Tuesday 30 November 2010

ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ ... ! / Oru Pranayatthin Varnnappakittukal ... !

 ലണ്ടനിലെ കർണ്ണശപഥം കഥകളിയരങ്ങ് ...!
(കലാമണ്ഡലം ഗോപിയാശാനും സംഘവും)
ഇവിടെയീ നവംബറിൽ നവാനുഭൂതികൾ പരത്തി നേരത്തെ
തന്നെ വിരുന്നെത്തി പെയ്തിറങ്ങിയ മഞ്ഞുകണങ്ങളേക്കാൾ കാണികളെ
കൂടുതൽ കുളിരണിയിച്ചത്, പത്മശ്രീ കലാമണ്ഡലം ഗോപിയാശാനും സംഘവും
നവ രസങ്ങളോടെ ബിലാത്തിയിൽ ആടിക്കളിച്ച,  കലാമിത്ര സംഘടിപ്പിച്ച കഥകളിയരങ്ങുകളായിരുന്നു. ....!

85 ശതമാനവും മലയാളികളല്ലാത്തവർ കീഴടക്കിയ സദസ്സുകളൊന്നിൽ, എന്റെ തൊട്ടടുത്ത്  കളിയാസ്വാദകയായിരുന്ന വെള്ളക്കാരിയിൽ നിന്നും കർണ്ണശപഥം കഥകളിയുടെ...
കഥാസന്ദർഭം കേട്ടറിഞ്ഞപ്പോൾ മലയാളത്തിന്റെ തനതായ ഈ കലയിലുള്ള എനിക്കുള്ള അല്പജ്ഞാനമോർത്ത് ഞാൻ സ്വയം ലജ്ജിച്ചു പോയി....!

എന്തുചെയ്യാം...
അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട്
കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ് അല്ലേ...

അതെ ഈ കലാ-സാഹിത്യ സംഗതികളോടൊക്കെയുള്ള വല്ലാത്ത
പ്രണയം കാരണം ഇപ്പോൾ മറ്റുയാതൊന്നിനും സമയം കിട്ടുന്നില്ലാ എന്ന അവസ്ഥയിലായിരിക്കുകയാണ് എന്റെ സ്ഥിതി വിശേഷങ്ങൾ...
എന്നാ‍ലിനി എന്റെ ഒരു യഥാ‍ർത്ഥ
പ്രണയ കഥയിലേക്ക് ഒന്ന് എത്തി നോക്കിയാലോ..?
സംഭവം നടക്കുന്നത് ഒരു രണ്ടരക്കൊല്ലം മുമ്പാണ് കേട്ടൊ..


അതായത് തണ്ടലു കൊണ്ടുള്ള അല്പം പണി കൂടുതൽ കാരണം ..
ഇവന്റെ തണ്ടലിനൊരു പണികൊടുത്താലോ എന്നുകരുതിയിട്ടാകാം ..
ദൈവം തമ്പുരാൻ ഈയ്യുള്ളവനെ
ഒരു ‘മൈക്രോഡിസക്ട്ടമി‘ സർജറി ഇവനിരിക്കട്ടെ
എന്ന് വരം നൽകി , എന്നെ രണ്ടായിരത്തിയെട്ട് മാർച്ചിൽ
റോയൽ ലണ്ടൻ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യിപ്പിച്ചത്...

ഇന്ത്യയുടെ പല വി.ഐ.പി.മാരായ
മന്ത്രി പുംഗവന്മാരും .., ക്രിക്കറ്റ് തലതൊട്ടപ്പന്മാരുമൊക്കെ
കിടന്ന ബെഡ്ഡിൽ കിടക്കുവാനുള്ള ഈ മണ്ടന്റെ ഒരു ഭാഗ്യം നോക്കണേ...!
 Royal Mandan in Royal London Hospital /March 2008

മുപ്പത് മാസം മുമ്പാണ് എന്റെ ഈ പുത്തൻ പ്രണയിനിയെ ..
വേറൊരു മിത്രമായിരുന്ന, മേരികുട്ടി എനിക്കന്നാ ആ ആസ്പത്രി
കിടക്കയിൽ വെച്ച് പരിചയപ്പെടുത്തിതന്നത്....

ആദ്യം കരുതി ഇത്ര യൂറോപ്പ്യൻ സുന്ദരിമാരും മറ്റും അഴിഞ്ഞാടുന്ന
ഈ ബിലാത്തിയിൽ , ഞാനെന്തിന്  വെറും ഒരു ശരാശരിക്കാരിയായ ,
ഈ തനി മലയാളിപ്പെണ്ണിനെ എന്റെ സൗഹൃദത്തില്‍  കൂട്ടണം എന്ന്....

പക്ഷെ തനി മലയാളിത്വ തനിമകളോടെയുള്ള അവളുടെ
ലാസ്യ വിന്യാസങ്ങൾ കണ്ടപ്പോൾ ഞാ‍നവളിൽ തീർത്തും
അനുരക്തനായി എന്നുപറയുകയായിരിക്കും കൂടുതൽ ഉത്തമം ...!

പോരാത്തതിനാ സമയം കുറച്ചുനാൾ തീർത്തും ബെഡ് റെസ്റ്റിലായിരുന്ന
എന്നെ ഏതു സമയത്തും വന്ന് ആശ്വാസിപ്പിക്കാമെന്നുള്ള അവളുടെ വാഗ്ദാനം
കൂടി ആയപ്പോൾ , ആയത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്തു...

എന്തിന് പറയുന്നു വെറും ആറുമാസം
കൊണ്ട് ഞങ്ങൾ പിരിയാനാകാത്തവിധം അടുത്തുപോയി...!

വയസ്സാങ്കാലത്തുണ്ടായ ഈ പ്രേമം മൂത്ത് മുരടിച്ച് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്ന വീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ

പൊട്ടന് ഓണേഷ് കിട്ടിയ പോലെയായി എന്റെ കോപ്രായങ്ങൾ...!

തന്നില്ലെങ്കിൽ അവർക്കറിയാം ഇത് നാടല്ല...
ബിലാത്തിയാണ് ... ആർക്കും സ്വന്തം ഇഷ്ട്ടം പോലെ
ആരുമായിട്ടും ഏതുപോലെയും രമിച്ച് മതിച്ച് ജീവിക്കാമെന്ന് ...!

അങ്ങിനെ 2008-ലെ ; കേരളപ്പിറവിദിനമായ നവംബർ ഒന്നിന്
ഞാനുമീസുന്ദരിയും കൂടി അനൌദ്യോഗികമായ ഒരു എൻഗേജ്മെന്റ്
ഉണ്ടായെങ്കിലും, ആദ്യസമാഗമമുണ്ടായത് ദിവസങ്ങൾക്ക് ശേഷമാണ്....

മറ്റുള്ളവരെ അഭിമുഖീകരിക്കുവാനുള്ള ഒരു ചെറിയ വിമുഖത കാരണം ,
മാസാവസാനം നവംബർ മുപ്പതിനാണ്  ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് പാർപ്പ് തുടങ്ങിയത്...!

ഈ മലയാളി ബൂലോഗമങ്കയുമായുള്ള ഈ സുന്ദര
ദാമ്പത്യത്തിന് ഇന്ന് രണ്ടുവർഷം തികഞ്ഞിരിക്കുകയാണ് കേട്ടൊ.

യെസ്സ്...
ദി  സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി !

ഞങ്ങളുടെ വീടായ ഈ ബിലാത്തിപട്ടണത്തിൽ   ഇന്ന് ചിയേഴ്സ് പാർട്ടിയാണ്....!

തുടങ്ങാം അല്ലേ....

“എല്ലാവർക്കും ചിയേഴ്സ് !“

ഒരു കാര്യം വാസ്തവമാണ് , ഈ  ‘‘ബിലാത്തിപട്ടണമില്ലായിരുന്നെങ്കിൽ ‘’
നിങ്ങളുടെയെല്ലാം മുമ്പിൽ വെറുമൊരു വട്ടപൂജ്യമായിമാറി , ഇവിടത്തെ ലണ്ടൻ
മല്ലുമാധ്യമങ്ങളിൽ വല്ലപ്പോഴും വല്ല റിപ്പോർട്ടുകളൊ, മറ്റോ എഴുതി  വെറുതെയിവിടങ്ങളിൽ
ട്ടായം കളിച്ച് തീരേണ്ടതായിരുന്നു എന്റെ ജന്മം!

പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ്ടിട്ടോ, മിണ്ടീട്ടൊ ഇല്ലാത്ത ഭൂലോകം
മുഴുവൻ വ്യാപിച്ചുകിടക്കുന്ന അനേകം ബൂലോഗമിത്രങ്ങൾ...!

ഒപ്പം കണ്ടൂം , മിണ്ടീം ഇരിക്കുന്ന ഏത് ബന്ധുക്കളേക്കാളും , മറ്റു കൂട്ടുകാരേക്കാളും
വിശ്വസിക്കാവുന്ന ഉത്തമമിത്രങ്ങളായി തീർന്ന അനേകം ബൂലോഗർ വെറേയും...!

നന്നായി വായിക്കുമായിരുന്നുവെങ്കിലും ...
ഒരിക്കലും ഒരു നല്ല എഴുത്തുകാരനൊന്നുമല്ലെങ്കിലും ...
ഈ കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ  , ഞാൻ കണ്ടകാഴ്ച്ചകളും...
വിശേഷങ്ങളും , എന്റെ മണ്ടത്തരങ്ങളുമെല്ലാം കുറച്ച് ‘പൊക്കിത്തരങ്ങളുടെ‘
അകമ്പടിയോടെ എന്നെ കൊണ്ട് ആവുന്ന വിധം നിങ്ങളുമൊക്കെയായി , പലതും
പല വിധത്തിലും ,പല തരത്തിലും പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു....അല്ലേ

 പഴയ വീഞ്ഞ് ,പുതിയകുപ്പിയിൽ ...!
പഴയ വീഞ്ഞ് പുത്തൻ കുപ്പിയിൽ പകർത്തിവെക്കുന്ന പോലെ ...
പണ്ടെല്ലാം തോന്നുമ്പോൾ ഒരോന്ന് റഫായി ഓരോരൊ കൊല്ലത്തെ
ഡയറിയുടെ താളുകളിൽ കുറിച്ചിട്ട എന്റെ ‘തലേലെഴുത്തുകളും, മറ്റുമെല്ലാം’
 കുറച്ച് മേമ്പൊടിയും , മസാലക്കൂട്ടുകളുമെല്ലാം  ചേർത്ത് ഇപ്പോൾ ഈ ബിലാത്തി
പട്ടണത്തിൽ  ജസ്റ്റ് വിളമ്പിവെക്കുന്നു  എന്നുമാത്രം.... !

ഓരോ കൂട്ടുകാരും ഇതൊക്കെ വന്ന് കഴിച്ചുപ്പോകുമ്പോഴുണ്ടാകുന്ന
ആ ഏമ്പക്കം കേൾക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ,  ആ സംതൃപ്തി ഒന്ന്
വേറെ തന്നേയാണ് കേട്ടൊ കൂട്ടരേ...
വേറെ ഏതൊന്നിൽ നിന്നും കിട്ടുന്നതിനേക്കാളേറെ ഒരു സുഖം... !

കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തിലും, പുതുനൂറ്റാണ്ടിന്റെ
ആരംഭത്തിലുമൊക്കെ ഞാനെഴുതി നിറച്ചുവെച്ച ചില ‘അമിട്ടുംകുറ്റി‘കൾ
പൊടികളഞ്ഞെടുത്ത് , ഇതിനിടയിൽ ചിലപ്പോഴെക്കെ പല രചനകളോടൊപ്പം
ഒരു വർണ്ണപ്പൊലിമക്ക് വേണ്ടി എടുത്ത് പൊട്ടിക്കുകയും ചെയ്തിട്ടുമുണ്ട് കേട്ടൊ...

പിന്നെ ചില ‘കുഴിമിന്നൽ തീർക്കുന്ന അമിട്ടുകൾ ‘ ഇപ്പോഴും
പൊട്ടിക്കാൻ ധൈര്യമില്ലാ‍തെ വെടിക്കെട്ട് പുരയിൽ ഇപ്പോഴും
വളരെ ഭദ്രമായി സൂക്ഷിച്ചു തന്നെ വെച്ചിരിക്കുകയാണ്...!!

പൊട്ടിക്കാത്ത പഴേ അമിട്ടും കുറ്റികൾ...!!
ബൂലൊഗത്ത് പ്രവേശിച്ചതോടുകൂടി സ്ഥിരം ചെയ്തിരുന്ന ആനുകാലികങ്ങളിലും,
മറ്റും ഉണ്ടായിരുന്ന ആഴത്തിലുള്ള വായന നഷ്ട്ടപ്പെട്ടെങ്കിലും, ബോറഡിച്ചിരിക്കുന്ന ജോലിസമയങ്ങളിൽ ബൂലോഗം മുഴുവൻ തപ്പി നടന്നുള്ള ഒരു വയനാശീലം ഉടലെടുക്കുകയും ചെയ്തതോടെ പല പല നാട്ടുവിശേഷങ്ങൾക്കൊപ്പം , നവീന കഥകളും ,ആധുനിക കവിതകളും,
ആയതെല്ലാം പങ്കുവെച്ച ബൂലോഗരേയുമൊക്കെ  നേരിട്ടറിയാൻ കഴിഞ്ഞു എന്ന മേന്മയും ഉണ്ടായി കേട്ടൊ .

നമ്മുടെ ഈ ബൂലോഗത്ത് നല്ല അറിവും വിവരവും പങ്കുവെക്കുന്നവർ തൊട്ട് ,
വെറും കോപ്പീപേസ്റ്റുകൾനടത്തുന്ന മിത്രങ്ങളെ വരെ  കണ്ടുമുട്ടുവാൻ സാധിച്ചിട്ടുണ്ട്...
ഒപ്പം സ്വന്തം തട്ടകങ്ങളിൽ കിരീടം വെക്കാത്ത പല രാജക്കന്മാരേയും..
വൈഭവങ്ങളിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിക്കുന്ന ചില റാണിമാരേയും
എനിക്കിവിടെ കാണുവാൻ  സാധിച്ചു ...

പിന്നെ അതിപ്രശസ്തരും അപ്രശസ്തരുമായ ധാരാളം പേർ
കുറെനാളുകൾക്കുശേഷം പല സങ്കുചിത / സാങ്കേതിക / വ്യക്തിപരമായ
കാരണങ്ങളാൽ ബൂലോഗത്ത് നിന്ന് വിട്ടുനിൽക്കുന്നകാഴ്ച്ചകളും കൂടി വളരെ
ദു:ഖത്തോടെ കാണുകയും ചെയ്യുന്നുണ്ട്....
ഒപ്പം നല്ല കഴിവും,പ്രാവീണ്യവുമുണ്ടായിട്ടും ഒരു
നിശ്ചിത ഗ്രൂപ്പിനുള്ളിൾ ഒതുങ്ങി കഴിയുന്നവരും ഇല്ലാതില്ല കേട്ടൊ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബൂലോഗത്തുനിന്നും
കുറേപേർ ഇതിനിടയിൽ മലയാളസാഹിത്യലോകത്തേക്കും,
സാംസ്കാരിക രംഗത്തേക്കും, പൊതുരംഗത്തേക്കുമൊക്കെ ആനയിക്കപ്പെട്ടതിൽ
നമ്മൾ ബൂലോഗർക്കൊക്കെ അഭിമാനിക്കാം അല്ലേ....!

അതുപോലെ തന്നെ ഇപ്പറഞ്ഞ രംഗങ്ങളിൽ നിന്നുമൊക്കെ ധാരാളം
പേർ ബൂലോഗത്തേക്കും ഇപ്പോൾ  വന്നുകൊണ്ടിരിക്കുകയാണല്ലോ..!

ഇതോടൊപ്പം എന്റെ മിത്രങ്ങളോട് എനിക്കുണർത്തിക്കുവാനുള്ള
വേറൊരു കാര്യം ഞാനൊരു പുതിയ ജോലിയിൽ രണ്ട് വാരത്തിനുള്ളിൽ
പ്രവേശിക്കുവാൻ പോകുക എന്നുള്ളതാണ്....

അഞ്ചാറുകൊല്ലത്തെ സെക്യൂരിറ്റി ഗാർഡ് / ഓഫീസർ
തസ്തികകൾക്ക് ശേഷം ഒരു ‘സെക്യൂരിറ്റി ഏജന്റ് ‘എന്ന ഉദ്യോഗം ....

സ്പൈ വർക്ക് അഥവാ ചാരപ്പണി !

ആറുമാസമിനി പഠിപ്പും  ട്രെയിനിങ്ങുമായി സോഷ്യൽ നെറ്റ് വർക്കുകൾ
‘ബാൻ‘ ചെയ്ത അന്തരീക്ഷങ്ങളിൽ ഞാനെങ്ങിനെ ഇണങ്ങിചേരുമെന്ന് കണ്ടറിയണം....!

അതുകൊണ്ട് ഈ ചാരപ്പണിയിൽ നിന്നും ആ കമ്പനി
എന്നെ പുറത്താക്കുകയോ, ഞാനുപേഷിച്ച് പോരുകയൊ
ചെയ്തില്ലെങ്കിൽ....
കുറച്ചു നാളത്തേക്ക് ഇതുപോലെ സജീവമായി
എനിക്ക് ബൂലോഗത്ത് മേഞ്ഞുനടക്കുവാൻ സാധ്യമാവില്ല
എന്നുള്ളത് ഉറപ്പാണെങ്കിലും , എന്റെ മണ്ടത്തരത്തോട് കൂടിയ
അഭിപ്രായങ്ങളൊന്നും നിങ്ങളുടെ പോസ്റ്റുകളിൽ കണ്ടില്ലെങ്കിലും ....

നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്ന താഴെയുള്ള
ആ ചാരകണ്ണുകൾ സമയാസമയം , ഒരു ചാരനെപ്പോലെ
ആയതെല്ലാം വീക്ഷിച്ചുകൊണ്ടേയിരിക്കും....
കേട്ടൊ കൂട്ടരേ
 The Folower / ചാരക്കണ്ണുകൾ ! 


നി മുക്ക്  Be Latthi Pattanatthi ലെ  
നി ഒറിജിലായരു കണ്ടതും കേട്ടതും ആയാലൊ
ഇത് വെറും ബി ലാത്തിയല്ല .....കേട്ടൊ
 ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ.....

നാട്ടിൽ സപ്തതിയാഘോഷിച്ചുകൊണ്ടിരിക്കുന്ന
അച്ഛമ്മയുമായി   പത്തുവയസ്സുകാരനയ എന്റെ മകൻ ഇന്നലെ ,
രണ്ടു ഭാഗത്തേയും  മൈക്ക് ഓൺ ചെയ്തുവെച്ചിരുന്ന ഫോണുകളിൽ
സംസാരിക്കുന്നത് കേട്ടതിൽ നിന്നും ചില ഭാഗങ്ങൾ...

മോൻ       :- “ അമ്മാ‍മ്യേ.... അച്ഛ്നു പുത്യേ -ജ്വാലി കിട്ടീട്ടാ‍ാ‍ാ...
                       സ്പൈ വർക്കാ.. സ്പൈ ഏജന്റ് ”

അച്ഛമ്മ   :-  “ ഉന്തുട്ടാ ജോല്യെയ്ന്റെ മോനെ ... മലയാൾത്ത്യേ ...പറ്യ് ”

മോൻ      :-  “ ജാരൻന്ന് പറയ്മ്മാമേ ...   ജാരൻ  ”

അപ്പോളിതെല്ലാം കേട്ട് വീട്ടിൽ അകം തുടച്ചു
കൊണ്ടിരുന്ന  വേലക്കാരി ആനിയുടെ വക ഒരു കമ്മന്റ്സ്

ആനി    :-   “ ഈശ്വോയെ... ഈ മുർള്യേട്ടനവിടേ പോയിട്ടും ഇപ്പണ്യന്ന്യാ..! “

ഇതെല്ലാം കേട്ട് ചൂലുംകെട്ടിനു പകരം ഇവിടെ അടിച്ച് കോരുവാൻ
ഉപയോഗിക്കുന്ന ബ്രൂം .., എന്റെ പെണ്ണൊരുത്തി എടുക്കുവാൻ പോകുന്നത്
കണ്ട് , കാറിന്റെ കീയെടുത്ത് പെട്ടെന്ന് തന്നെ ഞാനവടന്ന് സ്കൂട്ടായി ..!


എന്ത് ചെയ്യാം ...
ഞാനല്ലവനേ ...
മലയാളം പഠിപ്പിക്കുന്നത്  ...!
എന്റെന്നെയല്ലേ ചെക്കൻ....!
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ ...?




ലേബൽ :‌-
രണ്ടാം വാർഷികാനുഭവ കുറിപ്പുകൾ  ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...