Monday 30 September 2013

ലണ്ടനോണങ്ങൾ --- പൊടിപൂരം ... ! / Londanonangal --- Poti Pooram ... !

ഈ ബിലാത്തിയിൽ  അങ്ങിനെ  ഒരു ഓണക്കാലം കൂടി കൊട്ടിക്കലാശം  കഴിഞ്ഞ് വിട പറഞ്ഞ് പോയിരിക്കുകയാണ് ...

ആളൊരുങ്ങി , അണിഞ്ഞൊരുങ്ങി 
ഏതാണ്ട് ഒന്ന്  രണ്ട്  മാസം മുമ്പേ തന്നെ , യു.കെ  മലയാളികളെല്ലാം ഇക്കൊല്ലത്തെ ഓണത്തെ വരവേൽക്കുവാൻ തയ്യാറായി ഇരിക്കുകയായിരുന്നൂ ...

വിവിധ തരം ആപ്പിളുകളും  ,
ചെറിപ്പഴങ്ങളും , പ്ലമ്സും , പെയേഴ്സും ,
മൾബറി പഴങ്ങളുമൊക്കെയായി ആടിയുലയുന്ന
ഫല- മരങ്ങളാലും , അതി മനോഹരമായ വർണ്ണ പുഷ്പ്പങ്ങളാൽ
എങ്ങും വിടർന്നു നിൽക്കുന്ന പൂങ്കാവനങ്ങളാലും മറ്റും ,  വസന്ത കാലത്തിന്റെ
വരവറിയിച്ച് കൊണ്ട് , ഇവിടത്തെ പ്രകൃതി  പോലും നമ്മുടെ പൊന്നോണത്തിനെ
സ്വാഗതം ചെയ്യുവാൻ ഒരുങ്ങി നില്ക്കുകയായിരുന്നു  ...!

ഇതാ എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഞങ്ങളുടെ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ (M A U K ) യുടെ ആഭിമുഖ്യത്തിൽ കൊണ്ടാടാറുള്ള ...
യൂറോപ്പിലുള്ള ഏറ്റവും ബൃഹത്തായ  ഓണാഘോഷ പരിപാടികൾക്ക്  കഴിഞ്ഞ വീക്കെന്റോടു കൂടി പരിസമാപ്തി കുറിച്ചുകഴിഞ്ഞിരിക്കുകയാണ് ...!

നാട്ടിൽ പൊന്നിൻ ചിങ്ങ മാസം പിറന്ന പോലെയായിരുന്നു
മലയാളി സമൂഹത്തിനൊക്കെ യു.കെയിൽ  ഈ സെപ്തംബർ മാസം ...!

ഇവിടെയുള്ള എല്ലാ മലയാളി സമാജങ്ങളും ഈ സെപ്തംബർ  മാസത്തിലുള്ള
എല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ വിപുലമായി കൊണ്ടാടിയിട്ട് , വീണ്ടും
അടുത്ത ഓണത്തെ വരവേൽക്കാൻ  ഉത്സാഹിതരായി കാത്തിരിക്കുകയാണിപ്പോൾ ...

 ഓണക്കാലമാകുന്ന ആഗസ്റ്റ് -സെപ്തംബർ മാസങ്ങളൊക്കെ ജയിൽ
പുള്ളികൾക്കൊക്കെ പരോളുകിട്ടുന്ന പോലെയാണെനിക്കൊക്കെ ഇവിടെ ...

ഓണ സദ്യയൊരുക്കാനും , മാവേലിയാവാനും , മറ്റ് കലാപ്രവർത്തന
റിഹേഴ്സലുകളു മൊക്കെയായി  , ഈ ദിനങ്ങളിലൊക്കെ വീട്ടിൽ നിന്നും
സർവ്വ സ്വാതന്ത്ര്യവും കിട്ടുന്ന ഒരു ഇടവേളയാണ് ... എന്നെ സംബന്ധിച്ചിടത്തോളം
ലണ്ടനിലെ ഈ ഓണാഘോഷങ്ങൾ..!

ഇപ്പോൾ നാട്ടിലുള്ള പോലെയൊന്നും
വെറും ഒരു ചടങ്ങായിട്ടുള്ള ഓണ പരിപാടികൾ പോലെയൊന്നുമല്ലല്ലോ , പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ അല്ലേ

ഇന്ന് ഓണാഘോഷങ്ങളുടെ
പകിട്ടും , അന്തസ്സും പഴയ പോലെ
കാത്ത് സൂക്ഷിക്കുന്നത് വിദേശ മലയാളികളാണെന്ന് നിശ്ചയമായും പറയാം...

അപ്പോൾ തനി മലയാളിത്വം സ്വന്തം തോളിലേറ്റി നടക്കുന്ന
ഒട്ടുമിക്ക ബിലാത്തി മലയാളികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.. അല്ലേ.
ഇത്തരം തനി ഒറിജിനാലിറ്റി മല്ലൂസ്സടക്കം , ബിലാത്തിയിലുള്ള ഏതാണ് മൂന്ന് 
ലക്ഷത്തിൽ മേലെയുള്ള പ്രവാസി മലയാളികളെല്ലാം , അവരുടെ സ്വന്തം  ഗൃഹാതുരത്വ സ്മരണകളെല്ലം അയവിറക്കി കൊണ്ടിരിക്കുന്നത്  , ഇത്തരം നാടിന്റെ തനതായ ആഘോഷങ്ങൾ , ആയതിനേക്കാളും വൈവിധ്യ മായി ഇവിടേയും കൊണ്ടാടുമ്പോഴാണ് കേട്ടൊ

വെറും ട്ടാ വട്ടത്തിൽ കിടക്കുന്ന ഈ യു.കെയിൽ  ഒന്നിനോടൊന്ന്  വർണ്ണ
പകിട്ടോടു കൂടി ആഘോഷിക്കപ്പെടുന്ന ഓണാഘോഷങ്ങളുടെ പകിട്ട് കണ്ടിട്ട്
പല സമാജങ്ങളുടേയും പരിപാടികളിൽ , ചുറ്റുവട്ടത്തുള്ള യൂറോപ്പ്യൻസും ഇപ്പോൾ
പങ്കെടുക്കാറുണ്ട് ...
പ്രത്യേകിച്ച് വിഭവ സമൃദ്ധമായ നമ്മുടെ സദ്യയിൽ നമ്മളെപ്പോലെ
ഇലയിട്ട് ഉണ്ണുവാൻ പോലും ഇവരൊക്കെ ഇപ്പോൾ പരിശീലിച്ച് കഴിഞ്ഞിരിക്കുകയാണ്.

എന്നും ഒരേ തരത്തിലുള്ള ജങ്ക് ഫുഡടിച്ച്ച്ച് , പാട്ടും, ഡിസ്കോയുമൊക്കെ മാത്രമുള്ള  കലാ പരിപാടികളൊക്കെ  കണ്ടും മറ്റും ശീലിച്ചവർക്ക് ഒരു ഇലയിൽ പത്തിരുപത് കൂട്ടം റെഡി മേയ്ഡ് ഐറ്റംസുള്ള , ഫ്രെഷാ‍യ നമ്മുടെ ഓണ സദ്യയും ...
തിരുവാതിര , ഒപ്പന , മാർഗം കളി  , കൈ കൊട്ടി കളി മുതലായ കുമ്മിയടിച്ചുള്ള ചുവട് വെച്ചുള്ള ആട്ടങ്ങളും , ഭരത നാട്യം , കുച്ചിപ്പുടി , മോഹിയാട്ടം , കഥകളി , തെയ്യം മുതലായ ക്ലാസിക് ഡാൻസുകളും ...
കുമ്മാട്ടി കളി ,  പുലി കളി , വടം വലി
എന്നീ കായിക ലീലകളുമൊക്കെ കണ്ടിട്ടും മറ്റും

അത്ഭുത പരവശരായിട്ട്  , പിന്നീട് സന്തോഷം
കൊണ്ട് നമ്മെ വന്ന് കെട്ടിപ്പിടിച്ചൊരുമ്മവെക്കലുണ്ട് ...!
അമ്മോ...എത്ര നല്ല ആചാരങ്ങൾ അല്ലേ...


ഓണത്തിനൊക്കെ ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പാരംഭിക്കുന്ന ...
വീക്കെന്റു കളിൽ കലാകാരന്മാരെല്ലാം ഒത്ത് കൂടി ആവിഷ്കരിക്കുന്ന റിഹേഴ്സൽ ക്യാമ്പുകൾ..
അവിടേക്ക് ആരെങ്കിലും , മാറി മാറി വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടുവരുന്ന കപ്പയും , കക്കയും , ചാളക്കറിയും , ബീഫ് ഫ്രൈയും, സലാടും , ബിരിയാണിയുമൊക്കെ ...

പിന്നെ മറ്റാരെങ്കിലും കൊണ്ടുവരുന്ന വൈനുകളും ,
മറ്റിഷ്ട്ട പാനിയങ്ങളു മൊക്കെയായി മല്ലടിച്ച് റിഹേഴ്സൽ
പരിപാടികളൊക്കെ കഴിയുമ്പോഴേക്കുമൊക്കെ , എന്നേപ്പോലെ
ഉള്ളവരൊക്കെ ഓഫ് മൂഡിലായിട്ടുണ്ടാകും..
പിന്നീടേതെങ്കിലും ഗെഡിയോ /ഗെഡിച്ചിയോ എന്നെ വീട്ടിൽ കൊണ്ട് വന്ന് തള്ളും..!

ഓണ സദ്യയൊരുക്കുന്നതിന്റെ തലേദിവസം മുതൽ ...
പണ്ട് നാട്ടിലൊക്കെ ഉണ്ടായിരുന്ന പോലെ ഏവരും ഊട്ടുപുരയിൽ
ഒത്തുകൂടിയിട്ട് ...
പച്ചക്കറി നുറുക്കി ,  നാക്കില തുടച്ച് , തേങ്ങ ചിരകി , മാറി
മാറി പാചകത്തിൽ ഏർപ്പെട്ട് , പിറ്റേന്ന് തനി കേരളീയമായ ഉടയാടകൾ
ഉടുത്ത് വന്ന്  ,  മൂന്നാല് പ്രഥമനടക്കമുള്ള കെങ്കേമമായ ഓണ സദ്യ , ക്ഷണിതാക്കൾക്ക് വിളമ്പി കൊടുക്കുമ്പോൾ ...
അപ്പുറത്തുള്ള വേദിയിൽ ഓണപ്പാട്ടുകളോ ,
സംഗീത കച്ചേരിയോ അരങ്ങേറുകയായിരിക്കും..!

ഈ ഒരു മാസത്തെ കാലയളവിനുള്ളിൽ എല്ലാ ശനി- ഞായർ ദിനങ്ങളിലും കൂടി യൂ.കെയിൽ ഏതാണ്ട് 200 - ളം ഓണഘോഷ പരിപാടികൾ നടന്നിട്ടുണ്ടാകണം....
 ഈ സമയത്ത് നാട്ടിൽ നിന്നും ചാകര കിട്ടിയ പോലെ , ബിലാത്തിയിലേക്ക് വരുന്ന സിനിമാ- സീരിയൽ  താരങ്ങൾക്കും , പിന്നണി ഗായകർക്കും, കോമഡിക്കാർക്കുമൊക്കെ മാരത്തോൺ പരിപാടികളായിരിക്കും...

ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടെടാ ...ഓട്ടം..!

പോരാത്തതിന് തനിയൊരു ആസുര ഭാവങ്ങളും ,
സ്വഭാവ ഗുണങ്ങളു മൊക്കെ ഉള്ളതുകൊണ്ടാകാം മഹാബലി
ആകുവാനുള്ള നറുക്ക് ഒട്ടുമിക്കവാറും എനിക്ക് തന്നെ കിട്ടാറുണ്ട്.

എന്നേക്കാളും ഉഗ്രൻ  മാവേലി റോളുകൾ കൈകാര്യം ചെയ്യുന്ന
മറ്റൊരു ബ്ലോഗറായ ജോയിപ്പാനും , മെഹ്രൂഫ് ,  റോയിച്ചൻ , ഗിൽബർട്ടച്ചായൻ ,
നിഹാസ് ,ടോമി വർഗ്ഗീസ്, അജയൻ മുതലായ 20 ഓളം പേരും കോണത്തിന് തീ പിടിച്ച പോലെ ഈ സമയത്തൊക്കെ ,  പല മല്ലൂ അസോസ്സിയേഷനുകളുടെ പരിപാടികളിൽ ചാടിച്ചാടി മുഖവും , ശരീരവുമൊക്കെ പ്രദർശിപ്പിച്ച് ഓടി നടക്കുകയായിരുന്നൂ...
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ആഭരണ വിഭൂഷിതനായി കാറോടിച്ച് പോയ വിചിത്ര വേഷക്കാരനായ മാവേലിയെ, ഇവിടത്തെ പോലീസ് ചേസ് ചെയ്ത് പിടിച്ചതും ...

ഒരു സമാജത്തിലെ അംഗങ്ങളായ നേഴ്സുമാർ  യൂണിഫോമിൽ ഡ്യൂട്ടിയിൽ നിന്നും നേരെ വന്ന് വേദിയിൽ കയറി കൈകൊട്ടി കളി നടത്തിയത് ,  യൂ-ട്യൂബിൽ അപ്-ലോഡ് ചെയ്ത് വെറും 150 പേർ കാണുമ്പോഴേക്കും , ‘ പണി കളയും ‘നോട്ടീസ് കാണിച്ച് , ഹോസ്പിറ്റൽ അതോറട്ടി അതിനെ കുറിച്ച് എക്സ്പ്ലനേഷൻ ആരാഞ്ഞപ്പോൾ  ഡിലീറ്റ് ചെയ്തതുമൊക്കെ
ഇവിടത്തെ ഇക്കൊല്ലത്തെ ഓണക്കൌതുക വാർത്തകൾ തന്നെയായിരുന്നൂ... !

ഇന്നലെ ഇക്കൊല്ലത്തെ ഓണത്തിന്റെ കൊട്ടിക്കലാശമായി ഔട്ടർ
ലണ്ടനിലുള്ള ഒരു കൊച്ചു സിറ്റിയിൽ  എനിക്ക് ഒരു മാവേലി മന്നന്നായി
അവതരിക്കുവാൻ  അവസരം കിട്ടിയിരുന്നു. ലണ്ടനിൽ നിന്നും രണ്ട് മണീക്കൂറ്
ഡ്രൈവ് ചെയ്ത് പറഞ്ഞ സമയമായ രാത്രി 7 മുമ്പേ ഞാനവിടെയെത്തിയെങ്കിലും..

നമ്മുടെ മലയാളി ശീലമായ .. എല്ലാം വൈകി
ആരംഭിക്കുക എന്ന സ്ഥിര സ്വഭാവം , ഇവിടെ യു.കെയിൽ
വന്നിട്ടും ഇതു വരേയും , മാറി കിട്ടാത്ത കാരണം - ആ സമാജക്കാർ
പ്രോഗ്രാം തുടങ്ങിയപ്പോൾ സമയം 8.20. എന്ത് ചെയ്യാം...

അതുവരെ തനിയൊരു വിഡ്യാനായി മഹാബലി  വേഷം
കെട്ടിയിരിക്കുന്ന എന്നെ ബോറഡിപ്പിക്കേണ്ട എന്നുകരുതിയാകണം ..
ആതിഥേയർ , ഇടക്കിടക്ക് മധു പാനീയങ്ങൾ , ഗ്രീൻ റൂമിലേക്ക് എത്തിച്ചുകൊണ്ടിരുന്നൂ..

 ഞാനാണെങ്കിലോ അവിടെയുണ്ടായിരുന്ന കുട്ടികളെ ഒരു ഭരത നാട്യം ഫ്യൂഷന്റെ ഫൈനൽ പ്രാക്റ്റീസ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്ന , ലണ്ടനിൽ നിന്നും എത്തിയ , സോഫ്റ്റ് വെയർ എഞ്ചിനീയറായ - ഡാൻസ് ടീച്ചറുടെ , ഓരൊ അവയവങ്ങളും തുടിച്ച് തുറിച്ച് നിൽക്കുന്ന സാൽ വാർ- ടീ-ഷർട്ടിനുള്ളിലെ വളരെ സോഫ്റ്റായ അംഗലാവണ്യങ്ങൾ നുകർന്ന് വെറുതെ സമയം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ...


വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!


ഡാൻസ് പ്രോഗ്രാമെല്ലാം കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ഈ  പഴേ
കലാ-ശാലാ , കലാ തിലകമായ ഡാൻസ് ടീച്ചർക്ക് തിരിച്ചുപോകാനായി 10 മണിക്ക്
സീറ്റ് ബുക്ക് ചെയ്ത ട്രെയിനും പോയി..!

മൂപ്പത്തിയാരെ ലണ്ടനിൽ കൊണ്ടാക്കി കൊടുക്കാനാണെങ്കിലോ ,
ഡ്രൈവ് ചെയ്യുവാൻ പറ്റാത്ത രീതിയിൽ സംഘാടകരെല്ലാവരും നല്ല പാമ്പ് പരുവം .!

ശ്രീമതി.കലാ തിലകം സംഘാടകരോട് ആംഗലേയത്തിലും
മലയാളത്തിലുമായി നാക്ക് കൊണ്ട് ഒന്ന് രണ്ട് നൃത്തമാടിയപ്പോൾ ,
അവരെന്റെ കാല് പിടിച്ചു - ഡാൻസ് ടീച്ചറെ ഏതെങ്കിലും ലണ്ടൻ ട്യൂബ്
സ്റ്റേയ്ഷനിൽ ഡ്രോപ്പ് ചെയ്യുവാൻ പറഞ്ഞിട്ട് ...

ഞാൻ പറഞ്ഞു ..
ലഹരിയിറങ്ങാതെ എനിക്കിപ്പോൾ ഓടിക്കാൻ പറ്റില്ല ..
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞിട്ടാണേൽ  വേണെങ്ങ്യെ നോക്കാമെന്ന്..

എന്തിന് പറയുവാൻ ..
അവളാരത്തിയുടെ കെട്ട്യോന് നാളെ മോണിങ്ങ്
ഷിഫ്റ്റിന് പോണം ,  കുട്ടിയെ സ്കൂളിലാക്കണം ...


പിന്നെ കാറ് അവളോടിച്ചോളാം ...
എന്നൊക്കെയുള്ള ആ ചുള്ളത്തിയുടെ അപേക്ഷകൾ നിരസിക്കണ്ടാ എന്ന് കരുതി അവളാരത്തിയോടൊപ്പം അപ്പോൾ തന്നെ ഞാൻ തിരിച്ചുപോന്നു...

അവളാരത്തി ഫോണിൽ പോസ്റ്റ് കോഡ് അടിച്ച് നാവിഗേറ്റ് ചെയ്ത് നല്ല സുസൂഷ്മമായ ഡ്രൈവിങ്ങ് ആരംഭിച്ചപ്പോൾ ..അതാസ്വദിച്ച്,
സി.ഡി പ്ലേയറിൽ ഓണപ്പാട്ടുകളുടെ ആരവം കേട്ട്  കാറിനുള്ളിലെ ഇളം ശീതളമായ മന്ദമാരുതനേറ്റ് കണ്ണടഞ്ഞ് പോയത് ഞാനറിഞ്ഞില്ല..

ചേട്ടായ്ടെ ബിലാത്തി പട്ടണം ഞാനും , ഹസ്സുമൊക്കെ വായ്ക്കാറുണ്ട്..ട്ടാ ”

ഹും ..എന്താ പറ്ഞ്ഞ്യ്യേ ”   ഞാനൊന്ന് മയങ്ങി പോയോ .  ‘ ദെവ്ട്യ്യായ്..? ”

മോട്ടൊർ വേ..ദേ .. ഇപ്പ കഴിഞ്ഞൂ..ന്റെ ചേട്ടായി ...
ലണ്ടൻ നോർത്ത് സർക്കിൾ റോഡായി - 406 ,ഇനി ഒരര മണിക്കൂർ കൂടിണ്ട്  “

 “ ഡീ മോളെ നീ ഏതെങ്കിലും ഒരു സൈഡ് 
റോഡിലേക്ക് ഒതുക്ക് ,എനിക്കൊന്ന് മൂത്രൊഴിക്കണം’

പിന്നീടടുത്ത എക്സിറ്റിൽ ഓടിച്ചവൾ വണ്ടിയൊതുക്കി...
ഞാനോടി ഒരു ആപ്പിൾ മരത്തിന്റെ പിന്നിൽ പോയി കാര്യം സാധിച്ചു.

എന്നിട്ട് വെള്ളം കുപ്പിയെടുത്ത്  , മാവേലി മീശക്ക് കുഴപ്പം പറ്റാതെ മോറ്
കഴുകിയിട്ട്  ,അപ്പോൾ വണ്ടിയിൽ നിന്നും മൂരി നിവർന്നെഴുന്നേറ്റ അവളോട് പറഞ്ഞു

ശരി.. ഇനി ഞാനോടിച്ചോളാം ,  അഡ്രസ്സ് പറ്യ് യ് ..ഞാനവിടെ ഡ്രോപ്പെയ്യാം ’

ഹോൾഡ്-ഓണെ സെക്കന്റ് ...എനിക്കും ഒന്ന്  ലൂവിന് പോണം

ഒരു നാണവും കൂടാതെ ആ പാതിരാവിൽ ഞാൻ കാണെ പുറം തിരിഞ്ഞിരുന്ന്
ബമ്പറ് കാട്ടി  തൊട്ടകലെ മരമറവിലിരുന്ന് പാത്തുവാൻ അവൾക്കൊരു മടിയും ഉണ്ടായില്ല..!

സത്യം പറഞ്ഞാൽ ഒരു മുത്തൻ പെണ്ണ് നേരിൽ മൂത്രിക്കുന്ന
കാഴ്ച്ച എന്റെ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു ...

തിരിച്ച് വരുമ്പോഴുള്ള ഈ
ചുള്ളത്തിയുടെ ഒരു കള്ള പുഞ്ചിരി ...!

എന്റെ മദ്യലഹരി പമ്പകടന്ന്
അവിടേക്ക് ഒരു പ്രണയ ലഹരി ഓടിയെത്തിയോ...? !

ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളിൽ എന്ന പോലെ

കാറിനുള്ളിലായാലും ഈ
കോരന്റെ  ഒരു കഞ്ഞി ഭാഗ്യം നോക്കണേ..!

എന്തൊക്കെയായാലും
ഒരു മണിക്കൂറിന് ശേഷം നൈറ്റ് ബസ്സിൽ അവൾ കയറി പോകുന്ന വരേക്കും , അവളുടെ മൊബൈൽ നമ്പറോ , ഒരു വിധത്തിലുള്ള  മെയിൽ വിലാസമോ ,ആ പഴയ കലാ തിലകം എനിക്ക് തന്നില്ല..!

“ഇനി..അതിന് നമ്മൾ തമ്മിൽ 
കണ്ടിട്ട് വേണ്ടെ എന്റെ ചേട്ടായി ...! ‘

എന്ന് ഉരിയാടി ‘ടാ‍റ്റാ - ബൈ  ‘ പറഞ്ഞവൾ
ആ ഡബ്ബിൾ ഡക്കറിലേക്ക് ഊളിയിട്ടു പോയി...

അവസാനം പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ
ചെന്ന് കയറിയപ്പോൾ ... കിണ്ണം കട്ടവനെ കണ്ട പോലെ
എന്റെ പെണ്ണിന്റെ വക ഒരു ദഹിപ്പിച്ച നോട്ടം
അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷത്തേയും
ഇല്ലാതാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ .!

 “വിങ്ങുന്ന മനസ്സിനുള്ളിൽ 
ഓർക്കുന്നു ഞങ്ങൾ ,
അങ്ങകലെയാ...
നാടിന്റെ നന്മകളെപ്പോഴും...
ചിങ്ങ നിലാവിലാ 
പൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ 
മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ 
പ്രവാസ തടവിലും  ;
ചിങ്ങത്തിലെ ആ 
തിരുവോണ മൂണും ,
തിങ്ങി നിറഞ്ഞാ 
കറികളുമാ മടപ്രഥമനും ,
മങ്ങാതെ നിൽക്കുന്നിതാ 
മനസ്സിലിപ്പോഴും !“

അതെ നാട്ടിലെ പോലെ തന്നെ ഓണ സദ്യകൾ നടത്തുക ,
പന്തിയിട്ടുണ്ണുക , മഹാബലി  വേഷം ലഭിക്കുക , വലിയ വേദികളിൽ
വെള്ളക്കാർക്കൊപ്പമൊക്കെ   നാടകാഭിനയം നടത്തുക , പിന്നെ..പിന്നെ - - - -

മറു നാട്ടിലായാലും ഓണത്തിന്റെ വൈവിധ്യമായ ഇത്തരം
മധുരിമകൾക്ക്  നാട്ടിലേക്കാളും എത്രയെത്ര ഇരട്ടി മധുരം അല്ലേ ...!



 

Saturday 31 August 2013

ഇത്തിരിയൊത്തിരി ഷേക്സ്പീരിയൻ സ്മൃതികൾ ... ! / Itthiriyotthiri Shakespearean Smrithikal ... !

ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ഒരു പ്രവാസി കുടുംബം യു.കെ .ടൂറിന് വന്നപ്പോൾ , അവരുടെയൊപ്പം ഒരു ഗൈഡിന്റെ കുപ്പായമണിഞ്ഞാണ് ഞാൻ ആദ്യമായി ‘വില്ല്യം ഷേക്സ്പിയറി‘ന്റെ  ജന്മദേശം കാണാൻ പോയിട്ടുള്ളത്. ആർക്കും വായിക്കുവാൻ കൊള്ളാത്ത ഒന്നോ രണ്ടോ കവിതകളോ , കഥകളോ എഴുതിയതിന്റെ പേരിൽ സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരെന്ന് , സ്വയം ഭാവിക്കുന്ന ആ ദമ്പതികൾ , ഈ വില്ല്യമേട്ടന്റെ വീടും , ചുറ്റുപാടും കാണാൻ വന്നിട്ട് , അവരുടെ വില കൂടിയ ക്യാമറയിൽ കുറേ പോട്ടങ്ങൾക്ക് അവിടങ്ങളിലൊക്കെ നിന്ന് പോസ് ചെയ്ത് , എന്നെ കൊണ്ടെടിപ്പിച്ചതും മറ്റുമല്ലാതെ വിശദമായൊന്നും അന്നവിടെ കണ്ടില്ല താനും ...

പിന്നീട് നാലഞ്ചുകൊല്ലത്തിന് ശേഷം ലണ്ടനിൽ ഹൈയ്യർ സ്റ്റഡീസിനെത്തിയ രണ്ട് ചുള്ളന്മാരും , നാലഞ്ച് ചുള്ളത്തിമാരുമായും ... ഈ ഷേക്സ്പീരിയൻ ദേശം കാണാൻ പോയിട്ട് , ആ 'എവോൺ ' നദീ കരയിൽ , ഹിമകണങ്ങളേറ്റ് കുടിച്ച് , കൂത്താടി നടന്നതല്ലാതെ , ചരിത്രം ഉറങ്ങുന്ന ഷേക്സ്പീരിയൻ വസ്തു വക കളൊന്നും , ശരിക്ക് അന്നും കാണുകയുണ്ടായില്ല...!

ഹൈസ്ക്കൂൾ ക്ല്ലാസ്സുകളിലൊന്നിൽ ‘റോമിയോ & ജൂലിയറ്റി‘ന്റെ കഥ പറഞ്ഞ് തന്ന് , ഞങ്ങളെയൊക്കെ പ്രണയ പരവശരാക്കിയ ജയശ്രീ ടീച്ചറാണ് , ഈ മഹാനായ കഥാകാരനെ ,  എനിക്കൊക്കെ ജീവിതത്തിലാദ്യം പരിചയപ്പെടുത്തി തന്നത്...

ശേഷം സാംബശിവന്റെ കഥാ പ്രസംഗങ്ങളിലൂടെ ..., ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ നാടകങ്ങളിലൂടെ ...,  ഒപ്പം തന്നെ , അയലക്കക്കാരനായ ജോസേട്ട ( ജോസ് ചിറമേൽ ) ന്റെ നാടകാവിഷ്കാരങ്ങളിലൂടെ   ലോക പ്രശസ്തമായ ക്ലാസ്സിക്കുകൾ സൃഷ്ട്ടിച്ച എഴുത്തുകാരനായിരുന്ന , ഈ ‘വില്ല്യം ഷേക്സ്പിയർ‘ എന്ന മഹാനായ സാഹിത്യ വല്ലഭനെകുറിച്ച് കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുകയായിരുന്നു....!

സ്വന്തമായി രചനയും , സംവിധാനവും നിർവ്വഹിച്ച് അന്ന് സ്കൂൾ യുവജനോത്സവങ്ങൾക്കെല്ലാം കണിമംഗലം എസ്.എൻ .സ്കൂളിനെ , എല്ലാ കൊല്ലവും ജേതാക്കളുടെ പട്ടികയിൽ  ഉൾപ്പെടുത്തി , ഞങ്ങളുടെ നാടക ട്രൂപ്പിനെ എത്തിക്കാറുള്ളതിന് പിന്നിൽ ഈ ജോസ് ചിറമേൽ തന്നെയായിരുന്നു.

അതെ  അന്ന് നാട്ടിലെ ‘വില്ല്യം ഷേക്സ്പിയർ ‘ എന്ന ഓമന പേരിൽ അറിയ പെട്ടിരുന്നതും
 ഞങ്ങളുടെയൊക്കെ , ഈ പ്രിയപ്പെട്ട  ജോസേട്ടൻ  തന്നെയായിരുന്നു..!

പിന്നീടൊരിക്കൽ ജോസേട്ടന്റെ  ‘മാക്-ബെത്തി‘ന് വേണ്ടി അണിയറയിൽ ,
മാജിക് സംവിധാനങ്ങൾ  ഒരുക്കിയതും മറ്റും ഒരു ത്രില്ലായി ഇപ്പോഴും എന്റെ  ഓർമ്മയിലുണ്ട് ...!

അദ്ദേഹത്തിന്റെ ഡ്രാമാ സ്കൂൾ ഡിപ്ലോമക്ക് ശേഷം ,
എന്റെ പുരയിടത്തിൽ നടത്തിയിരുന്ന “ റൂട്ട് ‘ എന്ന നാടക
കളരിയിലൂടെ എത്രയെത്ര നടന്മാരെയാണ് അദ്ദേഹം വാർത്തെടുത്തിരിക്കുന്നത് ... !

പിന്നീടുണ്ടായ ജോസേട്ടന്റെ  അകാല നിര്യാണം  ‘റൂട്ടി ‘നെ,  നിർ
വീര്യമാക്കിയെങ്കിലും , അന്നത്തെയൊക്കെ ആ ഡ്രാമ സ്കൂൾ ടീമിലെ
രജ്ഞിത്ത് , മുരളീ മേനോൻ , ബാലകൃഷ്ണൻ  , മനു ജോസ്...മുതൽ ആ കൂട്ടായ്മയിൽ
ഉണ്ടായിരുന്ന നന്ദ കിഷോർ, ജയരാജ് വാര്യർ,.. വരെയുള്ളവർ  അവരവരുടെ മേഖലകൾ വെട്ടിപ്പിടിച്ചെങ്കിലും ...

നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത്  കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ  അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !

‘നാദിറ പറയുന്നു’ , ‘ഒരു ചോദ്യം’ മുതലായ എത്രയെത്ര പ്രതികരണ ശേഷി സമൂഹത്തിലേക്ക്  പകർന്നു കൊടുക്കുന്ന
ലഘു നാടകങ്ങളൊക്കെയാണ് , തെരുവ് നാടകങ്ങളായിട്ടും , മറ്റും  അന്നെല്ലാം നാടൊട്ടുക്കും , അരങ്ങേറി വിജയക്കൊടി പറത്തി കൊണ്ടിരുന്നത് ...

 “സായിപ്പ് പോയിട്ട് നാല്പതുവർഷത്തിലേറെ
കഴിഞ്ഞല്ലോ.. എന്നിട്ടാ..സായിപ്പിൻ ഭാഷയിൽ....“

എന്നെല്ലാം കോറസ് പാടി നടന്ന് ,  തെരുവുനാടകങ്ങൾ കളിച്ച്
നാടൊട്ടുക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ , കലാ ജാഥയോടൊപ്പം
നടന്ന കഥകളൊക്കെ ഇന്നും സ്മരിക്കുന്നതിനൊപ്പം  തന്നെ , ഇപ്പോൾ  ഈ
സായിപ്പിന്റെ നാട്ടിൽ വന്ന് പെട്ട് , അവരുടെയെല്ലാം  വിഴുപ്പലക്കി കൊണ്ടിരിക്കുന്ന
എന്റെയൊക്കെ സ്ഥിതി വിശേഷത്തേയാണ് പറയുന്നത് ...
ജീവിതത്തിലെ വിരോധാഭാസം എന്നത് അല്ലേ..!


ഒരു വണ്ടിക്കാളയെ പോൽ ജീവിതഭാരം തോളിൽ കയറിയപ്പോൾ മുരടിച്ചുപോയ
എന്റെയൊക്കെ , കലാ പ്രവർത്തനങ്ങളെല്ലാം വീണ്ടും മുളപൊട്ടി തുടങ്ങിയതിന് കാരണം ,
ഈ സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ , ഇവിടെയുള്ള നാടകത്തെ അന്നും - ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുമായി , ഇട പഴകി തുടങ്ങിയപ്പോൾ  മുതലാണെന്ന് ഉറപ്പിച്ച് തന്നെ പറയാം ...
മലയാള ഭാഷയുടെ പരിപാലനത്താൽ ...
ലോകത്തിന്റെ വിവിധ  കോണുകളിൽ ജനിച്ചുവളർന്ന കുറെ പേർ ,
അവരുടെയൊക്കെ അന്നം  തേടിയുള്ള ജീവിതയാത്രയിൽ എങ്ങിനെയൊക്കേയോ ലണ്ടനിലെത്തിയ ശേഷം ,  അവരവരുടെ ഉപജീവനം തട്ടിമുട്ടി നടത്തുന്നതിനിടയിലും നമ്മുടെയെല്ലാം  തനതായ  , കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് , സ്വന്തം ഗൃഹാതുര സ്മരണകൾ എന്നും നില നിറുത്തികൊണ്ടിരിക്കുന്നത്   ഈ ബിലാത്തി പട്ടണമായ ലണ്ടനിലും കാണാവുന്നതാണ്...


അങ്ങിനെയൊക്കെയുള്ള കൊച്ചുകൊച്ച് മലയാളി സമാജങ്ങളിൽ നിന്നും ,
കാലാ കാലങ്ങളായി ,  ഇവിടെയൊക്കെ ജനിച്ചുവളർന്ന മലയാളികളുടെ , മൂന്നാം തലമുറയിലുള്ളവരടക്കം , നാട്ടിലെ പോലെ തന്നെ അനേകം കലാ-സാഹിത്യ വേദികളുണ്ടാക്കി നമ്മുടെയൊക്കെ സാംസ്കാരിക തനിമകൾ കാഴ്ച്ചവെച്ച് , ഈ പാശ്ചാത്യ ലോകത്തും ഏവരേയും ഹർഷ പുളകിതരാക്കി കൊണ്ടിരിക്കുകയാണിപ്പോൾ ...

ലണ്ടനിലുള്ള അത്തരത്തിലുള്ള ഒരു കലാ സാഹിതി സഖ്യം 
ഇത്തവണത്തെ അവരുടെ സംഗീത നാടക ശില്പമായ  , - മനോജ് 
ശിവയും , മീരയും - കൂടി അണിയിച്ചൊരുക്കിയ ‘കാന്തി’ യുടെ വിജയത്തെ 
തുടർന്ന് , ആ ടീമങ്കങ്ങളെല്ലാം  കൂടി , ഇത്തവണ വിനോദ സഞ്ചാരത്തിന് പോയത് 
ഷേക്സ്പിയറുടെ ജന്മ ദേശമായ സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ ‘ കാണുവാനാണ് ..

കുടുംബത്തോടൊപ്പം  ഈ യാത്രയിൽ
ഞാനും ഉണ്ടായിരുന്നു...  അതെ മൂന്നാം തവണയാണ്
ഞാനീ മഹാരഥൻ ജീവിച്ചിരുന്ന മണ്ണിൽ കാല് കുത്തുന്നത് ...!

പാട്ടും , ആട്ടവും , നാടകം കളിയുമൊക്കെയായി ഞങ്ങൾ
ആ എവോൺ  നദീ തടങ്ങളിൽ ഷേക്സ്പിയറിന്റെ ജന്മ ഗൃഹം
( ബ്ലോഗർ നിരക്ഷരന്റെ വിവരണം )  സന്ദർശിച്ച് , അദ്ദേഹം അന്നുപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും , ശയന മുറിയും കണ്ട് , അവിടത്തെ പൂന്തോട്ടത്തിൽ മൂപ്പരുടെ കഥാപാത്രങ്ങൾ വന്ന് നമ്മെ ആനയിച്ചപ്പോൾ ,  അവരോടൊപ്പം ചുവടുകൾ വെച്ച് , അവിടെ സ്ഥാപിച്ചിട്ടുള്ള , രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയെ വന്ദിച്ച് , പല ചരിതങ്ങളും മനസ്സിലേക്ക് ആവാഹിച്ചു ...

പിന്നെ  അദ്ദേഹം പഠിച്ചിരുന്ന സ്കൂളിൽ പോയി, അതിനോടൊപ്പം തന്നെ മൂപ്പരുടെ
ഭാര്യാ ഭവനവും , ഫാമുകളും കണ്ടിട്ട്  , അവിടത്തെ കഥകൾ കേട്ട് , മുഴുവൻ ഫല മരങ്ങൾ തിങ്ങി നിറഞ്ഞ , ആ പൂങ്കാവനത്തിൽ വിശ്രമിച്ച ശേഷം ...

പിന്നീട് അദ്ദേഹത്തിന്റെ  മകളുടേതായി തീർന്ന, മൂപ്പരുടെ വസന്തകാല വസതിയായ നാഷ് ഹൌസിൽ പോയിട്ട് , ഷേക്സ്പിയർ പണ്ട് നട്ട് വളർത്തിയ മര മുത്തശ്ശനായ മൾമറി മരത്തിൻ തണലിലിരുന്ന് , ആ കാലഘട്ടത്തിലെ പുരാണങ്ങൾ കേട്ടാസ്വദിച്ച് കൊണ്ടുള്ള ലഘു യാത്രകൾ ...

അതിനിടയിൽ ലോകത്തിലെ ആദ്യത്തെ  ‘ഓപ്പൺ എയർ തീയ്യേറ്റർ’
സ്ഥിതിചെയ്യുന്ന എവോൺ നദീ തീരത്തെത്തി   - യുവാവായിരുന്നപ്പോൾ ,
പ്രകൃതി രമണീയമായ എവോൺ നദീതീരത്ത്  വില്ല്യം തുടങ്ങിവെച്ച പ്രഥമ നാടക വേദി -
ആ വേദിയിൽ ഞങ്ങളേവരും കൊച്ചുകൊച്ച്
സ്കിറ്റുകൾ അവതരിപ്പിച്ച് നിർവൃതിയടഞ്ഞു ..!

കൂടാതെ എലിസബത്ത് ഹാൾ, ന്യൂ പ്ലേയ്സ് ഗാർഡൻ , ഫാം ലാന്റ് ഗാർഡൻസ് , അദ്ദേഹത്തിന്റെ ശവ കല്ലറ,.... അങ്ങിനെയങ്ങിനെ , പണ്ടുണ്ടായിരുന്ന ഷേക്സ്പിയറിന്റെ ഒരു വിധമുള്ള എല്ലാ ചുറ്റുവട്ടങ്ങളും പരിസരങ്ങളും നേരിട്ട് കണ്ടും , തൊട്ടും അറിഞ്ഞ് അതി മനോഹരമായ സഞ്ചാരങ്ങളായിരുന്നു ഞങ്ങളന്നവിടെ നടത്തിയത്...
ഓരോ സ്ഥലങ്ങളിലും , അന്നത്തെ കാലഘട്ടത്തുണ്ടായിരുന്ന വേഷ ഭൂഷാതികളാൽ 
നമ്മെ വരവേൽക്കുന്ന ജോലിക്കാരും , അവയുടെയെല്ലാം ചരിത്രം പറഞ്ഞ് തരുന്ന 
സന്നദ്ധ പ്രവർത്തകരും ..
നാല് നൂറ്റാണ്ടിന് മുമ്പേ എങ്ങിനേയായിരുന്നുവോ  അവയൊക്കെ 
സ്ഥിതി ചെയ്തിരുന്നത് , ആയതെല്ലാം അത് പോലെ കാത്ത് സൂക്ഷിച്ചിരിക്കുന്ന 
ചരിത്ര സ്മാരകങ്ങൾ ...!

ഷേക്സ്പിയറിന്റെ മരണശേഷം , രണ്ട് നൂറ്റാണ്ടോളം
പലരും വിശ്വസിച്ചിരുന്നത് , ഇന്നദ്ദേഹത്തിന്റെ പേരിലുള്ള പല ഗ്രന്ഥങ്ങളും , വേറൊരു വില്ല്യമ്മടക്കം , പല അപരന്മാരാലും  എഴുതപ്പെട്ടവയെന്നാണ് ... !
ഇന്നും പണ്ടത്തെ തമ്പുരാക്കന്മാരായ
ചില പ്രഭു കുടുംബങ്ങളൊക്കെ , അവരുടെ തായ്‌ വഴിയിലുണ്ടായിരുന്നവരാണ്, യഥാർത്ഥ ഷേക്സ്പിയർ എന്ന് പറഞ്ഞ് , ഒരു ‘ ആന്റി ഷേക്സ്പിയർ മൂവ്മെന്റും‘  ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ ഇന്നും  സജീവമായിട്ടുണ്ട് കേട്ടോ.


പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ , ചരിത്ര ഗവേഷകർ ഇതെല്ലാം വില്ല്യം ഷേയ്ക്പിയർ  തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അന്ന്  250 കൊല്ലം മുമ്പ് തുടക്കം കുറിച്ച  ‘ദി ഷേക്സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് ‘( The S.B.T  )  എല്ലാം ഏറ്റെടുത്ത്,  അന്ന്  1847- ൽ
ആ എവോൺ നദീ  തീരത്ത് പണികഴിപ്പിച്ച  -  എന്നും ലണ്ടൻ
ഷേക്സ്പീരിയൻ  ഗ്ലോബിനേ പോലെ - അദ്ദേഹത്തിന്റെ നാടകങ്ങൾ
അരങ്ങേറുന്ന  S.B.T  തീയ്യേറ്റർ ഉണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റേതായ  എല്ലാ വസ്തു വകകളും സംരംക്ഷിച്ച് ,
പോയതെല്ലാം തേടിപ്പിടിച്ച് കൊണ്ട് വന്ന് , ആ ട്രസ്റ്റിന്റെ  കീഴിലാക്കിയിട്ട് , 
എല്ലാം പഴയ പടി തന്നെ ഒരുക്കി  , ഒട്ടും കോട്ടം കൂടാതെ പരിപാലിച്ച് പോരുന്നൂ ... !

ഇന്ന് ഈ  ‘സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ .
യു.കെയിലെ ഏറ്റവും  വരുമാനമുള്ള  ഒരു ‘ടൂറിസ്റ്റ് ടൌൺ ഷിപ്പാണ് ‘ ...!

ഇന്നീ  സ്ഥലം , 360 ദിനവും ലോകത്തിലെ പല ഭാഗത്ത്
നിന്നും , എന്നും വന്ന് കൊണ്ടിരിക്കുന്ന വിനോദ സഞ്ചാരികളാൽ
തിങ്ങി നിറഞ്ഞ ഒരു വർണ്ണ മനോഹരമായ ഗാർഡൻ സിറ്റിയായി മാറിയിരിക്കുകയാണ് ...!

അദ്ദേഹത്തിന്റെ ജന്മവീട്ടിലെ പൂന്തോട്ടത്തിലും , ആ ഓപ്പൺ എയർ തീയ്യേറ്റർ കോമ്പൌണ്ടിലുമൊക്കെ എല്ലാ ടൂറിസ്റ്റ്കൾക്കും വേണ്ടി അവരോടൊപ്പം ആടിപ്പാടി
കളിക്കുന്ന , ജീവനുള്ള ഷേക്സ്പീരിയൻ കഥാ പാത്രങ്ങളുമൊക്കെയായി സ്മരണകൾ
പുതുക്കാവുന്ന ഒരു മനോഹര തീരം തന്നെയാണ് ഈ പുണ്യയിടം എന്ന് നിശ്ചയമായും പറയാം ...

ലോകത്തിൽ ഇതുവരെ ഒരു കലാ - കായിക - സാഹിത്യ പ്രതിഭക്കും
കിട്ടാത്ത ആദരവും , സ്മരണാജ്ഞലികളും നമുക്കൊക്കെ ഇവിടെ കൺ കുളിർക്കേ
കണ്ടും , കേട്ടുമൊക്കെ അറിയാവുന്നതാണ്...

ഇനി ജസ്റ്റ് ഒന്ന് ഷേക്സ്പീരിയൻ
ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം അല്ലേ...
പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിന്റെ കൌമാര ദശയിൽ ഇംഗ്ലണ്ടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന , ‘വാർവിക്ക്ഷെയറി‘ലെ അതിസുന്ദരമായ ഒരു ഗ്രാമമായ ‘സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിലെ’ ഒരു കയ്യുറ കച്ചവടക്കാരന്റെ മകനായിരുന്നു
‘ജോൺ ഷേക്സ്പിയർ ‘എന്ന കലാകാരൻ ...

അവൻ കൈയ്യുറകളുടേയും , തൊപ്പികളുടേയും , ചെരുപ്പുകളുടേയും മറ്റും
അളവെടുത്താണ് അവിടത്തെ ഒരു ലാന്റ് ലോർഡായിരുന്ന ,കുതിര കച്ചവടക്കാരന്റെ മകളായ‘മേരി‘യുമായി അടുത്തത്.
ജാതിയും, പണവുമൊക്കെയായി ചില പൊരുത്തക്കേടുകൾ
ഉണ്ടായെങ്കിലും, കാരണവന്മാർ 1557- ൽ രണ്ടിനേയും പിടിച്ച് കെട്ടിച്ചുവിട്ടു.

മേരിയുടെ പാർട്ടിഷ്യനായി കിട്ടിയ ഏവോൺ നദീതീരത്തുള്ള ഒരു ഫല-മര-പൂങ്കാവനവും , പാരമ്പര്യമായി ഗ്ലൌസ് നിർമ്മാണ കടയുമായി , ആ ദമ്പതിമാർ നീണാൽ വാഴുന്നതിനിടയിൽ ,
മേരി രണ്ട് കൊല്ലം ഇടവിട്ട് ധാരളം കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയെങ്കിലും , അതിൽ എട്ടെണ്ണം മാത്രമേ വളർന്ന് വലുതായുള്ളൂ.

അതിൽ 1564-ൽ ഭൂജാതനായ ‘വില്ല്യം‘ പഠിച്ച്  മിടുക്കനായി നല്ലൊരു
കലാകാരനായി വളർന്നു വന്നു. അവന്റെ ബാല്യകാലത്തുണ്ടായ പകർച്ചവ്യാധിയായ
പ്ലേഗിന്റെ താണ്ഡവത്തിൽ , അവന്റെ ചേട്ടനും , ചേച്ചിയുമൊക്കെ കാലപുരിക്ക് പോയെങ്കിലും , അമ്മ വീട്ടിലെ അതി സുരക്ഷിതമായ ശുശ്രൂഷയാൽ അവന് ജീവൻ തിരിച്ച് കിട്ടി .

പഠനത്തോടൊപ്പം അവൻ നാടകവും ബാലെറ്റും
കഥപറച്ചിലുമൊക്കെയായി നാട്ടുകാരുടെയൊക്കെ
കണ്ണിലുണ്ണിയായി. അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ  ആളുകളെ
ആനന്ദത്തിൽ ആറാടിപ്പിക്കുന്ന രണ്ടേ രണ്ട് കലാരൂപങ്ങൾ നാടകവും ,
ബാലെറ്റും മാത്രമായിരുന്നു ...

ചെറുപ്പത്തിൽ തന്നെ വില്ല്യം ഈ രണ്ട് കലാരൂപങ്ങൾക്ക് വേണ്ട
കഥകൾ എഴുതിയുണ്ടാക്കി , എല്ലാ വീക്കെന്റുകളിലും വൈകുന്നേരങ്ങളിൽ ,
ആ പുഴക്കരയിൽ ഒരു ഓപ്പൺ എയർ സ്റ്റേജുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചു വന്നിരുന്നു.

ഇതിലൊക്കെ ആകൃഷ്ട്ടരായി സമീപ പ്രദേശങ്ങളിൽ നിന്നുപോലും
പ്രഭു കുമാരി കുമാരന്മാരടക്കം , ധാരാളം പേർ വന്ന് അവന്റെ ട്രൂപ്പിൽ അംഗങ്ങളായി
.
അഭിനേതാവ് , കവി , ഗായകൻ എന്നിവയിലെല്ലാം നിപുണനായ ഒരു സകല
കലാ വല്ലഭൻ എന്നതുമാത്രമല്ല , സുമുഖനും സുന്ദരനും സുശീലനുമൊക്കെയായ വില്ല്യമിന് ,
കൌമാരം വിട്ടപ്പോൾ തൊട്ട് തന്നെ ആരാധികമാരുടെ , പ്രണയ കുടുക്കുകളിൽ നിന്നും രക്ഷപ്പെടുവാൻ ഒട്ടും നിർവ്വാഹമുണ്ടായിരുന്നില്ല...!

അന്നവന്റെ നാടക സമിധിയിൽ ആടിപ്പാടി കളിച്ചിരുന്ന
‘അന്നെ ഹേത്ത്വേയ്‘എന്ന് പേരുള്ള , ഒരു ഇട പ്രഭുവിന്റെ
മകളുമായി , വില്ല്യം അനുരാഗവിലോചിതന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ...

എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ  ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!

ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.

അങ്ങിനെയാണെത്രേ  സാധാരണക്കാരനായ വില്ല്യമിന് , പ്രഭു-രാജ കുടുംബങ്ങളിലെ പല ഉള്ളുകള്ളികളും , ഉപജാപങ്ങളും മനസ്സിലാക്കുവാൻ സാധിച്ചതും , പിന്നീടവയൊക്കെ , അവന്റെ തൂലികയിൽ കൂടി നല്ല ക്ലാസ്സിക്കുകളായി
എഴുതപ്പെടുവാൻ സഹായിച്ചതും..!

ശേഷം പെട്ടെന്ന് തന്നെ ,  വില്ല്യമിനും അന്നെക്കും മൂന്ന് പെണ്മക്കൾ
ഉണ്ടായി. ഇതിൽ കടിഞ്ഞൂൽ പുത്രി എലിസെബെത്ത് തോമാസ് നാഷ്
എന്ന ബിസ്സനെസ്സ് കാരനേയും , പിന്നീട് ജോൺ ബെർണാട് എന്ന പ്രഭുവിനേയും
കല്ല്യാണം കഴിച്ചെങ്കിലും മക്കളൊന്നും ഉണ്ടായില്ല.

വില്ല്യം പിന്നീട് സമ്പന്നന്നയ ശേഷം , വാങ്ങിയ വസന്ത കാല ഭവനം
ഇന്നും വിനോദ സഞ്ചാരികൾക്ക് , അന്നത്തെ തന്നെ പ്രൌഡിയോടെ
കാണുവാനായി ഇപ്പോഴും  തുറന്നിട്ടുണ്ട്.
വില്ല്യമിന്റെ രണ്ടാമത്തെ മകൾ , ഇരട്ടകുട്ടികളിലൊന്നായ ജൂഡിത്ത് ,
തോമാസ് ക്വൊയിനി എന്ന ഒരു ഇട പ്രഭുവിണെ വിവാഹം നടത്തി
മൂന്നാണ്മക്കൾ ഉണ്ടായെങ്കിലും അവരിലാർക്കും തന്നെ നീണ്ട ആയുസ്സുണ്ടായില്ല.

അതായത് വില്ല്യം സ്വരൂപിച്ച സമ്പാദ്യം കാത്ത്
രക്ഷിക്കുവാനോ , അദ്ദേഹത്തിന്റെ കഴിവുകൾ പിന്തുടരാനോ
പിൻഗാമികളായി  -ന്യൂജനറേഷനായി ,  ഒരു തലമുറ പിന്നീട് ഉണ്ടായില്ല എന്നർത്ഥം..!

ഇതിനൊക്കെ മുമ്പ് വില്ല്യമിന്റെ വളരെ മികച്ച്നിൽക്കുന്ന നാടകാവതരണങ്ങളെ പറ്റി
കേട്ടറിഞ്ഞ് , ലണ്ടനിലെ കച്ചവടക്കാരും , പ്രഭുക്കന്മാരുമെല്ലാം കൂടി , മൂപ്പരെ അങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തി , തേംസ് നദീ തീരത്ത് , അന്നത്തെ ഏറ്റവും വലിയ ഒരു നാടക ശാലയുണ്ടാക്കി വില്ല്യമിനെ അവിടെ കുടിയിരുത്തി...
അവിടെ ദിനം തോറും പരിപാടികൾ അവതരിപ്പിക്കുവാൻ
വേണ്ടി വില്ല്യം വീണ്ടും , വീറുള്ള കുറെ നാടക രചനകൾ നടത്തി.

അന്ന് ലണ്ടനിൽ വെച്ച്  വില്ല്യമിന്റെ തൂലികയിൽ നിന്നും
പിറന്നുവീണ കൃതികളെല്ലം പിന്നീട് , ലോക ക്ലാസ്സിക്കുകളായി മാറി...!

നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വില്ല്യം ഷേക്സ്പിയർ , അന്ന് , ഈ ബിലാത്തി പട്ടണത്തിൽ ആരംഭം കുറിച്ച ആ ഗ്ലോബ് തീയ്യേറ്റർ  അതേ പ്രൌഡിയോടെ ഇന്നും ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ  എന്നും വന്ന് നിറഞ്ഞാടിയിട്ട് , ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കാണികളുടെ   കയ്യടി സ്വീകരിച്ച് , വീണ്ടും വീണ്ടും വേദിയിൽ വന്നുകൊണ്ടിരിക്കുവാൻ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നുമെന്നും...!

ലണ്ടനിലുള്ള ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്റർ   നാനൂറ് കൊല്ലം
മുമ്പ് ലണ്ടൻ പട്ടണത്തിനുള്ളിൽ തേംസ് നദീ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള
ഏറ്റവും വലിയ ഒരു നാടക ശാലയായിരുന്നൂ...!

പ്രഭുക്കന്മാർക്കും , മറ്റു മേലാളന്മാർക്കുമൊക്കെ വിസ്താരമായി
മട്ടുപ്പാവിലിരുന്ന് കൺകുളിർക്കെ നാടകം കണ്ടാസ്വദിക്കുവാൻ വേണ്ടി
ഉണ്ടാക്കിവെച്ച ഒരു നാടകാചര്യന്റെ പേരിലുള്ള ഈ തട്ടകം ... !

മറ്റ് കീഴാളന്മാർക്കും , തൊഴിലാളികൾക്കു മൊക്കെ ആ പരിപാടികൾ
നിലത്ത് , നിന്ന്  - മാത്രം കാണുന്നതിനായി വേദിയുടെ , മൂന്ന് ഭാഗങ്ങളിലും ,
സ്റ്റാന്റിങ്ങ് വേർഷനുകളുമൊക്കെയായാണ് ,അന്നാ ആ ഓഡിറ്റോറിയം രൂപ കല്പന
ചെയ്തിരുന്നത് ..


അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ നമ്മുടെ നാട്ടിലെ പോലെ കൂത്തും ,
കൂടിയാട്ടവും , കളിയരങ്ങുകളും , മറ്റ് കെട്ട് കാഴ്ച്ചകളുമൊന്നുമില്ലാതിരുന്നല്ലോ,
രംഗവേദികളിൽ  വിനോദോപാധിക്കായി ആളുകളെ ആനന്ദത്തിൽ ആറാടിപ്പിക്കുന്ന കലാരൂപങ്ങൾ നാടകവും , ബാലെറ്റും മാത്രമായിരുന്നു ...
ഇവിടത്തുക്കാർ പ്ലേയ്സ് എന്ന് ഇഷ്ട്ടപ്പെട്ട് വിളിക്കുന്ന കളികൾ ...

ഈ വേദിയിലന്ന്  ...
ലണ്ടൻ പട്ടണത്തിലേക്ക്
വരുന്നവരെ മുഴുവൻ , തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന  ദേഹമായിരുന്നു  ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!

അന്ന് മുതൽ ഈ നാടകശാല
ലോകപ്പെരുമയുള്ള ഒരു തീയ്യേറ്റർ തന്നേയാണ് ,
ഒന്നര നൂറ്റാണ്ട് മുമ്പ് പഴയ ഗ്ലോബ് കത്തി നശിച്ചപ്പോൾ  ,
അതേ രൂപ ഭാവത്തിൽ തന്നെ  , ഈ ഗ്ലോബിനെ തേംസിന്റെ
അങ്ങേ കരയിൽ നിന്നും , ഇക്കരേക്ക് മാറ്റി പണിതു ...

ലോക മഹായുദ്ധങ്ങളുടെ ഇടയിൽ ചില ബ്രേക്കുകൾ
വന്നതല്ലാതെ , കൃസ്തുമസ് കാലത്തുള്ള ഒഴിവുകളല്ലാതെ ,
മറ്റെല്ലാ ദിനങ്ങളും  , ഈ മഹാനായ സാഹിത്യ വല്ലഭന്റെ , വിശ്വ വിഖ്യാതമായ കഥാപാത്രങ്ങൾ മുഴുവൻ മാറി മാറി വരുന്ന നാടകങ്ങൾ കാണൂവാനായിട്ട് ,  ഭൂലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ആളുകൾ തിങ്ങി നിറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണെന്നും ...!

പലപ്പോഴും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണെങ്കിലും ആംഗലേയത്തോടൊപ്പം , പല ലോക ഭാഷകളാൽ  സംഭാഷണം ചൊല്ലിയാടുന്നവരായിരിക്കാം...

പല മിത്രങ്ങളുമായി , നിരവധി തവണ ,
ഷേക്സ്പിയർ  നാടകങ്ങൾ , ഈ ഗ്ലോബിൽ പോയി ...
തറ റ്റിക്കറ്റെടുത്താണെങ്കിലും  (സ്റ്റാൻഡിങ്ങ്) കാണ്ടാസ്വദിക്കുവാൻ സാധിച്ചതൊക്കെ എന്റെ ഒരു മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത് ...!


 സാധാരണ സ്റ്റേജ് നാടകം കാണുന്ന പോലെയൊന്നുമല്ല , ഇവിടത്തെ
നാടകാവതരണങ്ങൾ ...  ഭാഷയൊന്നും ആർക്കും ഒരു പ്രശ്നമേ ആവാറില്ലിവിടെ ...
അത്രക്കുണ്ടാകും ആയതിന്റെയൊക്കെ അവതരണ ശൈലികൾ ...
ചിലപ്പോൾ നമ്മുടെ അരികിൽ ഇരിക്കുന്നവർ തന്നെ കോ‍ട്ടൂരി വേഷപ്പകർച്ച
വരുത്തി വേദിയിൽ ചാടി കയറുമ്പോൾ നമ്മൾ ചിലപ്പോൾ ഞെട്ടി പോകും...!

ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്ററിൽ  ( ദേ ഇവിടെ
മനോജ് രവീന്ദ്രന്റെ വിവരണം വായിക്കുക ) നാടകം വീക്ഷിക്കൽ ..
ഒരു അനുഭവം  തന്നെയാണ് കേട്ടൊ കൂട്ടരെ
കഴിഞ്ഞ മാസം ഇമ്മടെ പച്ചമലയാളത്തിൽ
ഫ്രാൻസിൽ നിന്നും വന്ന നമ്മുടെ ചുള്ളന്മാരും , മദാമമാരും കൂടി ,  ഒരാഴ്ച്ചയോളമാണ് ഷേക്സ്പിയറുടെ ‘ഇന്ത്യൻ ടെമ്പസ്റ്റ്’ , ഈ ലണ്ടൻ ഗ്ലോബിൽ , നിറഞ്ഞ് കവിഞ്ഞ ലോക കാണികൾക്ക് മുമ്പിൽ  അവതരിപ്പിച്ച് അവരുടെയെല്ലാം പ്രശംസ പിടിച്ച് പറ്റിയത്..!

നമ്മളൊക്കെ ഒരു രംഗ വേദിയിലേയും നടന്മാരോ ,
നടികളോ , ബാല താരങ്ങളോ മറ്റോ അല്ലെങ്കിലും ജീവിത മെന്ന
നാടകത്തിൽ എന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണല്ലൊ..അല്ലേ

എത്രയെത്ര പറഞ്ഞാലും , എഴുതിയാലും
തീരാത്തത്ര രംഗങ്ങൾ  ഇനിയുമിനിയും ബാക്കിയിതാ
നീണ്ട് നീണ്ടങ്ങിനെ നിവർന്ന് കിടക്കുന്ന കാഴ്ച്ചകളാണല്ലോ എങ്ങുമെങ്ങും ...
അതെ
നമ്മുടെയൊക്കെ
ജീവിതം തന്നെ അസ്സലൊരു
നാടകമാണ് ... നാടകമേ ഉലകം...!


Monday 15 July 2013

ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ ... ! / Englandile Alppasalppam Indian Mahalmyangal ... !

ഇവിടെ ഈ ഇംഗ്ലണ്ടിലും ,
മറ്റും നമ്മുടെ  ഇന്ത്യൻ ഉപനിഷത്തുകളെ
കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ, തനി
ഭാരതീയനായ എന്നേക്കാൾ  കൂടുതൽ ജ്ഞാനമുള്ള എത്രയെത്ര പാശ്ചാത്യരായ വിജ്ഞാനികളേയാണ് ഞാൻ എന്നുമെന്നോണം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ  ചിലപ്പോൾ വിശ്വസിച്ചെന്ന് വരില്ല...

പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തനിമകളെല്ലാം , നാം നമ്മുടെ ജീവിത രീതികളിലേക്ക് അനുകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ...
നമ്മുടെ പുണ്യ പുരാതനമായ  , വളരെ ബൃഹത്തായ ഗുണമേന്മകളുള്ള സാംസ്കാരിക സമ്പന്നമായ ചിട്ട വട്ടങ്ങളെല്ലം ഈ പടിഞ്ഞാറങ്കാർ സ്വന്തം ജീവിത രീതികളിലേക്ക് കോപ്പി & പേയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ കൂട്ടരെ.

ഉദ്ദേശം പതിനായിരം വർഷങ്ങൾക്ക് മുമ്പ്
ഭാരതീയ നദീ തടങ്ങളിൽ നിന്നും ആവിർഭവിച്ച
ആധുനിക മാനവിക വിജ്ഞാന സംസ്കാരമാണല്ലൊ , ഭൂലോകത്തെ പ്രഥമ സിവിലൈസ്ഡ് മാൻ ഹിസ്റ്ററികളിൽ എടുത്തുപറയാവുന്ന ഒരു ആധുനിക മാനവ ചരിതം അല്ലേ...

പിന്നീട് നാലഞ്ച് സഹസ്രങ്ങൾ  കഴിഞ്ഞപ്പോൾ ...
ഇന്നുള്ള സകലമാന മതങ്ങളെല്ലാം , പൊട്ടി മുളക്കുന്നതിന് മുമ്പ് ഭാരതമണ്ണിൽ നിന്നും ഉടലെടുത്ത സനാതന സാംസ്കാരിക തലങ്ങളിൽ  നിന്നും , വാമൊഴി ശ്ലോകങ്ങളാൽ തലമുറകൾ കൈമാറിയിട്ട് ,  പിന്നീട് ലോകത്തിലെ ഇന്നുള്ള  പല ഭാഷകളുടേയും പോറ്റമ്മയായ  സംസ്കൃതത്താൽ  ,  പല ഋഷിമാരാലുമെഴുതപ്പെട്ട വേദോപനിഷത്തുകളുമൊക്കെയാണ് മനുഷ്യ കുലത്തിനും , ശാ‍സ്ത്രങ്ങൾക്കുമൊക്കെ ഇന്ന് കൈവരിച്ച ഈ പുരോഗതികളിലേക്കൊക്കെ വഴികാട്ടികളായിട്ടുള്ളത്...!

ഇന്ന് ലോകത്തിന് ശാസ്ത്രലോകം സമ്മാനിച്ചിരിക്കുന്ന ഒട്ടുമിക്ക
കണ്ടുപിടുത്തങ്ങളും കൈവരിക്കുവാൻ അവർക്കൊക്കൊക്കെ സാധിച്ചത്
പുണ്യപുരാതനമായ ഭാരതീയ വേദങ്ങളടക്കമുള്ള പല ഗ്രന്ഥങ്ങളുമാണെന്ന്
അവർ തന്നെ , ഇന്ന് സമ്മതിക്കുന്നുമുണ്ടല്ലൊ

വളരെ വിശദമായി ഉദാഹരണ സഹിതം ...
നല്ല ഹോം വർക്ക് നടത്തി എഴുതേണ്ട ഒരു ആലേഖനം തന്നെയാണിത്

ഇതിന്റെ മുഖവുരയായി ഒരു വായനക്ക്
പകരം പത്ത് മിനിട്ട് കാഴ്ച്ച  കണ്ടുള്ള ഒരു കേൾവിയാണ്
ഞാൻ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്..
 ചാലക്കുടിക്കാരൻ‘മെൽബിൻ സുരേഷ്‘  അവതരിപ്പിച്ചിട്ടുള്ള
ഒരു ‘ഇന്ത്യാ ടോക്ക്’ എന്ന വീഡിയോയിൽ  കൂടി  , നമ്മുടെ സനാധന
ധർമ്മത്തിനെ ലോകം എങ്ങിനെയൊക്കെ വിലയിരുത്തി എന്നതിനെ കുറിച്ചുള്ള
കാഴ്ച്ചകൾ നിങ്ങളൊക്കെ അപ്പോൾ  ,  തീർച്ചയായും കണ്ടു നോക്കണം

അതായത് ഈ വായനയിൽ ഉള്ളതിനേക്കാൾ കാര്യ വിവരങ്ങൾ ‘യൂ-ട്യൂബ്
വീഡിയോ ‘ കാഴ്ച്ചയിലൂടേയും , കേൾവിയിലൂടേയും ഏവർക്കും മനസ്സിലാക്കാം...
 https://www.youtube.com/watch?v=nmUTgfXdfc0



നന്ദി..കേട്ടൊ മെൽബിൻ .
ഇനി  തൽക്കാലം ഞാനിവിടെ ബിലാത്തിയിൽ
കണ്ടതും കേട്ടതുമായ  പല ഭാരതീയ  ചിട്ടവട്ടങ്ങളിൽ
ആകൃഷ്ട്ടരായി, ആയതൊക്കെ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന
ഇവിടത്തെ പുത്തൻ സമൂഹത്തിലേക്ക് വെറുമൊരു എത്തിനോട്ടം
നടത്തുക മാത്രം ചെയ്യുകയാണിപ്പോൾ

കുറച്ചു നാൾ മുമ്പ് ജർമ്മനിയിലെ സെന്റ് .ജോർജ്
യൂണിവേഴ്സിറ്റിയിലെ ഗവേഷകരടക്കം , പല പാശ്ചാത്യ
ശാസ്ത്രജ്ഞരും , ഇംഗ്ലണ്ടിലുള്ള ഓക്സ്ഫോർഡ്  യൂണി
വേഴ്സിറ്റിയിലെ ഗവേഷകരും കൂടി , ആ സർവ്വകകലാശാലയിൽ
ഇന്നും വളരെഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന , നൂറ്റാണ്ടുകൾക്ക്
മുമ്പ് നമ്മുടെ നാട്ടിൽ നിന്നും പണ്ട് കൊണ്ടുവന്നിട്ടുള്ള അമൂല്യമായ
പല താളിയോല ഗ്രന്ഥങ്ങളെല്ലാം പുന:പരിശോധന നടത്തുകയും , ആധുനികമായ ബ്ലൂറേയ്  സി.ഡി കളിലേക്ക് പകർത്തി വെക്കുകയുമൊക്കെ ചെയ്തകാര്യങ്ങൾ , അവിടെ ഗവേഷകനായി ജോലിചെയ്യുന്ന , ബിലാത്തിയിൽ ജനിച്ചുവളർന്ന ‘സനലാ‘ണ് ഞങ്ങളോടൊരിയ്ക്കൽ
ഒരു ചർച്ചക്കിടയിൽ പറഞ്ഞത്.

ഏതാണ്ട് ഏഴ് കൊല്ലം മുമ്പ്  ‘ഐ.ബി.എം‘ ന്റെ ഒരു വെയർ ഹൌസിൽ സെക്യൂരിറ്റി ഗാർഡായി വർക്ക് ചെയ്യുന്ന അവസരത്തിൽ , അവിടെയുണ്ടായിരുന്ന ഒരു വെയർ ഹൌസ് ഓപ്പറേറ്റീവായ റഷ്യക്കാരനായ ‘അലക്സ് വാസ്കോവ്‘ ന്റെ കൈയ്യിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഭഗവത് ഗീതയുടെ , ഒരു റഷ്യൻ പരിഭാഷ കണ്ടപ്പോൾ ഞാൻ തീർത്തും ഞെട്ടിപോയിട്ടുണ്ട്...
പിന്നീടാണെനിക്ക് മനസ്സിലായത്  പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനം മുതൽ തന്നെ യൂറോപ്പിലെ ഏതാണ്ടൊരുവിധം ഭാഷകളിലേക്കും ഭഗവത് ഗീതയും മറ്റും പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നത് . പിന്നീട് തിയോഫിസിക്കൽ മൂവ്മെന്റ്‌ ( Theosophical Society )മുഖാന്തിരവും മറ്റും പല ഭാരതീയ പുരാണങ്ങളുടേയും മഹത്വങ്ങൾ പാശ്ചാത്യർ തൊട്ടറിയുകയും - ആയതിനെ കുറിച്ചൊക്കെ ധാരാളം അന്വേഷണങ്ങളും , ഗവേഷണങ്ങളുമൊക്കെ നടത്തുകയും  ചെയ്തിരുന്നു ...

എന്ത് പറയുവാൻ നമ്മുടെ ഉപനിഷത്തുകളെ കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ , തനി സസ്യാഹാരിയും യോഗഭ്യാസിയുമായ അവനുള്ളതിന്റെ പകുതി അറിവുപോലും എനിക്കുണ്ടായിരുന്നില്ല എന്നത് ഒരു വാസ്തവമുള്ള കാര്യമായിരുന്നു...!

നമ്മുടെ നാട്ടിലൊന്നും ഈയിടെ തീരെ ഡിമാന്റില്ലാതായ സനാധന
ഭാഷയായ സംസ്കൃതം  ( ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ )പോലും ,
ഇപ്പോൾ ഇവിടെ ചില വിദ്യാലയങ്ങളിലൊക്കെ  നിർബ്ബന്ധമായും  പഠന വിഷയമാക്കിയിരിക്കുകയാണ് ...!

പിന്നീടൊരിക്കൽ പുതിയ പണി കിട്ടിയ ശേഷം ഒരു അന്വേഷണത്തിന്റെ ഭാഗമായി , നോർത്താംട്ടനിലുള്ള ,  വെള്ളക്കാർ മാത്രമുള്ള ഒരു വില്ലേജിൽ കുറച്ചുകാലം താമസിക്കേണ്ടി വന്നപ്പോൾ , ദിവസവും അവിടത്തെ ‘കമ്മ്യൂണിറ്റി സെന്ററി‘ൽ യോഗ പരിശീലനത്തിന് എത്തുന്ന ആൾക്കൂട്ടത്തെ കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്...
ഒപ്പം അവിടെയുള്ള ലൈബ്രറിയിൽ നമ്മുടെ  വേദോപനിഷത്തുകളുടെ
സി..ഡികളും , വേദാന്ത പുസ്തകങ്ങളുമൊക്കെ നിറയെ ഇരിക്കുന്നത്  കണ്ടിട്ടുമാണത് കേട്ടൊ .

ഇന്ന് ബ്രിട്ടനിലുള്ള ഒട്ടുമിക്ക ‘ലിഷർ സെന്ററുക‘ളിളും
മെഡിറ്റേഷൻ കം യോഗാഭ്യാസ പരിശീലനവും നടത്തിപ്പോരുന്നുണ്ട്.
നമ്മ മല്ലൂസ്സടക്കം പല ഇന്ത്യൻസും അവിടങ്ങളിലൊക്കെ സ്ഥിരം പോയി പങ്കെടുക്കുന്നുമുണ്ട്.

നമ്മുടെ നാട്ടിലെയൊക്കെ ഫിലീം സ്റ്റാറുകളേക്കാൾ വടിവും,
മികവുമൊക്കെയുള്ളവരുടെ കൂടെ കിടന്ന് യോഗ ചെയ്യല് , ഒരു ‘തിന്നാൻ‘
കിട്ടാത്ത മുന്തിരിയാണേങ്കിലും അതിനും ഒരു യോഗം സിദ്ധിക്കുന്നുണ്ടല്ലൊ ..അല്ലേ

ഇതൊന്നും വേണ്ട ...
യു.കെയിലെ നാഷ്ണൽ ഹെൽത്ത് ആശുപത്രികളി (എൻ.എച്ച്.എസ് ) ലെ ഒരു മുഖ്യ ചികിത്സാ രീതി തന്നെ ,ഇപ്പോൾ യോഗാ കം പ്രകൃതി  ചികിത്സാ മെത്തേഡിലേക്ക് ചുവടുമാറ്റം നടത്തിയിട്ട് അതിന് വേണ്ടി , ഒരു വിഭാഗം തന്നെ തുടങ്ങി വെച്ചിരിക്കുകയാണിപ്പോൾ ..

ഇപ്പോൾ.കുട്ടികളടക്കം, നമ്മള്ളൊക്കെ
അസുഖം മൂലം ഡോക്ട്ടറെ (ജി..പി ) കാണുവാൻ പോയാൽ ആദ്യം ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനുവേണ്ടി, ‘ആന്റിബയോട്ടിക്കു‘കൾക്ക് പകരം
‘ഹോം റെമഡീസ്‘ ആയ ചൂടുപിടിക്കൽ , ആവി കൊള്ളൽ , തേൻ, ചെറുനാരങ്ങ , വെളുത്തുള്ളി മുതലായ ചേരുവകൾ ചേർത്ത വീട്ടുമരുന്നുകൾ സേവിക്കുവാൻ ഉപദേശിച്ച് , കുറച്ച് ‘പാരസറ്റമോൾ‘കൂടി വേണമെങ്കിൽ ഉപയോഗിച്ചുകൊള്ളുക എന്ന് പറഞ്ഞിട്ടായിരിക്കും ആദ്യ പരിശോധനക്ക് ശേഷം നമ്മെയൊക്കെ തിരിച്ചയക്കുക...!

പിന്നെയിപ്പോൾ ഇവിടെയുള്ള മുപ്പതു
ശതമാനത്തോളം ആളുകളും ഇപ്പോൾ കൂണു പോലെ മുളച്ചുപൊന്തി കൊണ്ടിരിക്കുന്ന നമ്മുടെ ആയുർവേദ ക്ലീനിക്കുകളിലേക്കും , വെബ് സൈറ്റുകളിലേക്കും ചികിത്സകൾ പറിച്ചു നട്ടിരിക്കുകയാണിപ്പോൾ എന്നതാണ് മറ്റൊരു കൌതുകകരമായ വാർത്ത ..

നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്ങൾ വന്ന് തുടങ്ങിയപ്പോൾ , ഇവിടെ സ്ഥിരമായുണ്ടായിരുന്ന മസ്സേജ് സെന്ററുകളുടെ വയറ്റത്താണ് ആയതിന്റെ അടി കൊണ്ടത്...!

എന്തായാലും തൈല ലേപനത്തിന് ശേഷമുള്ള നമ്മുടെ തടവൽ
ഇവർക്കൊക്കെ റൊമ്പ പിടിച്ചിരിക്കത് എന്നത് ഇത്തരം തിരുമൽ കേന്ദ്രങ്ങളിലെ
തിക്കും തിരക്കും കണ്ടാൽ ആർക്കും തീർച്ചയായും തിരിച്ചറിയാവുന്ന സംഗതികളാണ് .!

എന്തിന് പറയാൻ എന്റെ അയലക്കക്കാരനായ ഒരു മലയാളി ചേട്ടായി ,ബ്രിട്ടീഷ് ബേക്കേഴ്സിലെ പണി വേണ്ടാന്ന് വെച്ച് , അതിന്റെ പകുതി കാശ് പോലും കിട്ടാത്ത തടവൽ ക്ലീനിക്കിൽ തലോടാൻ പോയിനിൽക്കുകയാണ് ...!


ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!

ഇതുപോലെ തന്നെയാണ് തനി ഭാരതീയ സസ്യാഹാരങ്ങളോടുള്ള
ഇവിടെയുള്ളവരുടെയൊക്കെ ആർത്തിയും, കൊതിയും മറ്റും കേട്ടൊ.
ഇതൊക്കെകൊണ്ടായിരിക്കാം ഇവിടെ എന്നുമെന്നും എപ്പോളും കിട്ടിക്കൊണ്ടിരുന്ന
ജങ്ക് ഫുഡ് കൾക്ക്  പകരം  മലയാളികളുടേതടക്കം അനേകം ഭാരതീയ ഭോജന ശാലകൾ ഇവിടെ മുളച്ചുപൊന്തികൊണ്ടൊരിക്കുന്നത്..!

ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറുള്ള സഹ പ്രവർത്തകയായ ഒരു മദാമ്മ പെണ്ണ് , ലഞ്ച്
സമയത്ത് , ഒരു കോപ്പ അവയൽ അഥവാ സാമ്പാർ പ്ലസ് ഒരു സ്പൂൺ ചോറ് ,
ബിയറിന് പകരം ഒരു പൈൻഡ് രസം, പിന്നെ രണ്ട് പപ്പടവും കഴിച്ച് ഏമ്പക്കം വിട്ട് , ഫുൾ സാറ്റിസ്ഫൈഡ് ആകുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നേയാണ് ..!

പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം  ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം
ഈ അവസരത്തിൽ ഞാൻ ,  ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?


ഇരുപത് വർഷത്തിൽ മേലെ ഇന്ത്യയിൽ
പഠിച്ച്  വളർന്നിട്ടും , നമ്മുടെ സംസ്കാരത്തിന്റെ ഗുണമേന്മകൾ ശരിക്കും മനസ്സിലേക്ക് ആവഹിക്കുവാൻ പറ്റിയത് , യു.കെയിൽ വന്നശേഷമാണെന്നാണ് ; ലണ്ടനിൽ ഉപരി പഠനത്തിനെത്തിയ വിദ്യാർത്ഥികൾ ഒന്നടങ്കം , ഈയിടെ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി അങ്കണത്തിൽ,  അവരുടെ ബിരുധാനന്തര ചടങ്ങിൽ വെച്ച് വ്യക്തമാക്കിയത് ഈയ്യിടെ കൈയ്യടികൾ ഏറ്റ് വാങ്ങിയ ഒരു സംഭവമാണ് ..!

ഇനി  2011 -ൽ ഇവിടെ നടത്തിയ സെൻസസ്
കണക്കുകൾ  വ്യക്തമാക്കിയ ഒരു കാര്യം കൂടി പറയട്ടേ..
.
ലണ്ടനിലുള്ള പത്ത് പേരിൽ അഞ്ചുപേരും ഈ ഗ്രേറ്റ് ബ്രിട്ടൻ കാർ അല്ലത്രേ
ബാക്കിയുള്ള ആ ഐവർ സംഘത്തിലെ നലാളോളും ഇന്ത്യൻ വംശജരാണുപോലും..

ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു 
പോലെ , ലോകത്തിന്റെ സാംസ്കാരിക നഗരമായ ഈ ലണ്ടനിലും
ഒരു വിധം പ്രൊഫഷണൽ -സെമി പ്രൊഫഷണൽ ജോലിക്കാരെല്ലാം 
നമ്മുടെ ഭാരതീയ കുടിയേറ്റ / പ്രവാസികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്
അതായത്...
ബിലാത്തിയിലെ ഏത് തൊഴിൽ രംഗമെടുത്താലും 
ചുക്കില്ലാത്ത കഷായമെന്ന  പോൽ , ഒരു ഇന്ത്യൻസ് മേമ്പൊടിയില്ലാത്ത 
തൊഴിൽ മേഖല ഇവിടെ ഇല്ലെന്ന് തന്നെ പറയാം...
പ്രത്യേകിച്ച് പ്രൊഫഷണൽ രംഗങ്ങളായ ഐ.ടി മേഖലകളിലും , ടീച്ചിങ്ങ് രംഗങ്ങളിലും , ആരോഗ്യപരിപാലന വിഭാഗങ്ങളിലും ( ഡോക്ട്ടേഴുസ് / നേഴ്സസ് / ഹെൽത്ത് ടെക്നിഷ്യൻസ്,....) , ഹോട്ടൽ & റെസ്റ്റോറന്റ് ശൃംഗലകളിലെല്ലാം ഭാരതീയ വംശജരെ കഴിഞ്ഞേ മറ്റേതൊരു വംശീയ വിഭാഗത്തിനും സ്ഥാനമുള്ളൂ എന്നർത്ഥം..!

Art of Living with Miserable Life...!
പിന്നെ ഒരു കാര്യം എനിക്കിപ്പോൾ ഉറപ്പിച്ചു
പറയുവാൻ സാധിക്കും.  കുറെ  കൊല്ലങ്ങളായി
ഇന്ത്യയിലല്ല ഞാൻ ഉപജീവനം നടത്തുന്നത് എങ്കിലും ,
നാട്ടിൽ പോലും കിട്ടാത്ത തനി ഭാരതീയമായ കാഴ്ച്ചപ്പാടുകളുടെ
തൊട്ട് തലോടലുകൾ ഏറ്റുകൊണ്ടാണ് എന്നുമെന്നോണം ഇവിടെ
ഈ ലണ്ടനിൽ ജീവനം നടത്തികൊണ്ടിരിക്കുന്നു എന്ന ഒരു വസ്തു നിഷ്‌ഠമായ ഒരു കാര്യം .
അതെ ,അന്നും ... ഇന്നും ... എന്നും     
ഐ  പ്രൌഡ്  ടു  ബി  ഏൻ  ഇന്ത്യൻ  ...!

Thursday 28 February 2013

ഒരു പ്രണയ തീരം ... ! / 0ru Pnanaya Theeram ... !

‘പ്രണയ തീരം‘ എന്നത് , എന്റെ നാടായ
കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്...
ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി
കൊണ്ടിരുന്ന  ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം ...!

പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള
സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ...
ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ ...

മൂന്നര പതിറ്റാണ്ട് മുമ്പ് , തൃശൂരുള്ള  ഒരു വമ്പൻ തുണിപ്പീടികയിലെ മൊത്ത കച്ചവടവിഭാഗത്തിൽ കണക്കെഴുത്തുകാരനായിരുന്ന പെരേപ്പാടൻ ജോണ്യേട്ടൻ ,നെല്ലിക്കുന്നിലെ തന്റെ തറവാട് , ഭാഗം വെച്ച്കിട്ടിയ പൈസകൊണ്ട് , കണിമംഗലത്തെ ‘മുണ്ടേപ്പാട്ട് മന‘ക്കാരുടെ കയ്യിൽ നിന്നും ഒരു പത്ത് പറ കണ്ടം വാങ്ങി , പുര വെച്ച് , പുത്തനച്ചിയായ സുന്ദരിയായ സിസിലേടത്തിയുമായി പാർപ്പിടം തുടങ്ങിയ സ്ഥലത്താണ് ഈ ‘പ്രണയ തീരം‘ കുടികൊള്ളുന്നത്...

പണ്ട് ; മനക്കാരിവിടെ ഞാറ് നടാനും, ശേഷം ഇടവിളകളായി
പയറ് , ഉഴുന്ന് , മുതിര, എള്ള് , കൂർക്ക മുതലായ  കൃഷികളൊക്കെ
ചെയ്യുവാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്...

അവിടത്തെയൊക്കെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ
പുതുതലമുറ,  തൊട്ടടുത്ത തൃശൂർ ടൌണിലെ , പീടിക തൊഴിലാളികളും ,
മറ്റുമായി അവരുടെയൊക്കെ തൊഴിൽ മേഖല പറിച്ചു നട്ടപ്പോൾ , മനക്കാരുടെ
തരിശായി കിടന്ന ആ പാട്ട ഭൂമിയാണ് ജോണ്യേട്ടന് , ചുളു വിലക്ക് , അന്ന് കിട്ടിയത്...!

ഈ പരിസരത്തുള്ള കണ്ടങ്ങളിലും മറ്റും , ബാല്യകാലങ്ങളിലൊക്കെ
മഴക്കാലത്ത് തൊട്ടടുത്ത കടാംകുളത്തിൽനിന്നും വെള്ളം ഒഴുകിവരുന്ന
വലിയ തോട്ടിലും , ചെറിയോട്ടിലുമൊക്കെ  ഞങ്ങളൊക്കെ എത്ര തവണ കുത്തിമറിഞ്ഞ് നീന്തിയും, കുളിച്ചും, കളിച്ചും,  മീൻ പിടിച്ചും അടിച്ച് തിമർത്ത്  വിളയാടിയതൊക്കെ ഈ വേളയിലിപ്പോൾ ഓർമ്മയിലേക്ക് ഓളം തല്ലി ഓടിയെത്തികൊണ്ടിരിക്കുകയാണ്...

നമ്മുടെ ജോണ്യേട്ടൻ , പിന്നീട് വീടുപണിയൊക്കെ  തീർന്നതോടെ കടം മൂലം വീർപ്പുമുട്ടിയപ്പോൾ , കണിമംഗലം സ്കൂളിലെ വിശാലാക്ഷി ടീച്ചർക്കും , ഭർത്താവ് മേനേൻ മാഷ്ക്കും , ആ സ്ഥലത്തുനിന്നും , 50 സെന്റ് സ്ഥലം , അപ്പോൾ മുറിച്ച് വിറ്റു.

അവിടെ മേനോൻ മാഷ് പണിതീർത്ത ഒരു ‘ത്രീ ബെഡ്
റൂം ടെറസ്‘ വീടിനിട്ട പേരാണ് കേട്ടൊ ഈ ‘പ്രണയ തീരം‘...

ലീഡർ കരുണാകരന്റെ വാഗ്ദാനത്താൽ  , പോലീസ് ഇൻസ്പെക്ട്ടർ
ഉദ്യോഗം മോഹിച്ച്, അത് കിട്ടാതെ വന്നപ്പോൾ കൊഴകൊടുത്ത് , കണിമംഗലം
എസ്.എൻ ഹൈസ്കൂളിൽ കണക്കദ്ധ്യാപകനായി തീർന്ന ചുള്ളനായ  ഈ മേനോൻ
മാഷിനെ , ആ സ്കൂളിലെ തന്നെ ടിപ്പ് ചുള്ളത്തിയായ വിശാലാക്ഷി ടീച്ചർ,  അനുരാഗ വിലോചനയായി  ; തന്റെ വിശാല മായ അക്ഷികൾ കൊണ്ട് വശീകരിച്ച് , പിന്നീടെപ്പോഴോ കല്ല്യാണത്തിലെത്തിക്കുകയായിരുന്നു...!

അന്യജാതിയിൽ പെട്ട ഒരുവളെ , കെട്ടിയപ്പോൾ മേനോൻ മാഷിന്റെ ,
മാളയിലുള്ള വീട്ടുകാരും , മാഷെ പുറത്താക്കി വാതിൽ കൊട്ടിയടച്ചു. അങ്ങിനെയാണ്
മേനേൻ മാഷ് തന്റെ പ്രണയ തീരം , ഞങ്ങളുടെ കണിമംഗലത്ത്  പണിതുയർത്തിയത്.

നല്ലോരു കൃഷി വല്ലഭർ കൂടിയായ ജോണ്യേട്ടനും , ഭാര്യ
സിസിലേടത്തിക്കും , സ്വന്തം ബന്ധുക്കളേക്കാൾ പ്രിയപ്പെട്ടവർ
തന്നെയായിരുന്നു ഈ വിരുന്നുവന്ന നല്ല അയലക്കക്കാർ , അതുപോലെ
തന്നെയായിരുന്നു ഈ ടീച്ചർ ദമ്പതികൾക്ക് അവരും...

കൃഷി തല്പരനായ മാഷും കൂടി ചേർന്നപ്പോൾ ,വളരെ കുറഞ്ഞസമയം
കൊണ്ട് അവരുടെ  പുരയിടം ഒരു ജൈവ കൃഷിയിടമായി മാറി ...

വീക്കെന്റുകളിലും , മറ്റും ഈ നാല് അദ്ധ്വാനികളേയും ; കളയും,   നനയും
മൊക്കെയായി എപ്പോഴും അവരുടെ പുരയിടങ്ങളിൽ കാണാറുണ്ട്...

പിന്നീട് മാഷ് വളർത്തിയ പശുവും, സിസിലേടത്തിയുടെ ആടുകളും
ആ പരിസരത്തൊക്കെ ശുദ്ധമായ പാലിന്റെ ഒരു ധവള വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.

ആട്ടുമ്പാല് , നാടൻ കോഴിമുട്ട , നല്ല നാടൻ പച്ചക്കറികൾ
എന്നിവയൊക്കെ വാങ്ങാനും മറ്റും നാട്ടുകാരാരെങ്കിലും എപ്പോഴും
ആ വീടുകളിലുണ്ടാകും ...
കുട്ടിക്കാലത്തൊക്കെ ആ പുരയിടത്തിലുള്ള ‘കാള തേക്കും , കൊട്ട തേക്കു‘
മൊക്കെ കണ്ട് രസിക്കാൻ ഞങ്ങൾ അവിടെ ചിലപ്പോഴൊക്കെ ചേക്കേറാറുണ്ട് . 

അവിടെ വിളയുന്ന മത്തനും , കുമ്പളവും, അമരക്കായും,
ചീരയും, വഴുതനയും , പപ്പായും, വെണ്ടക്ക, മുരിങ്ങക്ക എന്നിവയൊക്കൊ
അപ്പപ്പോൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു...

ജോണ്യേട്ടന്റെ മക്കളായ ഡെന്നീസിനും, ഡെൽബർട്ടിനും മറ്റൊരമ്മയായിരുന്നു വിശാലാക്ഷി ടീച്ചറായ ടീച്ചറമ്മ , ഒപ്പം ഡെൽബർട്ടിന്റെ സമ പ്രായക്കാരിയായി ടീച്ചറമ്മക്കുണ്ടായ ശ്രീദേവിക്കും , പിന്നീടുണ്ടായ ദേവദാസിനും ഈ അയലക്കക്കാർ അമ്മച്ചിയും , അപ്പച്ചനും തന്നെയായിരുന്നു...!

ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച്ചിടുന്ന പൂക്കളങ്ങൾ,
കൃസ്തുമസ്സിന് രണ്ട് വീട്ടിലും ഉയർത്തുന്ന നക്ഷത്രങ്ങൾ...
പെരുനാളും, പൂരവും, ഓണവും , ഈസ്റ്ററും , വിഷുവും, കൃസ്തുമസ്സുമൊക്കെ
ഒന്നിച്ച്   കൊണ്ടാടുന്ന ഈ രണ്ട് വീട്ടുകാരും , നാട്ടിലെ ഏറ്റവും നല്ല മാതൃകാ
അയൽക്കാർ തന്നെയായിരുന്നു...!

ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ
പറ്റുമോ ഇതുപോലെക്കെയുള്ള നല്ല അയൽക്കാരെ..?

കാലം ഉരുണ്ടുകൊണ്ടിരുന്നൂ...
അവരൊക്കെ ചേർന്ന്,  അന്ന് നട്ട് വളർത്തിയ പ്ലാവുകളും , മാവുകളും , സപ്പോട്ടമരവും , കട ചക്ക പ്ലാവും , ജാതി തൈകളും , പുളിമരവും, ഇരുമ്പൻ പുളി യുമൊക്കെ തഴച്ച് വളർന്ന് , പിന്നീട് ഒരു
ഫല പൂങ്കാവനമായ , അവരുടെ പുരയിടം പോലെ തന്നെ...
അവരുടെ മക്കളും വളർന്ന് വലുതായിട്ട് ബിരുദങ്ങളെടുത്ത് ആ മാതാപിതാക്കൾക്ക് അഭിമാനമായി മാറി ...

ഡെന്നീസ് പോസ്റ്റ് ഗ്രാജുവേഷൻ പാസായി...

ശ്രീദേവി ഇലക്ട്രോണിയ്ക്കൽ എഞ്ചിനീയറായി...

ഡെൽബർട്ട് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയെടുത്തു...

പിന്നെ റാങ്കോടെ പാസായി , ദേവദാസ് മെഡിക്കൽ ബിരുദമെടുത്തു...

തൊട്ടയൽവക്കത്തുള്ള സുന്ദരിയും , സുശീലയുമായ കളിക്കൂട്ടുകാരിയായ ശ്രീദേവിയോട് , ഡെന്നീസിന് ചെറുപ്പം മുതൽ തന്നെ ഒരു പ്രത്യേക തരം ആരാധനയായിരുന്നു.  ഈ ആരാധന വളർന്ന് വലുതായി പുഷ്പിക്കുവാൻ വേണ്ടി മൊട്ടിട്ടെങ്കിലും , ഒരിക്കലും ആയതൊരു പ്രണയ പുഷ്പ്പമായി വിടർന്ന് പ്രണയഗന്ധം ഒട്ടും പരത്തിയില്ല താനും..

കാരണമെന്തെന്നാൽ  ഡെന്നീസിനൊരിക്കലും തന്റെ ഇഷ്ട്ടസഖിയോട്,
അതൊന്ന് തുറന്ന് പറയുവാൻ , ഇഷ്ട്ടന്റെ ചങ്കിടിപ്പും , മുട്ട് കൂട്ടിയിടിക്കലുമൊക്കെ
കാരണം നടന്നില്ല എന്നതാണ് വാസ്തവം ...!

ആ അവസരത്തിൽ ,  ശ്രീദേവി എഞ്ചിനീയറിങ്ങ് കോളേജിലുണ്ടായിരുന്ന
തന്റെ സീനിയറായ ഒരു സഹപഠനം  നടത്തുന്ന ഒരുവനെ ജാതിയൊന്നും
നോക്കാതെ തന്നെ ജീവിത പങ്കാളിയായി തെരെഞ്ഞെടുത്തപ്പോഴാണ് ...
മൂ‍നാലുകൊല്ലം ഡെന്നീസ് തീർത്തും പ്രേമനൈര്യാശത്താൽ വിഷാദ കാമുകനായി
നടന്നതും , പ്ന്നീടെപ്പോഴൊ വെസ്റ്റേൺ റെയിൽവേയിൽ , ഗാർഡ് ഉദ്യോഗം കിട്ടിയപ്പോൾ പൂനയിലേക്ക് നാട് കടന്നതും, ശേഷം അവിടെ സെറ്റിൽചെയ്തതും ..

ഇപ്പോൾ  മൂപ്പർ  മഹാരാഷ്ട്രയിൽ ജനിച്ചുവളർന്ന സൂസിയെ കെട്ട്യോളാക്കി ,
രണ്ട് മുതിർന്ന കുട്ടികളോടൊപ്പം, ഒരു  മറുനാടൻ മലയാളിയായി പൂനയിൽ സ്ഥിര
താമസമാക്കി കഴിഞ്ഞിരിക്കുകയാണ്...

എന്നാലോ ഇദ്ദേഹത്തിനേയും  ഇഷ്ട്ടപ്പെട്ടിരുന്ന , മൂപ്പരുടെ  കടിഞ്ഞൂൽ
വൺവേ പ്രണയ നായികയായ ശ്രീദേവി , ഇന്ന്  തന്റെ മാരനും  , മക്കൾക്കുമൊപ്പം
ഡൽഹിയിൽ നല്ല ഒരു എഞ്ചിനീയർ ദമ്പതികളായി സസുഖം വാഴുന്നു.

ഡെൽബർട്ടാണെങ്കിലോ ,  കുവൈറ്റിൽ പോയ സമയത്ത് അവിടെ ജോലിയുണ്ടായിരുന്ന  ഒരു പെന്തിക്കോസ് കാരി നേഴ്സിനെ ലൈനാക്കി , എട്ട് കൊല്ലം മുമ്പ് അങ്ങോട്ട്  മാർഗം കൂടി , വിവാഹം ചെയ്ത് , രണ്ട് കൊല്ലത്തെ കുവൈറ്റിലെ  പ്രവാസം മതിയാക്കി,  ശേഷം അമേരിക്കയിലേക്ക് കുടിയേറി , ഇപ്പോൾ യു.എസിലുള്ള കാലിഫോർണിയയിലാണ്..
കുട്ടികളെ  പരിചരിക്കുന്നതിനായി ഇഷ്ട്ടന്റെ അമ്മായിയമ്മയും അവരുടെ ഫേമിലിയോടൊപ്പം അവിടെയുണ്ട് കേട്ടൊ

ദേവദാസിന്റെ കഥ , ഞാൻ സങ്കര ചരിതം എന്ന ലേബലിൽ ,
എന്റെ ബിലാത്തിപട്ടണത്തിലെ ഒരു മുൻ പോസ്റ്റിൽ എഴുതിയിട്ടിട്ടുണ്ടായിരുന്നുവല്ലോ . എം.ബി.ബി.എസ് -ന് ശേഷം , നാട്ടിലെ ഒരു അബ്ക്കാരി കോണ്ട്രാക്റ്റർ...
സ്ത്രീധനം കൊണ്ട് , ഈ പയ്യനെ വിലക്ക് വാങ്ങി , യു.കെയിലേക്ക് ഉപരി
പഠനത്തിന്  വിട്ടെങ്കിലും , ആ കല്ല്യാണം മുട്ട തട്ടെത്താതെ പിരിഞ്ഞപ്പോൾ ...

ഇംഗ്ലണ്ടിലുണ്ടായിരുന്ന , ഒരു പാക്കിസ്ഥാനി ഡോക്ട്ടറായ
സൈറയെ  നിക്കാഹ് കഴിച്ച് , ഇപ്പോൾ  യൂ.കെയിലെ ‘ഗ്ലോചെസ്റ്ററി‘ൽ
മകൻ ആദിത്യക്കൊപ്പം കുടുംബമായി സെറ്റിൽ ചെയ്തിരിക്കുകയാണ്

എന്നാൽ ജീവിതത്തിൽ ദുരന്തങ്ങൾ
എപ്പോൾ , എങ്ങിനെ വരുമെന്നാർക്കറിയാം അല്ലേ..?

കഴിഞ്ഞ കൊല്ലം 2012 - ജനുവരിയിൽ മേനോൻ മാഷുടെ , ഗഹനമായി ആഘോഷിച്ച ഷഷ്ട്ടിപൂർത്തിയാഘോഷങ്ങൾക്ക് ശേഷം പിറ്റേന്റെ , പിറ്റേന്ന് കലശലലായ നെഞ്ചുവേദനയെ തുടർന്ന് ജോണ്യേട്ടനെ , എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും , അപ്പോഴേക്കും മൂപ്പരുടെ ആത്മാവ്
നിത്യശാന്തി നേടി ഭൂലോകം വിട്ട് പോയി കഴിഞ്ഞിരുന്നൂ..!

ജീവിതത്തിൽ ഇതുവരെ , ഒരു നീരുവീഴ്ച്ച പനി വന്ന് പോലും , ഒരു ഡോക്ട്ടറേയൊ ,
ആശുപത്രി വാസമോ ഇല്ലാത്ത ആളായിരുന്നു ഈ പെരേപ്പാടൻ ജോണ്യേട്ടൻ...!

അദ്ദേഹത്തിന്റെ ആത്മാവിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നൂ...

അതിന് ശേഷം മൂന്നാല് മാസങ്ങൾക്ക് ശേഷം , ദേവദാസാണെന്നെ
വിളിച്ച് പറഞ്ഞത് ; സ്വന്തം അമ്മയുടെ  രോഗവിവരം - ഗർഭപാത്രത്തിലുണ്ടായ
ഒരു മുഴയെ തുടർന്ന് യൂട്രസ് എടുത്ത് കളയുന്ന സമയത്ത് നടത്തിയ ബയോപ്സിയുടെ
റിപ്പോർട്ടിൽ വിശാലാക്ഷി ടീച്ചറുടെ ശരീരത്തിൽ വ്യാപിച്ച അർബ്ബുദരോഗത്തെ കുറിച്ച് !

അമല ആശുപത്രിയിൽ റേഡിയേഷൻ നടത്തുന്ന
വേളയിലൊക്കെ , ദേവദാസും കുടുംബവും , ഒന്ന് രണ്ട് തവണ
 യൂ.കെയിൽ നിന്നും ടീച്ചറേ കാണുവാൻ നാട്ടിൽ പോയി വന്നിരുന്നു.

ജോണ്യേട്ടന്റെ മരണശേഷം , വീട്ടീലെ വേലക്കാരിയോടൊപ്പം
താമസിച്ചിരുന്ന സിസിലേടത്തി തന്നെയാണ് , ടീച്ചർക്ക് എല്ലാ ആതുരശുശ്രൂഷകളും
ഒരു കോട്ടവും കൂടാതെ അപ്പോഴൊക്കെ നടത്തി പോന്നിരുന്നത് ...

പിള്ളേരുടെ  ടെന്റ്ത്ത് പഠനവും , പ്ലസ്സ് ടൂ പരീക്ഷകളുമൊക്കെ കാരണം ,
മകൾ ശ്രീദേവിക്ക് പോലും , സ്വന്തം അമ്മയെ പൂർണ്ണമായി അടുത്ത് വന്ന് ,
നിന്ന് പരിചരിക്കുവാനോ , ശുശ്രൂഷിക്കുവാനോ സാധിച്ചിരുന്നില്ല.

എന്തിന് പറയുവാൻ കഴിഞ്ഞവർഷം നവമ്പർ മാസത്തിൽ , ഒരു
നവമ്പറിന്റെ നഷ്ട്ടംപോലെ, വിശാലാക്ഷി ടീച്ചറും ഇഹലോകവാസം വെടിഞ്ഞു...

എന്റെ പ്രിയപ്പെട്ട ഈ ടീച്ചറുടെ പുണ്യാത്മാവിന്
എന്നുമൊന്നും നിത്യശാന്തി ലഭിക്കട്ടെ... ബാഷ്പാജ്ഞലികൾ..

അന്യോനം അറിഞ്ഞും സ്നേഹിച്ചും മൂന്ന് പതിറ്റാണ്ടിലേറെ ജീവിച്ച് ,
ഇപ്പോൾ വിരഹത്താൽ വീർപ്പുമുട്ടികൊണ്ടിരിക്കുന്ന എന്റെ നാട്ടുകാരായ
നല്ല അയൽക്കാരായ , ഈ സീനിയർ സിറ്റിസൺസിനെ കാണുവാനും, ദു:ഖം
പങ്കിടുവാനും ഡിസംബറിൽ , ഞാൻ നാട്ടിലെത്തിയപ്പോൾ ഈ പ്രണയ തീരത്ത്
നേരിട്ട് ചെന്നിരുന്നു..
( ഇനിയെങ്ങാനും ഇവർ രണ്ട് പേരും മക്കളുടെയടുത്തേക്ക് ഇനിയുള്ള വാർദ്ധക്യം ,
അടിച്ച് പൊളിക്കുവാൻ സ്കൂട്ടാകുകയാണെങ്കിൽ , ഇവരുടെ സൂപ്പറായ പുരയിടവും ,
ഈ സ്നേഹതീരവും ചീപ്പായി .. ഇസ്കാം എന്നുള്ള ഒരു ദുഷ്ട്ട ബുദ്ധിയും അപ്പോൾ
എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. കേട്ടൊ )

എന്നാലോ  പിന്നീടുണ്ടായത് എന്താണ്..?

ഇക്കൊല്ലം വാലന്റയിൻ ഡേയ്യുടേ പിറ്റേന്ന്
ഞങ്ങൾ കണിമംഗലത്ത്കാരുടെ ‘വേലാണ്ടി ദിന‘ മായ
കുംഭമാസത്തിലെ വലിയാലയ്ക്കൽ ദേവി ക്ഷേത്രത്തിലെ
അശ്വതി വേലയുടെ അന്ന് , രണ്ട് മതത്തിൽ വിശ്വസിച്ചിരുന്ന
ഒരു  പ്രണയജോഡികൾ ,കൂർക്കഞ്ചേരി അമ്പലത്തിൽ പോയി പരസ്പരം
മാലയിട്ട് ദമ്പതിമാരായി തീർന്നു...!
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഈ സ്ഥാപനത്തിൽ ...
ജാതിയും , മതവും , കൊതവുമൊന്നും ഒരു പ്രശ്മമില്ലാത്തതിനാലാവം
വളരെ ശുഷ്കമായി കൊണ്ടാടിയ ഈ കല്ല്യാണ കച്ചേരിയിൽ വരന്റേയും ,
വധുവിന്റേയും ഭാഗത്ത് നിന്ന് വെറും രണ്ട് കാറോളം ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂ.
അതും ഉറ്റ ബന്ധുക്കൾ മാത്രം ..!

വരൻ  :-
തിരുവനന്തപുരം ലോഡ്ജ് എന്ന സിനിമയിലെ 999 ന്റെ വീരവാദം പറഞ്ഞ് നടക്കുന്ന നടന്റെ രൂപഭാവങ്ങളുള്ള ഇമ്മടെ മേനേൻ മാഷ് ...!

വധു  :-
ഇപ്പോഴത്തെ സിനിമാ നടി/അവതാരകയായ  റീന ബഷീറിന്റെ രൂപ സാദൃശ്യ-സംഭാഷങ്ങൾ അതേ പോലെയുള്ള സിസിലേടത്തി , മുടി
രണ്ട് സൈഡിലും ഇത്തിരി നരച്ചിട്ടുണ്ട് എന്ന് മാത്രം...!

ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട്  നിവൃതി  നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...

അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ
യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ  കൂടി തുന്നിച്ചേർക്കുകയാണ്

വയസ്സുകാലത്ത് ഈ  ഒറ്റപ്പെട്ട മാതാവിനേയും,
പിതാവിനേയും ഒറ്റക്ക്
ഒറ്റക്ക് ജീവിക്കാനുവദിക്കാതെ , ഒന്നിച്ച് ജീവിക്കുവാൻ പ്രേരണയും അനുവാദവും
കൊടുത്ത്, അവരെ ഒന്നാക്കിയ രണ്ട് കുടുംബങ്ങളിലെ ആ മക്കൾക്കും , മരുമക്കൾക്കും , പേരക്കുട്ടികൾക്കും
ഒരു  ലാൽ സലാം...
ഇതെല്ലാം എന്നെ എഴുതിയിടുവാൻ  അനുവദിച്ചതിനും കൂടിയാണിത് കേട്ടൊ

എ ബിഗ് ഹാറ്റ്സ് ഓഫ് ...!

ഏവർക്കും പ്രണയാശംസകൾ ... താങ്ക്യു വെരി മച് ...ബയ്. ബൈ

Thursday 10 January 2013

ബൂലോക അരമന രഹസ്യം അങ്ങാടി പാട്ട് ... ! / Booloka Aramana Rahasyam Angati Pattu ... !

Thursday 10 th January 2013 , 21.50 p.m

1978 -ൽ എട്ടാംക്ലാസ്സിലായിക്കുമ്പോഴാണ് ,
അന്ന് ബോമ്പെയിലുണ്ടായിരുന്ന വലിയമ്മാവൻ
ശബരിമലക്ക്പോകുവാൻ നാട്ടിലെത്തിയപ്പോൾ , അന്നന്നത്തെ
കാര്യങ്ങളും, മറ്റും കുറിച്ചുവെക്കുവാൻ നിർദ്ദേശിച്ച്  , എനിക്ക്
1979 - ലെ ഒരു പുത്തൻ ഡയറി സമ്മനിച്ചത്...
അങ്ങിനെ 79 -ൽ , തുടക്കം കുറിച്ച എന്റെ
ഡയറി കുറിപ്പുകൾ ഞാൻ ഇപ്പോഴും തുടർന്ന്
കൊണ്ടിരിക്കുകയാണ്...

തുടക്കത്തിലെ പത്ത് പതിനഞ്ച് കൊല്ലം ,
ഒരു ദിനചര്യയെന്നോണം തുടർന്ന എഴുത്തുകളെല്ലാം
പിന്നീട് വാരങ്ങളിലാക്കിയെങ്കിലും , ഇന്നുവരേയും ഓരൊ പുതുവർഷങ്ങളിലും , പുത്തൻ ഡയറികളിൽ എന്റെ സകലമാന ലീലാവിലാസങ്ങളും ...
 കാക്ക കോറുന്നപോലെയാണെങ്കിലും ഞാനെഴുതിയിടാറുണ്ട്...

കല്ല്യ്യാണ ശേഷം എന്റെ പെണ്ണൊരുത്തി , ഞങ്ങളുടെ മധുവിധു
പിരിയീഡിൽ എന്റെ ചില ഡയറികൾ എടുത്ത് വായിച്ച് തലചുറ്റി വീണതും,
പിന്നീട് ഒരു മാസത്തോളം അവളുടെ മോന്തായം കടന്നലുകുത്തിയ പോലെ ചീർത്തിരുന്നതും മാത്രമാണ് , ഈ ഡയറിക്കുറിപ്പുകൾ കൊണ്ടെനിക്ക് നേരിട്ട  ഒരു വിരോധാപാസം ...
അതുകൊണ്ടെന്തായി ...
അവളുടെ പിരീഡ്സ് പെട്ടൊന്നൊന്നും ,
തെറ്റിക്കുവാൻ എനിക്കൊട്ടും സാധിച്ചുമില്ല ...!

പക്ഷേ ഇക്കൊല്ലം ഞാൻ ഡയറി ഉപേക്ഷിച്ച് , ഡിജിറ്റലായി
‘ടാബലെറ്റി‘ലാണ് എന്റെ ഡയറി കുറിപ്പുകൾ ‘കീ-ഡൌൺ‘ ചെയ്യുന്നത്... 

ഒരുപാട് വർഷങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴിതാ 2012 ഉം 
അങ്ങിനെ നമ്മെളെയൊക്കെ വിട്ടുപിരിഞ്ഞ് പോയെങ്കിലും , 
പുത്തൻ പ്രതീക്ഷകളുമായി 2013 പടിവാതിൽ തുറന്ന് മുമ്പിൽ വന്ന് 
ാ പളിച്ച് നിൽക്കുകണ്

അത് എനിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന്പ്രതീക്ഷിക്കാം ..അല്ലേ

ഈ പുതുവർഷം പിന്നിട്ട് 10 ദിനങ്ങൾക്ക്
ശേഷം , ഒന്നിച്ച് ഓഫ് കിട്ടിയ , ഇന്ന് തൊട്ട്..
ആർമാദിച്ചടിച്ചുപൊളിച്ച 2013-ലെ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ മുതൽ , അല്ലറ ചില്ലറ ചാര കളിയാട്ടങ്ങൾ
വരെ എഴുതിയിടുന്നതിന് മുമ്പ് ...

ഇനി ഈ ‘ടാബലെറ്റിനെ‘പറ്റിയൊക്കെ രണ്ട് മാസം
മുമ്പ് ഡ്രാഫ്റ്റായി  എഴുതിയിട്ടിരുന്ന ‘ഗുളികവിജ്ഞാനങ്ങൾ‘ ,
കുറച്ച് മോമ്പോടിയെല്ലാം ചേർത്ത് ബ്ലോഗിലെഴുതിയിട്ട് പബ്ലിഷ് ചെയ്യാൻ നോക്കട്ടേ...

Saturday 12 th January 2013 , 19.35 p.m

കഴിഞ്ഞ വർഷം 2012 മെയ് മാസാവസാനം തൊട്ട് ,
ഇനി മുതൽ ഏറ്റെടുക്കുവാൻ പോകുന്ന ജോലികളുടെ  നൂലാമാലകൾ
കാരണം , ‘അൺ ഓഫീഷ്യ‘ലായി ബൂലോഗത്ത് നിന്നും ലീവെടുത്ത് , ഈ
ബിലാത്തിപട്ടണത്തിന്റെ പടി വാതിൽ മെല്ലെ ചാരിയിട്ട് , ഡയമണ്ട് ജൂബിലി , ഒളിമ്പിക്സ്
മുതൽ ലണ്ടനുത്സവങ്ങൾക്കിടയിലേക്ക് സ്കൂട്ടായി പോയിട്ട് , ആയതിന്റെ തിരക്കൊക്കെയൊതുങ്ങി വീണ്ടും ആറ് മാസങ്ങൾക്ക് ശേഷം , എന്റെ ഈ ബൂലോഗ തിരു മുറ്റമായ ‘ബിലാത്തിപട്ടണ‘ത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി...

ഏതോ ‘പോ-ഡാഡിക്കാർ‘ എന്റെ സൈറ്റ്
കൈയ്യേറി  അവിടെ കുടിയിരിപ്പ് തുടങ്ങിയിരിക്കുന്നു...!

അതായത് തീർത്തും ഫ്രീയായി മേഞ്ഞു നടക്കുവാൻ
ഗൂഗിളനുവദിച്ച എന്റെ തട്ടകതിന്റെ അവകാശം അവർ തട്ടിയെടുത്തിരിക്കുന്നു എന്ന് ...

എന്റെ ബൂലോഗ വിലാസവും മറ്റും ,
ജി-മെയിലിലേക്കും ,ജി-പ്ലസ്സിലേക്കും ഒതുങ്ങിക്കൂടി ...

ബിലാത്തിപട്ടണം സെർച്ച് ചെയ്താൽ
ഈ സൈറ്റ്  നിലവിലില്ലാ എന്ന വിജ്ഞാപനം... മാത്രം !

എന്ത് ചെയ്യാം
ഏഴ് ഡോളറോളം കൊടുത്ത് , അവരുടെ കൈയ്യിൽ നിന്നും
‘ബിലാത്തിപട്ടണം‘ വീണ്ടും എന്റെ പേരിലാക്കിയിട്ട്  , ലീവെടുത്ത
കാലങ്ങളിലെ , ലീലാ വിലാസങ്ങളൊക്കെ , നല്ല ലയ ലാവണ്യത്തോടെ തന്നെ
എഴുതിയിട്ടുവെങ്കിലും , എന്റെ ഒട്ടുമിക്ക ബൂലോഗ മിത്രങ്ങൾക്കും ,  വായനക്കാർക്കുമൊന്നും
പഴയ പോലെ നേരിട്ട് എന്റെ തട്ടകത്തിലേക്ക് , നേരെ ‘ഡയറക്റ്റാ‘യി കാലെടുത്ത് വെക്കുവാൻ സാധിക്കുന്നില്ല..?

അഗ്രിഗേറ്ററുകളിൽ നിന്നും , ഡേഷ് ബോർഡുകളിൽ നിന്നും
തീർത്തും അപ്രത്യക്ഷമായ ബിലാത്തി പട്ടണത്തിന്റെ  ഫേസ് ബുക്ക് ,
ഗൂഗ്ല് പ്ലസ് മുതലായവയിലെ , പരസ്യ വിളംബരങ്ങൾ കണ്ട് , ഈ പട്ടണത്തിന്റെ
പടിവാതിൽ ഉന്തിത്തള്ളി തുറന്ന് പ്രവേശിക്കുന്നവർ മാത്രം വായനക്കാരായി എത്തി എന്ന് മാത്രം ..!

എന്റെ തികച്ചും അജ്ഞാതമല്ലാത്ത ,
ഈ ബൂലോക കാടാറുമാസത്തിനുള്ളിൽ ,
എന്റെ മാത്രമല്ല , ഭൂമിമലയാളത്തിലെ പല
ബൂലോകരുടേയും തട്ടകങ്ങൾ  ബ്ലോഗ്ഗർ കോമിൽ
നിന്നും ചാടിപ്പോയി , ഗൂഗിൽ പ്ലസ്സിൽ ചേക്കേറിയപ്പോൾ...

ചില ബൂലോഗമിത്രങ്ങൾ
ബ്ലോഗർ കോമിലേക്ക് മടങ്ങി വരാതെ...
 അപ്പപ്പോൾ ഫലം കിട്ടിക്കൊണ്ടിരിക്കുന്ന
വിക്കിയിലും , ഗൂഗിൾ പ്ലസ്സിലും , മുഖ പുസ്തകത്തിലും  ചാറ്റിയും , ചീറ്റിയും
ഫണമുയർത്തി കളിച്ചുതിമർക്കുന്ന കാഴ്ച്ചകളാണ് ,  ഇമ്മിണി മാറ്റങ്ങൾ വന്ന ,
ഈ ഭൂമി മലയാളത്തിലെ സൈബർ ലോകത്തൊന്ന് , ആകെ വിശദമായൊന്ന് മുങ്ങി
തപ്പി നോക്കിയപ്പോൾ എനിക്ക് ദർശിക്കുവാൻ  കഴിഞ്ഞത്..!

എന്തുകാര്യവും പന്തുകളിയെ ഉപമിച്ച് , ഇവിടങ്ങളിൽ
സായിപ്പ് പറയുന്ന പോലെ, പല ബൂലോഗ ഇന്റെർനാഷ്ണൽ പ്ലേയേഴ്സും ...
ഫേമസ് ക്ലബ്ബുകളായ ഫേയ്സ് ബുക്ക് , ജി-പ്ലസ്സ് , വിക്കി ,... ,..മുതലായ ക്ലബ്ബുകളിലേക്ക്
ചേക്കേറി അവിടെ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ കാ‍ഴ്ച്ചകൾ..!

‘ന് ന്തേയ് കെട്ക്ക്ണില്ല്യേ...’
ദേ...മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നൂ ...? !
അപ്പോൾ ഇന്നത്തെ ഇനിയുള്ള എഴുത്തൊക്കെ സ്വാഹ :
ശുഭരാത്രി ..!

Monday  14 th January 2013 , 22.05 p.m 

1973 കാലഘട്ടങ്ങളിൽ സിംഗപ്പൂർ മലായാളിയായി
ലണ്ടനിലേക്ക് കുടിയേറിയ പീജി അങ്കിളിന്റെയും (പി.ജി.ഭാസ്കരൻ ) ,
ദമയന്തിയാന്റിയുടേയും കടിഞ്ഞൂൽ പുത്രൻ , അമേരിക്കൻ മലയാളി മങ്കയെ വേളി കഴിച്ച് , ഗ്രീൻ കാർഡ് സഹിതം , യു.എസിൽ  ഗൂഗിളിൽ വർക്ക് ചെയ്യുന്ന , യൂ.കെ ബോൺ & ബോട്ട് അപ്പ് ആയ 
ജോളി ഭാസ്കർ ആയിരുന്നു ഇന്നത്തെ എന്റെ വിശിഷ്ട്ടാതിഥി.

ലണ്ടനിലേക്ക് മാതാപിതാക്കളെ സന്ദർശിക്കുവാൻ
വന്ന വേളയിൽ , ലണ്ടനിൽ നിന്നും ലാത്തിയടിക്കുന്ന
ബൂലോഗനായ ബിലാത്തിപട്ടണത്തിന്റെ , അധിപനെ നേരിട്ട് പരിചയപ്പെടാമെന്നുള്ള ഉദ്ദേശശുദ്ധിയോടെ,  മലായാളി അസോസിയേഷനിലെ എന്റെ ഇടവകയിലുള്ള , ജോളിയുടെ പിതാവ് പീ.ജി അങ്കിൾ മുഖാന്തിരമാണ് ഈ മുഖാമുഖ കൂടിക്കാഴ്ച്ച തരപ്പെട്ടത്.

ഗൂഗിളിൽ മലയാള ഭാഷയടക്കം , ബൂലോഗകാര്യങ്ങളുടെ
വരെയുള്ള , പണിപ്പുരയിൽ പണിയെടുക്കുന്ന ജോളിയുമായി ; നല്ല
ജോളിയോടെയുള്ള ഒരു ഇടപെടലിന് അങ്ങിനെ ഈ ഉള്ളവന് തരപ്പെടുകയും ചെയ്തു..


ഇപ്പോൾ സജീവമായി രംഗത്തില്ലെങ്കിലും , മലയാളത്തിൽ
ഗൂഗിളിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ കരസ്ഥമാക്കിയ സജീവ് എടത്താടനേയും , ബൂലോഗത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ശ്രീശോഭിനേയും , ഇപ്പോൾ കമ്മന്റുകൾ ഏറ്റവും കൂടുതൽ എഴുതുന്ന പട്ടേപ്പാടം റാംജി ഭായിയേയും , തൊട്ടു പുറകെ രണ്ടാം സ്ഥാ‍നം അലങ്കരിക്കുന്ന അജിത്ത് ഭായിയേയുമൊക്കെ കുറിച്ചുള്ള അറിവുകൾ എനിക്ക് കൌതുകമുളവാക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നൂ...

പിന്നെ ഒരേ ഐ.പി .അദ്രസ്സിനിന്നു കന്ന്റ്റമാനം ലാത്തിയറ്റിക്കുഅം പലരേഔ അവരുറ്റെ അതിക്രമൺഗലേയും വിക്രിയകലെയും കൌരിച്ചൊക്കെ വേണ്ടതിലധികം കാര്യൺഗൽ അങ്ങിനെയങ്ങിനെ നമ്മളൊക്കെ ഭൂരിഭാഗവും മേഞ്ഞുനടക്കുന്ന മേച്ചിൽ പുറത്തെ പറ്റിയുള്ള കുറെ പുത്തനറിവുകൾ , ആ  അതിഥി ,  ഈ ആതിഥേയന് വിളമ്പി തന്നു.

കള്ള് വല്ലാതെ തലക്ക് പിടിച്ചെന്ന് തോന്നുന്നു..!
ഇന്നത്തെ ഒത്തുകൂടൽ പാർട്ടിയിൽ കണ്ടമാനം വാരി
വലിച്ച് തിന്നതിന്റെ പുളിച്ച് തികട്ടലും , ഒരു വല്ലായ്മയും വരുന്നുണ്ട്..
ഒന്ന് ശർദ്ദിച്ചുകളയണോ..അതോ പോയി കിടക്കണോ..?

Saturday 19 th January 2013 , 20.15 p.m

ഇന്ന് ബൂലോക സഞ്ചാരങ്ങൾക്കിടയിലാണ് , വളരെ സന്തോഷം
ഉളവാക്കുന്ന സാബു കൊണ്ടോട്ടിയുടേയും, ജയൻ ഡോക്ട്ടറുടേയും ...
ഈ വരുന്ന ഏപ്രിലിൽ അരങ്ങേറുവാൻ പോകുന്ന തിരൂർ ബൂലോക സംഗമത്തെ
കുറിച്ചുള്ള പോസ്റ്റുകൾ വായിക്കുന്നത്.
വളരെ വളരെ നല്ല കാര്യങ്ങൾ...


ലണ്ടനിലൊക്കെ എല്ലാ കൊല്ലവും നടക്കുന്ന
പല ഭാഷക്കാരുടെയും സൈബർ മീറ്റുകൾ പോലെ  ,
നമ്മുടെ നാട്ടിലും സ്ഥിരമായി,  ഈ  ഇ-എഴുത്തുക്കാർക്കൊക്കെ
ഒത്തുകൂടി അവരുടെയൊക്കെ സൗഹൃദങ്ങൾ കൂടെ കൂടെ ഊട്ടിയുറപ്പിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..അല്ലേ.


നമ്മൾ എഴുതിയിടുന്ന വാക്കുകളാൽ
തുടക്കം കുറിക്കുന്ന ഇത്തരം വളരെ അകലങ്ങളിൽ
നിന്നുള്ള അജ്ഞാത സൗഹൃദങ്ങൾ വരെ  , ഇത്തരം മീറ്റുകളിലൂടെ നേരിട്ട് കണ്ടും കേട്ടും അറിയുമ്പോഴുള്ള കെട്ടുറപ്പുകളൊക്കെ , നമ്മുടെയൊക്കെ ബാല്യ കാല കൂട്ടുകരേക്കാളും , ഒപ്പം ഒന്നിച്ചിരുന്നു പഠിച്ചിരുന്ന സഹപാഠികളായ ക്ലാസ്സ് മേറ്റുകളേക്കാളും,  മറ്റു ഗ്ലാസ്സ് മേറ്റ്കളേക്കാളുമൊക്കെ ഈടുറ്റതാണെന്ന് , എന്റെ ഇത്തരം മീറ്റനുഭവങ്ങളുടെ അനുഭവം വെച്ച് നിസ്സംശയം പറയാം...!

ചാ‍രപ്പണിയിൽ കയറുന്നതിന്  മുമ്പ്  , ഒരു ബൂലോക ചാരനായാണ്
ഞാനെന്റെ പ്രഥമ ബൂലോഗ സംഗമത്തിൽ പങ്കെടുത്തത് , 2009-ലെ ‘ചെറായി മീറ്റിൽ‘..
.
ബ്ലോഗ് തുടങ്ങി പലതും എഴുതിയിട്ടിട്ടും എന്റെ ബിലാത്തിപട്ടണത്തിൽ
ഈച്ചയെ ആട്ടികൊണ്ടിരിക്കുന്ന കാലത്ത്, നാട്ടിലെത്തിയത് ചെറായി ബൂലോക
സംഗമത്തിൽ പങ്കെടുക്കാനാണ് , ഒപ്പം  കുറെ ബൂലോകരെയൊക്കെ  നേരിട്ട് കണ്ട് എന്നെ
സ്വയം പരിചയപ്പെടുത്താമെന്ന ഉദ്ദേശവും മനസ്സിലുണ്ടായിരുന്നൂ..


എന്നാൽ  ആ മീറ്റിന് മുന്നോടിയായി
ഞാൻ ,ഒരു ബൂലോഗ പുലിമടയിൽ ചെന്ന് പെട്ടു...

പല മാധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട് ബൂലോക തലതൊട്ടപ്പന്മാരയ അവരെന്നോട് പറഞ്ഞത് , മലയാള ബ്ലോഗിങ്ങിനെ തച്ചുതകർത്ത് , സ്വന്തം പെരുമ വർദ്ധിപ്പിക്കുവാൻ ഉത്സാഹിക്കുന്ന ചിലരൊക്കെ കൂടി നടത്തുന്ന ആ ചെറായി മീറ്റിൽ പങ്കെടുക്കരുത് എന്നാണ്...!

മീറ്റ് കൂടുവാൻ വന്നിട്ട് അതിൽ പങ്കെടുത്ത്
ഈറ്റ് നടത്താതെ പോകിലെന്ന എന്റെ വാശിക്ക് മുമ്പിൽ അവർ വെച്ച മറ്റ് ഒരു ഉപാധി  , അവർക്കൊക്കെ വേണ്ടി ഒരു ചാരനായി , മീറ്റിൽ പങ്കെടുത്തിട്ട് , അന്നവിടെയുണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ അവരെ ധരിപ്പിക്കണമെന്നായിരുന്നൂ...

മീറ്റിന് ശേഷം ,പിന്നീട് ആ ചെറായി ബീച്ചിൽ വെച്ച് തന്നെ ,
ഈ തലതൊട്ടപ്പന്മാർ ഞാൻ ബിലാത്തിയിൽ നിന്നും കൊണ്ടു വന്ന
കുപ്പിയും , പുകയുമൊക്കെ കാലിയാക്കി തന്ന് , എന്റെ തല തിന്ന് തീർത്തത് മെച്ചം ...!

അന്നത്തെ ചെറായി മീറ്റിനുശേഷം ഒന്നെനിക്ക് മനസ്സിലായകാര്യം...
ബൂലോക നന്മ കാംക്ഷിക്കുന്ന ഒരു പാട് മിത്രങ്ങളുടെ , ഒരു കൂട്ടായ്മയുടെ
വിജയം തന്നെയായിരുന്നു അന്നത്തെ , ആ ആഗോള ബൂലോഗ സംഗമം എന്നതാണ്..!

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത എത്രയെത്ര
ബൂലോക മിത്രങ്ങളെയാണ്  അന്നെനിക്ക് സമ്പാദിക്കുവാൻ പറ്റിയത്..!

ഇന്ന് ഇൻഡയറക്റ്റായിട്ടായും , നേരിട്ടും ബൂലോക
രംഗത്തൊക്കെ  പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന , അന്നത്തെ
ആ ബൂലോഗ പുലി മടയിലുണ്ടായിരുന്നവരേയും , അവരുടെ കൂട്ടാളികളേയും
കുറിച്ചൊക്കെ , അന്ന് ചെറായി മീറ്റ് നടത്തിയ സംഘാടകർക്കും ,  മറ്റും വ്യക്തമായും
അറിയാവുന്ന കാര്യങ്ങളാണുതാനും...!


മലയാളിയുടെ രക്തത്തിൽ അലിഞ്ഞ്
ചേർന്നിട്ടുള്ള വെവ്വേറെ ഗ്രൂപ്പ് ചേർന്നുള്ള
എല്ലാ രംഗങ്ങളിലുമുള്ള , ഇത്തരം  ‘പൊളിറ്റിക്സ്
ആക്റ്റിവിറ്റീസൊ‘ക്കെ തൽക്കാലം മറവിയിലേക്ക് എഴുതി
 തള്ളിയാൽ മാത്രമേ , മലയാളത്തിൽ നാളെയുടെ നല്ല
ഒരു ബൂലോകയുലകം കെട്ടിപ്പടുക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ഭാഷയേയും , സംസ്കാരത്തേയും,  സാഹിത്യത്തേയുമെല്ലാം  ; നമുക്കെല്ലാം ചേർന്ന് , ഈ തരത്തിലുള്ള കൂട്ടായ്മകളിൽ കൂടി എന്നുമെന്നും ഉയർത്തി കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ...

Sunday 20 th January 2013 , 17.05 p.m 

ജാക്ക് ഡാനിയേലേട്ടനു’മായി സല്ലപിച്ച് പുതുതായി എഴുതിയിട്ട
‘സർവ്വവിജ്ഞാന ഗുളികകളുടെ’ , അഭിപ്രായപ്പെട്ടിയിലെ കിലുകിലുക്കാരവങ്ങളിൽ മുങ്ങിത്തപ്പിയിരുന്നുകൊണ്ടിരുന്നപ്പോഴാണ് , ജഗജില്ലിയായ പാശ്ചാത്യ ബൂലോഗനായിരുന്ന, ഇപ്പോൾ നാട്ടിലുള്ള  ണു ജിഷ്വിന്റെ  ഫോൺ കോൾ വന്നത് .

ഏപ്രിലിൽ നടക്കുന്ന തുഞ്ചൻ പറമ്പ് ബൂലോക സംഗമത്തിൽ പങ്കെടുത്ത് ,
തൃശ്ശൂർ  പൂരം കണ്ട് ...ഈ വരുന്ന സമ്മർ എല്ലാവർക്കും കൂടി , ഒന്ന് കൂടി അടിച്ചുപൊളിക്കാം
എന്ന് പറഞ്ഞാണവൻ വിളിച്ചത്..
ഈ വിദ്വാനും , പ്രദീപ് ജെയിംസും , സമദ് വക്കീലും , മേരികുട്ടിയും , ഞാനുമടക്കം ,  ഇവിടെയൊക്കെ ഞങ്ങൾ  , കുറെകാലം പലതവണ , ഒരുമിച്ച്  ആർമാദിച്ചിരുന്നതാണല്ലോ..

മൂന്ന് കൊല്ലം മുമ്പ് സ്വന്തം ബ്ലോഗ്ഗിൽ വിസിറ്റേഴ്സ് കുറഞ്ഞപ്പോൾ...
ഒരു പെൺ നാമത്തിൽ ഒട്ടുമിക്ക ബൂലോഗ
സൈറ്റുകളിൽ പോയി ഫോളോ ചെയ്തിട്ട് ,
അഭിപ്രായങ്ങൾ എഴുതി , തന്റെ പെൺ തട്ടകത്തിലേക്ക് സകലമാന ബൂലോകരേയും ആകർഷിച്ച് ഞങ്ങളെയൊക്കെ വിസ്മയിച്ചവനാണ് ഈ മാന്യദേഹം .

എന്തിന് പറയാൻ അതിപ്രശസ്തരായവർ അടക്കം , വെള്ളമിറക്കി .. സ്ഥിരമായി , ഈ പെൺ വിലാസക്കാരനുമായി ചാറ്റിയതിന്റെ തിരുശേഷിപ്പുകൾ കണ്ട് ഞങ്ങളൊക്കെ അന്ന് ധാരാളം പൊട്ടി ചിരിച്ചിട്ടുണ്ട്..

ഇന്ന് ബൂലോകത്ത് ഇഷ്ട്ടത്തിയുടെ (ഇഷ്ട്ടന്റെ )
തട്ടകം സജീവമല്ലെങ്കിൽ പോലും , പലരും വന്ന് വീണ്ടും
വീണ്ടും എത്തി നോക്കി ഹിറ്റടിച്ചു പോകുന്നതും ഒരു ബൂലോഗ പ്രതിഭാസം ..തന്നെ..!

പിൻ മൊഴികൾ :-

ബൂലോകത്തെ സൂപ്പറായ പല കഥകളും വായിച്ച് ...
ബ്ലോഗിനെ ആസ്പദമാക്കി  ഞാനും ഒരു കഥയെഴുതിയാലോ
എന്നാലോചിച്ച് , ഒരു കഥായനുഭവം ഗർഭത്തിലിട്ട് നടന്നിട്ടൊരുപാട്
നാളായെങ്കിലും , പേറ്റ് നോവൊന്ന് വന്ന് ഒന്ന് പെറ്റ് കിട്ടണ്ടേ ഈ കഥാ കൺമണിയെ..!

രണ്ടുമൂന്ന് കൊല്ലം മുമ്പ് നാട്ടിൽ വെച്ച് പരിചപ്പെട്ട
ഒരു ബ്ലോഗിണിയുമായുള്ള അടുപ്പം വളർന്ന് വലുതായപ്പോൾ ,
ആയതിനെ ഒരു കഥയാക്കി ചമച്ചാലോ എന്ന് കരുതി കുറെ നാളുകളായി
ഞെളിപിരി കൊണ്ട് നടക്കുകയായിരുന്നു ഞാൻ...

പത്ത് മുപ്പത് വയസ്സുകഴിഞ്ഞ
ഇതിലെ നായിക , അത്ര ചെമ്പ്- ചരക്കൊന്നുമല്ല ...
പക്ഷേ അവളുടെ എഴുത്തുകളോടെനിക്ക് വല്ലാത്തൊരു പ്രണയമാണ്..

ചാറ്റിങ്ങിൽ മുന്നിട്ടിറങ്ങിവന്നിരുന്ന അവളുടെ
ചോദ്യോത്തരങ്ങൾക്കൊക്കെ ചാറ്റിങ്ങിലും , ശേഷമുള്ള
ചീറ്റിങ്ങിലും താല്പര്യമില്ലാത്ത ഞാൻ മെയിലിലൂടെയാണ് കൂടുതൽ സംവാദിക്കാറുള്ളത് മൊബൈയിലിൽ വല്ലപ്പോഴും കിന്നരിച്ചെങ്കിലായി എന്ന് മാത്രം .
പിന്നെ നാട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾ തമ്മിൽ മിണ്ടാറും , കാണാറും ഉണ്ട്  കേട്ടൊ.

ഈ അനുഭങ്ങളെയൊക്കെ എങ്ങിനെ ഒരു കഥയാക്കി
ഡെവലപ്  ചെയ്യാമെന്നറിയാതെ ഉഴലുകയായിരുന്നു ഞാൻ . ..
പിന്നീട് മിത്ത് ചേർത്തെഴുതിയപ്പോൾ  മൊത്തത്തിൽ ഒരു കോത്താഴത്ത്
കാരന്റെ കഥപോലെയായി... ശേഷം ചരിത്രവും, മോഡേണുമൊക്കെയാക്കി
നോക്കിയപ്പോൾ കഥയുടെ ചാരിത്ര്യവും , മൂഡും ,ത്രെഡുമൊക്കെ എങ്ങോ പോയി മറഞ്ഞു...

ഈ കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .. അല്ലേ

ഇതുകൊണ്ടൊക്കെ തന്നെ ,  ഈ കഥയെഴുത്ത്
എനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിയപ്പോൾ ..
എന്റെ ഡിജിറ്റൽ ഡയറിക്കുറിപ്പുകളിൽ നിന്നും,  ബൂലോഗത്തെയൊക്കെ
മെൻഷൻ ചെയ്തിരുന്ന  2013 ജനുവരി 10 മുതൽ 20 വരെയുള്ള ദിനങ്ങളിലെ
5 ദിവസങ്ങളുടെ  നേർക്കാഴ്ച്ചകൾ പകർത്തിവെച്ചതാണ് ,  ഈ വെടിക്കെട്ടുകൾ..
ആയ ഈ അരിമണിയുടെ രഹസ്യങ്ങളുള്ള അരിയങ്ങാടിലെ പട്ടും പാട്ടങ്ങളും...കേട്ടൊ

ഇതിന് വേണ്ടി വന്നത് വെറും  15 മിനിട്ടിന്റെ  പണി മാത്രം...
അതീ കോപ്പി & പേയ്സ്റ്റ് നടത്തുവാനും , ലോഗോകൾ അപ്ല്ലോഡ് ചെയ്യാനും
വെറുതേ മറ്റേ കഥാസാരം  തലയിലിട്ട് മൂപ്പിച്ച് പെരുപ്പിച്ച് എന്റെ  കുറേ  ദിവസങ്ങൾ ഇല്ലാത്തയൊരു പേറ്റ് നോവായി  , കഥയെ പെറാതെ പോയി കിട്ടിയെന്ന് മാത്രം...

ഇനി ഈ അങ്ങാടി പാട്ടാക്കിയ രഹസ്യങ്ങളുടെ
പരസ്യത്തിന് പണി എങ്ങിനെ കിട്ടുമോ..ആവോ..?

മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്ത് എന്നാണല്ലോ പറയുക ..

കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ... അല്ലേ !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...