Sunday 31 January 2016

വായന വിളയാട്ടങ്ങൾ ... ! / Vaayana Vilayaattangal ... !

അറിവും വിവരവും ഒപ്പം അല്പസൽ‌പ്പം വിവേകവും ഉണ്ടെങ്കിൽ ഒരാൾക്ക് ജീവിത വിജയങ്ങൾ ഏറെ വാരി പിടിക്കുവാൻ സധിക്കും എന്നാണല്ലോ പറയുക ...
കണ്ടറിഞ്ഞും , കേട്ടറിഞ്ഞും , തൊട്ടറിഞ്ഞും പഠിക്കുന്ന  അനുഭവ ജ്ഞാനങ്ങളേക്കാൾ വിലയുള്ള ഏറ്റവും വലിയ അറിവാണ് വായനയിലൂടെ ഒരാൾ നേടിയെടുക്കുന്ന വിജ്ഞാനം എന്നാണ് പറയപ്പെടുന്നത് ...
പണ്ടത്തെ താളിയോല ഗ്രന്ഥങ്ങൾ തൊട്ട് അച്ചടി മാധ്യമങ്ങൾ അടക്കം അത്യാധുനിക വെബ് - ലോഗുകളിൽ വരെ ഇന്ന് ആർക്കും യഥേഷ്ട്ടം എടുത്ത് ഉപയോ‍ഗിക്കാവുന്ന വിധം ഈ അറിവുകളുടെ വിശ്വ വിജ്ഞാന കലവറകൾ ലോകം മുഴുവൻ ഇന്ന് അങ്ങിനെ വിന്യസിച്ച് കിടക്കുകയാണല്ലൊ ഇപ്പോൾ ...
ലോകത്തുള്ള ചില പ്രധാനപ്പെട്ട  ‘ലൈബ്രറി കൌൺസിലുകളും ,  ‘പബ്ലിഷേഴ്സും‘ കൂടി നടത്തിയ ഒരു റിസർച്ചിന്റെ  ഫലം കഴിഞ്ഞ വർഷം ആഗോള വായന ദിനത്തിന്റെയന്ന് പുറത്ത് വിട്ടിരുന്നു...

അതെന്താണെന്ന് വെച്ചാൽ പണ്ട് മുതൽ ഇന്ന് വരെ വായനയുടെ കാര്യത്തിൽ മുൻപന്തിയിൽ  നിൽക്കുന്നത് ഏഷ്യക്കാരാണ് പോലും ...
അതിൽ ആ‍ഴ്ച്ചയിൽ 11 മണിക്കൂർ വരെ ആവെറേജ് വായിച്ച് കൂട്ടുന്ന ,
മറ്റെല്ലാവരേയും പിന്തള്ളി , ഏവരേക്കാളും  മികച്ച് നിൽക്കുന്നത് നമ്മൾ ഭാരതീയരാണെത്രെ ... !

മനുഷ്യൻ ഉണ്ടായ കാ‍ലം മുതൽ അവർക്കെല്ലാം കിട്ടി കൊണ്ടിരുന്ന പുത്തൻ അറിവുകളെല്ലാം തായ് വഴികളിലൂടെ തലമുറ തലമുറയായി അവർ കൈ മാറി വന്നുകൊണ്ടിരുന്നത് ശബ്ദങ്ങളിലൂടേയോ  , ആംഗ്യങ്ങളിലൂടേയോ , രേഖാ ചിത്രങ്ങളിലൂടേയോ മറ്റോ ആയിരുന്നു പുരാതന മനുഷ്യർ , അവരുടെ ഇത്തരം ആശയ വിനിമയങ്ങൾ മറ്റൊരുവന് പകർന്ന് കൊടുത്തിരിന്നത് എന്നാണ്  ചരിത്ര രേഖകൾ വ്യക്തമാക്കുന്നത് ...

പിന്നീടതൊക്കെ അവരുടെയിടയിൽ ഭാഷകൾ ഉരുത്തിരിഞ്ഞ് വന്നപ്പോഴേക്കും ,  അവർ ഈ അറിവുകളൊക്കെ വാമൊഴിയായി പദ്യങ്ങളായൊ, പാട്ടുകളായൊ , ശ്ലോകങ്ങളായൊ താള ലയങ്ങളോടെ പുതു തലമുറകൾക്ക് കൈമാറി കൊണ്ടിരുന്നു ...
ശേഷം അതൊക്കെ  താളിയോലകളായും , അച്ചടിയായും ഗ്രന്ഥങ്ങളിൽ
സ്ഥാനം പിടിച്ചപ്പോൾ വായനയും എഴുത്തുമൊക്കെ മനുഷ്യ കുലങ്ങളിൽ അടി
വെച്ചടിവെച്ച് വർദ്ധിച്ചു വന്നു ...
ഇപ്പോഴിതാ ലോകം മുഴുവൻ ഡിജിറ്റൽ വായനയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് ...

അതായത് സിനിമകളൊക്കെ കാണുമ്പോലെ കണ്ടും കേട്ടുമൊക്കെ വായിച്ച് രസിക്കാവുന്ന വീഡിയോ ബക്സും  , വളരെ സുന്ദരമായ പാട്ടുകളൊക്കെ കേൾക്കുന്ന പോലെ കഥകളും ,കവിതകളും മറ്റും കേട്ട് മനസ്സിലാക്കാവുന്ന    ഓഡിയോ ബുക്ക്സും ...!  
പിന്നെ ഇതെല്ലാം അടങ്ങുന്ന വായിക്കാനും , എഴുതാനും , കാണാനും , കേൾക്കാനുമൊക്കെ സാധിക്കുന്ന തരത്തിലുള്ള  ഡിജിറ്റൽ ബുക്കുകളടക്കം ധാരാളം 'ഇലക്ട്രോണിക് ഡിവൈസു'കളും  പ്രചുര പ്രജാരം വന്നിരിക്കുന്ന കാലമാണിപ്പോൾ ...!
ഇന്ന് ഉലകത്തിൽ 'ഇ -വായന'കൾ ബഹുവിധം സുലഭം ആണെങ്കിലും , അച്ചടി വായനകൾക്ക് ഇപ്പോൾ ഇതുവരെ അന്ത്യക്കൂദാശകൾ അർപ്പിക്കാത്ത കാരണം നമ്മുടെയൊക്കെ തലമുറയിലുള്ളവർക്ക് പുസ്തക വായനകളോട് സുല്ല് പറയേണ്ടി വരില്ല എന്ന് മാത്രം .

ഒരു പക്ഷേ അടുത്ത ജെനറേഷനിൽ ഇക്കാര്യത്തിൽ ഒരു മാറ്റം സംഭവിക്കം .
വായന മാത്രമല്ല , കയ്യെഴുത്തിനും ഈ ഗതി തന്നെയാണ് വരാൻ പോകുന്നത്. 

എന്തും കൈ കൊണ്ട് എഴുതുന്നതിന് പകരം ‘ടൈപ്പ്’ ചെയ്യുകയാണ് , ഏവരും ചെയ്ത് കൊണ്ടിരിക്കുന്ന പ്രക്രിയ .
അന്തർദ്ദേശീയമായി പേരെടുത്ത യൂറൊപ്പിലെ മൂന്നാല്
പേനക്കമ്പനികളെല്ലാം  കഴിഞ്ഞ വർഷം കച്ചവടം നേർ പകുതിയിലേക്ക്
കൂപ്പ് കുത്തിയപ്പോൾ അടച്ച് പൂട്ടുകയുണ്ടായി .

ലോകത്തിലെ മിക്കവാറും താപാൽ വകുപ്പുകളിലേയും
തസ്തികകൾ ഇല്ലാതായി വരികയാണ്.

ദേ ഇപ്പോൾ ഇംഗ്ലണ്ടിലുള്ള നമ്മുടെ ‘മലയാള മനോരമ‘യൊക്കെ
പോലുള്ള , ഒരു  പുരാതനമായ 'ഇന്റിപെന്റണ്ട് - ദി ഡെയ്ലി മെയിൽ'  പത്രം
പൂർണ്ണമായും അച്ചടി പതിപ്പുകൾ നിറുത്തി , ഡിജിറ്റൽ പേപ്പറായി മാറിയിരിക്കുകയാണ്.

ഇത്തരം വായന / എഴുത്ത് വിപ്ലവ മുന്നേറ്റത്തിനിടയിൽ പല പല മേഖലകളിൽ അനേകം മനുഷ്യവിഭവ ശേഷികൾ ഇല്ലാതാക്കുന്നു എന്നൊരു
സത്യവും നാം മനസ്സിലാക്കിയിരിക്കണം.

ഇതുകൊണ്ടൊന്നും ലോകത്താകമാനം വായനയും എഴുത്തുമൊന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആയതൊക്കെ പതിന്മടങ്ങ് വർദ്ധിച്ചു എന്നുള്ള ഒരു മെച്ചം കൂടി ഈ നവീന വായന വിപ്ലവങ്ങൾ കൊണ്ട് സാധ്യമാകുകയും ചെയ്തിരിക്കുകയാണിപ്പോൾ. ..!



ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞാൽ കടലാസ്സുകൾ അപൂർവ്വമാകുന്ന ഒരു കാലം വന്ന് ചേരുമെന്നാണ് പറയുന്നത് . 
അന്ന് ‘സോളാർ എനെർജി‘യാൽ്
പ്രവർത്തിക്കുന്ന ഒരിക്കലും ‘ഡിസ്കണക്റ്റാകാത്ത‘, ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന
ഒരു ഭീമൻ ‘വൈ -ഫൈ / Wi-Fi‘യാൽ ബന്ധിക്കപ്പെടുന്ന ഭൂമിയി്ലുള്ള സകലമാന ലൊട്ട് ലൊടുക്ക് ദിക്കുകളിലും ‘സൈബർ മീഡിയ‘കളിൽ കൂടി മാത്രമേ ഭൂരിഭാഗം ഇടപാടുകളും നടക്കുകയുള്ളൂ ...

ഒരു ‘’മൈക്രോ ചിപ്പി‘ൽ വരെ ഒരു പുസ്തക ശാലയിലെ മുഴുവൻ ബുക്കുകളുടേയും ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിക്കുവാൻ പറ്റുന്ന കാലഘട്ടം.
അന്നൊക്കെ ഡിജിറ്റൽ വായനകൾ
മാത്രമേ ഉണ്ടാകുകയുള്ളൂ എന്നർത്ഥം ..
അപ്പോൾ അന്ന്  പുസ്തകങ്ങളൊക്കെ ‘പ്രഷ്യസ് ‘ ആയിരിക്കും ...!
എപ്പോഴും പഴയതൊക്കെ അന്യം നിന്നു പോ‍ാകുമ്പോഴും  വായനയിൽ കൂടി കിട്ടുന്ന  ഈ വിജ്ഞാന വിളംബരങ്ങളെല്ലാം അതാതുകാലത്തുള്ള മനുഷ്യർക്ക് കൈവന്നിരുന്ന, അവരവരുടെ കാലത്തെ അത്യാധുനിക ഉപാധികളിലൂടെ കണ്ടെടുത്ത് മനസ്സിലാക്കാനും , സംരംക്ഷിക്കാനും സാധിച്ച് പോന്നിരുന്നത് മനുഷ്യന് അവന്റെ അറിവിനോടുള്ള ആർത്തി തന്നെയായിരുന്നു കാരണം ... !

അതുകൊണ്ട് വായന എന്ന സംഗതി ലോകത്ത് മനുഷ്യനുള്ള കാലം വരെ വിവിധ തരം മാധ്യമങ്ങളിൽ കൂടി തുടർന്ന് കൊണ്ടിരിക്കും
അവ എന്നും പല പല ഉപാധികളിൽ കൂടി സംരംക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും ... !


ചെറുപ്പം മുതലെ ഒരു വായനയുടെ ദഹനക്കേടുണ്ടായിരിന്ന എനിക്ക് എഴുത്തിന്റെ ചില കൊച്ചു കൃമി ശല്ല്യവും ഒപ്പം ഉണ്ടായിരുത് കൊണ്ടായിരിക്കാം ഭൂമി മലയാളത്തിൽ ബൂലോകം പൊട്ടി മുളച്ചപ്പോൾ ആയതിന് ഇത്തിരി ചാണക വളമായി പല തവണ ഇവിടെയൊക്കെ വന്ന് പലതും വിസർജിച്ച് പോകുന്നത്...

പക്ഷേ തുടരെ തുടരെ പൊട്ടി മുളക്കുന്ന പല ‘സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റു‘കളിലൊക്കെ ഉന്തി തള്ളി കയറിയിട്ട് , അവിടെയൊന്നും സ്വസ്ഥമായ ഒരു ഒരു ഇരിപ്പിടം കിട്ടാതെ തേടി  അലയുമ്പോഴും  വായനയെന്ന ശയനത്തിൽ തന്നെ ഞാൻ ലയിച്ച് കിടക്കാറുണ്ടായിരുന്നു ...

ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ  മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്.

2016 ന്റെ തുടക്കം മുതൽ നല്ല പിള്ള ചമയാനുള്ള ‘റെസലൂഷൻ‘ എടുത്തതിനോടൊപ്പം തന്നെ അനേകം ഗ്രൂപ്പുകളിലായി അഭിരമിച്ചിരുന്ന് ചുമ്മാ സമയം അപഹരിക്കുന്ന  ‘വാട്ട്സാപ് , ലിങ്കിടിൻ , ഇൻസ്റ്റാഗ്രാം‘ മുതലായ പല സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും ‘സൈലന്റ് ‘ആയി നിന്ന് ,  എന്റെ മറ്റ് സോഷ്യൽ മീഡിയ തട്ടകളാ‍ായ‘  ഗൂഗ്ൾ പ്ലസ് , ഫേസ് ബുക്ക് , ട്വിറ്റർ ‘ എന്നീ തട്ടകങ്ങളിൽ ഒതുങ്ങി നിന്ന് മാത്രം , ചുമ്മാ ഒന്ന് എത്തി നോക്കിയിട്ട് ,   ബാക്കി വരുന്ന സമയം മുഴുവൻ എന്റെ ഇഷ്ട്ട വായന ഇടങ്ങളായിരുന്ന അച്ചടി മാധ്യമങ്ങളിലേക്ക് ഞ്‍ാൻ വീണ്ടും ഇറങ്ങി പോകുകയാണ് ...

ഏതൊരു വിദ്യയും സ്വയം കൈ വശമാക്കണമെങ്കിൽ അതിനെ കുറിച്ച്
ആദ്യം സിദ്ധാന്തപരമായൊ , പ്രായോഗികപരമായൊ മനസ്സിലാക്കി പഠിച്ചിരിക്കണം .
ആയതിന് അടിസ്ഥാനപരമായി വേണ്ട സംഗതിയാണ് വായന ...

അതെ എവിടെയും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച്
കയറണമെങ്കിൽ  ഒരാൾക്ക് അറിവുകൾ ഉണ്ടായിരിക്കണം.

വിദ്യാ ധനം സർവ്വ ധനാൽ 
പ്രാധാന്യം എന്നാണല്ലൊ പറയുക..
അതെ
വായിച്ചാൽ വളർന്ന് വളർന്ന് വലുതാകാം ...
അല്ലെങ്കിൽ വളഞ്ഞ് വളഞ്ഞ് നിലം മുട്ടി ഇല്ലാതാകും ... !

ഒരു പുസ്തക ദിനത്തിനൊ ,
വായന ദിനത്തിനൊ മാത്രം
പോര വായനകൾ .., 
എന്നുമെന്നും
വേണം ബൃഹത്തായ വായനകൾ...!


PS 
ഈ ലേഖനം പിന്നീട് ബ്രിട്ടീഷ് കൈരളിയിൽ 
എന്ന രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് 



പിന്മൊഴി :-
ബൂലോഗത്ത് ഞാൻ തിമർത്താടിയിരുന്ന 
2011  കാലഘട്ടത്തിൽ  എഴുതിയിട്ടിരുന്ന  
വെറും വായന വിവരങ്ങൾ എന്ന ആലേഖനവും 
ഇതോടൊപ്പം വേണമെങ്കിൽ കൂട്ടി വായിക്കാം കേട്ടൊ കൂട്ടരെ

Thursday 26 November 2015

സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോഗന : ... ! Saptha Varsha Shree Sampoorna Boologana : ... !


അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് , ഇന്നുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്ക് രംഗത്തുള്ള മാധ്യമങ്ങൾക്ക് മെച്ചങ്ങൾ അനവധിയാണ് ...

വാചകങ്ങളായൊ , പേജുകളായൊ നിർവചിക്കേണ്ട ചില സംഗതികളൊ , മറ്റോ - ‘മാറ്ററി‘നൊപ്പം തന്നെ ആലേഖനം നടത്തിയോ , ദൃശ്യ - ശ്രാവ്യ പ്രധാന്യമടങ്ങിയ ശൃംഗലകളായൊ ,  വീഡിയോകളായൊ  കുറിപ്പുകളോടൊപ്പം , കൂടി ചേർത്തിട്ടോ അഥവാ ആയതിനെ കുറിച്ചുള്ള ‘ലിങ്കു‘കൾ നൽകിയോ അനുവാചകനെ തൃപ്തനാക്കുവാൻ സാധ്യമാക്കുന്നു എന്നതാണ് വിവര സാങ്കേതികത തട്ടകങ്ങളിലുള്ള മാധ്യമങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം ...
പിന്നെ നിമിഷങ്ങൾക്കകം ടി സംഗതികളെ ലോകത്തിന്റെ
ഏത് കോണിലുമുള്ള മാലോകർക്ക് മുമ്പിലെത്തിക്കുവാനും സധിക്കുന്നു
എന്നിങ്ങനെയുള്ള നിരവധി 'അഡ്വന്റേജു'കൾ 'ഇന്റെർനെറ്റി'ൽ കൂടിയുള്ള
സോഷ്യൽ മീഡിയകളിലുള്ള ബ്ലോഗ്ഗിങ്ങിന് സാധ്യമാകുന്നുണ്ട് ...

എന്നാലും പല ബ്ലോഗ്ഗിങ്ങ് ഉപഭോക്താക്കളും ഇത്തരം
മെച്ചപ്പെട്ട കാര്യങ്ങളൊന്നും ഉപയോഗിക്കുന്നില്ലാ എന്നതാണ് വാസ്തവം ....

ബ്ലോഗ്ഗിങ്ങ്  എന്നാൽ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ കുത്തി കുറിച്ചിടുന്ന സംഗതികളാണ് എന്ന് ഏവർക്കും അറിവുള്ള കാര്യങ്ങളാണല്ലോ .
 പക്ഷേ ഇന്ന് സോഷ്യൽ മീഡിയകളിൽ രാവും പകലുമെന്നോ‍ണം കേളി വിളയാട്ടങ്ങൾ  നടത്തി കൊണ്ടിരിക്കുന്ന ഒട്ടുമിക്കവർക്കും ഇത്തരം ഫേസ് ബുക്ക് , ട്വിറ്റർ , ബ്ലോഗ് പോർട്ടലുകൾ മുതൽ സകലമാന ബ്ലോഗ്ഗിങ്ങ് സൈറ്റുകളിലെ ഇടപെടലുകളൊക്കെ ,  എങ്ങിനെയാണ് മാനേജ് ചെയ്യേണ്ടത് എന്നറിയാത്തതാണ് - ഈ രംഗങ്ങളിലും ,  പിന്നീടുള്ള  ജീവിത വഴികളിലും , പല പരാജയങ്ങളും അവർക്കൊക്കെ ബാക്കിയുള്ള ജീവിതത്തിൽ ഏറ്റ് വാങ്ങേണ്ടി വരുന്നത് ...

ആംഗലേയ ബ്ലോഗറും ലോക പ്രശസ്തയുമായ
ഹർലീന സിങ്ങിന്റെ  ‘ആഹാ  !  നൌ  ലൈഫ്  ബ്ലോഗിങ്ങ് ‘  തട്ടകത്തിലെ ,
പുതിയ പോസ്റ്റായ   How to Manage Blogging & Life എന്ന രചനയിൽ പോയി
 സന്ദർശിച്ച് നോക്കിയാൽ താല്പര്യമുള്ളവർക്ക് ആയതെല്ലാം വായിച്ച് മനസ്സിലാക്കാവുന്നതാണ് ...

ആഗോളതലത്തിൽ എടുത്ത് നോക്കുകയാണെങ്കിൽ ഇന്ന് ലോക
ജനസംഖ്യയുടെ 40 % ആളുകൾ ഇന്റെർനെറ്റ് ഉപയോഗ്ഗിക്കുന്നവരാണെത്രെ ,
ഇവരിൽ മുക്കാൽ ഭാഗം പേരും സോഷ്യൽ നെറ്റ് വർക്ക് ഉപഭോക്താക്കളും ആണെത്രെ ...

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതാണ്ട് 170 ൽ പരം ആക്റ്റീവായ സോഷ്യൽ
മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ ഉണ്ട് . അവയിൽ ചിലവയെല്ലാം അന്തർദ്ദേശീയമായി വളരെ പേരും പെരുമയും  ഉള്ളവയും , മറ്റ് ചിലത് അതാതിടങ്ങളിലെ ദേശീയ പെരുമയിൽ , അവരവരുടെ ഭാഷാ തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയും ആ‍ണെന്ന്  മാത്രം ...

ഇതോടൊപ്പം എന്നുമെന്നോണം സൈബർ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ തിക്കി തിരക്കി വന്നു കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല , അവരെല്ലാവരും തന്നെ വിവിധ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ അവരവരുടെ സാനിദ്ധ്യങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ നടമാടികൊണ്ടിരിക്കുന്നത് ...


ഇന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകളിൽ
അഭിരമിക്കുന്ന ഏറെ പേർക്കും ഇമ്മിണിയിമ്മിണി മിത്രങ്ങളുണ്ടായിരിക്കാം ...

ചാറ്റിങ്ങും , ചീറ്റിങ്ങും , സല്ലാപവും , ഒത്തുചേരലുകളുമൊക്കെയായി ഇത്തരം
‘ഫ്രെൻണ്ട് സർക്കിളുകൾ‘ എന്നുമെന്നോണം  വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു ...
 
അമേരിക്കൻ സൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,
വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...

അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !

അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...


വിവര വിജ്ഞാന മേഖലയിലെ മേന്മകൾക്കൊപ്പം മനുഷ്യനുണ്ടാകുന്ന
 ഇത്തരം ഏകാന്തതയെ കുറിച്ചൊക്കെ വ്യക്തമാക്കിത്തരികയും , പോംവഴികൾ
പറഞ്ഞുതരികയും ചെയ്യുന്ന , M I T യിലെ ‘പ്രൊഫ: ഷെറി ടർക്ലി‘ന്റെ ഈയിടെയായി പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ  Alone Together  എന്ന പുസ്തകകമോ , ‘ടോക് ഷോ‘യൊ താല്പര്യമുള്ളവർക്ക് പോയി എത്തി നോക്കാവുന്നതാണ്...

ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക്
തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...

ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...

അതായത് ഒരു കാര്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട് -

ശരാശരി ഒരു മനുഷ്യന് ഒരേ സമയം മാക്സിമം  200 ൽ പരം ആളുകളുമായി
ആശയവിനിമയങ്ങൾ ; പരസ്പരം , സ്ഥിരമായി നടത്തികൊണ്ടു പോകുവാൻ
സാധിക്കില്ല എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാ‍ാക്കിയിരിക്കണമെന്ന് മാത്രം ...

ഇനി അല്പസൽ‌പ്പം സ്വന്തം കാര്യങ്ങളിലേക്ക്
ഞാൻ എത്തി നോക്കുവാൻ പോകുകയാണ് കേട്ടോ കൂ‍ട്ടരെ ...

ബാല്യകാലങ്ങളിൽ എന്നെ എന്നും പുരാണാതിഹാസ കഥകളാൽ
കോരി തരിപ്പിച്ചിരുന്ന ഒരു സുന്ദരിക്കോതയായ മുത്തശ്ശിയുണ്ടായിരുന്നു .
കാതിൽ ഊഞ്ഞാലുപോലെ ആലോലമായി ആടുന്ന തോടയും സപ്തതി കഴിഞ്ഞിട്ടും പല്ലുകൾക്കൊന്നും ഒരു കേടും കൂടാതെ പാക്ക് കടിച്ച് മുറിച്ച് എപ്പോഴും നാലും കൂട്ടി മുറുക്കി ചുവപ്പിച്ച് തറവാട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന എന്റെ അമ്മൂമ്മയായിരുന്നു ആ ദേഹം .

അന്നത്തെ ആ അമ്മൂമ്മ കഥകളിലെ ചില കഥാപാത്രങ്ങളായ കരിംഭൂതവും , ചെംഭൂതവും , കുട്ടിച്ചാത്തനും , രുദിര ഭദ്രകാളിയും , കോമ്പല്ലുകാട്ടി പൊട്ടി പൊട്ടി ചിരിച്ച് വെള്ളയണിഞ്ഞ് വരുന്ന അതി സുന്ദരികളായ യക്ഷികളും മറ്റും എന്നെ ഭയചികിതനാക്കി ഉറങ്ങാൻ അനുവാദിക്കാതെ ശല്ല്യപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ താരാട്ടിയും , തലോലിച്ചും ചാരത്ത് കിടക്കുന്ന എന്റെ അമ്മൂമ്മയെ  കെട്ടിപ്പിടിച്ച് കിടന്ന് ഞാൻ ഉറങ്ങാറുണ്ടായിരുന്നു ...

ചെറുപ്പകാലങ്ങളിലുള്ള ശീലം അവരുടെ ചുടലവരെ തുടരുമെന്ന
പോലെ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ ഈ ‘കെട്ടിപ്പിടിച്ചുറക്കം‘... !

പക്ഷേ ഇപ്പോൾ പണ്ടത്തെ ആ ചെംഭൂതവും , കുട്ടിച്ചാത്തനും ,
ചുടല ഭദ്രകാളിയുമൊക്കെ വീണ്ടും എന്റെ ഉറക്കം കെടുത്തുവാൻ സ്ഥിരം വന്നുകൊണ്ടിരിക്കുകയാണ് ...

എത്രയെത്ര പേരെ മാറി മാറി കെട്ടിപ്പിടിച്ച് കിടന്നിട്ടും ഈ ആധുനിക
ഭൂതഗണാതികളെ പേടിച്ചിട്ട് ഇന്നെന്റെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് ... !

ഇന്നത്തെ സോഷ്യൽ മീഡിയ നെറ്റ് വർ്ക്ക് സൈറ്റുകളായ ബ്ലോഗർ , വേൾഡ് പ്രസ് , ഫേസ്ബുക്ക് , ലിങ്ക്ടിൻ , ട്വിറ്റെർ , ഗൂഗ്ല് പ്ലസ്സ് ,
വാട്ട്സാപ് മുതലായ സപ്ത സ്വരൂപങ്ങളാണ്  ഈ പുത്തൻ ഭൂതപ്രേത പിശാച്ചുകളായി എന്നെ എന്നുമെന്നോണം വാരിപ്പുണർന്നിരിക്കുന്നത് ...

നീരാളിയുടെ എട്ട് കരങ്ങൾ പോലെ ,
ഏഴ് നീണ്ട കരങ്ങളുള്ളൊരു  ‘സപ്താളി ‘  ... !

ഈ ഏഴ് കരങ്ങൾ കൊണ്ടെന്നെ കെട്ടി
വരിഞ്ഞിരിക്കുന്ന ‘ബിലാത്തി പട്ടണ‘മെന്ന സപ്താളി ...

ഇതിനെല്ലാം തുടക്കം കുറിച്ച  ആ ബൂലോഗ  ഭൂതം
എന്റെ ഉറക്കം കെടുത്തിയിട്ട് ഇതാ ഇപ്പോ‍ൾ സപ്ത വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ...

ബൂലോകത്ത് ഇത്രയധികം തിക്കും തിരക്കും വരുന്നതിനുമുമ്പൊക്കെ ആദ്യകാലങ്ങളിലൊക്കെ വാർഷിക പോസ്റ്റുകളും , ബ്ലോഗ്ഗ്മീറ്റ് പോസ്റ്റ്കളുമൊക്കെ എഴുതി പിടിപ്പിക്കുവാൻ മിക്ക ബൂലോഗ വാസികൾക്കും ഒരു പ്രത്യേക ഹരം തന്നെയായിരുന്നു ...

ഇത്തരം രചനകളിൽ ബൂലോക മിത്ര കൂ‍ട്ടായ്മയിലുള്ള ഏവരും വന്ന്
സ്ഥിരം പൊങ്കാലയിട്ട് പോകുന്ന കാഴ്ച്ചകളും മൂനാലുകൊല്ല്ലം മുമ്പ് വരെ പതിവായിരുന്നു...

ഹും..
അതെല്ലാം അന്തകാലം ... !

ഇപ്പോൾ ഇവിടെ കൊടും തണുപ്പ് വിതച്ച് നടമാടികൊണ്ടിരിക്കുന്ന
മഞ്ഞുകാലങ്ങളിലെ  പ്രഭാതങ്ങൾക്കിടയിൽ പൊഴിഞ്ഞിറങ്ങുന്ന ഹിമകണങ്ങൾക്കിടയിലൂടെ ഉദയ സൂര്യനോടൊപ്പം , സപ്ത വർണ്ണങ്ങളാൽ അണിഞ്ഞൊരുങ്ങി വരുന്ന മഴവിൽ സുന്ദരിയുടെ , 
ആ അതിമനോഹരമായ ദൃശ്യങ്ങൾ ഒട്ടും വിട്ടു കളയാതെ , മിഴിയടക്കാതെ നോക്കി നിൽക്കുമ്പോഴുള്ള ആനന്ദം പോലെയാണ് എനിക്കിന്ന് ബൂലോഗ പ്രവേശം നടത്തുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി ...

ആ സപ്തവർണ്ണങ്ങളുടെ മനോഹാരിതകൾ പോലെ ,
വേറിട്ട നിറ വത്യാസങ്ങളുടെ ഭംഗികൾ പോലെയാണെനിക്ക്
പിന്നിട്ട് പോയ  എന്റെ ബൂലോഗത്തിലെ ആ സപ്ത വർഷങ്ങൾ ... !

ആ മാരിവില്ലിലെ വർണ്ണ  പകിട്ടും , പകിട്ടില്ലായ്മയും ഒത്ത് ചേർന്ന് വിവിധ
വർണ്ണ രാജികളുടെ വിസ്മയത്തിൻ മനോഹാരിതകൾ പോലെയുള്ള ഏഴുവർഷങ്ങൾ ...

അതെ ഈ നവംബർ അവസാനം
സപ്തവർണ്ണാലങ്കാരങ്ങളാൽ  എന്റെ ഏഴാം
ബൂലോഗ തിരുനാൾ ചുമ്മാ കൊണ്ടാടുകയാണ് ...

ചിയേഴ്സ് ... !

പിന്നിട്ട ആ ഏഴ് വർഷങ്ങൾ തൊട്ട് , ഇതുവരെ ഈ
‘ബിലാത്തി  പട്ടണ‘ വീഥികളിൽ കൂടി സഞ്ചാരം നടത്തിയ ഏവർക്കും ,
ഈ അവസരത്തിൽ -
എനിക്ക് നൽകിയ ഉപദേശങ്ങൾക്കും , വിമർശനങ്ങൾക്കും ,
പ്രോത്സാഹനങ്ങൾക്കും കടപ്പാടുകൾ രേഖപ്പെടുത്തികൊള്ളുകയാണിപ്പോൾ ...

ഡൂക്ലി സായിപ്പല്ല ... ഇന്നും തനി നാടൻ ... !
ഏവർക്കും നന്ദി..
ഒരുപാടൊരുപാട് നന്ദി .
എന്ന്
സസ്നേഹം ,
ഒരു  സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോകന:

പിന്നിട്ട വാർഷിക കുറിപ്പുകൾ : -
  1. ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30-11-2009
  2. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010
  3. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  4. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012
  5. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013
  6. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014
  7. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015
(  Courtesy of some images & graphics in this 
article from  www.aha-now.com,  www.wearesocial.net  &   google  )

Saturday 24 October 2015

ലണ്ടന്മാർ മണ്ടനിൽ ...! / Londonmaar Mandanil ...!

ഇന്ന് ലണ്ടനിൽ മലയാളി സാനിധ്യമില്ലാത്ത ഇടമില്ലെന്ന് വേണമെങ്കിൽ പറയാം. മണ്ടന്മാർ ലണ്ടനിൽ എന്നതൊക്കെ വെറും ഒരു പഴമൊഴി തില്ലാനയാക്കി മറ്റി ലണ്ടന്മാർ മണ്ടനിൽ എന്ന ഒരു പുതുമൊഴിയാണിന്ന് ഇവിടെ അരങ്ങ് തകർത്ത് വാഴുന്നത്യു.കെയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രവാസി ജനതയുള്ളത് ഭാരതിയരാണ് , പഞ്ചാബികൽക്കും ഗുജറാത്തിത്തികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിച്ച് മലയാള ജനത ഇന്ന് ബിലാത്തിയിൽ അരങ്ങ് വാഴുകയാണെന്ന് പറഞ്ഞാൽ ആയതിൽ ഒട്ടും അതിശയോക്തിയില്ല. അതി പ്രഗൽഭരായ ഡോക്ട്ടർമാരും ,എഞ്ചിനീയർമാരും ,വിവര സാങ്കേതിക തലതൊട്ടപ്പന്മാരും , കണക്കപിള്ളമാരും മാത്രമല്ല , കലാ സാംസ്കാരിക സാഹിത്യ രാംഗത്ത് വരെ മല്ലൂസ് ഇന്ന് ഇടിച്ചിടിച്ച് നിന്ന് പിടിച്ച് പിടിച്ച് കയറുന്ന കാഴ്ച്ചകൾ ബ്രിട്ടനിൽ എവിടെ തിരിഞ്ഞ് നോക്കിയാലും കാണാം.
 cithralami mayor programe ദീപാ‍ാവലി തുടക്ക http://www.britishmalayali.co.uk/index.php?page=newsDetail&id=48915


ആഗോള വ്യാപകമായി മനുഷ്യ ഉല്പത്തി കാലം മുതൽ തുടങ്ങിയതാണ് പല മനുഷ്യകുലങ്ങളുടേയും പാലയനത്തിന്റേയും , അധിനിവേശത്തിന്റേയും കഥകൾ. ആദികാലങ്ങളിൽ അവർ സുരക്ഷിതമായ പാർപ്പിടവും, ഭക്ഷണവും തേടിയാണ് ഒരു കരയിൽ നിന്നും മറുകര തേടി അലഞ്ഞിരുന്നതെങ്കിൽ , പിന്നീടത് കൈയ്യൂക്കുള്ള വർഗ്ഗങ്ങൾ നല്ല മനുഷ്യ വാസ സ്ഥലങ്ങളിൽ നിന്നും അവിടെയുള്ളവരെ ആട്ടിയോടിച്ച് അധിനിവേശം നടത്തി കൈയ്യേറുന്ന എടവാടുകളായിരുന്നു . ഇന്നത്തെ ആധുനിക ലോകത്തും ഇതൊക്കെ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവർക്കും അറിവുള്ള കാര്യമാണല്ലോ ..അല്ലേ.
ഏതാണ്ട് അമ്പത് നൂറ്റാണ്ടുകൾക്ക് മുമ്പേ സമ്പൽ സമ്മ്രിദവും സാംസ്കാരിക സമ്പന്നവുമായ നമ്മുടെ പുണ്യ ഭാരതത്തെ മംഗോളിയൻസും, മുഗളന്മാരും, അറബികളും , പാശ്ചാത്യരുമൊക്കെ പല കാലങ്ങളിലായി കച്ചവടം , യുദ്ധം മുതലായവയിലൂടെയെല്ലാം അധിനിവേശം നടത്തി അവരുടെയെല്ലാം കീഴാളരാക്കി പുണ്യ പുരാതന ഭാരത ഭൂമിയെ കൊള്ളയടിച്ച് അവരുടെ രാജ്യങ്ങൾ സമ്പൽ സംരിതമാക്കി.
ഇതൊക്കെ ചരിത്ര സത്യങ്ങൾ. പക്ഷേ ഇന്നൊക്കെ നേരെ തിരിച്ചാണ് സംഗതികളുടെ കിടപ്പ് വശം , ഭാ‍രതീയരുടെ അധിനിവേശങ്ങളാണ് ആഗോള വ്യാപകമായി നടന്ന് കൊണ്ടിരിക്കുന്നത്.  ലോകം മുഴുവനുമുള്ള തൊഴിൽ മേഖലകൾ കീഴടക്കികൊണ്ടാണവർക്കിത് സാധ്യമായത്.
യൂറോപ്പിലേക്ക് ആദ്യമായി ഭാരതീയർ വന്നത് പോർച്ചുഗീസിലേക്കാണെന്ന് ചരിത്രങ്ങൾ പറയുന്നു. കൊല്ലവർഷം 1498 ൽ ഭാരതത്തിൽ കാല് കുത്തിയശേഷം പതിനാ‍റാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഭാരതത്തിൽ നിന്നും കച്ചവടം ചെയ്ത് കൊണ്ട് പോകുന്ന വിഭവ സംസ്കരണ ജോലിക്കാരായാണ് അന്നത്തെ മല നാട്ടിൽ നിന്നും പ്രഥമമായി ഭാരതീയർ യൂറൊപ്പിൽ എത്തിച്ചേർന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മദ്രാസിൽ നിന്നും, കൽക്കത്തയിൽ നിന്നും , ഗുജറാത്തിൽ നിന്നുമൊക്കെയായി ബ്രിത്യന്മാരും, ആയമാരും, കപ്പൽ ജോലിക്കാരുമൊക്കെയായി അനേകം പേർ ഭാരതീയ ഉപഭൂഖണ്ഡത്തിൽ നിന്നും യൂറൊപ്പിലെ ഡെന്മാർക്ക് , ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീരാജ്യങ്ങളിൽ എത്തിപ്പെട്ട് അടിമകളെ പോലെ ജീവിച്ചതിനായും തെളിവുകൾ ഉണ്ട്. ഈ കാലഘട്ടങ്ങളിൽ ആഫ്രോ-കരീബിയൻ രാജ്യങ്ങളിൽ നിന്നും ധാരാളം കറമ്പരും അടിമ വേലക്കാരായി യൂറോപ്പിലെ പല ഭാഗങ്ങളിലും എത്തപ്പെട്ടു. ഒപ്പം തന്നെ കപ്പലോട്ടക്കാരായ വെള്ളക്കാരുടെ ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന രാജ്യങ്ങളിലും ഇത്തരം ജോലിക്കാരായി അനേകം അഖണ്ഡ ഭാരതീയർ വന്നകപ്പെട്ടു. അന്നവിടെയൊക്കെ എത്തിപ്പെട്ടവരും , പിന്നീട് വന്ന അവരുടെയൊക്കെ ബന്ധുമിത്രാധികളുമൊക്കെയാണ് ഇന്നത്തെ ഏഷ്യൻ വംശജരായി നിലകൊള്ളുന്ന ഭൂരിഭാഗം വരത്തന്മാരായ സിറ്റിസണ്മാരുടേയും പൂർവ്വികരുടേയും കഥhttp://www.britishmalayali.co.uk/index.php?page=newsDetail&id=49857
indin as PM  in PORTUGAL http://www.britishmalayali.co.uk/index.php?page=newsDetail&id=49857

Tuesday 29 September 2015

സോഷ്യൽ മീഡിയാ = വിനോദം + വിവേകം + വിജ്ഞാനം + വരുമാനം ... ! / Social Media = Vinodam + Vivekam + Vinjnjanam + Varumaanam ... !

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഭൂലോകത്തുള്ള ഒട്ടുമിക്ക ഭാഷകളിലും വിവര സാങ്കേതിക മേഖലകളിൽ ഒരു നിശബ്ദ വിപ്ലവ വിജയത്തിന്റെ പരിണിതഫലമായിട്ടാണ് നാമൊക്കെ ഇന്ന് ഈ ബൂലോഗത്തൊക്കെ ഇങ്ങിനെ ഓടിച്ചാടി തലകുത്തി മറിഞ്ഞ് നടക്കുന്നത് ...

ഇലക്ട്രോണിക് യുഗം  എന്നറിയപ്പെടുന്ന ഇന്നത്തെ ആ‍ധുനിക ലോകത്ത് ,
വളരെ അത്യാധുനികമായ സംഗതികൾ എന്നുമെന്നോണം സംഭവിച്ച് കൊണ്ടിരിക്കുന്ന
ഒരു ഇടമാണല്ലോ സൈബർ വേൾഡ് എന്നറിയപ്പെടുന്ന വിവര സാങ്കേതികത വിജ്ഞാന മേഖലയും അതിനകത്തുള്ള നൂറോളം സോഷ്യൽ മീഡിയ തട്ടകങ്ങളും ...

അതായത് ഇനിയങ്ങോട്ട് മനുഷ്യ കുലത്തിനും മറ്റും സൈബർ ഇടപെടലുകളൊന്നുമില്ല്ലാതെ ജീവിതം മുന്നോട്ട് നീക്കുവാൻ സാധ്യമല്ല എന്ന വസ്തുത ഏവർക്കും അറിവുള്ള ഒരു കാര്യമാണല്ലോ ...

എല്ല് മുറിയെ  പണിയെടുത്ത് ജീവിതം പോറ്റിയ പഴയ കാലത്തെയൊക്കെ പിന്തള്ളി , വിരൽ തുമ്പൊന്നിനക്കി അന്നം തേടും  കാലം ... !

ഒരാളുടെ ചുറ്റ്പാടുമുള്ള ഇലക്ട്രോണിക് ഉപാധികളെ മാത്രം ആശ്രയിച്ച് ,
അവയുടെയൊക്കെ സാങ്കേതിക പരിജ്ഞാനങ്ങൾ അറിഞ്ഞിരുന്നാലെ അവർക്കൊക്കെ
ഇനി ആധുനിക ലോകത്തിൽ സുഖമമായി പ്രയാണം നടത്തുവാൻ സാധിക്കുകയുള്ളൂ എന്നർത്ഥം...!


വിവര സാങ്കേതികത വിപ്ലവം അരങ്ങേറി കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്റെർനെറ്റ് തട്ടകങ്ങളിൽ കൂടി വിനോദം , വിവേകം , വിജ്ഞാനം എന്നിവ മാത്രമല്ല വരുമാനം കൂടി വാരിക്കോരാം  എന്ന് അതിന്റെ ഉപഭോക്താക്കൾക്ക് ബോധം വന്നിരിക്കുന്ന കാലഘട്ടമാണല്ലോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .

ഇന്ന് ഏതൊരു വസ്തു വകകളുടേയും പരസ്യ വിളംബരം മുതൽ
വിപണണം വരെ സൈബർ ഇടങ്ങളിൽ കൂടി വളരെ എളുപ്പമായി സാധിക്കാവുന്ന ഒരു സംഗതിയാണ് .
പക്ഷേ നമ്മൾ മലയാളികൾ മറ്റെല്ലാ രംഗങ്ങളിലും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച് കയറുന്നതു പോലെ ഈ മേഖലയിൽ അത്ര മികവ് പ്രദർശിപ്പിച്ച് കാണുന്നില്ല .
ബൂലോകം നമ്മുടെ ഈ ഭൂമി മലയാളത്തിൽ പൊട്ടി മുളച്ചിട്ട് ഇപ്പോൾ പന്തീരാണ്ട് കാലമായെങ്കിലും , ഇവിടെയുള്ള ബൂലോഗവാസികളെല്ലാം തനി തകര പോലെ നട്ടപ്പോഴും , പറിച്ചപ്പോഴും ഒരു കൊട്ട എന്ന നിലയിൽ തന്നെയാണിപ്പോഴും ....

ഒരു പതിറ്റാണ്ട് മുമ്പ് വെറും നൂറ്റമ്പത് പേർ മാത്രം മേഞ്ഞ് നടന്നിരുന്ന ബൂലോക തട്ടകം ഇന്ന് , പറയി പെറ്റ പന്തിരു കുലം പോലെ  പല മേഖലകളിലും പടർന്ന് പന്തലിച്ച് ഏതാണ്ട് അമ്പതിനായിരത്തോളം  ആളോളുമായി വല്ലാണ്ട് തിക്കും തിരക്കുമായി മുന്നോട്ട്  മുന്നേറി കൊണ്ടിരിക്കുകയാണ് , ഇതിൽ ബ്ലോഗ് പോർട്ടലുകളിൽ മാത്രമല്ല , ഫേസ് ബുക്കിലും , ഗൂഗിൾ പ്ലസ്സിലും , ട്വിറ്ററിലുമൊക്കെയായി അനേകം ഇത്തരം സോഷ്യൽ മീഡിയ വെബ് തട്ടകങ്ങളിൽ അവരെല്ലാം അങ്ങിനെ വിന്യസിച്ച് കിടക്കുകയാണെന്ന് മാത്രം ... !

എന്തുകൊണ്ടാണ് പല തരം കഴിവുകൾ
ഉണ്ടായിട്ടും  നമ്മുടെ മാത്രം ബൂലോക വാസികൾ
മുരടിച്ച് പോയ ചെടികളെകളെ പോലെ തഴച്ച് വളരാതെ ഇങ്ങിനെ ആയി തീരുന്നത് ?

ഏതാണ്ട് മൂന്നാലുമാസമായി പല ചർച്ചകളിലൂടേയും , ചാറ്റിങ്ങിലൂടേയുമൊക്കെയായി ഞങ്ങൾ കുറച്ച് പേർ ബിലാത്തിയിലെ  ഓൺ ലൈൻ ഉപഭോക്താക്കളും , പ്രവാസികളടക്കം മറ്റ് നാട്ടിലുള്ള പല സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളുമൊക്കെയായി നടത്തിയതിന്റെ സർവ്വേ ഫലങ്ങളിലേക്കൊന്ന് എത്തി നോക്കാം അല്ലേ
  1. ഇന്ന് ഇന്റെനെറ്റ് മുഖാന്തിരം സോഷ്യൽ മീഡിയയിൽ  ആക്റ്റീവായിരിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ജസ്റ്റ് ഒരു ടൈം പാസിന് വേണ്ടിയാണത്രെ ഇതിൽ നേരം കൊല്ലികൊണ്ടിരിക്കുന്നത്. ജോലി , കുടുംബം , വിരഹം മുതലായവയിൽ നിന്നൊക്കെയുണ്ടാകുന്ന  ടെൻഷനും , സ്ട്രെസ്സും മറ്റും കുറയ്ക്കുവാൻ ഈ വക കാര്യങ്ങൾ ഉപകരിക്കുന്നുണ്ട് എന്ന് പറയുന്നു  .
  2. എത്രയും പെട്ടെന്ന് തന്നെ പ്രതികരിക്കാനും , പ്രതിക്ഷേധിക്കാനും , പ്രതിഭകൾ വെളിപ്പെടുത്തുവാനും /പ്രതിഭയെ ഇടിച്ച് താഴ്ത്തുവാനും  ഈ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വളരെ എളുപ്പത്തിൽ സാധിക്കുന്നു എന്ന മേന്മയിൽ ധാരാളം മല്ലൂസ് ഈ രാംഗത്ത് വിളയാടുന്നു . ഒപ്പം പൊതു സമൂഹത്തിനും , അവരവർക്ക് തന്നേയും അനേകം നേട്ടങ്ങളും , കോട്ടങ്ങളും സംഭവിക്കാറുണ്ട് പോലും .
  3. പ്രസ്ഥാനങ്ങൾ , സംരഭങ്ങൾ , സ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ നടത്തിപ്പിനും , നിലനിർത്തി കൊണ്ടുപോകുന്നതിനും മറ്റും സ്ഥിരമായി സോഷ്യൽ മീഡിയയിൽ സാനിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം ഇതിനെ കുറിച്ചുള്ള പരസ്യ വിളംബരങ്ങൾക്കായും ഇന്റെർനെറ്റ് സൈറ്റുകൾ ഉപയോഗിച്ച് വരുന്നു . ഈ വിഭാഗങ്ങളിലൊക്കെ വിജയ പരാജയങ്ങൾ നിശ്ചയിക്കുവാൻ ഇടവരുത്തുന്നു എന്ന സംഗതി കൂടിയുണ്ട് എന്നും പറയപ്പെടുന്നു .
  4. കലാ - സാഹിതി - സാംസ്കാരിക വൈഭവങ്ങൾ അടയാളപ്പെടുത്തുവാനും , ആയവയൊക്കെ മാളോർക്ക് പങ്കുവെക്കുവാനും ഏറ്റവും നല്ല രീതിയിൽ സോഷ്യൽ മീഡിയയിൽ കൂടി സാധ്യമാകുന്നത് കൊണ്ട് ധാരാളം മലയാളികൾ എന്നുമെന്നോണം ഇതിൽ വന്ന് - പോയി കൊണ്ടിരിക്കുന്നു . ഇതുവരെ ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരേ തൂവൽപക്ഷികളായ അനേകം പേരെ , ലോക വ്യാപകമായി തന്നെ മിത്രങ്ങളാക്കം എന്നുള്ള ഒരു മേന്മയും കൈ വരുന്നു എന്നുള്ള ഗുണവും ഉണ്ട് .
  5. വിജ്ഞാനം വർദ്ധിപ്പിക്കാനും , പകർന്നു കൊടുക്കുവാനും ആയതിന്റെയൊക്കെ ധാരാളം  താല്പര്യ കക്ഷികൾ വിവര സാങ്കേതികത വിദ്യ തട്ടകളിൽ മിക്കപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നു . ആ‍രാധനയും ,  ആദരണീയതയും , ആശീർവാദങ്ങളും , ആഹ്ലാദങ്ങളും ഒപ്പം നല്ല ആട്ടും കിട്ടികൊണ്ടിരിക്കും എന്ന ഗുണദോഷ സമിശ്ര ഫലങ്ങളും ഇതോടൊപ്പം കിട്ടികൊണ്ടിരിക്കുന്നു എന്നും പറയുന്നു.
  6.  വളരെ കുറച്ച് മലയാളികൾ മാത്രം ഇന്റെർനെറ്റ് സൈറ്റുകളെ വരുമാന മാർഗ്ഗം ഉണ്ടാക്കുവാനുള്ള ഉപാധികളായി ഉപയോഗിക്കുന്നു . ഓൺ - ലൈൻ വിപണനങ്ങളിൽ നാട്ടിലുള്ളവർക്ക് അത്ര വിശ്വാസ്യത കൈ വരാത്തതും , ആയതിനൊക്കെ ഇറങ്ങി തിരിക്കുന്നതും തനി ഒരു പൊല്ലാപ്പ് പിടിച്ച പണി തന്നെയാണ് എന്ന് കരുതുന്നതും ,ഈ രംഗത്തേക്ക് പ്രവേശിക്കുവാൻ ഒട്ടുമിക്കവരേയും പ്രേരിപ്പിക്കുന്നില്ല എന്നതും ഒരു കാരണമാണ് .


ഈയിടെ ‘കുഞ്ഞിരാമായണം’ എന്ന ബിലോ ആവറേജ് സിനിമ , ഇതിനേക്കാൾ നല്ല മലയാള സിനിമകൾ ഇറങ്ങിയിട്ട് പോലും , ബ്രിട്ടനിൽ വരാതിരുന്നിട്ടും യു.കെയുടെ എല്ലാ എല്ലാ സെന്ററുകളിലും പ്രദർശിപ്പിക്കുവാൻ ഇടയുണ്ടാക്കിയത് ,  തുടരെ തുടരെ ആ സിനിമാ
പ്രവർത്തകർ ട്വിറ്ററിൽ അടക്കം മറ്റെല്ല്ലാ സോഷ്യൽ മീഡിയകളിലും നടത്തിയ പ്രമോഷൻ തന്നേയാണ് .
‘പി.കെ’ , ‘പ്രേമം’ , ‘ബാഹുബലി’മുതലായ അനേകം സിനിമകൾ ഉന്നത വിജയത്തിലേക്ക് കുതിച്ചതിനുമൊക്കെ കാരണം സോഷ്യൽ മീഡിയ പ്രമോഷൻ തന്നെ ... !

ഡൽഹിയിൽ ‘ആം ആദ്മി പാർട്ടി‘യെ വീണ്ടും അധികാരത്തിലേറ്റിയതും , മോദി ഭരണം പിടിച്ചു വാങ്ങിയതുമൊക്കെ തന്നെ വിവര സാങ്കേതികത വിദ്യ തട്ടകങ്ങളിലൂടെയുള്ള ബോധവൽക്കരണങ്ങൾ തന്നെ നടത്തിയാണ് ...

സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ ഇകഴ്ത്തി താഴ്ത്തിയില്ലെങ്കിൽ
മ്ടെ മാണിച്ചായന്റെ  കോഴയും , നിറപറയുടെ മായവുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വാർത്താ പ്രാധാന്യം അർഹിക്കാതെ പോകേണ്ട കേസുകളായിരുന്നു ...

ഇപ്പോൾ പാശ്ചാത്യനാടുകളിൽ ഇതുപോലെയൊക്കെ സിനിമയേയൊ , രാഷ്ട്രീയത്തെയോ , പ്രസ്ഥാനത്തെയൊക്കെ പറ്റി പ്രമോട്ട് ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിന് ബ്ലോഗേഴ്സിനൊക്കെ അതിന്റേതായ പ്രതിഫലം ലഭിക്കാറുണ്ട് . നമ്മുടെ നാട്ടിലും ആയതെല്ലാം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു...
മ്ടെ ബൂലോഗർ ഇതിനെ കുറിച്ചൊന്നും അത്ര
ബോധവന്മാരായിട്ടില്ല എന്നു തോന്നുന്നു ..അല്ലേ .
ഈയ്യിടെ ‘വോ‍ക്സ് വാ‍ഗൻ കാർ കമ്പനി‘യെ വരെ മുട്ട് കുത്തിച്ചത് , അവരുടെ ഡീസലെഞ്ചിനുകളിൽ ‘എമിഷൻ ടെസ്റ്റ് ‘നടത്തുമ്പോൾ - കുഴപ്പം കാണിക്കാതെ കാണിക്കുന്ന ഒരു പ്രത്യേക ഉപകരണം ഫിറ്റ് ചെയ്തിരുന്നതിന്റെ കള്ളി ചില ബ്ലോഗ് സൈറ്റുകളിൽ കൂടി വെളിവാക്കിയത് മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്ത കാരണമാണ് ...

സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ വോക്സ്വാഗൻ സ്കാൻഡൽ കാരണം ഒരു കോടിയോളം കാറുകൾ വരെ പിൻ വലിക്കുവാൻ നിർബ്ബന്ധിതരായ , ഈ  വമ്പൻ കാറുകമ്പനി ഇപ്പോൾ പൊതുജനത്തിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്...
ഇതു പോ‍ാലെ ഇന്ത്യയിൽ തെർമോമീറ്ററുകളുണ്ടാക്കുന്ന ഫാക്റ്ററി ‘കൊടൈകനാലി‘ൽ ആരംഭിച്ച യൂണി ലിവർ  കമ്പനി - മെർക്കുറി മൂലം പരിസര മലിനീകരണം നടത്തി ,  ജനജീവതത്തിന് ഭീക്ഷണിയുണ്ടാക്കിയപ്പോൾ -  ഭരണകൂടങ്ങളും , രാഷ്ട്രീയക്കാരുമൊക്കെ നിശബ്ദരായിരുന്ന അവസരത്തിൽ , ലോക പ്രശസ്തയായ റാപ്പർ  നിക്കി മിനാജിന്റെ ( 5 മിനിട്ട് വീഡിയോ / 5 കോടിയിലധികം പേർ വീക്ഷിച്ച റാപ്പർ സോങ്ങ് )പോപ് ഗാനത്തെ പോ‍ലെ ഒരു പാരഡിയുണ്ടാക്കി , സ്വയം തന്നെ പാടിക്കളിച്ച്  - സോഫിയ അഷ്രഫ്  , ഈ ജൂലായ് മാസത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോ‍ൾ ഉണ്ടായ പ്രതികരണം കണ്ട് യൂണി ലിവർ പോലും ആ ഉദ്യമത്തിൽ നിന്നും പിന്മാറിയത് ഇന്ത്യയിൽ ചരിത്രം മാറ്റിയെഴുതിയ ഒരു വമ്പൻ സംഗതിയാണ് ... !

ടി.വി - പത്രമാധ്യമങ്ങൾക്ക് സാധിക്കാ‍ത്ത പലതും , ഇന്നൊക്കെ സോഷ്യൽ മീഡിയ മാധ്യമങ്ങൾക്കാകുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ... !

അതുപോലെ തന്നെയാണ് വിവര സാങ്കേതികത
വിദ്യാ തട്ടകങ്ങൾ മൂലം ഏവർക്കും വരുമാനം ഉണ്ടാക്കാമെന്നതും ...

എന്തായാലും  സോഷ്യൽ മീഡിയകളിൽ എന്നുമെന്നോണം നാം വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ , എന്തുകൊണ്ട് ഒരു eBay , PayPal പോലുള്ള എക്കൌണ്ടുകൾ തുടങ്ങി നമുക്കും ലാഭം കിട്ടുന്ന തരത്തിൽ ഓൺ-ലൈൻ വിപണനം നടത്തി കൂടാ ...?

വെറും പാർട്ട് ടൈം ബിസിനെസ്സായി തുടങ്ങിയാലും  ആവശ്യ വസ്തുക്കളാണെങ്കിൽ വാങ്ങാൻ എന്നും ആളുണ്ടാകും .
ഇത്തരം അനേകം സൈറ്റുകൾ പല രാജ്യങ്ങളിലുമായി ഇന്ന് ലോകമെമ്പാടുമുണ്ട്...


വേറെ ഒരു പുതിയ ഓൺ ലൈൻ മേഖലയിലെ വരുമാന മാർഗ്ഗം
മറ്റുള്ള വെബ് സൈറ്റുകളെ പ്രമോട്ട് ചെയ്ത് കാശുണ്ടാക്കുന്ന എടവാടാണ്...

ഇത്തരം ധാരാളം വെബ് തട്ടകങ്ങൾ ഇന്ന് നിലാവിലുണ്ട് .

ദേ ഉദാഹരണമായിട്ട്
നമ്മുടെ സൈറ്റിൽ നല്ല  ട്രാഫിക് ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ , മറ്റുള്ള സൈറ്റുകളിൽ പോയി ട്രാഫിക് മെച്ചപ്പെടുത്തുന്ന ട്രാഫിക് മൺസൂൺ എന്ന സൈറ്റിനെ പറ്റിയാണ് പറയുവാൻ പോകുന്നത് ...

നമ്മളൊക്കെ ഫേസ് ബുക്കിലൊക്കെ ലൈക്കടിച്ച് പോകുന്ന പോലെ , ഇന്റെർനെറ്റിന് മുന്നിലിരിക്കുമ്പോൾ , ദിനം പ്രതി വെറും പത്ത് വെബ് സൈറ്റുകളിൽ പോയി ഒന്ന് ക്ലിക്ക് ചെയ്താൽ മതി ,
നമ്മൾ മുടക്കിയ തുകക്കനുസരിച്ച് ഒരു വീതം നമ്മുടെ എക്കൌണ്ടിൽ വന്ന് കൊണ്ടിരിക്കും ...
ഒരു വർഷം കൊണ്ട് മുടക്ക് മുതലിന്റെ പത്തിരട്ടിയിൽ അധികം തുക സമ്പാധിക്കാവുന്നതാണ് , ഒപ്പം  ആളുകളെ കൂടൂതൽ അനുയായികളാക്കി ആ തട്ടകത്തിൽ എത്തിക്കുമ്പോൾ ആയതിന്റെ ഓഹരി വീതം കൂടി കൈ പറ്റാവുന്ന ഒരു ഓൺ- ലൈൻ ചെയിൻ ബിസിനെസ്സ് ... !

മലയാളി ആംഗലേയ ബ്ലോഗറായ റെജി സ്റ്റീഫൻസൺ
അദ്ദേഹത്തിന്റെ ബ്ലോഗായ ‘ഡിജിറ്റൽ ഡൈമൻഷൻ 4 യു കോം
‘ ട്രാഫിക് മൺസൂണിൽ ചേർന്ന് വരുമാനം ഉണ്ടാക്കുന്ന വിധം വിശദമായി എഴുതിയിട്ടിട്ടുണ്ട് ...

ഈ ബ്ലോഗറടക്കം ഇവിടെ ഒരു പാട് പേർ ട്രാഫിക് മൺസൂണിലൂടെ മുടക്കിയതിന്റെ ഇരട്ടിയിലധികം സമ്പാധിച്ചതായി എനിക്ക് അറിവുള്ള കാര്യമാണ് കേട്ടൊ .
ഒപ്പം തന്നെ നാട്ടിലുള്ള ഫിലിപ്പ് ഏരിയൽ ഭായ് അടക്കം പലരും ഇതിൽ കൂടി സമ്പാധിച്ച് കൊണ്ടിരിക്കുന്നതിനാൽ , അദ്ദേഹം മലയാളത്തിൽ , ഈ ഓൺ-ലൈൻ വരുമാന മാർഗ്ഗത്തെ കുറിച്ച് വിശദമായി ഒരു ആലേഖനം എഴുതും എന്ന് പ്രതീക്ഷിക്കുന്നു .

ബൂലോകനായ ഫിറോസ് ബാബുവിന്റെ ബ്ലോഗായ Earn Money By Net  എന്ന സൈറ്റിലും ഇത്തരം പണമുണ്ടാക്കുന്ന പല തട്ടകങ്ങളും പരിചയപ്പെടുത്തിയിട്ടുള്ളത് താല്പര്യമുള്ളവർക്ക് പോ‍യി സന്ദർശിക്കാവുന്നതാണ് .

പിന്നെ ഓൺ ലൈൻ രംഗത്തുള്ള ഇത്തരം കമ്പനികളായത് കൊണ്ട് ,
ഒരു പക്ഷേ കാല ക്രമേണ ബില്ല്യൺ കണക്കിന് പണം അവർ  ഉണ്ടാക്കി കഴിഞ്ഞാൽ , ഇവരൊക്കെ ഇത് അടച്ച് പൂട്ടി പോയാൽ നമുക്കൊന്നും ചെയ്യുവാനും പറ്റില്ല എന്നൊരു മറുവശം കൂടി സോഷ്യൽ മീഡിയ സൈറ്റുകൾക്കുണ്ട് അല്ലേ ...
പണ്ടത്തെ ആ‍ട്, മാഞ്ചിയം
പദ്ധതികളെ പോലെ സ്വാഹ
എന്ന് പറഞ്ഞിരിക്കാം എന്ന് മാത്രം ... !

അപ്പോൾ ഇനി മുതൽ നമ്മുടെയൊക്കെ
വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വിനോദം , വിവേകം , വിജ്ഞാനം എന്നിവ ശേഖരിക്കുന്നതോടൊപ്പം , അല്പം വിപണനവും കൂടി നടത്തി , ഇത്തിരി വരുമാനം
കൂടി തരപ്പെടുത്തുവാൻ  നമുക്ക് ശ്രമിക്കാം അല്ലേ കൂട്ടരെ ...

കിട്ട്യാ‍ാ കിട്ടി ... പോയ്യാ‍ാ പോയി ... !

Wednesday 19 August 2015

ഇമ്പോസ്സിബ്ൾ ... ! / Impossible ... !

ഇന്നൊക്കെ ലോകം മുഴുവനും ഏറ്റവും കൂടുതൽ  ഫോളോ ചെയ്യുന്നത് ന്യൂ-ജെനെറേഷൻ ട്രെന്റുകളുടെ പിന്നാലെയാണല്ലോ .
അത്തരം ഒരു പുത്തൻ തലമുറ ലണ്ടനിൽ നിന്നും തുടക്കം കുറിച്ച - കലാ രംഗത്ത് നടത്തിയ ഒരു വിസ്മയകരമായ മുന്നേറ്റത്തെ പറ്റി പറയുവാനാണ് ഞാനിത്തവണ വന്നിട്ടുള്ളത് .

ആരാലും  അസാദ്ധ്യമായ ചില കാര്യങ്ങൾ നമ്മുടെ
മുന്നിൽ വെച്ച് അവതരിപ്പിച്ച് കാണിക്കുന്ന തീർത്തും ഇമ്പോസ്സിബ്ൾ 
ആയ ചില കലാ പ്രകടനങ്ങളെ കുറിച്ചാണത് ...!

അന്തർദ്ദേശീയമായി പേരും പെരുമയുമുള്ള
പല പല സെലിബിറിറ്റികളുടേയൊ , ട്രൂപ്പുകളുടേയൊ
കലാ കായിക പെർഫോമൻസുകൾ എന്നുമെന്നോണം ലണ്ടൻ സിറ്റിയിൽ അരങ്ങേറാറുണ്ട് . ഭാരതീയ-ബംഗ്ലാ-പാക്ക് മക്കളെല്ലാവരും കൂടി ഈ ആഗസ്റ്റ് 15 ന് അവരവരുടെ സ്വാതന്ത്യദിനം വെവ്വേറെ ആഘോഷിച്ചപ്പോൾ , അന്നേ ദിവസം യൂറോപ്പ്യൻസടക്കം ഇന്ത്യനുപഭൂഖണ്ഡത്തിലെ ഇരുപതിനായിരത്തോളം ആളുകൾ ഒന്നിച്ചിരുന്നാണ്  The London O2 Arena  - യിൽ എ. ആർ. റഹ്മാന്റെയും കൂട്ടരുടേയും   സംഗീത നിശ നേരിട്ട് കണ്ടാസ്വദിച്ചത് ...

ഇന്ന്  ലണ്ടൻ അറിയപ്പെടുന്നത് ലോകത്തിന്റെ  സാംസ്കാരിക തലസ്ഥാനമെന്ന നിലക്ക് മാത്രമല്ല , അത്യുന്നതമായ സകല കലാ കായിക വിദ്യകളുടേയും ഒരു കലാലയം കൂടിയായിട്ടാണ് ( The London City known as  College of Arts & Sports ) അതായത് ഇത്തരം വിദ്യകളിൽ താല്പര്യമുള്ളവർക്കോ പ്രാവീണ്യമുള്ളവർക്കൊ ലണ്ടനിലെത്തി ആയതിന്റെയൊക്കെ അഭ്യാസ കളരികളിൽ  ചെന്ന് പ്രായോഗിക പരിശീലനം നടത്തിയാൽ ആയതിന്റെയൊക്കെ ഉസ്താദുകളായി തിരിച്ച്  പോകാമെന്ന്  ഉറപ്പ് ...!

നൂറ്റാണ്ടുകൾക്ക് മുമ്പ് കപ്പലോട്ടക്കാരായ ഇവിടത്തെ  വമ്പന്മാരുമായ  പ്രഭുക്കന്മാർ (Duke / Lord ) ഭൂമിയിലെ അങ്ങോളമിങ്ങോളമുള്ള പല രാജ്യങ്ങളിലും അധിനിവേശം നടത്തി , അടിമ കച്ചവടം ചെയ്തും , വിപണനങ്ങൾ നടത്തിയും , കൊള്ള ചെയ്തും കണ്ടമാനം സമ്പാദ്യം  ഉണ്ടക്കി കൊണ്ടിരുന്നപ്പോൾ , അവരുടെയൊക്കെ ആഡ്യത്വം പ്രകടിപ്പിക്കുവാൻ വേണ്ടി കലാ കായിക രംഗങ്ങളിലൊക്കെ ; പല പ്രധാന സ്ഥാപനങ്ങളടക്കം വിവിധ തരത്തിലുള്ള ശില്പ ശാലകൾ  ഉണ്ടാക്കി അവരുടെ വീര്യം വ്യക്തമാക്കിയിരുന്നു ...

അതുകൊണ്ട് വിക്ടോറിയൻ കാലഘട്ടമാകുമ്പോഴേക്കും തന്നെ ലണ്ടനിലുള്ളിൽ അനേകം കായിക , കലാ സംഗീത സദസ്സുകൾ പൊന്തി വന്നിരുന്നു . അവയൊക്കെ അരങ്ങേറുന്നതിന് വേണ്ട ഓഡിറ്റോറിയങ്ങളും , സ്റ്റേഡിയങ്ങളും , വിദ്യാലയങ്ങളും പ്രദർശന ശാലകളും ഈ പ്രഭുക്കന്മാർ അവരവരുടെ പേരുകളിൽ ഇവിടെ നിർമ്മിച്ച് വെച്ച് അവരുടെ പ്രൌഡി തെളിയിച്ച് പോന്നിരുന്നു ...

ഇന്നും  അവയൊക്കെ അവരുടെയൊക്കെ കുടുംബക്കാരുടെ പേരിലോ , പൊതു സ്വത്തായോ , ട്രസ്റ്റായോ -  ആ പഴമയിലും ; പുതുമ കൈവരുത്തി നിലനിർത്തി കൊണ്ടു പോകുന്നതിൽ അവരുടെയൊക്കെ പുത്തൻ തലമുറ വിജയിച്ച് കൊണ്ടിരിക്കുന്നത് തന്നെയാണ് ലണ്ടൻ പട്ടണത്തിന്റെ മഹിമകളിൽ എടുത്ത് പറയാവുന്ന ഒരു വസ്തുത !

അല്ലാ ഇതൊന്നുമല്ല്ലല്ലോ ഞാൻ പറയുവാൻ ഉദ്ദേശിച്ചത് ...

പഴയ വീഞ്ഞ് പുത്തൻ കുപ്പിയിലാക്കി
വിപണനം ചെയ്യുന്ന പോലെ ഒരു ന്യൂ-ജെൻ ടീം രൂപപ്പെടുത്തിയ കലാ രൂപകത്തെ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന മാസ്മരിക വിദ്യയെ കുറിച്ചാണ് ....
അതായത് ഒരു നവീനമായ സാക്ഷാൽ  മാജിക് ഗാലാ സ്റ്റേജ് ഷോ ലണ്ടനിൽ അരങ്ങേറ്റം കുറിച്ചതിനെ പറ്റി...

കഴിഞ്ഞ് പോയ  നൂറ്റാണ്ടു
കളിലെയൊക്കെ , ലോക പ്രസിദ്ധരായ
അലെക്സാണ്ടർ / The Man Who Knows All ,

കാർട്ടെർ / Carter Who Beats the Devil  ,

ഹാരി ഹുഡിനി / Nothing on Earth can hold Houdini  ,

തേഴ്സ്റ്റൺ / The Wonder Show of Universe

മുതലായവരൊക്കെ 100 കൊല്ല്ല്ലം മുമ്പ് ,
മാലോകരെയെല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരുന്ന ,
ഒരിക്കലും ആർക്കും ചെയ്യുവാൻ അസാദ്ധ്യമായ മാന്ത്രിക കലാ
പ്രകടനങ്ങൾ ; അത്യാധുനിക രംഗ സജ്ജീകരണങ്ങളോടെ , മോസ്റ്റ്
മോഡേണായി സ്റ്റേജിൽ അവതരിപ്പിക്കുന്ന - ലണ്ടനിൽ ലോഞ്ച് ചെയ്ത
ഇമ്പോസ്സിബ്ൾ (2 മിനിട്ട് വീഡിയോ BBC ) എന്ന മാജിക് ഗാല ഷോ പ്രകടനങ്ങൾ
അടക്കം ഇന്നത്തെ നവീനമായ മാജിക് ട്രിക്കുകളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രണ്ടര മണിക്കൂർ കാണികളെ മുഴുവൻ മുൾമുനയിൽ നിറുത്തി ആമോദത്താൽ ആറാടിപ്പിക്കുന്ന ഒരു അത്ഭുത ലോകമാണ് നമുക്കവിടെ കാണുവാൻ സാധിക്കുന്നത് !

മുകളിൽ പറഞ്ഞ മാഹാന്മാരായ മഹേന്ദ്രജാലക്കാർ പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമൊക്കെ നിറഞ്ഞാടിയ ലണ്ടനിലെ ലെസ്റ്റർ സ്കുയറിലുള്ള അതേ നോയ്ൽ ക്വൊവാർഡ് തീയെറ്റർ  ആഡിറ്റോറിയത്തിൽ വെച്ച് തന്നെ അവരുടെയൊക്കെ മഹത്തായ ആ വിദ്യകളുടെ പുന:രാവിഷ്കാരവും മറ്റും വീണ്ടും കാണികൾക്ക് സമർപ്പിക്കുന്ന ജാലവിദ്യാ വിസ്മയങ്ങൾ ...

അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരതീയ വേദങ്ങളിലും ഉപനിഷത്തുകളിലും 14 വിദ്യകളെ കുറിച്ചും , 64 കലകളെകുറിച്ചും വിശദീകരിച്ചിട്ടുണ്ട്. എന്തിന് വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പോലും പറയുന്നുണ്ട് , നല്ല കാമിനികൾ ഈ 64 കലകളിലും നിപുണകളായിരിക്കണമെന്ന് ...

ഈ കലകളിൽ ഒന്നാണ് ഇന്ദ്രജാലം അഥവാ കാണികളെയൊക്കെ  കണ്ണുകെട്ടി അവരെയൊക്കെ രസിപ്പിക്കുകയും , ചിന്തിപ്പിക്കുകയും , ഭീതിപ്പെടുത്തുകയും ചെയ്യുന്ന ലീലകളായി  അവതരിപ്പിക്കുന്ന മഹേന്ദ്രജാലങ്ങളായ മായാജാല വിദ്യകൾ ... !

ലണ്ടൻ സ്വമിയുടെ ആംഗലേയ /തമിഴ് ബ്ലോഗുകളിൽ
ഇന്ദ്രജാല ചരിത്രം നന്നായി എഴുതിയിട്ടിട്ടുണ്ട്...

തന്റെ സ്വതസിദ്ധമായ മെയ്‌വഴക്കത്തിലൂടെ , അനേക നാളായിട്ടുള്ള പ്രായോഗിക പരിശീലനനത്തിലൂടെ ഒരു മാന്ത്രിക/ൻ തന്റെ വ്യക്തി പ്രഭാവത്താൽ , തന്റെ ശരീരാവയവങ്ങളുടെ വേഗതയേറിയ ചലനങ്ങളിലൂടെ അവളുടെ / അയാളുടെ  മുന്നിലിരിക്കുന്നവരെയൊക്കെ ശ്രദ്ധ തെറ്റിപ്പിച്ചും , വാക് സാമർത്ഥ്യത്താലും . ചില സാങ്കേതിക ഉപകരണങ്ങളാലും , സഹായികകളുടെ കൂട്ടോടു കൂടിയും വിസ്മയപ്പെടുത്തി അവതരിപ്പിക്കുന്ന വെറും ജാലങ്ങളാണ് ഈ ജാല വിദ്യകൾ ... !

അതായത് ഒരു ജാലവിദ്യ എന്നാൽ എട്ട് തത്വങ്ങൾ അടങ്ങിയ അഭ്യാസങ്ങളുടെ പ്രായോഗിക പരിശീലനത്താൽ കൈവരിക്കേണ്ട ഒരു കലാ കായിക പ്രകടനമാണ് . ഈ എട്ടായി തിരിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഒന്നോ , അതിലധികം ഭാഗങ്ങളോ സമന്വയിപ്പിച്ച് വശമാക്കാതെ ആർക്കും തന്നെ ഒരു ജാലവിദ്യക്കാരനായി പ്രശോഭിക്കുവാൻ സാധ്യമല്ല -  അതും നല്ല ഏകാഗ്രതയോടെ ,ശ്രദ്ധ തെറ്റാതെ , കാണികളെ ശ്രദ്ധ തെറ്റിച്ച് കബളിപ്പിക്കുന്ന ഒരു തരം കളികളാണ് ഈ ഇന്ദ്രജാലങ്ങൾ... !

താഴെ കാണുന്ന ഈ അഷ്ട്ട ജാലങ്ങളിൽ നിപുണരായ ലോകത്തിന്റെ വിവിധ കോണുകളിലുള്ള എട്ട് തരങ്ങളിൽ പ്രാവീണ്യം തെളിയിച്ച കുറെ ചുള്ളന്മാരേയും ചുള്ളത്തികളേയും അണിനിരത്തി ഒരു സിനിമ നിർമ്മിക്കുന്ന രീതിയിൽ സംവിധാനവും , സംഗീതവും , ശബ്ദവും , വെളിച്ചവുമൊക്കെ നൽകി അവതരിപ്പിക്കുന്ന , ഇതുവരെ വെളിവാകാത്ത വിവിധ തരം നിഗൂഡ രഹസ്യങ്ങൾ കൊണ്ട് , അവതരിപ്പിക്കുന്ന അമ്പതിൽ പരം മാജിക് ട്രിക്കുകളുടെ ഒരു കാഴ്ച്ചവട്ടമാണ് ഈ ഇമ്പോസ്സിബ്ൾ എന്ന മാന്ത്രിക മാമാങ്കം... !
  1. Escape ( രക്ഷപെടൽ )
  2. Levitation (പൊങ്ങി കിടക്കൽ )
  3. Penetration ( തുളച്ച് കയറ്റൽ )
  4. Prediction ( പ്രവചിക്കൽ   )
  5. Production (പ്രത്യക്ഷപെടുത്തൽ )
  6. Transformation ( രൂപാന്തരപ്പെടുത്തൽ )
  7. Transportation (  സ്ഥാനമാറ്റം വരുത്തൽ)
  8. Vanish ( അപ്രത്യക്ഷമാക്കൽ )
കൂടാതെ ഈ എട്ട് വിഭാഗങ്ങളുടെ ഉപ വിഭാഗങ്ങളായി അവരവരുടെ അഭിരുചിയനുസരിച്ച് പല മാന്ത്രികരും പരഹൃദയ ജ്ഞാനം (Thought Reading) , പുനർ നിർമ്മിക്കൽ (Reproduction) , ഉത്തേജിപ്പിക്കൽ (Activation) , പൊന്തിക്കിടക്കൽ (Floatation) , നിയന്ത്രിക്കൽ (Restriction) , ബാഷ്പീകരിക്കൽ (Evaporation) എന്നിങ്ങനെ പല വിദ്യകളിലും  പ്രാവീണ്യം നേടിയ ഇവരൊക്കെ , ഓരോ ഷോകളിലും വത്യസ്ഥമായി പല പല സ്റ്റണ്ടുകളും ചെയ്ത് കാണികളെയൊക്കെ കണ്ണ് തള്ളിച്ചിരിക്കുകയാണിപ്പോൾ ...

വേദിയിലേക്ക് വിളിച്ച് വരുത്തി കാണികളെ ചുറ്റും അണിനിരത്തി ,
അവിടെയുള്ള ഒരു കാറിനെ ഇല്ലാതാക്കി കാണിക്കലും , അതേ പോലെ
നിമിഷങ്ങൾ കൊണ്ട് ഒരു ഹെലികോപ്പ്റ്റർ സ്റ്റേജിൽ പ്രത്യക്ഷപ്പെടുത്തലും ,
ചില്ല് ടാങ്കിലെ വെള്ളത്തിൽ ബന്ധനസ്ഥനായവൻ നിമിഷ നേരത്തിനുള്ളിൽ പുറത്ത്
വരുന്ന സമയത്തിനകം അസിസ്റ്റന്റ് ആ ചില്ല് ടാങ്കിൽ അകപ്പെടുന്നതും, കെട്ടി തൂക്കിയിട്ട്  കത്തിച്ചവൻ ഫയർ എസ്കേപ്പ് നടത്തുന്നതും , മെറ്റൽ ബാറിനാൽ കണ്മറച്ചവൻ ഉന്നം പിഴക്കാതെ അമ്പെയ്ത്ത് നടത്തി ആളിനെ പരിക്കേൽ‌പ്പിക്കാതിരിക്കുന്നതും ,
അവിശ്വസനീയമായി തന്നെ കാണികളുടെ മൈൻഡ് റീഡിങ്ങ് നടത്തുന്നതും , സ്റ്റാർ വാർസ് മോഡൽ ലേയ്സർ ലൈറ്റുകൾ കൊണ്ടുള്ള അഭ്യാസവും അങ്ങിനെയങ്ങിനെ അനേകം ആൾ മാറട്ടങ്ങൾ , മുറിച്ച് മാറ്റലുകൾ , ഇലക്ട്രോണിക് മറി മായങ്ങൾ , കാർഡ് ട്രിക്സ് , കോയിൻ കം റോപ് ട്രിക്സ് , എന്നിങ്ങനെ വെറും ചെപ്പടി വിദ്യകൾ വരെയുള്ള ; മാജിക്കിന്റെ ലോകത്തെ എല്ലാ വിദ്യകളും അവതരിപ്പിച്ച് കൊണ്ടുള്ള തനി വിസ്മയക്കാഴ്ച്ചകൾ തന്നയാണ് ഈ വമ്പൻ ജാലവിദ്യാ പരിപാടിയിൽ ഉള്ളത്  ...

ഇന്ന് അന്തർദ്ദേശീയമായി മാജിക് അവതരണ
രംഗത്തെ  തനി പുപ്പുലികളായ ന്യൂ ജെനെറേഷൻ മാജീഷ്യന്മാരായ

  1. അലി കുക്ക് (Sleight of Hand Master) 
  2.  ബെൻ ഹാർട്ട് (Boundary Breaking Magician)
  3.  ക്രിസ് കോക്സ് (Mind-Bending Mind Reader )
  4.  ഡാമിയെൻ ഒബ്രയേൻ (Explosive Street Magician )
  5.  ജെമീയ് അലൻ (Digital Marvel )
  6.  ജൊനേഥാൻ ഗുഡ് വിൻ(Daredevil and Escapologist )
  7.  കാതറൈൻ മിൽ സ്(Sophisticated Sorceress )
  8.  ലൂയ്സ് ദെ മാത്തോസ് ( Grand Illusionist )
എന്നീ എട്ട് ജാലവിദ്യാ ഉസ്താദുകളും അവരുടെ കൂട്ടാളികളും കൂടി ഈ രംഗ മണ്ഡപത്തിൽ അവതരിപ്പിക്കുന്ന റിയൽ മാജിക്കിന്റെ ഒറിജിനൽ റിയാലിറ്റി പെർഫോമൻസുകൾ...!

ഇനി ഇവരെല്ലാം കൂടി ലണ്ടൻ സിറ്റിയിൽ
നിന്നും യു.കെയിലുള്ള മറ്റ് വലിയ സിറ്റികളിലേക്കും, പിന്നീട് മറ്റ് യൂറോപ്പ്യ ൻ പട്ടണങ്ങളിലേക്കും ശേഷം
ഒരു ലോക പര്യടത്തിനും വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് -
അതും അതാത് രാജ്യങ്ങളിലെ വമ്പൻ മാജിക് കമ്പനികളുമായി ഒരു ടൈ-അപ്പ് ഉണ്ടാക്കി അവിടങ്ങളിലെ ബോക്സ് ഓഫീസുകളും തകർക്കാനാണ് -
ഈ പരിപാടിയുടെ സംവിധായകനായ  ജെമീയ് അലന്റേയും (2 മിനിറ്റ് വീഡിയോ) , ഇതിന്റെ നിർമ്മാതക്കളായ Jamie Hendry Productions ന്റേയും ഭാവി പരിപാടികൾ...



പുണ്യ പുരാതനമായ ഭാരതീയമായ ഇന്ദ്രജാലങ്ങളെ
വണങ്ങി കൊണ്ട് ആരംഭിക്കുന്ന ഈ അസാദ്ധ്യമായ മാജിക് ഗാല ഷോ ,
മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യയിലും പ്രദർശനത്തിനെത്തുമെന്ന്
നമുക്ക് കാത്തിരിക്കാം അല്ലേ ...

അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !






മൂന്ന് കൊല്ലം മുമ്പെഴുതിയ 
വേറൊരു മാജിക് വിസ്മയ ചരിതം
മാജിക്കിന്റെ ഒരു വിസ്മയ ലോകം


Thursday 23 July 2015

സെൽ മി ദി ഏൻസർ ... ! / Sell Me the Answer ... !

ഒരു രാജ്യത്തിന്റെ സാംസ്കാരിക തനിമകൾ തൊട്ടറിയുവാൻ അവരുടെ ടി.വി പ്രോഗ്രാമുകൾ ഒരാഴ്ച്ച വീക്ഷിച്ച് നോക്കിയാൽ മതിയെന്നാണ് പറയുന്നത് ...
ആ നാട്ടിലെ ടി.വി ചാനലുകളിൽ കൂടി അവതരിപ്പിക്കുന്ന വാർത്താ പത്രികകളിലൂടെ , ഡോക്യുമെന്ററികളിലൂടെ , ചരിത്ര - വർത്തമാന - രാഷ്ട്രീയ - സിനിമാ - കായിക വിനോദ കാഴ്ച്ചകളിലൂടെ ആ നാടിന്റേയും , നാട്ടുകാരുടേയും സ്പന്ദനങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുമത്രെ ...!

എന്നെപ്പോലെയൊക്കെയുള്ള ഇന്നത്തെ ഒരു ശരാശരി
സാധാരണക്കാർ , ഇത്തരം സ്ഥിരം കാണാറുള്ള ചാനലുകളിലെയൊക്കെ
നല്ലതും , ചീത്തയും , വാർത്താ പ്രാധാന്യമുള്ളതുമൊക്കെയായ കാര്യങ്ങൾ മിക്കതും ഊറ്റിയെടുത്താണ് അവരുടെയൊക്കെ സ്വന്തം ബ്ലോഗുകളിലടക്കം , പല സോഷ്യൽ
മീഡിയ സൈറ്റുകളിലും  , മറ്റ് പല വെബ് തട്ടകങ്ങളിലും ...
ആയതൊക്കെ കുറച്ച് പൊടിപ്പും , തൊങ്ങലും വെച്ച് പ്രദർശിപ്പിച്ച് അഭിപ്രായങ്ങളും , ലൈക്കുകളും , ഡിസ് ലൈക്കുകളും , ഷെയറുകളുമൊക്കെയായാണ് ഈ കാലഘട്ടത്തിൽ എന്നുമെന്നോണം അഭിരമിച്ചുകൊണ്ടിരിക്കുന്നു , എന്നത് ആർക്കാണ് അറിയുവാൻ പാടില്ല്യാത്തത് ..അല്ലേ.


അതായത് യാതൊരു വിധ പൊതു താല്പര്യ പ്രശ്നങ്ങളിലും നേരിട്ടിറങ്ങിച്ചെല്ലാതെ , തനി സോഫാ ഗ്ലൂ കുട്ടപ്പന്മാരും , കുട്ടപ്പികളുമായി മുറിയിൽ അടച്ചിരുന്ന് രാഷ്ട്രീയത്തേയും , സാഹിത്യത്തേയും, മതത്തേയും, സേവനങ്ങളേയുമൊക്കെ പറ്റി ഘീർവാണം പോലെ , ഘോരഘോരം വാചക കസർത്തുക്കൾ മാത്രം നടത്തുന്നവർ ...!


അതൊക്കെ പോട്ടെ
ഇനി നമുക്ക് പറയുവാൻ പോകുന്ന
ടി.വി പ്രോഗ്രാമുകളിലേക്ക് കടന്ന് ചെല്ലാം...

അലങ്കാരങ്ങളായി കൈയ്യിലും , കാലിലും , കഴുത്തിലും , കാതിലും
മൂക്കിലുമൊക്കെ ആഭരണങ്ങളാൽ അണിയിച്ചൊരുക്കി, ആഡംബര ജീവിതം
നയിച്ച് പോരുന്ന അമ്മായിയമ്മ കം മരുമകൾ കുടുംബങ്ങളെ ചിത്രീകരിച്ച് , അവർ
തമ്മിലുള്ള പോരുകളും , ചേരി തിരിവുകളും , കോന്തൻ ഭർത്താവുദ്യോഗസ്ഥന്മാരെയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി മാറ്റിയിട്ടിട്ടുള്ള തനി മിഴിനീർ പ്രവാഹമൊഴുകുന്ന  കാക്ക തൊള്ളായിരം സോപ്പ് സീരിയലുകൾക്കിടയിൽ , വല്ലപ്പോഴും കാണിക്കാറുള്ള ഗെയിം / ടാലന്റ് റിയാലിറ്റി ഷോകളാണ് , ഇന്നത്തെ ടി.വി പരിപാടികളിൽ ചിലതൊക്കെ പ്രേഷകർക്ക് ശരിക്കും വിനോദവും വിജ്ഞാനവും വിളമ്പി കൊടുക്കുവാറുള്ളത് എന്നത് ഒരു സത്യം തന്നേയാണല്ലോ ...




ഇതിപ്പോൾ പറയുവാൻ കാരണം മിനിഞ്ഞാന്ന് ,  ഏഷ്യാനെറ്റിൽ അവതരിപ്പിച്ച
സെൽ മി ദി ഏൻസർ ‘ എന്നൊരു ടാലന്റ് ഷോ കാണാൻ ഇടയായി. 10 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകിയാൽ , ആയതിൽ പങ്കെടുക്കുന്ന ആൾക്ക് , പരിപാടിയിൽ പടി പടിയായി 50 ലക്ഷം രൂപയിൽ മേലെ സ്വന്തമാക്കാവുന്ന , പൈസ സ്വരൂപിക്കാവുന്ന മത്സര പരിപാടിയാണിത്.
അഥവാ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ , ഉത്തരങ്ങൾ വിലക്ക്
വിൽക്കുവാൻ അവിടെ ആ സദസ്സിൽ സന്നിഹിതരായിരിക്കുന്ന 42 ട്രേയ്ഡേയ്സിൽ
നിന്നും വിലകൊടുത്ത് ഉത്തരങ്ങൾ വാങ്ങാവുന്ന ഒരു ഏർപ്പാടും ഈ പരിപാടിയിൽ ഉണ്ട്.

അതായത് പങ്കെടുക്കുന്ന 'കണ്ടസ്റ്റെൻസി'നേക്കാൾ പൈസ , ശരിയായ
ഉത്തരം വിപണനം ചെയ്യുന്നവർക്ക് വിറ്റ് , വിറ്റ് ഉണ്ടാക്കാം എന്നർത്ഥം , അഥവാ ശരിയുത്തരമല്ലെങ്കിൽ പോലും വിപണനം ചെയ്യുന്ന ആളടക്കം വാങ്ങുന്ന ആളും പരിപാടിയിൽ നിന്നും പുറത്തായാലും  , വിറ്റു കിട്ടിയ കാശ് സ്വന്തമാക്കുവാൻ  പറ്റുന്ന അവസ്ഥ ... !

അന്നത്തെ പരിപാടിയിലെ കണ്ടസ്റ്റന്റ് ഉത്തരങ്ങൾ വില പേശി വാങ്ങി വാങ്ങി പങ്കെടുത്ത 5 ചോദ്യങ്ങൾ വരെ താണ്ടി , പിന്നത്തെ 2ലക്ഷത്തിന്റെ ചോദ്യം ... 'വയലാർ അവാർഡ്'നേടിയ മലയാളത്തിലെ ഒരു കൃതിയുടെ പേര് പറഞ്ഞ്  അതിന്റെ രചയിതാവ് ആരായിരുന്നു എന്നാണ് ഉത്തരം പറയേണ്ടത് ...

 കോളേജുകളിൽ മലയാളം അദ്ധ്യാപികമാരായവർ തൊട്ട് , ഡോക്ട്ടറും ,
പി.എസി.സി ട്യൂട്ടറും , എഞ്ചിനീയറുമൊക്കെയുള്ള ഉത്തരം വിപണനം ചെയ്യുന്ന
സദസ്സിൽ നിന്നും , ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ , ആകെ ഒരാൾ മാത്രമാണ്
മുന്നോട്ട് വന്നത് . എന്നിട്ടോ തെറ്റായ ഉത്തരം, വിലപേശി വിറ്റിട്ട് ,  ഒരു ലക്ഷം പക്കലാക്കി ഒരു ഉളുപ്പുമില്ലാതെ മൂപ്പരും , പങ്കെടുക്കുന്ന ആളും പുറത്തായി പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം തോന്നി ...

മലയാള സാഹിത്യത്തിലെ പലതിനെ കുറിച്ചും കാര്യമായൊന്നും
അറിവില്ലാത്ത നമ്മുടെയെല്ലാം , തനി പ്രതിനിധികൾ തന്നെയായിരുന്നു
‘സെൽ മി ഏൻസർ ‘ വിൽക്കുവാൻ വന്ന ആ വമ്പൻ വില്പനക്കാരെല്ലാം...!

തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കഥകളും , അനുഭവങ്ങളുമൊക്കെയായി ,
വളരെ നല്ല രീതിയിൽ തന്നെ ഈ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന മുകേഷ് ,
അന്നത്തെ പരിപാടിക്ക് ശേഷം സൂചിപ്പിച്ചത് ഇതാണ് ...

‘മലയാള ഭാഷ സാഹിത്യത്തോടുള്ള മലയാളിയുടെ
ഇന്നത്തെ അവഗണന മനോഭാവം മാറ്റിയെ മതിയാവു എന്നതാണ് ..”

എത്രമാത്രം സാങ്കേതിക വിദ്യ ഉന്നതിയിലെത്തിയെങ്കിലും
മലയാള ഭാഷ സാഹിത്യത്തിലൊന്നും ഇന്ന് ഒട്ടുമിക്ക മലയാളിക്കും
പരിജ്ഞാനമില്ലാതായി കൊണ്ടിരിക്കുന്നു എന്ന ദു:ഖകരമായ വാസ്തവം ... !

കഷ്ട്ടം  തന്നെ അല്ലേ

അതെങ്ങിനെ വായനയെ തഴഞ്ഞ് , സോഷ്യൽ നെറ്റ് വർക്ക്
സൈറ്റുകളിലും , ടി.വി പരിപാടികളിലേക്കും മാത്രം ഒതുങ്ങി കൂടിയിരിക്കുകയാണല്ലോ
ഇന്നത്തെ പുത്തൻ മലയാളി സമൂഹം ..അല്ല്ലേ

പിന്നെ ഏത് ആഘോഷ വേളകളിലും അല്ലായ്ത്തപ്പോഴും
ഒട്ടുമിക്ക ടി.വി. പരിപാടികളിലെല്ലം  പങ്കെടുക്കുന്നത് സിനിമാ
- സീരിയൽ - രാഷ്ട്രീയ തലതൊട്ടപ്പന്മാരല്ലാതെ മേമ്പൊടിക്ക് പോലും
ഒരു കവിയേയോ , സാഹിത്യകാരനെയോ , സാംസ്കാരിക നായകനേയോ
കാണിച്ചാൽ ചാനലിന്റെയൊക്കെ വ്യൂവർഷിപ്പ് റേറ്റ് കുറഞ്ഞ് പോകില്ലേ..!


നമ്മുടെ നാട്ടിൽ ഇന്ന് സമ്പ്രേഷണം നടത്തി കൊണ്ടിരിക്കുന്ന  ഏതൊരു നല്ല കണ്ണീർ സീരിയലായാലും , ടാലന്റ് / ഗെയിം റിയാലിറ്റി ഷോയായാലും , ആയതിലെ  ഭൂരിഭാഗവും അന്യ നാടുകളിൽ / ഭാഷകളിൽ ഹിറ്റായവയായിരിക്കും...!

ഇനി എന്നാണാവോ നമ്മൾ സ്വന്തമായി ക്രിയേറ്റ് ചെയ്ത ഇത്തരം
ഒരു കിണ്ണങ്കാച്ചി പരിപാടി അന്യദേശക്കാർ / ഭാഷക്കാർ പകർത്തിയെടുത്ത്
അവരുടെ നാട്ടിൽ അവതരിപ്പിക്കുക..?
ചുമ്മാ ഒരു പകൽക്കിനാവ് കാണാമെന്ന് മാത്രം .. !



ഈ പരിപാടിയും ഇതുപോലെ തന്നെ 2010 കാലഘട്ടങ്ങളിൽ
സ്കൈ ചാനൽ  ഒന്നിൽ അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് ഗെയിം ഷോ ആയ
‘Sell Me the Answer 'എന്ന പരിപാടിയുടെ സ്വതന്ത്ര ആവിഷ്കാരമാണ്,
എങ്കിലും  അതിലെ ഉത്തരം വിൽക്കുന്ന ട്രേയ്ഡേയ്സെല്ലാം , ‘വലിയ‘ സംഖ്യയെങ്ങാനും
ഒരു തെറ്റുത്തരത്തിന് കൈപറ്റിയെങ്കിൽ , പിന്നീട് ആ തുകയൊക്കെ വല്ല ചാരിറ്റിക്കുമൊക്കെ കൈ മാറിയ ചരിത്രമാണുള്ളത് ...

അല്ലാതെ എന്നെ പോലെയുള്ള ഒരു തനി മലയാളിയെ
പോലെ കിട്ടിയത് കീശേലാക്കി ,  ഒരു ഉളുപ്പു മില്ലാതെ മുങ്ങുന്ന
ഇത്തരം ഇടപാടുകൾ യൂറോപ്പ്യൻസിന്റെയിടയിൽ അങ്ങിനെ ഇല്ല കേട്ടൊ

എന്തിന് പറയുവാൻ ...

എന്നുമെന്നോണം നമ്മുടെ മത പുരോഹിത
രാഷ്ട്രീയ മേലാളുകളെല്ലാവരും കൂടി  , നമ്മുടെ മുന്നിലിട്ട്
കാട്ടിക്കൂട്ടുന്നതും ഇത്തരം വേണ്ടാത്ത കുണ്ടാമണ്ടികൾ തന്നെയല്ലേ ...
മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ... ബഹുഗോക്കളെല്ലാം ... !




കടപ്പാട് :- 
ഈ കുറിപ്പുകളിൽ ചേർത്തിട്ടുള്ള ചിത്രങ്ങളും , 
വീഡിയോകളുമൊക്കെ  Asianet TV &Sky TV
ചാനലുകളുടെ Sell Me the Answer  പരിപാടികളുടെ 
ബ്ലോഗ് സൈറ്റുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...