Thursday 25 March 2010

ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum Pinne Mathrudinavum .


  പാരമ്പര്യമായി ഞങ്ങൾ തയ്യിൽ വീട്ടുകാർ നടത്തിപ്പോരുന്ന പഞ്ചാരകമ്പനിയുടെ ഡയറക്ട്ടർ സ്ഥാനമോ,ചെയർമാൻ പദവിയോ ഏറ്റെടുക്കണ്ടായെന്നുവെച്ച് ഇവിടെ അടുത്തുള്ള പാർക്കിൽ നടക്കലും,ജോഗ്ഗിങ്ങും ആരംഭിച്ചകാലം.

ഒപ്പം എന്റെ തൂക്കം സെഞ്ചറിയിലേക്കടുത്ത് ,ഭാര്യയ്ക്കുപോലും താങ്ങാനാവാതെ(എല്ലത്തി കല്ലെടുക്കും എന്നാണല്ലൊ പറയുക - അത് വേറെ കാര്യം ),പ്രഷറും,കൊളസ്റ്റ്ര്രോളും ശരീരത്തിന്റെ പടിവാതിക്കൽ വന്നുമുട്ടിയപ്പോൾ ,ഡോക്ട്ടറുടെ ഉപദേശമനുസരിച്ച് ,കുഴിമടിയനായ ഞാൻ ആരംഭിച്ചു എന്നുപറയുന്നതായിരിക്കും ഉത്തമം !

അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ.  അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !

ആദ്യദിവസം തന്നെ ജോഗ്ഗിങ്ങ് ജോഡികളായ ക്രിസ്ജോണിനേയും,കാമുകിയേയും ആ പാർക്കിൽ വെച്ചാണ് കുറച്ചുകൊല്ലം മുമ്പ് ഞാൻ പരിചയപ്പെട്ടതും,അല്പവസ്ത്രധാരികളായ അവരുടെ സുന്ദരശരീരങ്ങൾക്ക് കണ്ണുപറ്റണ്ടായെന്നുകരുതി അവരോടൊപ്പം കൂടി ഞാനും പരിശീലനം തുടർന്നതും .

ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.

"ഔവ്വ്...ഇവന്മാരുടെയൊക്കെ തലയിൽ വരച്ചത്
നമ്മടെയൊക്കെ' ഡേഷിൽ 'വരച്ചിരുന്നെങ്കിൽ !"

അതിനാൽ  അന്നുമുതൽ ക്രിസ്സുമായി നല്ല ചങ്ങാത്തവുമായി.
ഇപ്പോഴും ഞങ്ങൾ നല്ല കുടുംബമിത്രങ്ങൾ തന്നെ...
  കഴിഞ്ഞമാസം മദ്ധ്യത്തോടെ പെട്ടെന്ന് ജോലിയിൽ നിന്നും എമർജെൻസി ലീവെടുത്തുപോയപ്പോൾ ക്രിസ്സ്, ഞങ്ങൾ കൂട്ടുകാരോട് യാതൊന്നും പറഞ്ഞിരുന്നില്ല.
ഞങ്ങൾ ചിന്തിച്ചിരുന്നത് ഇപ്പോഴുള്ള നാലാം പാർട്ടണറുമായി ഏതെങ്കിലും രാജ്യത്തേയ്ക്ക് ഹോളിഡേയ്സ് ആഘോഷിക്കുവാൻ പോയിരിക്കും എന്നായിരുന്നു....

സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീലവുമാണല്ലോ ഈ ‘വിന്റർ എസ്കേപ്പ്‘ അഥവാ മഞ്ഞുകാലമുങ്ങൽ..!

പെട്ടന്നതാ അവൻ ,രണ്ടാഴ്ച്ച മുമ്പ് ഒരു ദിനംവളരെ അവിചാരിതമായി  രാത്രിയിൽ ഫോൺചെയ്തുറപ്പുവരുത്തിയശേഷം വളരെ വിവശനായി എന്റെ വീട്ടിലേക്കുകയറിവന്നു.

വീണ്ടും അവൻ മയക്കുമരുന്നുപയോഗിച്ചുതുടങ്ങിയോ
എന്നെനിക്കൊരു സംശയം..?
കഴിഞ്ഞ നവമ്പറിലെ അവന്റെ മുപ്പത്തിയേഴാം ബർത്ത്ഡേയ് പാർട്ടിയിൽ വെച്ചവൻ പ്രഖ്യാപിച്ചതാണ് സിറിഞ്ചും ,പുല്ലും(കഞ്ചാവ്), അതോടൊപ്പം പുകവലിയും കാലാകാലത്തേക്കായി ഉപേഷിക്കുകയാണെന്ന്.
അതിതുവരെ തെറ്റിച്ചിട്ടെല്ലെന്നവൻ സംശയനിവാരണവും നടത്തി കേട്ടൊ.

അവൻ ടെൻഷൻ വന്ന് ലീവെടുത്തതാണെത്രേ !
അവന്റെ പാർട്ട്ണർ, അവനുടെ ഉറ്റമിത്രത്തിന്റെ കൂടെ ഹോളിഡേയ്ക്കുപോയതുകൊണ്ടാണീനൊമ്പരം കേട്ടൊ.
അവളാണെങ്കിൽ സ്ഥിരം മയക്കുമരുന്ന് കുത്തുന്നവൾ,
ഇവൻ അതുപേഷിച്ചപ്പോൾ ഇവനേയും ഉപേഷിച്ചുപോലും!

ഭാരതീയ വിഭവങ്ങളുടെ ആരാധകനായ മൂപ്പർ ഞങ്ങളോടൊപ്പം കുട്ടികൾ വാരി തിന്നുന്നതുപോലെ ചോറും കറികളും,എരിവും പുളിയുംകാരണം കണ്ണുനിറഞ്ഞും,മുഖം ചുകന്നും പലഭാവവത്യാസങ്ങളോടെ അകത്താക്കിയശേഷം ,
പിന്നീടെന്നോട് വന്നകാര്യം പറഞ്ഞു.

അവനൊരു ഇന്ത്യൻ പെണ്ണിനെ വേണമെത്രെ-
കുറച്ചു നാളത്തെ ഡേറ്റിങ്ങ് കഴിഞ്ഞശേഷം പരസ്പരം
എല്ലാംകൊണ്ടും ഇഷ്ട്ടമാകുകയാണെങ്കിൽ ,ശരിക്കും കല്ല്യാണം കഴിച്ച് ,
കുട്ടികളെ വളർത്തി കുടുംബമായി കഴിയാൻ അതിയായ മോഹം തോന്നുന്നുപോലും !

നല്ല ഉയരവും,വിവരവും,ഒപ്പംനല്ലയിന്ത്യൻ കറികൾ വെക്കാൻ
അറിയുന്ന പെണ്ണാണ് അവന്റെ 'കൺസെപ്റ്റിൽ' കേട്ടൊ.
ഞാനത് സംഘടിപ്പിച്ചു കൊടുക്കണം പോലും...

അത്തരം ഒരു ഇന്ത്യൻ പെണ്ണിനെ, ഞാൻ എവിടെ പോയി തിരയാൻ..?
അഥവാ ആരെയെങ്കിലും ആക്കിക്കൊടുത്താൽ ,
പിന്നീട് ഇവനെങ്ങാനും തിരസ്കരിച്ചാൽ
എന്റെ കയ്യിൽ പെടും !

സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാ‍ലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...

അയ്യോ..വേണ്ട.. വേണ്ട

ഇനി ഒന്നുകൂടി കൈയ്യിൽ പെട്ടാൽ എന്റെ സ്ഥിതി
ചെകുത്താനും,കടലിനും ഇടയ്ക്ക് പെട്ടപോലെയാകുകയില്ലേ..

എല്ലാം ശരിയാക്കിതരാമെന്നുപറഞ്ഞ് ,
ഒരു ശരാശരി മലയാളി സ്വഭാവത്തോടെ
അവനെയൊരുവിധം സമാധാനിപ്പിച്ചന്ന് പറഞ്ഞുവിട്ടു .

"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"

സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !

പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മാതൃദിനത്തിന് അവന്റെ അമ്മയ്ക്ക് സമ്മാനങ്ങൾ
കൊടുക്കുവാന്‍ വേണ്ടി,  അവ തെരഞ്ഞെടുക്കുവാന്‍  എന്നെ ക്ഷണിച്ചപ്പോഴും ;
അവന്‍ ഭാരതത്തിന്റെ പൊന്നോമന പുത്രികളെ  വാഴ്ത്തികൊണ്ടിരിക്കുകയായിരുന്നൂ...

വെറും ഒരു സിംഗിൾ പാരന്റായി പതിനാറ് വയസ്സുള്ളപ്പോൾ
ആണ് അവന്റെ അമ്മ അവനുജന്മം നൽകിയത് . അവന് ഒരു
വയസ്സാവുമ്പോഴേക്കും ആ അമ്മ പുതിയ കാമുകനൊപ്പം രാജ്യം വിട്ടു.

പിന്നീട് അവന് എട്ടുവയസ്സായപ്പോൾ വേറൊരു കരീബിയൻ പാർട്ടണർക്കൊപ്പമാണ്
അവന്റെ ഈ പ്രിയ മാതാവ് വീണ്ടും ലണ്ടനിലേക്ക് തിരിച്ചുവന്നത്.

ഇപ്പോൾ ഐറിഷുകാരനായ നാലാം കൂട്ടുകാരൻ ഭർത്താവും
മക്കളുമായി ലിവർപൂളിൽ താമസിക്കുന്ന അമ്മക്ക്  ,രണ്ടുദിവസം
മുമ്പ് മദേർസ് ഡേയ് ഗ്രീറ്റിങ്ങ് കാർഡുകളും ,സമ്മാനങ്ങളും പൊസ്റ്റ്
ചെയ്തശേഷം, അവനും,ഞാനും പബ്ബിൽ നിന്നും പിരിഞ്ഞപ്പോൾ ഏറെ
വൈകിയിരുന്നു!
അന്നവിടെ വെച്ച് കേട്ട അവന്റെ കഥയിൽ
നിന്നും ഉടലെടുത്ത കുറച്ചുവരികൾ..
ഇതാ അവനുവേണ്ടി സമർപ്പിക്കുന്നു,
എന്റെ മിത്രം ഈ വെള്ളക്കാരനായ ക്രിസ്സിനുവേണ്ടി.....



അമ്മ ദിനം  / Mothers Day

അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !















 ലേബൽ :-
കഥയും കാര്യവും.











Monday 1 March 2010

യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടലും ! / U.K .Videsha Vidyarthhi Charitham Oru Vingalum Pottalum !

അന്നും (ഒരു  യൂണി :ക്യാമ്പസ്  ) ഇന്നും.

 

എഞ്ചിനീയറിങ്ങ് കഴിഞ്ഞശേഷം,പാലക്കാട്ടുനിന്നും ബ്രിട്ടനിൽ വന്ന് എം.ബി.എ ഡിഗ്രിയെടുക്കുവാൻ വേണ്ടി കുറച്ചുകൊല്ലം മുമ്പ് ഇവിടെയെത്തിയ ആഞ്ചലോസിന്റെ
അനുഭവങ്ങൾ വിവരിക്കാനാണ് ഞാനിവിടെ വന്നിരുന്നത്.

അപ്പോളിതാ BBC യിൽ നല്ലൊരു ഡോക്യുമെന്ററി...
The Gateway to U.K Education , അതിന്റെ
സത്യങ്ങളും,മിഥ്യയും തുറന്നുകാണിച്ചുകൊണ്ടുള്ളത് .
വ്യാജ സ്റ്റുഡണ്ട് വിസകളെ കുറിച്ചും, ഇവിടെ ഉപരിപഠനത്തിനുവരുന്ന വിദേശവിദ്യാർത്ഥികളെ , എങ്ങിനെയൊക്കെയാണ് വിസക്ക് മുമ്പും,പിമ്പുമൊക്കെ പലരീതികളാലും തട്ടിപ്പിന് വിധേയരാക്കുന്നതുമൊക്കെ കാ‍ണിച്ചുള്ള ചിത്രീകരണങ്ങൾ !

 അതുകൊണ്ട് ഈ കഥയ്ക്കുമുമ്പ് ഞാനൊന്ന് യുകെയിലെ ഇപ്പോഴത്തെ  വിദേശവിദ്യാർത്ഥിചരിതം വെറുതെ ഒന്ന് ചിക്കിമാന്തുകയാ‍ണ്.... 
കോഴിചികയുന്ന പോലെ ,വെറും മുകൾ ഭാഗം മാത്രമാണ് കേട്ടൊ.........

ഈയ്യിടെ ഇവിടെ ബിബിസിയടക്കം ,പത്രമാധ്യമങ്ങൾ എഴുതികൊഴുപ്പിച്ചതാണ് ഈ വിഷയം .
വിദേശവിദ്യാർത്ഥികൾ ഗ്രേറ്റ്ബ്രിട്ടനിൽ
ഇപ്പോൾ അനുഭവിക്കുന്ന നരകയാതനകൾ ...!
ബ്രിട്ടനിലെ ഒരു ഭാരതീയ വിദ്യാർത്ഥി കൂട്ടം

അവ എന്തൊക്കെയാണെന്നുള്ള ഒരു കൊച്ചുഎത്തിനോട്ടം ....
ഇവിടെ വരുമ്പോൾ ലഭിക്കുമെന്നുപറഞ്ഞ മോഹനവാഗ്ദാനങ്ങളൊന്നും കിട്ടാതെ
ഒരു നേരത്തെ ഭക്ഷണം വെറുതെ ലഭിക്കുന്ന സിക്കുഗുരുദ്വാരകളിലും , അമ്പലങ്ങളിലും
മറ്റും കടുത്ത തണവുപോലും വകവെക്കാതെ വരിനിൽക്കുന്ന വിദേശ വിദ്യാർത്ഥിക്കൂട്ടങ്ങൾ ,
വെറും പകുതിവേതനത്തിനുപോലും ഹോട്ടലുകളിലും, മറ്റുപലയിടത്തും എന്തുപണിയും ചെയ്തുകൊണ്ടിരിക്കുന്ന ഉന്നതബിരുധാരികൾ ,
ഒരു ആഴ്ച്ച ട്രെയിനിങ്ങ് എന്നുപറഞ്ഞ് പണിയെടുപ്പിച്ചിട്ട് , 
ശരിയായില്ലയെന്ന് പറഞ്ഞ് പിരിച്ചുവിടും ! പിന്നെ അടുത്ത ട്രെയിനികൾ ! അങ്ങിനെ സ്റ്റുഡൻസിനെവെച്ച്  കൂലി ലാഭിക്കുന്ന കച്ചവടക്കാർ ,
ഒരു ടോയ്ലെറ്റ് മാത്രമുള്ള ത്രീ-ബെഡ്-റൂം വീടുകളിൽ പോലും പലരാജ്യക്കാരുമായി എട്ടും, പത്തും,അതിലധികവും  സ്റ്റുഡെൻസുമായി ഷെയർചെയ്തു താമസിക്കുന്നവർ,...,...,.....
അങ്ങിനെ നിരവധി പിരിമുറുക്കങ്ങളുമായാണ് ഇവിടെയിപ്പോൾ
ഈ പുത്തൻ പഠിതാക്കൾ പയറ്റിതോറ്റുകൊണ്ടിരിക്കുന്നത് !

ഏതാണ്ട് പത്തുകൊല്ലം മുമ്പുവരെ ഇവിടെ യു. കെ. യിൽ ഉന്നത വിദ്യാഭ്യാസത്തിന് വന്നിരുന്നത് നമ്മുടെ നാട്ടിലെ വമ്പന്മാരുടേയും , മേൽതട്ടുകാരുടേയുമൊക്കെ മക്കളോ ,ബന്ധുക്കളോ  മാത്രമായിരുന്നു . വളരെയപൂർവ്വം സാധാരണക്കാർ സ്കോളർഷിപ്പ് മുഖാന്തിരവും എത്തിയിരുന്നുട്ടാ..

ഈ  കുത്തക തകർന്നത് ; ലേബർ പാർട്ടി അധികാരം കയ്യടക്കിയതുമുതൽ പുറം രജ്യത്തുനിന്നു പഠിക്കുവാന്‍  വരുന്ന വിദ്യർഥികൾക്ക് പലപലയാനുകൂല്യങ്ങളും അനുവദിച്ചുകൊടുത്തതിനാലാണ് .
പിന്നീട് ബ്രിട്ടനിലേക്കുള്ള ഫോറിൻ വിദ്യാർത്ഥികളുടെ കടന്നുകയറ്റം ക്രമാധീതമായി ഓരൊ കൊല്ലം തോറും വർദ്ധിച്ചുവരികയായിരുന്നു.

ആ സമയത്ത് നാട്ടിൽനിന്നും ലോണും മറ്റും എടുത്ത് സാധാരണക്കാരായ പലരും പഠനത്തോടൊപ്പം തൊഴിലും എന്നപദ്ധതി പ്രകാരം യു.കെയിൽ എത്തിപ്പെട്ടു.
ഡിഗ്രി സർട്ടിഫിക്കേറ്റിനേക്കാൾ കഴിവിന് ( Efficient and Energetic ) പ്രാധാന്യം നൽകുന്ന ഈ രാജ്യത്ത്  നല്ല ബാങ്ക് ബാലൻസും, വർക്ക് പെർമ്മിറ്റും കരസ്ഥമാക്കി ഇവിടെ സ്ഥിരതാമസമാക്കിയ ഒട്ടേറെ മിടുക്കന്മാരും, മിടുക്കികളും സസുഖം ഇപ്പോഴും ഇവിടെ വാഴുന്നുണ്ട് കേട്ടൊ.
An Education  Moto of  U.K

ഒപ്പം തന്നെ പഠനമവസാനിച്ചു പോകുമ്പോൾ നാലഞ്ച് മൊബൈയിൽ കോണ്ട്രാക്റ്റ് ഫോണുകളടക്കം ,അന്നിവിടെ വാരിക്കോരി കൊടുത്തിരുന്ന ലോണുകളും എടുത്ത് ,ക്രെഡിറ്റ്
കാർഡ്കളും ഉപയോഗിച്ച് ലക്ഷങ്ങളുമായി മുങ്ങിയിരുന്ന, അതി നിപുണന്മാരും അന്നുണ്ടായിരുന്നു !
ആ നഷ്ട്ടങ്ങളെല്ലാം ഇവിടത്തെ ഇൻഷൂറൻസ്
കമ്പനികൾക്കു പോയി !
നാലുകൊല്ലം മുമ്പ് എന്റൊപ്പം  താ‍മസിച്ചിരുന്ന നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ, ഇവിടത്തെ രണ്ട് ബാങ്കുകളിൽ നിന്നായി ഇരുപത്തിയഞ്ചുലക്ഷം രൂപയുമായി മുങ്ങി !
ആ വിരുതൻ ,ഇപ്പോൾ കാനഡയിൽ പൊങ്ങിയപ്പൊൾ എന്നോടുവിളിച്ചുപറഞ്ഞത്
പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'
ഈ പറഞ്ഞെതെല്ലാം പഴയ കഥകളാണ് കേട്ടൊ.
പടിഞ്ഞാറൻ രാജ്യങ്ങളിൽ സമ്പത്തുമാന്ദ്യം പൊട്ടിപുറപ്പെട്ടതോടുകൂടി , ഇവിടെവരുന്ന വിദ്യാർത്ഥികളുടെ വരുമാനത്തിനും ഇരുട്ടടിയായി. പോരാത്തതിന് യൂറോപ്പ്യൻ യൂണിയനിലെ സാമ്പത്തികകമായി പിന്നോക്കം നിൽക്കുന്ന  രാജ്യങ്ങളിലെ അനേകം തൊഴിലാളികൾ
ബ്രിട്ടനിലെ തൊഴിൽമേഖലകൾ കീഴടക്കുകയും ചെയ്തു.

പക്ഷേ ഇവിടെ ഇപ്പോൾ ഉപരിപഠനത്തിനുവന്നവർ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും അറിയാതെ ,വിദ്യാർത്ഥികൾക്കുള്ള വിസാ നിയമം കർശനമാക്കിയതിനുശേഷവും, യുകെ യിലേയ്ക്ക് സ്റ്റുഡെൻസിന്റെ പ്രവാഹം ,ഏജന്റുമാരുടെ ഒത്താശയോടെ വിഘ്നം കൂടാതെ ഒഴുകിക്കൊണ്ട് തന്നെയിരിക്കുകയാണ് ഇപ്പോഴും....

പതിനെട്ടുവയസ്സുമുതൽ അറുപതുവയസ്സുവരെ സ്റ്റുഡന്റായി വരാമെന്നുള്ളതുകൊണ്ട് ആർക്കും വരാമല്ലോ. വടക്കെയിന്ത്യയിൽ നിന്നുമൊക്കെ വ്യാജസ്റ്റുഡണ്ട് വിസയിലെത്തി
കോളേജ് കാണാതെ സമ്പാധിച്ചുനടക്കുന്നവരും ധാരാളം ഉണ്ട് കേട്ടൊ.

നന്നായി കമ്മീഷൻ കിട്ടുന്ന ഇടനിലക്കാരായ ഏജന്റുമാരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി ഇവിടെവന്നെത്തുമ്പോഴാണ്,പലരും ഒരു ഊരാകുടുക്കിലാണല്ലൊ പെട്ടുപോയെതെന്ന് ചിന്തിക്കുന്നത് !

കഴിഞ്ഞകൊല്ലത്തേക്കാൾ ഇരട്ടി,ഏതാണ്ട് അമ്പതിനായിരത്തോളം ഭാരതീയവിദ്യാർത്ഥികൾ
ഈ സീസണിൽ തന്നെ ഇവിടെയെത്തിയിട്ടുണ്ടെത്രേ !

അമേരിക്കയിലെ ഭീകര പഠനച്ചിലവും ,ആസ്ത്രേലിയയിലെ വംശീയാതിക്രമങ്ങളും , ലോകത്തെവിടേയും വിലമതിക്കുന്ന യുകെ ഡിഗ്രികളുമൊക്കെകാരണം ബ്രിട്ടൻ തന്നെയാണ് , ഇപ്പോൾ ഏതൊരുവനും ഉന്നത പഠനത്തിന് തെരെഞ്ഞെടുക്കുന്ന തട്ടകം കേട്ടോ !


ക്ലബ്ബും,പബ്ബും,ഫുഡും ഒക്കെയുള്ള യു.കെ.ക്യാമ്പസുകൾ !

കൂട്ടരെ ആരെങ്കിലും ഉന്നത പഠനത്തിനായി  യുകെയിലേക്ക് വരുന്നതിനുമുമ്പ് ഈ കൊച്ചുകാര്യങ്ങൾ ഒന്നോർമ്മിക്കുമല്ലോ..

ഇവിടെ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവരോ, അടുത്ത്  ഇവിടെ നിന്നും ഡിഗ്രിയെടുത്ത് വന്നവരുമായോ, ഇപ്പൊൾ ഇവിടെയുള്ള സ്ഥിതി വിശേഷങ്ങൾ ചോദിച്ചുമനസ്സിലാക്കുക.

ഏജന്റില്ലാതെ നേരിട്ടുതന്നെ യൂണിവേഴ്സിറ്റിയുമായി  ഇടപാടുകൾ നടത്തുവാൻ ശ്രമിക്കുക. അങ്ങിനെയാണെണിൽ അവർക്ക് പോകുന്ന ആ വലിയ കമ്മീഷൻ തുക തന്നെ , അപേക്ഷിക്കുന്നവന് നീക്കി വെക്കാം !

നല്ലക്യാമ്പസുകളിലേക്കുള്ള പ്രവേശനം സെപ്തംബർ മാസമാണ് ഇവിടെ നടക്കുക !
ആയതുകൊണ്ട് പരമാവധി ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളേക്കാൾ മുന്തൂക്കം സെപ്തംബർ കോഴ്സുകൾക്ക് നൽകുക ...
ഈ വർഷം മുതൽ യുകെ യിലേക്കുള്ള സ്റ്റുഡണ്ട് വിസാ പെർമിറ്റ് ,വീണ്ടും കുറച്ചുകൂടി കർശനമാക്കുവാൻ പോകുകയാണത്രേ ! ഒപ്പം ഭേദഗതികളോടെ കുറെ വിദ്യാഭ്യാസനിയമങ്ങളും നടപ്പിലാക്കുവാൻ പോകുന്നുണ്ടുപോലും...
അപ്പോൾ ഇനിമുതൽ  ഈ സ്വപ്നഭൂമിയിലേക്ക് വിദ്യാഭ്യാസ വിസയുമായി പറന്നുവരുവാൻ ഒരുമ്പെടുന്നവർ ; ഒന്ന് കണ്ടും ,കേട്ടുമൊക്കെ വരുമല്ലൊ  , അല്ലേ ?

അല്ലാ ,നമ്മുടെ ആഞ്ചലോസിന്റെ കഥയെങ്ങോട്ടുപോയി ?
ജോറായി ....
കഥപോയിട്ട് ഒരു  വഞ്ചിപ്പാട്ടായി കേട്ടൊ...!
അതിനെനിക്ക് നതോനത വൃത്തം  അറിഞ്ഞിട്ട് വേണ്ടേ..!



ആഞ്ചലോസ് ചരിതം ഒരു വഞ്ചിപ്പാട്ട്


അന്നത്തെ ആ  ആഞ്ചലോസ്

ഒരാറുകൊല്ലം മുമ്പ് ഒരു പഴ കമ്പനിയിലെ സഹചാരിയായിട്ടാണ്
ആഞ്ചലോസിനെ ഞാൻ  പരിചയപെടുന്നത് ,വിസ തീർന്നുനിൽക്കുന്ന
ഒരുവനായിട്ട് !
അതും ധാരാളം നഷ്ട്ടബോധങ്ങളുമായി .
അപ്പച്ചന്‍ മരണപ്പെട്ട ശേഷം , അവനെ ഈ യുകെ പഠനത്തിന്റെ
പേരിൽ ഭാഗപത്രത്തില്‍ നിന്നും എഴുതി തള്ളിയപ്പോൾ ; ബന്ധങ്ങളേക്കാള്‍
വില സ്വത്തിനാനെന്നു മനസിലാക്കിയവൻ !
എല്ലാവരാലും ഉപേഷിക്കപ്പെട്ട ഒരുവനായി.....
ബ്രിട്ടനിൽ  MBA ഡിഗ്രി എടുക്കാന്‍ വന്ന് ഒരു ഗതിയും
കിട്ടാതെ ഇങ്ങനെ അലയേണ്ടി വന്ന സ്ഥിതിവിശേഷങ്ങളെ
കുറിച്ച് ,അവൻ പലപ്പോഴായി  എന്നോട് പറഞ്ഞ കഥകളാണിവ കേട്ടൊ

ഒരു യു കെ നൈറ്റ് ക്ലബ്ബ് 


മാഞ്ചസ്റ്ററിൽ പഠിയ്ക്കുന്ന , മലയാളി പയ്യന്‍ തന്റെ ,
അഞ്ചുവര്‍ഷ യു.കെ ക്കഥ, ചൊല്ലാംതന്നെ ഇപ്പോള്‍മെല്ലെ ;
അഞ്ചാറടി പൊക്കമുള്ള, ഒത്തവണ്ണം തടിയുള്ള ,
ആഞ്ചലെന്ന് പേരുക്കേട്ട, അടിപൊളി ചെത്തുപയ്യന്‍ !

കാഞ്ചിക്കോട്ടെ ചാക്കോചേട്ടൻ‍, വല്ലഭനാം മുതലാളി ,
കാഞ്ചനത്തിൻ ജ്വല്ലറിയാൽ ,പണമെല്ലാം വാരിക്കോരി,
പഞ്ചായത്തില്‍ കേമനായി, നാട്ടുകാരെ വിറപ്പിച്ചു !
അഞ്ചാ ണ്മക്കള്‍ പഠിപ്പിലും, കേമത്തങ്ങള്‍ കാണിക്കാനും ,

കഞ്ചാവെല്ലാംപുകയ്ക്കാനും , തല്ലുക്കൊള്ളി തരത്തിനും ,
പുഞ്ചപ്പാടം വിളഞ്ഞ പോല്‍ ,ഒന്നിച്ചായി ശോഭിച്ചല്ലോ ....
പഞ്ചാബില്‍പ്പോയി പഠിച്ചിട്ട് , താഴെയുള്ള പയ്യനപ്പോള്‍
എഞ്ചിനീറായി വന്നനേരം, വിട്ടയച്ചു ‘യുകെ‘ യില് .

അഞ്ചാമത്തെ പൊന്നുപുത്രന്‍ , ‘യുകെ‘കണ്ടു വാപൊളിച്ചു !
വഞ്ചിപെട്ട കയം പോലെ , ചുറ്റി ചുറ്റി തിരിഞ്ഞല്ലോ ?
മൊഞ്ചുള്ളയാ പ്പബ്ബുകളും, പഠിപ്പെങ്കില്‍ ക്ലബ്ബില്‍ മാത്രം !
അഞ്ചുപത്തു ലക്ഷം വീതം ,കൊല്ലം തോറും അയച്ചിട്ടും ,

ആഞ്ചലോസ് മോനെപ്പോഴും ,പൈസയൊന്നും തികഞ്ഞില്ല !
ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;

കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കിയാഞ്ചലോസിന്‍ , ഭാവി തന്റെ ചക്രംങ്ങളും !
അഞ്ചുപെനി ഇല്ലാതവന്‍ ,ലഹരിയില്‍ മുക്തി നേടി
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ,തേങ്ങി തേങ്ങി ക്കരയുന്നൂ ....

പുഞ്ചിരിച്ച ക്കൂട്ടരെല്ലാം, കണ്ട ഭാവം നടിക്കാതെ ;
പഞ്ചപാവ മിപ്പയ്യനെ, തെരുവില് തള്ളിയിട്ടൂ ....
വഞ്ചനയില്‍ പെട്ടിട്ടാണ് , സ്വന്തം കാര്യം നോക്കാതാണ് ,
ആഞ്ചലോസിന്‍ കഥയിത് ; ഗുണപാഠം കൂട്ടുകാരെ !!




കഴിഞ്ഞ മാസം ആഞ്ചലോസിനെ അവിചാരിതമായി
ഞാന്‍ ലണ്ടനില്‍ വെച്ചുവീണ്ടും കണ്ടുമുട്ടി !
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മേനോത്തി കുട്ടിയുടെ
കെട്ടിയോനായിട്ടാണ് അപ്പോൾ കണ്ടത്, ഇവിടെയാണെങ്കിൽ
ജാതി ,മതം ,നാട് ,വര്‍ഗ്ഗം ......ഒന്നും തന്നെയില്ലല്ലോ !
പോരാത്തതിന് ബ്രിട്ടീഷ് ടെലഫോൺസിൽ ഉഗ്രനൊരുജോലിയുമായി മൂപ്പർക്ക്.

ബ്രിട്ടനില്‍ കാലുകുത്തി നിലയുറപ്പിക്കാന്‍ വേണ്ടിമാത്രം ,
ഈ  പെൺക്കുട്ടിയെ വിവാഹം കഴിച്ച് ,ബ്രിട്ടൻ സിറ്റിസൻഷിപ്പ്
കിട്ടിയശേഷം  ഇവളെ പലകാരണങ്ങൾ പറഞ്ഞ് ഉപേഷിച്ച ഒരു വില്ലന്‍ ഭര്‍ത്താവിന്റെ കഥയും ഇവരുടെ പുത്തന്‍ ജീവിതകഥയ്ക്ക് പിന്നിലുണ്ട് കേട്ടൊ..

ആഞ്ചലോസ് അടുത്ത ഒരു ജീവിതാഭിലാഷത്തെ
കുറിച്ചും എന്നോടു പറഞ്ഞൂട്ടാ....
കാശുണ്ടായ ശേഷം ;സ്വന്തം ജീവിതകഥ ,
അതും പ്യഥിരാജിനെ നായകനാക്കി ഒരു സിനിമ പിടിക്കണമെന്ന്...
എന്നോടാണ് പാട്ട് എഴുതുവാന്‍ പറഞ്ഞിരിക്കുന്നത് !
അപ്പതുകൊള്ളാം ;
പടം പൊളിയുവാന്‍ പിന്നെ എന്തെങ്കിലും കാരണം വേണോ ?




off peak :- 



   ഇവിടെ വന്ന പത്രവാർത്തകളിൽ  നിന്നും കുറച്ചിതാ...

Students line up outside a centre for filing visa applications to the UK

London: Hundreds of Indian students who come to the UK to pursue courses in colleges are unable to find part-time work to fund their stay and studies here and have been forced to eat in gurdwaras in Southall.

There has been a three-fold rise in the number of Indian students coming to the UK since the points-based immigration system was introduced in April this year. Many of them come in the hope of finding work so that they can live here.

A BBC Radio 5 documentary found that such students were desperate when they could not find work. They were also reluctant to return to India for the shame that would follow. Many such students flock to the gurdwaras in Southall for free food.

The documentary, broadcast on Sunday, quoted Nitin Walia, a student who has sought refuge at the gurdwara, as saying: “I can’t afford to rent a room, I am borrowing money from relatives at home just to buy my bus fare to college. I will only be able to rent a room if I can find a job, if I.....




സ്റ്റുഡണ്ട് വിസയിൽ  ലണ്ടനിൽ എത്തിയ
അരുൺ അശോക്
ഈയ്യിടെ എഴുതിയ ഈ  ബ്ലോഗ് കൂടി നോക്കൂ.....

http://arun-gulliblestravels.blogspot.com/
 UK EDUCATED GROOM-A MYTH /17 Feb 2010.
 അതുപോലെതന്നെ യുകെയിലുള്ള വിഷ്ണുവിന്റെ വിദേശവിദ്യാഭ്യാസത്തെ കുറിച്ചുള്ള തികച്ചും വിജ്ഞാനപ്രദമായ ഈ ബ്ലോഗും കൂടി നോക്കുമല്ലൊ
വിദേശപഠനം 
http://videshapadanam.blogspot.com/ 








ബ്രിട്ടനിലെ പേരുകേട്ട  കുറച്ചു സർവ്വകലാശാലകൾ

 

 
 
 
Top Ten in the World


ലേബൽ :-

കണ്ടതും കേട്ടതും.



Thursday 11 February 2010

ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 Oru Pranaya Shubhadinam !


 
ഒരു പ്രണയ ശുഭ ദിനം !

എന്റെ ചെറുപ്പ കാലഘട്ടങ്ങളിൽ ഫെബ്രുവരി പതിനാല്,
ഇന്നത്തെ പോലെ പ്രണയ ദിനമായിയൊന്നും ആഘോഷിച്ചു
തുടങ്ങിയിട്ടില്ലായിരുന്നൂ...
പിന്നെ അന്നത്തെ ദിവസം
അടുത്ത പരിസരത്തെവിടെയെങ്കിലും പൂരമോ,
പള്ളിപ്പെരുന്നാളോ, ശിവരാത്രിയോ നടക്കുന്നുണ്ടെങ്കിൽ...

എല്ലാ കണ്മണിമാരേയും, പ്രണയിനിമാരായി
കണ്ടിരുന്നതുകൊണ്ടൊക്കെ .. ഞങ്ങൾ തീർച്ചയായും
അവിടെയെത്തിയിരിക്കും---
ശരിക്കും പ്രണയം ആഘോഷിക്കുവാൻ വേണ്ടി...

അന്നത്തെ ഈ കണ്മണിമായുടെ വളരെ സുന്ദരമായ
കടാക്ഷങ്ങളാലും, നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയ
സമ്മാനങ്ങൾ ; ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധ കോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !


വീണിതല്ലോ കിടക്കുന്നൂ പ്രണയം !
ഇത്തരം പ്രണയാഘോഷവേളകൾ  ഗംഭീരമാക്കാൻ വേണ്ടി
കൂട്ടുകാരിൽ ചിലർ കട്ട, ജാക്കി,...,... മുതലായ കൊച്ചുപ്രണയായുധങ്ങൾ
ഉപയോഗിച്ചിരുന്നതുമൂലം ; ഇടവകക്കാരുടെ കൈത്തരിപ്പുകൾ തീർക്കാൻ ഇടവരുത്തിയിരുന്നതുകൊണ്ട് അന്നൊന്നും ഒരിക്കലും ഞങ്ങളുടെ  ആ പ്രണയ
ദിനാഘോഷങ്ങൾ മുഴുവനാക്കാൻ സാധിച്ചിരുന്നില്ല എന്ന വിഷമവും ഇപ്പോൾ തോന്നുന്നുണ്ട്...!

പിന്നെ അനുജന്റേയും,അനുജത്തിയുടേയും കാലമായപ്പോഴേക്കും ,
ഈ ഫെബ്രുവരി പതിനാല് നാട്ടിലും അങ്ങ് വല്ലാതെ വളർന്നുകഴിഞ്ഞിരുന്നു ...

പിന്നീട് ഇപ്പോൾ ഈ ദിനാഘോഷങ്ങൾ കൊണ്ടാടുന്ന
മൂത്തപെങ്ങളുടെ മകന്റേയും, ഒപ്പമുള്ള പുതുതലമുറയുടേയും
മറ്റും പ്രേമാഘോഷങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ...
സത്യം പറഞ്ഞാൽ സന്തോഷവും, ദു:ഖവും ഒരുമിച്ച് തോന്നുന്നുണ്ട്....

ഏതാണ്ട് നാലുപതിറ്റാണ്ടിന്റെ , എന്റെ ചുറ്റും നടക്കുന്ന
പ്രണയാനുഭവങ്ങൾ കണ്ടും, കേട്ടും അറിഞ്ഞ് ചിലപ്പോൾ
തോന്നുന്നതായിരിക്കാം അല്ലേ ?

അന്നുകാലത്തുണ്ടായിരുന്ന ആ അനശ്വര
പ്രണയങ്ങൾക്കൊക്കെ പകരം ... പീഡനം, വാണിഭം,
ലവ് ജിഹാദ്,..,..അങ്ങിനെഎത്രയെത്ര പുത്തൻ പേരുകളാണ്
ഇപ്പോൾ ഇതോടൊപ്പം നമെല്ലാം കൂട്ടിവായിച്ചുകൊണ്ടിരിക്കുന്നത്... അല്ലേ



എന്തുകൊണ്ടെന്നാൽ എല്ലാം
പ്രണയപ്രകടനങ്ങൾ മാത്രം ... !
ദിവ്യ പ്രണയങ്ങൾ വളരെ അപൂർവ്വം !

കഴിഞ്ഞ പ്രണയദിനത്തിന്റന്ന്
മകൾക്ക് ... ഇ-മെയിലായും, SMS ആയും
പ്രണയ സന്ദേശങ്ങൾ കൂമ്പാരമായി വന്നപ്പോൾ ...
ഭാര്യ പറയുന്നത് കേട്ടു - “ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ ..എന്ന് “
ആശ്വാസം ... അത്രയല്ലെ പറഞ്ഞുള്ളൂ !

നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയ മുരളിയൂതി , അനർഘനിർഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ ,പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
എന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ ,മറ്റോ എന്നറിയില്ല ചെറുപ്പത്തിലെ
പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്....

അതോടെ എന്റെ പ്രണയം അവസാനിച്ചു
എന്ന്  കരുതിയവര്‍ക്ക് തെറ്റി...പിന്നീട് എന്റെ
പ്രണയം ശരിക്കും  വിടര്‍ന്ന് പടർന്ന് പന്തലിക്കുകയായിരുന്നൂ !

നാട്ടിലെ പ്രണയം പേടിച്ച് ... ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
‘പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട‘
എന്ന പോലെയായി എന്റെ സ്ഥിതി ...!

Second hand to Tenth hand വരെയുള്ള ഇവിടത്തെ പ്രണയിനിയി
മാര്‍ക്കെല്ലാം ... ഒരു ഭാരതീയന്‍ എന്നനിലയില്‍ എന്നോടു ബഹു കമ്പം !
ഇവിടുള്ളവരെ അപേഷിച്ചു Indians so family oriented -
ആണെന്നുള്ള ഒരു പരിഗണന വെച്ചുമാത്രമാണത് കേട്ടോ...

കാരണം എന്ത് ഇല്ലെങ്കിലും അല്ലെങ്കിൽ എന്ത് ഉണ്ടായാലും
ഈ നാട്ടിലുള്ളവരെ പോലെയൊക്കെ അങ്ങിനെ  ഉപേക്ഷിച്ച്  പോകില്ലല്ലോ ....!

ഇവിടെ ഈ ‘വാലന്റെയിൻസ് ഡേയ്‘
എന്നുപറഞ്ഞാൽ  ഒരു ഭയങ്കര സംഭവമാണ് ...
കൃസ്തുമസ് ആഘോഷങ്ങളെല്ലാം പോലെ ഒരു കലക്കൻ ആഘോഷം !

ക്ലബ്ബുകളിലും, പബ്ബുകളിലും, പാർക്കിലും, മറ്റും നേരം
പുലരുവോളം നിറഞ്ഞാടികൊണ്ടിരിക്കുന്ന  പ്രണയകേളികൾ...
ശരിക്കുശ്രമിക്കുകയാണെങ്കിൽ എല്ലാം തന്നെ ലൈവ്’ ആയി തന്നെ കാണാം കേട്ടൊ !

ഇപ്പോഴുള്ള പ്രണയിനിക്കും/നാഥനുമടക്കം
Ex-Lovers/Partners-നുമൊക്കെ പ്രണയ സമ്മാനങ്ങൾ
കൈമാറേണ്ടതുകൊണ്ട് , ഇവിടത്തുകാർക്കൊക്കെ ഈ ദിനം
പ്രണയത്തിന്റെ ഒരു ഭയങ്കര ബാധ്യതാ ദിനം കൂടിയാ‍ണ് ഇപ്പോൾ !

മൂന്നുകൊല്ലം മുമ്പ്, ഒരു ഫെബ്രുവരി പതിനാലിന്
ഒരു മദാമ്മ എന്റെ ചുണ്ട് കടിച്ചുപൊട്ടിച്ചു എന്ന് പറഞ്ഞ് ...
എന്റെ പെണ്ണൊരുത്തി, എന്നെ ഈ പ്രണയദിനത്തിന്റന്ന്  ഇപ്പോൾ വീടിനുപുറത്തുവിടാറില്ല ..!

അന്നത്തെ പ്രണയം അവളോടുമാത്രം മതിയത്രേ..!

കുശുമ്പെന്നാല്ലാണ്ടിതിനെ പിന്നെന്തുട്ടെന്ന്യാ പറയാ‍ാ...അല്ലേ



നോക്കൂ ... ഇതുവരെയുള്ള എന്റെ പ്രണയാനുഭവങ്ങള്‍ വെച്ച്
പ്രണയ ദിനങ്ങളോടനുമ്പത്തിച്ച് എഴുതിയ കവിതകളോ അതോ വെറും
പദ്യങ്ങളോ ആണ് ഈ  പ്രണയ കാലാന്തരങ്ങളും പിന്നെ  February 14 ഒരു പ്രണയ ശുഭദിനവും.



പ്രണയ കാലാന്തരങ്ങൾ


പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി ...
പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമ പെങ്ങള്‍ക്ക് ; ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം; കൂട്ടുകാര്‍ക്കോ ..
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....!

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിനം  ?
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനമെങ്കിലും
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ?


ഒരു ലണ്ടൻ പ്രണയദിന രാത്രി !



February 14 ഒരു പ്രണയ ശുഭ ദിനം


"പ്രണയിക്കുന്നൂ നിന്നെ ഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ; അതിഥിയോടാതിഥേയൻ ; മുതലാളിയോ
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട്‌ ;

പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള്‍ !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !



വാല്‍കഷ്ണം :-

കുറച്ച് ദിവസം മുമ്പ് പണിസ്ഥലത്തുവെച്ച് ,
ഒരു ഇടവേളയിൽ ഞാനും, വെള്ളക്കാരനായ
മിത്രം‘ ക്രിസ് ജോണും‘, സഹപ്രവർത്തകൻ കറമ്പൻ
 ‘ക്വാമെ ഫിർപോൺഗും‘ കൂടി പ്രണയത്തെ/കുടുംബത്തെ
പറ്റിചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
‘ക്രിസ്‘ മൂപ്പരുടെ നാലാം dating -ലെ girlfriend-
നെകുറിച്ചും, അമ്മയുടെ അഞ്ചാം partner റെ-കുറിച്ചും ,
 38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ  ചാരിതാർഥ്യത്തെ
കുറിച്ചും, വെറും greeting card കളിലൊതുങ്ങുന്ന പ്രണയ/ കുടുംബബന്ധങ്ങളെ കുറിച്ചുമൊക്കെ ....വാചാലനായി ..
‘ക്വാമെ‘യാണെങ്കിൽ ആഫ്രിക്കയിലുള്ള
തന്റെ സ്നേഹനിധിയായ രണ്ടാമത്തെ ഭാര്യയേയും, മക്കളേയുംകുറിച്ചും, ഇവിടെ ലണ്ടനിലുള്ള  തന്റെ പ്രണയിനിയേയും , ചിന്നവീടിനെയും പറ്റിയൊക്കെ പൊക്കിയടിച്ചു...

എന്റെ പ്രണയ/കുടുംബകാര്യങ്ങൾ പറഞ്ഞപ്പോള്‍ .... ഇരുപത് വര്‍ഷമായി ഒരേയൊരു ഭാര്യയോടുകൂടി , കുട്ടികള്‍  സഹിതം , മറ്റുബന്ധുജനങ്ങളുമായി സസ്നേഹം, സസുഖം സുന്ദരമായി 
വാഴുകയാണെന്ന് കേട്ടപ്പോള്‍ അവർ രണ്ടുപേരും  വാ പൊളിച്ചു പോയി !

Cris  & Kwame  : -  " Wow... Really ..    How... Can ?
                                  20 years... with Only One Wife ! ? "


Me                           : - "Yeah ...Sure ....That"s an Indian Magic  !
                                       It's  Same   like as an Indian Rope Trick*!'                              



( ആത്മാഗതം         :-  "ഉന്തുട്ട്..പറയാന്യാ..ഗെഡികളേ നമ്മെടെ വീട്ടിലെ വെടിക്കെട്ട്..നമക്ക്വല്ലേ       അറിയൊള്ള്യ്യോ ....
ഒരു പ്രണയ്യ്ം ..അല്ലെങ്ങ്യേ കുടുമ്മ്മം ..തേങ്ങ്യേടെ..മൂഡ്.)

* ആകാശത്ത് തൂങ്ങിക്കിടക്കുന്ന ഒരുകയറിൽ കൂടി 
മെയ്‌വഴക്കത്തോടെ മുകളിൽ കയറിപ്പോയി അപ്രത്യക്ഷമാകുന്ന 
ഒരു ഭാരതീയ മാന്ത്രികവിദ്യ !





Thursday 28 January 2010

പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !

ഇത് മോളികുട്ടിയുടെ കഥയാണൊ,അഥവാ തോമാസ്സിന്റെ കഥയാണൊ
എന്നെനിക്ക് വല്ലാത്തൊരു സംശയമുണ്ട്. അതിന് കഥപറയുവൻ ഞാനൊരു
കഥാകാരനൊ മറ്റോ അല്ലല്ലൊ...വെറും ഒരു ബൂലോഗൻ.
ഈ കഥാപാത്രങ്ങളാണെങ്കിലൊ  ഇവിടെ ലണ്ടനിലുള്ള എന്റെ മിത്രങ്ങളും.
അതെ ഞാൻ വെറുതെ ഒന്ന് എത്തിനോക്കുകയാണ് അവരുടെ ഉള്ളുകള്ളികളിലേക്ക്,
തീർത്തും അവരുടെ പൂർണ്ണസമ്മതത്തോടുകൂടിയാണ്, കേട്ടൊ .

മോളികുട്ടി ജോലിചെയ്യുന്ന ആശുപത്രി
ഏതാണ്ട് അഞ്ചുകൊല്ലം  മുമ്പ്, ഒരുമലയാളി സംഗമത്തില്‍ വെച്ചാണ്
മോളികുട്ടിയെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത് . അവിടെ വെച്ചന്ന്  പരിചയപെടുത്തിയ
അവളുടെ ഭര്‍ത്താവ് തോമസ് മാത്യു  ഇന്നും എന്‍റെ ഒരു നല്ല സുഹൃത്ത് തന്നെയാണ് .
പതിനെട്ടുകൊല്ലം മുമ്പ് നാട്ടിലെ ‘എലൈറ്റ് ആശുപത്രിയില്‍ ‘
വെച്ച് കണ്ടുമുട്ടിയ വളരെ ചുറുചുറുക്കുള്ള, കുറച്ചുചുരുണ്ടമുടിയുള്ള ,
നീണ്ടമൂക്കും ,നുണക്കുഴിയുമുള്ള നഴ്സിംഗ് സ്റ്റുഡന്റ് ആയി അവിടെ
പഠിച്ചിരുന്ന മോളികുട്ടിയില്‍നിന്നും,  അനേകം മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍
സാധിച്ചു എനിക്കപ്പോള്‍ അവളെ കണ്ടപ്പോള്‍ .
രക്തം ഇറ്റുവീഴുവാന്‍ പോകുന്ന കവിളുകളും ,
ബോബ്  ചെയ്തമുടിയും , ശരീരത്തിന്റെ വശ്യതയും ,
എല്ലാംചേര്‍ന്നു കൂടുതല്‍ സുന്ദരിയായി തീര്‍ന്നിരിക്കുന്നു അവള്‍ .
ഒപ്പം വളരെ നല്ല ആംഗലേയവും നല്ല  പക്വതയാര്‍ന്ന പെരുമാറ്റവും.

അന്ന് എലൈറ്റാശുപത്രിയിലെ  നേഴ്സിങ്ങ് സ്കൂളിലേക്ക്
പലചരക്കുകള്‍ സപ്ലൈ ചെയ്തിരുന്ന ഞാന്‍ ,മെസ് ലീഡറായിരുന്ന
ഇവരെയെല്ലാം കൊണ്ടു പോയി വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും  ‘ഹാം ബര്‍ഗ്ഗര്‍ ‘വാങ്ങികൊടുത്ത കഥയും മറ്റും (സപ്ലൈയ് ചെയ്യുന്ന സാധനങ്ങള്‍ക്ക് കുറ്റം പറയാതിരിക്കാനുള്ള
ഒരു മണിയടിയായിരുന്നു കേട്ടോ ) അപ്പോള്‍ തോമസിനോട് ചിരിച്ചുകൊണ്ടവൾ വിശദീകരിച്ചു .

അതിനുശേഷം പലപ്പോഴും ഞങ്ങള്‍ കുടുംബസമേധം
ഒത്തുകൂടാറുണ്ട് കേട്ടൊ , അല്ലാതെ ഫോണില്‍ കൂടിയും.
എന്തു കാര്യത്തിനും തോമസ്‌ എന്നെ വിളിച്ചിരിക്കും.
കഴിഞ്ഞവര്‍ഷം അവരുടെ താഴെയുള്ള മകളുടെ ,ഗംഭീരമായി
ആഘോഷിച്ച അഞ്ചാം പിറന്നാളിന്  ഞാന്‍ പോയി ‘മാജിക് ഷോ‘അവതരിപ്പിച്ചിരുന്നു.

ഇത്തവണ കൃസ്തുമസ് ആഘോഷവേളയിലാണ് തോമസ്‌
എന്നോടു മനസുതുറന്നു ചിലകാര്യങ്ങള്‍ പറഞ്ഞത് .
ശരിക്കുപറഞ്ഞാല്‍ സ്വന്തം കഥ തന്നെ ....
നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ
സന്താനമായിരുന്നു തോമസ്‌ .
സഹോദരങ്ങളെല്ലാം പഠിച്ചു ഡോക്ടറും എഞ്ചിനീയറും,വക്കീലുമൊക്കെയായപ്പോള്‍ ,
മൂപ്പര്‍ പത്താം തരം കടന്നതുതന്നെ നാലഞ്ചു തവണ കുത്തിയിട്ടാണ് .
പിന്നീട് പാരലല്‍ കോളേജില്‍ പോയിയും ,കച്ചവട സ്ഥാപനങ്ങളില്‍
അപ്പച്ചനെ സഹായിച്ചും ,എസ്റ്റേറ്റുകളിൽ മേല്‍നോട്ടം നടത്തിയും വെറുമൊരു
പച്ചപാവമായി വളര്‍ന്നു .
പെണ്ണിലും,കള്ളിലുമൊന്നും താല്പ്പര്യമില്ലാത്തതിനാലോ ,
തറവാടിനു പറ്റിയ തരത്തിലുള്ള ബന്ധങ്ങള്‍ വരാത്തതിനാലൊ
വയസ്സുമുപ്പതു കഴിഞ്ഞിട്ടും തോമസിന്റെ ബ്രപ്മചാര്യത്തിന് കോട്ടമൊന്നും പറ്റിയില്ല .

ഈ സമയത്താണ് അത്യാസനനിലയില്‍ തോമാസ്സിന്റെ
അപ്പച്ചനെ വളരെ കാലം ആശുപത്രിയില്‍ കിടത്തിയത്‌ .
ഇതേസമയത്തു തന്നെ എഴുകൊല്ലത്തെ‘സൗദി‘ജോലിക്ക് ശേഷം
മോളികുട്ടി അവരുടെ നാട്ടിലെ ആ പ്രമുഖ ഹോസ്പിറ്റലില്‍ ജോലിയില്‍
ചേരുകയും ചെയ്തിരുന്നു കേട്ടൊ...
അവിടെ വെച്ചാണ് കഥാനായിക ,അപ്പച്ചനടുത്ത്
സ്ഥിരം ബൈസ്റ്റാഡറായി നിന്നിരുന്ന കഥാനായകനായ
തോമസുമായി അടുക്കുന്നതും, അനുരാഗം വളര്‍ന്നതും, പിന്നീടത്
പ്രണയമായി പടർന്നുപന്തലിച്ചതും....

തോമാസിന്റെ വീട്ടുകാര്‍ക്ക് പലതരത്തിലും, ഈ ബന്ധം
ഇഷ്ടമായില്ലെങ്കിലും, അപ്പച്ചന്റെ അന്ത്യാഭിലാഷമായി അവരുടെ
കല്യാണം നടന്നൂ.
പിന്നീട് അഞ്ചുകൊല്ലത്തിനിടയില്‍ തോമസിന്റെ രണ്ടു പെമ്പിള്ളേരുടെ
അമ്മയായി മാറി മോളികുട്ടി.
മോളികുട്ടിയുടെ ഉപേഷിച്ച  ജോലിക്ക്  വീണ്ടും ജീവന്‍ വെച്ചത്
യു.കെയില്‍ നേഴ്സുമാരുടെ  വല്ലാത്ത ഡിമാന്റ് വന്നപ്പോഴാണ്.
തോമസ്‌ ലക്ഷങ്ങള്‍ മുടക്കിയപ്പോള്‍ മോളികുട്ടി യു.കെ.യിലെത്തി. .
രണ്ടുകൊല്ലത്തിനുള്ളില്‍ മോളികുട്ടി അഡാപ്റ്റേഷനും,
മറ്റും കഴിഞ്ഞ്, ഇവിടത്തെ നാഷണന്‍ ഹെല്‍ത്ത് സര്‍വീസില്‍
കയറി . രണ്ടുകൊല്ലത്തിനുശേഷം തോമസ്,മക്കളേയും കൂട്ടി, കച്ചവടമെല്ലാം
ബന്ധുക്കളെ ഏല്‍പ്പിച്ചു  ഇവിടെ എത്തിയ അവസരത്തിലാണ് ഞാനുമായി പരിചയപ്പെടുന്നത്.
കഥാനായിക
മക്കളുടെ പരിചരണവും, അവരെ സ്കൂളിലയക്കലും,
അൽ‌പ്പസൽ‌പ്പം വീട്ടുപണിയും ,മലയാളം ചാനലുകൾ
കണ്ടുരസിച്ചും,നാട്ടിലെ ബിസനസ്സുകൾ ഫോണിൽ കൂടി
നിയന്ത്രിച്ചും തൊമാസ് അങ്ങിനെ ലണ്ടനിലെ മലയാളിക്കൂട്ടത്തിനൊപ്പം
ഒഴുകിത്തുടങ്ങി.
മൂപ്പർ പല പാർട്ട് ട്ടൈം കോഴ്സുകൾക്കുപോയെങ്കിലും,
ഒന്നിലും വിജയിക്കുവാൻ കഴിഞ്ഞില്ല . നാട്ടിൽ നാലുടൈപ്പ് ,
കറോടിച്ചിരുന്ന തോമസ്സിന് ,പത്തുതവണപോയിട്ടും ഇവിടത്തെ
‘ഡ്രൈവിങ്ങ് തിയറി ടെസ്റ്റ് ‘പാസ്സാവാൻ സധിച്ചില്ല കേട്ടൊ.

ഇതിനിടയിൽ മോളികുട്ടി ഡ്രൈവിങ്ങ് ലൈസൻസ്
എടുക്കുകയും, ഒരു കാർ വാങ്ങുകയും, മോർട്ട്ഗേജ് മുഖാന്തിരം
ഒരു വീട് വാങ്ങിക്കുകയും, പലകോഴ്സുകൾ പാസ്സായി,അവരുടെ
ഡിപ്പാർട്ട്മെന്റിലെ മേട്രൻ വരെയായി മാറുകയും ചെയ്തു !

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

ഇവരുടെ കുടുംബത്തിന് രണ്ടുകൊല്ലം മുമ്പ്
ബ്രിട്ടീഷ് സിറ്റിഷൻ ഷിപ്പ് കിട്ടിയതുകൊണ്ട്,
പണിയില്ലെങ്കിലും തോമാസ്സിനും,മക്കൾക്കും ‘ബെൻഫിറ്റുകൾ ‘
പലതരത്തിലും കിട്ടികൊണ്ടിരുന്നതിനാൽ യതൊരു അല്ലലുമില്ലാതെ
അവർ സകുടുംബം  ഇവിടെ വാഴുകയായിരുന്നു.
ഈ കിട്ടുന്നതെല്ലാം ഉപേഷിച്ച്, ഈ ഡാഡിയും,മക്കളും
നാട്ടിലേക്ക് തിരിച്ചുപോകുകയാണെത്രേ...!

ഇവിടത്തെ സംസ്കാരം കൊള്ളാത്തതുകൊണ്ട്,
ഇനി മക്കളുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കഴിഞ്ഞേ
തിരിച്ചിങ്ങോട്ടുള്ളൂ എന്നാണവർ പറയുന്നത്.

പക്ഷെ ഇതൊന്നുമല്ല തോമാസ് ‘സ്കൂട്ടാവാനുള്ള ‘
യഥാർതഥ കാരണം കേട്ടൊ...
അയാളുടെ മനസ്സിനെ ഏറ്റവും വ്രണപ്പെടുത്തിയ
മോളികുട്ടിയുടെ ഒരു വല്ലാത്ത വിമർശനം ആയിരുന്നെത്രെ ആ സംഭവം !    
ഒരു വഴക്കിനിടയിൽ മോളികുട്ടി ഇങ്ങനെ
മനസ്സുകൊണ്ട് ശപിച്ച് പറഞ്ഞുപോലും
‘എന്റെ ദൈവം തമ്പുരാനെ..
എനിക്ക് ഇതുപോലെ ഒന്നിനും
കൊള്ളാത്ത ഒരു മനുഷ്യനെയാണല്ലൊ..നീ ..തന്നത് ?
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’

ശരിക്കുപറഞ്ഞാൽ ഈ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകൾ
തോമാസ്സിന്റെ മനസ്സിൽ ആഞ്ഞുതറച്ചു.
തന്റെ വ്യക്തിത്വത്തെ,തന്റെ ആണത്വത്തെ
വ്രണമാക്കിമാറ്റിയ വാക്കുകൾ !
പിന്നെ തീരുമാനത്തിന് വൈകിയില്ല ...
അങ്ങിനെ എന്റെ മിത്രം തോമാസ്സിനേയും ,മക്കളേയും
‘ ഹീത്രൂ എയർപോർട്ടിൽ ‘വെച്ച് യാത്രയയച്ചുവരുമ്പോൾ
തോന്നിയവരികൾ താഴെ കുറിക്കുന്നൂ.....


വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ 
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ 
പ്രാണനൊമ്പരങ്ങളുമാണ്.....കേട്ടൊ !

പിന്നെ ഞാൻ ഒരിക്കലും മോളികുട്ടിയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് തോമാസിനെ എല്ലാം കൊണ്ടും
നന്നായി അറിയാമായിരുന്നൂ...


പ്രണയനൊമ്പരം - കല്ല്യാണശേഷം

പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ പിന്നീടൊരിക്കലും
അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ ആയി എനിക്ക് കാണാന്‍
സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിക്കാൻ തോന്നിയ വരികൾ...
ഒരു പ്രണയ കാന്തന്‍ ,എന്റെ മിത്രം തോമാസ് കല്യാണ ശേഷം
കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം...

പ്രണയ നൊമ്പരം -കല്യാണ ശേഷം


മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
പ്രണയനൊമ്പരങ്ങൾ 


ഓഫ്‌ പീക്ക് :-
നമ്മുക്കിഷ്ട്ടപ്പെട്ട ,  ഏതുരൂപഭാവത്തിലും Dildo-കൾ
(കൃത്യ്മമായി ലൈംഗിക ഉത്തേജനം നൽകുന്ന ഉപകരണങ്ങൾ)
വളരെ നൈസർഗികമായി (ഉമിനീരും,സ്രവവും, സീൽക്കാരശബ്ദങ്ങളും വരെ)
ഉണ്ടാക്കി കൊടുക്കുന്ന ഇവിടത്തെ ഒരു വമ്പന്‍ കമ്പനി റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ ഒരു കാര്യമാണ് കേട്ടൊ പറയാൻ പോകുന്നത് ...
ലോകത്തിലെ 65-75 ശതമാനം  (അഥവാ നൂറുതവണ
ബന്ധപ്പെടുമ്പോൾ 70  തവണയും) സ്ത്രീകള്‍ക്കും , രതിയിലേർപ്പെടുമ്പോൾ
പലകാരണങ്ങളാല്‍, പൂർണ്ണസംതൃപ്തി ( രതിമൂർഛ )കിട്ടുന്നില്ല പോലും ....
ഭൂരിഭാഗവും ഇതിനെ കുറിച്ചു സ്വന്തം ഇണയോടൊ,മറ്റൊ തുറന്നു പറയാറില്ലെത്രെ !
ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...


 
ലേബൽ ,
ഒരു സംഭവ കഥ.

Tuesday 12 January 2010

ഹിമത്തടവറ... ! / Himatthatavara ...!


പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...

ഒപ്പം കൂടെ ജീവനുള്ളതൊ  അല്ലാത്തതൊ   ആയ ‘ഡ്യുവറ്റുകൾ‘ കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ അനുഭവങ്ങളാണ് ഇത്തവണ ഞാൻ  കുറിച്ചിടുന്നത് കേട്ടൊ.

ഒരു മഞ്ഞണിക്കൊമ്പിൽ !
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലെ, യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടു പതിറ്റാണ്ടിനുശേഷം, കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച് ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽ‌പ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന്... 
   
പോരാത്തതിന് ശീതക്കാറ്റും , ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും തനി  ഹിമത്തടവറ‘കളായി മാറി...!
പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്ന കണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !

അതോടൊപ്പം  ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....!
A Frozen Britian ...!
തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് 
ശേഷമിതാ വീണ്ടും  കുളിർ മഞ്ഞിന്റെ ഘോര താണ്ഡവം... !
ആദ്യം കല്ലു മഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘ എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചു വിളയാട്ടങ്ങള്‍ ...

പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞി കണക്കെ പാറി പാറിപ്പറന്ന് തൊട്ടു തലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ- ഹിമ പുഷ്പ്പങ്ങള്‍ കണക്കെ മഞ്ഞു കണങ്ങൾ ആടിയുലഞ്ഞു വരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!

പഞ്ഞിമഞ്ഞുകണങ്ങളും ഹിമകേളികളും...!
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
'ട്യൂബ് ലൈറ്റ്' ഇട്ടപോലെ മഴപോല്‍ (sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ വെളുത്ത കൂമ്പാരങ്ങളായി ഒരു മഞ്ഞുപ്പൊക്കം... !
അങ്ങനെ ഹിമ കിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുപുടവകളാൽ  ഒരു വെളുത്ത വെള്ളി പട്ടിനാൽ  നാണം മറച്ചു ലാസ്യ വിന്യാസത്തോടെ  കിടക്കുന്ന ഒരു മാദക സുന്ദരിയായി മാറിയിരിക്കുയാണ് ഇപ്പോൾ  യൂറോപ്പ് ...
എന്തായാലും ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമ സുന്ദരിയുടെ ലാസ്യ വിന്യാസങ്ങള്‍ ...!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു ...
പലരും ഹൈവ്വേകളില്‍ കുടുങ്ങി ...
നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!
അത്യസന നിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും 'ഹെലികോപ്ട്ടര്‍ ആംബുലന്‍സു'കള്‍ പറന്നുവന്നു കൊണ്ടുപോയി .
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി ...!

ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടി കരുതിയിരുന്ന ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,സകല ഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം  'ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് , ഫാക്ടറികളും, മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ്  ചൂട് പകർന്നു കൊണ്ടിരിക്കുന്നത്...

 വീടുകളിലും, മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള കൽക്കരി ചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായു മലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ) വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!

ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി  പൂളിനുള്ളിലെ കട്ടപിടിച്ച ഐസ് ഉരുകാതെ കിടന്നതുകൊണ്ട് കൈയും  കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ള മഞ്ഞുപാളികളിൽ കളി വിളയാട്ടം
നടത്തിയവരും ,(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളി തകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു  !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതു പെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള 'ബൈന്റു പുസ്തകങ്ങൾ' വാങ്ങി തീയ്യിട്ടു ചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും ഇവരുടെ
ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകൾ സമ്മതിച്ചേ തീരു !),...,....
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ
നാന തരത്തിലുള്ള ഹിമ മനുഷ്യരോടൊപ്പം കൌതുക വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ

ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ   ....!

1968 -നു ശേഷം ബ്രിട്ടൻ 
അനുഭവിച്ച അതിഗംഭീരമായ തണുപ്പ്  ...
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും , കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ ...!
 ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!
പിന്നെ ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്...
‘Any Dick and Harry writes poems in snowing time‘ എന്ന് ....
മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ  ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?
പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ നല്ലത് പദ്യം തന്നെയാണല്ലൊ..

ദേ....കെടക്കണ്....ഒരെണ്ണം !

ഹിമത്തടവറ


വീണ്ടുമിതാ ലോക തലസ്ഥാനം വെള്ള പട്ടണിഞ്ഞുവല്ലൊ ..
ആണ്ടു പതിനെട്ടിനുശേഷം ഈ ഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമ പതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലൊയേവർക്കും ...!

നീണ്ട രണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞി മഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗര വീഥികള്‍ നിശ്ചലമാക്കി ,ഒപ്പം പാളങ്ങളും ;
പണ്ടത്തെ രീതിയിലുള്ള വീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ - നിരത്തിലും,മൈതാനത്തും ;
രണ്ടു ദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...

കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍  ...
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;പിന്നെ 
കണ്ടം വിതയ്ക്കും പോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍  പട്ടാളട്ടാങ്കുകളോടും പോലവേ...

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബര പുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; ചെറി , സ്ട്രോബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെയങ്ങിങ്ങായി 
മണ്ടയില്‍ തൊപ്പിയേന്തി നിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ ...

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയ ലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍  ...!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്‍ണനീയം ..!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മ ചെപ്പില്‍ ഭദ്രമായ്‌. .


മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !

ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടും മഞ്ഞു വീഴ്ച്ചയുടെ നയന സുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് 'ഓര്‍ക്കൂട്ടിലും ,ഫേസ് ബുക്കി'ലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...

ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍ എല്ലാവരും  ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും, പ്രതിപക്ഷവും , രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനു വന്ന
കഷ്ട നഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച് എങ്ങും നടത്തുന്ന പ്രയത്‌നങ്ങൾ ...

ഇതെല്ലാമാണ് തീർച്ചയായും നമ്മള്‍ കണ്ടു 
പഠിക്കേണ്ട വലിയ വലിയ കാര്യങ്ങളും പാഠങ്ങളും... !
പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു...

മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും, വീഞ്ഞു മോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.

ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചൊന്നും, 'ഗ്ലോബ്ബൽ വാമിങ്ങ് ' നടപടി മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..

നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്ന് വിമർശിക്കാമായിരുന്നു.. 

ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ...!

ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും 
മറ്റു ശേഷ ക്രിയകൾക്കും
ആരെയാണൊന്ന് വിമർശിക്കുക ? 
പഴിചാരുക ? പ്രതികരണം അറിയിക്കുക ?

ഒരു ബൂലോക പ്രതികരണം !
ഇങ്ങിനെയെങ്കിലും ഒന്ന് പൂശി , 
ഞാനൊന്ന് തൽക്കാലം ആശ്വസിക്കട്ടേ...
മല്ലനൊന്നുമല്ലെങ്കിലും ; തനി ഒരു മല്ലു’വല്ലേ  ഞാൻ...

Sunday 27 December 2009

അവതാരം ! / AVATAR !

മഞ്ഞുകൊണ്ടുള്ള  ഒരു വെള്ള പട്ടുടുപ്പിട്ട് ആരെയും മോഹിപ്പിക്കുന്ന
സുന്ദരിയായിട്ടാണ്  ലണ്ടന്‍ ഇത്തവണ  കൃസ്തുമസ്സിനെയും ,പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍  അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത് .
എന്തുണ്ട്  ഇപ്പോള്‍ ലണ്ടനില്‍ വിശേഷം എന്ന് ചോദിച്ചാല്‍ ;
ഇവിടത്തുകാര്‍ പറയും  ഈ കൃസ്തുമസ് വെക്കേഷൻ അടിച്ചുപൊളിക്കണം ,
മഞ്ഞുകേളികളില്‍ പങ്കെടുക്കണം ,ലോകത്തിലെ  അതിസുന്ദരമായ
കരിമരുന്നിനാല്‍ വർണ്ണപ്രപഞ്ചം ഒരുക്കി ആഘോഷിക്കുന്ന ലണ്ടനിലുള്ള  തേംസ് നദിയിലും,തീരത്തുമുള്ള ആ നവ വത്സരപ്പുലരിയാഘോഷം നേരിട്ടുപോയി കാണണം ,
പിന്നെ  “ത്രീ -ഡി imax  സിനിമയിൽ” പോയി “അവാതര്‍ “(wiki/Avatar) എന്ന ഫിലിം കാണണം !

ഈ ഡിസംബര്‍ പത്തിന് ബിലാത്തിപട്ടണത്തില്‍ 
ഒരു സിനിമ വിപ്ലവം തന്നെയായിരുന്നു നടന്നിരുന്നത് ...! ലോകസിനിമയിലെ വമ്പന്മാരെല്ലാം  ലണ്ടന്‍ തെരുവുകളില്‍ നിറഞ്ഞാടിയ രാപ്പകലുകൾ .
നാലര കൊല്ലമായി നിര്‍മ്മാണത്തിലായിരുന്ന അവാതര്‍ എന്ന സിനിമയുടെ Leicester Square ലെ  “വേള്‍ഡ് പ്രീമിയര്‍ ഷോ” ആയിരുന്നു കാരണം ..!
James Cameron & his Avatar Team.

വളരെയധികം  കൊട്ടിഘോഷിക്കപ്പെട്ട, ലോകത്തിലെ വമ്പൻ വിശിഷ്ടാതിഥികളെ മുഴുവൻ നീലപ്പരവാതാനി വിരിച്ച് വരവേറ്റ , പ്രഥമ പ്രദര്‍ശനം മുതല്‍ ,എല്ലാ മാധ്യമങ്ങളാലും വാഴ്ത്തപ്പെട്ട ,ഇവിടെ  എല്ലാവരുടേയും സംസാര വിഷയമായി തീര്‍ന്ന പുതിയ ഈ  അവതാരം  അഥവാ 'അവതാര്‍' എന്ന മൂവി... !

ലോകത്തില്‍ ഇതുവരെ പിടിച്ച സിനിമകളില്‍  
ഏറ്റവും ചെലവ് കൂടിയത് ! രണ്ടായിരത്തി മുന്നൂറു 
കോടി രൂപ (306 million pounds ). ഒരൊറ്റ  സെക്കന്റിന്റെ
ഇഫക്റ്റ്സ് പ്രേഷകന് കിട്ടുവാന്‍ വേണ്ടി  എണ്ണൂറോളം പേര്‍ ആയിരത്തിയിരുപത്തി നാല് മണിക്കൂര്‍ നിരന്തരം പ്രയത്നിച്ചു പിടിച്ച സിനിമാരംഗത്തെ  റെക്കോര്‍ഡ്‌ ആയ ഷോട്ട്കൾ വരെയുണ്ട് കേട്ടോ ഈ സിനിമയില്‍. പരിഭാഷകളടക്കം  ലോകം മുഴുവൻ റിലീസ് ചെയ്ത ഈ അവതാരം പത്തുദിനം കൊണ്ട് മുടക്കു മുതലിനേക്കാൾ കൂടുതൽ കളക് ഷൻ നേടിയും റെക്കോർഡിട്ടു കേട്ടൊ...

നിര്‍മ്മാണ പങ്കാളിയും ,സംവിധായകനുമായ  ജയിംസ് കാമറൂണ്‍ ,
പതിനഞ്ചുകൊല്ലം മുമ്പ് തന്റെ പ്രിയങ്കര കഥയായ ഈ അവതാരം സിനിമയായി അവതരിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അന്നത്തെ കംപ്യുട്ടര്‍ സാങ്കേതിക വിദ്യകള്‍ ഇത്രയും വികസിക്കാത്ത കാരണം , ഒരു സംഭവ കഥ പറഞ്ഞു ഒരു സിനിമയുണ്ടാക്കി ...
-ടൈറ്റാനിക് -
ശരിക്കും ഒരു ക്ലാസ്സിക് സിനിമയായിരുന്നു 
ഇദ്ദേഹത്തിന്റെ ലോകവിസ്മയമായ ആ സിനിമ !

പിന്നീട് ഭാവനയും  സംഭവങ്ങളുമായി
ട്രൂ ലയ്സ് ,ഏലിയന്‍സ് ,ടെർമിനേറ്റർ ,...
മുതലായ ഏവരെയും കോരിത്തരിപ്പിച്ച കുറെയെണ്ണം 
അവസാനം അങ്ങിനെയിതാ അവസനം  സ്വപ്നസാക്ഷാത്കാരമായ അവതാറും ...!

തലക്കെട്ട് മുതൽ (അവാതർ/അവതാരം തന്നെ) ,കഥാപാത്രങ്ങളുടെ പേരുകൾ (നേയ്ത്രി,സുട്ടേയി,നാവി/പുതിയ) ,നിറം (ദൈവ നിറം നീല), പത്തടി ഉയരവും, നാലാളുടെ ശക്തിയും,വാലുമുള്ള രൂപഭാവങ്ങൾ(ഹനുമാൻ,ബാലി,...) , പക്ഷിപ്പുറമേറിയുള്ള
ആകാശ ഗമനം (ഗരുഡവാഹനം/ വിഷ്ണു) ,...,.....അങ്ങിനെ ഭാരതീയ ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങിവന്നവരാണൊ ഈ സിനിമയിലെ അന്യ ഗ്രഹജീവികൾ എന്നുതോന്നി പോകും.. 

പണ്ടോറയിലെ യുദ്ധരംഗങ്ങൾ

സിനിമയുടെ കഥ നടക്കുന്നത് 2154  ലാണ് കേട്ടൊ.  അന്നാണെങ്കില്‍
ഭൂമിയില്‍  ജീവിതം വളരെ ദുസ്സഹം . വനവും ,വന്യജീവികളുമൊക്കെ നശിച്ചു, ഒപ്പം ധാതു ലവണങ്ങളും തീര്‍ന്നു തുടങ്ങി . പക്ഷെ മനുഷ്യന്റെ ആശ നശിച്ചില്ല .
2129 ല് കണ്ടുപിടിച്ച പോളിഹിമിസ്(Polyphemis)  എന്ന ആകാശ ഗംഗ (സൌരയൂഥം പോൽ വേറൊന്ന്)  ഗ്രഹവും അതിന്റെ പതിനാല് ഉപഗ്രഹങ്ങളും (ഭാരത പുരാണത്തിലെ പതിനാലുലോകം പോലെ) .

ഈ ഉപഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയോളം  പോന്ന പണ്ടോറ “(Planet Pandora ) യിൽ ധാരാളം ധാതുലവണങ്ങളും ,ജീവജാലങ്ങളും ഉണ്ടെത്രെ ..!
കൂടാതെ മഗ്നെനി ലെവി: ഷിപ്പ്( Magnetic Levitating Super-Conducter  )മുഖാന്തിരം
ഈ പണ്ടോറയിൽ  വളരെയധികം  മൃതസഞ്ജീവനി  (ഹല്ലേല്ലുയാ/Hallalujah) മലകളും , പൊങ്ങി കിടക്കുന്ന ദ്വീപുകളും ,അവിടത്തെ നാട്ടു വാസികളായ  പത്തടി ഉയരവും നാലാളുടെ ശക്തിയും,  വാലും ഉള്ള   നാവി( Na Vi) എന്ന് വിളിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗ ഗോത്ര  മനുഷ്യരും, മറ്റുയനേകം വിചിത്രജീവികളും ,പ്രത്യേകതരം വൃക്ഷ ലതാതികളും ഈ പുതുതായി കണ്ടുപിടിച്ച പണ്ടോറ ഗ്രഹത്തില്‍ ഉണ്ടെന്നു മനുഷ്യന്‍ പഠിച്ചെടുത്തു ...

അങ്ങിനെ സെക് ഫോര്‍ (SecFor) എന്ന ഖനന കമ്പനി പണ്ടോറ  യിലെ
ഇഷ്ട്ട വിഭവങ്ങള്‍  ആഗ്രഹിച്ചു സ്പേസ് ഷിപ്പില്‍  അങ്ങോട്ട്‌ പോയി അവിടത്തെ ഈ നാവികളെ കുറിച്ചും , മറ്റു സ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും മറ്റുകാനന ലതാതികളും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍  ആരംഭിക്കുന്നു .. .

പണ്ടോറ യിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് അതിനു മുന്നോടിയായി
സ്പേസ് ഷിപ്പ് മുഖാന്തിരം ലാബുകള്‍ ഉണ്ടാക്കി , ക്ലോണിങ്ങ് സയന്റിസ്റ്റ്/Botanist ഗ്രേസ് അഗസ്റ്റിന്റെ(Grace Augustine acted by hollywood star Sigourney Weaver) ലീഡർഷിപ്പിൽ   പണ്ടോറ ഗോത്ര  മോഡലുകള്‍  ഉണ്ടാക്കി (അവതാരം) അവയിലേക്ക് ശരിക്കുക്കള്ള മനുഷ്യന്റെ തലച്ചോറിന്റെ സ്കാനിങ്ങ് കടത്തിവിട്ട് , ആ ക്ലോണിങ്ങ് മുഖാന്തിരം (പരകായ പ്രവേശം ) അവിടത്തെ മനുഷ്യരെപ്പോലെ ,ആ ലോകത്ത് അധിനി വേശം നടത്തി ,നാവികളുടെ രീതികൾ പഠിച്ചും,ഇടപഴകിയും
ആ പ്ലാനറ്റിൽ കുടിയേറി.....
അവിടത്തെ ധാതു സമ്പത്തുകള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പിന്നെ .
 ഇത്തരം നാവിയാവാനുള്ള താല്‍പ്പര്യം മൂലം മുൻ നാവികനായിരുന്ന ,
ഇപ്പോള്‍ വികലാംഗനായ ജാക്ക് സള്ളി,
(Jake Sully acted by the Austalian actor Sam Worthington )
പണ്ടോറ യിലെ ഈ കമ്പനിയുടെ താവളത്തിലേക്ക് എത്തുന്നതോടെയാണ്
സിനിമയുടെ തുടക്കം ....
ഇനി മുതല്‍ പണ്ടോറ യിലെ വർണ്ണപകിട്ടുള്ള  കാഴ്ച്ചകളാണ്....
ഇതിനിടയില്‍ ഇടവിട്ട് ജാക്ക് നാവിയായി പരകായ പ്രവേശം നടത്തി
ആദ്യ നടത്തത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും ,ട്രെയിനിങ്ങുകളും,
അതിനോടൊപ്പമുള്ള 3-ഡി കാഴ്ച്ചകളും അതിഗംഭീര മായി പ്രേക്ഷകർക്ക് കാണിച്ചുതരുന്നു ...!

ഒരിക്കൽ പരകായപ്രവേശം നടത്തിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ജാക്ക്
വിചിത്ര വനത്തില്‍ അകപ്പെട്ട് വളരെ വിചിത്രമായ പണ്ടോറയിലെ  ആറുകാലുള്ള കരിമ്പുലികളിൽ(thanator ) നിന്നും അവിടത്തെ  ഗോത്ര തലവന്റെ മകള്‍ നേയ്ത്രി (Princess Neytiri acted by Zoe Saldana ) അവനെ രക്ഷിച്ചു അവരുടെ താവളത്തിലെത്തിക്കുന്നു.

അതിനു മുമ്പ്  അവർ തമ്മിൽ കാമദേവന്റെ മലരമ്പുകള്‍ 
കൊണ്ടപോലെ പോലെ  പ്രണയം മൊട്ടിടുന്ന ഒരു സുന്ദര കാഴ്ച്ചയുമുണ്ട് ...
അങ്ങിനെ അമ്മ റാണി പറഞ്ഞതനുസരിച്ചു നേയ്ത്രി,
ജാക്കിനെ  അവരുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നത്  ,ശേഷം
അവനെ അവരുടെ ഗോത്രത്തിൽ ചേർക്കുന്നൂ . നാവികളുടെ പടത്തലവൻ
സുട്ടെയുമായി (Sutey acted by Las Alonsso ) ഉറപ്പിച്ചിട്ടുള്ള കല്യാണം പോലും
വകവെക്കതെ നേയ്ത്രിക്ക്, പ്രണയ മലരമ്പുകളുടെ പ്രേരണയാല്‍  ജാക്കിനോടു അനുരാഗം വളർന്നൂ. ഇതേസ്ഥിതിവിശേഷം തന്നെയായിരുന്നു വികലാംഗനായ ജാക്കിനും, നാവിയായി  പൂര്‍ണ്ണശരീരം വന്ന് 
പണ്ടോറ യുടെ  പ്രപഞ്ചഭംഗിയിൽ ഉല്ലസിച്ചു നടന്നപ്പോൾ ഉണ്ടായതും ...
അവതാറിന്റെ പേരിൽ തുടങ്ങിയ മൈക്രൊ ബ്ലോഗുകളിൽ ഒന്ന്


കമ്പനിക്കു വേണ്ടി ചാരപ്പണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞു വന്നിരുന്ന
ജാക്കിനും കൂട്ടര്‍ക്കും ഈ നാവികളെ കൂട്ടക്കുരുതി നടത്തി തുരത്തികളയുന്നതിൽ എതിർപ്പുവന്നപ്പോൾ പ്രശ്നങ്ങൾ തല പൊക്കുകയായി. 
ഉടനെ കമ്പനിയുടെ കേണൽ  മിൽസ് ക്യാർട്ടിക് (Miles Quaritch the chief Security acted by Stephen Lang ) നാവികളെ തുരത്താൻ യുദ്ധം ആരംഭിച്ചു .

കമ്പനിയുമായി യുദ്ധം ചെയ്യുന്ന അതിഭയങ്കര രംഗങ്ങളാണ്
ഓരൊ പ്രേഷകരും വീർപ്പടക്കിയിരുന്ന് കാണുന്ന അവസാന
ഇരുപതു മിനിട്ടിലെ ത്രീ-ഡയമൺഷൻ-മാക്സി-ഡിജിറ്റൽ ഇഫക്റ്റോടു കൂടിയ
ഇമ്പമേറിയ,അത്ഭുതം നിറഞ്ഞ  ഭാഗങ്ങള്‍...!

ഒരു ഭാഗത്ത് മനുഷ്യന്റെ കൈയിൽ ആധുനിക  വെടിക്കോപ്പ്ഉപകരണങ്ങള്‍ ,മറുപക്ഷത്തിന്റെ കൈവശം 
എൺപതടി ചിറകുവിസ്താരമുള്ള  ഭീകര ശബ്ദം പുറപ്പെടുവിച്ച്  ഡ്രാഗൻ പക്ഷികളെ
(വിസ്താരമ സ്ക്രീൻ മുഴുവനായി ഇവ നമ്മുടെ മുന്നിലേക്കു പറന്നുവരുന്നതായി തോന്നും/Great Leonoptery )  പറപ്പിച്ചു വരുന്ന ജാക്കും,നേയ്ത്രിയും, വിചിത്ര കുതിര പട്ടാളമായെത്തുന്ന നാവി പടക്കൂട്ടം ...

കമ്പനിയുടെ പട്ടാള തലവനുമായുള്ള  ജാക്കിന്റെ 
അവസാന വരെയുള്ള ഏറ്റുമുട്ടല്‍ ഒരിക്കലും ഗ്രാഫിക്സ് ഇഫക്റ്റ് കളാണെന്നറിയാതെ നമ്മള്‍ ശരിക്കും ത്രസിച്ചു പോകുന്ന രംഗചിത്രീകരണങ്ങള്‍ ...
ഏതാണ്ട് മൂന്നുമണിക്കൂര്‍(161 mints) നമ്മള്‍ പണ്ടോറ യിലായിരുന്നു ...

അവിടത്തെ വളരെ വിചിത്രമായ ദിനോസറുകളും , ഉരകങ്ങളും(banshee ) ,
പക്ഷികളും ( Leonopteryx )  മരങ്ങളും,ചെടികളും മറ്റും നമ്മുടെ തൊട്ടടുത്തും,
കാലിനിടയിലാണെന്നും മറ്റും തോന്നി നമ്മള്‍ ചിലപ്പോര്‍ പെട്ടൊന്നൊഴിഞ്ഞുമാറും.
അത്രയും പെര്‍ഫെക്റ്റ്  ആയി ആണ് പടം ചിത്രീകരിച്ചിരിക്കുന്നത് ,
പണ്ടോറ യിലെ നാവികൾക്കുവേണ്ടി   ഒരു പുതിയ ഭാഷ തന്നെയുണ്ടാക്കി കാമറൂണ്‍.

    നേയ്ത്രിയോടൊപ്പം ജാക്ക് പ്ലാനറ്റ് പണ്ടോറയിൽ 

ടൈറ്റാനിക്കിനെ പോലെയോ മറ്റോ ഒരു ക്ലാസ്സിക് സിനിമയല്ലെങ്കിലും
ഈ സിനിമ തീര്‍ക്കുന്ന അതി ഭാവുക മായാജാലങ്ങള്‍ കാണാന്‍ എല്ല്ലാ
സിനിമാപ്രേമികളും ഒരിക്കെലെങ്കിലും  സിനിമക്കുള്ളിലെ ഈ അവതാരം
കണ്ടിരിക്കണം കേട്ടൊ .....
അതും  ത്രീ -ഡയമൻഷൻ -മാക്സി -ഡിജിറ്റല്‍ സിനിമതീയറ്ററുകളില്‍  
3-D/ 1Max പ്രിന്റ്‌ വെച്ച് കളിക്കുന്നയിടങ്ങളില്‍ പോയി തന്നെ... !

ഐ മാക്‌സ് അത്ഭുതക്കാഴ്ച്ചകള്‍ 

2-D /സാധാ പ്രിന്റുകളില്‍ കാണുകയാണെങ്കില്‍ വെറും
ഒരു സയന്റിഫിക് -ഏലിയന്‍ തരത്തിലുള്ള സിനിമ കണ്ട
പ്രതീതി മാത്രമേ കിട്ടു ...കേട്ടോ

ഈ  സിനിമയിലൂടെ  സവിധായകൻ 
കാണിച്ചു തന്ന അധിനിവേശങ്ങളെ പറ്റി ,
ഈ അവതാരം കണ്ടാലും/കണ്ടിലെങ്കിലും
നമ്മള്‍ക്ക്  ഒന്ന് ഇരുത്തി ചിന്തിക്കാം അല്ലേ.....

കുടിയേറ്റത്തിന്റെ പേരില്‍ നമ്മള്‍ നശിപ്പിച്ച 
വനങ്ങളെകുറിച്ച്അ , അവിടെ നിന്നു ഓടിച്ചു വിട്ട 
ഗിരി വര്‍ഗ്ഗക്കാരെ കുറിച്ച്  , പഴയ അമേരിക്കന്‍ റെഡ് ഇന്ത്യൻ 
വർഗ്ഗത്തെപറ്റി , വിയറ്റ്-നാം/ഇറാക്ക് അധിനിവേശങ്ങളെ കുറിച്ച്.., ..., ..,...

മനുഷ്യ അധിനിവേശങ്ങള്‍ മാത്രമല്ല ....
അധിനിവേശ ജീവജാതികളായ പുതു വിത്തുകളാ‍യിവന്ന്
പ്രതികരണ ശേഷിയുള്ള നമ്മുടെ നാടന്‍ വിത്ത്കളെ  നാട്ടിൽ 
നിന്നും ഇല്ലാതാക്കിയതിനെ പറ്റി ....
അത്തിക്കും, മാവിനും, പ്ലാവിനും, പുളിക്കും, നെല്ലിക്കും പകരം
വന വല്‍ക്കരണത്തിന്റെ പേരില്‍ വന്ന് നാം  പുതുതായി  വെച്ചു
പിടിപ്പിച്ച അക്കേഷ്യ,യൂക്കാലിപ്റ്റ്സ്, സുബാബുൾ വൃഷങ്ങളെ കുറിച്ച് ...

വളർത്തുമത്സ്യകൃഷിയുടെ പേരില്‍ വിരുന്നുവന്ന നമ്മുടെ 
നാടന്‍ മീനുകളെ മുഴുവന്‍ തിന്നു തീര്‍ത്ത ഫിലോപ്പി,ആഫ്രിക്കന്‍ 
മുശു എന്നീ വരത്തൻ മീനുകളെകുറിച്ച്....
അധിനിവേശ രോഗങ്ങളായ എയിഡ്സ്, ചിക്കൻ ഗുനിയ, പന്നിപ്പനി,....
അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

ഓഫ് പീക്ക്:-



ഒരു പുതുവത്സര ഭൂമിഗീതം


രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍;നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....


ഒരു ലണ്ടൻ പുതുവത്സര രാവ്

 



 ഒരു ബാക്കിപത്രം.
ഈ നവത്സരത്തില്‍ എനിക്ക് 
കിട്ടിയ ഏറ്റവും നല്ല സമ്മാനമായിരുന്നു ,
ഇത്തവണ മാതൃഭൂമി വീക്കിലിയിലെ  (Jan 17-23 /ലക്കം 87/45) 
ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ഈ  "അവതാരം " എന്ന സിനിമാ വിശകലനം .
ആയതിന്  മാതൃഭൂമിയിലെ  ബ്ലോഗന ടീമിന്
എന്‍റെ എല്ലാവിധ കൃതജ്ഞതയും ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നൂ.

ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ചത്തിന്റെ  സ്കാനിങ്ങ് പേജുകള്‍ ഇതാ .....


 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...