Saturday 3 July 2010

ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasantham !

 പണ്ട് പതിനെട്ട് വയസ്സിന്റെ കാലഘട്ടങ്ങളിൽ ഉണ്ടായ
ഒരു പ്രണയ നൈരാശ്യം എന്നെ , പട്ട / കഞ്ചാവ്  എന്നിവയുടെ
ലഹരികളിലേക്ക്  തള്ളിയിട്ടപ്പോൾ ,ഞാൻ അതിലൊക്കെ നീന്തിത്തുടിച്ച അവസരം ...

ആ ലഹരികളിൽ മുങ്ങിതപ്പി, നീന്തി കയറാനാവാതെ , ആ കയങ്ങളിൽ അടിമപ്പെട്ടു കഴിയുമ്പോഴാണ് , ഏതാണ്ട് ഏഴുമാസത്തിനു ശേഷം  മഹർഷി മഹേഷ് യോഗിയുടെ
അതീന്ദ്രിയ ധ്യാനം (T.M ) എന്ന വിദ്യയിലൂടെ , മഹർഷിയുടെ  അഭിവന്ദ്യ ശിഷ്യൻ നാട്ടുകാരനായ , ഞങ്ങൾ ഗുരുജി എന്നുവിളിക്കുന്ന വിപിൻജി എന്ന എന്റെ ആത്മീയഗുരു ...
എന്നെ ഈ ലഹരികളിൽ നിന്നും മോചിതനാക്കിയത് !
അതോടെ എന്റെ ധൂമ പാനം മാത്രം  നിന്നു..
ഇപ്പോൾ വല്ലപ്പോഴും മാജിക് അവതരണ സ്റ്റേജുകളിൽ മാത്രം പുകയൂതും...

 മാന്ത്രിക തില്ലാന....
അതിനുശേഷം  വിപ്ലവം , സാഹിത്യം, പ്രണയം, തെരുവ് നാടകം ,
സിനിമ, ക്രിക്കറ്റ്  ,..,..., അങ്ങിനെ ഇമ്മിണിയിമ്മിണി ലഹരികൾ മാറിമാറി
ജീവിതത്തിൽ കയറിയിറങ്ങി പോയെങ്കിലും എല്ലാത്തിനും ഒരു നിയന്ത്രണ രേഖ ,
സ്വയം ; വരയ്ക്കുവാൻ കഴിഞ്ഞിരുന്നൂ...
പക്ഷേ നാൽ‌പ്പതുവയസ്സിന് ശേഷം ഈ കമ്പ്യൂട്ടറിലെ ബാലപാഠങ്ങള്‍ മനസ്സിലാക്കി ,
ഇപ്പോൾ ബൂലോഗത്തേക്ക് കൂടി , കടന്നുവന്നപ്പോൾ  ; അതൊരു ബല്ലാത്ത ലഹരിയായി !

മറ്റുള്ള ലഹരികളെല്ലാം എങ്ങോട്ട് പോയി
ഒളിച്ചുവെന്ന്  എനിക്കുപോലും പറയാൻ സാധിക്കുന്നില്ല !

ബൂലോഗം മറ്റൊരു മറ്റൊരു കുടുംബമായി മാറുകയായിരുന്നു... ബ്ലോഗ്ഗ് മീറ്റുകളും, കൂട്ടായ്മകളുമൊക്കെ തീർത്തും ഒരു ബന്ധുജന-സൌഹൃദ -സ്നേഹ കൂടിക്കാഴ്ച്ചകളായി തീരുകയായിരുന്നൂ.
ഇതാ അടുത്തമാസത്തെ, നമ്മെളെല്ലാവരും പരമാവധി ഒത്തുകൂടാൻ
പോകുന്ന തൊടുപുഴ   മീറ്റിന്റെ കോപ്പുകൂട്ടലുകൾക്ക് കൂടി ഇപ്പോൾ അരങ്ങൊരിങ്ങി കഴിഞ്ഞു...
 ഇതുവരെ കാണാത്ത, കേൾക്കാത്ത  ജ്യോനവൻ എന്ന ബൂലോഗമിത്രം, കഴിഞ്ഞകൊല്ലം
നമ്മെ വേർപ്പെട്ടുപോയപ്പോൾ , നമ്മൾക്ക് ഒരു സഹോദരന്റെ വിയോഗമായാണത് അനുഭവപ്പെട്ടത്...
 പേരുപോലും അറിയാതിരുന്നിരുന്ന , നമ്മുടെയെല്ലാം സ്നേഹം നിറഞ്ഞ
എഴുത്തുകാരിയുടെ വേണ്ടപ്പെട്ടവൻ ഈയ്യിടെ ദാരുണമായ ഒരു വാഹനാപകടത്താൽ,
അവരുടെ കുടുംബത്തെ ഒറ്റയ്ക്കാക്കി വേർപ്പെട്ടുപോയപ്പോൾ, അത് നമ്മുടെ കൂടി ദു:ഖമായി മാറുകയും ചെയ്തു...

അതെ ; സമയവും, പണവും നഷ്ട്ടപ്പെട്ടാണെങ്കിലും, ഇത്തരം അടുപ്പങ്ങളും , ബന്ധങ്ങളുമൊക്കെതന്നെയാണ് ; ഈ ബൂലോഗ മായാവലയത്തിൽ നമ്മളെയെല്ലം
എപ്പോഴും ഒന്നിപ്പിച്ചു നിർത്തുന്ന ഘടകം അല്ലേ....
 ഈ കൂട്ടായ്മകളും സൌഹൃദങ്ങളും  എന്നും നിലനിൽക്കട്ടെ എന്ന്
നമ്മൾക്കോരോരുത്തർക്കും ആശിക്കുകയും ,പ്രാർഥിക്കുകയും ചെയ്യാം  ...

 ലണ്ടനിലെ ലോകകപ്പ് ആരവങ്ങൾ !
എന്തിനുപറയുന്നൂ ...
ഇവിടെ ലണ്ടൻ തെരുവുകളിൽ ഇപ്പോൾ  ലോകകപ്പ് ഫുഡ്ബോൾ ലഹരികളിൽ  നടമാ‍ടികൊണ്ടിരിക്കുന്ന തെക്കനമേരിക്കൻ നൃത്തച്ചുവടുകൾക്കൊത്തുള്ള ആരവങ്ങളും
ഒപ്പമുള്ള ഫുഡ്ബോൾ ശവഘോഷയാത്രകളും , ആഫ്രിക്കൻ കളിയാരാധകരുടെ താള മേളങ്ങളോടുള്ള വില്ലടിച്ചാൻ പാട്ടുകളും , ഇറ്റലി , ഇംഗ്ലണ്ട് ,ഫ്രാൻസ് തുടങ്ങിയവരുടെ ശോക ജാഥാ ഗാനാലാപനങ്ങളുമൊന്നും തന്നെ ഒരു ഹരമായി ,  മുൻ തവണകളിലെ പോലെ ഇപ്പോളൊരു ലഹരിയായി മാറുന്നില്ല
കാരണമെന്താണെന്നോ ഈ ബൂലോകം തന്നെ !

തൂറാത്തോൻ തൂ ...അത് വേണ്ട രണ്ടിന് പോകാത്തോൻ രണ്ടിന് പോയപ്പോൾ
രണ്ടോണ്ട് ആറാട്ട്   എന്നുപറഞ്ഞപോലെയായി എന്റെ സ്ഥിതി വിശേഷം !

എന്ത് കണ്ടാലും , കേട്ടാലും അതിനെകുറിച്ചെഴുതാൻ ഒരു  ‘ട്ടെമ്പ്റ്റേഷൻ‘ ..!
എഴുതാനിരുന്നാൽ ജഗ പൊകടിച്ച് ഓരൊ കാര്യങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും....
എന്റെ കുഴിമടിക്ക് നന്ദി പറയുക.. അല്ലെങ്കിൽ ബൂലോഗമാകെ അലങ്കോലമാക്കി , എല്ലാവർക്കും ഒരു ശല്ല്യമായി , തേരാപാരെ നടന്നേനെ ഞാൻ...

അല്ലാ.. ഇതുവരെ... ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ ?

നിങ്ങൾ പരസ്യങ്ങളിലൂടെയെല്ലാം  കാണുകയും, കേൾക്കുകയും
ചെയ്തുകൊണ്ടിരിക്കുന്ന വളരെ ഹിറ്റായ , തനി തൃശ്ശൂര്‍  ഭാഷാശൈലിയിലുള്ള
പരസ്യവാചകങ്ങളും മറ്റും കണ്ടു/കേട്ടുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , ഇതെല്ലാം പടച്ചുവിടുന്ന  ആ ഗെഡികൾ ആരെല്ലാമാണെന്ന് ?

വേണ്ട ...മന്ത്രം പാട്ടായാൽ മണ്ണാന്റെ പുറമ്പൂച്ച് പുറത്താവില്ലേ എന്നോർത്തും, പരസ്യ കച്ചോടത്തെ ബാധിക്കില്ലേ എന്നു ചിന്തിച്ചും ഭൂലോകത്തിന്റെ പലഭാഗത്തുമിരുന്ന് കഞ്ഞികുടിക്കുന്ന, ഈ വിരുതന്മാരെ കുറിച്ചൊന്നും ഞാൻ നേരിട്ടിപ്പോൾ പറയുന്നില്ല ..
.
 ജ്ജ്യാതി ഗ്യാങ്ങിലെ പതിനെട്ടിലെ ആ പഴയ പന്തിരുകുലം

പത്തിരുപത്തഞ്ചുകൊല്ലം മുമ്പ്  സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിലെ കണിമംഗലത്ത് ഒട്ടും സാംസ്കാരിക സമ്പന്നരല്ലാത്ത ഒരുജ്ജ്യാതി ഗ്യാങ്ങുണ്ടായിരുന്നു !

കണിമംഗലത്തെ ആറാംതമ്പുരാന്റെ (മൂപ്പർ ഇപ്പോൾ കുടുംബസമേധം
ഇപ്പോൾ ആഫ്രിക്കയിലാണ്  ) തൊട്ടുപിൻ മുറക്കാർ എന്നുവേണമെങ്കിൽ പറയാം..

നാട്ടാർക്കും, വീട്ടാർക്കുമൊക്കെ മോഹവും, ശല്ല്യവുമൊക്കെയായി അലമ്പിനലമ്പ്,
അടിയ്ക്കടി, പാരയ്ക്ക്പാര എന്നീസകല കുണ്ടാമണ്ടികൾക്കൊപ്പം പഠിപ്പിലും, പ്രണയത്തിലും, പദവിയിലുമൊക്കെ കുപ്രസിദ്ധരായി അവർ അവിടെ അടക്കി വാഴുകയായിരുന്നൂ...
ഇവരൊന്നുമില്ലാതെ നാട്ടിൽ വായനശാലകളില്ല, ഫീനിക്സ് ട്യൂട്ടോറിയലില്ല, സാഹിതിസഖ്യങ്ങളില്ല, ബോധി ക്ലബ്ബില്ല, റൂട്ട് നാടക വേദിയില്ല, ശാസ്ത്ര
സാഹിത്യ പരിഷത്ത് ശാഖയില്ല, വേലകളില്ല, ഉത്സവങ്ങളില്ല ,  പെരുനാളുകളില്ല , പൂരങ്ങളില്ല, സിനിമാ ടാക്കീസുകളില്ല, കണിമംഗലത്തെ നാടൻ പാട്ടുകളുടെ നാട്ടു കൂട്ടമില്ല ,...,..,

ഹൌ.... അതെല്ലാം അന്തകാലം !

അന്നത്തെ ആ അക്ഷൌഹണിപ്പട പൊട്ടി ചിതറി ഇപ്പോൾ ഭാരതത്തിന്റെ
നാനാ ഭാഗത്തും, അമേരിക്കയിലും, ചൈനയിലും, ഇംഗ്ലണ്ടിലും, ഗൾഫിലുമൊക്കെയാ‍യി സകുടുംബം വാഴുകയാണിപ്പോൾ ..
ആയതിലൊരുത്തൻ ഒരു പരിപാടിയുടെ ഭാഗമായി
ബ്രിട്ടനിലെത്തിയപ്പോൾ , ഞാനവനെ സ്വീകരിച്ചാനയിച്ച് ലണ്ടനിൽ കൊണ്ടുവന്നു...

ഈ  ഗെഡി ആരാണെന്നറിയണ്ടേ ...

നാടകമേ ഉലകം../ ഒരു പഴയ ഫയൽ ചിത്രം

മലയാളികളുടെ പൊങ്ങച്ചങ്ങളും,പോരായ്മകളും,പെരുമകളുമെല്ലാം ,
സ്വയം രൂപകൽ‌പ്പന ചെയ്ത് , കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി, ദിനം തോറും
അപ് ഡേറ്റ് ചെയ്ത് സ്വന്തം ശൈലീവിലാസങ്ങളിലൂടെ , ആക്ഷേപഹാസ്യത്തിലൂടെ
തന്റെ ക്യാരികേച്ചർ എന്ന പരിപാടിക്ക് , ഒരു എതിരാളിപോലുമില്ലാതെ അന്നും, ഇന്നും ,
എന്നും - ജയം (JAI ) മുഴക്കിയ , ഒരു രാജകുമാരനായി (RAJ ) ഒപ്പം തന്നെ നല്ലൊരു യോദ്ധാവായി  (WARRIOR ) വിലസിക്കൊണ്ടിരിക്കുകയാണ് ...
അതെ നമ്മുടെയെല്ലാം ജയരാജ വാര്യർ!( JAI RAJ WARRIER )

കാലങ്ങൾക്ക് ശേഷം ഒരു ഉറ്റവനായ ചങ്ങാതിയെ കണ്ടുമുട്ടി ;
രണ്ടുമൂന്നുദിനം നമ്മുടെയൊപ്പം ആ പഴയകാലാനുഭവങ്ങൾ പങ്കു
വെക്കുമ്പോഴുള്ള  ; ആ അനുഭൂതികളുണ്ടല്ലൊ , അത് തീർച്ചയായും
ഒട്ടും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ...!

ഇവിടെയന്ന് ലണ്ടനിൽ എന്റെ വീട്ടിൽ വെച്ച് ,ഞങ്ങൾ രണ്ടുപേരും കൂടി പ്രണയിച്ച  ,
നാട്ടിലെ ആ സുന്ദരി , ഞങ്ങളുടെ അന്നത്തെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വേറൊരുവന്റെ ഭാര്യയായി തീർന്ന കഥ ജയ് രാജ് പറഞ്ഞപ്പോൾ എന്റെ ഭാര്യക്ക് സന്തോഷവും, മകൾക്ക് സന്താപവും വന്നു കേട്ടൊ.
പക്ഷേ വേറെ ചില യുവ-കൌമാരാനുഭവങ്ങൾ ഞങ്ങൾ പങ്കുവെച്ചപ്പോൾ , എന്റെ പെണ്ണൊരുത്തിയുടെ മുഖം അസൂയകൊണ്ടും, കുശുമ്പുകൊണ്ടും കടന്നലുകുത്തിയ
പോലെ തുടുത്തുവരുന്നതും കണ്ടു !
വളരെ മുമ്പ് മരണം വരിച്ച എന്റെ അച്ഛനെകുറിച്ചും, മൂപ്പരുടെ മിത്രമായിരുന്ന , അടുത്ത കൊല്ലങ്ങൾക്ക് മുമ്പ് മരിച്ച കൃഷ്ണവാര്യ്ർ എന്ന സ്വന്തം പിതാവിനെകുറിച്ചും, അവരുടെ
പഴയ ലീലാ വിലാസങ്ങളെകുറിച്ചെല്ലാം ജയ് രാജ് അവരുടെയെല്ലാം രൂപഭാവങ്ങളിലൂടെ സ്മരിച്ചപ്പോൾ ചെറുപ്പകാലങ്ങളിലേക്ക്  വീണ്ടും എത്തിയപോലെ തോന്നിച്ചു.....

ഒരു ഒറ്റയാൾ പട്ടാളമായി  മലയാളിസമൂഹത്തെ ഇരുത്തി ചിരിപ്പിക്കുകയും, ഒപ്പം ചിന്തിപ്പിക്കുയും ചെയ്യുന്ന ഈ ക്യാരികേച്ചർ പരിപാടിക്ക് തുടക്കം കുറിച്ചിട്ടിപ്പോൾ ഇരുപത്തഞ്ചുവർഷമായി !

  സന്തോഷ് ബാബു ദൽഹിയിലെ വീട്ടിൽ..
 തുടക്കകാലങ്ങളിൽ  ഞങ്ങൾ മൂന്ന് നാട്ടുകാരായ മിത്രങ്ങൾ ചേർന്ന് ...
സന്തോഷ് ബാബു ഹിപ്നോരമയും, ഞാൻ മാജിക്കും ,ജയ് രാജ് ക്യാരികേച്ചറുമായി
സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയ കാര്യങ്ങൾ ഇപ്പോൾ സ്മരണയിലേക്ക് ഓടിയെത്തുകയാണ്..

അതിൽ സന്തോഷ് ബാബുഇപ്പോൾ  ഒരു ഇന്റെർനാഷ്ണൽ പേഴ്സനാലിറ്റി
ട്രെയിനറായി , ദൽഹിയിൽ സ്വന്തം ഇൻസ്റ്റിട്ടൂട്ടുമായി ( O.D.Alternatives ) ലോക
സഞ്ചാരിയായി  കുടുംബമൊത്ത് വാസം തുടരുന്നു...

ഞാനാണെങ്കിലോ ലണ്ടനിൽ ഒരു മണ്ടനായിട്ട് ഈ ബിലാത്തി പട്ടണത്തിലും ..

ജയ് രാജ് ഇപ്പോഴും ഒരു എതിരാളി പോലുമില്ലാതെ തന്റെ ഷോമാൻഷിപ്പുമായി
ജൈത്രയാത്ര തുടരുകയും ചെയ്യുന്നൂ.... ജയരാജിന്റെ  I..I..T പാസായ , എഞ്ചിനീയറായ
ചേട്ടൻ മുരളി വാര്യർ ഡോക്ട്ടറേറ്റെടുത്തത്ത ശേഷം ഇപ്പോൾ ഫേമിലിയായി ഹൈദരാബാദിലായ കാരണം , അമ്മ വിലാസിനി വാര്യസാർ , ജയ് രാജിന്റെ കൂടെതന്നെയാണിപ്പോൾ താമസം. അനുജത്തിയും കുടുംബവും അടുത്തുതന്നെ താമസിക്കുന്നു.
ജയ് രാജിന്റെ ഒരേയൊരുമകൾ ഇന്ദുലേഖ ഇപ്പോൾ എഞ്ചിനീയറിങ്ങ്
കോളേജിൽ ചേരാൻ കാത്തിരിക്കുന്നു , ഒപ്പം ഈ കുട്ടി എല്ലാ സംഗീതത്തിലും
കേമിയാണ്  . അടുത്തകാലത്ത് പുറത്തിറങ്ങിയ 'ലൌഡ് സ്പീക്കർ' എന്ന സിനിമയിൽ അല്ലിയാമ്പൽ...കടവിലന്നരയ്ക്കു..വെള്ളം  എന്ന ഗാന രംഗത്തിൽ അഭിനയിച്ച നായികയും
ഈ ഇന്ദുലേഖ തന്നെയാണ് .
സുന്ദരിയായ ഒരു കുടുംബിനിയായും, ജയ് രാജിന്റെ  പ്രോഗ്രാം സെക്രട്ടറിയായും
ഭാര്യ ഉഷ എന്നും തിരക്കിലാണ് ഇപ്പോൾ. അടുത്ത കാലത്ത് നാട്ടിൽ റീജണൾ
തീയ്യറ്ററിൽ വെച്ച് ആയിരത്തിനുമേൽ ആളുകൾ പങ്കെടുത്ത പരിപാ‍ടിയായിരുന്നു
രജത വസന്തം !
ഇരുപത്തഞ്ചുകൊല്ലം തുടർച്ചയായി മലയാളികളെ  ; തന്റെ സ്വതസിദ്ധമായ
കലാഭിനയ പാടവത്തിലൂടെ , പാടിയും ആടിയും രസിപ്പിച്ചും, ബോധവൽക്കരണം
നടത്തിയും ; ആക്ഷേപഹാസ്യത്തിലൂടെ, വെറുമൊരു ഒറ്റയാൾ പട്ടാളമായി വേദികളിൽ
കൂടിയും, ദൃശ്യ  മാധ്യമങ്ങളിൽ കൂടിയും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന ഒരേയൊരു കലാ കാരനാണ് എന്റ് ഈ സോൾ ഗെഡി ജയ് രാജ് വാര്യയർ !

സാംസ്കാരിക നായകന്മാരായ  അഴിക്കോടുമാഷും , എം. ടി .സാറും,
നെടുമുടി വേണുവാശാനും, പാട്ടുകാരൻ ജയചന്ദ്രേട്ടനുമൊക്കെ ചേർന്ന് 
വേദിയലങ്കരിച്ച് , ജയരാജ് വാര്യയരെ , ഈ  ക്യാരികേച്ചർ അവതരണങ്ങൾ,
രജത ജൂബിലിയിലെത്തിയതിന് , അനുമോദനങ്ങൾ അർപ്പിച്ച പരിപാടിയായിരുന്നു
ഈ രജത വസന്തം !
ഈ വേറിട്ട കലാകാരനെ കഴിഞ്ഞ ജൂൺ 27 -ന് , രജത ജൂബിലി പിന്നിട്ടതിന് യു.കെ മലയാളികളുടെ പേരിലും, ബൂലോഗത്തിന്റെ പേരിലും സ്വീകരണം കൊടുക്കുകയും , ആദരിക്കുകയും ചെയ്തു !

 ജയ് രാജും കുറച്ചു ബിലാത്തി ബൂലോഗരും

അതിനുശേഷം രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ജയ് രാജ് വാര്യയറുടെ ക്യാരികേച്ചർ പരിപാടിയാൽ , ബോളിയൻ സിനിമയിലെ ഓഡിറ്റോറിയവും , കാണികളും തീർത്തും പ്രകമ്പനം കൊള്ളുകയായിരുന്നു....
മലയാളത്തിൽ ബ്ലൊഗ്ഗ് എഴുതുന്നവരുടെ പേരിൽ ബൂലോഗരുടെ
പ്രതിനിധിയായി , അഡ്വ: സമദ്  ആണ്, ജയ് രാജിന് മൊമൊന്റൊ നൽകി ആദരിച്ചത്  .

 മന്നനും,മണ്ടനും
ശേഷം രണ്ടുദിനം  ഞാനും, ജയ് രാജും കൂടി 
ലണ്ടൻ സമ്മർക്കാഴ്ച്ചകളിലേക്ക് ഊളിയിട്ടുപോയി ...
അതോടൊപ്പം ഞങ്ങൾ രണ്ടുപേരും കൂടി , പണ്ടത്തെ കുറെ 
സ്മരണകൾ പുതുക്കി പണിയുകയും ചെയ്തു കേട്ടൊ ....കൂട്ടരെ ! ! !

Sunday 6 June 2010

സങ്കര ചരിതം ! / Sankara Charitham !



ലോകകപ്പു ഫുട്ബോൾ ഉത്സവങ്ങൾ !
ഇവിടെ ലണ്ടനിലുള്ള  ലോകകപ്പ്‌ ഫുട്ബോള്‍ ആഘോഷങ്ങളുടെ
വരവേല്‍പ്പ് കണ്ടാല്‍ ... ചത്തോടത്തല്ല നിലവിളി എന്നുപറഞ്ഞ പോലെ,
തെക്കനാഫ്രിക്കയിൽ നടക്കാൻ പോകുന്ന ലോക കാൽ‌പ്പന്തുകളി  ഇവിടെ ഈ
ബ്രിട്ടനിലാണ് അരങ്ങേറ്റം കുറിച്ച് ആഘോഷിക്കപ്പെടുന്നത് എന്ന് തോന്നിപ്പോകും !

ഫുട്ബോൾ ഭ്രാന്തമാരായ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഇവിടെയുള്ളത് കൊണ്ട്
വണ്ടികളും, വീടുകളും കൊടിതോരണങ്ങളാൽ അലങ്കരിച്ച്, പബ്ബുകളിലെല്ലാം ബടാസ്ക്രീൻ
വെച്ച് മിനി തീയ്യറ്ററുകളാക്കി ,  സൂപ്പർ സ്റ്റോറുകളെല്ലാം , ആൽക്കഹോളുകളും മറ്റും  ആദായ
വില്പന നടത്തി എല്ലാവരേയും കുടിപ്പിച്ച് , കുളിപ്പിച്ചുള്ള ഒരു തരം പ്രത്യേക അടിപൊളി  ഉത്സവ മയംതന്നെയാണ് ഈ ബിലാത്തിപട്ടണത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കാണൂന്നന്നത് ..!

 ഇവിടത്തെ വേനലിലെ അൾട്രാവയലറ്റ് രശ്മികളിൽ
കൂടി ഇറങ്ങിവരുന്ന കഠിനമായ സാന്ദ്രത കൂടിയ ചൂടുകാരണം ,
മിക്കവരും , ഞാനടക്കം വെള്ളം ബോട്ടിലിനേക്കാൾ ചീപ്പായി കിട്ടുന്ന
ഇത്തരം ഇഷ്ട്ട പാനീയങ്ങളായ , ബിയറുകളാണ് ചായ-കാപ്പിക്കുപകരം കുടിച്ചുകൊണ്ടിരിക്കുന്നതിപ്പോൾ !

അല്ലാ..ഇതൊക്കെ  പോട്ടെ ...
ഇനി കഥയിലേക്ക് പോകാം അല്ലേ

ഈ സങ്കരനുണ്ടല്ലോ ... പണ്ടത്തെ ശങ്കരനെ പോലെയല്ല..കേട്ടൊ .

ഇത് - സങ്കരമാകുമ്പോൾ ഗുണവും ,മേന്മയും പഴയതിനെ  അപേക്ഷിച്ച് 
ഇരട്ടിയിലധികം കാഴ്ച്ചവെക്കുവാൻ സാധിക്കുന്ന  ഒരു പുത്തൻ എടവാടാണ് ..  !

ഈ കാലഘട്ടത്തിൽ ഇപ്പോൾ സങ്കരയിനം വർഗ്ഗങ്ങൾക്കാണല്ലോ ഡിമാന്റ് ! 

പശുവിനെ സങ്കരയിനമാക്കിയാൽ പാലും, ഈടും ഇരട്ടി ...
പന്നിയെ സങ്കരയിനമാക്കുമ്പോൾ പത്തിരട്ടി മാംസവും , സമയ ലാഭവും
എന്തിനുപറയുന്നൂ...
വെറും ഉണ്ട വഴുതിനിങ്ങയെപോലും  സങ്കരയിനമാക്കുമ്പോൾ ,  അവ  
നീളം വെച്ച് എല്ലാ ഉപയോഗങ്ങൾക്കും പ്രാപ്തമായി തീരുകയും ചെയ്യുന്നൂ...!

അയ്യോ..നമ്മുടെ കഥ തുടങ്ങിയില്ലല്ലോ..അല്ലേ.

ഈ സംഭവം ബൂലോഗത്തെ കഥയുടെ കെട്ടഴിക്കുന്നവർക്ക് 
കിട്ടിയാൽ ഒരു നീണ്ടകഥയോ , നോവലോ എഴുതാനുള്ള വകുപ്പുണ്ട്. 
പക്ഷേ ഞാനീ സംഗതികളൊക്കെ ജസ്റ്റ് പറഞ്ഞ് പോകുകയാണെന്നുമാത്രം....

അങ്ങിനെ  ഞങ്ങളും ആഘോഷങ്ങൾ തുടങ്ങി . 
ഇത്തവണത്തെ ജൂണാമോദങ്ങളിലെ  താരം ആദിത്യ ആയിരുന്നു . 
ആദിത്യയുടെ നാലാംജന്മദിനാഘോഷങ്ങൾ ഞങ്ങളൊന്നിച്ചാഘോഷിച്ച്
ഈ വീക്കെന്റ് വല്ലാതങ്ങ് ഉണ്മയാക്കിയെന്ന് ശൊല്ലാം...! 

ആരപ്പയാണീ ആദിത്യ  ? 

ഒരു ചിന്ന ഫ്ലാഷ് ബാക്ക്...

നാട്ടിലെ ഞങ്ങളുടെ സ്കൂളിലെ വിശാ‍ലാക്ഷി 
ടീച്ചറുടെ പേരക്കുട്ടിയാണ് ഈ ആദിത്യ കേട്ടൊ. ..
ടീച്ചറുടെ ആ എടുപ്പും, നടപ്പുമെല്ലാം കാരണം , വിസ്താരമ ടീച്ചർ 
എന്ന ചെല്ല പേരുകളിലാണ് ടീച്ചറേയും,  ഒപ്പം ഭർത്താവിനെ , ചൂരൽ 
മേനോൻ മാഷും എന്നാണ് , അന്നൊക്കെ സ്കൂളിൽ എന്നും അറിയപ്പെട്ടിരുന്നത്. 

സി.കെ .മേനോൻ മാഷ് , S.I ആവാൻ മോഹിച്ച് , ലീഡറുടെ അഭ്യന്തരം തെറിച്ചപ്പോൾ ,
മാളയിൽ നിന്നും കണിമംഗലത്തുവന്ന് , രണ്ടുലക്ഷം കൊടുത്ത് കണക്കുമാഷെ പണി വാങ്ങിച്ചതാണ് 
 ഇൻസ്പെക്ട്ടറേ മനസ്സിൽ വെച്ച് , 
കണക്ക് പഠിപ്പിച്ചാല്‍   വല്ലതും നേര്യാവോ ?

ഒരുമിച്ചുള്ള സ്പെഷ്യൽ ക്ലാസ്സ്,  ടൂറുകൊണ്ടുപോകൽ , സ്റ്റാഫ് റൂം 
കുറുകൽ മുതലായ കലാപരിപാടികളിലൂടെ , തലതെറിച്ച ശിഷ്യരായ 
ഞങ്ങൾക്ക് , മൂത്ത പ്രേമത്തിന്റെ ലീലാ വിലാസങ്ങൾ ... മാതൃകയാക്കി  
കാണിച്ച് തന്ന്, അങ്ങിനെ ലെപ്പടിച്ച് കല്ല്യാണിച്ച മാതൃകാ  അദ്ധ്യാപകർ കൂടിയായിരുന്നു ഇവർ.

അന്നൊക്കെ സ്കൂളിൽ , ഞങ്ങളുടെ  സോൾ ഗെഡി ജയരാജ് വാര്യർ,  ഐ.എം.വേലായുധ മാഷേയും, സീനിയർ അരവിന്ദ മാഷേയും, ഇവരേയുമൊക്കെ അനുകരിച്ച് ചാക്യാർകൂത്തിനും , ഓട്ടൻ തുള്ളലിനുമൊപ്പം , ക്യാരികേച്ചറുകൾ ഞങ്ങൾക്കൊക്കെ കാഴ്ച്ചവെച്ചുകൊണ്ടാണ് ആക്ഷേപ ഹാസ്യത്തിന്റെ മൂപ്പരുടെ നർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നത് ....


ചോത്തിടീച്ചറെ കെട്ടിയപ്പോൾ , ഓട്ടോമറ്റിക്കായി  മാഷുടെ വീട്ടിൽ ഒറ്റപ്പെട്ട 
മേനോൻ മാഷ് , പിന്നീട് ഞങ്ങളുടെ നാട്ടിൽ സ്ഥലം വാങ്ങി കുടുംബം സ്ഥാപിച്ച് , 
മക്കളായ ശ്രീദേവിയേയും , ദേവദാസിനേയും പ്രൊഡക്ഷൻ നടത്തി,  വിശാലാക്ഷി 
ടീച്ചറുടെ അണ്ടറിൽ സസുഖം വാണു...

ഇപ്പോൾ മേനോൻ മാഷ്  നാട്ടിലെ ഗുരുദേവചിട്ടിക്കമ്പനിയുടെ 
ചെയർമാനും,  ടീച്ചർ ആ വാർഡിലെ കൌൺസിലറുമാണ് കേട്ടൊ.

ഇവരുടെ മകൻ പഠിപ്പിലും ,  അല്പം ക്രിക്കറ്റിലും കമ്പമുണ്ടായിരുന്ന ദേവദാസ് , 
പി.സി.തോമാസ് മാഷിന്റവിടെ കോച്ചിങ്ങിനുപോലും പോകാതെ ,റാങ്കോടെ പാസായിട്ട് മെഡിസിന് ചേർന്ന് , M.B.B.S -നു ശേഷം , മെറിറ്റിൽ  M.D  എടുത്ത് വന്ന സമയത്താണ്, 
ആ കച്ചോടം നടന്നത്....!

രണ്ടരക്കിലോ സ്വർണ്ണവും, ക്വാളീസ് കാറും, ടൌണിലൊരു വീടും 
സ്ത്രീധനമായി കൊടുത്ത് അബ്കാരി കോണ്ട്രാക്ട്ടർ പപ്പേട്ടൻ , പൊന്നുപുത്രി 
സുപ്രിയക്കുവേണ്ടി ഈ ഡോക്ട്ടറുപയ്യനേ വാങ്ങുന്ന ചടങ്ങ്  അഥവാ കല്ല്യാണം !

ഒപ്പം ഇംഗ്ലണ്ടിൽ അയച്ച് M.R.C.P എടുപ്പിക്കാമെന്നുള്ള വാഗ്ദാനവും !

ഏതച്ഛൻ വന്നാലും അമ്മക്കെന്നെ ഗതികേട് എന്നപറഞ്ഞപോലെ,
ഇടവകക്കാരൊ , പരിചയക്കാരൊ ആരെങ്കിലും യു.കെ യിലേക്ക് ലാന്റുചെയ്യുമ്പോൾ,
ആദ്യത്തെ ലാന്റ് മൈൻ പൊട്ടുന്നത് എന്റെ കാലിനിടയിലാണ്......!

“ഇമ്മടെ മുരളില്ലവിടേ...
പിന്നെന്തുട്ടിന്യാ‍ാ..പേടിക്ക്ണേ “

പേടി എനിക്കെല്ലേ..!

എയർപോർട്ട് പിക്കപ്പ്, താൽക്കാലികതാമസം, ....,..,,..,, 
സമയവും,പണിയും, കളഞ്ഞ് എല്ലാം ചെയ്തുകൊടുത്തിട്ട് പോലും ,
പിന്നീട് പഴികേട്ട എത്രയെത്ര അനുഭവങ്ങൾ !

എല്ലാം ശരിയായി ഒരു നന്ദിവാക്കുപോലും പറയാതെ തിരിച്ചു പോയവർ എത്ര !

എല്ലാം നമ്മ  മലയാളീസ് അല്ലെ ....
ഞാനടക്കമുള്ളവർക്കുള്ള ഇത്തരം മലയാളി ശീല ഗുണങ്ങൾ 
എത്ര തേച്ചാലും, മാച്ചാലും, കുളിച്ചാലും പോകില്ലല്ലോ ..അല്ലേ    .ക്ഷമീര് ...

ടീച്ചറും, മാഷും വിളിച്ചുപറഞ്ഞതനുസരിച്ച് ഡോ:ദേവദാസിന് ,
ലണ്ടനിൽ താമസം ഞങ്ങളുടെകൂടെയും, പ്ലാബ് കോച്ചിങ്ങിന് സ്വാമിയുടെ
അവിടെയും,  ഒരു പാർട്ട്ടൈം ജോലി , അടുത്തുള്ള പബ്ബിലും ആക്കി കൊടുത്ത്...
ഒരുമാസം കഴിഞ്ഞപ്പോഴാണ് ..
ഉർവ്വശി-രംഭ-തിലോത്തമയെ പോലെ  പപ്പേട്ടന്റെ  മകൾ സുപ്രിയ , 
ഡോക്ട്ടറുടെ മധുവിധു വധു ഇവിടേ ലണ്ടനിലേക്ക്  എഴുന്നുള്ളിയത്.....!

 ഇവിടെ ഇതുപോലെ ഷെയറ് ചെയ്ത് താമസിക്കുന്നതും, പാർട്ട്ടൈം ജോലിക്കുപോയി പഠിക്കുന്നതുമൊന്നും  , ഒരു ചായ പോലും കൂട്ടികുടിക്കാനറിയാത്ത 
സുപ്രിയക്ക് പുച്ഛമായിരുന്നു....!
പോരാത്തതിന് അപ്പോഴിവിടെയുണ്ടായിരുന്ന മരംപോലും 
കോച്ചുന്ന തണുപ്പും സുപ്രിയക്ക് അൺ സഹിക്കബിൾ ആയിരുന്നു ...!

എന്റെ പെണ്ണിനാണെങ്കിൽ സുപ്രിയ, പലപ്പോഴും ഒരു 
ഭാവി  അമ്മായിയമ്മ പ്രാക്റ്റീസിന്, വേദിയൊരുക്കുകയും ചെയ്തു...

ഉണ്ടായിരുന്ന ബന്ധങ്ങൾ വഷളാവണ്ട എന്നുകരുതി  
ഉടൻ തന്നെ ആ , നവദമ്പതികൾക്ക് ഒരു സിംഗിൾ റൂം ഫ്ലാറ്റ് എടുത്തുകൊടുത്തു.

പക്ഷേ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും 
എന്നപോലെ ആ ബന്ധം മുട്ട തട്ടെത്തിയില്ല !
 അഞ്ചുമാസത്തിനുള്ളിൽ സുപ്രിയ പുത്തൻ ഭർത്താവിനെ ഉപേഷിച്ചു...!

ദേവദാസിന് ആണത്വമില്ല എന്നുപറഞ്ഞ് !

ഒരുകൊല്ലത്തിനു ശേഷം പപ്പേട്ടൻ സുപ്രിയക്ക് 
ഭർത്താവായി വേറെ,   നല്ലൊരു കളിപ്പാട്ടം വാങ്ങി കൊടുത്തു .
കഴിഞ്ഞകൊല്ലം അവർക്കൊരു മോൾ ഉണ്ടായെന്നറിഞ്ഞു....

ഇതെല്ലാം എഴുതിയിട്ടതിന് ,  ഇനി ഞാൻ നാട്ടിൽ വരുമ്പോൾ, 
പപ്പേട്ടന്റെ കൊട്ട്വേഷൻ ടീം , എന്നെ എന്ത് ചെയ്യുമെന്ന് കണ്ടറിയണം ? !.

ദേവദാസ് ഇതിനിടയിൽ പ്ലാബ് എഴുതിയെടുത്ത് ,ആ കോച്ചിങ്ങ് 
സെന്ററിൽ  തന്നെ ട്രെയിനറായി ചേർന്ന് M.R.C.P പഠിക്കുകയും ചെയ്തു .
ഇതിനിടയിൽ ഒരു പാകിസ്ഥാനി ഒറിജിനായ സൈറ ഇക്ബാലുമായി ഇത്തിരി ഇഷ്ട്ടത്തിലാവുകയും ചെയ്തു.

സൈറയുടെ പിതാവിന്റെ കുടുംബം കഴിഞ്ഞ നൂറ്റാണ്ടിൽ;  എഴുപത് കാല ഘട്ടത്തിൽ അഭയാർഥികളായി ലണ്ടനിൽ എത്തി , ബുച്ചർ ഷോപ്പിലെ ജോലിക്കാരായി വളന്ന് , ഇപ്പോൾ മൂന്നാലു സ്വന്തം ഇറച്ചിവെട്ടുകടകളും, തുണിക്കടയും മറ്റുമായി കോടീശ്വരന്മാരാണിവിടെ....!

ഇവിടെ ജനിച്ചുവളർന്ന സൈറയെ, G.C.S.E കഴിഞ്ഞപ്പോൾ 
ലാഹോറിൽ വിട്ട് ബന്ധുക്കളുടെ ഒപ്പം നിറുത്തി  M.B.B.S എടുപ്പിച്ചു ...

 പിന്നീട് അവിടെ ഒരു M.P യുടെ മകന്  നിക്കാഹ് കഴിപ്പിച്ചതാണ് ... ഭർത്തുവീട്ടിലെ അതികഠിനമായ  മത ചിട്ടകൾ ഫോളോ ചെയ്യാൻ പറ്റാതെ 
വന്ന സൈറ, ആദ്യ വിരുത്തൂണിന് ലണ്ടനിൽ വന്നശേഷം തിരിച്ചു പോയില്ല ! 

മൊഴിചൊല്ലിയ ചെക്കന്റെ ബന്ധുക്കൾ പറഞ്ഞിരിക്കുന്നത് 
ഇനി ലാഹോറിലെങ്ങാനും , സൈറ കാല് കുത്തിയാൽ വെടിവെച്ച് 
കൊല്ലുമെന്നാണ് !    ...... കട്ടായം !

അങ്ങിനെയുള്ള സമയത്താണ് , സൈറ ദേവദാസിന്റെ കീഴിൽ 
പ്ലാബ് കോച്ചിങ്ങ് തുടങ്ങിയതും ,ഒരേ തൂവൽ പക്ഷികളായ ഇവർ അനുരാഗബദ്ധരായതും.....

ഇവിടെ പിന്നെ ജാതി, മതം, കൊതം, ദേശം, വർഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് ,
ഒരു കൊല്ലത്തെ പ്രണയ വാസത്തിനുശേഷം , അവളുടെ വാപ്പ ഇക്ബാൽ സാബും, 
ഫേമിലിയും ഇവരുടെ കല്ല്യാണം ഗംഭീരമായി നടത്തുകയും ചെയ്തു...!

പിന്നീട് സൈറ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ ഉഗ്രൻ പാക്കി കറികൾ 
ഉണ്ടാക്കിതന്ന് , ടേയ്സ്റ്റ് കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്താറുണ്ട്, 
ഒപ്പം നല്ല മലയാളവും പറഞ്ഞും ..കേട്ടൊ ....

അതുപോലെ ഈദിനും, റംസാനുമെല്ലാം ഞങ്ങൾ 
ഇക്ബാൽ സാബിന്റെ ബംഗ്ലാവിലും ഒത്തുകൂടാറുണ്ട്.

ഈ സങ്കര ദമ്പതികളുടെ മകൻ ആദിത്യയുടെ ഡെലിവറിക്കുശേഷം, 
സൈറയെ നാട്ടിലേക്ക് വിളിച്ച് എല്ലാ പ്രസവ ശുശ്രൂഷയും നല്ലപോലെ 
നടത്തിയശേഷമാണ് ; മരുമോളെയും,പേര ക്ടാവിനെയും വിശാലാക്ഷി ടീച്ചർ തിരിച്ചയച്ചത്.

 നാട്ടുകാർ  ഈ വരത്തൻ മരുമോളെ കണ്ട് പറഞ്ഞിരുന്നത് ...

‘ചോനും, ജോനോത്തിയും ചേർന്നപ്പോൾ തേനും പാലും ഒഴുകി എന്നാണ് !‘

 മലയാ‍ളം ഭാഷശൈലികളും, നാട്ടിലെ പാചക രീതികളും അടിച്ചുമാറ്റിയാണ് , 
മലയാളത്തിന്റെ ഈ പുതിയ മരുമകൾ ഇവിടെ വീണ്ടും യൂ.കെയിൽ ലാന്റ് ചെയ്തത്.

ഇപ്പോൾ ഡോ: ദേവദാസ് ഹാംഷെയറിൽ , ഒരു 
കൺസൽട്ടിന്റെ  കീഴിൽ ഒരു വമ്പൻ ആസ്പത്രിയിൽ ജോലിചെയ്യുകയാണ്. 
ഡോ: സൈറ ആഴ്ച്ചയിൽ നാല്പതുമണിക്കൂർ ഒരു ജനറൽ പ്രാക്റ്റീസറുടെ കൂടെ 
മെഡിക്കൽ സെക്രട്ടറി (ഭാഗ്യം,ചികത്സിക്കണ്ട-ഓൺലി പേപ്പർ വർക്സ്) യായും 
ജോലി ചെയ്ത് , ന്യൂമിൽട്ടനിൽ വീട് വാങ്ങി താമസിക്കുകയാണ്.

മാഷും, ടീച്ചറും ഒന്നര മാസത്തേക്ക് മകന്റെയടുത്ത് ഇംഗ്ലണ്ടിൽ എത്തിയപ്പോൾ , 
പേരകുട്ടി ആദിത്യയുടെ ജന്മദിനം ലണ്ടനിൽ ഞങ്ങളോടൊപ്പം കൊണ്ടാടിയെന്നുമാത്രം...
 പിന്നെ നാലുദിവസം ഇവർ സകുടുബം സൈറയുടെ മാതാപിതാക്കളുടെ കൂടെയാണ് നിൽക്കാൻ പോകുന്നത്. 
ഞങ്ങൾ ഞെട്ടിപ്പോയത് സൈറയുടേയും , 
ആദിത്യയുടേയും മലയാളം അക്ഷര സ്പുടത കേട്ടിട്ടാണ് ....!
 ആദിത്യയുടെ വാചാലത കേട്ട് എന്റെ മോൾ , അവളുടെ അനിയനോട് പറയിണത് കേട്ടു

“കേട്ട ഡാ‍ാ ,ആദിത്യ മോൻ മലയാളം പറ്യിണ് ...
അവന്റെ പോയി ഊര കട്ച്ചോട്ടാ‍ാ..നീ “

നമ്മുടെ ചില T.V അവതാരകകളേയും ഇങ്ങോട്ട് 
കൊണ്ടുവന്ന് സൈറയുടേയും, ഊര ഒന്ന് കടിപ്പിക്കണം അല്ലേ...

അവരെല്ലാം; ഇവർ പറയുന്നതുകേട്ടാൽ നാണിച്ചുപോകും ... !

ആദിത്യ അതുപോലെ തന്നെ ഉറുദുവും, ഹിന്ദിയും,  ഇംഗ്ലീഷും ഈ നാലുവയസ്സിൽ 
പറയുകയും , അത്യാവശ്യം എഴുതുകയും ചെയ്യുന്നത് കണ്ടിട്ടാണ്  അതിശയപ്പെട്ടത് ! 

സങ്കര ഗുണം തന്നെ ! !


ഈ സങ്കരഗുണം മനുഷ്യർക്കും, ജീവികൾക്കും, സാധനങ്ങൽക്കും 
മാത്രമല്ല കേട്ടൊ മേന്മനൽകുന്നത്, ഒപ്പം ഭാഷക്കും നല്ല പഞ്ചും, ഗുണവും 
നൽകുന്നുണ്ട്. .... ഉദാഹരണം     നമ്മുടെ മാതൃഭാഷ തന്നെ....!

ജനിച്ചു വീണപ്പോൾ തന്നെ നല്ലയൊരു സങ്കരയിനമായി 
അതിസുന്ദരിയായിട്ടാണ് ഈ മലയാള ഭാഷാ സുന്ദരി പിച്ചവെച്ചുതുടങ്ങിയത് .
പിന്നീട് ഒരോ തലമുറതോറും പുതിയ പുതിയ സങ്കരഗുണഗണങ്ങളുമായി ലാവണ്യത്തോടെ അടിവെച്ചടിവെച്ചവൾ വളരുകയായിരുന്നൂ.

 ഈ മലയാളി ഭാഷാമങ്കയെ എന്നും നമ്മുടെ അമ്മയായി പരിപാലിച്ച്, 
സംരംക്ഷിച്ചുപോരേണ്ടത് തന്നെയാണെന്ന് , നമ്മൾക്ക് ഓരൊരുത്തർക്കും വളരെ ഉത്തമബോധ്യമുള്ള കാര്യം തന്നെയാണല്ലൊ അല്ലേ.....



ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതി ജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
വിദ്യാഭ്യാസത്തിനും , പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ  ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു.
അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,
 മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു..!
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും
നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം  കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ
ഗൌരവമായ ഒരു വിഷയം തന്നെയാണിത് !


നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി കിട്ടുവാൻ 
വേണ്ടി നാട്ടിൽ ശ്രമം ആരംഭിച്ചിരിക്കുകയാണല്ലോ . മലയാളഭാഷയ്ക്ക് 
ശ്രേഷ്ഠഭാഷാപദവി ലഭിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം
അപ്പോൾ ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാകും നമ്മുടെ അമ്മ മലയാളം. 
നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്

 ക്ലാസ്സിക് ഭാഷ


ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം  ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !,  അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !





ഈ ഭാഷാവിഷയങ്ങൾ ഞാൻ വെറും വഷളത്തരം പറയുകയോ, പിച്ചും പേയും ചൊല്ലുകയൊ അല്ല കേട്ടൊ....
മലയാള ഐക്യവേദിയിൽ ഒരു സ്നേഹഗീതമായി  മലയാളത്തിന്റെ നല്ല ഈണങ്ങളുണ്ട്. 





നമ്മൾ ബ്ലോഗ്ഗിൽ കൂടിയെല്ലാം ചെയ്യുന്ന ആക്ഷേപഹാസ്യം തന്റെ ക്യാരികേച്ചർ പരിപാടിയിലൂടെ ,നാട്ടുകാരനും,കൂട്ടുകാരനുമായിരുന്ന ജയരാജ് വാര്യർ ഒറ്റയാൾ പട്ടാളമായി തുടക്കം കുറിച്ചിട്ട് 25 വർഷമായി. ആയതിന്റെ ആദരസൂചകമായി ലണ്ടനിൽ വെച്ച് ഈ  ജൂൺ 27 ഞായർ ഉച്ചക്ക്ശേഷം ഈസ്റ്റ് ഹാം ബോളിയനിൽ നടക്കുന്നപരിപാടിയിൽ ,ബൂലോഗരും,യുകെയിലെ മലയാളികളും കൂടി ചേർന്ന് ,ജയരാജിന് സ്വീകരണം നൽകുകയാണ്....ഒപ്പം മൊമൊന്റോകളും !
ഏവർക്കും സ്വാഗതം....!





ലേബൽ :-

 ക.

Saturday 15 May 2010

ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema Kathha !

ലണ്ടനിലെ ആശ ദോശയും,ബോളിയൻ സിനിമാ കോമ്പ്ലെക്സും .

ഈ കന്നിമാസമെന്ന് പറഞ്ഞാൽ
പട്ടികൾക്കുള്ള മാസമാണല്ലോ...;
എന്നാൽ കേട്ടോളൂ  നമ്മുടെ മേടമാസമില്ലേ
പുലികൾക്കുള്ളതാണ് - ബൂലോഗ പുലികൾക്ക് !
കൊടകര നിന്നൊരു പുപ്പുലി , ബ്രിജ് വിഹാരത്തിൽ
നിന്ന് കരിമ്പുലി ,നന്ദപർവ്വതത്തിൽ നിന്നിതാ പുള്ളിപ്പുലി ,
ഒരു കുമാരന്റെ സംഭവം കടിച്ച്പിടിച്ചൊരു ചീറ്റപ്പുലി  ,വളരെ
ശാന്തമായി ചില യാത്രകൾ നടത്തി കൊണ്ടിരിക്കുന്ന സാക്ഷാൽ കടുവ ,
കായംകുളമെക്സ്പ്രസ്സിൽ ചാടിക്കയറിയ ഒരു വരയൻപുലി,.., ..., ...,അങ്ങിനെ
ധാരാളം പുലികൾക്കൊപ്പം, ഇമ്മിണി പുലിച്ചികളും ഈ ബൂലോഗം മുഴുവൻ മദിച്ചുനടന്ന ഈ മേടമാസത്തിൽ, ബിലാത്തിപട്ടണത്തിലെ കഴുതപ്പുലികളായ ഞങ്ങൾ ,പുലിതിന്നതിന്റെ ബാക്കി പരതി കിടുകിടാവിറച്ച് കഴിയുകയായിരുന്നു ....

ഇനിയിപ്പോൾ എടവം പിറന്നതുകൊണ്ട് ഈ പുലികൾ
എടവാടുകൾ എല്ലാം തീർത്തിരിക്കും എന്ന നിഗമനത്തിൽ
വീണ്ടും എത്തിനോക്കുകയാണ്  ബൂലൊഗത്തിൽ ...കേട്ടൊ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ
കൂട്ടുഭരണവും,കുതിര കച്ചവടവും ആകാമെങ്കിൽ ,നമുക്കും എന്തുകൊണ്ട് 
ആയിക്കൂടാ എന്ന്പറഞ്ഞ് ,ഇത്തവണത്തെ യുകെ തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കക്ഷികളിൽ നേരെ എതിർ പോളിസികളുള്ള ടോറി പാർട്ടിയും, ലിബെറൽ പാർട്ടിയും ചേർന്ന് പതിമൂന്നുകൊല്ലത്തെ ലേബർ ആധിപത്യം അവസാനിപ്പിച്ച് ഭരണത്തിൽ കേറിയതാണ് ഇവിടത്തെ വമ്പൻ വിശേഷം.
ഡേവിഡ് കാമറൂൺ പ്രധാനമന്ത്രിയും(ടോറി), നിക്ക് ക്ലെഗ്ഗ് ഉപപ്രധാനമന്ത്രിയും(ലിബെറൽ) ആയി ചുമതലയേറ്റ് അങ്ങിനെ ലോകരാഷ്ട്ര തലവന്മാരിൽ തലതൊട്ടപ്പന്മാരാകുകയും ചെയ്തു. 

 ജോസ് അലക്സാണ്ടറും,ഡോ: ഓമന ഗംഗാധരനും,ശ്രീകുമാറും (ഏഷ്യാനെറ്റ് ) .

പിന്നെ നമ്മുടെ മലയാളി സ്ഥാനാർത്ഥികളിൽ നാലുപെർ
ജയിച്ചു .അതിൽ സാഹിത്യകാരിയായ ഡോ: ഓമന ഗംഗാധരനും,
ജോസ് അലക്സാണ്ടർക്കും , അങ്ങിനെ  2012 ലെ ഒളിമ്പിക്സിന്റെ കടിഞ്ഞാൺ
വള്ളികൾ പിടിക്കാനും സാധിക്കും കേട്ടൊ

കാലെത്തെന്നെ കുടുംബകലഹം വേണ്ടാന്നുകരുതി,
പെണ്ണൊരുത്തിയുടെ കണ്ണുവെട്ടിച്ച് , അര ലിറ്ററിന്റെ ഓറഞ്ച്ജ്യൂസിന്റെ
പൌച്പാക്കറ്റ് തുറന്ന് കുറെ സിങ്കിലൊഴിച്ചുകളഞ്ഞ്, 'ജാക്ക്ഡാനിയൽ'
കൊണ്ട് റീഫിൽ ചെയ്ത് കമ്പ്യൂട്ടർ ടേബിളിൽ വന്നിരുന്ന് ഇതെഴുതാൻ തുടക്കം കുറിച്ചതാണ്.
അപ്പോഴാണ് മീനെല്ലാം ഫ്രീസറിൽ നിന്നും പുറത്തെടുത്തിട്ട്,
അടുക്കളയൊതുക്കി ഭാര്യയുടെ എഴുന്നുള്ളത്തും ,തിരുമൊഴികളും..

“ തൊടങ്ങ്യാ..ദിന്റെ..മുമ്പില് ‘

മയപ്പെടുത്തുവാൻ ഞാൻ പറഞ്ഞു

“ഡ്യേ..ഒര് കപ്പെട്ത്ത്ഏ...ഈ ജ്യൂസ്സുടിക്ക്യാൻ “ ( ഡി ഫോർ ഡാർലിങ്ങ്  കേട്ടൊ)

കപ്പ് കൊണ്ട് വന്ന്  ഒരു ഗ്ലാസ് പകർത്തി, നിന്ന നിൽ‌പ്പിൽ ഒറ്റ വലിക്ക് അവളത് മോന്തിയകത്താക്കി !

പിന്നീട് ആ കപ്പിൽ , ഒരുകപ്പ് എനിക്ക് പകർത്തിവെച്ചിട്ട്


“അയ്യേ....പൊട്ടജൂസാട്ടാ.. ഇത് “

എന്ന് പറഞ്ഞ് അടുക്കളയിലേക്ക് വലിഞ്ഞു...

എനിക്കെന്തെങ്കിലും മിണ്ടാൻ പറ്റ്വോ ?

 ഒന്നുമറിയാത്തപോലെ ഞാനത് സിപ്പെയ്ത് ,പത്ത് മിനിട്ട് കഴിഞ്ഞ്
ചെന്ന് സ്ഥിതിവിശേഷം എന്തായി  എന്ന് നോക്കിയപ്പോൾ ,
കുറ്റിയിൽ കെട്ടിയ വയറുനിറഞ്ഞ പശുവിനെ പോലെ വെറുതെ അതും ഇതും തൊട്ട് വട്ടം കറങ്ങിനിൽക്കുകയാണവൾ....

അവൾക്കപ്പോഴെന്റെ മീശമേലുള്ള നരച്ചരോമം വെട്ടികളയണമെത്രേ....

എന്നെ ചുള്ളനാക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നൂ...

എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജാക്ഡാനിയലേട്ടൻ ഉള്ളിൽകിടന്ന് വിലസിയത് കൊണ്ടോ അവൾ വല്ലാതെ പ്രണയപരവശയായിരുന്നൂ !

പിന്നീട് മോൻ വന്ന് വാതിലിൽ മുട്ടിയപ്പോഴായിരുന്നു ഞങ്ങളുണർന്നത്..! !

അയ്യോ..എന്റെ മീൻ എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്കും,
ഇന്നത്തെ ബ്ലോഗ്ഗെഴുത്ത് കട്ടപ്പുക എന്ന്പറഞ്ഞ് ,കാലത്ത് ഓൺ ചെയ്തുവെച്ചിരുന്ന ഇന്റെർനെറ്റും,കമ്പ്യൂട്ടറും ഓഫ് ചെയ്യാൻ ഞാൻ താഴേക്കും ഇറങ്ങിവന്നു...

എന്റെ പെണ്ണൊരുത്തി ഇതുപോലെ ഓറഞ്ച് ജ്യൂസ്
കുടിച്ചുതുടങ്ങിയാൽ ബൂലോഗർ രക്ഷപ്പെട്ടു !

എന്തെന്നാൽ എന്റെ ബ്ലോഗ്ഗെഴുത്ത് ഇതേപോൽ സ്വാഹ : ആയിത്തീരുമല്ലോ .....

ഇനിയിപ്പോൾ എന്തെഴുതണം,
ഇന്നലെ തലയിലുണ്ടായിരുന്നതൊക്കെ
പോയി കിട്ടി . ബോളിയൻ സിനിമാ കോമ്പ്ലെക്സിനെ കുറിച്ച് പറഞ്ഞാലൊ....

 മോഹൻ ചേട്ടനും, പിന്നെ ലണ്ടനിലെ ഒരു മണ്ടനും ! 

ഇന്ത്യൻ സിനിമകൾ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന
മൂന്നുതീയ്യറ്ററുകൾ ഒന്നിച്ചുള്ള ,ലണ്ടനിലെ ബോളിയൻ
സിനിമ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടപ്രമുഖനായ
തെറാ ട്രാവൽസ്സുടമ, മലയാളിയായ കൊല്ലത്തുക്കാരൻ മോഹൻ ചേട്ടനാണ്.
മൂപ്പരായിരുന്നു അമൃത ,കൈരളി ചാനലുകളുടെ യുകെയിലെ ഡിസ്ട്രിബ്യൂട്ടർ.

ബോളിയനെകൂടാതെ ലണ്ടനിലെ ഇതരഭാഗങ്ങളിലടക്കം,
ബ്രിട്ടനിൽ ഏതാണ്ട് ന്നൂറ്റമ്പതോളം തീയ്യറ്ററുകളിൽ ഇന്ത്യൻ
സിനിമകൾ സ്ഥിരമായി കളിക്കാറുണ്ട് കേട്ടൊ. പ്രധാന ബോളിവുഡ്
മൂവികളെല്ലാം ഭാരതത്തോടൊപ്പം ഇവിടേയും റിലീസ് ചെയ്യും!

സൂപ്പർ സ്റ്റാറുകളുടേതടക്കം,ഒരാഴ്ച്ചയിൽ കൂടുതൽ
ഓടിക്കുന്ന സിനിമകൾ ചിലപ്പോൾ പത്ത്കാണികളെ വെച്ചെല്ലാമായിരിക്കും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുക.
ഈ പടങ്ങൾ പിടിക്കുവാൻ നിർമ്മാതാക്കൾക്ക് പണം വാരിക്കോരി
കൊടുക്കുന്ന വമ്പന്മാരുടെ കള്ളപ്പണം, വെള്ളപ്പണമാക്കുന്ന വിദ്യകൂടിയാണിത് കേട്ടൊ.

ഉദാഹരണത്തിന് ,ഒരുപുത്തൻ ബോളിവുഡ് മൂവി
ഇവിടെ ന്നൂറ് തീയ്യറ്ററുകളിൽ, ആ സിനിമ മൂന്ന് ഷോ വെച്ച്
അഞ്ഞൂറ് പേർ ഒരാഴ്ച്ച കണ്ടുവെന്ന്  കാണിക്കുന്നു .
അഞ്ച് പൌണ്ട് ടിക്കറ്റ് വെച്ച് കളക്ക്ഷൻ കാണിക്കുമ്പോൾ
100 x 500 x 3 x 5 = 75000 പൌണ്ട് !(ഒരു ദിവസത്തെ)
അപ്പോൾ ഏതാണ്ട് അമ്പത് ലക്ഷം രൂപ വൈറ്റായില്ലെ..!

പിന്നെ പടം ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ ചൈനക്കാരുടെ
കാരുണ്യത്താല്‍  വ്യാജ സി.ഡിയും റെഡി !

പക്ഷേ മലയാളപടങ്ങളെല്ലാം ഒരു പ്രിന്റ് മൂന്നാലുലക്ഷം
രൂപയ്ക്ക് വാങ്ങി, ഓരൊ തീയ്യറ്ററിലും മാറിമാറി പലസ്ഥലങ്ങളിൽ
പ്രദർശിപ്പിച്ച് മാക്സിമം വേണമെങ്കിൽ ഒരു ഇരുപത് ഷോ നട്ത്തുമായിരിക്കും
ആകെ ബ്രിട്ടനിൽ.

പിന്നെ മിക്കമലയാളികളും മറ്റിതര ഇന്ത്യൻ ഭാഷക്കാരെ
പോലെ അഞ്ചും,പത്തും പൌണ്ട് മുടക്കി സിനിമകാണില്ല ,
അവനും, കുടുംബവും വെയിറ്റുചെയ്യും ...
അതിന്റെ സി.ഡി ഇറങ്ങുന്ന വരെയോ,
അല്ലെങ്കിൽ ടി.വിയിൽ വരുന്നത് വരേയോ ....

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട  എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ  അല്ലേ !

അതുകൊണ്ടിവിടെ മലയാളസിനിമ കൊണ്ടുവരുന്നവർക്കെന്നും
കുമ്പിളിൽ തന്നെ കഞ്ഞി !

അതേസമയം തമിഴും,തെലുങ്കും സിനിമകൾ അവരെല്ലാവരും,
ഒന്നടങ്കം വന്നു  കാണുന്നത് കൊണ്ട് ഹൌസ് ഫുൾ ആയി ഓടുകയും ചെയ്യുന്നു...!


വെറുതെയല്ല മലയാളസിനിമാ വ്യവസായം ഗതി പിടിക്കാത്തത് അല്ലേ ?
പോരാത്തതിന് മലയാളസിനിമാ സംഘടനകളും,നടന്മാരും തമ്മിൽ തമ്മിലുള്ള
വിഴുപ്പലക്കലുകളും, മുഴുത്ത കുത്തിതിരുപ്പുകളും എന്നുമുണ്ടല്ലോ ....

വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.

മിക്കവാറും ബോളിവുഡ് താരങ്ങൾക്കെല്ലാം ലണ്ടനിൽ
അവുധിക്കാല വസതികൾ ഉള്ളതുകൊണ്ടും, ഇല്ലാത്തവരെ
നിർമ്മാതാ‍ക്കൾ ബിലാത്തിപട്ടണം കാണിക്കുവാൻ കൊണ്ടുവരുന്നതുകൊണ്ടും , എന്നുമെന്നുപറഞ്ഞോണം ആരാധകരൊന്നുമില്ലാതെ ഇവർ തേരെപാരെ ലണ്ടനിൽ അലയുന്നതുകാണാം.
ഇത്തരം വരവുകളിൽ ഇവർ ആരാധകരെ കാണുവാനായി, ബോളിയൻ സിനിമയിലും സ്ഥിരം വരാറുണ്ട് കേട്ടൊ.

ഒരു ബ്ലോഗീറ്റ്  ബൈ കൊച്ചു ത്രേസ്യ,അരുൺ,ഷിബു......
ആ താരങ്ങളെല്ലാം വരുമ്പോൾ ഇരിക്കുന്ന ബോളിയൻ തീയ്യറ്ററിലെ
സ്വീകരണമുറിയിൽ വെച്ചാണ് ഞങ്ങൾ ബ്രിട്ടൻ ബൂലോഗതാരങ്ങൾ
ഇവിടത്തെ പ്രഥമ ബൂലോഗസംഗമം നടത്തിയത് !

ഈ ബ്ലോഗ്ഗ് മീറ്റിനെ കുറിച്ച് എഴുതുവാനുള്ള അവകാശം
തനിക്കുമാത്രം ആണെന്നുള്ള കരാർ എല്ലാവരെ കൊണ്ടും
ഒപ്പിട്ട് വാങ്ങിയാണ് പ്രദീപ്,  ഇവിടെനിന്നും സ്ഥലം കാലിയാക്കിയത്.
അതുകൊണ്ട് അതിനെ കുറിച്ചുള്ള  വായനകൾ....
ഇവിടെ ദേ..ലണ്ടൻ..ബ്ലോഗ്ഗ് മീറ്റ്,
ഒപ്പം പ്രദീപറിയാതെ സമദ് ഭായി എഴുതിയ  അഭിഭാഷകന്റെ ഡയറിയിലും.

മീറ്റ് കഴിഞ്ഞ് തീയ്യറ്ററിലെ സ്വീകരണമുറിയിൽ നിന്നും
താഴോട്ടിറങ്ങിവന്നപ്പോൾ ' ജനകൻ ' സിനിമകാണാൻ
വന്നിരിക്കുന്ന മലയാളികൾ ചോദിച്ചു...

“ഇവരെല്ലാം സിനിമാക്കാരാണോ ?“

ബ്ലോഗ്ഗർ ഷിഗിൻ അവരോട്  മീറ്റിന്റെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു...

“അതെ...ഇവരെല്ലാം ഇവിടെ ലണ്ടനിൽ സിനിമാ ഷൂട്ടിങ്ങിന് വന്ന പുതുമുഖതാരങ്ങളും , സിനിമാക്കാരും ആണ്.


ബ്ലോഗൂട്ട്  വിജയിപ്പിച്ചവർ !

കരൺ ജോഹറിനെ പോലെയുള്ള ,സമദിനെ ചൂണ്ടിപറഞ്ഞു  ഇതാണ് ഡയറക്ട്ടർ,

പ്രൊഡ്യൂസർ ഈ കോട്ടിട്ടുനിക്കുന്ന കാരൂർ സോമൻ .

ലണ്ടനിൽ പഠിക്കുവാന്‍  വന്ന നായകനെ പ്രണയിക്കുന്ന രണ്ടുനായികമാരുടെ കഥയാണിതിത്.

നായകൻ അക്ഷയ്കുമാറിനെ പോലെയുള്ള ഈ അരുൺ അശോക് ,

നായിക ഒന്ന് സുസ്മിതാ സെന്നിനെ പോലെയുള്ള സിയാഷമീൻ,

 കാരൂർ സോമൻ ,സമദ് ഇരുമ്പഴി,വിഷ്ണു & സിയാഷമീൻ .

രണ്ടാമത് ജൂനിയർ ശ്രീവിദ്യയെ പോലെയുള്ള ത്രേസ്യകൊച്ച്,
കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വില്ലനായി അഭിനയിക്കുന്നത് ഈ തടിയൻ, മുരളീമുകുന്ദൻ,
കണ്ടാൽ തന്നെ ഒരു വില്ലൻ ലുക്കില്ലേ !

കോമേഡിയനായി വരുന്നത് ഈ ഇന്ദ്രൻസിനേ
പോലെയുള്ള പ്രദീപ് ജംയിംസ്,


ബ്രേക്ക്ഫാസ്റ്റിനും,ലഞ്ചിനും ശേഷം ഡിന്നറും ,അപ്പോൾ തന്നെ 
വെട്ടിമിഴുങ്ങുന്ന ഒരു കോട്ടയം നസ്രാണി !
ഛായഗ്രാഹകൻ മെല്ലി ഇറാനിയെ പോലുള്ള,
ഈ കണ്ണടക്കാരൻ വിഷ്ണുവാണ് ക്യേമറാമാൻ,

സാബു സിറിൽ കണക്കെ ഈ നിൽക്കുന്ന
തടിയന്‍,  ബാലുവാണ് ആർട്ട് ഡയറക്ട്ടർ,

ആർ.ഡി. ബർമ്മനെ പോലെയുള്ള , മനോജ് ശിവ എന്ന
ഈ നിൽക്കുന്നയാളാണ് സംഗീത സവിധായകൻ ,

പടത്തിന്റെ പരസ്യകലയും,സ്റ്റിൽ ഫോട്ടോഗ്രാഫിയും
ചെയ്യുന്നത് ഈ ബുദ്ധിജീവി  ഷിബു.

പിന്നെ ഞാൻ ഷിഗിൻ ഈ സിനിമയുടെ
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്  കം  തിരക്കഥാകൃത്ത് !

അല്ലാ പടത്തിന്റെ പേര് പറഞ്ഞില്ലല്ലൊ....
“ ബൂലോഗമയം” !


ഇനി ലണ്ടൻ മലയാളി പത്രങ്ങളിൽ വന്ന
ഒരു വാർത്തയും ഫോട്ടൊയും പകർത്തിവെക്കുന്നു.

പ്രഥമ ബ്രിട്ടൻ മല്ലു ബ്ലോഗ്ഗേഴ്സ് മീറ്റ് ലണ്ടനിൽ വെച്ച് വിപുലമായി ആഘോഷിച്ചു


 ബ്രിട്ടൻ മല്ലു ബ്ലോഗ്ഗേഴ്സ് മീറ്റ് /  9 മെയ് 2010 / ലണ്ടൻ .
L to R(sitting)  Siya,Samad,Soman & Kocchu Thresya.
 L to R(standing) Mannoj,Shibu,Arun,Shigin,Balu,Pradeep,Muralee &Vishnu .


ബ്രിട്ടനിൽ നിന്നും മലയാളത്തിൽ ബ്ലോഗ്ഗ് എഴുതികൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടായ്മ,  ഇന്നലെ മെയ് ഒമ്പത് ഞായറാഴ്ച്ച ലണ്ടനിൽ വെച്ച് നടന്നു . ആകെ യു.കെയിലുള്ള ഇരുപത് മല്ലുബ്ലോഗ്ഗേഴ്സിൽ നിന്നും പതിനൊന്നുപേർ ഈ പ്രഥമ യു.കെ ബുലോഗസംഗമത്തിൽ പങ്കെടുത്തു.
രാവിലെ പത്തരമുതൽ നാലുമണിവരെ ഈസ്റ്റ് ഹാം ബോളിയൻ സിനിമയിലും, ആശദോശ റെസ്റ്റോറന്റിലും വെച്ച് എല്ലാവരും കൂടി ഒത്തുകൂടി പരിചയം പങ്കുവെക്കലും, ചർച്ചയും മറ്റുമൊക്കെയായി , കേരളത്തനിമയുള്ള ഭക്ഷണങ്ങൾ കഴിച്ചും ഈ കൂട്ടായ്മ ഗംഭീരമാക്കി.

വിശിഷ്ട്ടാതിഥിയായി പ്രവാസി സാഹിത്യകാരനായ കാരൂർ സോമനും , ഈ പുതുയുഗ എഴുത്ത്കാർക്ക് ഉപദേശങ്ങൾ നൽകി ഈ സംഗമത്തിന് കൊഴുപ്പേകി.

കൊച്ചുത്രേസ്യ , സിയാ ഷമീൻ,  സമദ് ഇരുമ്പഴി, വിഷ്ണു, പ്രദീപ് ജെയിംസ്, മനോജ് ശിവ, മുരളീമുകുന്ദൻ, അരുൺ, ബാലമുരളി, ഷിബു, ഷിഗിൻ, ഷമീൻ എന്നിവരാണ് യുകെയുടെ പലഭാഗങ്ങളിൽ നിന്നുമായി ഈ ബിലാത്തി ബൂലോഗ സംഗമത്തിന് എത്തിച്ചേർന്ന മലയാളത്തിൽ എഴുതികൊണ്ടിരിക്കുന്ന ബ്ലോഗ്ഗർന്മാർ.

പിന്നെ  ഇപ്പോൾ ബ്രിട്ടണിൽ നിന്നും മലയളത്തിന്
ഹരം പകർന്ന് ബൂലോകത്തിൽ എഴുതികൊണ്ടിരിക്കുന്നവർ  ഇവരൊക്കെയാണ്...
 യുകെയിൽ  മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ ബിലാത്തിമലയാളി , ലങ്കാഷയറിലുള്ള  ഡോ:അജയ് കുറിച്ചിട്ടുള്ള റിനൈസ്സത്സ്,
ലണ്ടനിലുള്ള അരുൺ അശോകിന്റെ ഗുള്ളിബെൽ ട്രാവത്സ് ,
അശോക് സദന്റെ എന്റെ തിന്മകളും,നുണകളും പിന്നെ കുറച്ചുസത്യങ്ങളും ,
ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ ,
മാഞ്ചസ്റ്ററിലുള്ള കഥകളുടെ തട്ടകമായ ജോയിപ്പാന്റെ ജോയിപ്പാൻ കഥകൾ,
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ്ഭായി ഇറക്കുന്ന സ്നേഹസന്ദേശം , സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യുകെയിലെ ആ ഗ്രാമക്കാർ ഇറക്കുന്ന  നമ്മുടെ സ്വന്തം കൈപ്പുഴ,
ദുരിതങ്ങളുടെ കഥകളുടെ അവകാശിയായ ലണ്ടനിലെ മേരികുട്ടിയുടെ കല്ല്യാണപ്പെണ്ണിന്റെ മലർവാടി,
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ റെഡ്ഡിങ്ങിലുള്ള, കൊച്ചു ത്രേസ്യാകൊച്ചിന്റെ  കൊച്ചുത്രേസ്യയുടെ ലോകം ,
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ്ശിവയുടെ സ്മൈൽ  ,
മനോജ് മാത്യു അവതരിപ്പികുന്ന  ആത്മാവിന്റെ പുസ്തകം ,
ലണ്ടനിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മുരളീമുകുന്ദന്റെ ബിലാത്തിപട്ടണം ,
പ്രദീപ് ജെയിംസ് ; ബെർമ്മിംങ്ങാം എഴുതുന്ന ചിരിയുടെ നന്മപടർത്തുന്നഒരു ദേശം  ,  നർമ്മവിശേഷങ്ങളുമായി കോവെണ്ട്രിയിൽ നിന്നും പി.ദിലീപിന്റെ   ഡെയ് കെളെത്താതെ കെളെത്താതെ,
ചരിത്രസ്മരണകളും , മറ്റുകാര്യമായ കാര്യങ്ങളും നോർത്താംട്ടനിൽ ഇരുനെഴുതുന്ന അഡ്വ: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറി ,
ലണ്ടനിൽ നിന്നും വർണ്ണങ്ങൾ
ചാർത്തി ഭംഗിവരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി സിയാഷമിൻ  ,
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍ എഴുതികൊണ്ടിരിക്കുന്ന  ന്യൂകാസിലുള്ള സീമാമേനോന്റെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി,
കലാകാരനായ സിജോ ജോർജ്ജിന്റെ  അരയന്നങ്ങളുടെ നാട്ടിൽ ,
ലിവർപൂളിലുള്ള ശ്രീരാഗിന്റെ എന്റെ കണ്ണിലൂടെ ,
കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയേടത്തിയുടെ എൻ മണിവീണ ,
യാത്രാ വിവരണത്തിന്റെ സുന്ദരമായ വർണ്ണനകളോടെ കോവെണ്ട്രിയിലുള്ള വിഷ്ണുവിന്റെ വിഷ്ണുലോകം
എന്നിവയൊക്കെയാണ് നിലവിൽ ഇപ്പോൾ ബ്രിട്ടനിലുള്ള മലയാളം ബ്ലോഗ്ഗേഴ്സും, അവരുടെ ബ്ലോഗ്ഗ് വിലാസങ്ങളും .



ലേബൽ    :-

.

Friday 30 April 2010

യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala Visheshangal !

 ഒരു ലണ്ടൻ വസന്തകാല (സ്പ്രിൻങ്ങ് ടൈം) കാഴ്ച്ച
 അമേരിക്കൻ പ്രസിഡന്റുതിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബ്രിട്ടൻ പ്രധാനമന്ത്രി ഇലക്ക്ഷനെ വരവേൽക്കാൻ , വസന്തകാലത്തോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന മോഹന കാഴ്ച്ചകളുമായി വളരെ കളർഫുള്ളായ പൂക്കളും,പൂമരങ്ങളുമൊക്കെയായി യുകെ ഒരു മാദകസുന്ദരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണിപ്പോൾ !

ഒരു ദശകത്തിനുമേലെയുള്ള ലേബർപാർട്ടി ആധിപത്യത്തിനന്ത്യം കുറിക്കുവാൻ ടോറി പാർട്ടിയും, ലിബറൽ പാർട്ടിയും ഒപ്പത്തിനൊപ്പം, മൂന്നുപ്രധാനമന്ത്രി സ്ഥാനാർഥികളുമായി രംഗം കൊഴുപ്പിക്കുന്നുണ്ടെങ്കിലും , ഇവിടത്തെ പൊതുജനത്തിന് നമ്മുടെ നാട്ടിലുള്ളപോലെ ഒരു തിരെഞ്ഞെടുപ്പ് ജ്വരമൊന്നും തീരെകാണാനില്ല ...കേട്ടൊ.


 ഗോർഡൻ ബ്രൌൺ (ലേബർ),ഡേവിഡ് കാമറൂൺ (ടോറി),നിക്ക് ക്ലെഗ്ഗ് (ലിബറൽ) പ്രധാനമന്ത്രി സ്ഥാനാർഥികൾ

സ്വന്തം കാലിബറുകൾ തെളിയിക്കുവാൻ ഡിബേറ്റുകളും മറ്റുമായി, സ്ഥാനാർഥികൾ മാധ്യമങ്ങളിൽ കൂടി കഴിവ് തെളിയിക്കുമ്പോൾ ;
പാർട്ടികൾ ഞങ്ങളേപോലെയുള്ള നല്ല രാഷ്ട്രീയ പാരമ്പര്യമുള്ള പ്രബുദ്ധരായ അണികളെ കൂലിക്കെടുത്ത് (തീറ്റയും,കുടിയും കഴിഞ്ഞ് പണിദിവസം അമ്പതുപൌണ്ട് കിട്ടിയാൽ കയ്ക്കുമോ ? /അതും സ്വന്തം പണി കാഷ് ലീവെടുത്തിട്ട് ,പാർട്ട് ടൈമായി  ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ)  ലീഫ്ലെറ്റുകൾ വിതരണം ചെയ്യിപ്പിച്ചും, ശബ്ദമലിനീകരണമില്ലാതെ, പൊതുജനത്തിന് ഒട്ടും ശല്ല്യങ്ങൾ സൃഷ്ട്ടിക്കാതെ  തുറന്നവാഹനങ്ങളിൽ പ്രചരണം നടത്തിയുമൊക്കെയാണ് , ഇവിടത്തെ പ്രചരണങ്ങൾ !

എല്ലാരാജ്യങ്ങളിലും കാണുന്നപോലെ ഇവിടെ ബിലാത്തിയിലും വലതുപക്ഷ വർഗ്ഗീയപാർട്ടിയായ ബ്രിട്ടീഷ് നാഷണൽ പാർട്ടിയുടെ(ബിൻപി) നിറഞ്ഞ സാനിദ്ധ്യവും,അവരുടെ ആ‍ാ‍ഹ്വാനമായ 

- ബ്രിട്ടൻ ബ്രിട്ടീഷുകാർക്ക്, നാട്ടിലെ തൊഴിലുകൾ നാട്ടുകാർക്ക്-  എന്ന മോട്ടൊ  ,

 ഇനി മുതൽ വിദേശ വാസികൾക്ക് പാരയായി തീരുമൊ , എന്നും കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്.. 

ഇവരെ പറഞ്ഞിട്ടുകാര്യമില്ല യുകെയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ പോലും ഇന്ത്യക്കാരും,റഷ്യക്കാരുമൊക്കെയാണ് മുമ്പന്തിയിൽ,അതുപോലെ എല്ലാ സ്കിൽഡ് തൊഴിൽ മേഖലകളിലും വിദേശിയർക്ക് തന്നെയാണ് മുന്തൂക്കം!

ഇതെല്ലം കണ്ടും, കേട്ടും ഇരിക്കുന്ന സ്വദേശികൾക്ക് പണിയും കൂടി ഇല്ലാതാവുമ്പോഴുള്ള സ്ഥിതിവിശേഷം വന്നാൽ , അളമുട്ടിയാൽ ചേരയും കടിക്കും എന്ന പറഞ്ഞപോലെയായില്ലേ..അല്ലേ?


മലയാളി മഹാത്മ്യം/ ലണ്ടനിലെ മലയാളി സ്ഥാനാർഥികൾ 

 പോരാത്തതിന് മലയാളികൾക്കഭിമാനമായി ബിലാത്തിപട്ടണത്തിൽ/ലണ്ടനിൽ  നിന്നും രണ്ട് മങ്കമാരടക്കം ഏഴുപേരാണ്, വിവിധ കൌൺസിലുകളിൽ ഈ യൂറൊപ്പ്യന്മാരോടൊപ്പം അങ്കത്തട്ടിൽ മത്സരരംഗത്തുള്ളത്.(സ്ഥാനാർഥികളുടെ ഫോട്ടൊകൾക്ക് കടപ്പാട് ബ്രിട്ടീഷ് മലയാളി പത്രം )
സാഹിത്യകാരിയും,ഹോമിയോ ഡോക്ട്ടറുമായ ഓമന ഗംഗാധരനും, ജോസ് അലക്സാണ്ടറും,രാജ് രാജേന്ദ്രനും,ദമ്പതികളായ സ്ഥാനാർഥികളെന്ന് വാർത്താപ്രാധാന്യം നേടിയ മഞ്ജു ഷാഹുൽ ഹമീദും, ഭർത്താവ് മുഹമ്മദ് റാഫിയും ലേബർ പാർട്ടി ടിക്കറ്റുകളിൽ വിധിതേടുമ്പോൾ
ബിനോയിയും, ബിജു ഗോപിനാഥും ടോറിപക്ഷത്താണ് കേട്ടൊ നിൽക്കുന്നത്.
മലയാളിക്ക് പാര മലയാളിയെന്ന നിലയിൽ ഡോക്ട്ടർക്ക് എതിരായി നിൽക്കുന്നതിനുപകരം എഞ്ചിനീയറായ ബിനോയിക്ക് സ്ഥലം മാറിനിൽക്കാമായിരുന്നു എന്നാണിപ്പോൾ മലയാളീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മേയ് ആറിന് നടക്കുന്ന ഈ ഇലക്ക്ഷൻ മാമാങ്കത്തിനുശേഷമറിയാം , ഇതിൽ ഏതു മലയാളികൾക്കൊക്കെ 2012 ലെ ലണ്ടൻ ഒളിമ്പിക്സ്നുവേണ്ടി നായകത്വം വഹിക്കുവാനൊ,അതിന്റെ ചുക്കാൻ വള്ളികൾ പിടിക്കാനൊ സാധിക്കും എന്ന് പറയുവാൻ ...

ഇതിനിടക്ക് കപ്പലിനിടയിൽ കയിലുംകണ എന്നപോലെ , രണ്ടുവാരം മുമ്പ് ഇംഗ്ലണ്ടിന്റെ ഉത്തരഭാഗത്തുകിടക്കുന്ന രാജ്യമായ ഐസ്ലാണ്ടിൽ അഗ്നിപർവ്വതം പുകഞ്ഞുപൊട്ടി, ഉത്തരയൂറൊപ്പുമുഴുവൻ പുകപടലങ്ങളാൽ കറുത്തിരുണ്ട് പോയത് ഒരു ഭയങ്കരസംഭവമായി മാറി കേട്ടൊ.

ഐസ് ലാന്റിലെ അഗ്നിപർവ്വതം പുകയുന്നൂ 

ബ്രിട്ടന്റെ ചില ഭാഗങ്ങളിലൊക്കെ വെടിക്കെട്ടുകഴിഞ്ഞ പൂരപ്പറമ്പുപോലെ രണ്ടുമൂന്ന് ദിനം , പുകപടലങ്ങൾ തിങ്ങിവിങ്ങി, പൊടിപടലങ്ങൾ കൊഴിഞ്ഞ് വീണ്, അന്തരീക്ഷം മുഴുവൻ അലങ്കോലമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വീണ്ടും ഇവിടെ ആദ്യമായി ഏഴുദിവസത്തോളം അന്തരീക്ഷാപകട ഭീക്ഷണിയെ തുടർന്ന് എല്ലാ എയർപോർട്ടുകളും അടച്ചിട്ടു !

ഓരൊ രണ്ട് മിനിട്ടിലും ഓരൊ വീമാനങ്ങൾ പൊന്തുകയും,താഴുകയും ചെയ്യുന്ന ഭൂമിയിലെ ഏറ്റവും തിരക്കുകൂടിയ ലണ്ടൻഹീത്രൂ (http://www.youtube.com/watch?v=GLNbYqraTgE&feature=player_embedded ) വീമാനത്താവളമടക്കം ! (വീഡിയോ നോക്കുമല്ലോ )

ഇതിന്റെ തന്നെ നഷ്ട്ടം ഒരു ബില്ല്യൻ പൌണ്ടാണെത്രേ !

ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടൻ ,
തമിഴ്നാട്ടിൽ ഒരാഴ്ച്ച ബന്ത് വന്നാൽ വലയുന്ന കേരളം പോലെയായി !

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?


ഇത്തവണ യൂറോപ്പിലാകമാനമുണ്ടായ കൊടും ശൈത്യത്തിനു പിന്നാലെ കഠിനമായ ചൂടുകാലമാണ് കാലെടുത്ത് വെക്കുന്നത് എന്ന മുന്നറിയിപ്പുകൊണ്ടാകാം ,വിന്ററിനുശേഷം വന്ന വസന്തകാലം തൊട്ടേ ഇവിടെയാളുകൾ തുണിയുരിഞ്ഞ് നടന്നുതുടങ്ങി .
ഒപ്പം സമ്മർ വസ്ത്രങ്ങളുടെ പുതിയ ഫാഷനുകളുടെ പരസ്യങ്ങൾക്കും തുടക്കം കുറിച്ചു കേട്ടൊ.
ഭൂരിഭാഗം പുത്തൻ ഫാഷൻ തരംഗങ്ങളെല്ലാം ഉടലെടുക്കുന്നത് ഈ ബിലാത്തിപട്ടണത്തിൽ നിന്നാണല്ലോ !


സമ്മർ വസ്ത്രങ്ങളുടെ പരസ്യത്തിന് വേണ്ടിഒരു നടത്തം 
ഓക്സ്ഫോർഡ് സ്ട്രീറ്റ്, ലണ്ടൻ. 
 അപ്പോൾ രണ്ടുമാസം കഴിഞ്ഞ് ശരിയായ സമ്മർ വന്നാലുള്ള സ്ഥിതിവിശേഷങ്ങളോർത്ത് ഞങ്ങൾക്കൊക്കെ ഇപ്പോഴെ തന്നെ പരവശം തുടങ്ങി....!

പണ്ട് അന്നത്തെ വഴുവഴുപ്പുള്ള ഗിരിജാതിയ്യറ്ററിൽ പോയി പീസുപടം കാണൂമ്പോഴുള്ള അനുഭൂതികളാണ് , ഇപ്പോൾ നേരിട്ട് ലൈവായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കാഴ്ച്ചകളിലൂടെ കിട്ടുന്നത്...കേട്ടൊ

ഇനി ശരിക്കുള്ള സമ്മറാകുമ്പോൾ ചൂടുകൂടി,  ഇതിലും കഠിനമായ  കാഴ്ച്ചകളുടെ നിവൃതികള്‍  ഞാനൊക്കെ എങ്ങിനെയാണൊന്ന് പറഞ്ഞറിയിക്കുക....? !

ഇവിടെ സമ്മറിലാണ് വരത്തന്മാരുടെ കാറുകൾ സ്ഥിരം അപകടത്തിൽ പെടുക. അപകട കാരണം ഡ്രൈവർമാരുടെ കോൺസെണ്ട്രേഷൻ റോഡിൽ നിന്നും തെറ്റി,
റോഡ്സൈഡിലെ അല്പവസ്ത്രധാരികളെ ഉഴിയുമ്പോഴാണ് ഉണ്ടാകുന്നത് കേട്ടൊ.

ഇതെല്ലാം മനസ്സിലാക്കികൊണ്ട്  ഇവരുടെയെല്ലാം സ്വന്തം ഭാര്യമാർ സ്റ്റീയറിങ്ങ് വീൽ ഏറ്റെടുത്തതോടുകൂടി അപകടങ്ങളും നിന്നു കേട്ടൊ ..,
ഒപ്പം കാഴ്ച്ചവട്ടങ്ങൾക്ക് ഒരു ഇമ്പവും കൂടി !

കാറിനുള്ളിലും,വീടിനുള്ളിലും തനി ടിപ്പിക്കൽ രമണന്മാരായ ഈ ഭർത്താക്കന്മാരുണ്ടല്ലൊ... ഒറ്റക്കൊന്നു പുറത്തേക്കിറങ്ങിയാൽ തനി രാവണന്മാരാകുകയാണ് പതിവ് കേട്ടൊ.

ശരി ഇനി സമ്മറാവട്ടേ..അപ്പോൾ കാണാം ...പൂരം !



അങ്ങിനെ അവനും ജീവിതം മതിയാക്കി തിരിച്ചു പോയി.കാൽ ന്നൂറ്റാണ്ടിനുമുമ്പ് അളഗപ്പപോളിയിലെ ഞങ്ങളുടെ കലാ-സാഹിത്യ ക്യാമ്പിലെ സീനിയറായിരുന്ന, അതിസുന്ദരനായിരുന്ന, സകലകലാവല്ലഭനായിരുന്ന ശ്രീകുട്ടൻ.
പിന്നീടവൻ എത്രപെട്ടന്നാണ് തൊട്ടതെല്ലാം പൊന്നാക്കി സിനിമാലോകം വെട്ടിപ്പിടിച്ചത്. പ്രണയവിവാഹ പരാജയത്തിനുശേഷം അവൻ ശരിക്കും ഉൾവലിയുകയായിരുന്നു.....
ഞങ്ങൾ മിത്രങ്ങളോടുപോലും.
ശ്രീകുട്ടൻ എന്ന ശ്രീനാഥ് , ഇപ്പോഴിതാ അവന്റേയും നാദം നിലച്ചിരിക്കുന്നു....!

ശ്രീനാഥ് നിനക്ക് പ്രണാമം....

അന്നത്തെ ആ എല്ലാകൂട്ടുകാരുടെ പേരിലും
നിനക്കിതാ  ആദരാഞ്ജലികള്‍ അർപ്പിച്ചുകൊള്ളുന്നു...



വീരസഹജാ ശ്രീനാഥാ, താരമായിവിലസിയ പ്രിയ മിത്രമേ
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീരശൂരസഹജനായി നിന്നെ  മമ ഹൃദയങ്ങളില്‍ ........!





 ലേബൽ :-
കണ്ടതും,കേട്ടതും .

Monday 12 April 2010

ഇക്കരക്കാഴ്ച്ചകൾ / Ikkarakkaazhcchakal .



 ഈസ്റ്ററും പിന്നെ വിഷുവും

നമ്മുടെ നാട്ടിലെ സ്വദേശികളേക്കാൾ കൂടുതൽ മലയാളിത്വമുള്ളത്
വിദേശത്തുവസിക്കുന്ന മലയാളികൾക്കാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല ! ആചാരങ്ങളും,ആഘോഷങ്ങളും നാട്ടിലേക്കാൾ നന്നായി കൊണ്ടാടുന്നത് ഈ പ്രവാസികളാണെന്ന് ആണയിട്ടുതന്നെ പറയാം. ചിങ്ങപ്പുലരിയും,ഓണവും,ക്രിസ്തുമസ്സും,ഈദും,ഈസ്റ്ററും,വിഷുവും,വലിയപെരുന്നാളും, സിനിമയും, തെരെഞ്ഞെടുപ്പും,ക്രിക്കറ്റുമെല്ലാം  പ്രവാസികൾ രാഷ്ട്രീയവും,മതവുമില്ലാത്ത കൊച്ചുകൊച്ചു കൂട്ടായ്മകളിലൂടെ കെങ്കേമമായി കൊണ്ടാടികൊണ്ടിരിക്കുകയാണ്, ഒരോരൊ വിദേശമലയാളിയും അവനവന്റെ പുത്തൻ തട്ടകങ്ങളിൽ വെച്ച് ആയതിന്റെയൊന്നും ഒട്ടും തനിമ നഷ്ട്ടപ്പെടാതെ തന്നെ !
നാട്ടിലെ പോലെ തന്നെ വിദേശത്തും പ്രബുദ്ധരായ മലയാളിക്കുള്ള ഒരു ദോഷം,ഒരുമിച്ച് ഒരു ഒറ്റ കുടക്കീഴിൽ മറ്റുദേശക്കാരെ പോലെയോ,മറ്റുഭാഷക്കാരെ പോലെയോ അണിനിരക്കില്ല എന്നതാണ്. ചെറിയ കൂട്ടായ്മകൾ ഉണ്ടാക്കി അതിൽ ഒതുങ്ങിക്കൂടും ,വേണ്ടിവന്നാൽ അതിനെയൊന്നുപിളർത്തി വേറൊരു ഗ്രൂപ്പിനെ പൂവ്വണിയിപ്പിക്കും എന്നുകൂടിയുണ്ട് ആ പാരമ്പര്യമായുള്ള ശീലഗുണത്തിന് ഇല്ലേ ?
ഇവിടെ യു.കെയിലും ഏറ്റവും കൂടുതൽ സംഘടനകളുള്ളത് മലയാളികൾക്കാണ് കേട്ടൊ.
ഇപ്പൊൾ ന്നൂറിൽ കൂടുതൽ മലയാളി കൂട്ടായ്മകളുടിവിടെ !
അതുകൊണ്ട് ഏതുയാഘോഷ സീസൻ വന്നാലും മലയാളീസിന്റെ ഉത്സവമേളങ്ങളാണിവിടെ..

പോരാത്തതിന് പൊങ്ങാൻ രണ്ട് വടിയും കൂടി കിട്ടിയാലത്ത സ്ഥിതിയോ ?

ഒന്നാമത്തേത് ഇവിടെ ; ഇത്തവണ വിദ്യാലയങ്ങളിൽ സായിപ്പിന്റേയും,മറ്റു വംശീയരുടേയുമൊക്കെ മക്കളെയെല്ലാം പിന്തള്ളി - ചൈനക്കാരുടേയും,ഇന്ത്യക്കാരുടേയും കുട്ടികൾ ഉയർന്നവിജയ ശതമാനം, അതും ഇംഗ്ലീഷ് ഭാഷയിലടക്കം; കരസ്ഥമാക്കിയെന്നതിലാണ്. ഈ വിജയിച്ചവരിൽ കേരളീയരുള്ളടത്തെല്ലാം, ഒന്നു മുതൽ പത്തുസ്ഥാനം വരെ ഭൂരിഭാഗവും മലയാളികളുടെ മക്കൾക്കാണ് കിട്ടിയിട്ടുള്ളത്.....പൊങ്ങാൻ പിന്നെന്തു വേണം !

രണ്ടാമത്  ബിബിസി പോലും; ഒരു വത്യസ്ഥഡോക്യുമെന്ററിയിലൂടെ മലയാളിയുടെ മദ്യപാനാസക്തിയെ പാടി പുകഴ്ത്തിയെന്നുള്ളതാണ് (http://news.bbc.co.uk/1/hi/world/south_asia/8557215.stm ). യുകെയിൽ എല്ലാസ്കോച്ചുകമ്പനികളും കൂടി ഇവിടെ ഒരുകൊല്ലം കുടിക്കുവാൻ, ഉണ്ടാക്കുന്ന മദ്യത്തേക്കാൾ കൂടുതൽ ദൈവ്വത്തിന്റെ നാട്ടുകാർ ഒരു മാസം കൊണ്ട് കുടിച്ച് തീർക്കുന്നു പോലും !
ഇവിടത്തെ വമ്പൻ വാറ്റുകമ്പനികളെല്ലാം കേരളം എന്ന മദ്യമാർക്കറ്റിനെ ഉറ്റുനോക്കികൊണ്ടിരിക്കുകയണിപ്പോൾ കേട്ടൊ....
സമീപഭാവിയിൽ തന്നെ കാറുകമ്പനികളെയൊക്കെ പോലെ തന്നെ ഇവർ വന്നവിടെ കമ്പനി സ്ഥാപിക്കും ,കേരളത്തിൽ ഫാക്റ്ററി തുടങ്ങുവാൻ നമ്മൾ സമ്മതിക്കാത്തതുകാരണം തമിഴുനാട്ടിലോ,കർണ്ണാടകത്തിലോ വെച്ചുണ്ടാക്കിയിട്ട് ,മറ്റുള്ളയുൽ‌പ്പന്നങ്ങൾ വിറ്റഴിക്കുന്നമാതിരി തനി ഉപഭോഗമാർക്കറ്റായ കേരളത്തിൽ കൊണ്ടുപോയി കൊടുത്ത്,ആയതിൽ നിന്നും ലാഭം കൊയ്യും !
പിന്നെ നമ്മുക്ക് ‘എന്നാറി’ ക്കാരെ ആശ്രയിക്കാതെ ബീവറേജിൽ പോയി വരി നിന്ന് ഷീവാസും , ബ്ലാക്ലേബലും,ഗ്രാന്റ്സും,ത്രീബാരെത്സും, ജാക്ക്ഡാനിയലുമൊക്കെ നേരിട്ട് വാങ്ങാമല്ലോ അല്ലേ !

സാധാരണ എക്കൊണോമി താഴുമ്പോഴാണ്  ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം  വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും  മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !
പൊങ്ങാൻ ഒരു വടിയും, പിന്നെ കൊള്ളാൻ ഒരടിയും എന്ന്
ഇതിനെ പറയുന്നതായിരിക്കും ഉത്തമം !
ഈസ്റ്റർ-വിഷു ആഘോഷകമ്മറ്റി ടീംസ് !
 കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചകളിലായി  ഞങ്ങളും ഇവിടെ
ഈസ്റ്ററും ,വിഷുവും ഗംഭീരമായി ആഘോഷിച്ചു .
ഇപ്പോള്‍ നാട്ടിലൊക്കെയാഘോഷിക്കുന്ന പോലെ ബേക്കറികളിലോ,
പാചകശാലകളിലോ പോയി റെഡിമെയ്ഡായി കിട്ടുന്ന വട്ടേപ്പവും, കറികളും,പാലടപ്രഥമനുമൊന്നും വാങ്ങിച്ചല്ല കേട്ടൊ.
ഞങ്ങൾ നാലഞ്ചുകുടുംബങ്ങൾ ഒന്നിച്ചുചേർന്ന് കറിക്കരിഞ്ഞും,തേങ്ങചെരുകിയും,പരദൂഷണം പറഞ്ഞും,കളിച്ചും,ചിരിച്ചും,കുടിച്ചും,മതിച്ചും,മറ്റും
വട്ടേപ്പവും,ബീഫ്ഫ്രൈയും,മട്ടൻ കുറുമയും,മീങ്കറിയും,അവിയലും,എലിശ്ശേരിയും , മാമ്പഴപുളിശ്ശേരിയും,പുളിഞ്ചിയും,പപ്പടവും,ഉപ്പേരിയും, വിഷുക്കട്ടയും,ശർക്കരപ്പാനിയും,പാലടയുമൊക്കെയായി ഈ ആഘോഷങ്ങൾ അത്യുഗ്രനാക്കി കേട്ടൊ.

നമ്മുടെ വിഷു ആഘോഷം ലോകത്തിലെതന്നെ പല രാജ്യങ്ങളുടേയും
കൊയ്തുല്‍ത്സവങ്ങളും , പുതുവര്‍ഷപ്പിറവിദിനങ്ങളുമാണ്‌ !

നമ്മളെ പോലെ തന്നെ വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും ,
നവവത്സരമായി  ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും,ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും  നമ്മുടെ ഈ വിഷുവിനെ പലരീതിയിലും വരവേൽക്കുന്നുണ്ട് കേട്ടൊ...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല  , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

പ്രഥമ യുകെ ബൂലോഗ സംഗമം /ഒരു സങ്കൽ‌പ്പം



ലൈസൻസ്ഡ് ട്ടു ലൈയ്യിങ്ങ് എന്നാണ് യൂറോപ്പുകാർ ഏപ്രിൽ മാസത്തെ വിശേഷിപ്പിക്കുക. കിടക്കാനുള്ളതല്ല കേട്ടൊ നുണ പറയാനുള്ള മാസം !
പുത്തൻ ബഡ്ജറ്റുകൾ അവതരിപ്പിച്ച് കണക്കുകളുടെ നുണക്കഥകളുമായി വ്യക്തി തൊട്ട് സാമ്രാജം വരെ കള്ളകണക്കുകൾ തുടങ്ങിവെക്കുന്ന മാസം....
ആയതിന്റെ മുന്നോടിയായി അവർ ഏപ്രിൽ ഒന്നിനെ നുണയന്മാരുടെ,വിഡ്ഡികളുടെ ദിനമായി ആചരിച്ചു തുടങ്ങി.
സത്യം പറഞ്ഞാൽ എന്നെപ്പോലുള്ള മണ്ടന്മാരുടെ ദിനം !

 പ്രഥമ യുകെ-ബൂലോക സംഗമം /ഒരു സങ്കൽ‌പ്പം !
അന്നാണ് ഇവിടെ എന്റെ വീട്ടിൽ വെച്ച് ഞങ്ങൾ കുറച്ച് യു.കെയിലെ ബ്ലോഗ്ഗേഴ്സ് വെറുതെ ഒന്ന് ഒത്തുകൂടിയത്. മുന്മന്ത്രി എം.എം.ഹസ്സന്റെ ബന്ധു-ഗൾഫ് ബോൺ ആന്റ് ബോട്ടപ്പ് ആയ 'വിറ്റു'കളുടെ രാജാവ് അനസ്ഖാനും, ലണ്ടൻ ബോൺ ആന്റ് ബോട്ടപ്പായ ബെന്നും, ഡോക്ട്ടർ  ജിഷും ,ഡോക്ട്ടർ അജയ് എന്നീ മലയാളികളായ ആംഗലേയബ്ലോഗ്ഗർന്മാരും,ബൂലോഗരായ നാല് യുവതുർക്കികളായ അരുണും, പ്രദീപും, വിഷ്ണുവും, ശ്രീരാഗും ,പേരിനൊരു പെണ്ണ് എന്നുചൊല്ലി ബുലോഗിനി മേരികുട്ടിയും .കൂടാതെ ബ്ലോഗുലകത്തേക്ക് കാല് നീട്ടിയിരിക്കുന്ന ബാലമുരളിയും ,ബിജിലും,ജെയ്സനും,മാത്തൻ ലോഡ്സനും ,മുരളികൃഷ്ണയും , ഷിബുവും, ഷിബിനും, ഷിഗിനും പിന്നെ ഞാനും .

ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളായത്കൊണ്ട് ഈ ഈസ്റ്റർ-വെക്കേഷൻ അടിച്ചുപൊളിക്കുവൻ ലണ്ടനിൽ വന്നപ്പോൾ ഒരു മലയാളി ബ്ലോഗ്ഗ്മീറ്റിന്റെ മുന്നോടിയായി ഈ ചള്ള് ക്ടാങ്ങളെയെല്ലാം വിളിച്ചുവരുത്തിയത് ഞാൻ തന്നെ. ബ്ലൊഗ്ഗ് മീറ്റൊന്നും നടന്നില്ലെങ്കിലും നല്ലൊരു ബ്ലോഗ്ഗീറ്റും, ഭൂലോക കുടിയും നടന്നു കേട്ടൊ.....
 ഇവർ ചള്ള് ക്ടാങ്ങളൊന്നുമല്ല-എല്ലാ‍വരും പുലി കുട്ടികൾ തന്നെയാണ് കേട്ടൊ !

പാട്ട്,ഡാൻസ്,ക്രിക്കറ്റ്,പ്രസംഗം,സാഹിത്യം,പുളു,...,...,...,...അങ്ങിനെ എല്ലാകുണ്ടാമണ്ടികളിലും സകല കലാവല്ലഭന്മാരായ  ഇവന്മാരുടെ മുമ്പിലെല്ലാം ഞാനൊക്കെ വെറും ശിശു !
ഇവന്മാരൊക്കെ ശരിക്കും എഴുതി തുടങ്ങുന്നതിനുമുമ്പേ എല്ലാകോപ്പും കത്തിച്ചുതീർത്ത് ,മൂഡുംതട്ടി ബൂലോഗത്തുനിന്നും സ്ഥലം കാലിയാക്കണം...
അല്ലെങ്കിൽ ഇവരുടെ കത്തിക്കലുകളുടെ മുമ്പിൽ ഞാനെല്ലാം  ഒരു പൊട്ടാപടക്കമായി ചൂറ്റിപോകും !
ഇവരോരുത്തരേയും ഏതാണ്ട് പത്തുമുതൽ നൂറുവരെ ലവേഴ്സ് ഫോളൊ ചെയ്യുന്നുണ്ടെത്രേ !
പത്തുലക്ഷവും,കാറും സ്വപ്നം കണ്ട് നടക്കുന്നൊരു ചുള്ളൻ മീഞ്ചട്ടിക്ക് ചുറ്റും നടക്കുന്ന മാർജ്ജാരനെ പോലെ മേരികുട്ടിക്ക് ചുറ്റും വട്ടമിടുകയായിരുന്നൂ....
പത്ത് വയസ്സുകൂടിയാലെന്താ പത്തുകോടി അല്ലേ ഒത്താൽ കിട്ടുക !
എന്തായാലും കോലൻ തോട്ടിപോലെയുള്ള മൂപ്പരും, മേരികുട്ടിയും ബെസ്റ്റ് മേച്ചാ..കേട്ടൊ---- നിറപറയും നിലവിളക്കും പോലെ !

ബൂലോഗ നവാഗാതരേ ഇതിലെ ഇതിലേ ...
ഈ എല്ലാചുള്ളന്മാരും ഭയങ്കര സംഭാഷണ പ്രിയരായിരുന്നൂട്ടാ‍ാ.ഞങ്ങൾ മറ്റുബ്ലോഗ്ഗരോടല്ല കേട്ടൊ .
എന്റെ ഭാര്യയോടും,മേരിയോടും പിന്നെ എന്റെ മോളൊടും .അതും ഒരുപാട് ....

ചെറുപ്പത്തിൽ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ
ഗുട്ടൻസ് , ഒരു പെങ്കൊച്ചിന്റെ തന്തപ്പിടിയെന്നനിലയിൽ  ഇപ്പോൾ എനിക്ക് പിടികിട്ടി കേട്ടൊ..കൂട്ടരേ  !

ഭഗവാന്റെ നാമമുള്ളയൊരുത്തൻ ഇടക്ക് വന്നുയാരുമറിയാതെ ഓരൊപെഗ് വിട്ട് ,അടുക്കളയിൽ പോയി വളരെ വിനീത വിധേയനായി എന്റെ ഭാര്യയെ സഹായിക്കുന്നത് കണ്ടപ്പോൾ, ഒരു ഭാവി അമ്മായിയമ്മ-മരുമകൻ റിലേഷൻ ഷിപ് , മെയിന്റെയിൻ ചെയ്യുന്നുണ്ടോ എന്നൊരു സംശയം ?

എന്തിന് പറയാൻ ആ വിഡ്ഡിദിനം-പെസഹ വ്യാഴാച്ച
എല്ലാം കൊണ്ടും ആകെ പെശകുതന്നെയായിരുന്നൂ!
പോകാൻ നേരത്ത് ചിലരുടെ വണ്ടി മിസ്സായിട്ട് അന്ന് വീട്ടിൽ തങ്ങി, ഭരണിപ്പാട്ട്,വാളുവെയ്ക്കൽ മുതൽ കലാപരിപാടികൾ എല്ലാം ഉഷാറയി തന്നെ ദു:ഖവെള്ളിയെ ഗുഡ്ഫ്രൈഡേയ് ആക്കുന്ന വരെ തുടർന്നൂ....
പിന്നെ ഞങ്ങളെല്ലാം കൂടി ഒരു തീരുമനം എടുത്തു കേട്ടൊ..
ഒരു യുകെ ബുലോഗമീറ്റ് നടത്തുവാൻ .
ഇതൊഴിച്ച് ബാക്കി നടന്നതെല്ലാം ഒരു നുണക്കഥയായി നമുക്ക് വിസ്മരിക്കാം അല്ലേ..
അല്ലാ..ബൂലോഗരെ ഈ പുരനിറഞ്ഞുനിൽക്കുന്ന ,പുരുഷ പ്രജകളായ വിദ്യാസമ്പന്നരായ,യുവതുർക്കികളായ യുകെയിലെ ഈ ബൂലൊഗഗെഡികളെയെല്ലാം പിടിച്ചുപെണ്ണുകെട്ടിക്കുവൻ നിങ്ങളും ഒന്നു സഹായിക്കില്ലേ ?

എന്റെയും കൂടി ഒരു മന:സമാധാനത്തിന് വേണ്ടിയാണ് കേട്ടൊ !

ബ്രിട്ടൻ മല്ലൂ ബ്ലോഗ്ഗേഴ്സ് അഥവാ ബിലാത്തി ബൂലോഗർ


യുകെയിൽ നിന്നും ഇ-പത്രമായി പ്രചരിക്കുന്ന മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ ബിലാത്തി മലയാളി പത്രം(http://bilathimalayalee.blogspot.com/) ,
കലാകാരനും,ആംഗലേയ ബ്ലോഗറുമായ ഡോ:അജയ്(ലങ്കാഷെയർ) മലയാളത്തിൽ തുടക്കം കുറിച്ചിട്ടുള്ള റിനൈസ്സൻസ്http://ajay006.blogspot.com/ ),
സകലകലാവല്ലഭനായ അരുൺ അശോകിന്റെ(ലണ്ടൻ ) ഗുള്ളിബ്ലെസ് ട്രാവെത്സ്http://arun-gulliblestravels.blogspot.com/ ) , ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ (http://www.joshypulikootil.blogspot.com/    ) ,
ജിനീഷ് പോളിന്റെ തട്ടകമായ ജെ.പി.മഞ്ഞപ്ര  (http://jeeneeshpaul.blogspot.com%20/) ,
കഥകളുടെ തട്ടകമായ ജോയിപ്പാൻ(മാഞ്ചസ്റ്റർ) എഴുതുന്ന ജോയിപ്പാൻ കഥകൾ (http://joyppan.blogspot.com/ )
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ്ഭായി ഇറക്കുന്ന സ്നേഹ സന്ദേശം ( http://knanayapravasi.blogspot.com/)മാ‍ഗസിൻ,
സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യുകെയിലെ ആ ദേശക്കാർ ഗ്രാമത്തിലെ എല്ലാവർക്കും വേണ്ടി തുടങ്ങിയ നമ്മുടെ സ്വന്തം കൈപ്പുഴ  ( http://nammudekaipuzha.blogspot.com/),
കവിതകളുടെ ഇഷ്ട്ടതോഴിയായ,ഒപ്പം ദുരിതങ്ങളുടെ കഥകളുടെ അവകാശിയായ മേരികുട്ടിയെന്ന(ലണ്ടൻ ) കല്യാണപ്പെണ്ണിന്റെ മലർവാടി (http://malarvati.blogspot.com/),
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ ലണ്ടനിൽ ഉള്ള ത്രേസ്യാകൊച്ചിന്റെ കൊച്ചുത്രേസ്യയുടെ ലോകം (http://malabar-express.blogspot.com/ ),
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ്ശിവയുടെ സ്മൈൽ(http://shivalinks-manojsiva.blogspot.com/) ,
മനോജ് മാത്യു അവതരിപ്പികുന്ന ആത്മാവിന്റെ പുസ്തകംhttp://manoj-mathew.blogspot.com/) ,
മുരളീമുകുന്ദന്റെ(ലണ്ടൻ) ബിലാത്തിപട്ടണം http://bilattipattanam.blogspot.com/
പ്രദീപ് ജെയിംസ് (ബെർമ്മിംങ്ങാം )  പൊട്ടിച്ചു വിടുന്ന  തമാശയുടെ മാലപ്പടക്കം കത്തിത്തീർന്ന് ചിരിയുടെ നന്മപടർത്തുന്ന  ഒരു ദേശം ( http://arumanoor.blogspot.com/ ),
മർമ്മത്തിൽ കൊള്ളുന്ന നർമ്മവിശേഷങ്ങളുമായി പി.ദിലീപിന്റെ (കൊവെണ്ട്രി) ഡേയ് കെളത്താതെ കെളത്താതെ (http://pdileep.wordpress.com/ )
മൂന്നു ബ്ലോഗുകളിൽ കൂടിചരിത്രസ്മരണകളും ,കാര്യമായ കാര്യങ്ങളും എഴുതുന്ന അഡ്വക്കേറ്റ്: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറിയിൽ നിന്ന് (http://samadirumbuzhi.blogspot.com/  ),
തീരെ ചെറിയ കാര്യങ്ങൾ പോലും വർണ്ണങ്ങൾചാർത്തി ഭംഗിവരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി (http://siyashamin.blogspot.com/ ) ബ്ലോഗ്ഗിണി സിയാഷമിൻ (ലണ്ടൻ) ,
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍പറയുകയും,ഒപ്പം ധാരാളം നല്ലകഥകൾ എഴുതികൊണ്ടിരിക്കുകയും ചെയ്യുന്ന ന്യൂകാസിലുള്ള സീമാമേനോന്റെ The Mistress  of Small Things /കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി (http://themistressofsmallthings.blogspot.com/ ),
ബ്രിട്ടനിൽ വെച്ച് ബുലോഗപ്രവേശം ഈയ്യിടെ നടത്തിയ നന്നായി എഴുതുന്ന സിജോ ജോർജ്ജിന്റെ അരയന്നങ്ങളുടെ നാട് (http://sijogeorge.blogspot.com/ ) ,
നാട്ടിൽ വിദ്യാലയതലം മുതലെ കഥകളിലും,മറ്റും സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന ശ്രീരാഗിന്റെ (ലിവർപൂൾ) എന്റെ കണ്ണിലൂടെ (http://sreeragsree.blogspot.com/ ),
യുകെയിലും,യുഎയിലുമിരുന്ന് മാറിമാറി കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയേടത്തിയുടെ മൂന്നു ബ്ലോഗ്ഗുകളായ
എന്‍ മണിവീണ(http://enmaniveena.blogspot.com/    )യും, മഷിത്തുള്ളികളും ,പിന്നെ കൊതിയൂറും പാചക വിഭവങ്ങളുമായി  കാഴ്ച്ചവട്ടങ്ങളും (http://mashitthullikal.blogspot.com/%20http://kaaazhcha.blogspot.com/
and   http://kaaazhcha.blogspot.com/),
യാത്രാ വിവരണത്തിന്റെ സുന്ദരമായ ചിത്രങ്ങളോടും ,വളരെ നല്ല കായിക രംഗത്തെ വരച്ചുകാട്ടിയുള്ള എഴുത്തോടും കൂടിയുള്ള വിഷ്ണുവിന്റെ (കൊവെന്റ്റി)
  ചിത്രലോകവും ,വിഷ്ണുലോകവും ( http://chithra-lokam.blogspot.com/(വിഷ്ണുലോകം)  മൊക്കെയണ് നിലവിൽ ഇപ്പോൾ ബ്രിട്ടനിലുള്ള മലയാളം ബ്ലോഗ്ഗെഴ്സ്.
ഒപ്പം തന്നെ ബൂലോഗത്തേക്ക് പിച്ചവെച്ച് കടന്ന് വരുവാൻ
വേണ്ടി തയ്യാറെടുത്തിരിക്കുന്ന മുകളിൽ പറഞ്ഞ മറ്റുചുള്ളന്മാരും ഉണ്ട് കേട്ടൊ...



ലേൽ ,
കണ്ടതും,കേട്ടതും.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...