Thursday 7 May 2009

മംഗള പത്ര സ്‌മരണകൾ ... / Mangala Pathra Smaranakal ...


അച്ഛന്റെ തറവാടിന്റെ വടക്കെ പറമ്പിൽ ഞാൻ പിറന്ന് , മൂന്നു  വർഷത്തിന് ശേഷമാണ്  ഞങ്ങൾ  ഇപ്പോൾ താമസിക്കുന്ന തറവാട് വീട് അച്ഛൻ പണികഴിപ്പിച്ചത് .

അമ്മയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷം ,അമ്മയുടെ വീട്ടിൽ നിന്നും എന്റെ  അനുജത്തിയേയും കൊണ്ട് വന്ന ദിവസം  തന്നെയായിരുന്നു ഞങ്ങളുടെ പുതിയ തറവാടിന്റെ വീടു പാർക്കലായ   'ഹൌസ്  വാമിങ് 'ചടങ്ങുകളും മറ്റും  ഒരു ചെറിയ സദ്യയും ആഘോഷങ്ങളുമായി നടന്നത്തിയത് .

ഈ വീട്ടിൽ വെച്ചാണ് എനിക്ക് മൂന്നുകൊല്ലം ഇടവിട്ട് 
ഒരു  അനുജനും ,പിന്നീട് വേറൊരു കൂടിയും അനുജത്തിയും ഉണ്ടായത്. പണ്ടത്തെ വീട്ടിൽ അമ്മ നിധിപോലെ സൂക്ഷിച്ച് വെച്ചിരുന്ന  ഒരു ട്രങ്ക് പെട്ടിയും , അച്ഛന്റേയും അമ്മയുടേയും കല്യാണപ്പെട്ടികളുടെയും മോളിലായിരുന്നു  പഴയകിടക്കകൾ  ,പുൽപ്പായ/ പായകൾ  , തലയണ മുതലായ സാമഗ്രികളും മറ്റും കയറ്റിവെച്ചിരുന്നത് .


ഏതാണ്ട് മൂന്ന് പതിറ്റാണ്ട്  മുമ്പ് അകാലത്തിൽ 
അച്ഛൻ ഞങ്ങളെ വിട്ട് പോയതിന് ശേഷമാണ് , പണി തീരാതിരുന്ന   ഞങ്ങളുടെ ഈ തറവാട് വീട് വീണ്ടും പുതുക്കി പണിതത് . 

അപ്പോൾ  പഴയ കുറെ സാധനങ്ങളെല്ലാം ഒതുക്കി 
വെക്കുന്ന സമയത്താണ് മാതാപിതാക്കളുടെ പഴയ പെട്ടികൾ 
തുറന്ന് നോക്കിയത് . 

അവരുടെ വലിയ ഇഷ്ടിക കളറുള്ള തുകലിൽ 
തീർത്ത കല്യാണ  പെട്ടികളിൽ താളിയോല ജാതകങ്ങളും ,SSLC 
ബുക്കുകളും , കോളേജ് സർട്ടിഫിക്കറ്റുകളടക്കം ,അമ്മയുടെ 
കല്യാണ മന്ത്രകോടികള്‍ ഉൾപ്പെടെ , അച്ഛൻറെ കല്യാണ വേഷ്ടികളുമൊക്കെയായി ഒരു പെട്ടി  .
മറ്റൊന്നിൽ  ചില്ലിട്ട് പണ്ടത്തെ വീടിന്റെ ചുമരിൽ കുറേകാലം തൂക്കിയിട്ടിരുന്ന കല്യാണ ഫോട്ടോകളും , സ്റ്റുഡിയോവിൽ പോയി കുടുബ സമേധം എടുത്ത ബ്ലാക്ക്  & വൈറ്റ് ഫോട്ടോകളും ഉണ്ടായിരുന്നു . 


ഇതൊന്നും കൂടാതെ  ചില്ലിട്ട കുറച്ചു
"മംഗള പത്രങ്ങള്‍ " അതിൽ നിന്നും കണ്ടെടുക്കുവാൻ കഴിഞ്ഞു.
ആദ്യം ഈ കുന്ത്രാണ്ടം എന്താണെന്ന് എനിക്ക് പിടി കിട്ടിയില്ല ;
പിന്നീട് ഗഹനമായി അന്വേഷിച്ചപ്പോഴാണ് ,
പഴയ കാലത്ത് കല്യാണ സമയത്ത് - പന്തലില്‍ വെച്ചു വരനേയും,
വധുവിനേയും പ്രകീര്‍ത്തിച്ചു വേണ്ടപ്പെട്ടവര്‍ നടത്തുന്ന
സ്ഥുതി വചനങ്ങളാണ് അവയെന്നു മനസ്സിലായത് ...!


നല്ല വടിവൊത്ത കൈയെഴുത്തുകളാലും , അച്ചടിച്ചും മറ്റും വിവാഹങ്ങൾക്ക് മാത്രമല്ല , ജോലിയിൽ നിന്നും വിരമിക്കുമ്പോഴും ,മറ്റു നല്ല സേവനങ്ങൾക്കും ,പിറന്നാൾ ,സപ്‌തതി മുതലായ ആഘോഷങ്ങൾക്കും വേണ്ടിയും  ആ കാലങ്ങളിൽ വിവിധ തരത്തിലുള്ള മംഗള പത്രങ്ങൾ പാരായണം ചെയ്‌ത്‌ സമർപ്പിച്ചിരുന്നു..!

ശ്ലോകമായും , പദ്യമായും, കവിതയായും ,കഥയായും  മറ്റും തങ്ക ലിപികളിലോ , സ്വര്‍ണ ലിപികളിലോ വര്‍ണ്ണ കടലാസുകളില്‍
അച്ചടിച്ച്  ,ഫ്രെയിം ചെയ്ത "മംഗള പത്രങ്ങള്‍ " അന്നത്തെ കല്യാണ സദസിൽ വായിച്ച ശേഷം വധൂവരന്മാര്‍ക്ക് കൈമാറുന്ന വിവാഹ സമ്മാനങ്ങളായിരുന്നു ...
അന്നുകാലത്തൊക്കെ  ദിനങ്ങളും , മാസങ്ങളും താണ്ടി വിവാഹ മംഗളപത്രങ്ങള്‍ പുതു ദമ്പതികളെ തേടി എത്താറുണ്ട് എന്നാണ് 'അമ്മ പറഞ്ഞു തന്നത് .
അന്ന് കിട്ടിയ ഒരു വിവാഹ മംഗള 
പത്രത്തിലെ വരികളാണ് ഇനി താഴെയുള്ളത് ...

മംഗള പത്രം

വിനായകനെ പോല്‍ , വിഘ്നങ്ങള്‍ മാറ്റിയിതാ യിവര്‍ ;
വിനോദ ദമ്പതിമാരായി  മാംഗല്യം ചാര്‍ത്തി നിന്നിട്ട്   ,
വിനോദ സൌമ്യമായാരംഭിക്കുന്നീ   ദാമ്പത്യ ജീവിതം
വിനയമതു പരസ്പരമെപ്പോഴും  ഇനിമേല്‍ ഉണ്ടാകണം 

വിനോദവും വിശ്വാസവും ‌ഒരുമയാൽ  വിട്ടുവീഴ്ച്ചയും
വിനാശം വിതയ്ക്കാതെ നന്മതന്‍ വിത്തിട്ടു കൊയ്യുക.
വാനത്തോളം   പ്രണയിക്കണം ; ഒട്ടുമരുത് വിദ്വേഷം .
വിനയ പ്രസന്നമായി നേരുന്നിതാ സർവ്വ മംഗളങ്ങള്‍ ...!!


അന്നത്തെ ആ വിവാഹ മംഗള പത്രങ്ങൾക്ക് പകരം , 
പിന്നീട് അകലങ്ങളിലുള്ള ബന്ധുമിത്രാദികളുടെ  വിവാഹ 
മംഗള ആശംസ കാർഡുകളും , കമ്പി തപാൽ ആശംസകളും   കല്യാണ ദിവസങ്ങളിൽ നവ ദമ്പതിമാരെ തേടിയെത്തിയിരുന്നു .

അതിന് ശേഷം ഈ കാലഘട്ടത്തിൽ  
ഇ - മെയിലുകളായും , സൈബർ എഴുത്തുകളായും വിവാഹ ദിങ്ങളിൽ വധൂവരന്മാരെ തേടി വിവാഹ മംഗളാശംസകൾ ഇന്റർനെറ്റ് മുഖാന്തിരം പ്രചാരത്തിലാകുന്ന കലാത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
പണ്ടൊക്കെ ഒന്നൊ രണ്ടോ ഫോട്ടോകൾ മാത്രം ചില്ലിട്ടു വീടിന്റെ ഉമ്മറത്തുള്ള ചുമരുകളിൽ ആണിയടിച്ച് വെക്കുന്നതിന് പകരം , ഇന്ന് എല്ലാവരുടെയും സോഷ്യൽ മീഡിയ ചുമരുകളിലാണ് എല്ലാത്തരത്തിലുള്ള ചിത്രങ്ങളും നാം ആലേഖനം ചെയ്‌ത്‌ വെക്കുന്നത് ...
ഇപ്പോൾ വിവാഹ ദിവസത്തിൽ 
മാത്രമല്ല ,ഓരൊ കല്യാണ വാർഷികങ്ങൾക്കു പോലും ഇത്തരം ആശംസകളുടെ നിരന്തര പ്രവാഹമാണ് എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും അരങ്ങേറിക്കൊണ്ടിരിക്കുന്നത് . വിവാഹാഘോഷങ്ങൾ മാത്രമല്ല ,പിറന്നാളുകളടക്കം സകലമാന ആഘോഷങ്ങളും ആയതിന്റെയൊക്കെ പ്രദർശനങ്ങളും നടത്തുന്നത് സോഷ്യൽ മീഡിയയിൽ ഒരു പ്രവണതയായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
ഇപ്പോൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി ഒട്ടുമിക്ക ബന്ധുമിത്രാധികൾക്കും സ്ഥിരമായി മാംഗല്യ ,വിവാഹ വാർഷിക ആശംസകൾ പടച്ചു വിടുന്ന ഒരുവനായി മാറിയിരിക്കുകയാണ് ഞാൻ .
എന്ത് ചെയ്യാം .
പണ്ടത്തെ നാലാം ക്ളാസ് പഠനം പൂർത്തിയാക്കി മംഗള പത്ര കവികളായിരുന്ന കണിമംഗലത്തെ മാമക്കുട്ടി , ഉണിക്കൻ  മുത്തശ്ശന്മാരുടെയും , നാരാണ വല്ല്യച്ഛന്റെയുമൊക്കെ പേരുകളയുവാൻ വേണ്ടി ജന്മമെടുത്ത ഒരു തിരുമണ്ടൻ തന്നെയാണ് ഞാൻ ഇപ്പോൾ ..അല്ലെ  

Thursday 30 April 2009

ഹരിഹർനഗർ രണ്ടാം ഭാഗം @ ലണ്ടൻ ... / Harihar Nagar Rantam Bhaagam @ London ...


തൊണ്ണൂറൂകളില്‍ യുവതുര്‍ക്കികളായിരുന്ന ഞങ്ങളുടെയൊക്കെ  കഥകള്‍ ചൊല്ലിയാടിയ അന്നത്തെ ആ സിനിമയുടെ തുടര്‍ച്ചയായി, അതെ നായകന്മാര്‍ വീണ്ടും അരങ്ങേറി കൊണ്ടുള്ള ഒരു രണ്ടാം വരവ് !

കെട്ട്യോളും, കുട്ട്യോളുമായി ഞങ്ങളോടൊപ്പം -
ആ കഥാനായകരും വളര്‍ന്നെങ്കിലും ;
ചൊട്ടയിലെ ശീലം ചുടലവരെ എന്നുപറഞ്ഞപോലെ ;
ഈ നാല്‍പ്പതാം വയസുകളിലും ,
അവര്‍ ആ പഴയ പ്രസരിപ്പോടെ അഭ്രപാളികളില്‍ വീണ്ടും നിറഞ്ഞാടിയപ്പോള്‍ ; ഇവിടെ ലണ്ടനില്‍ മലയാളി നടത്തുന്ന  'ബോളിയന്‍ സിനിമാ ശാലയില്‍ , ഞങ്ങളോടൊപ്പം , കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചിരിയുടെ മാലപ്പടക്കങ്ങളുമായി , ഉന്മാദത്തോടെ നൃത്ത  ചുവടുകളിലേക്ക്
കൂപ്പുകുത്തുകയായിരുന്നു  ..!

പണ്ടൊക്കെ ഒരു മലയാള സിനിമ പ്രിന്റഡ് ഇവിടെ വന്നാൽ  ഓണത്തിനൊ ,വിഷുവിനൊ ,കൃസ്തുമസിനൊ മാത്രം ഒരു കളി മാത്രമെ ഉണ്ടാകാറുള്ളു . കഴിഞ്ഞ അഞ്ചെട്ടു വർഷമായി മലായാളികൾ ധാരാളം പേര് വർക്ക് പെർമിറ്റഡ് വിസകളിലും ,സ്റ്റുഡൻറ് വിശകളിലും ബ്രിട്ടന്റെ നന്ന ഭാഗങ്ങളിലും വന്നു ചേരുന്നത് കൊണ്ട് മലയാളം സിനിമകൾ ഇപ്പോൾ മറ്റുള്ള സ്ഥലങ്ങളിലും ഒരു ഷോ വെച്ച് കളിച്ചു തുടങ്ങിയിട്ടുണ്ട്
പക്ഷെ  ഇതുവരെ യൂറോപ്പില്‍ ഒരു മലയാള സിനിമയും  ഇങ്ങിനെയുള്ള ഒരു ദൃശ്യ വിപ്ലവം സൃഷ്ട്ടിച്ചിട്ടില്ല എന്നത് വാസ്തവമാണ്
അടുപ്പിച്ചു കളിച്ച മൂന്നുകളികളും House Full ;
ലണ്ടനില്‍ ആദ്യമായി ഒരു മലയാളസിനിമയുടെ വിജയക്കൊയ്ത്ത് ...!

നാട്ടിലെ ഒരു പൂരം പോലെ , പള്ളി പെരുന്നാള്‍ പോലെ മലയാളികള്‍ ഏവരും കൂടി ഈ "ഹരിഹർ നഗർ രണ്ടാം ഭാഗം " ഇവിടെ വലിയ ആഘോഷമായി കൊണ്ടാടിയെന്നു പറഞ്ഞാല്‍ മതിയല്ലോ ..

ഹരോയില്‍നിന്നും , ഹെമല്‍ ഹാംസ്റ്റെഡിൽ  നിന്നും , ലിവര്‍ പൂളില്‍നിന്നും , മാന്ചെസ്സ്റ്റെറിൽ  നിന്നും വരെ  ധാരാളംപേര്‍ ഈ പടം കാണാന്‍ വിരുന്നുകാരായി ലണ്ടനില്‍ എത്തി ...!
സിനിമാ ഹാളില്‍ "ആശദോശ " റെസ്റ്റോറന്റ്റ് വിതരണം ചെയ്ത ചൂടുള്ള പരിപ്പുവട ,പഴംപൊരി ,ബജി, സമൂസ ....മുതലായ നാടന്‍ വിഭവങ്ങളും കിട്ടിയിരുന്നു.
പരസ്‌പരം പരിചയ പെടുത്തലുകളും , പരിചയം പുതുക്കലുകളും ഒക്കെയായി മലയാളിത്വം നിറഞ്ഞുനിന്ന രണ്ടുമൂന്നു സായം സന്ധ്യകള്‍ ഈ വേനലില്‍ പോലും ലണ്ടനെ കുളിരണിയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ ....
എല്ലാംതന്നെ ഈ സിനിമ സംഗമം മൂലം !

ഈ കാണാകാഴ്ചകള്‍ മറ്റുള്ളവരെ പോലെ
മലയാളികള്‍ക്കും ഒരു അത്ഭുതക്കാഴ്ച്ച തന്നെയായിരുന്നൂ !
ഹരിഹര നഗരത്തിനും അതിന്റെ രണ്ടാം ഭാഗത്തിനും പ്രണാമം ...
ഒപ്പം മലയാളി കൂട്ടായ്മകൾക്കും ...

ദേ ..ഇനി ബുലോഗത്തിലുള്ള  രായപ്പന്റെ
ഹരിഹർ നഗർ രണ്ടിന്റെ  സിനിമാവലോകനം താഴെയുള്ളത് ഒന്നു എത്തിനോക്കിയാലും ...
റിവ്യൂ 
കഥ, തിരക്കഥ, സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍

അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.
ജോണ്‍ ഹോനയും ,മായയും പ്രശ്നങ്ങളും എല്ലാം തീര്‍ന്നിട്ട് വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.
നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ഗള്‍ഫിലാണ്‌. ഭാര്യ സുലുവുമായി അത്ര രസത്തിലല്ല ഏക മകള്‍ മീനു. അപ്പുക്കുട്ടന്‍ ഇന്ന്‌ ഡോക്ട്ടര്‍ ആണ്. ഡോ:അപ്പുക്കുട്ടന്‍ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും ഒപ്പം ഇരട്ടക്കുട്ടികളും.
സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍
തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്
എന്നാല്‍ പഴയ പെണ്‍ വിഷയത്തില്‍ ആര്‍ക്കും ഒരു മാറ്റവും വന്നിട്ടില്ല...
തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിന് ഇവര്‍ ഒത്തുകൂടുന്നു‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ‍ഹരിഹര്‍ നഗറിലെക്ക് വീണ്ടും വരുന്നു
ഇതിനിടയില്‍ അവര്‍ ഒരു 
പെണ്‍കുട്ടിയെ കണ്ടു മുട്ടി. “മായ“...!
അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ 
മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും വീക്ക്നസ് ആയി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ കൂടുന്നു...
പിന്നീട് അവര്‍ ചെയ്ത് കൂട്ടുന്ന തമാശകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇച്ചിരി സസ്പെന്‍സും ഒക്കെയാണ് ബാക്കി...

ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ ചിരിയൊഴിഞ്ഞിട്ട് നേരമില്ലാ... സെക്കന്റ് ഹാഫ് കുഴപ്പമില്ല ഫസ്റ്റ് ഹാഫിന്റെ ആ ഒരു ഒരു ‘മജ’ സെകന്റ് ഹാഫിനില്ലാ പക്ഷേ അപ്രതീക്ഷിതമായ പല സസ്പെന്‍സുകളും സെക്കന്റ് ഹാഫിലുണ്ട് ...

നിലവാരമുള്ള അനവധി തമാശകള്‍ ഉണ്ട് ചിത്രത്തില്‍. ജഗദീഷിനാണ് ഏറ്റവും കൂടുതല്‍ കയ്യടി... മുകേഷും സിദ്ധിക്കും അശോകനും ഒപ്പത്തിനൊപ്പം ഉണ്ട്...

ഇന്‍ ഹരിഹര്‍ നഗറിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ
'ഏകാന്ത ചന്ദ്രിക'യും,  'ഉന്നം മറന്നു 'മൊക്കെ ഇതില്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്...
സിനിമയുടെ അവസാനമുള്ള ഗാനത്തില്‍ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.. ഒപ്പം ഈ സിനിമയിലെ കഥാപാത്രങ്ങളും....

പടത്തിനെ കുറിച്ച് കൂടുതല്‍ 
ഒന്നും പറയാനില്ല.... കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായിരിക്കും...!

Tuesday 14 April 2009

വിഷുവാണ് വിഷയം ഒപ്പം തെരഞ്ഞെടുപ്പും... / Vishuvaanu Vshayam Oppam Therenjetuppum ...

പണ്ടെല്ലാം ജീവിതവും , ജീവിതത്തോടുമുള്ള കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതു ജീവിത രീതിയിലും,രാഷ്ട്രീയത്തിലും മാത്രമല്ല മറ്റെന്തു സംഗതികളിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും , കൌശലവും ഉള്ളവർ സ്ഥാന മാനങ്ങൾ അലങ്കരിക്കുന്നൂ എന്നു മാ‍ത്രം...!
ജാതി, മതം, ഭാഷ , വർഗ്ഗീയം ,  പ്രാദേശികം ,ദേശീയം മുതലായവ കൂട്ടി കുഴച്ചുള്ള രഷ്ട്രീയ കക്ഷികളും, നേതാക്കളും ഇന്നുള്ള നമ്മുടെ ജനാധിപത്യത്തെ കശക്കി മറിച്ചിരിക്കുകയാണ്‌ 
അവനവന്റെ ദേശത്തേക്കാൾ ദേശീയതെക്കാൾ  സ്വ താല്പ്യര്യങ്ങൾ  മാത്രം സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് നമുക്കിപ്പോൾ ഉള്ളത് .
എവിടെയാണ്  ആ പഴയ അഖണ്ഡ ഭാരത ചിന്തകൾ ..?
ഇങ്ങനെയൊക്കെ ഈ നിലക്ക്  ആധുനിക ഇന്ത്യ പോകുന്നുവെങ്കിൽ നിരവധി കൊച്ചു കൊച്ചു ഇന്ത്യകൾ  ഭാവിയിൽ മുളയെടുക്കും എന്നാണ് തോന്നുന്നത്.

ഇപ്പോൾ വിഷുവിനൊപ്പം ദേശീയ ഇലക്ഷനും നടക്കുന്ന ഭാരതത്തെ കുറിച്ചുള്ള ഈ ദൂരക്കാ‍ഴ്ചയാൽ നാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഇങ്ങനെ മാത്രമെ  നോക്കിക്കാണുവാൻ സാധിക്കുകയുള്ളൂ  എന്ന് മാത്രം ...

താഴെ കാണുന്ന ഒരു പഴയ  കവി വാക്യത്തിൽ പറയുന്നപോലെ ദേശ സ്നേഹത്തേക്കാൾ കൂടുതൽ സ്വന്തം  സാമ്പത്തിക നേട്ടത്തിനായി മാത്രം നേതാക്കന്മാരും പ്രജകളും ചിന്തിക്കുന്ന രാജ്യത്തിന് ഒരു ഉന്നതിയും കൈവരിക്കുവാൻ കഴിയില്ല ...!

'സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം..'

നാട്ടിലെ വിഷു ,ഈസ്റ്റർ തെരെഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കാതോര്‍ത്തുകൊണ്ട്‌ അക്ഷരപ്രാസത്തിൽ ബ്ലോഗിൽ എഴുതിയിടുവാൻ വേണ്ടി മാത്രം എഴുതിയ വരികളാണ് ഇനിയുള്ളത് കേട്ടോ കൂട്ടരെ...

വിഷുവല്ല വിഷയം വെറും തെരഞ്ഞെടുപ്പ് 

വിഷുപ്പക്ഷി ചിലയ്ക്കുന്നു വീണ്ടും ... "കള്ളന്‍ വന്നൂട്ടാ ;
"വിക്ഷു"ചെയ്യുന്നൂ ;വോട്ട് വേണം..ട്ടാ ;കൊണ്ടുപൊക്കോട്ടെ "

വിഷയം തെരഞ്ഞെടുപ്പിത്തവണ ;ഈസ്റ്ററിനും ,
വിഷുവിനും ആദരിക്കുന്നു ;ഈ പൊതുജനത്തെ ,
വിഷുക്കൈനീട്ടം നല്കി ;നേതാക്കളും അണികളും ,
വിക്ഷുചെയ്യുന്നു ദു:ഖവെള്ളിയില്‍ പള്ളിയില്‍ പോലും !

വിഷുക്കണി പോലെ നിരത്തിയാരോപണങ്ങളാൽ
വിഷ വാചകങ്ങളിൽ മുക്കി മറുകക്ഷി സ്ഥാനാർത്ഥികളെ
വിഷുപ്പടക്കങ്ങൾപോൽ ഒപ്പം പൊട്ടിച്ചു കൊടും കള്ളങ്ങൾ
വിഷമ വൃ ത്തത്തിലാക്കിയീ പാവം പൊതുജനങ്ങളെ ...

വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻ കലക്കി മതവൈരം ,
വിഷം കുളത്തിലെന്നപോൽ - കുടി മുട്ടിക്കുവാൻ,
വിഷാദമീ ജനത്തിനും ;ഉന്മാദമാകക്ഷികൾ ക്കും ...

വിഷുക്കൊയ്ത്തു വിളവെടുക്കും ജന്മിത്വ കക്ഷികൾ ,
വിഷമിച്ചിരിക്കുന്ന കുടിയാൻ പോൽ പൊതു ജനം -
വിഷുക്കഞ്ഞിക്കുവകയില്ലാത്ത സമ്പത്തു മാന്ദ്യം ...!
വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം... !!


നമ്മുടെ വിഷു ആഘോഷം ലോകത്തിലെ 
മറ്റു പല രാജ്യത്തിന്റെയും കൊയ്തുല്‍ത്സവങ്ങളും , 
പുതുവര്‍ഷപ്പിറവി ദിനങ്ങളുമാണ്‌ ... !
വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും , നവവത്സരദിനമായി   ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും, ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും ഉദാഹരണങ്ങള്‍ ...



വിഷു വിഷസ് 


വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടാവര്‍ സാമ്പത്തിക മാന്ദ്യത്താല്‍ ;വിഷമിച്ചു
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ;ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല , കണി വെള്ളരിയും ,കമലാ നേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളി പണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !






April 2009.

Tuesday 31 March 2009

ഒരു അമ്പിളി പാട്ട് രാരീ...രം ... / Oru Ampili Pattu Raaree..ram ...


ഏത് പടുപാട്ട്  പാടാത്ത വിഡ്ഢിയും അവർക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ താരാട്ട് പാട്ട് പാടി അവരെ ഉറക്കാറുണ്ട് എന്നാണ് പറയുന്നത് .

ആ പാട്ടുകളിലൊക്കെ ചിലപ്പോൾ വാക്കുകൾ പോയിട്ട് ,അർത്ഥം പോലും ഉണ്ടാകാറില്ലത്രെ .

എന്റെ കല്യാണ ശേഷം നീണ്ട മധുവിധുകാലമൊക്കെ കഴിഞ്ഞിട്ട് രണ്ടു കൊല്ലത്തിന് ശേഷമാണ് എനിക്ക് സീമന്ത പുത്രി ഉണ്ടാകുന്നത്. 

ഒരു ഇടവ മാസത്തിലെ പെണ്ണത്തം പൊന്നത്തമായി 
ഒരു പാൽ പുഞ്ചിരിയുമായാണ് മകളും , പിന്നീട് 
കൊല്ലങ്ങൾക്ക് ശേഷം , അതേ മാസം തന്നെ മോളുടെ പിറന്ന നാളിന്റെ പിറ്റേന്ന്, മകനും ഞങ്ങളുടെ ജീവിതത്തിലേക്ക് നവാതിഥികളായി കടന്നുവന്നത് ...😘
ആയതൊരു സന്തോഷത്തിന്റേയും,
നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!

ആദ്യമായവർ പുഞ്ചിരിച്ചത് , കമഴ്ന്നുകിടന്നത്, 
മുട്ടുകുത്തിയത് , പിച്ചവെച്ചത്, കിന്നരി പല്ലുകൾ മുളച്ചുവന്നത്, മിണ്ടിപ്പറഞ്ഞത്,...,... അങ്ങനെ സുന്ദരമായ എത്രയെത്ര സംഗതികളാണ് അവളും, പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും കൂടി ഞങ്ങൾക്ക് സമ്മാനിച്ചത്...!

മകൾ ജനിച്ച് കുറച്ചു നാളുകൾക്ക് ശേഷം 1991 -ലെ   
നവംബർ മാസത്തിൽ എന്റെ പഴയ ഡയറികുറിപ്പുകളിൽ 
അക്ഷര പ്രാസത്തിൽ എഴുതിയിട്ട് മോളെ താരാട്ട് പാടിയിരുന്ന 
ഒരു പാട്ടാണിത് കേട്ടോ കൂട്ടരേ ..
എന്കുഞ്ഞുറങ്ങിക്കോള്‍.....എന്കുഞ്ഞുറങ്ങിക്കോള്‍ ....എന്ന താളത്തില്‍ പാടാന്‍ ശ്രമിച്ച ഒരു അമ്പിളി പാട്ട്.

ഒരു അമ്പിളി പാട്ട് രാരീ...രം .

പകലിന്റെയന്ത്യത്തില്‍ സന്ധ്യയ്ക്കു മുമ്പായി
മുകിലില്‍ നീ വന്നല്ലോ പൊന്നമ്പിളിയായ്  ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് നിലാപാലൊഴുക്കീ ...

മൂകമാം രാത്രിയില്‍ നിന്‍ വെട്ടം കണ്ടപ്പോള്‍ ,
പുകിലുകള്‍ ഓടിപ്പോയി മെല്ലെ മെല്ലെ ...
ആകാശ തുഞ്ചത്ത് താരങ്ങള്‍ മിന്ന്യപ്പോള്‍
ചാകാത്ത മനസുകള്‍ ആനന്ദിച്ചൂ...

വികസരമുണ്ടാക്കി പൂക്കള്‍ക്കും കായ്കള്‍ക്കും ,
പകലിന്റെ കാണാത്ത കാഴ്ചകളായി ...!
മുകളില്‍ നീ വന്നാല് ലോകം മുഴുവനായി
തകിലില്ലാ താരാട്ടായ് ഉറങ്ങീടുന്നൂ ......

കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പോൻ പൂതിങ്കളേ.....?

Sunday 15 February 2009

വാലന്റയിൻ'സ് ദിനത്തിന്റെ ചരിത്രം ... / Valentine's Dinatthinte Charithram ...

ഇപ്പോൾ മാതൃദിനം , പരിസ്ഥിതി ദിനം , ഭൗമ ദിനം ,സമുദ്ര ദിനം ,ഫാദേഴ്‌സ് ഡേയ് എന്നിങ്ങനെ ഓരൊ വർഷത്തിലെയും ഒട്ടുമിക്ക ദിവസങ്ങളും അതാതിന്റെ ദിവസങ്ങളായി ലോകം മുഴുവൻ കൊണ്ടാടുന്ന ചടങ്ങുകളായി തീർന്നിരിക്കുകയാണ് . അതുപോലെ എല്ലാ വര്‍ഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ എല്ലായിടങ്ങളിലും  വാലെന്റയിൻസ് ദിനം   അല്ലെങ്കില്‍ സെന്റ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പരസ്പരം പ്രണയിക്കുന്നവരുടെ അങ്ങോട്ടും ഇങ്ങോട്ടും  സ്നേഹിക്കുന്നവരുടെ ദിനമായാണ് ഇപ്പോൾ ആഗോളതലത്തിൽ  വാലന്‍ന്റൈ‍ന്‍ ദിനം കൊണ്ടാടുന്നത് . ലോകമെമ്പാടുമുള്ള , ആള്‍ക്കാര്‍ തങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നു, പരസ്‌പരം ഇഷ്ടം അറിയിക്കുന്നു എന്നിങ്ങനെയുള്ള ചടങ്ങുകളുടെ ഭൂലോകം മുഴുവൻ പ്രണയ ജോഡികൾ മുഴുവൻ ആടിപാടി ആഘോഷിക്കുന്ന ഒരു ദിവസമാണിത് .നമ്മുടെ നാട്ടിലും ഇപ്പോൾ ന്യൂ -ജെൻ പിള്ളേരുകൾ ഈ പ്രണയ ദിനം അടിച്ചുപൊളിച്ചു കെങ്കേമമായി കൊണ്ടാടാറുണ്ട് .


ഞങ്ങളുടെ നാടായ കണിമംഗലത്ത് ഈ പ്രണയ ദിനത്തിന്റെ വേറെയൊരു വേർഷനായ 'വേലാണ്ടി ദിന'മായിട്ടാണ് ഈ ദിവസം കൊണ്ടാടുന്നത്. 
ആയതിനെ കുറിച്ച് കുറച്ച് ഹോം വർക്കുകൾ കൂടി നടത്തി, പിന്നീടിവിടെ വേറൊരു ആലേഖനമായി എഴുതിയിടുവാൻ ശ്രമിക്കാം കേട്ടോ കൂട്ടരെ .


വാലന്റയിൻ ദിനത്തിന്റെ ചരിത്രം

ഇന്ന് പലരാജ്യങ്ങളിലും ഈ പ്രണയ ദിനത്തെ ആസ്‌പദമാക്കി ധാരാളം മിത്തുകളും കഥകളും പ്രചരിക്കുന്നുണ്ട് .കൃസ്തുവിനു മുമ്പ് 200 -ഉം ,400 -ഉം വർഷങ്ങൾക്കുമുമ്പുള്ള ചില മിത്തുകളും ,ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള അഖണ്ഡ ഭാരതത്തിലുണ്ടായിരുന്ന വാത്സ്യായന മഹർഷിയുടെ കാമശാസ്ത്ര ഗ്രൻഥത്തെ അടിസ്ഥാനപ്പെടുത്തിയും ഉള്ള കഥകളും ഉണ്ട് .
പിന്നെയുള്ളത് വാലന്റയിൻ ബിഷപ്പിനെ പ്രണയ ദിനത്തിന്റെ പിതാവാക്കികൊണ്ടുള്ള ഒരു പുരാണമാണ് . 
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ റോം സാമ്രാജ്യത്തിലെ ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത്, ജർമ്മൻ പാതിരിയായിരുന്ന  വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. 
അതിനാല്‍ ചക്രവര്‍ത്തി റോമ സാമ്രാജ്യത്തിൽ  വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. 
വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി, ബിഷപ്പ്  വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. പിന്നീട്  ജയിലിൽ വെച്ച്  ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. 
അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന് തിരുമേനിയുടെ  തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് “ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. 
അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആ‍ഘോഷിക്കാന്‍ തുടങ്ങിയത് എന്നൊരു കഥയാണ് പടിഞ്ഞാറൻ നാടുകളിൽ പ്രചുരപ്രചാരമായുള്ളത് .

ഇനി
1998  ഫെബ്രുവരിയിൽ  ഞാൻ എഴുതിയ 'പ്രണയ കാലാന്തരം' എന്ന ഈ വരികൾ കണിമംഗലം ഉത്സവ കമ്മറ്റിയുടെ പൂയം സോവനീയറിൽ അച്ചടിച്ചു വന്നതാണ് കേട്ടോ .
പ്രണയ കാലാന്തരം 

പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ,ഒപ്പം
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായും
പ്രണയിച്ചുയമ്മ പിന്നെ അടുക്കള , രാഷ്ട്രീയത്തെ അച്ഛനും
പണത്തെ സ്നേഹിച്ചുയമ്മാവര്‍;മറ്റു ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചെൻ കളിക്കൂട്ടുകാരികൾ  കേളികള്‍ മാത്രം ...!
പ്രാണനായി സിനിമ പെങ്ങള്‍ക്ക് ;ചേട്ടൻറെ  പ്രേമം  ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍  പ്രണയം ഇഷ്ട മുറപ്പെണ്ണും  ,
പണിക്കാരിക്കുപോലുമീയിഷ്ടം - ശേഷം കൂലിയില്‍ .....

പ്രണയമെന്‍ കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം; കൂട്ടുകാര്‍ക്കോ
പണം ഞാന്‍ കൊടുക്കുമ്പോള്‍ ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും ,
പ്രണയം മകള്‍ക്കു ചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ കമ്പ്യൂട്ടര്‍ വീഡിയൊ കളികള്‍ മാത്രം !
പ്രണയം തേടി ഞാന്‍ അലയുകയാണ്  കാലമിത്രയും ....?

പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കി വെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാ ദിനം
പ്രണയം സുലഭം - ശാശ്വതമായേനിക്കു മാത്രം ???



Tuesday 6 January 2009

ലണ്ടനും ഒരു മണ്ടനും ...! / Landanum Oru Mandanum ...!


ഇന്ത്യയെ പോലുള്ള ഒരു ഏഷ്യൻ നാട്ടിൽ നിന്നും ആദ്യമായി ഒരാൾ   പാശ്ചാത്യനാട്ടിൽ എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന തീർത്തും വിഭിന്നമായ ചുറ്റുപാടുകൾ കാണുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും നേരിട്ടു കൊണ്ടാണ് ഈ ബിലാത്തിയിൽ എന്റെ അതിജീവനം തുടങ്ങിയത് . 

ഭാഷയും ,ഭക്ഷണവും , സംസ്‌കാരവും, കാലാവസ്ഥയും മുതൽ എല്ലാ കാഴ്ചവട്ടങ്ങളും കണ്ട് ,അപ്പോൾ ഞാൻ വല്ലാതെ പകച്ചുപോയി നിന്ന  അവസ്ഥാവിശേഷങ്ങൾ മാത്രം കുറിച്ചിട്ടാൽ മാത്രം മതി എന്റെ ലണ്ടനിൽ വെച്ചുണ്ടായ മണ്ടത്തരങ്ങൾ തിരിച്ചറിയുവാൻ  .  

ഇനിയും കുറെ കാലം  ഈ ബ്ലോഗ് എഴുത്തുകൾ തുടരുകയാണെങ്കിൽ ഒരു പക്ഷെ എന്റെ ലണ്ടൻ അനുഭവങ്ങളായ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും ഈ ബൂലോക തട്ടകത്തിൽ കുറിച്ചു വെക്കുവാനും സാധ്യതയുണ്ട് കേട്ടോ .
ലണ്ടനിൽ വന്ന കാലത്തൊക്കെ എങ്ങനെയാണ് ഞാൻ ഓരൊ മണ്ടത്തരങ്ങളിലും ചെന്ന് പെടുന്നത് എന്ന്  ചിന്തിച്ചു നടന്നുകൊണ്ടിരിക്കുമ്പോള്‍, അതില്‍ കുറച്ചു കാരണങ്ങള്‍ മണ്ടയില്‍ കയറിവന്നത് 'ലണ്ടനും  ഒരു മണ്ടനും ' എന്ന പേരിൽ അക്ഷര പ്രാസത്തോട് കൂടി കുറിച്ചു വെച്ചതാണീ വരികള്‍ ....

ലണ്ടനും ഒരു മണ്ടനും 

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...
പണ്ടം പോല്‍  മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന് 
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,

കണ്ടപ്പോളതിശയത്താല്‍ വാപോളിച്ചമ്പരന്നു  നിന്നതും...
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത്   മമ ചുണ്ടിലെത്തുകയുള്ളൂ 
കണ്ടറിയുന്ന ബഹു  കൗശലത്താൽ കാകനാകാൻ കൊതിച്ചു. 

കൊണ്ടറിയുന്നു  കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും  ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....

ലണ്ടനിലന്നു മുതൽ  നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും 
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും ,
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി  കേട്ടും
കണ്ടതുപറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളറിവും നേടി
കൊണ്ടറിയുന്ന  ഒരു കൊറ്റിപോൽ ജീവിതം  നയിച്ചു   
മണ്ടനായി തുടരുന്നിതാ ലണ്ടനില്‍ ഇക്കാലമത്രയും ...!



'ലണ്ടനും മണ്ടനും' എന്ന എന്റെ മണ്ടൻ വരികൾ 'ബിലാത്തി മലയാളിയിലേക്ക്‌ 2007 ൽ അയച്ചു കൊടുത്തപ്പോൾ ,ആയതിൻറെ പത്രാധിപരായ  അലക്സ് കണിയാംപറമ്പിൽ എഡിറ്റ് ചെയ്‌ത്‌ , 'ബിലാത്തി മലയാളി പത്ര'ത്തിൽ പ്രസിദ്ധീകരിച്ച വരികളും ഇവിടെ പകർത്തി വെക്കുന്നു .നന്ദി അലക്‌സ് ഭായ് .

 ലണ്ടനിൽ ഒരു മണ്ടൻ 

മണ്ടന്മാര്‍ ലണ്ടനിലെന്നത് ഒരു പഴമൊഴി തില്ലാന !
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
പണ്ടംപോലൊരുവൻ മണ്ടത്വം  ചാര്‍ത്തി വിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....

കണ്ടറിവും, കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങലാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാ പൊളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍ - ആംഗലേയത്താലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

കണ്ടറിയുന്നു കൊറ്റികളെപ്പോഴും.., എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതു മത് എപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്ക പോലെയായില്ല ഞാന്‍ ; ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുന്നീ....

ലണ്ടനില്‍ ബഹുവിധത്തില്‍ .., നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും,
വീണ്ടുവിചാരമത്  ഒട്ടുമില്ലാതെ , പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നൂ... ഈ  ലണ്ടനില്‍ ഇക്കാലമത്രയും ... !




2003 ഡിസംബറിൽ എഴുതിയത് 

Monday 29 December 2008

നവവര്‍ഷം രണ്ടായിരത്തിയൊമ്പത്‌ ... / Navavarsham Randaayiratthiyompathu ...

ആഗോളതലത്തിൽ കൊണ്ടാടുന്ന 
നവവത്സര ആഘോഷങ്ങളിൽ ഏറ്റവും പുകൾപ്പെട്ട ഒരു ഉത്സവ ആഘോഷമാണ് ലണ്ടനിൽ എല്ലാ വർഷാവസാനവും അരങ്ങേറുന്ന തെംസ് നദീതീരത്തുള്ള ന്യൂയിയർ സെലിബറേഷനുകളും ഫയർ വർക്‌സും ...!

എല്ലാക്കൊല്ലവും ന്യൂയിയർ ആഘോഷം കാണുവാൻ ഡിസംബർ 31 രാത്രി മുതൽ പുലർകാലം വരെ , അന്ന് മാത്രം ഫ്രീയായി സഞ്ചരിക്കാവുന്ന 'പബ്ലിക് ട്രാസ്പോർട്ടു'കളിൽ കയറിയിറങ്ങി -  ലക്ഷക്കണക്കിനാളുകൾ 'ലണ്ടൻ ഐ'യുടെ സമീപത്തുള്ള  തെക്കും വടക്കും കരകളിൽ അണിനിരക്കാറുണ്ട് . 

ആയതിന്റെ ദൃശ്യവിസ്മയങ്ങൾ പിന്നീട് ഞാനിവിടെ ബി.ബി.സിയുടെയൊ ,മറ്റോ വീഡിയോകൾ പുറത്തിറങ്ങുമ്പോൾ അപ്ലോഡ് ചെയ്യുവാൻ ശ്രമിക്കാം .
നാട്ടിൽ ഇന്റർനെറ്റ് അത്ര സ്പീഡിൽ അല്ലാത്തതിനാൽ വീഡിയോകൾ എങ്ങനെ ബ്ലോഗിൽ കൂടി പ്രദർശ്ശിപ്പിക്കപ്പെടും എന്നുള്ളതും ഒരു വ്യക്തമാകാത്ത സംഗതിയാണ് .
(പിന്നീടിവിടെ അപ്ലോഡ് ചെയ്‌ത 2009 ലണ്ടൻ ഫയർ വർക്‌സിന്റെ യൂ-ട്യൂബ് വീഡിയൊയാണ്‌ താഴെയുള്ളത് )


ബൂലോഗ പ്രവേശനത്തിന് ശേഷമുള്ള 
എന്റെ ആദ്യത്തെ പുതുവർഷം പിറക്കുവാൻ പോകുകയാണ് .
ഓർക്കൂട്ടിനെ പോലെ തന്നെ മലയാള 
ബ്ലോഗുകളും തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന 
ഒരു കാലത്തിൽ  കൂടിയാണ് നാം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് .

അതുപോലെ തന്നെ 'ഗൂഗിൾ ബസ്സി'നെ പോലെ ധാരാളം മലയാളികൾ 'ഫേസ് ബുക്ക് ' എന്നൊരു സോഷ്യൽ മീഡിയ സൈറ്റിലും അരങ്ങേറ്റം കുറിച്ച് മുന്നിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ എന്റെ എല്ലാ ബൂലോക 
മിത്രങ്ങൾക്കും ഐശ്വര്യം നിറഞ്ഞ ഒരു നവവത്സര ആശംസകൾ നേരുന്നു ...!

ഒപ്പം എന്റെ പ്രാസത്തിനൊപ്പിച്ച്‌ 
എഴുതിയ ഒരു മണ്ടൻ കവിതയും ഇവിടെ 
ചുമ്മാ എഴുതിയിടുന്നു...
  


നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങളാക്കിടുന്ന കാലം
"നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം.. !
നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ?  ഇനിമേല്‍
നവ രീതിയിലുള്ളയിത്തരം നരതാണ്ഡവങ്ങൾ  അരുതേ ...

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുരമാക്കി ആഘോഷിക്കാം നിറ മനസ്സുകളാല്‍ !

നവവല്‍സരാശംസകള്‍ നേരുന്നിതായനുഗ്രത്താല്‍ ;
നവമായൊരു സസ്നേഹ ലോകസൃഷ്ടിക്കായി ഒരുമിക്കാം,
നവപുഷ്പ്പങ്ങളര്‍പ്പിച്ചീ നമ്മള്‍ക്കീ ഉലകിലേവര്‍ക്കും....
നവ രസങ്ങള്‍ ആക്കിമാറ്റാം ഈ പുതുവര്‍ഷം മുഴുവനും... !!



കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...