Thursday 31 July 2014

അങ്ങിനെ വീണ്ടും ഒരു അവധിക്കാലം ... ! / Angine Veendum Oru Avadhikkaalam ... !

പ്രിയപ്പെട്ടവരെ ,
പണ്ട് ‘ബാലയുഗം’ എന്ന കുട്ടികളുടെ മാസികയിൽ
നിന്നും  തുടക്കം കുറിച്ചതാണ് എന്റെ തൂലികാ  സൗഹൃദങ്ങൾ...
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വരെ നീണ്ടുനിന്ന  ആണും പെണ്ണുമായ
കുറച്ച് തൂലികാ മിത്രങ്ങളെ വരെ , അന്ന് തൊട്ട് ,  ഞാൻ താലോലിച്ച് കൊണ്ട് നടന്നിരുന്നു...

പിന്നീടൊരിക്കൽ അന്നതിൽ , ടിപ്പ് ചുള്ളത്തിയാണെന്ന് നിനച്ചിരുന്ന ഒരുവളെ ,
അവളുടെ നാടായ , കൊല്ലം ജില്ലയിലുള്ള കൊട്ടിയത്ത് പോയിട്ട് , ഏതാണ്ട് പത്ത് കൊല്ലത്തിന് ശേഷം കണ്ടപ്പോഴാണ്  , മൂപ്പത്തിയാര്  , ഒരു തള്ളപ്പിടിയാണെന്ന് എനിക്ക് പിടികിട്ടിയപ്പോഴുണ്ടായ ആ ചമ്മലൊന്നും ഞാൻ ഇപ്പോഴും മറന്നിട്ടില്ല.., ഹും... അതൊക്കെ അന്ത:കാലം ..!
അതിനൊക്കെ ശേഷം  ആ  സൗഹൃദ വേദിയിലെ , പല മിത്രങ്ങളും
ഫോണിലേക്കും , ഓർക്കൂട്ടിലേക്കുമൊക്കെ ചേക്കേറിയിട്ട് ,  അപ്പോഴുണ്ടായിരുന്ന 
തൂലികാ സൗഹൃദം നിറഞ്ഞ എഴുത്തു കുത്തുകൾ ചുരുക്കിയപ്പോൾ , അന്നത്തെ സ്ഥിര മായുണ്ടായിരിന്ന കത്തിടപാടുകൾക്കൊക്കെ ചരമഗീതം അർപ്പിക്കേണ്ടി വന്നു..എന്ന് മാത്രം ..!

വീണ്ടും,  കാൽനൂറ്റാണ്ടിന് ശേഷമാണ് , അതേ തൂലികാ മിത്രങ്ങൾ
കണക്കെ , ഒരു സൗഹൃദം വലയം , എനിക്ക് വീണ്ടും ഉണ്ടാക്കുവാൻ കഴിഞ്ഞത്
ബ്ലോഗുകളുടേയും , ഓൺ -ലൈൻ എഴുത്തുകളുടേയും ഉയർത്തെഴുന്നേൽപ്പുകൾക്ക്
ശേഷമാണ് ഈ മിത്രകൊട്ടാരം എനിക്ക് പണിതുയർത്തുവാൻ കഴിഞ്ഞത്...! ഒരിക്കൽ
പോലും പരസ്പരം തമ്മിൽ തമ്മിൽ കാണാതെ , ഒന്നും മിണ്ടിപ്പറയാതെ , കേൾക്കാതെ യൊക്കെയുള്ള  സ്നേഹ വായ്പ്പകൾ കോരിത്തരുന്ന ഒരു പ്രത്യേക തരം സൗഹൃദ കൂട്ട് കെട്ടുകൾ..!

പണ്ട് തൂലികയാൽ  പടുത്തുയർത്തിയ മിത്ര കൂട്ടായ്മയേക്കാൾ ,
ഇമ്മിണിയിമ്മിണി വലിയ , നല്ല ആത്മാർത്ഥതയുള്ള ,  ഭൂലോകത്തിന്റെ
പല കോണുകളിൽ വസിച്ചുകൊണ്ടിരിക്കുന്ന അനേകം ആണും പെണ്ണുമായ
ഓൺ-ലൈൻ കൂട്ടുകാരെ അണിനിരത്തി കൊണ്ടാണതിന്  സാധ്യമായത്..

ഒരേ ബഞ്ചിൽ , അഞ്ച് പത്ത് കൊല്ലം ഒന്നിച്ചിരുന്ന് കെട്ടിപ്പടുത്ത
കൂട്ടുകെട്ടിനേക്കാളൊക്കൊ ഉപരി , ഒരു സ്നേഹോഷ്മളമായ  ബന്ധങ്ങളാണ്
നമുക്കെല്ല്ലാം ഇതിലൂടെ കൈ വന്നിരിക്കുന്നത് എന്നത് നിങ്ങൾക്കെല്ലാം അറിയാവുന്ന ഒരു വാസ്തവം തന്നെയാണല്ലോ ..അല്ല്ലേ ?

ഇത്തരം ഒരു മിത്രക്കൂട്ടയ്മയിൽ അധിവസിക്കുന്ന , ആഗോളതലത്തിൽ
രണ്ടുകോടിയോളമുള്ള പ്രവാസി ഭാരതീയനനിൽ ഒരുവനായ ഞാൻ , ഇതാ ഒരു
അവധിക്കാലം കാലം കൂടി ചിലവഴിക്കുവാൻ എന്റെ ജന്മനാട്ടിലേക്ക് തിരിക്കുകയാണിപ്പോൾ...
  ..
ഒരു വിനോദ സഞ്ചാരിയെ പോലെയാണ് ഏതാണ്ട് കുറെ കൊല്ലങ്ങളായി
ഞാനെന്റെ  മാതൃ രാജ്യത്ത് തനി ഒരു വിരുന്നുകാരനായി കാലെടുത്ത് കുത്താറ്...!

അതും രണ്ടോ മൂന്നോ ആഴ്ച്ചകൾക്ക് മീതെയുള്ള
ഒരു അവധിക്കാലം  അപ്പോളൊന്നും നാട്ടിൽ ചിലവഴിച്ചിട്ടില്ല താനും.

പലപ്പോഴും .മൂന്നാഴ്ച്ചയൊക്കെ അവിടെ ചിലവഴിക്കുവാൻ എത്തുമ്പോൾ
ഒരു മുന്നൂറ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടായിരിക്കും വരുന്നത് ..
നാട്ടിൽ വന്നാലുള്ള അടിച്ചു പൊളികൾ കാരണം അതിൽ ഒട്ടുമുക്കാലും കാര്യങ്ങൾ
നടക്കാറുമില്ല , എന്നിട്ട് അടുത്ത ഹോളിഡേയ്ക്കാവാമെന്ന് നിനച്ച് , പെട്ടീം പൂട്ടി തിരിച്ച് പോരും , പിന്നീടും  തഥൈവ തന്നെയായിരിക്കും  എല്ലാ വരവുപോക്കുകളുടെ ചരിത്രങ്ങളും ചികഞ്ഞ് നോക്കിയാൽ കാണാനാവുന്നത്.
ഏതാണ്ടൊരുവിധം എല്ലാ പ്രവാസികളുടെ കോപ്രായങ്ങൾ
ഇതുപോലെയൊക്കെ തന്നെയായിരിക്കാം .... അല്ലേ കൂട്ടരെ..!

പക്ഷേ , ഇത്തവണ രണ്ടും കല്പിച്ചാണ് എന്റെ നാട്ടിലേക്കുള്ള പടപ്പുറപ്പാട് ,
അതായത് ഇപ്രാവശ്യം  ഞാൻ ആറാഴ്ച്ചയാണ് നാട്ടിൽ ആറാടാൻ പോകുന്നത്...!

എവിടെയെല്ലാമോ  കെട്ടിക്കിടക്കുന്ന ആ ഗൃഹാതുരത്വം
മുഴുവൻ അടിച്ച് പൊടിച്ച്  കലക്കി കുടിച്ച് ആ മടുപ്പ് മാറ്റണം ...!

നാട്ടിലെ ഓണാഘോഷത്തിലെ മാവേലി മന്നനാവാൻ , പുലിക്കളിക്ക്
വേഷം കെട്ടാൻ ,  ആലപ്പുഴയിൽ വെച്ച് യു.കെ മലയാളികൾ ഒത്തുകൂടുന്ന
ഒരു ‘വെള്ളം‘ കളിയിൽ പങ്കെടുക്കുവാൻ തുടങ്ങി ,ഒത്തിരിയൊത്തിരി  തട്ട് പൊളിപ്പൻ  പരിപാടികളിലേക്ക് , ഈ ബഹു മണ്ടനെ നേരത്തെ കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു...!
.
പിന്നെ പഴേ ക്ലാസ്സ് മേറ്റ് മിത്രങ്ങളെല്ലാം കൂടി നടത്തുന്ന ഒരു “ഗ്ലാസ്സ് മീറ്റ്‘
ഉൽഘാടനത്തിനും വരെ , ഈ മണങ്ങോടനെ സാദരം ക്ഷണിച്ച് കാത്തിരിക്കുകയാണ് നാട്ടിലുള്ളൊരു പഴയൊരു സൗഹൃദ കൂട്ടായ്മ ..!

ഇതൊന്നും കൂടാതെ ...
പോരാത്തതിന് ഇതിനിടയിൽ  ,
ഞാനൊരു അമ്മാനച്ഛൻ  സ്ഥാനം
കരസ്ഥമാക്കുവാനും പരിപാടിയിട്ടുട്ടുണ്ട്.
ഈ അമ്മാനപ്പൻ പട്ടം പണ്ടത്തെയൊക്കെ പോലെ
 അത്ര ചുളുവിൽ കിട്ടുന്ന സ്ഥാനമല്ല ഇപ്പോഴൊക്കെ കേട്ടൊ ,
ഇമ്മിണി കാശ്
ചെലവുള്ള ഒരു ഏർപ്പാടാട്ടാ‍ാ...ഇത്
ഏതായാലു തലവെച്ച് പോയി ,
ഇനി ഒന്തോരം ബാക്കി കിട്ടുമെന്ന് കണ്ടറിയാം.
ഇതിനെ കുറിച്ചൊക്കെ എഴുതുവാനാണെങ്കിൽ ഒത്തിരി കാര്യങ്ങളുണ്ട് , പക്ഷേ ഇപ്പോഴുള്ള ധാരാളം  തിക്ക് മുക്കുകൾക്കിടയിൽ ആയതിനൊന്നും ഒട്ടും സമയമില്ല താനും .

പിന്നെ ഇതെഴുതിയിടാനുള്ള
കാര്യത്തിലേക്ക് നേരെ ചൊവ്വെ വരാം ..അല്ലേ

നീണ്ട ലീവ് കിട്ടാൻ വേണ്ടിയുള്ള മാരത്തോൺ ജോലി, പായ്ക്കിങ്ങ് തുടങ്ങി സകലമാന കുണ്ടാമണ്ടി തിരക്കുകൾക്കിടയിലും ഞാനിവിടെ വന്നത് എന്റെ എല്ലാ മിത്രങ്ങളേയും ഒരു കല്ല്യാണത്തിന് ക്ഷണിക്കുവാനാണ് കേട്ടൊ.
നേരിട്ടോ ,താപാലിലോ ,  വ്യക്തിപരമായോ ഏവരേയും വന്ന് ക്ഷണിക്കുവാൻ സമയവും ,സന്ദർഭവും അനുവദിക്കാത്തതുകൊണ്ടാണ്  ഈ സൈബർ ലോകത്തുള്ള  എളുപ്പവഴി ഞാൻ തെരെഞ്ഞെടുത്തത്.
ഇതിന് സദയം ക്ഷമിക്കുമല്ലോ അല്ലേ

അതായത് ഈ വരുന്ന ചിങ്ങമാസം  നാലാം തീയ്യതി (2014 ആഗസ്റ്റ് 20 ബുധനാഴ്ച്ച ) ഞങ്ങളുടെ മകൾ മയൂഖലക്ഷ്മിയുടെ വിവാഹമാണ്.
തൃശ്ശൂർ പട്ടണത്തിലെ , കൂർക്കഞ്ചേരി ശ്രീനാരയണ ഹാളിൽ വെച്ചാണ് പ്രസ്തുത ചടങ്ങ് നടത്തുന്നത്...

ആയതിൽ പങ്കെടുത്ത് ആ വധൂവരന്മാർക്ക് മംഗളം
നേരുവാനും , ഞങ്ങളുടെ സന്തോഷത്തിൽ ഒത്തുകൂടുവാനും നിങ്ങളേവരേയും സകുടുംബം സാദരം ക്ഷണിച്ചുകൊള്ളുന്നൂ..
എന്ന്
സസ്നേഹം,
മുരളീമുകുന്ദൻ

PS : -

അന്നേ ദിവസം അവിടെ തന്നെയുള്ള മറ്റൊരു വേദിയിൽ
മലയാളത്തിലെ പഴയവരും പുതിയവരുമായ ,നവ മാധ്യമ എഴുത്തുകാരിലെ
പലരും കൂടി, ഒത്ത് ചേർന്ന് സറപറ വർത്തമാനം പറയലും , പരസ്പരം പരിചയം
പുതുക്കലും /പെടലും ,  അരങ്ങേറുന്ന തൃശ്ശൂർ ബ്ലോഗർ സംഗമം    എന്ന പരിപാടിയിലും പങ്കെടുക്കാം കേട്ടോ കൂട്ടരെ...നെയ്യപ്പം നിന്നാൽ രണ്ടുണ്ട് കാര്യം .!


പിന്മൊഴി  :‌- 

ഒരു നാടൻ സായിപ്പിന്റെ കുപ്പായം ഊരിവെച്ച്
തനി ഒരു പച്ച മലയാളിയായ നാട്ടുമ്പുറത്തുകാരന്റെ കുപ്പായം
അണിയുവാൻ പോകുന്നത് കൊണ്ട് , ഈ സൈബർ ലോകത്ത്
നിന്നും  ഞാൻ , ഒന്നര മാസത്തേക്ക് ഒരു അവധിയെടുക്കുകയാണ്.
ഈ സമയങ്ങളിൽ നാട്ടിലുള്ളവരുമൊക്കെയായി
അവിടെ  വെച്ച് ഇനി മുഖാമുഖം കാണാമെന്ന് പ്രതീക്ഷിക്കുന്നു.
കാണണം കേട്ടൊ
അപ്പോൾ വീണ്ടും സന്ധിപ്പും വരേക്കും വണക്കം ....നന്ദി..

നാട്ടിലെത്തിയാൽ എന്നെ 
ബന്ധപ്പെടാവുന്ന നമ്പറുകൾ : 0487 2449027  & 09946602201







Wednesday 25 June 2014

ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് ...! / An Intimate Terrorist ... !

അടുത്ത കാലത്ത്  പാശ്ചാത്യ ലോകത്ത് ‌- പ്രസിദ്ധീകരിച്ച
ഉടനെ തന്നെ , ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമുണ്ട്....
ഷോനാ സിബാരിയുടെ
കൺഫെഷൻ ഓഫ് ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് എന്നൊരു പുസ്തകം...!

25 കൊല്ലക്കാലം എന്റെ കെട്ട്യോളെ കെട്ടി പൂട്ടിയതിന്റെ വാർഷികം കൊണ്ടാടിയപ്പോൾ ഒരു  ‘പവിഴ മാല‘ക്കൊപ്പം , ഈ ‘ബെസ്റ്റ് സെല്ലർ ബുക്കും‘ ,  പിന്നെ ചുണ്ട് ചുണ്ടോടൊട്ടിപ്പിടിച്ച ഒരു ചുടു ചുംബനവുമാണ് ഞാനവൾക്ക് വാർഷിക സമ്മാനമായി നൽകിയത്....!

പതിവ് പോലെ തന്നെ ആ ഉമ്മ കിട്ടിയ ഉടനെ  , വലതു കൈ തണ്ട കൊണ്ട്
ആയതിന്റെ ചവർപ്പ് അവളുടെ ചുണ്ടിൽ നിന്നും മാച്ച് കളഞ്ഞ് ,ആ ബുക്കിനെ സോഫയിലിട്ട് , ആ മുത്തുമണി മാലയെടുത്തണിഞ്ഞ് വീട്ടിലെ സകലമാന കണ്ണാടികളിലും പോയി ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ നോക്കി ‘ഫുൾ സാറ്റിസ്ഫൈഡാ‘യ ശേഷമാണ്, എനിക്ക് അന്നവൾ  അത്താഴം വിളമ്പി തന്നതും , പിന്നീട് മോളെ പാത്രം കഴുകാൻ ഏൽ‌പ്പിച്ച് , എന്നോട് സൊറ പറയാനും , ഒന്നിച്ചുള്ള അന്താക്ഷരി കളിക്കനുമൊക്കെ എന്റെ ചാരത്ത് വന്നണഞ്ഞത്...

പണ്ടൊക്കെ പെണ്ണുങ്ങളായിരുന്നു
ഭൂമിയോളം ക്ഷമിച്ചിരുന്നത് എന്ന് പറയപ്പെടുന്നു...
ഇന്നൊക്കെ കാര്യം നടക്കണമെങ്കിൽ ആണുങ്ങളാണ്
പാതാളത്തോളം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരുന്നത് അല്ലേ

ഇനി ഒരു  സത്യം പറയാം കേട്ടൊ
എന്റെ ഈ സ്നേഹ നിധിയായ വാമ ഭാഗത്തിന്
എന്ത് വാങ്ങി കൊടുത്താലും ,
എങ്ങിനെ ചെയ്ത് കൊടുത്താലും പിറുപിറുക്കൽ അഥവാ പരിഭവം ഒഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല...
ഇപ്പോൾ കാൽ നൂറ്റാണ്ടായിട്ടുള്ള എന്റെ അനുഭവത്തിൽ , അവളൊന്നിനും പരിഭവം ഒന്നും പറഞ്ഞില്ലെങ്കിലാണ് എനിക്ക് വിഷമം..!

പാവം എന്നെയല്ലേ , ഇത്രയും
കാലമായിട്ട്  സഹിച്ച് കൊണ്ടിരിക്കുന്നത് ...

വേറെ വല്ലവരുമായിരുന്നുവെങ്കിൽ ഇത്രയും
കാലത്തിനുള്ളിൽ  തന്നെ , എന്നോ എന്നെ  ഇട്ടു പോയേനെ ...!

ഇത്  എന്റെ മാത്രം സ്ഥിതി
വിശേഷമല്ലല്ലോ അല്ലേ ?
ലോകത്തിലെ ഒട്ടുമിക്ക ഭാര്യമാർക്കും ഈ
പരിഭവവവും പഴിപറച്ചിലും തന്നെയായിരിക്കും ...
അവരുടെ സ്വന്തം കണവനെ കുറിച്ചും  പറയാനുള്ളത്... !

ഈ ദുനിയാവിൽ ഏത് ഭർത്താവിനാണ് ... ഒന്നൊന്നായി
ഓരൊ കാര്യങ്ങൾക്കും , അവന്റെ പെണ്ണൊരുത്തിയെ പൂർണ്ണ
സംതൃപ്തിയിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകുക അല്ലേ.?
തനി കുഞ്ഞി രാമന്മാരയ ചില ‘ഹെൻ പക്ക്ഡ് ഹബ്ബി‘
മാരുണ്ട് , ചിലപ്പോൾ അവർക്കൊക്കെ പറ്റുമായിരിക്കും...!

പിന്നെ ഞാനാണെങ്കിൽ  നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം...

പക്ഷേ ഒരു കാര്യം   ഉറപ്പാണ് ... ഞാൻ
ഒരിക്കലും നല്ലൊരു ഭർത്താവല്ല എന്നതിന്. !

എന്റെ സ്വന്തം കെട്ട്യോളാ‍യതുകൊണ്ടാകാം
ഈ ഗെഡിച്ചി ഇത്രയും നാൾ ഒരു ഭർത്തുദ്യോഗസ്ഥനായ
എന്റെ കീഴിൽ കിടന്ന് പണിയെടുത്തത്...
അതും ഒരു ചില്ലിക്കാശ് വേതനം കൈ
പറ്റാതെ ,  വേദന മാത്രം കൂലിയായി  വാങ്ങി ,
ഒരു ലീവ് പോലും എടുക്കാതെ ഇക്കണ്ട കൊല്ലം
മുഴുവൻ , ഒരു അടിമ കണക്കെ എനിക്ക് വേണ്ടി വേല ചെയ്ത് കൊണ്ടിരിക്കുന്നത്...

ഇനി  പലയിടത്തും നടക്കുന്ന പോലെ ഇനി എന്നാണാവോ
ഈ അടിമ കയറി  യജമാനത്തിയാകുന്നതും , എന്നെ ഒരു കൂച്ച്
വെലങ്ങിട്ട്  അടിയറവ് പറയിക്കുന്നതുമൊക്കെ അല്ലേ...!

പണ്ട് പഠിക്കുന്ന  കാലത്ത് , ഒരു സുന്ദരി കോത  ചമഞ്ഞ് പ്രസംഗ മത്സരം ,
പദ്യ പാരായണം മുതൽ പലതിലും സമ്മാനങ്ങൾ വാരിക്കൂട്ടി , കലാ തിലക പട്ടം
വരെയെത്തിയിരുന്ന  - എന്റെ ഈ പെർമനന്റ് പ്രണയിനി , കല്ല്യാണ ശേഷം അവളുടെ പ്രസംഗം എന്നോട് മാത്രമാക്കി ചുരുക്കി , ഒരു ദു:ഖ ഗാനം പോലും ആലപിക്കുവാൻ സാധിക്കാതെ വന്നതിന്റെ പഴികൾ , മുഴുവൻ എന്റെ തലയിലാണ് ഇപ്പോൾ കെട്ടി വെച്ചിരിക്കുന്നത്...!

എന്തു ചെയ്യാം ...
എന്റെ ഏറ്റവും നല്ല ഒരു ഉത്തമ മിത്രമായി
അവളുടെ വ്യക്തി പരമായ ഒരു കാര്യങ്ങൾക്കും തടസ്സം നിൽക്കാതിരുന്ന എനിക്കിത് തന്നെ കിട്ടണം അല്ലേ...

അതിന് മധുവിധു , രാപ്പകലുള്ള വീട്ടു പണി , പേറ് ,
പാരന്റിങ്ങ് , സീരിയൽ കാണൽ എന്നിവക്കൊക്കെ ശേഷം ഇതിനൊക്കെ , ഈ ആയമ്മക്ക് ഇത്തിരി നേരം കിട്ടിയാലല്ലേ - പഴേ കുന്ത്രാണ്ടങ്ങളെല്ലാം പുറത്തെടുക്കുവാൻ പറ്റൂ...!

അവൾക്ക് പറ്റാത്തതൊക്കെ മോൾക്ക് സാധിക്കട്ടെ എന്ന് കരുതി
ചെറുപ്പം തൊട്ടേ , ഞങ്ങളുടെ കടിഞ്ഞൂൽ പുത്രിയെ ആട്ടത്തിലും പാട്ടിലുമൊക്കെ
അരങ്ങേറ്റം കുറിപ്പിച്ചെങ്കിലും , പിന്നീട് ലണ്ടനിലേക്ക് സകുടുംബം ‘മൈഗ്രേറ്റ്‘ ചെയ്തപ്പോൾ, വല്ല ഓണ പരിപാടിക്കോ , മറ്റോ ആയി മോളുടെ ആ വൈഭവങ്ങളും  ചുരുങ്ങി പോയി... !

എന്നിട്ടിപ്പോളിതാ മകളും ഒരു നവ വധുവിന്റെ പട്ടം അണിഞ്ഞ് അമ്മയെ
പോലെ  തന്നെ , ആയതെല്ലാത്തിന്റേയും ഒരു തനിയാവർത്തനത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്...!

പക്ഷേ നാട്ടിൽ വെച്ച് വീട്ടുകാരേയും നാട്ടുകാരേയുമൊക്കെ മുമ്പിൽ ആൺകോയ്മ നഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി ,  വീട്ടിൽ വെച്ച് ഒരു ഉള്ളി പോലും നന്നാക്കി കൊടുക്കാത്ത ഞാൻ , ഇവിടെ ലണ്ടനിൽ വന്ന ശേഷം ,സ്വന്തം വീട്ടിലെ അടുക്കളപ്പണിയിലും , അലക്കി കൊടുക്കുന്നതിലും വരെ വളരെ നിപുണനായി തീർന്നു...

എന്തിന് പറയുവാൻ ചിലപ്പോൾ ചില കാര്യ സാധ്യത്തിനായും , മറ്റ് ചില കാര്യങ്ങൾ ഒളിപ്പിച്ച് വെക്കുന്നതിന് വേണ്ടിയുമൊക്കെ ഞാൻ സ്വന്തം വീട്ടിലെ ‘ഡിഷ് വാഷർ‘ വരെയായി ചിലപ്പോൾ ജോലി ചെയ്യാറുണ്ട് ...!

“ മ്ള്  മണങ്ങിട്ട് വാളേനെ പിടിയ്ക്കാന്നുള്ള
വിവരം എന്റെ പെണ്ണുമ്പിള്ളയ്ക്കറിയില്ലല്ലോ അല്ലേ..!“

ഇനി ഈ ‘ഇന്റിമേറ്റ് ടെററിസ
ത്തിലേക്കൊന്ന് എത്തി നോക്കാം...

അന്തർദ്ദേശീയമായി പല പഠനങ്ങളും പറഞ്ഞിരിക്കുന്നത്
മൊത്തത്തിൽ ഇന്ത്യക്കാരികളായ , ഒട്ടു മിക്ക ഭാര്യമാരും , അവരുടെ
ഭർത്താക്കന്മാരെ വെറും ആൺ കഴുതകളാക്കി വാഴുന്നവരാണെന്നാണ്...!

ലോകത്തുള്ള സകലമാന ദമ്പതികളേയും നിരീക്ഷിച്ചും ,
മറ്റും ഗവേഷണം  നടത്തി പറയുന്ന ഒരു കാര്യം ഇതാണ്...
ഇന്ന്  ഈ ഭൂലോകത്തുള്ള കുടുംബങ്ങളിലെ 99 ശതമാനം
പാർട്ട്ണേഴ്സിൽ ഒരാൾ  'ഗാഡ സൌഹൃദമുള്ള ഭീകര
ഭരണ കർത്താക്കൾ ' അഥവാ ഇന്റിമേറ്റ് ടെററിസ്റ്റ് കളാണെന്നാണ് ..!

പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ
നിന്നും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ആഗോള തലത്തിൽ പല ദമ്പതിന്മാരും അണു കുടുംബ വ്യവസ്ഥയിലേക്ക്‌ കൂടുമാറ്റം നടത്തി തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണെത്രെ കുടുംബങ്ങളിലെ , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള ‘ഇന്റിമേറ്റ്  വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ...

മാനസികമായും , ശാരീരികമായും ,
ലൈംഗികമായും മൊക്കെ കിടക്കപ്പായയിൽ
നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ - -
ആ കുടുംബം ശിഥില മാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയോ , അണിചേരുകയോ ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ  പറയുന്നത്.. !

അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ഒരാൾ
ഈ വിഭാഗത്തിൽ പെട്ട ഒരു ഇന്റിമേറ്റ് ടെററിസ്റ്റ് ആണെങ്കിൽ
തീർച്ചയായും അവനേയോ , അവളേയോ അതിൽ നിന്നും വിടുതൽ
ചെയ്യിക്കേണ്ടത് , ആ  വീട്ടിനുള്ളിലെ മാത്രമല്ല , സമൂഹത്തിന്റെ കൂടി
നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രവർത്തനമായിരിക്കും...


ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ കൂടിയായിരിക്കും ഈ സംഗതികൾ...!

കാൽ നൂറ്റാണ്ട് മുമ്പ് എന്റെ എല്ലാ സ്വഭാവ
വിശേഷങ്ങളും അറിയാമായിരുന്ന  പ്രണയിനികളിൽ
ഒരുവൾ ,  എന്നെ കല്ല്യാണിക്കുവാൻ തീരുമാനിച്ചപ്പോൾ ...
അവളുടെ വീട്ടുകാരോട് ബന്ധുമിത്രാധികളായ , പല കല്ല്യാണം
മുടക്കികളും പറഞ്ഞിരുന്നത് ...
“നിങ്ങളുടെ മോളെ മൂന്നാല് കൊല്ലത്തിനുള്ളിൽ ...ഇനി കണിമംഗലം
റെയിൽവ്വേ ട്രാക്കിലോ , നെടുപുഴ താണിക്കമുന്നയം കോൾ കായലിലോ , ഒരു പിണമായി കാണാമെന്നാണ് കട്ടായമായും പറഞ്ഞ് പേടിപ്പിച്ചത് ...'

ശേഷം അവളുടെ ഗർഭ കാലങ്ങളിലും , മറ്റു പലപ്പോഴായും
ഞാൻ അനേക തവണ അവളുടെ കൈപിടിച്ച് , ആ തീവണ്ടി പാതയിൽ കൂടി നടന്നു...

എന്റെ  മടിയിൽ തല ചായ്ച്ച് കൊണ്ട് , അവളേയും
കൊണ്ട് ആ കായലിൽ അനേക തവണ വഞ്ചി തുഴഞ്ഞ് പോയി...

അങ്ങിനെയങ്ങിനെ പരസ്പരം ആരാധിച്ചും , ആദരിച്ചും,
തട്ടിയും , മുട്ടിയും, സ്നേഹിച്ചും , കലഹിച്ചുമൊക്കെ നാടിന്റെ ചൂടും ചൂരുമൊക്കെ വിട്ടെറിഞ്ഞ് , പുഴകളുടേയും , കായലുകളുടേയും ഓളങ്ങൾ വിസ്മരിച്ച് , പൂര ലഹരികളുടെ താള മേളങ്ങൾ ഇല്ലാതാക്കി ആ മാമലകൾക്കപ്പുറത്തുനിന്നും , ഏഴ് കടലുകളും താണ്ടി  , അവസാനം സകുടുംബമായി , ഈ ബിലാത്തി പട്ടണത്തിൽ വന്ന് നങ്കൂരമിട്ടിരിക്കുകയാണ്.

ദേ പോയി ...ദാ..വന്നു എന്ന് പറഞ്ഞ പോലെ
ഞങ്ങളുടെ കൂട്ട് ജീവിതത്തിലെ ‘രജത വർണ്ണമായ
ഒരു ജീവിത വസന്തം ‘ ഇതാ ഇപ്പോൾ മുന്നിൽ എത്തി നിൽക്കുകയാണ്
ആയതിന് സന്തോഷം പകരുവാൻ , ഇതാ ഇപ്പോൾ ഞങ്ങളുടെ
മകളുടെ കല്ല്യാണ നിശ്ചയവും  ( 4 മിനിട്ട് വീഡിയോ ) നടന്നു കഴിഞ്ഞിരിക്കുന്നു...





അടുത്ത മാസം ആഗസ്റ്റ് 20 ന്
ബുധനാഴ്ച്ച തൃശ്ശൂർ തിരുവമ്പാടി

 അമ്പലത്തിൽ വെച്ചാണ് കല്ല്യാണം കേട്ടൊ ..
ശേഷം തൃശ്ശൂർ  കൂർക്കഞ്ചേരി ശ്രീനാരായണ
ഹാളിൽ വെച്ച് നടക്കുന്ന വിരുന്നു സൽക്കാരത്തിലേക്കും...
പിന്നെ  അവിടെ തന്നെ യുള്ള മറ്റൊരു മണ്ഡപത്തിൽ വെച്ച്  തൃശ്ശൂരിലെ  പഴയ ചില ബൂലോകരും , ബൂലോക മീറ്റ് മുതലാളിമാരും കൂടി നടത്തുന്ന  തൃശ്ശൂർ ബ്ലോഗർ സംഗമത്തിലേക്കും
 
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാ ബൂലോഗ മിത്രങ്ങളേയും ,
ഈ അവസരത്തിൽ സാദരം ക്ഷണിച്ച് കൊള്ളുകയാണ്...
ഏവർക്കും ഹാർദ്ദമായ സ്വാഗതം  ..!

Sunday 27 April 2014

പിന്നിട്ട ചില പെണ്ണോർമ്മകൾ ...! / Pinnitta Chila Pennormakal ...!


ഒരേയൊരു ഭൂമിയമ്മ




കൊണ്ടറിഞ്ഞില്ലയാരും ഈ പ്രകൃതി തന്‍ മാറ്റങ്ങളെ ;
കണ്ടു നാം യുദ്ധങ്ങള്‍ ...അധിനിവേശങ്ങള്‍ ...മത വൈരങ്ങള്‍..

കണ്ടില്ലയോ ഈ ഭൂമാതാവിനെ ; നാനാതരത്തിലായി
വീണ്ടു വിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ നാമേവരും ,

വിണ്ടുകീറീ മണ്ണ് , ചൂടിനാല്‍ ആകാശം , നശിക്കുന്നീ പ്രകൃതിയും 
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;

വേണ്ട ഇതൊന്നും ഈയുലകിലിനിയൊട്ടും , നമുക്കേവര്‍ക്കും
വീണ്ടുമീ ഭൂമിയമ്മയെ കൈ തൊഴാം ; എന്നിട്ടെന്നും പരി രക്ഷിച്ചിടാം ...




വേലക്കാരി



വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! ?



കൌമാര സഖി 



വീണ്ടും രസാലങ്ങൾ പൂത്തല്ലോ.. എൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ .. പൂക്കാവടികൾ പോലവെ ...

ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും ... കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ... ഒരു മാവുയരത്തിൽ എന്നുമെപ്പോഴും !

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..;   ഒപ്പം
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ അവിടെയിപ്പോഴും ..? !


പ്രഥമ പ്രണയിനി


പുതു പാപം ചെയ്ത ആദാമിന് , സഖി ഹൌവ്വയെന്ന പോല്‍...
പാദം വിറച്ചു നിന്ന എന്നെയൊരു , പ്രണയ കാന്തനാക്കി...
പതിയെ പറഞ്ഞു തന്നാ രതി തന്‍ ആദ്യ പാഠങ്ങള്‍ രുചി !
 പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയുമാ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയുംമാ കാര്‍കൂന്തലുമെല്ലാം

പതിഞ്ഞു കിടപ്പുണ്ടീ മനസ്സിലിപ്പോഴും...ഒരു ശില പോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ... ഒരു അമ്പിളിക്കല പോലെ !


കച്ചോടക്കാരി


ചന്തമുള്ള യീവിധമാം  ചന്തികൾ കണ്ടിട്ടാണീ
കാന്തി തൻ  ചന്തിയിൽ  അമ്പു പോലൊരു
കുന്തം  തറക്കുന്ന ബഹു നോട്ടത്താൽ പെട്ടതും , പിന്നെ 
ചിന്തയില്ലാതെന്തുമാത്രം ... ചിലവിട്ടതെത്രയെത്ര..!


 ഒരു ലണ്ടൻ ഗേൾഫ്രന്റ്



ലോക വാർത്തയായൊരു മാദക തിടമ്പിവൾ
ലോക താരമിവൾ നഗ്നയായിട്ടിവിടെ വിലസിടുന്നു …
ലോക മാന്യരോടൊത്തു രമിച്ചും ഉല്ലസിച്ചുമൊരു
ലോകനാഥയെന്ന നാട്ടത്തിലവൾ വീഴ്ത്തി എന്നേയും..!


കണ്ണു ഡോക്ട്ടർ 




കണ്ണു പരിശോധനക്കായി പോയിട്ടവിടത്തെ ഡോക്ടറാം
പെണ്ണിൻ തൊട്ടുരുമിയ സുഗന്ധ വലയത്തിലായി ഞാൻ ...
കണ്ണിറുക്കിയകപ്പെട്ടുയന്നാ കുടുസ്സു മുറിയിൽ വെച്ചു തന്നെ 
വിണ്ണിലെ സുന്ദരിക്കൊതയാം ആ പെണ്ണിൻ വലയത്തിൽ ...!

കണ്ണിനിമ്പമായ് അവളുടെ തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി...
 കണ്ണു കാണീക്കുവാൻ സ്ഥിരം പോയീട്ടെൻ ..കീശയോട്ടയായി ,മുഖ 
കണ്ണടക്കും ,പിന്നീടുള്ളായാ  പ്രണയ പങ്കു വെക്കലുകൾക്കും ..!
കണ്ണന്റെ സാക്ഷാൽ പേരുള്ളതാണോ എന്റെയീ പ്രണയ കുഴപ്പങ്ങൾ..?



 മഞ്ഞുകാലത്തെ ഒരു നൈറ്റ് ഡ്യൂട്ടി കൊളീഗ്


 

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേ  യാപ്പിളും ; സ്റ്റാബറി പഴങ്ങളും ;പിന്നെ

മണ്ടയില്‍ പ്രണയം കയറിയപ്പോൾ നടത്തിയ , ഹിമകേളികള്‍....
ചുണ്ട് ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിച്ചു കളിച്ച
കണ്ടാല്‍ രസമൂറും പ്രണയ ലീല തന്‍ ഒളി വിളയാട്ടങ്ങൾ !


 പെർമനന്റ്  പ്രണയിനി 



പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍ പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ...ഓര്‍മിച്ചുവോ എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി പോലെയാണെനിക്കിപ്പോള്‍ ജീവിതം..
കണവനിതാ കേഴുന്നു ഒരിറ്റു പ്രേമത്തിനായി നിനക്കു ചുറ്റും ...
വിണ്ണിലെ വേഴാമ്പല്‍ പക്ഷി വേനലില്‍ മഴ തേടിയലയും പോലെ !
തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു വെങ്കിലും പൊന്നേ... ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ ... ചുട്ടു ചാമ്പലാക്കി യവഗണനയാല്‍ ; 
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍ മോഹിച്ചുവെങ്കിലും , തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !
പ്രണയ മില്ലാത്ത രതികള്‍ , പിന്നെ കുടുംബം ; നേടി ആഡംബരങ്ങള്‍
പണവും വേണ്ടുവോളം , പക്ഷേ സ്വപ്നം കണ്ട നറു പ്രണയമെവിടെ ?
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍ കൂട്ടരേ --- കല്യാണ ശേഷം ?



പ്രണയിനികൾ






പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കു പോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!
പ്രണയമെന്‍ കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം.
 
 പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....
പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയം സുലഭമായി കിട്ടുമോ ... ശാശ്വതമായേനിക്കു മാത്രം ?

Tuesday 18 March 2014

പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത ‘ ... ! / Peter Brook's ' The Mahabharatha ' ... !

ഏതാണ്ട് മുപ്പത് കൊല്ലം മുമ്പ് നാടകത്തിന്റേയും ,  സിനിമയുടേയുമൊക്കെ ആചാര്യനായിരുന്ന ലണ്ടനിൽ  ജനിച്ച് വളർന്ന് , പാരീസിൽ സ്ഥിര താമസമാക്കിയ പീറ്റർ ബ്രൂക്ക് / Peter Brook  എന്ന സംവിധായക പ്രതിഭയായ ഒരു സായിപ്പ് , ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നടീ നടന്മാരെ തെരെഞ്ഞെടുത്ത് ഒരു മഹത്തായ നാടകം ചമച്ച് , യൂറോപ്പ് മുഴുവൻ അരങ്ങേറി ഈ പാശ്ചാത്യരെയെല്ലാം വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു...!

ഇദ്ദേഹത്തിന്റെ  ഗെഡി ഫ്രെഞ്ചുകാരനായ ഷേൻ ക്ലൌദ് ഷാരിരെ/Jean-Claude-Carriere രചിച്ച് തിരക്കഥയെഴുതി  നാടകമാക്കിയ ഒമ്പത് മണിക്കൂറോളം രംഗത്തവതരിപ്പിച്ചിരുന്ന , ഒരു ക്ലാസ്സിക് സംഗീത നാടകം  ...

വൈകീട്ട് നാലിന് തുടങ്ങി  പിറ്റേന്ന് വെളുപ്പിന് രണ്ട് മണിവരെ മിഴിയടക്കാതെയാണ് കാണികൾ അന്നൊക്കെ ആയത് സാകൂതം വീക്ഷിച്ചിരുന്നത്...
ആ നാടകത്തിന്റെ  അവതാരികയായി പറഞ്ഞിരുന്നത് ...
ഇക്കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ  കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടെ കഥയാണ്. 
വാസ്തവത്തില്‍ ഇതിലെ ഇതിവൃത്തം  നമ്മൾ  ഓരോരുത്തരുടേയും കഥയാണ് ... 
മനുഷ്യർ ഉള്ളിടത്തോളം കാലം ഇതിന്റെ മഹത്വത്തിന് യാതൊരു വിധ  കോട്ടവും സംഭവിക്കുകയില്ല , ഇതിലുള്ളതെല്ലാം അന്നും ഇന്നും എന്നും പല കഥാ പാശ്ചാതലങ്ങളായി ഇനിയും സ്ഥല കാല ഭേദങ്ങളില്ലാതെ തുടർന്നുകൊണ്ടേയിരിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് ...

സംഭവാമി യുഗേ യുഗേ ...!


ഈ നാടക കമ്പനി യൂറോപ്പ് മുഴുവൻ പര്യടനം നടത്തി വന്നിരുന്ന പേരും പെരുമയുമൊക്കെ  കാരണം  , എല്ലാ കളികളുടേയും ടിക്കറ്റുകൾ വളരെ നാളുകൾക്ക് മുമ്പേ ; റിസർവ് ചെയ്തവർക്ക് മാത്രമേ , അന്നൊക്കെ ഈ  നീണ്ട നാടകം കണ്ടാസ്വദിക്കുവാൻ പറ്റിയിരുന്നുള്ളൂ എന്നത് കൊണ്ട് , കാണികളുടെ അഭ്യർത്ഥന മാനിച്ച് , ആ നാടക കുലപതിയായിരുന്ന ‘പീറ്റർ ബ്രൂക്ക് ‘
ആ കഥ സീരിയലുകളായി നിർമ്മിച്ച് വിവിധ യൂറോപ്പ്യൻ ‘ടീ.വി‘ ചാനലുകൾക്ക് വിറ്റു...

അന്നൊക്കെ ഇവിടെ വളരെ പ്രശസ്തമായിരുന്നു പീറ്റർ ബ്രൂക്കിന്റെ
ഡ്രാമ കം സീരിയൽ ആയ  ‘ദി മഹാഭാരത‘ ( 1985 -ൽ ഈ ഡ്രാമയെ 
കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന റിവ്യൂ )

അതായത് നമ്മൾ ഭാരതീയർ മഹാഭാരതം സീരിയൽ പിടിച്ച് , ടീ.വി - യിൽ  കൂടി കാണുന്നതിന് മുമ്പേ , ഈ പടിഞ്ഞാറങ്കാർ ആയതൊക്കെ  ദി മഹാഭാരത സീരിയൽ (I M D b പ്രകാരം 10 -ൽ 7.7 റേറ്റിങ്ങ് കിട്ടി അന്നത്തെ Top Most  , T V സീരിയലുകളിൽ ഒന്ന് ) കണ്ട് കഴിഞ്ഞിരുന്നു എന്നർത്ഥം...!

ഈ അവസരത്തിൽ നാടക, സീരിയൽ വരുമാനം
കുമിഞ്ഞ് കൂടിയപ്പോൾ  , പതിമൂന്നോളം ലോകോത്തര
ക്ലാസ്സിക് സിനിമകൾ ഡയറക്റ്റ് ചെയ്തിട്ടുള്ള , സിനിമാ സംവിധായകൻ കൂടിയായ‘പീറ്റർ ബ്രൂക്ക്‘ , മിത്രമായ ‘ഷേൻ ക്ലൌദു‘മായി ചേർന്ന് ഈ മഹാഭാരതത്തെ മൂനാല് മണിക്കൂറുള്ള , ഒരു സിനിമാ തിരക്കഥയാക്കി , ആ നാടക -സീരിയൽ നടീ നടന്മാരെ തന്നെ വെച്ച് , അഭ്രപാളികളിലേക്ക് പകർത്തി ഒരു വമ്പൻ സിനിമ പടച്ചുണ്ടാക്കി...

ഒരു ഭാരതീയ പുരാണ ഇതിഹാസം ആധുനികതയുടെ പരി
വേഷമുള്ള കഥാപാത്രങ്ങൾ വന്നവതരിപ്പിച്ച  1989 - ൽ റിലീസായ
ഒരു ക്ലാസ്സിക് സിനിമയായിരുന്നു (വിക്കി പീഡിയ)   ‘ദി മഹാഭാരത ‘..!

ലോക ചരിത്രത്തിലെ അത്യന്തം ആദരണീയവും അതി
വിശിഷ്ടവുമായ മഹത്ഗ്രന്ഥങ്ങളിലൊന്നാണല്ലോ  മഹാഭാരതം...
വേദവ്യാസ മഹര്‍ഷി തന്റെ ഇളം തലമുറക്കാരന്  പൂർവ്വികരുടെ കഥ പറഞ്ഞ് കൊടുക്കുന്നതിനൊപ്പം തന്നെ , ആയതെല്ലം പകർത്തിവെക്കുന്ന ഗണപതിയും കൂടി , ഓരോ കഥാ സന്ദർഭങ്ങളും നോക്കി കാണുന്നതായിട്ടാണ് ഇതിന്റെ കഥാതന്തു മുന്നേറി കൊണ്ടിരിക്കുന്നത് ...

പരാശരരമുനിയാൽ  സത്യവതിക്ക് വ്യാസൻ
ഭൂജാതനായ കഥകൾ  തൊട്ടാണിതിന്റെ തുടക്കം .
9 മണിക്കൂറുണ്ടായിരുന്ന നാടക തിരക്കഥയെ , വെറും
3 മണിക്കൂറിൽ  ഒതുക്കിയിട്ട് പോലും  ഈ ഫിലീം  , അദ്ദേഹത്തിന്റെ
ഡ്രാമ - സീരിയലുകളെ പോലെ  ബോക്സോഫീസിൽ അന്ന് ഗംഭീര ഹിറ്റായിരുന്നു ... !

പക്ഷേ ,  ദൈവ തുല്ല്യരായി ഭാരതീയർ കാണുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ വെറും സാധാരണക്കാരായി ചിത്രീകരിച്ച കാരണം , അന്നത്തെ ഇന്ത്യൻ ക്രിട്ടിക്കുകൾ  ഈ പടത്തിനെ വേണ്ടുവോളം കരിവാരി തേച്ചു.
ഇന്ത്യയിൽ റിലീസായ പ്രിന്റിന്,  നാല് മണിക്കൂർ നീളമുണ്ടായിരുന്നുവെങ്കിലും  , ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ ‘ ദി മഹാഭാരത’ക്ക് പ്രദർശനാനുമതി നിഷേധിച്ചതുമൊക്കെ കാരണം നാട്ടിലന്നെത്തിയ , ഇതിന്റെ ഇംഗ്ലീഷ് വേർഷനായ ‘ദി മഹാഭാരത’ അന്നൊക്കെ അത്രയധികം ശ്രദ്ധിക്കാതെയും  പോയിരുന്നു..


ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുകിൽ വർണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വരെ പൈജാമയും
ജുബ്ബായുമിട്ട ഫ്രെഞ്ചുകാരനായ വെള്ളക്കാരനായിരുന്നുവല്ലോ ഇക്കഥയിൽ....
അമേരിക്കക്കാരനായ എലുമ്പനും , കറമ്പനുമായ ഭീഷ്മർ , ആസ്ത്രേലിയനായ
അർജ്ജുനൻ , കരീബിയക്കാരന്നായ ഭീമൻ , ബ്രസീലുകാരനായ കർണ്ണൻ , വിയ്റ്റ്നാം കാരനായ ദ്രോണാചാര്യർ , ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ , ഇന്ത്യക്കാരിയായ പാഞ്ചാലി , നൈജീരിയക്കാരിയായ കുന്തി , സൌത്താഫ്രിക്കക്കാരിയായ മാദ്രി ,...,...
അങ്ങിനെയങ്ങിനെ ഓരോ രാജ്യത്തു നിന്നും വന്ന അന്തർദ്ദേശീയ
കഥാപാത്രങ്ങളെയൊക്കെ നമുക്കൊക്കെ എങ്ങിനെ ദഹിക്കാൻ ...അല്ലേ ?

ഇന്ന് , ആ സിനിമയിൽ അരങ്ങേറിയവരിൽ
ഒട്ടുമിക്കവരും പ്രശസ്തിയുടെ കൊടുമുടിയിൽ
നിൽക്കുന്നവരാണ് .അന്നത്തെ ആ ഭാരതീയ കഥാ
പാത്രങ്ങളായി നിറഞ്ഞാടിയ ഇന്നത്തെ  പല പ്രമുഖ നടീനടന്മാർ താഴെ പറയുന്നവരാണ് .
ആ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ച ചിലരും - വിക്കിയിലെ ആ പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണണങ്ങളുമാണ്  താഴെയുള്ളത്...

Robert Langdon Lloyd എന്ന വ്യാസൻ 

Bruce Myers as ഗണപതി കം ശ്രീകൃഷ്ണന്‍

Vittorio Mezzogiorno as അർജ്ജുനൻ

Andrzej Seweryn as യുധിഷ്ട്ടിരൻ 
Georges Corraface as ദുര്യോധനൻ
Jean-Paul Denizon as നകുലൻ
Mahmoud Tabrizi-Zadeh as സഹദേവൻ

Mallika Sarabhai as ദ്രൌപതി /പാഞ്ചാലി
Miriam Goldschmidt as കുന്തി
Ryszard Cieslak as ധൃതരാഷ്ട്രര്‍
Hélène Patarot as ഗാന്ധാരി
Urs Bihler as ദുശ്ശാസനൻ
Lou Bihler as   കുട്ടികർണ്ണൻ
Jeffrey Kissoon as കർണ്ണൻ
Maurice Bénichou as കീചകൻ
Yoshi Oida as ദ്രോണാചാര്യർ
Sotigui Kouyaté as പരശുരാമൻ / ഭീഷ്മർ
Tuncel Kurtiz as ശകുനി
Ciarán Hinds as അശ്വത്ഥാമാവ്
Erika Alexander as മാദ്രി / ഹിഡുംബി
Bakary Sangaré as സൂര്യൻ/ഘടോൽക്കചൻ
Tapa Sudana as പാണ്ഡു/ശിവൻ
Akram Khan as ഏകലവ്യൻ
Nolan Hemmings as അഭിമന്യൂ
Mas Soegeng as വിരാധൻ/ വിദുരര്‍
Tamsir Niane as ഉർവ്വശി
Lutfi Jakfar as ഉത്തര
Mamadou Dioumé as ഭീമൻ
Corinne Jaber as അംബ  ശിഖണ്ഡി
Joseph Kurian as ധ്രിഷ്ട്ടദ്യൂൻമൻ
Leela Mayor as സത്യവതി

അന്നത്തെ യൂറൊപ്പ്  മലയാളികളായിരുന്ന  വിശ്വയണ്ണനും ,സ്റ്റാലി വിശ്വനാഥനും , ജോസഫ് കുര്യനും  വരെ  ഈ സായിപ്പിന്റെ  നാടക-സീരിയൽ-സിനിമാ നടന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നൂ...
നമ്മൾ മ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ  എന്ത് കാര്യമാണ് ഉള്ളത് അല്ലേ ...!

തീർച്ചയായും ഒരു വേറിട്ട കാഴ്ച്ചകളുമായുള്ള തികച്ചും
വിഭിന്നമായ രീതിയിൽ കൂടി മഹാഭാരത പുരാണത്തിലൂടെയുള്ള
ഒരു സിനിമാ സഞ്ചാരം നടത്തി ഓരൊ പ്രേഷകരേയും അനുഭൂതിയിൽ ആറാടിച്ച നല്ലൊരു  അഭ്രകാവ്യം തന്നെയായിരുന്നു എന്നിതിനെ വിശേഷിപ്പിക്കാം ...!

കാൽ നൂറ്റാണ്ട് മുമ്പ് റിലീസായ ഈ ‘ദി മഹാഭാരത’യെന്ന കലാ മൂല്യമുള്ള
ഈ സിനിമയെ 2014 ജനുവരിയിൽ കുറെ സിനിമാ നാടക പ്രേമികളൊക്കെ പൊടി തട്ടിയെടുത്ത് വീണ്ടും യൂ-ട്യൂബിൽ കൂടി , ഭാഗങ്ങളായി പ്രദർശിപ്പിച്ച്  തുടങ്ങിയപ്പോൾ ...
ഈ  ക്ലാസിക്കായിരുന്ന സിനിമ ,  ഇവിടത്തെ ‘സോഷ്യൽ മീഡിയ‘കളിൽ കൂടി പ്രചരിച്ച്  വീണ്ടും ഒരു ചർച്ചക്ക് വിഷയമായപ്പോഴാണ്  ...
ഞാനും ഇതെല്ലാം  കണ്ടിഷ്ട്ടപ്പെട്ട് നിങ്ങളോടിത് , ഇപ്പോൾ പങ്കുവെക്കുന്നത്.

വളരെ മഹത്തരമായിരുന്ന ; അന്നത്തെ ഈ   ‘ പീറ്റർ ബ്രൂക്കിന്റെ ദി മഹാഭാരത ‘ - യൂ-ട്യൂബിൽ കൂടി സമയം അനുവദിക്കുകയാണെങ്കിൽ  ഒന്ന് കണ്ട് വിലയിരുത്താം...

https://www.youtube.com/watch?v=EENh1hxkD6E&feature=youtu.be

Thursday 30 January 2014

കളിയല്ല .. കല്ല്യാണം ... ! / Kaliyalla .. Kallyaanam ... !

ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന് ...
ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു , ഇഷ്ട്ടന്റെ മോളെ , 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത് ...

ടൌണിലെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ വെച്ച്
നാലയ്യായിരം പേർക്ക്  സദ്യയും , കല്ല്യാണ തലേന്ന് നാട്ടുകാർക്കും ,
അനുയായികൾക്കുമൊക്കെ  നോണും - ഹോട്ടുമടക്കമുള്ള ഉഗ്രൻ ഗാർഡൻ
പാർട്ടിയും , കോറസ് ഗാന മേളയുമെല്ലാം ‘ഇവന്റ് മാനേജ് മെന്റ് ടീമുകളെ , മൊത്തം
ഏല്പിച്ചതിനാൽ എല്ലാ അതിഥികളും , ജസ്റ്റ് വന്ന് വീഡിയോയിൽ വന്ന് തല കാണിച്ച് ,
കള്ളടിച്ച് ഫുഡടിച്ചു പോകുന്ന കിണ്ണങ്കാച്ചി ചടങ്ങുകളായിരുന്നു ആ കല്ല്യാണ ഉത്സവത്തിന് അരങ്ങേറിയതെന്നാണ് പങ്കെടുത്തവർ പറഞ്ഞു കേട്ടത് ...!

രമണേട്ടന്റെ മൂത്ത മകൻ കോഴ കൊടുത്തിട്ടാണെങ്കിലും , എഞ്ചിനീയറിങ്ങ്
ഡിഗ്രി - ഈറോട് , പോയി എടുത്തുവന്ന ശേഷം , ആ പയ്യന് ;  ഞാനാണ് ലണ്ടനിൽ
വന്ന്  'എം.ബി.എ 'എടുക്കുന്നതിന് വേണ്ടിയുള്ള എടവാടുകൾ ചെയ്ത് കൊടുത്തത് ,
സംഗതി ആയതിന് വേണ്ടിയുള്ള പത്ത് പതിനഞ്ച് ലക്ഷം രൂപ  -  ആ പിതാവ് പുത്രന് വേണ്ടി , ‘പൊളിറ്റിക്ക്സിൽ ആഹോരാത്രം പണി‘യെടുത്ത് കൊണ്ട് തന്നെ ആരെയൊക്കെയോ പിഴിഞ്ഞാണെങ്കിലും  മുടക്കിയിരുന്നൂ..

പിന്നീട് ആ കടിഞ്ഞൂൽ പുത്രന് എന്റെ മോളെ കല്ല്യാണമാലോചിച്ചെങ്കിലും ,ഞാനന്നതിന് തയ്യാറാകാത്തതിൽ രമണേട്ടന് എന്നോടന്ന് ഒരു നീരസമുണ്ടായെങ്കിലും , കഴിഞ്ഞ കൊല്ലം ; ഒരു ഗൾഫുകാരൻ വന്ന് ഒരു കോടി രൂപ കൊടുത്ത് , ചുള്ളനായ ആ പയ്യനെ , അദ്ദേഹത്തിന്റെ  മോൾക്ക് വേണ്ടി കച്ചോടം ചെയ്ത് അറബി നാട്ടിലേക്ക് പാർസലായി കൊണ്ട് പോയപ്പോൾ രമണേട്ടന്  തന്നെയാണ് ലാഭം ഉണ്ടായത്...

മോനും,  മരുമോളും  നാട്ടിൽ നിന്നും ഗൾഫിലേക്ക് സ്കൂട്ടായപ്പോൾ , പണ്ട് വെറും ഒരു റാലി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന  രമണേട്ടൻ , അപ്പോഴുള്ള തന്റെ  ‘എ.സി. അംബാസഡർ ‘കാറുപേഷിച്ച് , മോന് സ്ത്രീധനം കിട്ടിയ ‘വോക്സ് വാഗണി‘ലായി മൂപ്പരുടെ ഇപ്പോഴുള്ള ജന-സമ്പർക്ക- സേവന പരിപാടികളൊക്കെ ..!
എന്റെ കോളേജ് കാല ഘട്ടങ്ങളിൽ ; ജാതിയും , സ്ത്രീധനവുമൊന്ന്
നോക്കാതെ നടന്ന ഈ രമണേട്ടന്റെ ,അന്ന് വളരെ ലഘുവായി നടന്ന
കല്ല്യാണത്തെ കുറിച്ച് ; ഞാൻ ഇപ്പോൾ ചുമ്മാ ഒന്ന് ഓർത്ത് പോകുകയാണ് ...

ഞങ്ങൾ നാട്ടുകാരൊക്കെ കൂടി പന്തലിട്ട് , മേശ  , കസേര , കോളാമ്പി മൈക്ക് സെറ്റ്,
ഇല മുറിയ്ക്കൽ , കറിയ്ക്കരിയൽ തൊട്ട്  സദ്യ വിളമ്പി കൊടുക്കൽ വരെ കഴിഞ്ഞ് പന്തല് പൊളിച്ച് എല്ലാം പൂർത്തീകരിച്ചുള്ളതായിരുന്നു  അന്നത്തെ ആ  കല്ല്യാണ ഘോഷങ്ങൾ...

രമണേട്ടന്റെ കല്ല്യാണം മാത്രമല്ല , നാട്ടിലെ എത് ജാതി
മതസ്ഥരുടേയും  കല്ല്യാണത്തിനും ,  സദ്യ വട്ടങ്ങൾക്കുമൊക്കെ
ഞങ്ങൾ മാത്രമല്ല ; നാട്ടിലേവരും  വളരെ ആത്മാർത്ഥമായി തന്നെ
പങ്കെടുത്ത് അന്നൊക്കെസഹകരിച്ചിരുന്നൂ...
ഇത് പോലെയൊക്കെതന്നെയായിരുന്നു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ജാതിയും , സ്ത്രീധനവുമൊന്നും നോക്കാതെയുള്ള എന്റെ കെട്ട് കല്ല്യാണവും  അന്ന് നടന്നത്  ...
അന്ന് തൊട്ടിന്നുവരെ ... ഒരു സിൽവർ ജൂബിലി വരെ എന്റെ കൂടെ നീറി നീറി നിന്ന് ,
എന്നെ ഇന്നും സഹിച്ച് കൊണ്ടിരിക്കുന്ന  എന്റെ പെർമനന്റ് ഗെഡിച്ചിയായ സ്വന്തം
കെട്ട്യോളെ  സമ്മതിക്കണം അല്ലേ ...!

ഹും..
അതൊക്കെ അന്ത: കാലം.. !

പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല്ലുമ്പോഴൊക്കെ  എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
നാട്ടിൽ ജോലിയും , കൂലിയുമൊന്നുമില്ലാതെ തേരാപാര നടന്നവരൊക്കെ കാശുകൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ടാണത്...!

റിയൽ എസ്റ്റേറ്റ് - മണൽ - ഗുണ്ടായിസം - പെൺ വാണിഭം - വാഹനം -
പലിശ - രാഷ്ട്രീയം - കള്ള് /ബാർ - ഫ്ലാറ്റ് - ഷെയറ് എന്നിങ്ങനെ  വിവിധതരം
അൽകുൽത്ത്  എടവാടുകളിൽ  ഏർപ്പെട്ട ഇമ്മിണിയിമ്മിണി ആളോളാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...

മഞ്ഞും , മഴയും , വെയിലുമൊന്നും വക വെക്കാതെ രാപ്പകൽ ഭേദമന്ന്യേ
അന്യ നാടുകളിൽ പോയി പല പല പ്രതികൂല കാലവസ്ഥകളിലും എല്ലുമുറിയെ
പണിയെടുത്ത് പ്രവാസത്തിന്റെ പ്രയാസങ്ങളെല്ലാം  ചുമലിലേറ്റി വരുന്ന പ്രവാസികളുടെ സമ്പ്യാദ്യങ്ങളെയൊക്കെ സ്വന്തം കീശയിലേക്കാവഹിക്കുന്ന , നാട്ടിലെ പുതു പുത്തൻ കോടീശ്വരന്മാരാണ് കേട്ടോ ഇവരൊക്കെ.

പണ്ടത്തെ ഞങ്ങളുടെയൊക്കെ കൌമാര-യൌവ്വന
കാലങ്ങളുടെ  പോലെയൊന്നുമല്ല ഇപ്പോഴത്തെ പുത്തൻ തലമുറ...

അന്ന് എഴുപത് , എൺപത് കാല ഘട്ടങ്ങളിലൊക്കെ ജാതി മത ചിന്തകളില്ലാതെ നാട്ടിലെ ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന യൂത്ത് മൂവ്മെന്റിന്റെ ഉത്സാഹമോ , കാഴ്ച്ചപ്പാടോ ഇന്നത്തെ പുതു തലമുറക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നൂ ... !


എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോഫാ-ഗ്ലൂ ടൈപ് പിള്ളേർ ...

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന്  സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ
ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...

ഞാനൊക്കെ നുണക്കുഴി നുള്ളി കളിച്ചിരുന്ന എന്റെ കളിക്കൂട്ടുകാരിയായ
പട്ട് തട്ടമിട്ടിരുന്ന സൈനബയെ , ഇന്നൊക്കെ മുഖപുസ്തകത്തിലൊക്കെ
കാണുമ്പോൾ പോലും അവളുടെ നുണക്കുഴിയും , കഴുത്തിലുള്ള മറുകും  ഇന്ന്
പർദ്ദക്കുള്ളിൽ ഒളിച്ച് കഴിഞ്ഞിരിക്കുകയാണ് ... ?

വാസ്തു  , ജോത്സ്യം , പൂജാ വിധി കളൊന്നുമില്ലാതെ യാതൊരു കർമ്മങ്ങളും  ഇന്നൊന്നും നാട്ടിൽ അരങ്ങേറുന്നില്ലെന്ന് തോന്നുന്നു...

ഇരുപത്തിനാലാം  വയസ്സിൽ 25 കൊല്ലം മുമ്പ് ജാതകം പോലും ഒത്ത് നോക്കാതെ
കല്ല്യാണിച്ച എനിക്കിപ്പോൾ  ...
എന്റെ മകളെ മാതാപിതാക്കളെ
പോലെ നേർത്തേ തന്നെ , ഇക്കൊല്ലം
ആഗസ്റ്റിൽ നാട്ടിൽ വരുമ്പോൾ..  നല്ല ഒരു പയ്യനെ ;  അവൾക്ക്  വേണ്ടി കണ്ട് പിടിക്കണമെങ്കിൽ ജാതകം നിർബ്ബന്ധമായി ആവശ്യപ്പെടുന്ന അവസ്ഥാ വിശേഷമാണിന്ന് ഒട്ടു മിക്ക പയ്യന്മാരുടേയും മാതാപിതാക്കൾക്കിന്ന് ...!

ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊക്കെ
ജാതകത്തിനുള്ളിൽ  ഗ്രഹങ്ങളായി അധിനിവേശം നടത്തി , ഓരൊ
നക്ഷത്രങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല ... , അംശം ,
ശുദ്ധം , ദോഷമിങ്ങനെ അനേകം ഗജപോക്കിരികൾ പലതരം  കുണ്ടാമണ്ടികളായി പൊരുത്തക്കേടുകളുണ്ടാക്കി കല്ല്യാണ വിഘ്നങ്ങളുമായി നിര നിരയായി നിൽക്കുന്ന കാഴ്ച്ച കൾക്കൊന്നും ഇപ്പോൾ ഒരു ക്ഷാമവുമില്ല താനും ...

ഇതൊക്കെ എന്ത് കുന്തമായാലും ഒരാളുടെ
ജീവിതത്തിൽ  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ... അല്ലേ.

ഇരുപത്തിരണ്ട് കൊല്ലത്തോളമായി കൊഞ്ചിച്ച് താലോലിച്ച് വളർത്തി
വലുതാക്കിയ ഞങ്ങളുടെ കൊച്ചു കുടുംബത്തിലെ  ഒരംഗം മറ്റൊരു കുടുംബിനിയായി
ഞങ്ങളെ വിട്ട് പിരിയുമ്പോളുള്ള വിരഹ ദു:ഖം ഞങ്ങൾക്കിപ്പോൾ , അവളുടെ വിവാഹ ആലോചനകൾക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ അനുഭവപ്പെട്ട് തുടങ്ങി...

ഇനി വിവാഹ ശേഷം അവളവളുടെ സാമ്രാജത്തിലേക്ക് ഇറങ്ങി പോകുമ്പോൾ
ഉണ്ടാകുന്ന വിഷമം ഇനി എങ്ങിനെയാണാവോ പരിഹരിക്കപ്പെടുക അല്ലേ...!

പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും സഞ്ചരിച്ചിട്ടുള്ള
പാന്ഥാവിലൂടെ ഇനി ഞങ്ങൾക്കും യാത്ര ചെയ്യേണ്ടി വന്നിരിക്കുകയാണ്.
ചിലപ്പോൾ അവളുടെ വിവാഹ ശേഷം , മകൾ മൂന്നാല് കൊല്ലം മുമ്പ്
യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ ഞാനെഴുതിയ വിരഹത്തിൻ താരാട്ടുകൾ
പോലെ പിന്നീട് ഒരു  ആലേഖനം എഴുതുമായിരിക്കും ..അല്ലേ

ഇനിയിപ്പോൾ എങ്ങാനും
ഞങ്ങളുടെ അവുധിക്കാലത്ത് ,
എന്റെ മോളുടെ കല്ല്യാണമുണ്ടായാൽ  ഞാനുമൊരു രമണേട്ടനായി തീരുമോ
എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം ...!


ഹൌ...
ഇതൊക്കെ ഇന്ത:കാലം ... !




പിന്നാമ്പുറം : - 

രമണേട്ടന്റെ മോളുടെ കല്ല്യാണ ഘോഷ വർണ്ണപകിട്ടുകൾ കേട്ടറിഞ്ഞപ്പോൾ ...
അദ്ദേഹത്തോട് ഞാൻ വിളിച്ചു ചോദിച്ചു ...

“ സഖാവേ  ഞാനീ കല്ല്യാണ വിശേഷങ്ങൾ എന്റെ  ബ്ലോഗിലെഴുതിയിടട്ടേന്ന് “

അപ്പൊ തന്നെ മറുപടി കിട്ടി ... 

“ നീയ്യതങ്ങ്ഡ് ..പൂശിക്കോടാ മുർള്യേ - - - പബ്ലിസിറ്റി കിട്ട്ണ കാര്യല്ലേത് “

ഇമ്പടെ രമണേട്ടന്റെ തൊലിക്കട്ടിയെ കുറിച്ച് നന്നായറിയാവുന്നത്
കൊണ്ട് തന്നെയാണ് ഞാനിത് ഇത്ര ധൈര്യസമേധം ഇവിടെ പൂശിയിട്ടത് ...!

പിന്നെ
എന്റെ നാട്ടയലത്ത് മാത്രമല്ലല്ലോ ഇത്തരം രമണേട്ടന്മാർ അല്ലേ ...
നിങ്ങളുടെയൊക്കെ ചുറ്റുവട്ടത്തും റപ്പായച്ചായനായും , റഹീമിക്കയുമായും
ഒത്തിരിയൊത്തിരി രമണേട്ടന്മാർ വാഴുന്ന നാടല്ലേ ഇമ്മ്ടേത്  ... !

Tuesday 31 December 2013

വെറും കഥയല്ലിത് --- ഒരു ബിലാത്തി കഥയിത് മമ ... ! / Verum Kathhayallithu --- Oru Bilatthi Kathhayithu Mama ... !

ഇപ്പോൾ ഇറങ്ങിയ  ഹോളിവുഡ് മൂവികളെയെല്ലാം നിലം പരിശാക്കി ... യു.കെ മുഴുവൻ കളക്ഷൻ വാരിക്കൂട്ടിയ , ഇവിടത്തെ മാധ്യമങ്ങൾ മുഴുവൻ വാനോളം വാഴ്ത്തിയ ഇന്ത്യൻ സിനിമാലോകത്തെ , യാശ് ചോപ്രയുടെ‘DHOOM -3‘കണ്ട ശേഷം , രാവുകൾ പകലായി തോന്നിക്കുന്ന  ,അലങ്കാര ദീപങ്ങളാൽ മനോഹാരിതകൾ തിങ്ങി നിറഞ്ഞ , വല്ലാത്ത കുളിരുള്ള ലണ്ടൻ തെരുവുകളിലൂടെ ഉലാത്തി ഞാനും , അജിമോനും   ഇന്നലെ രാത്രി  , വീട്ടിലെത്തിയപ്പോൾ പാതിരാവിലെ ഹിമ കണങ്ങൾ പെയ്തിറങ്ങി കൊണ്ടിരിക്കുകയായിരുന്നൂ...

പക്ഷേ , ഇന്ന് മഞ്ഞുകണങ്ങൾ പെയ്തിറങ്ങുന്നതിന് പകരം
നാട്ടിലുള്ള പോലെ കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ള വെതറായിരുന്നു..!

‘- Don't believe W -factors in Brittan - ‘
എന്ന ഒരു പഴഞ്ചൊല്ലുണ്ട് ഈ ഗ്രേറ്റ് ബ്രിട്ടനിൽ ..
 weather, wife,  whiskey , wine , women ,work ,.. ,..ഇത്തരം ആശ തരുന്ന
ഒന്നിനേയും കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത് എന്നാണിവർ പറയുന്നത് ...!

അതുപോലെ - ഓന്തിനെ പോലെ അപ്പപ്പോൾ  നിറം മാറി കൊണ്ടിരിക്കുന്ന , ഈ ബിലാത്തി കാലാവസ്ഥയിൽ - ഇക്കൊല്ലത്തെ  ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വെള്ളത്തിലായെങ്കിലും,
ഞാനും അജിമോനും കൂടി കൊല്ലാവസാനം അടിച്ച് പൊളിക്കുവാൻ വേണ്ടി , ഇന്ന് സായംസന്ധ്യ  മുതൽ , നമ്മുടെ നാട്ടിലെ ഉത്സവാഘോഷങ്ങൾക്കൊക്കെ കാണുന്ന പോലെ  ; നിയോൺ ബൾബുകളിട്ട് വർണ്ണ പ്രപഞ്ചം തീർത്ത ലണ്ടൻ നഗര വീഥികളിലൂടെ ഇവിടെ ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന പുതുവർഷത്തെ വരവേൽ‌ക്കുന്ന ആരവത്തിന്റെ തിമർപ്പുകൾ കണ്ട് റോന്ത് ചുറ്റി കൊണ്ടിരിക്കുകയായിരുന്നൂ...

ഇനി മിഡ് നൈറ്റിൽ ‘തെയിമ്സി‘ ന്റെ കരയിൽ സെൻട്രൽ ലണ്ടനിൽ അരങ്ങേറുന്ന ലോക പ്രസിദ്ധമായ ‘ദി ന്യൂ-യിയർ സെലിബെറേഷൻസ് ഓഫ് 2014  -നോടനുബന്ധിച്ച് നടക്കുന്ന നയന മനോഹരമായ , വർണ്ണ വിസ്മയം തീർക്കുന്ന ‘ഫയർ വർക്ക്സ്‘ അവസാനിച്ച് , നാളെ പുലർകാലം വരെ പൊതുജനത്തിന് ; ഫ്രീ ആയി സഞ്ചരിക്കാവുന്ന , അണ്ടർ ഗ്രൌണ്ടിലൂടെ മാത്രമേ പുതുവർഷപ്പുലരിയിൽ ഞങ്ങളിനി  വീട്ടിലെത്തിച്ചേരുകയുള്ളൂ... !

‘പോട്ടോ’ മാനിയ പിടിപ്പെട്ട അനേകായിരം യു.കെ.നിവാസികളിൽ
ഒരുവനായ എന്റെ മിത്രമായ അജിമോനേയും കുടുംബത്തേയും ഈ വല്ലാത്ത
ഭക്തിരോഗത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി , ഡോ: അരുൺ കിഷോറുമായി
കൺസൽട്ട് ചെയ്തതിന് ശേഷം , പുതുവർഷം ആഘോഷിക്കുവാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ  ഹൈറോഡിൽ , ചെരിപ്പിന്റെ
മൊത്ത കച്ചവടം നടത്തുന്ന സിബി ജോണാണ് എനിക്ക് , ജില്ലയുടെ മലമ്പ്രദേശത്ത് ചെരിപ്പടക്കം
ഒരു കോസ്മറ്റിക് ഷോപ്പ് നടത്തുന്ന അജിമോനെ , അന്ന് ; ഫോണിൽ കൂടി പരിചയപ്പെടുത്തി തന്നത്.

അജിമോന്റെ ഭാര്യയായ  ; യെമനിലെ സനയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന ജിൻസിക്ക് ഒരു ‘യു.കെ സീനിയർ കെയറർ വർക്ക് പെർമിറ്റ്‘ കിട്ടിയപ്പോൾ , ഇവിടെ എത്തിചേർന്നാലുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ച് ആരായാനായിരുന്നു അന്നത്തെ ആ പരിചയപ്പെടൽ...

അതിന് ശേഷം ജിൻസി ഇവിടെ വന്ന ശേഷം , ഞാൻ മുഖാന്തിരം  അവൾ
വർക്ക് ചെയ്തിരുന്ന നേഴ്സിങ്ങ് ഹോമിനടുത്ത് , കച്ചവട പ്രമുഖനായ ഒരു മല്ലു
ചേട്ടായിയുടെ കുടുംബത്തോടൊപ്പം താമസവും റെഡിയാക്കി. മൂപ്പരുടെ ഭാര്യ അവിടടുത്തുള്ള സ്കൂളിൽ ടീച്ചറുമായിരുന്നു. ജിൻസി ജോലിയും , ട്രെയിനിങ്ങും, ആ വീട്ടിലെ കുട്ടികൾക്ക് കുറച്ച് മലയാളം ട്യൂഷ്യനുമൊക്കെയായി  കുഴപ്പം കൂടാതെ കഴിഞ്ഞിരുന്നു...

വല്ലപ്പോഴും അജിമോനും , ജിൻസിയും വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവന് ഡിപ്പന്റഡ് വിസ കിട്ടിയിട്ടും നാട്ടിലെ കച്ചവടമൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് മൂന്ന് കൊല്ലത്തിന് ശേഷമേ അജിമോൻ യു.കെയിൽ എത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു..

ഇതിനിടയിൽ ഒരുമിച്ചുള്ള പള്ളിയിൽ പോക്കും  , അടുക്കള ജോലികൾക്ക് സഹായമൊക്കെയായി  ജിൻസി ആ വാടക വീട്ടിലെ  ഒരു ഫേമിലി മെമ്പർ ആയി കഴിഞ്ഞിരുന്നു.  നാളുകൾക്കുള്ളിൽ , ആ  മല്ലു ചേട്ടായി ജിൻസിക്ക് ലണ്ടനടുത്തുള്ള ഒരു എൻ,എച്ച്.എസ് ആശുപത്രിയിൽ പുതിയൊരു വർക്ക് പെർമിറ്റടക്കം .നേഴ്സിങ്ങ് ജോലിയും കരസ്ഥമാക്കി കൊടുത്തു.

പിന്നീട് പെട്ടൊന്നൊരു ദിവസം അജിമോൻ എന്നോട് വിളിച്ചു പറഞ്ഞു
ആളുടെ കടയൊക്കെ വല്ല്യപ്പന്റെ മോനെ ഏല്പിച്ച് യു.കെ.യിലേക്ക് വരികയാണെന്ന്..!

ഇവിടെ വന്നപ്പോൾ നാട്ടിലെ ബിസിനസ്സ് ഉപേഷിച്ചതിനാലായിരിക്കും എപ്പോഴു വിഷാദ ചിത്തന്നായ  അജിമോനും , ജിൻസിയും അവളുടെ പുതിയ ജോലി സ്ഥലത്തിനടുത്ത്  ഒരു വീടെടുത്ത് താമസവും തുടങ്ങി.
അതിന് ശേഷം റോയൽ മെയിലിൽ പാർട്ട് ടൈം ആയി ഒരു  ജോലി അജിമോന് കിട്ടിയത് - ശേഷമത്  പെർമനനന്റ് പോസ്റ്റായി മാറി ,അവരുടെ രണ്ട് പേരുടെ ജോലികളാൽ ജീവിതം നന്നായി പച്ച പിടിച്ചതിനാലോ , മറ്റോ  ... പണ്ടത്തെ പോലെയൊന്നും  വലിയ സൊറ പറച്ചിലൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.

ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!

ശേഷം ജിൻസിക്ക് ഒരു മോളുണ്ടായിട്ട് പോലും അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് അവനത് എന്നോട് പറഞ്ഞതെങ്കിലും , ആയിടെ ഞാനും കുടുംബവും കൂടി അവരുടെ വീട്ടിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ട് പോന്നിരുന്നൂ...

അജിമോനെ സ്ഥിരമായി അങ്ങിനെ അധികമിപ്പോൾ , കാണാറില്ലെങ്കിലും
നാലഞ്ചുകൊല്ലമായി അവരോടൊപ്പം വാടകക്കാരായി താമസിച്ച് കൊണ്ടിരിക്കുന്ന , കല്ല്യാണമൊന്നും കഴിച്ചില്ലെങ്കിലും ഒരുമിച്ച് കഴിയുന്ന,  രണ്ട് മതസ്ഥരായ , തനി സിനിമാ ഭ്രാന്തരായ ദമ്പതികളെ പലപ്പോഴായി ലണ്ടനിൽ വെച്ച് ,  കാണൂമ്പോൾ ...
അവരുടെ വിശേഷങ്ങളൊക്കെ ഞാൻ ആരായാറുണ്ട്.

നേരിട്ടും , സി.ഡിയും , ഓൺ-ലൈനുമായി സ്റ്റുഡന്റ് വിസയിൽ വന്ന് ,ശേഷം വർക്ക്
പെർമിറ്റ് കിട്ടി , യൂറോപ്പ് മുഴുവൻ മധു-വിധു കൊണ്ടാടി ; ഉലാത്തി നടക്കുന്ന ,ബിലാത്തിയിലെ ഈ ന്യൂ-ജനറേഷൻ കമിതാക്കൾ ഇക്കൊല്ലമിറങ്ങിയ 130 ഓളം മലയാളം സിനിമകളും കണ്ടൂത്രെ ...!
ഇവർ പറഞ്ഞാണ് ഞാൻ അജിമോൻ കുടുംബത്തിന്റെ പുത്തൻ ഭക്തി വിലാസം പരിപാടികൾ മനസ്സിലാക്കിയത് .
പത്ത് വയസ്സുള്ള മൂത്ത മോളും, അഞ്ചുവയസ്സുകാരൻ മോനുമായി
 യു.കെയിൽ ഇപ്പോൾ  നടമാടികൊണ്ടിരിക്കുന്ന എല്ലാ  ധ്യാന -മഹോത്സവങ്ങളിലും പങ്കെടുത്ത് തനി കുഞ്ഞാടുകളായി മാറിയ അവസ്ഥാ വിശേഷം...!

എല്ലാ മത വിഭാഗങ്ങളുടേയും ഒരു വിഭാഗം ആളുകൾ ദൈവ ഭയത്തെ , ഭക്തരുടെ മുമ്പിൽ ആത്മീയതയുടെ ,അഭ്യാസവും ആഭാസവും വിപണനം ചെയ്ത് കാശുണ്ടാക്കുന്ന ഇത്തരം എടവാടുകൾ ഇന്നും ഇന്നലേയുമൊന്നും തുടങ്ങി വെച്ച ഒരു പ്രവണതയൊന്നുമല്ലല്ലോ ..അല്ലേ.

ലൈഫിൽ ഏതെങ്കിലും തരത്തിൽ ആളുകൾ നേട്ടങ്ങൾ നേടിയാൽ ...
ആയതിനൊന്നും  ഇനിമേൽ യാതൊരു കോട്ടവും വരാതിരിക്കുവാൻ വേണ്ടി
ഭക്തിയുടെ പേരിൽ നടത്തുന്ന  മുതലെടുപ്പ് വേലകൾ തന്നെയാണ് ഈ സംഗതികൾ..!

ധ്യാനം എന്നതിന്റെ മഹത്വമെന്തന്നറിയാതെ ...
അത്ഭുത രോഗ ശാന്തി ശുശ്രൂഷയും , ദൈവത്തേക്കാൾ
വലിയ പകിട്ടുള്ള പുരോഹിതരുടെ വചനഘോഷങ്ങളുമൊക്കെയുള്ള
കോപ്രായങ്ങളിൽ അടിമ പെട്ട് നൈരാശ്യത്തിൽ നിന്ന് , ഒരു വിഷാദ ലോകത്തേക്ക്
മൂക്ക്കുത്തി വീണ അജിമോൻ , പിന്നീട് തനി ഒരു മനോരോഗിയായി തീരുകയായിരുന്നൂ ...! 

ഒരു ദശാബ്ദത്തോളമായി എത്ര കുമ്പസാരം നടത്തിയിട്ടും ,
ധ്യാനം കൂടിയിട്ടും മാനസിക പിരിമുറുക്കത്തിൽ അയവുവരാത്ത
കാരണമാകാം  ഒരു മാസം മുമ്പ് വല്ലാത്ത ഒരവസ്ഥയിൽ അജിമോൻ
എന്റടുത്ത് വന്ന് ഒരു മന:ശാസ്ത്ര ഡോക് ട്ടറുടെ സഹായം ആവശ്യപെട്ട്
സ്വന്തം കഥകളുടെ കെട്ടഴിച്ചിട്ടത്..!

ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം  പോയില്ലേ ...!


ഡോ: അരുൺ കിഷോറിന്റടുത്ത് രണ്ട് സെക്ഷനും അല്പസ്വല്പ
മെഡിക്കേഷനും കൂടിയായപ്പോൾ അജിമോൻ ഉഷാറായി തുടങ്ങി ...

അച്ചന്മാരുടെ മെഡിറ്റേഷൻ കൊണ്ടും വചനം കൊണ്ടും പറ്റാത്ത രോഗശാന്തി
ഡോ: അരുൺ കിഷോറിന്റെ മെഡിക്കേഷൻ കൊണ്ടും , ഉപദേശം കൊണ്ടും പറ്റി ...!

ഇന്നലെ എന്റെ കൂടെ കൊല്ലങ്ങൾക്ക് ശേഷം അജിമോൻ  സിനിമക്ക് വന്നൂ..

ഇന്നിതാ ഞങ്ങൾ ലണ്ടൻ പുത്തനാണ്ട് പുകിലുകൾ കാണാൻ ഉല്ലസിച്ച്  പോകുന്നൂ..!



ഇനി ദേ ... 

ഇക്കഥ മുഴുവനാകണമെങ്കിൽ
ഫ്ലാഷ് ബാക്കായിട്ട്  
ഈ പിൻ കുറിപ്പ് കൂടി  , 
കൂട്ടി വായിച്ചു കൊള്ളണം  കേട്ടൊ .

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പ്  , ലണ്ടനിൽ സീനിയർ കെയററായി  വന്നു ചേർന്ന ഒരുത്തിയെ , അവൾ താമസിച്ചിരുന്ന വീട്ടിലെ വി .ഐ .പിയും മാന്യനുമായ ഗൃഹനാഥൻ എങ്ങിനേയൊ വശത്താക്കി  ; ലൈംഗിക ചൂഷണത്തിന്  വിധേയമാക്കി കൊണ്ടിരുന്നു ...!

അവൾ പിന്നീട് ഗർഭിണിയായപ്പോൾ , ആ കുടുംബം അവളെ അബോർഷന്  വിധേയമാക്കാൻ ശ്രമിച്ചെങ്കിലും , ആ പാപ കർമ്മത്തിന് വിധേയ യാവാതെ ,  നാട്ടിൽ നിന്നും എത്തിയ അവളുടെ ഭർത്താവിനോടെല്ലാം ,  ഏറ്റ് പറഞ്ഞ് ...
പിന്നീടവൾ ഒരു പെൺകുഞ്ഞിന് ജന്മം നലികി ...! 

എല്ലാ പ്രൊട്ടെക്റ്റീവ് ഉപാധികൾ അറിയാവുന്നവളായിട്ടും ,  ഗർഭം കലക്കി കളയാൻ 
ഇത്രയധികം സൌകര്യമുണ്ടായിട്ടും , വിധേയത്വത്താലോ ,നിർബ്ബന്ധത്താലോ , ആ മാന്യന് വഴങ്ങി  കൊടുക്കേണ്ടി വന്ന സ്വന്തം ഭാര്യയെ ,ആ ഭർത്താവ് വിശ്വസിച്ചു ... 
കർത്താവ് തന്നത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ...! 

അവളുടെ കെട്ടിയവൻ  ആ കടിഞ്ഞൂൽ പുത്രിയെ ,  പിന്നീടുണ്ടായ 
സ്വന്തം  മകനേക്കാൾ  വാത്സല്ല്യത്തോടെ  സ്നേഹിച്ചു വളർത്തി .

ഇതിനിടയിൽ അവന്റെ കെട്ടിയവളെ   പീഡിപ്പിച്ചവന്റെ  കുടുംബബന്ധം 
തകർച്ചയുടെ വക്കിലെത്തി . കുറെ നാളികൾക്ക് ശേഷം , രണ്ട് കൊല്ലം മുമ്പ്  ; 
കരൾ രോഗം വന്ന് , അന്നത്തെ ആ മാന്യ ദേഹം  ഇഹലോകവാസം വെടിഞ്ഞു...

ഇന്ന് പല ഉന്നതികളിൽ കൂടി  സഞ്ചാരം നടത്തുകയാണെങ്കിലും , 
അന്ന് പീഡിതരായി ആ രണ്ടു കുടുംബങ്ങളും  നന്നായി തന്നെ ജീവിച്ചു പോരുന്നു ...!



അപ്പോൾ ,ഈ വേളയിൽ എല്ലാവർക്കും
എന്റേയും , അജിമോന്റെ കുടുംബത്തിന്റേയും  ,
അവരുടെ വീട്ടിലെ , ആ ന്യൂ-ജനറേഷൻ ദമ്പതികളുടേയും
ഒക്കെ വക ...,  അസ്സലൊരു പുതു പുത്തനാണ്ട് വാഴ്ത്തുക്കൾ ...!






കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...