്തിൽ ഇന്ത്യയിൽ നിന്നും നല്ല സാമ്പത്തിക ശ്രേണിയിലുള്ളവർ ഉപരി പഠനത്തിനായും , ചികിത്സക്കായും മറ്റും വന്ന് ഇവിടെ ചേക്കേറിയെങ്കിലും , അവരുടെ വേരുകളെല്ലം  ഇന്ത്യയിൽ തന്നെയായിരുന്നു. 

എന്നാൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം , സായിപ്പ് -യജമാനന്റെ കൂടെ വന്നവർ ഇവിടെ പിന്നീട് കുടുംബങ്ങളെ കൊണ്ടുവന്ന ശേഷമാണ് ശരിയായ ഒരു ഭാരതീയ കുടിയേറ്റം ഈ ബിലാത്തിയിൽ ഉണ്ടായത്.


ശേഷം 1962 കാലഘട്ടത്തിൽ - കൊളൊമ്പോയിൽ നിന്നും , 1970 കളിൽ സിംഗപ്പൂർ നിന്നും സായിപ്പ് വിട്ടു പോന്നപ്പോൾ ‘ബ്രിട്ടൻ പാസ്പോർട്ട്‘ ലഭിച്ചാണ് ഏറ്റവും കൂടുതൽ മലയാളികൾ ഇവിടെ എത്തി ചേർന്നത്. അതിന് ശേഷം  പലപ്പോഴായി ജോലി സംബന്ധമായി  ഇവിടെ എത്തിപ്പെട്ട പല മലയാളി കുടുംബങ്ങളും ബിലാത്തിയിൽ വാസ മുറപ്പിച്ച് തുടങ്ങി. ഇന്ന് ഗ്രേറ്റ് ബ്രിട്ടണിൽ ഏറ്റവും കൂടുതൽ വിദേശിയരായിട്ടുള്ളത് ഭാരതീയരാണ്... 
അവരിൽ പഞ്ചാബികളും , ഗുജറാത്തികളും, ബംഗാളികളുമായിരുന്നു യഥാക്രമം 
മുന്നിട്ട് നിന്നിരുന്നത്. പക്ഷേ 1995 മുതൽ 2005 വരെയുള്ള കുടിയേറ്റങ്ങളിൽ മലയാളികൾ മൂന്നാമതെത്തി മറ്റുള്ള ഇന്ത്യക്കാരേക്കാൾ സ്ഥാനമാനങ്ങൾ നേടി വീടും , കാറുമൊക്കെയായി വമ്പന്മാരും, വീരത്തികളുമൊക്കെയായി ഇവിടെ വാണുതുടങ്ങി. 

യു.കെയിലെ ചില നഗര സഭകളിൽ വാർഡ് മെമ്പേഴ്സായും , സിവിക് 
അംബാസിഡറായും മറ്റുമൊക്കെ അവർ ഇവിടങ്ങളിൽ പ്രാദേശിക ഭരണങ്ങളിലും തിളങ്ങി നിന്നു.
ഇതാ ഇപ്പോൾ ഇക്കൊല്ലാം ലണ്ടനിലെ ഒരു നഗര സഭയിൽ , ഒരു മലയാളി വനിതയായ മജ്ഞു ഷാഹുൽ ഹമീദ് ക്രോയ്ഡോൺ മേയർ ആയിട്ട് സ്ഥാനാരോഹണം നിർവ്വഹിച്ച് ഇന്ത്യക്കാർക്ക് പോലും അഭിമാനം ഉണ്ടാക്കിയിയിരിക്കുകയാണ്...!

മലയാളി വിഭവങ്ങൾ വിളമ്പുന്ന അനേകം റെസ്റ്റോറന്റുകൾ യു.കെ കാരുടെ ഇഷ്ട്ട ഭോജനാലയങ്ങളായി മാറി...
ഇതോടൊപ്പം ധാരാളം മല്ലൂസ് ഉടമസ്ഥതയിലുള്ള  ക്ലീനിക്കുകളും, വക്കീലാപ്പിസുകളും, മറ്റ് കച്ചവട സ്ഥാപനങ്ങളും ഉടലെടുത്തു...

അതുപോലെ തന്നെ ഈ ട്ടാ വട്ടത്തിൽ കിടക്കുന്ന യു.കെയിൽ 121 മലയാളി സംഘടനകളുമായി  നമ്മൾ മല്ലൂസ് ,
മറ്റേത് പ്രവാസി സംഘടനകളേയും മലർത്തിയടിച്ചിരിക്കുകയാണ്. 
ഇനി ഏറ്റവും കൂടുതൽ മലയാളി സംഘടനകൾ ഉള്ള രാജ്യം എന്നെങ്ങാനും പറഞ്ഞ് , ഈ യു.കെ മലയാളികൾ ‘ഗിന്നസ് ബുക്കി‘ൽ കയറി പറ്റുമോ എന്നുള്ള ഒരു സംശയം മാത്രമേ ബാക്കിയുളൂ...!

പോരാത്തതിന് കേരള ലിങ്ക് , ബ്രിട്ടീഷ് മലായാളി, ബ്രിട്ടീഷ് പത്രം , യു.കെ.മലയാളി, മറുനാടൻ മലയാളി , ബിലാത്തി മലയാളി, മലയാളം വാർത്ത, മറുനാടൻ മലയാളി, 4 മലയാളി ,യു.കെ മലായാളം ,... എന്നിങ്ങനെ ഇമ്മിണിയിമ്മിണി  (ഓൺ-ലൈൻ ) മലയാള പത്രങ്ങളൂം  ഇവിടെ നിന്നിറങ്ങി പ്രചുര പ്രചാരം നേടികൊണ്ടിരിക്കുന്നുണ്ട്...

ലണ്ടനിലെ ക്രോയ്ഡോണിലും , ഈസ്റ്റ് ഹാമിലുമൊക്കെ യുള്ള 
ഇവിടത്തെ പബ്ലിക് ലൈബ്രറികളിൽ 3000-ൽ മേലെ മലയാളം പുസ്തകങ്ങൾ വരെയുണ്ട്. 

ഇതിനിടയിൽ മലയാള സാംസ്കാരിക തനിമയുള്ള സാഹിത്യപരമായും , ഭാഷാ പരമായും കല , ശ്രുതി , കട്ടൻ കാപ്പിയും കവിതയും , ഫോഗ്മ , യുക്മ , ലണ്ടൻ സാഹിത്യ വേദി  തുടങ്ങീ പല മലയാളി കൂട്ടായ്മകളും ഉടലെടുത്തു. 
 പിന്നെ നമ്മുടെ തനതായ കലകളായ മോഹിനിയാട്ടത്തിനും, കഥകളിക്കും ,ചെണ്ട വാദ്യങ്ങൾക്കടക്കം എല്ലാ കലാ കേളികൾക്കും ഇവിടെ ആസ്വാദകർ എന്നുമെന്നും ഏറിയേറി വരികയാണ്...

ഇന്ന് യു.കെയിലങ്ങോളമിങ്ങോളം നല്ല മലയാള സിനിമകൾ 
പോലും നാടിനൊപ്പം  ഇവിടത്തെ സിനിമാശാല കളിലും പ്രദർശിപ്പിച്ച് തുടങ്ങി. 

ഓണവും , കൃസ്തുമസും, റംസാനുമൊക്കെ നാട്ടിലേക്കാൾ നന്നായി നല്ല മത 
മൈത്രിയോട് കൂടി ഓരൊ മലയാളി സമൂഹവും ഒന്നിച്ച് കൂടി ആഘോഷിച്ച് തുടങ്ങി.

ഒപ്പം തന്നെ പിരിവെടുത്ത് വാരികൊണ്ട് പോകുവാൻ വേണ്ടി നാട്ടിൽ 
നിന്നും മത മേലാളരും , രാഷ്ട്രീയ നേതാക്കളും പറന്ന് വന്ന് അവനവന്റെ 
അഭിരുചിക്കനുസരിച്ച് മതം , ജാതി , രാഷ്ട്രീയ ഗ്രൂപ്പുകളുണ്ടാക്കി - നല്ല കുത്തി 
തിരിപ്പുകളുണ്ടാക്കി , ഇവിടത്തെ മലയാളി സമൂഹത്തെ കുഞ്ഞാടുകളും , കഴുതകളും ആക്കി കൊണ്ടിരിക്കുന്ന പ്രവണതയും മൂന്നാലഞ്ച് കൊല്ലമായി ഇവിടെ നടമാടി കൊണ്ടിരിക്കുകയാണ്..!

കേരളത്തിൽ ഇനിയെങ്ങാനും രണ്ടാം കുടിയായ മലായാള 
ഭാഷാമ്മയെ ചവിട്ടി പുറത്താക്കിയാലും , ഈ യു.കെ മല്ലൂസ്സ് ഏവരും 
കൂടി  നമ്മുടെ സ്വന്തം ഭാഷാമ്മയെ  പോറ്റി വളർത്തും എന്നതിന് ഒരു ആശങ്കയും വേണ്ട.

2011-ലെ സെൻസസ് പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ 
പാശ്ചാത്യ നാടുകളിലും ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തിയത് നമ്മൾ മല്ലൂസ്സാണത്രെ...

പ്രൊഫഷനലുകൾക്കും,സെമി പ്രൊഫഷനുകൾക്കുമൊക്കെ വല്ലാത്ത ക്ഷാമം അനുഭവപ്പെടുന്ന വികസ്വര രാജ്യങ്ങളിൽ വിസ, വർക്ക് പെർമിറ്റ് , റെസിഡന്റ്ഷിപ് മുതലായ മറ്റുള്ളവരെ അപേക്ഷിച്ച് -  ഈ രംഗങ്ങളിൽ പ്രാവീണ്യരായ മലയാളികൾക്ക് വളരെ ഈസിയായി കരസ്ഥമാക്കാവുന്നതും കൂടി ഇതിനൊരു കാരണമാണ്.
പിന്നെ ഈയിടെയായിട്ട് പാശ്ചാത്യരായ ഒട്ടുമിക്ക ന്യൂ-ജനറേഷൻ കാമിതാക്കളും, പാർട്ണേഴ്സും , ദമ്പതികളുമൊന്നും ഒരു പുതിയ ജനറേഷൻ ഉണ്ടാക്കി,  കുട്ടികളെ പോറ്റി വളർത്തുന്നതിനും മറ്റും ഒരു വല്ലാത്ത തരം  വിമുഖത പ്രകടിപ്പിച്ച് വരികയാണ്...

പേറും ,കീറുമൊന്നും ഇവിടത്തെ പെണ്ണൂങ്ങൾക്ക് ഇപ്പോൾ ഇഷ്ട്ടമേ അല്ല...!

അതുകൊണ്ട് ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ചില വെസ്റ്റേൺ രാജ്യങ്ങൾക്കൊക്കെ. ഈ കാരണവും കൂടിയായിരിക്കാം പ്രൊഫഷനലിസ്റ്റുകളായ ദമ്പതികളേയും, കുടുംബങ്ങളെയും ആകർഷിപ്പിച്ച് കുടിയേറ്റത്തിന് ഇവർ പ്രോത്സാഹനം നൽകികൊണ്ടിരിക്കുന്ന വസ്തുത. ന്യൂസിലാന്റ് , കാനഡ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ,സമീപ ഭാവിയിൽ ,  ഏഷ്യൻ വംശജർ അവിടത്തെ ജനസംഖ്യയുടെ പാതി കടക്കുമെന്നാണ് പറയപ്പെടുന്നത്...

നമ്മൾ ഏഷ്യക്കർ ഇപ്പോഴും പെറാനും , പെറീപ്പിക്കാനും
അസ്സൽ മിടുക്കികളും , അതി മിടുക്കന്മാരുമാണല്ലോ ..അല്ലേ...!

ഇപ്പോൾ യു.കെയിലെ ദേശീയ അടിസ്ഥാനത്തിൽ അന്യനാട്ടുകാരുടെ കുട്ടികളിൽ  മലയാളം സംസാരിക്കുന്നവർ വെറും 5 കൊല്ലത്തിനുള്ളിൽ എട്ടാം സ്ഥാനത്ത് നിന്നും , ഇപ്പോൾ ഇരട്ടിയിലധികമായിട്ട് ,  2013-ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്രേ..!

ഇതിൽ ഒട്ടുമിക്ക കുട്ടികളും , രാജ്യം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ഈയിടെയായി യു.കെയിൽ കുടിയേറിയ ആരോഗ്യ-സാങ്കേതിക മേഖലകളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മലയാളി , അല്ലെന്ന്കിൽ അര മലയാളി ദമ്പതിമാരുടെ കുട്ടികളാണ് പോലും...

വെറും അഞ്ച് കൊല്ലത്തിനിടയിൽ ഇരട്ടിയോളമായ മല്ലൂസ്സായ ഈ കുട്ടിപ്പട്ടാളം പഠനത്തിൽ  മറ്റ് വിഭാഗക്കാരെ മുഴുവൻ പിൻ തള്ളി മുന്നേറുന്നതും ഈ യു.കെ.കാർക്കിടയിൽ ഒരു അതിശയം പരത്തിയിട്ടുണ്ട്...

വളരെ ഫേമിലി ഓറിയന്റഡായ ഇന്ത്യൻ ചുള്ളനേയോ, ചുള്ളത്തിയേയോ  
കല്ല്യാണം ചെയ്താൽ , ഇവിടെയുള്ളവരെ പോലെ പെട്ടെന്നൊന്നും ഡൈവോഴ്സ് 
നടത്തി പോവില്ലാ എന്നത് കൊണ്ട് ധാരാളം യു.കെ നിവാസികൾ വെഡ്ഡിങ്ങ് റിങ്ങുമായി ഇന്ത്യക്കാരുടെ ചുറ്റും വട്ടമിടുന്ന കാഴ്ച്ചകളും ഇപ്പോൾ സുലഭമാണിവിടെ...

ഇവിടെയാണെങ്കിൽ പിന്നെ നാട്ടിലെ പോലെയുള്ള പ്രീ-മാര്യേജ് ചെക്കുകളായ ജാതകം , ജാതി , മതം , സാമ്പത്തികം ,സ്ത്രീധനം മുതലായ അലമ്പ് പരിപാടികൾ ഇല്ലെന്ന് മാത്രമല്ല , കല്ല്യാണ ശേഷം പരസ്പരമുള്ള  ഭരണം , സംശയം എന്നിവയൊന്നും അത്രയൊന്നും അവരെ അലട്ടുകയുമില്ല .
പിന്നെ  വിസ സ്റ്റാറ്റസും ഒപ്പം ബോണസായി ഈ അര പാർട്ടണമാർക്ക് ലഭിക്കുകയും  ചെയ്യും..!


ഹും...
അതൊക്കെ പോട്ടെ...
നമ്മുക്കിനി നമ്മുടെ കഥയിലേക്ക് പോകാം...

“പണ്ട് പണ്ട് മതങ്ങളെല്ലം , നമ്മുടെ നാട്ടിൽ ഉടലെടുക്കുന്നതിന് മുമ്പ് 
സനാധന ധർമ്മത്താൽ മാനുജരെല്ല്ലാം ജീവിച്ചിരുന്ന ഭാരത ഭൂമിയിൽ , തെക്ക് മലയാള നാട് എന്ന ഒരു ദേശം വാണിരുന്നത് വളരെ പ്രജാവത്സലനും ,നീതിമാനുമായ മാവേലി എന്ന്  പേരുള്ള ഒരു മന്നവനായിരുന്നു..
ഫല സമ്പുഷ്ട്ടമായ ആ ദേശത്തെ പ്രജകളെല്ലാം 
എല്ലുമുറിയെ അദ്ധ്വാനിച്ച് ആ നാടിനെ സമ്പന്നമാക്കി.. 
സത്യവും നീതിയും തെറ്റിക്കാതെ , പരസ്പരം പോരടിക്കാതെ  ആ സ്നേഹ നിധിയായ ,
പ്രജാ വത്സലനായ മന്നവന്റെ കീഴിൽ , ഒരേയൊരു ഒറ്റ ജനതയായി അവർ കഴിഞ്ഞു പോന്നിരുന്നു .നാട്ടിലും , അയൽ നാടുകളിലും ഈ മാവേലി മന്നനെ ജനങ്ങൾ എന്നും പാടി പുകഴ്ത്തി.
“മാവേലി നാടു വണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം“

ഈ മന്നവന്റെ കീർത്തി കേട്ട് അസൂയ പൂണ്ട ചിലരെല്ലാം കൂടി അദ്ദേഹത്തിന്റെ 
നന്മകളെ മുതലാക്കി , ആ മലയാള ദേശത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. 

ആ അവസരത്തിൽ അദ്ദേഹം തന്നെ തന്റെ നാട്ടിൽ നിന്നും പുറത്താക്കിയവരോട് കൊല്ലത്തിൽ ഒരു തവണ തന്റെ നാടിനേയും , പ്രജകളേയും കാണുവാൻ അപേക്ഷിച്ചപ്പോൾ ആയത് അനുവദിച്ചു കൊടുത്തു. 

മഹാബലി എന്ന് പേരുള്ള മാവേലി എന്ന ആ മന്നവൻ തന്റെ പ്രജകളെ 
കാണുവാൻ വരുന്ന സമയം , ആ മലയാള ദേശക്കാർ ഒരു വരവേൽ‌പ്പ് ഉത്സവമാക്കി തീർത്തു...
പിന്നീട് വന്ന തലമുറകളും , ആ ആഘോഷം നാട്ടിലെ 
എല്ലാ സമ്പൽ സമൃതികളോടും കൂടി കൊണ്ടാടി പോന്നു ...
അതാണ് നമ്മുടെ നാട്ടിലെ ഓണത്തിന്റെ കഥ .... അതായത് നമ്മുടെ കഥ ..!“
 എല്ലാവരും ഒരേ പോലെ പരസ്പരം സ്നേഹ വാത്സല്യങ്ങളാൽ അഭിരമിച്ച് 
ആർഭാടപൂർവ്വം ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജനത .ലോകത്തിൽ ഇതുവരെ 
ഒരു ദേശത്തിനും കൈവരിക്കുവാൻ സാധിക്കാത്ത ഒരു പ്രത്യേക കാര്യം തന്നെയായിരുന്നു . 
സമ്പൂർണ്ണമായി ഏവർക്കും സംതൃപ്തിയുളള ഈ സാംസ്കാരിക തനിമ , ഈ മലയാള നാടിന് മാത്രം അവകാശപ്പെടാനുള്ള ഒരു മഹിമ തന്നെയായിരുന്നു...!

നമ്മുടെ ഇക്കഥയുടെ മഹത്വം കേട്ടറിഞ്ഞാണ് , ഈ യു.കെയിലുള്ളവർ  ,അവരുടെ കുട്ടികളെ പഠിപ്പിക്കുവാൻ  - ഇക്കഥയെ ഒരു പഠന പദ്ധതിയായി ആവിഷ്കരിച്ച് നടപ്പാക്കുവാൻ സന്നദ്ധമായത് ...!

ഓണമെന്ന ആഘോഷത്തിലൂടെ നമ്മുടെ സാംസ്കാരിക തനിമകളേയും ,
പാര്യമ്പര്യത്തേയും  മറ്റു മലയാളി മാഹാത്മ്യങ്ങളേയും പറ്റിയുമൊക്കെ വളരെ 
വ്യക്തമാക്കി തരുന്ന ‘നമ്മുടെ കഥ’ എന്ന വിഷയം പഠനാവലിൽ  ഉൾപ്പെടുത്തി , ആയതിനെ പ്രാബല്ല്യത്തിലാക്കുവാൻ  മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെയെ അവർ ചുമതലപ്പെടുത്തിയത്... 

                                                                                                                                                           ഓണത്തെ ആസ്പദമ്മാക്കിയുള്ള  ‘നമ്മുടെ കഥ‘ ‘എന്ന സംരഭം ,
നാല് ഘട്ടങ്ങളാക്കിയാണ് യു.കെയിലെ ഏറ്റവും പ്രഥമമായതും , വലിപ്പമുള്ളതുമായ ഈ  മലയാളി സംഘടന ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്. 

ഈസ്റ്റ് ലണ്ടനിലുള്ള ‘ന്യൂ ഹാമി‘ലെ പ്രാഥമിക വിദ്യാലയങ്ങളുമായി സംയുക്തമായി ചേർന്ന് ഈ  സംഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി , ‘ഈസ്റ്റ് ഹാമി‘ലെ ‘ഹാർട്ടിലി പ്രാഥമിക വിദ്യാലയ‘ത്തിൽ  നമ്മുടെ കഥയെ ഒരു പാറ്യ പദ്ധതിയായി ഉൾപ്പെടുത്തി , അനേകം സന്നദ്ധ പ്രവർത്തകരുടെ സഹകരണത്താൽ ഓണപ്പാട്ടുകളും , ഓണക്കളികളുമൊക്കെ വിദ്യാർത്ഥികളുടെ മുമ്പാകെ ; ക്ലാസ്സുകളിൽ പോയി അവതരിപ്പിച്ച് , അതിനൊത്ത സ്കിറ്റുകളും , ‘സി.ഡി ‘ കളുമൊക്കെയായി വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് ഇവിടെ പ്രചാരത്തിലുള്ള   ഡി.പി.ഇ.പി .പാറ്യ പദ്ധതി(6 മിനിട്ട് വീഡിയോ )യിലൂടെ ആയതൊക്കെ നടപ്പാക്കുകയും  ചെയ്തു..!

സകലമാന മാധ്യമങ്ങളടക്കം  , ഏവരാലും ആവോളം  പുകഴ്ത്തപ്പെട്ട , ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന  രീതിയിൽ ഇവിടെ ലണ്ടനിൽ   ഇപ്പോൾ പൂർത്തീകരിച്ച്കൊണ്ടിരിക്കുന്ന വളരെ തലയെടുപ്പുള്ള അത്യുന്നതമായ   ഒരു സംഗതി തന്നെയായിരുന്നു ‘നമ്മുടെ കഥ‘ എന്ന ഈ പ്രധാനപ്പെട്ട പാറ്യ പദ്ധതി..! 

 ഈ വെള്ളക്കാരുടെ നാട്ടിൽ നമ്മുടെ കഥയിലൂടെ മലയാള നാടിന്റെ സാംസ്കാരിക തനിമ ഇത്ര മനോഹരമായി ആവിഷ്കരിച്ച് സാക്ഷ്ത്കാരം നടത്തിയതിന് മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ. ക്ക് തൊഴു കൈയ്യോടെ ഒരു നമോവാകം... 
ഹാറ്റ്സ് ഓഫ് ടു ദീസ് ടീം ..!

Wednesday 29 March 2017

'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം.'.. ! / ' 0raal Jeevithatthilekku Thirichu Natanna Vidham ' ... !

അവൻ   മരണത്തിന്റെ കരാള
ഹസ്തത്തിൽ നിന്നും അതിജീവനം
നടത്തിയ ശേഷം, വീട്ടിലെത്തി ശരീരം
പൂർവ്വ സ്ഥിതിയിൽ ക്രമീകരിക്കുന്ന ചികിത്സാ വസ്ഥയിൽ ഇരിക്കുമ്പോഴാണ് - തന്നെ പിടികൂടിയ ദുരിത പർവ്വങ്ങളുടെ ഓർമ്മകളെല്ലാം കടലാസിലേക്ക് പകർത്തി വെക്കുവാൻ നിശ്ചയിച്ചത് ...
മുന്നിൽ നിവർത്തി വെച്ചിരിക്കുന്ന കടലാസിൽ അവൻ  ഉത്സാഹത്തോടെ മനസ്സിൽ അപ്പോൾ തോന്നിയ തലക്കെട്ടെഴുതി...

'ഒരാൾ ജീവിതത്തിലേക്ക്
തിരിച്ചു നടന്ന വിധം.'
പിന്നെ അതിനു താഴെ എഴുതാൻ തുടങ്ങി.
ഭാഗം-1
പുറത്ത് ആകാശം തെളിഞ്ഞു വരുന്നതേ ഉണ്ടായിരിക്കുകയുള്ളൂ. അന്തരീക്ഷം നേർത്ത മൂടൽമഞ്ഞ് പുതച്ച് തണുത്തു കിടക്കുകയായിരിക്കും........
അങ്ങിനെയങ്ങിനെ ഭാഗം - 2 ,
 ഭാഗം - 3  എന്നിങ്ങനെ കഴിഞ്ഞു പോയ ഓരൊ അനുഭവങ്ങളും എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ , ആയതിന്റെ ഓരൊ ഭാഗങ്ങൾ ഒന്നൊന്നായി അവന്റെ  മുഖപുസ്തകത്തിലും ആലേഖനം ചെയ്ത് പ്രസിദ്ധീകരിച്ചു ...
ആദ്യമൊക്കെ ഞങ്ങൾ അവന്റെ കൂട്ടുകാരും , നാട്ടുകാരും , ബന്ധുക്കളുമടക്കം വളരെ കുറച്ചാളുകൾ മാത്രം വായിച്ച് പോയിരുന്ന ഹൃദയ സ്പർശിയായ - ആ കുറിപ്പുകൾ , ഷെയറ് ചെയ്യപ്പെട്ടും , മറ്റും അനേകം വായനക്കാരിൽ എത്തിപ്പെട്ടു ...!
എല്ലാവരുടെയും പ്രോത്സാഹനങ്ങൾ അകമഴിഞ്ഞ് എപ്പോഴും ലഭിച്ചു കൊണ്ടിരുന്നതിനാൽ ഏതാണ്ട് എഴുപതോളം ഭാഗങ്ങൾ അവൻ എഴുതി തീർത്തു ...
തുടക്കം മുതൽ ഒടുക്കം വളരെ ലളിതമായ സാഹിത്യ ശൈലികളാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ സുഖവും , ശാന്തതയുമൊക്കെ - ദുരിതങ്ങളും, ദു:ഖങ്ങളുമൊക്കെയായി മാറുന്നതും - പിന്നീടതിൽ നിന്നും മോചനം  നേടുന്നതുമായ ഒരു നീണ്ട  അനുഭവ കഥയായിരുന്നു ആ കുറിപ്പുകൾ ...!
ഈ മുഖ പുസ്തക കുറിപ്പുകൾ വായിച്ചവരെല്ലാം - അവനെ  ഇതൊരു പുസ്തകമായി  ഇറക്കുവാൻ നിർബ്ബന്ധിച്ചപ്പോൾ ;  ഈ എഴുപതോളമുള്ള ഭാഗങ്ങൾ ക്രോഡീകരിച്ച് 55  അദ്ധ്യായങ്ങളായി തിരിച്ച് - ഒരു കൈയ്യെഴുത്ത് പ്രതിയുണ്ടാക്കിയത് , കഴിഞ്ഞ തവണ ഞാൻ ചികിത്സക്ക് നാട്ടിൽ പോയപ്പോൾ  -  എനിക്ക് വായിക്കാൻ സിദ്ധിച്ചതിൽ നിന്നും , എനിക്ക് ആ സമയത്ത് അതിയായ ആത്‌മ വിശ്വാസവും , ഊർജ്ജവും കൈവരിക്കുവാൻ സാധിച്ചു എന്നതും  എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ് ...!
എന്തുകൊണ്ടെന്നാൽ അർബുദമെന്നൊരു അവസ്ഥാവിശേഷം  , കഴിഞ്ഞ കൊല്ലം ഏതാണ്ട് ഈ സമയത്ത് എന്റെ ജീവിതത്തിന്റെ  പടി വാതിലിൽ വന്നെന്നെ ചുമ്മാ വിരട്ടി കൊണ്ടിരിക്കുകയായിരുന്നു...
നാട്ടിലും , ലണ്ടനിലുമായി  ആയുർവേദത്തിന്റേയും,       അലോപ്പതിയുടെയും തലതൊട്ടപ്പന്മാരായ പല ഭിഷംഗരന്മാരെയും സമീപിച്ചപ്പോൾ ഒരു കാര്യം മനസ്സിലായിരുന്നു ...
അതെന്താണെന്ന് വെച്ചാൽ ലോകത്തിൽ ആകെ
- രണ്ട് തരത്തിലുള്ള മനുഷ്യരെ ഇപ്പോൾ  വസിക്കുന്നുള്ളൂ എന്നത്  -
അതായത് കാൻസർ ഉള്ളവരും , കാൻസർ വരാൻ സാധ്യതയുള്ളവരും (Cancer is Not an Illness - It is a Symptom) മാത്രമെ ഉള്ളൂ എന്ന സത്യം ...!

സ്വയം വരുത്തി വെച്ചും , അല്ലാതേയും  ആർക്കും എപ്പോൾ വേണമെങ്കിലും എത്തിച്ചേരാവുന്ന ആധുനിക ജീവിതരീതികളിലൂടെയാണല്ലൊ  നാം ഏവരും  ഇപ്പോൾ അഭിരമിച്ച്   കൊണ്ടിരിക്കുന്നത് എന്നതും ഈ അവസ്ഥ കൈവരിക്കുവാൻ ഒരു പ്രത്യേക ആനുകൂല്യം കൂടിയാണ് ...
അനേകമനേകം മിത്രങ്ങളും , പരിചയക്കാരും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ എനിക്കുണ്ടായെങ്കിലും , അതിൽ എന്നും , ഇന്നും ഉത്തമർ എന്നുള്ള കൂട്ടുകാരും ,  കൂട്ടുകാരികളും ആയിട്ടുള്ളവർ നാട്ടിൽ ഒപ്പം കളിച്ചു  വളർന്നവരും , സഹപാഠികളും , പിന്നെ കലാസാഹിത്യ അഭിരുചികളിലൂടെ പരിചയപ്പെട്ടവരും തന്നെയാണെന്ന് അടിവരയിട്ട് പറയാവുന്ന സംഗതിയാണ്...

ഇന്ന് സോഷ്യൽ മീഡിയയിലെ എഴുത്തിന്റെ മേഖലയിൽ വാണരുളുന്ന  തൃശ്ശൂർ വെറ്റിനറി കോളേജിൽ നിന്നും കാൽ നൂറ്റാണ്ട് മുമ്പ് പുറത്തു വന്ന  സമകാലികരായ  പ്രിയൻ പ്രിയവ്രതൻ , സതീഷ് കുമാർ , പിന്നെ സുനിൽ കുമാർ എന്നിവരിൽ ഒരുവനായ  എന്റെ ഒരു പ്രിയ മിത്രവും, ബ്ലോഗറും , സിനിമാക്കാരനും ,  നാട്ടുകാരനുമായ ഡോ : എം.ബി. സുനിൽ കുമാറിന്റെ കഥയാണിത്  ...!
അർബുദത്തിൽ നിന്നും മോചനം നേടി വീണ്ടും ജോലിയിൽ  കയറിയ ശേഷം , ഞാനും , സുനിലും , പ്രദീപ് ജെയിമ്സും , സമദ് വക്കീലും, സത്യനുമൊക്കെ കൂടി 'തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റി'ൽ പങ്കെടുത്ത് , വടക്കൻ കേരളം മുഴുവൻ ഒന്ന് കറങ്ങിയിരുന്നു ...
അതിന് ശേഷം സുനിൽ അപ്പോൾ വർക്ക് ചെയത് കൊണ്ടിരുന്ന സിനിമയുടെ ലൊക്കേഷനിലും ...!
വളരെ അസ്സലായി തന്നെ നാടിനേയും  , നാട്ടുകാരേയും, കൂട്ടുകാരേയും, ചികിത്സകനേയും, ചികിത്സാലയത്തേയും, അവിടത്തെ അന്തേവാസികളേയും മറ്റും കൂട്ടിയിണക്കി ,താൻ അതി ജീവിച്ച പ്രതിസന്ധികളും, പ്രതിവിധികളുമൊക്കെ പ്രതിപാദിച്ചിട്ടുള്ള തനി ജീവിതാനുഭവാവിഷ്കാരങ്ങൾ വരികളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ അനുഭവ കഥയിൽ കൂടി സുനിൽ എന്ന എന്റെ മിത്രം ...
ഭാവിയിൽ വളരെയധികം  പേർക്ക് തികച്ചും ഉപകാരപ്രദമാകുന്ന ഒരു പാഠ പുസ്തകം തന്നെയായാകും സുനിലിന്റെ ഈ അനുഭവ ആവിഷ്ക്കാരങ്ങൾ കുറിച്ചിട്ട ഈ പ്രസിദ്ധീകരണമെന്ന്  ഉറപ്പിച്ച് പറയാവുന്ന സംഗതി തന്നെയാണ് ...!
ചിരിച്ചും ചിരിപ്പിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുമ്പോൾ  നടൻ ഇന്നസെന്റിനെ കാൻസർ പിടി കൂടിയ ശേഷം , പിന്നീടത് ഭേദപ്പെട്ടപ്പോൾ - അദ്ദേഹം തന്റെ അർബുദ  കാലഘട്ടത്തിലെ  ഓർമ്മകൾ കാൻസർ വാർഡിലെ  ചിരി എന്ന പുസ്തകത്തിലൂടെ എ ഴുതിയിട്ടപ്പോൾ
കാൻസറെന്നാൽ ഇത്രയേ ഉള്ളൂ എന്നും , അതിനെ ഭയപ്പെടേണ്ടതില്ലെന്നും , മൂപ്പർ  തന്റെ അനുഭവങ്ങൾ സാക്ഷിയാക്കി വെളിപ്പെടുത്തിയിരുന്നു ...
അതോടെ അത്  വായിച്ചവർക്കൊക്കെ കാൻസറിനെ കുറിച്ചുള്ള പല വികലമായ ധാരണകൾ മാറ്റാനും , മാറി ചിന്തിക്കാനും കുറേ പേരെയെങ്കിലും , പല മാധ്യമങ്ങൾക്കു മുന്നിലൂടെ  ഈ അർബുദ കാലയളവിലെ അനുഭവങ്ങളും , പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്ന സംഗതികളും , മറ്റും വെളിപ്പെടുത്തുവാൻ പ്രേരിപ്പിച്ചു ... 

പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ അർബുദ ചികിത്സാ രംഗത്ത് കൈപ്പുണ്യം വരിച്ച  ഡോ : വി.പി .ഗംഗാധരനും , അദ്ദേഹത്തിൻറെ ടീമംഗങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ,ബോധവൽക്കരണങ്ങളും വിശദീകരങ്ങൾ സഹിതം അവരവരുടെ അനുഭവ സാക്ഷ്യങ്ങൾ സഹിതം ...! ( താഴെ വീഡിയൊ കാണാം  )



അതുപോലെ തന്നെ തീർച്ചയായും  ഏവർക്കും വളരെ ഉപകാര പ്രദമാകുവാൻ പോകുന്ന ഒരു  പുസ്തകം തന്നെയായിരിക്കും സുനിലിന്റെ ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം' ...!
ഡി.സി.ബുക്സ്‌ പുറത്തിറക്കുന്ന ഡോ : എം .ബി . സുനിൽ കുമാറിന്റെ ഈ അനുഭവങ്ങളും മറ്റും വിശദീകരിച്ചിട്ടുള്ള , 224 പേജുകളും , 51 അദ്ധ്യായങ്ങൾ അടങ്ങിയതുമായ    195 രൂപ  മുഖ വിലയുള്ള പുസ്തകം ,  സുനിൽ കുമാറിന്റെ കാൻസർ കാലഘട്ടത്തിലെ   ഓർമ്മകൾ  കുറിച്ചിട്ട 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം ' ഈ വരുന്ന 2017 ഏപ്രിൽ 21 - ന് വെള്ളിയാഴ്ച , കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിദ്ധ്യത്താൽ ധന്യമാകുന്ന ചടങ്ങിൽ  - വൈകീട്ട് 5 മണിക്ക് , തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് ഡോ : വി.പി .ഗംഗാധരൻ   പ്രകാശനം ചെയ്യുകയാണ് ... 
നാട്ടിൽ ആ സമയത്തുള്ള ബ്ലോഗേഴ്‌സിനൊക്കെ സൗകര്യമുണ്ടെങ്കിൽ  ഈ ചടങ്ങിൽ പങ്കെടുക്കാവുന്നതാണ് ... 
ഡി.സി.ബുക്സിന്റെ ഓൺ-ലൈൻ സ്റ്റോറിൽ ഇപ്പോൾ 176  രൂപയുടെ സ്‌പെഷ്യൽ പ്രൈസിലും ഈ പുസ്തകം വാങ്ങാവുന്നതാണ് OnLineStore - DC Books - Author Dr: M.B.Sunilkumar .

പ്രഥമ  അദ്ധ്യായമായ
'കുളിർ മഞ്ഞിൽ ആരൊ ഒരാൾ '
മുതൽ ഈ പുസ്തകത്തിലെ മിക്ക  അദ്ധ്യായങ്ങളും വായനക്കാരുടെ മനസ്സിനെ ആദ്യം കുറെ നൊമ്പരപ്പെടുത്തുമെങ്കിലും, പിന്നീട് ആശ്വാസവും സന്തോഷവും തരുന്നവയാണ്...
യാത്രകളും , ഉത്സവങ്ങളും , സാഹിത്യവും , സിനിമയുമൊക്കെ സുനിലിന്റെ  ഇതുവരെയുള്ള ജീവിതത്തിൽ കയറിയിറങ്ങി പോയതും , ജോലി ചെയ്തിരുന്ന ഗ്രാമങ്ങളിലെ തനി കൃഷിയും , മാട് വളർത്തലുമായി കഴിയുന്ന ജനങ്ങളുടെ സ്നേഹഭാജനമായ ഒരു സ്വന്തം ഡോക്ട്ടറേയും ഈ പുസ്തകത്തിന്റെ താളുകളിൽ കൂടി തൊട്ടറിയാവുന്നതാണ് ...!
അമ്പതാം ഭാഗമായ
' വീണ്ടും ഒരു പുനർജനി നൂഴലൊക്കെ'
വല്ലാതെ ആമോദം നൽകുന്നു ...
 'എത്ര സുന്ദരം ഈ ജീവിതം'
എന്ന അവസാന ഭാഗത്തിൽ ഡോ : സുനിൽകുമാർ  
ഇങ്ങിനെ എഴുതി അവസാനിപ്പിക്കുകയാണ് ...

'പുതിയൊരു വേഷത്തോടെ പുതിയൊരുത്സാഹത്തോടെ വീണ്ടും
ജീവിതത്തിന്റെ വർണ്ണ വിഹായസ്സുകളിലേക്ക് കുന്നുകൾ താണ്ടി നക്ഷത്രങ്ങൾ തേടി ഞങ്ങൾ വീണ്ടും യാത്ര തുടരുകയാണ് ...'

നമുക്കൊക്കെ അറിയാം 
ഈ 'ഞങ്ങളി'ൽ അനേകം പേർ 
അണിനിരക്കുന്നുണ്ട് എന്ന വാസ്തവം...!

 

LATEST CANCER  INFORMATION (ലിങ്ക് )

21 / 04  / 2017

സുനിലില്ലാതെ അവന്റെ പുസ്തക പ്രകാശനം ഇന്ന് നടന്നു .മരണത്തിന്റെ പിടിയിൽ നിന്നും മോചിതനായി വന്നിട്ട് , മരണമുഖത്ത് കിടക്കുന്നവർക്കെല്ലാം നല്ലൊരു ബോധ വൽക്കരണം നടത്തിയിട്ട് , ഡോ :സുനിൽ കുമാർ ഒരു വീഴ്ച്ചയെ തുടർന്ന് , എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കൊണ്ട് ,രണ്ടാഴ്‌ച്ച മുമ്പ് അവൻ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മടങ്ങി പോയി .. ! സുനിലിന്  ആദരാജ്ഞലി / മിത്രം ഡോ :സതീഷിന്റെ കുറിപ്പുകൾ

 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...