Tuesday 16 June 2015

ജുറാസ്സിക് വേൾഡ് ... ! / Jurassic World ... !

ഒരു സിനിമയ്ക്ക് വേണ്ടുന്ന എല്ലാ മേമ്പോടികളെല്ലാം ചേരും പടി ചേർത്ത് പ്രേഷകരെ ഹർഷ പുളകിതരാക്കുന്നതിൽ
ജുറാസ്സിക് വേൾഡി‘ ( ഇൻട്രൊ : വീഡിയോ 3 മിനിട്ട് )ലൂടെ വീണ്ടും , ഉന്നത വിജയം കൈ വരിച്ചിരിക്കുകയാണ് , ഇന്നത്തെ ലോക സിനിമയിലെ തല തൊട്ടപ്പന്മാരിൽ ഒരുവനായ ‘ സ്റ്റീവെൻ സ്പിൽബെർഗും ’ അദ്ദേഹത്തിന്റെ നവാഗത കൂട്ടാളികളും കൂടി ...

ഈ സിനിമ റിലാസാവുന്നതിന് എത്രയോ കാലം മുമ്പ് തന്നെ
റിയലിസ്റ്റിക് സംഗതികൾ തന്നെയാണിതൊക്കെ എന്ന് വരുത്തി തീർക്കുവാൻ
ഇതിന്റെ പിന്നണിയിലുള്ളവർക്ക് കഴിഞ്ഞു എന്നതിന് ഒരു ഉത്തമ ഉദാഹരണമായി ,
‘ജുറാസ്സിക് വേൾഡി‘ന്റെ വെബ് സൈറ്റായ www.jurassicworld.com സന്ദർശിച്ച ലക്ഷകണക്കിനുള്ള ആരാധകരുടെ എണ്ണം തന്നെ കണക്കാക്കിയാൽ മതി...
അവിടേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ വരെയുണ്ട് പോലും ... !

രണ്ട് പതിറ്റാണ്ട് മുമ്പ് , 1993 ൽ പുറത്ത് വന്ന ഇദ്ദേഹത്തിന്റെ ‘ ജുറാസ്സിക് പാർക്കാ ’യിരുന്നു , ലോക സിനിമകളിൽ അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡ് ഭേദിച്ച ലോകത്തിലെ ആദ്യ സിനിമ ( $ 993 മില്ല്യൺ ) .
പിന്നീട് നാലു കൊല്ലം കഴിഞ്ഞ് ‘ടൈറ്റാനിക്കും’  ശേഷം‘ അവതാറു’ മൊക്കെയാണ് ഈ റെക്കോർഡുകൾ വെട്ടിച്ച് മുന്നേറിയ മൂവികൾ...

ഇതിന്റെ രണ്ടാം ഭാഗമായി 1997 - ൽ ഇറങ്ങിയ ‘ ലോസ്റ്റ് വേൾഡും ’ $ 618 മില്ല്യൺ ലാഭക്കൊയ്ത്ത് നടത്തി മുന്നിട്ടപ്പോൾ , സ്പിൽബെർഗിന്റെ നോമിയായി , ജോയ് ജോൺസ്റ്റൺ സംവിധാനം ചെയ്തിറക്കിയ 2001 ലെ ഈ സിനിമയുടെ മൂന്നാം ഭാഗം  ‘ ജുറാസ്സിക് പാർക്ക് - III ' $ 368 മില്ല്യണേ ലാഭം കൊയ്തുള്ളൂ.

ഈ സിനിമകളിലൊക്കെ അന്നൊക്കെ അഭിനയിച്ചിരുന്ന സ്ഥിരം
സ്റ്റാറുകളായിരുന്ന ജെഫ് ഗോൾഡ്ബ്ലെമും , പിന്നീട് രംഗത്ത് വന്ന റിച്ചാർഡ്
ആറ്റംബോറൊയും , സാം നീലും , ലോറാ ഡേർണും , വില്ല്യം മാക്കിയുമൊന്നുമില്ലാതെ
തന്നെ , അന്തർദ്ദേശീയമായി പേരെടുത്ത , പല ലോക രാജ്യങ്ങളിലേയും ന്യൂ-ജെനെറേഷൻ സ്റ്റാറുകളേയും , പിന്നണിക്കാരേയുമൊക്കെയാണ് , ഇത്തവണ ഈ ‘ഡൈനോസർ സീക്വെൻസി‘ ലെ , നാലാം ചിത്രം സ്റ്റീവൻ അണിയിച്ചൊരുക്കി നിർമ്മിച്ചത്...

കുബുദ്ധിയുടെ ആശാനും , ഡൈനോ-ജെനിറ്റിക് ശാസ്ത്രജ്ഞനുമായ , ഡോ : ഹെൻറി വു് എന്ന കഥപാത്രത്തെ അവതരിപ്പിച്ച ബി.ഡി.വോങ്ങ് മാത്രമേ ഈ പുത്തൻ സിനിമയിൽ ആ കഥാപാത്രമായി  വീണ്ടും അഭിനയിച്ചുള്ളൂ ...

ഹോളി വുഡിലെ പേരെടുത്ത തിരക്കഥാ ദമ്പതികളായ റിക്ക് ജാഫയുടേടെയും അമൻഡയുടേയും കഥയിൽ , സ്പിൽബെർഗിന്റെ ശിഷ്യനായ 38 കാരൻ കോളിൻ ട്രെവറൌവ് സംവിധാനം ചെയ്ത് ,യൂണിവേഴ്സൽ ഫിലീംസ് വിതരണം നടത്തിയ ഈ ‘ജുറാസിക് വേൾഡ്’ ലോകം മുഴുവൻ , വിവിധ  പരിഭാഷകളുമായി 66 രാജ്യങ്ങളിൽ റിലീസ് ചെയ്ത് , ഒരാഴ്ച്ചകൊണ്ട് തന്നെ $ 510 മില്ല്യൺ നേടി ഇതുവരെയുള്ള സകല കളക്ഷൻ റിക്കാർഡുകളും ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണിപ്പോൾ ... !

ഇതിന്റെ കഥ നടക്കുന്നത് കരീബിയൻ ദീപ സമൂഹങ്ങളിൽ ഒന്നാ‍യ ,
‘കോസ്റ്ററിക്ക‘യുടെ അടുത്ത് കിടക്കുന്ന  ‘ ഐസ്ല നെബുലാർ ’ എന്ന ദ്വീപിൽ
തന്നേയാണ് . ജുറാസ്സിക് പാർക്ക് 22 കൊല്ലം മുമ്പ് തകന്ന് തരിപ്പണമായ ശേഷം ,
കുറച്ച്  കൊല്ലം കഴിഞ്ഞ് , ഏഷ്യൻ വംശജനും , പുത്തൻ ബില്ല്യനയറും , അരവട്ടനും , അഹങ്കാരിയുമായ സൈമർ മസ്രാണി ( ഇർഫാൻ ഖാൻ ) ദ്വീപ് വിലക്ക് വാങ്ങി അത്യധുനിക സംവിധാനങ്ങളോടെ ഒരു ഡൈനോസർ കം തീം പാർക്ക് വീണ്ടും നിർമ്മിച്ചതാണ് ഈ ജുറാസ്സിക് വേൾഡ് ... !

പണക്കാർക്ക് മാത്രം എത്തിപ്പിടിക്കുവാൻ സാധിക്കുന്ന ഒരു സ്വപ്ന സുന്ദരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്  ഇപ്പോഴുള്ള ഈ ജുറാസിക് വേൾഡ് ...
കോസ്റ്ററിക്കയിൽ വീമാനമിറങ്ങി , ക്രൂസിൽ കയറി പ്രകൃതി  രമണീയമായ ഈ  ജുറാസിക് വേൾഡുള്ള ദ്വീപിൽ എത്തി ചേർന്നാൽ മുതൽ , ശരിക്കും ഓരോ ടൂറിസ്റ്റിനും ആർമാദിച്ച് തുടങ്ങാം .
നല്ല നല്ല ലിഷർ പാർക്കുകളും , ഡിസ്നി ലാന്റിന് സമാനമായ വിനോദോപാധികളും , ഫുഡ് കോർട്ടുമൊക്കെ അടങ്ങിയ അടിപൊളി സ്ഥലം.
വിസിറ്റേഴ്സ് കുറഞ്ഞാൽ , ആളുകളെ വീണ്ടും വീണ്ടും പുതിയ തരം ദിനോസർ
ജനിതികങ്ങൾ ഉണ്ടാക്കി, ഡൈനോസർ വേൾഡിലെക്ക് ആകർഷിപ്പിക്കുന്ന ഒരു മൾട്ടി കോർപ്പറേറ്റ്  ബിസ്സ്നെസ് മാൻ തന്നെയാണ് ഈ മസ്രാണി .
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുവാൻ
www.masraniglobal.com എന്ന ഈ വെബ് സൈറ്റ് സന്ദർശിച്ചാൽ മതി.

പണ്ടത്തെ നിരുപദ്രവകാരികളായ അവിടെയലഞ്ഞ് നടന്നിരിന്ന കുട്ടി ദിനോസറുകളെ ചിലതിനെയെല്ലാം പിടിച്ച് ‘പെറ്റു‘കളെ പോലെ പരിപാലിച്ചുള്ള ‘ഡൈനോ പെറ്റിങ്ങ് ഫാമും‘ , ആനകളെ പോലെ പരിശീലനം നൽകിയ ‘ട്രൈസറാടോപ്പു‘കളുടെ മുകളിലേറി സഞ്ചരിക്കാവുന്ന  ഒരു സഫാരി പാർക്കും ...
‘സീവേൾഡ് സ്റ്റൈലിൽ ഡോൾഫിൻ ഷോ‘ കാണുന്നപോലെ
ടി-റെക്സ് ദിനോസറിന്റേയും മുതലയുടേയും ജീനുകളാൽ സൃഷ്ട്ടിച്ച , വെള്ളത്തിൽ
ജീവിക്കുന്ന ‘ മോസ സോറസ് ‘  എന്ന ഭീമൻ ‘ അക്വാറ്റിക് ലിസഡിന്‘  കൂറ്റൻ സ്രാവിനെ
തീറ്റയായി കൊടുക്കുന്നത് കാണാവുന്ന  ഇൻഡോർ സ്റ്റേഡിയവും , ജനിതിക മാറ്റത്തിലൂടെ ‘വെലോസിറാപ്റ്റർ ‘ എന്ന ബുദ്ധി വികാസം ഉണ്ടാക്കിയ ദിനോസറുകൾക്ക് ട്രെയിനിങ്ങ് നൽകുന്നത് ദർശിക്കാവുന്ന കൂറ്റൻ ഡെക്ക് ഡോക്കും ...
പിന്നെ വിസിറ്റേഴ്സിനെ കൂടുതൽ ആകർഷിക്കുവാൻ വേണ്ടി ടി-റെക്സ് ദിനോസറിന്റേയും , ട്രീ ഫ്രോഗിന്റേയും , കട്ടിൽഫിഷിന്റേയുമൊക്കെ ജീനുകൾ കൂട്ടി ചേർത്തുണ്ടാക്കിയ വമ്പത്തിയായ ഇൻഡോമിനസ് റെക്സ്‌ എന്ന ഭീകര ദിനോസറിനെ സൂക്ഷിക്കുന്ന , ഇതുവരെ സന്ദർശകർക്ക് തുറന്ന് കൊടുക്കാത്ത കൃത്രിമ വനവും , ആയതിന് ഇര കൊടുക്കുന്ന കാഴ്ച്ചകൾ മുകളിൽ നിന്ന് കാണാവുന്ന ഫൈബർ ഗ്ലാസ്സ് സമുച്ചയങ്ങളും ...
പോരാത്തതിന് ഗോളാകൃതിയിൽ ഗ്ലാസ്സ് കൊണ്ട് വളരെ സുരക്ഷിതമായി
ദിനോസറുകളുടെയെല്ലാം മേച്ചിൽ പുറങ്ങളിൽ കൂടിയെല്ലാം സഞ്ചാരം നടത്താവുന്ന
‘ ഗൈറോസ്ഫിയർ ‘ എന്ന ഒരു നവീന വാഹനവും , മോണോ റെയിലിൽ കൂടി ഉയരത്തിൽ
ഈ തീം പാർക്കിനെ വലം ചുറ്റി കറങ്ങി കൊണ്ടിരിക്കുന്ന ഒരു മോസ്റ്റ് മോഡേൺ സംവിധാനങ്ങളുള്ള ട്രെയ്നുമൊക്കെയായി , എല്ലാം അത്യധികം വിസ്മയ കാഴ്ച്ചകളാണ് തനി ത്രിമാന ദൃശ്യങ്ങളിലൂടെ ഓരോ പ്രേഷകനും ഈ മൂവിയിൽ കൂടി ദർശിക്കാനാവുന്നത്... !

ഒപ്പം പുതിയ ജെനിറ്റിക് മെത്തേഡുകളിൽ കൂടി പുത്തൻ ഡൈനോസർ
ജെനുസുകൾ ഉണ്ടാക്കി സംരക്ഷിക്കുകയും , പിന്നീടൊക്കെ അവയെ കൊണ്ടൊക്കെ
എന്തെങ്കിലും പ്രാപ്തമായി ചെയ്യിക്കാവുന്ന സംഗതികളൊക്കെയുമായി സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ജെനിറ്റിക് ക്ലോണിങ്ങ് ലാബും , അതുക്കും മേലെയായ കണ്ട്രോൾ റൂം കം ഓഫീസുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ  വിസ്മയങ്ങൾ വേറെയുമുണ്ട് ഈ സൈ-ഫൈ മൂവിയിൽ ..!

സിനിമ തുടങ്ങുന്നത് ഡിവോഴ്സിന് നോട്ടീസ് കൊടുത്ത ഒരു ദമ്പതിമാരുടെ കൌമാരക്കാരായ രണ്ട് ആൺകുട്ടികളെ , അവർ പിരിയാൻ പോകുന്നതിന് മുമ്പ് , അമ്മയുടെ അനുജത്തിയും , ജുറാസ്സിക് വേൾഡിന്റെ ‘ഓപ്പറേഷൻ മാനേജരുമായ ‘ക്ലെയറി‘ന്റെ അടുത്തേക്ക് കുറച്ച് ദിവസം ടൂറിന് വിടുന്നത് തൊട്ടാണ്.
അനുരാഗ വിലോചനനും , വായ് നോട്ടക്കാരനുമായ  ചേട്ടൻ പയ്യനായ
സാക് മിച്ചലിന്റേയും ( നിക്ക് റോബിൻസണ്‍ ) ഡൈനോ ഫാനായ അനുജൻ
ഗ്രെയ് മിച്ചലിന്റേയും ( ടൈ സിംസണ്‍ ) യാത്രയിലൂടെയാണ് , പിന്നീട് ഓരൊ പ്രേഷകനും ജുറാസ്സിക് വേൾഡിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നതും അവിടത്തെ വിവിധ അത്ഭുതക്കാഴ്ച്ചകൾ ഓരോന്നായി കാണുന്നതും ,  ഇവരോടൊപ്പം ആ അവസരത്തിൽ ജുറാസ്സിക് വേൾഡ് സന്ദർശിക്കുവാൻ എത്തിയ ഇരുപതിനായിരത്തോളം വിസിറ്റേഴ്സ് വേറെയുമുണ്ട്.

ഇതിനിടയിൽ ജൂറാസ്സിക് വേൾഡിന്റെ മാനേജരായ ടിപ്പ് ചുള്ളത്തിയായ
ക്ലെയറിന്റെ (ബ്രെയ്സ് ഡല്ലാസ് ഹോവാഡ് ) തിക്കും തിരക്കിലൂടെയുള്ള പ്രയാണ
ത്തിനിടയിലൂടെ അവിടത്തെ അത്യാധുനികമായ ബൃഹത്തായ കണ്ട്രോൾ റൂമും , ഡൈനോ ജെനെറ്റിക് ലാബും , ഹെലികോപ്റ്റർ പറത്തുവാൻ വലിയ വശമില്ലെങ്കിലും സ്വന്തം സ്ഥാപനത്തിൽ വന്നിറങ്ങിയുള്ള മസ്രാണിയുടെ പത്രാസ് ഗോഷ്ട്ടികളുമൊക്കെ രസമായി തന്നെ ചിത്രീകരിച്ചിരിക്കുകയാണ് ആദ്യ ഭാഗങ്ങളിൽ...

ഇതോടൊപ്പം വേറെ ഫ്രേയ്മിൽ , തന്റെ നഷ്ട്ട പ്രണയത്തിൽ നിരാശനായ , മോട്ടോർ സൈക്കിൾ കമ്പക്കാരനായ , ദിനോസർ ട്രെയ്നറായി അവിടെ ചാർജെടുത്ത , മാനേജർ ചുള്ളത്തിയുമായി പണ്ട് പൊട്ടി  പോയ ഒരു ലൈൻ വീണ്ടും ഫിറ്റ് ചെയ്തെങ്കിലും  , ആയത് വിജയിക്കാതെ വന്ന  ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്) എന്ന ചുള്ളൻ , തന്റെ ഹിപ്നോട്ടിക് ചലനങ്ങളിലൂടെ വെലോസിറാപ്റ്ററുകളുടെ കൂട്ടിൽ അകപ്പെട്ട ഒരു ജീവനക്കാരനെ രക്ഷിക്കുന്ന ഭാഗവും , ഇത്തിരി ഭയാശങ്കകളോടെ ആസ്വദിച്ച് തന്നെ കാണാൻ കഴിയും...

ഒപ്പം തന്നെ , പിന്നീട് വില്ലൻ ഭാവങ്ങളിളേക്ക് മാറി പോകുന്ന അവിടത്തെ ജനിതിക ശാസ്ത്രങ്ങനായ ഡോ : ഹെൻറി വു്നേയും ( ബി.ഡി .വോങ് ), സെക്യൂരിറ്റി ചീഫായ ഹോസ്കിൻസിനേയും (വിൻസെന്റ്  ഡി ഒണൊഫ്രിയൊ ) നല്ല രീതിയിൽ കാണിക്കുന്നുണ്ട്.

പിന്നീട് പ്രേഷകരെയെല്ലാ‍ം കൊണ്ട് പോകുന്നത് ജുറാസ്സിക് വേൾഡിലെ
നയന സുന്ദരമായി ഒപ്പിയെടുത്തിട്ടുള്ള ത്രിമാന കാഴ്ച്ചകളിലേക്കാണ്. പെറ്റുകളായ
ദിനോസറുകൾ , ദിനോസറുകളുടെ പുറത്ത് കയറിയുള്ള സഫാരി , ഗൈറോസ്ഫിയർ
എന്ന മോഡേൺ വാഹനത്തിൽ കയറിയുള്ള സഞ്ചാരം , മോസസോറസ്  എന്ന ഭീമൻ അക്വാറ്റിക് ലിസഡിന് തീറ്റ കൊടുക്കുന്ന രംഗം , അങ്ങിനെയങ്ങിനെ..
പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചിരുന്ന് കാണാവുന്ന രംഗങ്ങളാണ് ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നത് , ജനിതിക മാറ്റം വരുത്തി ബുദ്ധി വികാസം നേടിയ ഭീകരിയായി തീർന്ന ഇൻഡോമിനസ് റെക്സ്‌  കൂട് തകർത്ത് പോകുന്നതിനിടയിൽ ഓവെൻ കടുകിട രക്ഷപ്പെടുന്നതും ,  കൂടെയുള്ള രണ്ട് പേരെ ആയത് കടിച്ച് മുറിച്ച് അകത്താക്കുന്നതും മറ്റും . പുറത്തെ വനത്തിനുള്ളിലേക്ക് കടന്ന് കളഞ്ഞ ഇതിനെ ഡിറ്റെക്ടർ ഉപയോഗിച്ച് ഫോളൊ ചെയ്ത ബ്ലൂറേയ്  ഗണ്ണുപയോഗിച്ച് കീഴ്പ്പെടുത്തുവാൻ സെക്യൂരിറ്റിക്കാർക്കാവാതെ അവരെല്ലം അതിന് ഇരയാവുന്നതും ...
അതിന് ശേഷം വേദന കൊണ്ട് സർവ്വ സംഹാരിയായി മാറിയ
ഇൻഡോമിനസ് റെക്സ്‌ പുറത്തുള്ള മറ്റ് ദിനോസറുകളെ ആക്രമിച്ചും കൊന്നും
വിളയാടി നടക്കുന്നതും, ആ അവസരത്തിൽ, ഗൈറോസ്ഫിയറിനുള്ളിൽ കാട്ടിലകപ്പെട്ട ചേച്ചിയുടെ മക്കളെ തേടി ക്ലെയറിനോടൊപ്പം , പ്രണയം കാരണം ജീവൻ പണയം വെച്ച് ഓവെനും കൂടി വനത്തിലേക്ക് കുട്ടികളെ തേടി പായുന്നതും , കുട്ടികൾ തൽക്കാലം ഇൻഡൊ - റെക്സിന്റെ  വായിൽ നിന്ന് രക്ഷപ്പെട്ട്  പണ്ടത്തെ കാലാഹരണ പെട്ട ‘ജുറാസ്സിക് പാർക്കി‘ൽ എത്തിപ്പെട്ട് , അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട് വരുന്നതും ...
ക്ലെയറും , ഓവെനും പിള്ളേരെ അന്വേഷിച്ച് പോയി പഴയ ജുറാസ്സിക് പാർക്കിൽ പെട്ട് , തല നാരിഴക്ക് ഇൻഡോ -റെക്സിൽ നിന്നും രക്ഷപ്പെട്ട് വരുന്നവഴി ദിനോസർ പക്ഷികളുടെ കൂട്ടിൽ അകപ്പെടുന്നതിനിടയിൽ  , പുറത്ത് വന്ന ‘പ്ടെറൊഡാക്റ്റ്യയി ‘ൽ പക്ഷികൾ,  ഇൻഡോ-റെക്സ് വേട്ടക്കിറങ്ങിയ മസ്രാണിയുടെ ഹെലികോപ്റ്ററിലിടിച്ച് അത് തകർന്ന്  ‘പ്ടെറൊഡാക്റ്റ്യയിൽ ദിനോസർ പക്ഷി ‘കളെ സൂക്ഷിക്കുന്ന ഗ്ലാസ്സ് ഡോം സമുച്ചയമായ ‘അവിയെറി’ തകർന്ന് അവയെല്ലം പറന്ന് വന്ന് കാണികളെ ആക്രമിക്കുന്നതും , റാഞ്ചികൊണ്ട് പോകുന്നതും ...
കുട്ടികളെ ഇവയിൽ നിന്നും രക്ഷപ്പെടുത്തുവാൻ ശ്രമിച്ച ഓവെനെ അവസാന
നിമിഷം ക്ലെയർ രക്ഷിക്കുന്നതും , അപ്പോളുള്ള ഒരു ജീവൻ രക്ഷാ നന്ദി പ്രണയ
പരവശത്തോടെയുള്ള ഉമ്മവെക്കലും , സാറയെ റാഞ്ചിയ ‘പ്ടെറൊഡാക്റ്റ്യ‘യിലിനെ
യടക്കം ചാടിപ്പിടിച്ച് വായിലാക്കുന്ന ‘ മോസ സോറസി ‘ന്റെ പ്രകടനവുമൊക്കെ വീർപ്പടക്കിയും, കണ്ണു തള്ളിയുമൊക്കെയാണ് ഏവരും കാണുക...

ഇതിനിടക്ക് മസ്രാണിയുടെ മരണ ശേഷം ജൂറാസിക് വേൾഡ് കൈയ്യടക്കിയ സെക്യൂരിറ്റി ചീഫായ ഹോസ്കിൻസിന് പുതിയ ജനിതികമാറ്റം വരുത്തിയ ദിനോസറുകളെ ഉപയോഗിച്ച് യുദ്ധങ്ങളിൽ ശത്രുപാളയം തകർക്കുവാൻ ഇവയെ ഉപയോഗപ്പെടുത്താമെന്നുള്ള സിദ്ധാന്തം രൂപപ്പെടുത്തി വിപണനം ചെയ്യാനുള്ള ഏർപ്പാടുകൾക്ക് വേണ്ടി , ജെനെറ്റിക് ലാബിൽ മൂപ്പരുടെ വരുതിയിൽ പെട്ട് ഉണ്ടാക്കിയെടുത്ത വസ്തു വകകളും , ദിനോസർ മുട്ടകളുമൊക്കെയായി ഡോ : ഹെൻറി വു്നേയും കൂട്ടാളികളേയും രഹസ്യ താവളത്തിലിക്ക് പറത്തിവിട്ടെങ്കിലും , ഹോസികിന് അദ്ദേഹത്തിന്റെ വറുതിക്ക് വരാതിരുന്ന ഒരു വെലോസിറാപ്റ്ററിന് മുന്നിൽ അതി ജീവിക്കുവാൻ സാധിച്ചില്ല... !

അവസാനം മുള്ളിനെ മുള്ള്
കൊണ്ടെടുക്കാമെന്ന് പറഞ്ഞത് പോലെ
ഇൻഡോമിനസ് റെക്സിനെ ഒതുക്കുവാൻ അതിന് പറ്റിയ എതിരാളിയെ ആനയിച്ച് കൊണ്ട് വരുന്ന ക്ലെയർ.

ഇൻഡോമിനസ് റെക്സിനെ യുദ്ധം
ചെയ്ത് തോല്പിക്കാനുള്ള പുതുതായി
രംഗ പ്രവേശം ചെയ്ത നായകന്റെ വീരത്തം , കൂട്ടിന് ജീവൻ ബാക്കി വന്ന രണ്ട് ‘വെലോസിറാപ്റ്ററുകളും.
എന്ത് പറയാൻ ഒരു കിണ്ണങ്കാച്ചി
ക്ലൈമാക്സിലൂടെ ‘ ഇൻഡോമിനസ് റെക്സ് ‘ ഇല്ലാതാകുന്നു...!

അങ്ങിനെ ജുറാസിക് വേൾഡിലെത്തിയ വിസിറ്റേഴ്സെല്ലാം
കോസ്റ്ററിക്കയിൽ തിരിച്ചെത്തി നാടുകളിലേക്ക് മടങ്ങുവാൻ തയ്യാറാകുന്നു
പരസ്പരം പിരിയാൻ പോയ മാതാപിതാക്കൾ ഒരുമിച്ച്  വന്ന്  ഗ്രേയെയും
സാക്കിനേയും കെട്ടിപ്പിടിക്കുന്നു.
ക്ലെയറും ഓവെനും വീണ്ടും പ്രണയത്തിന്റെ മടിത്തട്ടിലേക്ക് ...

ലാസ്റ്റ് ഷോട്ടായി പുതുനായകനും കൂട്ടരും ഇനി ജുറാസ്സിക്
വേൾഡിന്റേയും , ആ ദ്വീപിന്റെയും അധിപരാകുന്നിടത്ത് പടം ശുഭം .

മുഖ്യ അഭിനേതാക്കളും കഥാപാത്രങ്ങളും
Chris Pratt ...
Bryce Dallas Howard ...
Vincent D'Onofrio ...
Ty Simpkins ...
Irrfan Khan ...
Nick Robinson ...
Jake Johnson ...
ലോവ്രി /Lowery
Omar Sy ...
BD Wong ...
Judy Greer ...
കേരൻ / Karen
Brian Tee ...
Katie McGrath ...

തീർത്തും ഒരു സയന്റി - ഫിക് മൂവിയായ ഈ പടം ശരിക്കും 3 D ഇഫക്റ്റിൽ
തന്നെ കാണണം . എന്നാൽ മാത്രമെ ഈ സിനിമയുടെ എല്ലാ വർണ്ണ വിസ്മയങ്ങളും തൊട്ടറിയുവാൻ സാധിക്കുകയുള്ളൂ . ആയത്  I-Max തീയ്യറ്ററിൽ കൂടിയാണെങ്കിൽ ഈ കാഴ്ച്ച അവിസ്മരണീയമാകും കേട്ടൊ...

ആധുനിക മനുഷ്യനും
പൌരാണിക മൃഗവും തമ്മിലുള്ള കീഴടക്കലിന്റേയും അതിജീവനത്തിന്റെയും  പുതിയ യുദ്ധങ്ങൾ നമുക്ക് ഇനിയും തുടർന്നും കാണാം ...
ദിനോസർ ജനിതിക ശാസ്ത്രജ്ഞനായ
ഡോ : ഹെൻറി വു് ഡെവലപ്പ് ചെയ്തെടുത്ത ഡൈനോ എഗ്ഗുകളും മറ്റുമായി രക്ഷപ്പെട്ടിട്ടുണ്ടല്ലോ ...
തനി പണക്കൊതിയനായ മൂപ്പർ ഇനിയും വേറൊരു ശതകോടീശ്വരനുമായി
കൂട്ട് ചേർന്ന് വീണ്ടും ദിനോസറുകളെ  മനുഷ്യന്മാർക്കിടയിലേക്ക് തുറന്ന് വിടും ...!

അന്നും നാം സിനിമാ പ്രേമികൾ ഇതുപോലെ
തന്നെ വിസ്മയ തുമ്പത്തിരുന്ന് കോരി തരിക്കും ..!

പിന്നാമ്പുറം :-
ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി എഴുതിയ 
ഒരു സിനിമാ വിശകലനമാണിത്.. ദാ ആ ലിങ്ക്

Wednesday 29 April 2015

പൂരം പൊടി പൂരം ...! / Pooram Poti Pooram ...!

അങ്ങിനെ പന്തീരാണ്ട് കൊല്ലങ്ങൾക്ക്
ശേഷം , നാട്ടിൽ വന്ന് വീണ്ടും ഒരു പൂരക്കാലം കൂടി തിമർത്താടിയപ്പോൾ കിട്ടിയ നിർവൃതിയെ ഏത് ആമോദത്തിന്റെ ഗണത്തിലാണ് പെടുത്തേണ്ടതെന്ന് എനിക്കറിയില്ല...

സാധാരണ ബ്രിട്ടണിലെ വെക്കേഷൻ കാലമായ  ആഗസ്റ്റ്  മാസങ്ങളിലാണ് ,.2003 -ന് ശേഷം പലപ്പോഴും ഞാനും , കുടുംബവും നാട്ടിൽ സ്ഥിരമായി വരാറുള്ളത് ...
ഇത്തവണ നാട്ടിൽ വന്നപ്പോൾ കൂടിയ തുഞ്ചൻ പറമ്പ് ബ്ലോഗ്മീറ്റും,
അതിന് ശേഷം  അനേകം ബൂലോഗ മിത്രങ്ങളെ നേരിട്ട് പോയി സന്ദർശിക്കലുകളും ,
തട്ടകത്തുള്ള  വട്ടപ്പൊന്നി വിഷു വേലയുൾപ്പെടെയുള്ള അനേകം നാട്ടു പൂരങ്ങളടക്കം , പണ്ടൊക്കെ ഞാൻ നിറഞ്ഞാടിയിരുന്ന മ്ടെ സാക്ഷാൽ   തൃശൂർ പൂരവും (വീഡിയോ ), പിന്നെ പാവറട്ടി പള്ളിപ്പെരുന്നാളും  , ഒരു ഒന്നൊന്നര വിഷുക്കാലവുമൊക്കെ കൂടി , ഒരു കൊട്ടപ്പറ വിശേഷങ്ങളാണ് എന്റെ സ്മരണകളിൽ ഞാൻ വീണ്ടും വാരിക്കോരി പറക്കി കൂട്ടിയിട്ടിട്ടുള്ളത് ...!

ഇങ്ങിനെ പഴയ നൊസ്റ്റാൾജിയകൾ  പലതും തൊട്ടുണർത്തിയ ഒരു  ആവേശപ്പെരുമഴയിൽ എന്റെ മനമാകെ വീണ്ടും കിളിർത്തു തുടിച്ച  തൃശ്ശൂർ പൂരം കുടമാറ്റം കഴിഞ്ഞ ശേഷം ,  എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ  , ഇപ്പോൾ സ്തനാർബ്ബുദ ചികിത്സയൊക്കെ കഴിഞ്ഞ് ഭേദമായികൊണ്ടിരിക്കുന്ന  , പ്രിയയുടെ വീട്ടിൽ ഒരു  അന്തിക്കൂട്ടിന് പോയപ്പോൾ  , അവളുടെ ‘ഡെസ്ക് ടോപ്പി‘ലിരുന്നാണ് , എഴുതുവാനുള്ള ഒരാശ വന്നപ്പോൾ , കഴിഞ്ഞ മാസം 29 - ന് , ഞാൻ ഈ ‘പൂരം പൊടി പൂരം ‘ എഴുതിയിട്ടത് ...!

സാക്ഷാൽ പൂരം വെടിക്കെട്ട് കാണുവാൻ
പോകുന്നതിന് മുമ്പ് ഒരു ‘തനി വെടിക്കെട്ട്‘ വർണ്ണന..!
പക്ഷേ ഈ 'പൂരം പൊടി പൂര'ത്തിനിടയിലെ വെടിക്കെട്ട്
വർണ്ണനകളിലെ ‘വെടിയമിട്ടുകളിലെ വർണ്ണ വിസ്മയത്തിന്റെ
ആഘാതാത്താൽ’ , ആയതിന്റെ പൊടി പോലും പ്രസിദ്ധീകരിക്കുവാൻ ,
ബ്ലോഗർ കോമിന്റെ പുതിയ നയമനുസരിച്ച് സാധ്യമാകാത്തതിൽ ഞാൻ
ഏവരോടും ഈ അവസരത്തിൽ സദയം ഖേദം രേഖപ്പെടുത്തി കൊള്ളട്ടെ...

പക്ഷേ കൈവിട്ട് പോയ
ശരങ്ങൾ പോലെയായിരുന്നു
അന്ന് എഴുതിയിട്ട വാക്കുകൾ ...

അവ ഒരിക്കലും അതേ പോലെ തിരിച്ചെടുക്കുവാനും കഴിയുന്നില്ല.
നമ്മളിൽ ഒട്ടുമിക്കവരുടേയും ജീവിതാരംഭത്തിൽ ഉണ്ടായിട്ടുള്ള
പോലുള്ള ചില കൊച്ച് കൊച്ച് സംഗതികളായിരുന്നു അവയൊക്കെ...

ഏതാണ്ട് പത്ത് മുപ്പത്തഞ്ച് കൊല്ലം മുമ്പ് നടന്ന ഒരു കൌമാരക്കാരന്റെ
നേരനുഭങ്ങളായിരുന്നു അന്നതിൽ കുറിച്ചിട്ടിരുന്നത് , ഒപ്പം അവനേക്കാൾ നാലഞ്ച്
വയസ് മൂപ്പുള്ള ഒരു നായികയുടേയും ...

അവന്റെ എട്ടാം ക്ലാസ് മുതൽ പ്രീ-ഡിഗ്രിക്കാലം വരെയുണ്ടായിരുന്ന ചില കൊച്ച്
കൊച്ചനുഭവങ്ങൾ , തനി ഇക്കിളി കഥകൾ.പോലെയാകുമെന്നൊന്നും , ഈ  കഥാ
പൂരത്തിന്റെയും , വെടിക്കെട്ടിന്റെയുമൊക്കെ ഗ്ലാമർ ഇത്ര കൂടി പോകുമെന്നൊന്നും  ഇതെല്ലാം അന്നെഴുത്തിയിട്ടപ്പോൾ  ഞാൻ ഒട്ടും കരുതിയിരുന്നുമില്ല ...

അതുകൊണ്ട് ഇത്തവണ മേമ്പൊടികളൊന്നും
ചേർക്കാതെ , ഒട്ടും പൊടി പറത്താതെ തന്നെ , ആ
സംഗതികളൊക്കെ ചുമ്മാ വീണ്ടും ആവിഷ്കരിക്കുന്നു എന്നു മാത്രം...

നാട്ടിൽ ചെന്ന ശേഷം തുഞ്ചൻ പറമ്പ് ബൂലോക സംഗമവും , പെങ്ങളുടെ മകളുടെ കല്ല്യാണവും , വിഷുവുമൊക്കെ കഴിഞ്ഞപ്പോൾ എന്റെ വാമ ഭാഗവും , മക്കളുമൊക്കെ തിരിച്ച് പോന്നതിന് ശേഷം പഴയ ഗൃഹതുരത്വങ്ങൾ   അയവിറക്കി , അവയൊക്കെ വീണ്ടും തൊട്ടുണർത്തി വീണ്ടും നാട്ടിലെ ആ മാമ്പഴക്കാലത്തിലൂടേ ഒരു സഞ്ചാരം നടത്തി കൊണ്ടിരിക്കുന്ന അവസരത്തിലാണ് , വീട്ടിലെ ഇക്കൊല്ലത്തെ നെൽക്കൊയ്ത്തിന്റെ ചുമതല അനുജൻ എന്റെ തലയിൽ വെച്ച് തന്നത്...

വാ(വ്) കഴിഞ്ഞാ മഴയില്ലാ ..വിഷു കഴിഞ്ഞാ വേനലില്ലാ
എന്ന് പറയുന്ന പഴമൊഴി അന്വർത്ഥമാക്കികൊണ്ട് , ഇത്തവണ
വിഷു കഴിഞ്ഞ ശേഷം ധാരാളം ഒറ്റപ്പെട്ട മഴകൾ വിളഞ്ഞ് നിൽക്കുന്ന നെല്ലിന് ഭീക്ഷണിയായപ്പോഴാണ് കോൾ നിലങ്ങളിൽ പെട്ടെന്നു തന്നെ യന്ത്രക്കൊയ്ത്ത് അരങ്ങേറിയത്.

നമ്മള് കൊയ്ത വയലെല്ല്ലാം
നമ്മുടേതായെങ്കിലും കൊയ്യാൻ
മാത്രം ഇന്ന് നമ്മളില്ല... എല്ലാത്തിനും  യന്ത്രങ്ങളാണ് ...!

പണ്ട് മുത്തശ്ശന്റെ കാലത്ത് പാട്ടഭൂമിയായി എടുത്ത് പണി നടത്തിയിരുന്ന
വയലുകകളെല്ലാം ... അന്നത്തെ ഭൂപരിഷ്കരണ നിയമം മൂലം സ്വന്തമായി തറവാട്ടിൽ
വന്ന് ചേർന്ന പാട ശേഖരങ്ങളിൽ - ഒട്ടുമിക്കതും പിന്നീട് വന്ന തലമുറയിലുള്ളവരെല്ലാം പുരയിടങ്ങളാക്കി മാറ്റിയെങ്കിലും , ഇന്നും കണിമംഗലത്തിന്റെ ചുറ്റുവട്ടങ്ങളിൽ പലർക്കും
പൊന്ന് വിളയുന്ന നെല്ലറകളായി കോൾ നിലങ്ങൾ ഇപ്പോഴും നില നിൽക്കുന്നത് തന്നെ അത്ഭുതം ..!

പണ്ടുണ്ടായിരുന്ന ഞാറ് നടലും , ചക്രം ചവിട്ടും , അരിവാൾ കൊയ്ത്തും , കൊയ്ത്ത് പാട്ടും , കറ്റ ചുമക്കലും , കാള വണ്ടികളിലേറിയുള്ള ചുരട്ട് കയറ്റിറക്കങ്ങളും, കറ്റ മെതിയും , പൊലിയളവുമൊന്നും ഇന്നില്ലയെങ്കിലും , സ്വർണ്ണവർണ്ണമേറി വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകളിൽ നിന്നേൽക്കുന്ന മന്ദമാരുതന്റെ മാസ്മരിക വലയത്തിൽ ലയിച്ചിരിക്കുമ്പോഴുള്ള ആ സുഖം , ലോകത്തെവിടെ പോയാലും കിട്ടില്ലാ എന്നത് ഒരു പരമാർത്ഥം തന്നെയാണ്...!

ഇന്ന് യന്ത്രക്കൊയ്ത്ത് കഴിഞ്ഞ് , നേരിട്ട് ചാക്കിലേക്ക് പമ്പ് ചെയ്യുന്ന  നെല്ല് , പാട വരമ്പത്ത് നിന്ന് തന്നെ ‘നിറപറ‘ മുതലായ കമ്പനികളുടെ വണ്ടികൾ വന്ന് തൂക്കം നോക്കി എടുത്ത് കൊണ്ട് പോകും...

അങ്ങിനെ ഇക്കൊല്ലം കൊയ്ത്തിന് പോയപ്പോഴാണ് , പണ്ട് മുതൽ ഞങ്ങളുടെയൊക്കെ നെൽ കൃഷി  നോക്കി നടത്തിയിരുന്ന കുമാരേട്ടനെ കണ്ടത്...
ഈ കുമാരേട്ടന്റെ പെങ്ങൾക്ക് , പണ്ട് കണിമംഗലം പാടശേഖരങ്ങളിലേക്ക് / നെടുപുഴ കോൾ പടവുകളിലേക്ക് സ്ഥിരമായി താറാവ് മേയ്ക്കൻ വരുന്ന ആലപ്പുഴക്കാരൻ ചിന്നപ്പേട്ടന്റെ , ചിന്നവീടായിരുന്നപ്പോൾ കിട്ടിയ സമ്മാനമായിരിന്നു , ഈ കഥയിലെ നായികയായ പങ്കജം...!

പങ്കജത്തിന്റെ അച്ഛൻ ചിന്നപ്പേട്ടൻ പിന്നീട് കുറെ കാലം കഴിഞ്ഞ് വരാതായപ്പോൾ പങ്കജത്തിന്റെ അമ്മയെ വേറൊരു രണ്ടാം കല്ല്യാണത്തിനായി കെട്ടിച്ച് വിട്ടതിന് ശേഷം , അനാഥയായ പങ്കജത്തിനെ കുമാരേട്ടൻ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു .
ഞങ്ങളുടെ വീട്ടിൽ എന്റെ അമ്മയ്ക്ക് പിള്ളേരെ നോക്കുവാൻ ഒരു സഹായമായി
അവളവിടെ കൂടി.
പിന്നീട് വീട്ടിലെ കടിഞ്ഞൂൽ സന്താനമായ
വെറും എട്ടാം ക്ലാസ്സുകാരനായ എനിക്ക് , അന്ന് മുതൽ ,
ഏഴാം തരത്തിൽ പഠിപ്പുപേഷിച്ചവളും,  മധുര പതിനേഴുകാരിയുമായ
പങ്കജം ,   പല കാര്യങ്ങളിലും ഒരു ട്യൂഷ്യൻ ടീച്ചർ ആയി മാറുകയായിരുന്നു..!

വീട്ടിലെ തൊടിയിലുള്ള പച്ചക്കറി തോട്ടങ്ങളിൽ
വിത്തിടുന്നത് തൊട്ട് വിളവെടുക്കുന്ന വരെയുള്ള കാര്യങ്ങൾ, കുറ്റികോലുപയോഗിച്ച്  നാളികേരം പൊളിക്കുന്ന ടെക്നിക് മുതലായ പല സംഗതികളും.
പിന്നെ ഞാറ് പറി കഴിഞ്ഞാൾ ഞാറ്റുകണ്ടങ്ങളിൽ വിതക്കുന്ന മുതിര, എള്ള് മുതലായവക്ക് കാള തേക്കുണ്ടാകുമ്പോൾ നനക്കുവാൻ പോകുക , കൂർക്കപ്പാടത്ത് നിന്ന് കൂർക്ക പറിച്ച് കൊണ്ടിരിക്കുമ്പോൾ പല കാണാത്ത കാഴ്ച്ചകളെല്ലാം കാണിപ്പിച്ച് എന്നെ അമ്പരപ്പിക്കുക... !
ആകാംഷയുടെ മുൾമുനയിൽ വരെ കൊണ്ടെത്തിച്ച്
 ‘കൊച്ച് കള്ളൻ , കൊതിയൻ ‘എന്നൊക്കെ എന്നെ വിളിച്ച്
കളിയാക്കുക മുതലായവയൊക്കെ അവളുടെ വിനോദങ്ങളായിരുന്നു...

എന്നോട് പരീക്ഷകൾക്ക് മുന്നോടിയായി ‘കുത്തിയിരുന്ന് പഠിക്കെടാ ചെക്കാ ‘എന്ന് പറഞ്ഞ് അമ്മയും , അച്ഛനുമൊക്കെ കൂടി സഹോദരങ്ങളേയും കൂട്ടി വല്ല ഡോക്ട്ടറെ കാണാനോ , കല്യാണത്തിനോ  മറ്റോ പോയാ‍ൽ ഈ പങ്കജം (ടീച്ചറുടെ) വക പല   ട്യൂഷ്യനും , എക്സാമിനേഷനുമൊക്കെ തോറ്റും , മുട്ടു വിറച്ചുമൊക്കെ ഞാൻ എത്ര ബുദ്ധിമുട്ടിയാണ് പാസായിട്ടുള്ളത്...!

തോറ്റു തുന്നമ്പാടിയ അവസ്ഥാ വിശേഷങ്ങളിൽ നിന്നൊക്കെ
ജയിച്ച് കയറി വരാനുള്ള പോംവഴികളൊക്കെ ആദ്യമായി എന്നെ
അഭ്യസിപ്പിച്ച് തന്ന  എന്റെ പ്രഥമ ഗുരു തന്നെയായിരുന്നു ഈ പങ്കജ വല്ലി.
എന്നിലാകെ പടർന്ന് കയറി പന്തലിച്ച ആദ്യത്തെ ഒരു പ്രണയത്താമര വല്ലി !

പത്താം തരത്തിലൊക്കെ പഠിക്കുമ്പോൾ  മേത്ത് തൊട്ടാൽ
വല്ലാതെ ഇക്കിളിയുണ്ടാകാറുണ്ടായിരുന്ന എന്റെ ശരീരത്തിലെ ഇക്കിൾ
ഞരമ്പുകളെല്ലാം  പ്രീ-ഡിഗ്രിക്കാലം കഴിയുമ്പോഴേക്കും അവൾ അടർത്ത് മാറ്റിയിരുന്നു...!

എന്തിന് പറയുവാൻ സ്വന്തം മോന്റെ ഭാവ വത്യാസങ്ങൾ ചിലതെല്ലാം
മനസ്സിലാക്കിയത് കൊണ്ട് , ആ സൂക്കേട് കൂടണ്ടാ എന്ന് കരുതിയാവാണം
അമ്മയും അച്ഛനും കൂടി , ആ അവസരത്തിൽ പങ്കജത്തിനെ പിടിച്ച്  മീൻ പിടുത്തക്കാരനായ അരിമ്പൂർ കുന്നത്തങ്ങാടി സദേശിയായ ചന്ദ്രന് , പണ്ടവും പണ്ടാരങ്ങളുമൊക്കെയായി കല്ല്യാണം കഴിച്ച് കൊടുത്തത് ...!
 അതിന് ശേഷം വല്ല വിശേഷങ്ങൾക്ക് പങ്കജം വീട്ടിൽ എത്തിച്ചേരുമ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ പല ഒളിഞ്ഞ് നോട്ടങ്ങളിൽ കൂടിയും മറ്റും   ആ പഴയ ഒരിക്കലും ഒളിമങ്ങാത്ത സമാഗമങ്ങളുടെ അയവിറക്കലുകൾ നടത്തി പോന്നിരുന്നത് ...!

എന്നാലും ഇപ്പോഴും ഇടക്കൊക്കെ പല സന്ദർഭങ്ങളിലും ഈ പങ്കജം , ഒരു നീലത്താമര പോലെ എന്റെ സ്മരണകളിൽ വിരിഞ്ഞ് വിടർന്ന് ഒരു സൌകുമാര്യം വിടർത്താറുണ്ട് ...

വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ .., എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ .., ഒപ്പമാ വള കിലുക്കങ്ങളും.. ! ?

പിന്നീട് ഞാൻ എന്റെ പ്രണയാവേശങ്ങളെല്ലാം ആറി തണുപ്പിച്ചത്
എന്റെ പ്രഥമാനുരാഗ കഥയിലെ നായികയായ പ്രിയയിൽ അഭയം തേടിയാണ്...

ഇത്തവണ കൊയ്ത്ത് പാടത്ത് വെച്ച് കുമാരേട്ടനെ കണ്ടപ്പോഴാണ് ഞാൻ പങ്കജത്തിന്റെ കഥകളൊക്കെ വീണ്ടും ആരാഞ്ഞത് . പങ്കജത്തിന്റെ രണ്ട് പെണ്മക്കളുടേയും കല്ല്യാണം കഴിഞ്ഞ്  അവൾക്ക്  മൂന്ന് പേര ക്ടാങ്ങൾ വരെയായത്രെ....!

അവളുടെ ഭർത്താവ് ചന്ദ്രൻ ഇന്ന് കനോലി കനാലിലെ , ഒരു ടൂറിസ്റ്റ്
ഹൌസ് ബോട്ട് കമ്പനിയിലെ ഡ്രൈവറാണ് , ഒപ്പം പങ്കജത്തിന് ഹൌസ്
ബോട്ടിലെ വിസിറ്റേഴ്സിന്  വേണ്ടി കപ്പ , ചമ്മന്തി , താറാവ്, ചെമ്മീൻ , ഞണ്ട്
മുതലായ വിഭവങ്ങൽ തയ്യാറാക്കുന്ന പണിയും ഉണ്ട്.

കുമാരേട്ടനാണ് അന്ന് പാടത്ത് വെച്ച് പറഞ്ഞത്, മൂപ്പർ പിറ്റേന്ന് അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള ‘നൊമ്പാർക്കാവ് കാർത്തിക വേല‘ കാണുവൻ പങ്കജത്തിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന് , എന്തോ എനിക്കും അവളെ വീണ്ടും നേരിട്ട് കാണാൻ ഒരു പൂതി...

 മാത്രമല്ല ഇന്ന് തൃശ്ശൂർ  ജില്ലയിലെ ഏറ്റവും ഗ്യാംഭീര്യമായ വെടിക്കെട്ട് നടക്കുന്നത് ഈ നൊമ്പാർക്കാവ് വേലയ്ക്കാണ് പോലും... ,
ആ വെടിക്കെട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ,
ഞാനും വിരുന്നുകാരന്റെ കുപ്പായമെടുത്തണിഞ്ഞു...

പിറ്റേന്ന് ഒരു മൊബൈൽ ബാറ് ഏർപ്പാടാക്കി ഞാനും ,
കുമാരേട്ടനും നൊമ്പാർക്കാവ് വേല  നേരിട്ട് കാണുവാൻ പുറപ്പെട്ടു , നക്ഷത്ര ബാറുകളച്ച് പൂട്ടിയെങ്കിലും നാട്ടിൽ ഇന്ന് മൊബൈൽ ബാറുകളുടെ കടന്ന് കയറ്റം കാരണം ഹോട്ടടിക്കുന്ന കുടിയന്മാർക്ക് പറയതക്ക  കുഴപ്പമൊന്നുമില്ല.
എയർകണ്ടീഷനടക്കമുള്ള ചില ടൂറിസ്റ്റ് ട്രാവെലർ കം ടാക്സികളിലുമൊക്കെമാണ് മൊബൈയിൽ ബാറുകളുള്ളത്.
ബ്രാൻഡുകളും , ഫുഡ്ഡുകളും മുങ്കൂട്ടി ഓർഡർ ചെയ്ത ശേഷം , നമ്മൾ വണ്ടി വിളിച്ച് അതിരപ്പിള്ളിയിലേക്കോ, പീച്ചിയിലേക്കോ, ഗുവായൂർക്കോ ഒരു യാത്ര പോയാൽ മതി.
വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും, ആളൊഴിഞ്ഞ പാർക്കിങ്ങ്
ഏരിയകളിലുമൊക്കെ വാടക വിളിച്ചവർക്ക് മധു ചഷകങ്ങൾ മോന്താം .

പിന്നെ ചില ആളൊഴിഞ്ഞ വമ്പൻ മണിമാളികകളിലും
ഇപ്പോൾ പാരലൽ സംവിധാനങ്ങളുമായി മദ്യമടക്കം ഒട്ടുമിക്ക
വിഭവങ്ങളും കിട്ടാനുമുള്ളത് കൊണ്ട് , പല വി.ഐ.പി കളും, മറ്റുമായ
ക്ഷണിതാക്കളായവർക്ക് ഇത്തരം ക്രിയകൾക്കൊന്നും യാതൊന്നിനും
നാട്ടിൽ ഇന്നും പഞ്ഞമില്ല..!
അതായത് ഭാഗ്യമുള്ളോന്റെ മോത്ത് എന്നും  പട്ടിക്കാട്ടം വിളയാടും എന്നർത്ഥം..!

അന്നുച്ചക്ക് ഒരു ‘മൊബൈയിൽ ബാറിലേറി’പങ്കജത്തിന്റെ  വീട്ടിൽ ചെന്ന്
കലക്കൻ ഒരു വിരുന്ന് ശാപ്പാടിനു ശേഷം , ചന്ദ്രനേയും , പങ്കജത്തിനേയുമൊക്കെ
കൂട്ടി , അന്തിക്കാട്ട് നിന്നും സംഘടിപ്പിച്ച ഒറിജിനൽ അന്തിക്കള്ളുമായി , തൊട്ടടുത്തുള്ള
കാനോലി കനാലിലൂടെ ചേറ്റുവ അഴിമുഖം വരെ , വളരെ ഇമ്പമായ ഒരു ഹൌസ് ബോട്ട് യാത്ര ..!

ബോട്ടിൽ വെച്ച് സൂര്യാസ്തമമയത്തിന്റെ വർണ്ണ പകിട്ട് കണ്ട് ,
കിന്നാരം ചൊല്ലി , ബിലാത്തി കഥകളും മറ്റും ചൊല്ലിയാടി , അവരുടെ
കളിവിളായാട്ടങ്ങൾക്കെല്ലാം കാതോർത്ത് ഞാൻ വീണ്ടും ആ പഴയ കൌമാരക്കാരനായി മാറികൊണ്ടിരിക്കുകയായിരുന്നു ...

അന്ന് തന്നെ , പൂരം കഴിഞ്ഞ് വെടിക്കെട്ട് സമയമായപ്പോഴേക്കും കുമാരേട്ടനും , ചന്ദ്രനുമൊക്കെ കുടിച്ച് പാമ്പ് പരിവമായതിനാൽ ഞാനും പങ്കജവും കൂടിയാണ് , അയലക്കത്തെ പറമ്പുകൾ താണ്ടി നെഞ്ചിടിപ്പോടെ തൊട്ടടുത്ത പാടത്ത് നടക്കുന്ന 13 മിനിട്ടോളമുള്ള ഈ കിണ്ണങ്കാച്ചി വെടിക്കെട്ട് (വീഡിയോ) ശരിക്കും ഒന്നിച്ച് കണ്ടും കേട്ടും ആസ്വദിച്ചത്.
അനേകം കൊല്ലങ്ങൾക്ക്
ശേഷം വർണ്ണാമിട്ടുകളുടെ അകമ്പടി
യോടെയുള്ള ഒരു സാക്ഷാൽ കൂട്ടപ്പൊരിച്ചിൽ ...!
പിറ്റേന്ന് 
ഏകലവ്യനെ പോലെ ഗുരു ദക്ഷിണ സമർപ്പിച്ച് , 
ഏകലക്ഷ്യനായി പകൽ പൂരത്തിരക്കിൽ ലയിച്ചില്ലാതായ് ഞാൻ
തായമ്പകയുടെ താളം
പഞ്ച വാദ്യത്തിന്റെ മേളപ്പെരുക്കം
എഴുന്നുള്ളിപ്പ് , കുട മാറ്റം , വെടിക്കെട്ട്
എല്ലാം കൊട്ടി കലാശിച്ച ഒരു പൂരം  ...പൊടി  പൂരം  ...!

Thursday 26 March 2015

ആഗോള ബൂലോഗരെ ഇതിലെ ഇതിലേ ... ! / Agola Boologare Ithile Ithile ... !


അടുത്ത ദശകങ്ങളിൽ , അന്തർദ്ദേശീയമായി തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുവാൻ പോകുന്ന മാധ്യമമായ ബ്ലോഗുകളുടെ ചുറ്റുവട്ടങ്ങളിലേക്കുള്ള , ഒരു എത്തി നോട്ടമാണിത് ;  അതോടൊപ്പം  ‘ബ്ലോഗേഴ്സ് സംഗമ‘ങ്ങളിലേക്കും കൂടി ഒരു വലിഞ്ഞ് നോട്ടമെന്നും വേണമെങ്കിൽ അവകാശപ്പെടാം...

ഒരു സംഗതി അല്ലെങ്കിൽ ഒരു ആശയം അതുമല്ലെങ്കിൽ  എന്ത് കുണ്ടാമണ്ടിയായാലും ഒരാൾ മറ്റൊരു വ്യക്തിക്കോ , കൂട്ടത്തിനോ അഥവാ സമൂഹത്തിനോ ;  വരികളായൊ , വരകളായൊ  , ചിത്രങ്ങളായൊ  - വിവര സാങ്കേതിക തട്ടകങ്ങളിൽ കൂടി കൈ മാറുന്ന വിജ്ഞാന വിളംബരങ്ങളേയാണ് ബ്ലോഗിങ്ങ് എന്ന് പറയുന്നത് ..!

ഇപ്പോൾ ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക  ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച ബ്ലോഗിങ്ങ് എന്ന പ്രതിഭാസം ,  ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ .. അല്ലേ.

അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,  ബ്ലോഗ് എന്ന മാധ്യമം ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!

അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ ബ്ലോഗ് പോർട്ടലുകളിൽ  കൂടിയായിരിക്കുമെന്നർത്ഥം ..!

പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ -  ദൃശ്യ , ശ്രാവ്യ ,  ചലനങ്ങങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളോ , വസ്തുതയോ  തന്റെ  തട്ടകത്തിലോ , മറ്റുള്ളവെബ് തട്ടകങ്ങളിലോ കൊണ്ട് പോയി ആലേഖനം ചെയ്ത്  ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് ; ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കാവുന്നവയാണല്ലോ നവ മാധ്യമങ്ങൾ  എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് സൈറ്റുകൾ..!

അതായത് ബ്ലോഗ്ട്വിറ്റെർ , ഫേസ് ബുക്ക് , ലിങ്ക്ഡ് ഇൻ , പിൻടെറെസ്റ്റ് , വാട്ട്സാപ്പ്  മുതലായ എല്ലാ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ കൂടിയും നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം ബ്ലോഗിങ്ങ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന  സംഗതികൾ  തന്നെയാണ്....!

ഇത്തരം ആശയ വിനിമയ സമാന്തര പ്രവർത്തനങ്ങൾ നടത്താവുന്ന , ‘സാമൂഹിക  പ്രബന്ധ രചനാ തട്ടകകങ്ങളിൽ  (സോഷ്യൽ മീഡിയാ നെറ്റ്-വർക്ക് സൈറ്റുകൾ ) ,   ബ്ലോഗിങ്ങ് രംഗത്തെ ഇന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നൂറിൽ പരമുള്ള ബ്ലോഗ് ഫ്ലാറ്റ്ഫോമുകളുടെ ,ലക്ഷങ്ങൾ മുതൽ ആയിരങ്ങൾ വരെ ഉപഭോക്താക്കളുള്ളതിന്റെ , ക്രമാനുഗതമായ പട്ടികയാണ് ഈ  118 ബൂലോഗ തട്ടകങ്ങൾ ..!

അതെ
ഇന്നത്തെ ഈ സൈബർ ലോകത്തിലെ ഡിജിറ്റൽ നൂറ്റാണ്ട്
എന്നറിയപ്പെടുന്ന ഇന്നുള്ള ഇന്റെർ-നെറ്റ് യുഗത്തിലെ  ഏറ്റവും
പുതുതായ ഒരേ ഒരു നവീന മാധ്യമം തന്നെയാണ്  ബ്ലോഗ് അഥവാ ബൂലോഗം..!

ഇന്ന് ആഗോള തലത്തിൽ  , ഓരൊ അര സെക്കന്റ് കൂടുമ്പോഴും  ഓരൊ  പുതിയ ബ്ലോഗ് കുഞ്ഞിന് കൂടി ജന്മം നലികി ,   നമ്മുടെ ‘ഇന്റെർനെറ്റ‘മ്മ , ഈ സൈബർ കുലത്തിനുള്ളിൽ ഒരു പേറ് വിപ്ലവം തന്നെ സൃഷ്ട്ടിച്ച്   വിവര സാങ്കേതിക ലോകത്തിന്റെ വ്യാപ്തി എന്നുമെന്നോണം വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

പൊക്കിൾക്കൊടി ബന്ധം അറുത്ത് മാറ്റാതെ , തേനീച്ച കൂട്ടിലെ അമ്മ മഹാറാണിയെ പോലെ ജന്മം നൽകി കഴിഞ്ഞാൽ ; ഈ ബ്ലോഗ് കുഞ്ഞുങ്ങളെല്ലാം പിന്നീട്‌ പരിപാലിക്കപ്പെട്ട് വളർന്ന് വലുതായി വരുന്നത് , അവരവർ ജനിച്ച്  വളർന്നു വരുന്ന ‘വേൾഡ് പ്രസ് , ടംബ്ലർ , ബ്ലോഗ്ഗർ ,...’ എന്നിങ്ങനെയുള്ള അനേകമുള്ള   അവരവരുടെ തറവാട്ട് മുറ്റങ്ങളിൽ ഓടിയും , ചാടിയും, മറിഞ്ഞ് വീണും മറ്റുമൊക്കെ തന്നെയാണ് ...
മനുഷ്യ ജന്മങ്ങളെ പോലെ തന്നെ പണ്ഡിതരായും , പാമരരായും , സമ്പന്നരായും , ദരിദ്രരായുമൊക്കെ തന്നെയാണ് ഈ ബ്ലോഗ് കുട്ടപ്പന്മാരുടേയും , കുട്ടപ്പിമാരുടേയും കഥ. .

അമരത്തം കിട്ടുന്ന പോലെ അവയിൽ ചിലവയെല്ലാം
കാലങ്ങളെ അതി ജീവിച്ച് നില നിൽക്കുമെന്നും പറയുന്നു...

ഇപ്പോൾ 15 കോടിയിലധികം ( 152 മില്ല്യൺ )
ബ്ലോഗ്ഗേഴിസിനാൽ സമ്പുഷ്ട്ടമാണ് ഇന്നത്തെ
ഈ  സൈബർ ലോകം എന്നാണ് പറയപ്പെടുന്നത്.
ലോകത്തുള്ള ഏതാണ്ട് 70 ശതമാനം ഭാഷകളിലായി ഈ ബ്ലോഗ്ഗേഴ്സ് ഇപ്പോൾ പരന്ന് വിന്യസിച്ച് കിടക്കുകയാണ് .
ഇനിയും ദിനം തോറും എല്ലാ മേഖലകളിലേക്കും ബ്ലോഗുകൾ പടർന്ന് പന്തലിച്ച് കൊണ്ടുതന്നെയിരിക്കും .

അടുത്ത ദശകങ്ങളിൽ തന്നെ ചുക്കില്ലാത്ത കഷായമെന്നത്
പോലെ , ബ്ലോഗ് ഇല്ലാത്ത ഒരു കുന്ത്രാണ്ടവും , എടവാടുകളും കാണില്ല പോലും.
ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ
ബ്ലോഗുകൾ ഉള്ളത് ഏഷ്യൻ ഭാഷകളിലാണെത്രെ..!
 എന്തിന് പറയുവാൻ ചൈനീസ് ഭാഷയിൽ പോലും  3.2 ബില്ല്യൻ സോഷ്യൽ നെറ്റ് വർക്ക് ഉപയോക്താക്കൾ വരെ ഉണ്ടെത്രേ ..!
ട്വിറ്റർ പോലുള്ള ടെൻസെന്റ് വൈബോവും ( Tencent Weibo) , സൈന വൈബോവും ( Sina Weibo.) , ഫേസ് ബുക്ക് പോലുള്ള ' ക്യു -സോൺ' , 'പെങായു' , 'രെന്രേൻ ',  'കെയ്സ്കിൻ 'എന്നീ നാല് സൈറ്റുകളും ,  പിന്നെ വാട്ട്സാപ്പ് പോലുള്ള വി-ചാറ്റ് ( WeChat) പോലുളള അനേകം ഇടങ്ങൾ സ്വന്തമായുള്ള   ഗൂഗിളിനെ പോലെയും , യാഹുവിനേ പോലെയുമുള്ള സൈന , ബൈ ഡു മുതലായ ചൈനീസിന്റെ മാത്രം , സ്വന്തം വെബ്  സെർച്ച് എഞ്ചിനുകൾ അവർക്കുണ്ട് ...!

ഇതുപോലെ  ജപ്പാൻ , കൊറിയ , ഇറാൻ , റഷ്യ , ബ്രസീൽ മുതലായ ഒട്ടുമിക്ക ലോക രാജ്യങ്ങൾക്കും തനതായ ഇന്റെർനെറ്റ് മേഖലകൾ ഉണ്ടെങ്കിലും , അവിടങ്ങളിലും  നമ്മൾ ഇന്ത്യാക്കാരെ പോലെ ആംഗലേയ സൈറ്റുകളുമായി ഒരു 'ടൈ-അപ്പ് ' ഉണ്ടാക്കി , അവരവരുടെ ഭാഷകളുടെ ആന്രോയ്ഡുകളോ , പ്രാദേശിക ഭാഷാ ഫോണ്ടുകളോ പ്രാബല്ല്യത്തിൽ വരുത്തി ആ സൈറ്റിന്റെ ; പേരിന് ശേഷം ഒരു കുത്ത് & ഇൻ (.in) ചേർത്ത് ഈസിയായി കാര്യം നടത്തുന്നവർ തന്നെയാണ് ഏറെ പേരും.
ഇന്ന് അമേരിയ്ക്കക്കും , ചൈനക്കും ശേഷം ഇന്ത്യയാണ് ഏറ്റവും
കൂടുതൽ ഇന്റെർനെറ്റ് (മൂന്നാം സ്ഥാനം ) ഉപയോഗിക്കുന്ന രാജ്യമെങ്കിലും ,
ബ്ലോഗ്ഗേഴ്സ് ,മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്..
ബ്ലോഗിനെ കൊണ്ടുള്ള ഗുണഗണങ്ങൾ മുഴുവൻ തന്നെ മനസ്സിലാക്കാത്തതും , ഇതുകൊണ്ടുള്ള വരുമാന സാധ്യതകൾ ശരിക്കും തിരിച്ചറിയാത്തതുമാണ് ,  ഭാരതീയർ ഈ മേഖലയിൽ അല്പം പിന്നിട്ട് നിൽക്കുന്നതിന് കാരണം...

അതുപോലെ തന്നെ ഈ സൈബർ ലോകത്തുള്ള സകലമന
വെബ്-തട്ടകങ്ങളേയും സ്ഥിരമായി മോണിറ്റർ ചെയ്തുകൊണ്ടിരിക്കുന്ന
ഏറ്റവും പഴയ ഒരു പുപ്പുലിയായ കമ്പനിയാണ് അലെക്സാ ഇന്റെർനെറ്റ്. ഏതൊരു സൈറ്റിനെപറ്റിയുള്ള റാങ്കിങ്ങും , ആയതിലേക്കുള്ള ട്രാഫിക്കും , മറ്റു വിശകലനങ്ങളുമൊക്കെ അപ്പപ്പോൾ വിശദീകരിച്ച് തരുന്ന ഒരു ഇന്റെർ-നെറ്റ് ഭീമൻ. ..
ഈ ഭീമേട്ടന് മാസം തോറും പൈസ കൊടുത്ത് വരി(ധി )ക്കാരനാക്കിയാൽ ട്രാഫിക്ക് കൂട്ടി , മ്ടെ കച്ചോടം കൂട്ടാനുമൊക്കെയുള്ള വിദ്യകൾ പറഞ്ഞുതരുമെന്ന് മാത്രമല്ല , സോഷ്യൽ മീഡിയയിലുള്ള പല സംഗതികളെ  പറ്റിയും വിശദമായി വിശകലനം തരികയും ചെയ്യും ..!

ഉദാഹരണത്തിന് ഇന്ന് വരെ നമ്മുടെ ബൂലോകത്തിൽ
നമ്പർ വൺ ‘ഹിറ്റി‘നുടമ - വിശാല മനസ്കനായ എടത്താടൻ 
സജീവ് ഭായിയാണെന്നും ,  പിന്നെ ഏറ്റവും കമന്റുകൾ പടച്ച് വിട്ടത്
അജിത്ത് ഭായ്  ആണെന്നും , ഇതുവരെ ഏറ്റവുമധികം കമന്റുകൾ കൈ
പറ്റിയ ആൾ വിനുവേട്ടനുമാണെന്ന്മൊക്കെയുള്ള കൌതുകമായ കാര്യങ്ങൾ  വരെ ..!



ബൂലോഗരാൽ ഭൂലോകം വാണരുളുന്ന നാളുകളാണ് ഇനി വരുവാൻ പോകുന്ന കാലഘട്ടം .അതുകൊണ്ട്   അവരവരുടെ ബ്ലോഗിനെ പോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ട ഒരു സംഗതി തന്നെയാണ് ബ്ലോഗുടമകളുടെ ഒത്തൊരുമകളും , ഇടക്കെല്ലാം തമ്മിലെല്ലാവരും കൂടി ചേർന്നുള്ള ബ്ലോഗ് സംഗമങ്ങളിലും പങ്കെടുക്കുക എന്നുള്ളത്.
ഇപ്പോൾ ഇത്തരം ധാരാളം സോഷ്യൽ മീഡിയാ മീറ്റുകൾ ഓരൊ രാജ്യങ്ങളിലും , ഭാഷാ അടിസ്ഥാനത്തിലും , ബ്ലോഗുകളുടെ ഇനത്തിനനുസരിച്ചും , പല ബ്ലോഗ് കൂട്ടായ്മകളും കൂടി സംഘടിപ്പിച്ച്  വിജയിപ്പിക്കാറുമുണ്ടെന്നുള്ളത് വേറെ കാര്യം .

ആർട്ട് , ബ്യൂട്ടി , കുക്കറി , കൾച്ചർ , ഡിവൈൻ , എജ്യുക്കേഷൻ ,
ഫേഷൻ മുതൽ അക്ഷരമാല ക്രമത്തിലുള്ള സകലമാന സംഗതികളെ കുറിച്ച് ബ്ലോഗെഴുതുന്നവരെല്ലാം കൂടിചേർന്ന് നാഷ്ണൽ , ഇന്റെർ നാഷ്ണൽ ലെവലിൽ വരെ
ഇവിടെ ലണ്ടനിൽ എന്നുമെന്നോണം കാണാം ഇങ്ങിനെയുള്ള വിവിധ തരത്തിലുള്ള
ബ്ലോഗ് കോൺഫറൻസുകൾ  ...!


എന്തുകൊണ്ടെന്നാൽ  ഇത്തരം ബ്ലോഗ് സംഗമങ്ങളിൽ പങ്കെടുത്താൽ ഒരു തരത്തിലല്ലെങ്കിൽ  മറ്റൊരു തരത്തിൽ , ആയതിൽ പങ്കെടുക്കുന്നവർക്ക്  അവരവരുടെ ബ്ലോഗുകൾ പല തരത്തിലും ഇപ്പോഴുള്ളതിനേക്കാൾ മികച്ചതായി അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും എന്നതു തന്നെ.

ലണ്ടൻ പ്രവാസി മലയാളിയായ റെജി സ്റ്റീഫൻസൺ എന്നൊരു ആംഗലേയ ബ്ലോഗറുണ്ടിവിടെ . ബ്ലോഗേഴ്സിന് പലതരത്തിലും വിജ്ഞാനം കൊടുത്തുകൊണ്ടിരിക്കുന്ന ധാരാളം വായനക്കാരുള്ള ഇദ്ദേഹത്തിന്റെ  ഡിജിറ്റൽ ഡയമൻഷൻസ് എന്ന സൈറ്റിൽ  ഈയിടെ ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്താൽ കിട്ടുന്ന ഗുണഗണങ്ങളെകുറിച്ച്  എഴുതിയ പോസ്റ്റിലെ ചില സംഗതികളിലേക്ക്  ഒന്ന് എത്തി നോക്കിയാൽ കാണാവുന്നത് താഴെ കുത്തിട്ടെഴുതിയ   ചില അസ്സൽ കാര്യങ്ങൾ തന്നെയാണ്...!


  • പുതിയ ആളുകളെ പരിചയപ്പെടുക എന്നുമാത്രമല്ല , പരസ്പരം ഇതുവരെ കാണാതേയും ,കേൾക്കാതേയും വരികളിലൂടേയും മറ്റും മിത്രങ്ങളാക്കി മാറ്റിയ പലരേയും നേരിട്ട് കാണാമെന്നുള്ള ഒരു മികച്ച നേട്ടം കൂടി ഇത്തരം ബൂലോക സംഗമങ്ങളിൽ കൂടി സാധ്യമാകുന്നു. വിവിധ ദേശങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥമായി അവരവരുടെ ബ്ലോഗിടങ്ങളിൽ കൂടി അഭിരമിക്കുന്നവരും , വിഭിന്ന ചിന്താഗതിക്കാരുമായ അനേകം ബൂലോഗർ തമ്മിലുള്ള പരിചയങ്ങൾ , പിന്നീട് പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഓരോ ബൂലോഗർക്കും ഉപകാരപ്പെടുന്ന വേണ്ടപ്പെട്ട സംഗതികൾ കൂടെയായിരിക്കും...

  • പലപ്പോഴും സ്ഥിരമായി എന്നും കണ്ട് കൊണ്ടിരിക്കുന്നവരിൽ നിന്നും , മടുപ്പിക്കുന്ന സ്ഥിരം പണി മടുപ്പിക്കുന്ന  സ്ഥലങ്ങളിൽ നിന്നും , ഒരു താൽക്കാലിക മോചനം നേടി , മനസ്സിനും ,ശരീരത്തിനും ഒരു വിനോദത്തിന്റെ ആനന്ദം പകരുവാനും  ഈ ബ്ലോഗ്മീറ്റുകൾക്കാകും.
    ഇതിൽ നിന്നും കിട്ടുന്ന ആ പ്രത്യേക ഊർജ്ജം അടുത്ത സംഗമത്തിന്റെ ഇടവേളകൾ വരെ നില നിറുത്തുവാനും സാധിക്കും ...
  •  ഓരോരുത്തരുടേയും വിഭിന്നമായ കഴിവുകൾ മറ്റ് മിത്രങ്ങൾക്ക് പരിചയപ്പെടുത്തി അവരവരുടെ അത്തരം കലാ വൈഭങ്ങളിൽ താനും മികച്ച് നിൽക്കുന്നു എന്നുള്ള ഒരു മേധാവിത്തവും ഈ മീറ്റുകളിൽ കൂടി മിക്കവർക്കും കാഴ്ച്ചവെക്കാനാവും....
  •  അവരവരുടെ ബ്ലോഗിങ്ങ് ഇടങ്ങളെ കുറിച്ചും , ആയതിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പറ്റിയും മറ്റ് സഹ ബ്ലോഗ്ഗർമാർക്കും , പുതിയ ആളുകൾക്കും നേരിട്ട് തന്നെ പരിചയപ്പെടുത്തി സ്വന്തം തട്ടകത്തിലേക്ക് അനേകരെ കൂട്ടി കൊണ്ട് വരുവാനും ഇത്തരം വേദികളിൽ കൂടി സാധിക്കും.... 
  •  പിന്നെ പുതിയ ജോലി സാധ്യതകൾ , ബ്ലോഗ്ഗിങ്ങ്  കൊണ്ടുള്ള ആദായ മാർഗ്ഗങ്ങൾ , പുതിയ കച്ചവട സാധ്യതകൾ അങ്ങിനെയങ്ങിനെ ഈ സൈബർ വേൾഡിലെ പല പല സംഗതികളെകുറിച്ചും ഇന്റെർനെറ്റിൽ പയറ്റി തെളിഞ്ഞവരിൽ നിന്നും ഉപദേശങ്ങൾ ആരായാനും , മറ്റും സാധിക്കും.... 
  •  അവരവരുടെ ബ്ലോഗിലെ പല പോരായ്മകൾ ഇല്ലാതാക്കി നവീനമായ രീതിയിലുള്ള കാഴ്ച്ച വട്ടങ്ങൾ ബ്ലോഗിൽ കൊണ്ട് വരേണ്ട രീതികളും ,  പോരാതെ ബ്ലോഗിങ്ങിലെ പുതുതായ പല പല വിജ്ഞാന ശ്രോതസ്സുകളെകുറിച്ചും ഇത്തരം ബ്ലോഗ് മീറ്റുകളിൽ കൂടി തിരിച്ചറിഞ്ഞ്  പങ്കെടുക്കുന്നവർക്ക് , അവരവരുടെ ബ്ലോഗുകൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും...
  •  എല്ലാത്തിലും ഉപരി പങ്കെടുക്കുന്ന പരിചയ സമ്പന്നരായ ബൂലോഗ ഉസ്താദുകളിൽ നിന്നും കിട്ടുന്ന അവരുടെ വിജയ കഥകളും , ടിപ്സും ഒപ്പമുള്ള പ്രചോദനങ്ങളും , പ്രോത്സാഹനങ്ങളും ഉറങ്ങി കിടക്കുന്ന ചില ബൂലോകരെയടക്കം , പുതിയ ബ്ലോഗേഴ്സിനെ വരെ  ഉണർത്തി വളരെ ഊർജ്ജസ്വലരാക്കി നല്ല ആത്മവിശ്വാസത്തോടെ ബ്ലോഗ്ഗിങ്ങ് ചെയ്യുവാൻ പ്രാപ്തമാക്കും.
    • ഇത്തരം പല തിരിച്ചറിവുകളുമായിരിക്കും പിന്നീട് ഒരു നല്ല ബ്ലോഗറെ അവരവർക്ക് തനിയെ അവരവരിൽ സ്വയം വാർത്തെടുക്കുവാൻ സാധിക്കുന്ന ഏറ്റവും മെച്ചമായ സംഗതിയായി പിന്നീട്  ഭവിക്കുന്നത്.
    •  ഒപ്പം തന്നെ സാമൂഹിക സേവനങ്ങൾ താല്പര്യമുള്ള ബ്ലോഗേഴ്സ് , ഒരു പുതിയ കമ്മ്യൂണിറ്റി ബ്ലോഗ്ഗിങ്ങ് മേഖലകൾ ഉണ്ടാക്കി സാധാരണക്കാരായ ജനങ്ങളിലേക്ക് ബ്ലോഗിങ്ങിനെ എത്തിക്കാനും , അവർക്കൊക്കെ ബ്ലോഗിങ്ങ് ബോധവൽക്കരണങ്ങൾ നടത്തുവാനും സാധിക്കും .പണ്ടത്തെയൊക്കെ ഗ്രാമീണ വായനശാലകൾ പോലെ അതാതിടങ്ങളിൽ ഒരു കമ്മ്യൂണിറ്റി ബ്ലോഗിങ്ങ് കൂട്ടായ്മകൾ സ്ഥാപിച്ച് കൊണ്ട് ബ്ലോഗിങ്ങിന്റെ സ്പന്ദനത്താൽ പല അനീതികൾക്കെതിരേയും പബ്ലിക്കിനെ ഒറ്റക്കെട്ടായി നയിക്കുവാൻ സാധിക്കും 

ഇനിയെങ്കിലും  നിങ്ങളോരോരുത്തരും ,
സമയവും , സൌകര്യവുമൊക്കെ ഒത്ത് ചേരുകയാണെങ്കിൽ ഇടക്കെങ്കിലും ചില ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്ത് , ആയതിൽ നിന്നും കിട്ടുന്ന ഊർജ്ജങ്ങളെല്ലാം  ബ്ലോഗിന്റേതായ ഉന്നമനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമല്ലോ ..അല്ലേ
അപ്പോൾ പറ്റുമെങ്കിൽ ബൂലോകർക്കെല്ലാം  നേരിട്ട്
ഈ വരുന്ന ഏപ്രിൽ മാസം 12-ന് ഞായറാഴ്ച്ച
നടക്കാനിരിക്കുന്ന  തുഞ്ചൻപറമ്പ് ബ്ലോഗ്ഗർ സംഗമത്തിൽ വെച്ചെങ്കിലും നമുക്ക് ആവുന്നവർക്കെല്ലാം പരസ്പരം സന്ധിക്കാം 

അങ്ങിനെയാണെങ്കിൽ ..ശരി.
അന്ന് നമുക്ക് കാണാം...കാണണം !


ഒപ്പം തന്നെ ഞാൻ മുന്നെഴുതിയ ചില ബൂലോക വിജ്ഞാനങ്ങളും
ഇതിനോടൊപ്പം വേണമെങ്കിൽ  കൂട്ടിവായിക്കാം കേട്ടൊ ..കൂട്ടരെ
ദേ താഴെയുള്ള ലിങ്കുകളിൽ പോയാൽ മതി.

  1. മലയാളം ബ്ലോഗ് അഥവാ ബൂലോഗവും , പിന്നെ കുറച്ച് പിന്നാമ്പുറവും . 
  2. ബ്ലോഗിങ്ങ് ആഡിക് ഷനും , ഇന്റെർനെറ്റ് അടിമത്വവും . 
  3. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും . 



(  Courtesy of some images & graphics in this 
article from  wpvirtuoso.comdigitaldimensions4u.  &   google  )



  

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...