Friday 28 December 2018

ബിലാത്തിയിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ...! / Bilatthiyile Kocchukocchu Santhoshangal ...!

ഓരോവർഷവും - നാഴിക കല്ലുകൾ കണക്കെ  നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും ,  അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും...അല്ലെ .

അത്തരത്തിലുള്ള ആനന്ദം നൽകിയ
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...

സ്വന്തം വീടും നാട്ടുമൊക്കെ വിട്ട് എത്ര ഉന്നതമായതൊ , അല്ലാത്തതൊ ആയ പ്രവാസജീവിതം അനുഷ്ഠിക്കുമ്പോഴും അവരവരുടേതായ പല ഗൃഹാതുരത്വ സ്മരണകളാൽ സമ്പുഷ്ടമായാണ് ഓരോ പ്രവാസികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാറുള്ളത് ...!


അതുപോലെതന്നെയാണ് ഈ ആംഗലേയ നാട്ടിലുള്ള  ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലണ്ടനിൽ  വന്നു ചേർന്നിട്ടും , നമ്മുടെ നാട്ടിലെ സാംസ്കാരിക തലസ്ഥാനത്തുനിന്നും വന്നു പെട്ട എനിക്കും അത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ അയവിറക്കികൊണ്ടിരിക്കുമ്പോൾ   അനുഭവപ്പെടുന്ന ആമോദങ്ങൾ ...

മൂന്ന് പതിറ്റാണ്ടോളം വളർന്നു പഠിച്ചു ശീലമാക്കിയ സമയം , രുചി , ഭക്ഷണം , ഭാഷ , സംസ്കാരം , കാലാവസ്ഥ മുതൽ സകലമാന ജീവിതരീതികളും തനി വിപരീത അവസ്ഥകളിലേക്ക് മാറിമറിയുകയായിരുന്നു ഈ ബിലാത്തി പട്ടണത്തിലേക്ക് ഒരു പറിച്ചു നടീൽ സംഭവിച്ചപ്പോൾ  എനിക്കുണ്ടായത് ...!


മണിക്കൂറുകൾ അടിസ്ഥാനമാക്കി വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു  തീർക്കേണ്ട ജോലികൾ , എന്നുമെന്നും സന്തോഷം നല്കികൊണ്ടിരുന്ന പുസ്തക വായനയെ അകറ്റിമാറ്റുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള പാഴാക്കുന്ന സ്ഥിരം ഓടിപ്പാച്ചിലുകൾ .
ഇതിനിടയിൽ കിട്ടുന്ന യാന്ത്രികമായി കൊണ്ടാടപ്പെടുന്ന കുടുംബ ബന്ധങ്ങളും ,സൗഹൃദ കൂട്ടായ്മകളും ...
ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ട , വീടിന്റെ പിന്നാമ്പുറത്തുള്ള ഇത്തിരിപ്പോന്ന  ഒരു അടുക്കളത്തോട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടിലുള്ള പച്ചക്കറിച്ചെടികളും , അതിൽ വിളഞ്ഞുവരുന്ന കായ്കളും നാൾക്കുനാൾ കണ്ടിരിക്കുംപോഴുള്ള ഒരു ആനന്ദം , അവിടെ അവക്കെല്ലാം നനച്ചും ,
വളം നൽകിയും , പടർത്തി വലുതാക്കുമ്പോഴുള്ള ആമോദം.  
വേനൽ ചൂടിൽ  ആയതിന്റെയൊക്കെ തണലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും, കുടിക്കുമ്പോഴും ,  പ്രണയം പങ്കിടുമ്പോഴും അനുഭവപ്പെടുന്ന സൗഖ്യം ...

ആ സുഖമാണിത് .... ആസന്തോഷമാണിത് ....

മഞ്ഞുകാലം വരും മുമ്പേ ഇലപൊഴിച്ച്  പോയ ചെടികളും മരങ്ങളുമൊക്കെ വസന്ത കാലത്ത് മൊട്ടിട്ട് വിരിയുന്ന പൂക്കളെല്ലാം, കായ് കനികളായ ഫലങ്ങകളായി വിളഞ്ഞ് നിൽക്കുന്ന അതി മനോഹര കാഴ്ച്ചകളാണ് പാശ്ചാത്യ നാടുകളിൽ അതുകഴിഞ്ഞുവരുന്ന വസന്തകാലത്ത്  കാണുവാൻ പറ്റുക .

പിന്നീട് വരുന്ന ഗ്രീഷ്മ കാലം കഴിയുന്നതുവരെയാണ് പുഷ്പങ്ങളും ഫലങ്ങളുമായുള്ള കാർഷിക സമൃദ്ധിയുടെ വിളവെടുപ്പ് കാലം ഇവിടെ കൊണ്ടാടുക ...


ലോകത്തിലെ ഏതാണ്ടൊരു വിധം പഴവർഗ്ഗങ്ങളെല്ലം ഇവിടെ ലഭ്യമായതിനാൽ വസന്തവും വേനലും ഒരുവിധം ആളുകളൊക്കെ എന്തെങ്കിലും പഴവർഗ്ഗങ്ങളോ , പച്ചക്കറികളോ അവരവരുടെ തൊടികളിൽ വിളയിച്ച്ചെടുക്കാറുമുണ്ട് ...

വിവിധ തരം ആപ്പിളുകളും, പെയേഴ്സുകളും ,പ്ലമ്മുകളും, നാരങ്ങകളും മിനി ' ഡ്വാർഫ് 'ചെടികളായി കിട്ടുന്നത് കൊച്ചു തൊടികളിലൊ മറ്റൊ നട്ട് വളർത്തിയാൽ മതി...

കൂടാതെ സ്ട്രോബറി, റാസ്ബറി, ബ്ലാക്ക്ബെറി ,ബ്ലൂബെറി മുതലായ സകലമാന ബെറികളും , പിന്നെ പലതരം മുന്തിരി ചെടികളടക്കം 25 ൽ പരം പഴവർഗ്ഗ ചെടികളും വീട്ടിലൊ, പരിസരത്തൊ വളർത്തി പരിപാലിക്കാവുന്നതാണ്...


അങ്ങിനെ ചുറ്റുപാടും വസിക്കുന്നവർ ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങളും വീടിന്റെ പിന്നിലെ ചെറിയ തൊടിയിൽ ഒന്നര പതിറ്റാണ്ട്  മുമ്പ് ആപ്പിൾ , ചെറി , പ്ലം , പെയേഴ്‌സ് മുതൽ ചെടികൾ വെച്ചുപിടിപ്പിച്ചു .

ഒപ്പം കൃഷീവല്ലഭയായ ഭാര്യ ചീരയും , ഉരുളക്കിഴങ്ങും,  സ്ട്രോബെറിയുമൊക്കെ പരിപാലിച്ച് വളർത്തി വന്നിരുന്നു ...

ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞു ആപ്പിളും , പ്ലസും ,ചെറിപ്പഴങ്ങളും പറിച്ച് തിന്നുമ്പോൾ
തോന്നും ; നാട്ടിൽ പുരയിടത്തിൽ , ഇമ്മിണി സ്ഥലമുണ്ടായിട്ടും ഞാനടക്കം പലരും ഒരു പഴ് ച്ചെടിയൊ, ഒരു പുതുമരമൊ എന്താ അവിടെ വെച്ച് പിടിപ്പിക്കാത്തത് എന്ന് ...?

ഇതിനിടയിൽ എന്റെ പെണ്ണൊരുത്തി എല്ലാ വേനലിലും നാട്ടിൽ നിന്നും പോരുമ്പോൾ കൊണ്ടുപോന്നിരുന്ന നമ്മുടെ മലക്കറി വിത്തുകൾ പാകി അടുക്കള തോട്ടം വിപുലീകരിച്ചു വളർത്തിയെങ്കിലും അവയിൽ ഒട്ടുമിക്കതും ഫലങ്ങൾ തന്നിരുന്നില്ല...

ഒരു 'ഹോബി'യെന്ന നിലയിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന കറിവേപ്പിൻ തൈ ,  ചൂന്യൻ മുളക് എന്നിവയെ മഞ്ഞുകാലത്ത് അകത്ത് എടുത്തുവെച്ചും, സൂര്യപ്രകാശം കാണിപ്പിച്ചും കുട്ടികളെ പോലെ താലോലിച്ച്  എന്റെ പെണ്ണൊരുത്തി വളർത്തി വന്നു ...

പക്ഷെ ഇക്കൊല്ലം  അടുക്കള തോട്ടത്തിൽ ആദ്യമായിട്ടാണ് നമ്മുടെ നാട്ടിലെ ചില മലക്കറികൾ, എന്റെ പെർമനന്റ് ഗെഡിച്ചി  ഈ ഗ്രീഷ്മകാലത്ത് നട്ടു നനച്ച് വളർത്തി വിളയിച്ചെടുത്തത്...



റോസിനും, ഗന്ധരാജനും, കറ്റാർ വാഴക്കുമൊപ്പം - നമ്മുടെ നാട്ടിലെ സ്വന്തം കറിവേപ്പിലയും , പച്ചമുളകും , തക്കാളിയും , വെള്ളരിയും , ഇളവനും , അമരയ്ക്കയും , പാവയ്ക്കയും , ബീൻസുമൊക്കെ വിളഞ്ഞു നിൽക്കുന്ന - എന്നും എപ്പോഴും സന്തോഷം നൽകുന്ന - ഒരു ഉറവിടമായി മാറിയിരിക്കുകയാണ് ഞങ്ങളുടെ ലണ്ടനിലുള്ള വീടിനു പിന്നിലെ തൊടിയിലെ ഈ കൊച്ചു പച്ചക്കറി തോട്ടം... !

അവൾ എല്ലാ വർഷവും ഇത്തിരി പോന്ന പിന്നാമ്പുറത്ത് കൃഷി ചെയ്യാറുള്ള 'പൊട്ടറ്റൊ, ബീറ്റ്റൂട്ട് , ചീര, സ്ട്രോബറി'  ചെടികൾക്കൊപ്പം - ഇക്കൊല്ലം അമരക്കായ,കുമ്പളങ്ങ , വെള്ളരിക്ക , ബീൻസ് എന്നിവയുടെ വള്ളികളാണ് ഇത്തവണ ഒരു പച്ച പന്തലായി തൊടിയിലെ ആപ്പിൾ, പെയേഴ്‌സ് , പ്ലം എന്നീ മരച്ചെടികളിൽ പടർന്നുകയറി പന്തലിച്ചത്...!


ആ സമയത്തൊക്കെ പെണ്ണൊരുത്തി ഒഴിവുദിനങ്ങളിലും, മറ്റും അടുക്കളക്കുള്ളിൽ ചിലവഴിക്കുന്ന സമയം പോലും - അടുക്കള തോട്ടത്തിൽ പണിയെടുക്കുന്നതുകൊണ്ട്, ചിലപ്പോൾ 'കിച്ചൺ ഡ്യൂട്ടി'വരെ എനിക്കും, മോനുമൊക്കെ ഏറ്റെടുത്ത് ആയതൊക്കെ കുളമാക്കേണ്ടി വന്നു എന്ന ഒരു ഗതികേടും അപ്പോഴൊക്കെ സംജാതമായി എന്ന് പറയുകയായിരിക്കും ഉത്തമം ...

നാട്ടിലുള്ള ഞങ്ങളുടെ കുടുംബമിത്രം സന്ധ്യ ടീച്ചറിൽ   നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുവൾ ഈ കലക്കൻ ജൈവ പച്ചക്കറി തോട്ടം ഇക്കൊല്ലം പടുത്തുയർത്തിയിട്ട് , അയലക്കകാരെ വരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുന്നത് ...!

അയലക്കകാരായ ഇംഗ്ളീഷ്  , ബംഗാളി , ശ്രീലങ്ക, റൊമാനിയൻ  , ബ്രസീലിയൻ  കുടുംബങ്ങൾക്കും , ധാരാളം മലയാളി കുടുംബ മിത്രങ്ങൾക്കും നമ്മുടെ സ്വന്തം ജൈവ പച്ചക്കറികൾ പങ്കുവെക്കുമ്പോഴുണ്ടാകുന്ന ആമോദവും ,    ആയവയൊക്കെ വിതരണം ചെയ്ത ആ അവസരത്തിൽ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു  ...!

എന്തിന് പറയുവാൻ  ദാനം നൽകിയ 'ഇളവൻ'  ഉപയോഗിച്ച്  'മോരുകറി' വെക്കേണ്ടത് എങ്ങിനെയാണെന്ന് വരെ വീടിന്റെ 'നെക്സ്റ്റ് ഡോറി'ൽ താമസിക്കുന്ന റൊമാനിയക്കാരിയുടെ അടുക്കളയിൽ കയറി എനിക്ക്  പഠിപ്പിക്കേണ്ടി വന്നു എന്ന് മാത്രം ...!


പോരാത്തതിന് ' ബ്രിട്ടീഷ് മലയാളി '   പത്രത്തിൽ പോലും ഞങ്ങളുടെ പച്ചക്കറി തോട്ടം ഒരു സചിത്ര ലേഖനമായി വന്ന സന്തോഷവും ആ സമയുത്തുണ്ടായി  ...!

ഈ ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരത്വം ഉണർത്തുന്ന സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു തൊടികളിൽ വിളയിച്ച്ചെടുക്കുവാനും  മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ പരം ആനന്ദം  മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

തല്ല് വാങ്ങുവാൻ ചെണ്ടയും കാശ് വാങ്ങുവാൻ മാരാരും എന്ന് പറഞ്ഞ പോലെ അവൾ നട്ടുവളർത്തി വിളയിച്ച്ചെടുത്ത ലാഭം മുഴുവൻ ഞാൻ വാങ്ങിയെടുത്തു എന്നൊരു കുറ്റപ്പെടുത്തലും എന്റെ പേർമനന്റ്  ഗെഡിച്ചി പ്രകടിപ്പിക്കുന്നുണ്ട്  കേട്ടോ ...

അല്ലാ ..
ഏത് കണവത്തിയാണ്  സ്വന്തം കണവനെ
കുറ്റം പറയാത്തതായി ഈ ലോകത്തിൽ ഉള്ളത് അല്ലെ ...!!

 







പിന്നാമ്പുറം :-

Monday 3 December 2018

ഒരു അമ്പിളിക്കല . / Oru Ampilikkala .


ഇക്കൊല്ലത്തെ അന്തർദ്ദേശീയ 'എയ്‌ഡ്‌സ്‌  ദിന'ത്തോടനുബന്ധിച്ച്  BBC - യിൽ , എയ്‌ഡ്‌സ്‌ എന്ന മാരക അസുഖത്തിന്റെ ചരിത്രം മുതൽ ഇന്ന് വരെയുള്ള വിവിധ  ചരിതങ്ങളും , പ്രമുഖരായ പല അനുഭവസ്ഥരുടെ ആവിഷ്കാരങ്ങളും കൂടി ചേർത്തുള്ള അസ്സലൊരു പരിപാടിയായിരുന്നു ...
ആഗോളപരമായി എല്ലാ കൊല്ലവും ഡിസംബർ
മാസം ഒന്നിന് ഒരു അന്തർദ്ദേശീയ എയ്‌ഡ്‌സ്‌ ആരോഗ്യ ദിനമായി ( World_AIDS_Day ) ആചരിക്കുവാൻ  ലോക ആരോഗ്യ സംഘടന ആരംഭം കുറിച്ചത് മുപ്പത് കൊല്ലം മുമ്പ് - 1988 , ഡിസംബർ  1 മുതലാണ് .
ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ്  ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച് ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്താനായെങ്കിലും  , മനുഷ്യന് ഇതുവരെ മുഴുവനായും ഈ HIV രോഗാണുക്കളെ
കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യം തന്നെയാണ് ...!
ഇന്ന് ലോകത്തില്‍   കുട്ടികളടക്കം ഏതാണ്ട് മൂന്നര  കോടിയിലധികം  ആളുകള്‍
ഈ വൈറസ് ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം
പേര്‍ നമ്മുടെ ഇന്ത്യയിലുമാണെന്നതും വാസ്തവമാണ് .
ആദ്യകാലങ്ങളിലൊക്കെ സമൂഹത്തിൽ നിന്നും വളരെ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്നിരുന്ന ഈ രോഗ ബാധിതരേക്കാൾ , ഇന്ന് അത്തരക്കാർക്കൊക്കെ എല്ലാ പൊതുയിടങ്ങളിലും പല കാര്യങ്ങളിലും ഇടപെടാനും സാധിക്കുന്നു എന്ന നിലയിലേക്ക് സ്ഥിതിവിശേഷങ്ങൾ മാറിയിട്ടുണ്ട് .

അറിഞ്ഞും അറിയാതെയും ദിനംപ്രതി ഈ രോഗത്തിന്റെ
മടിത്തട്ടിലേക്ക് ,  ഒന്നുമറിയാതെ ജനിച്ചു വീഴുന്ന പിഞ്ചോമനകളടക്കം ,
അനേകം പേര്‍ എത്തിപ്പെട്ടികൊണ്ടിരിക്കുകയാണല്ലോ ...
ശരിയായ ബോധവല്‍ക്കരണങ്ങൾ  തന്നെയാണ്
ഈ  രോഗത്തിനുള്ള ശരിയായ മരുന്ന്...! !

ഈ അസുഖത്തെ പറ്റിയുള്ള ബിബിസി യിലെ ഡോക്യുമെന്ററി കണ്ടപ്പോൾ എനിക്ക് എന്റെ ഒരു കൂട്ടുകാരിയുടെ അനുഭവ  കഥ അഞ്ചാറുകൊല്ലം മുമ്പ് ഇവിടെ കുറിച്ച വരികൾ വീണ്ടും ഞാൻ പങ്കുവെക്കുകയാണ് ...

ഏഴ് കൊല്ലം മുമ്പ് നാട്ടില്‍ എത്തിയ സമയത്ത് ഒരു ദിനം മഴമേഘങ്ങൾ മൂടിക്കെട്ടിയ
ഒരു സന്ധ്യാ നേരത്ത് ഞാനും ,എന്‍റെ ഏറ്റവും നല്ല കൂട്ടുകാരിയായ
സഹധര്‍മ്മിണിയും കൂടി എന്‍റെ ആ പഴയ കൂട്ടുകാരിയെ , അതും ഈ
മഹാരോഗത്തിന്റെ  പിടിയില്‍ അവശയായി കിടക്കുന്ന 'സുഹറ'യെ നേരിട്ട് കാണുവാൻ
പോയി . വെറും നാല്‍പ്പതുവയസ്സില്‍ എല്ലും തോലുമായി കിടക്കുന്ന  ഒരു ശരീരം !

വളരെ പതുക്കെ അന്നവൾ കുറെ സംസാരിച്ചു...മൊഞ്ചുള്ള അമ്പിളിമാമനെ
കുറിച്ച്, യാന്ത്രികമായി മലർന്നുകിടക്കുമ്പോൾ എണ്ണാറുള്ള നക്ഷത്രങ്ങളെ കുറിച്ച് ,
അവൾ പോറ്റുന്ന ,അവളുടെ മിത്രങ്ങളും പൊന്നുമക്കളെ കുറിച്ച് ,.....അങ്ങിനെ കുറെയേറെ കാര്യങ്ങൾ....

മനസ്സിനുള്ളില്‍ ഇപ്പോഴും അന്ന് കണ്ട
ആ രൂപം ഭീകരമായി മായാതെ ഇപ്പോഴും കിടക്കുന്നു ....

ഒരാളും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സുഹറയെ സന്ദര്‍ശിച്ചപ്പോള്‍
കിട്ടിയ ആ അനുഗ്രഹം  മാത്രം മതി ......മറ്റേത് പുണ്യസ്ഥലങ്ങള്‍ പോയതിനേക്കാള്‍
കിട്ടിയ പുണ്യം എന്ന്  പിന്നീടൊരിക്കല്‍ എന്‍റെ ഭാര്യ എന്നോടു പറഞ്ഞിരുന്നൂ ...!

ഏതാണ്ട്  മൂന്ന്  പതിറ്റാണ്ട് മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്ര ദാസി ഗൃഹത്തില്‍ , സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !

അവള്‍ മുഖാന്തിരം പലരും പണം നേടി - - - സുഖം നേടി - - -

പ്രായം കൂടുന്തോറും അവളുടെ
തൊഴില്‍ മേഖലയില്‍ അവള്‍ പുറന്തള്ളപ്പെട്ടു ....
പിന്നീടവള്‍ 'ഉച്ചപ്പട'ങ്ങള്‍ക്ക് കൂട്ടുപോയും , പിതാവാരെണെന്ന്
അറിയാതെ ജനിച്ചുവീണ സഹ പ്രവര്‍ത്തകകളുടെ മക്കളെ സംരക്ഷിച്ചും
കാലം നീക്കി ...

തീരാ ദുരിതങ്ങളോടൊപ്പം
അവള്‍ നേടിയത് ഈ മഹാരോഗം മാത്രം !

ഒന്നര കൊല്ലം മുമ്പ് മുതൽ നാട്ടിലുള്ള
ഒരു എയ്‌ഡ്‌സ്‌ സെല്ലിൽ അന്തേവാസിയായിരുന്നു അവള്‍,
ആ വർഷം 'എയ്‌ഡ്‌സ് ദിന'ത്തിന് തന്നെ എന്തോ വിരോധാപാസം
പോലെ നല്ലവളിൽ നല്ലവളായ  സുഹറ മരണത്തിന്റെ കയത്തിലേക്ക്
ഊളിയിട്ടിറങ്ങിപ്പോയി .....
ഒരു വാർത്തപോലും ആകാതെ...
ഒരാളുടേയും ഓർമകളിൽ പോലും പെടാതെ...! !

ഇതാ ...
കവിതയും മറ്റും എനിക്കെഴുതുവാൻ  അറിയില്ലെങ്കിലും
അവളുടെ സ്മരണക്കായി  അന്ന് കുറിച്ചിട്ട കുറച്ചു വരികള്‍ ....




ഒരു അമ്പിളിക്കല


പതിവില്ലാതോ'രീമെയില്‍' നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാ സഹജന്റെ സന്ദേശമിത് , " നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ് - സുഹറ -മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന്‍ കയത്തിലെക്കിന്നലെ വെളുപ്പിന്. "  !

പതറി ഞാനാ മെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി ...
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളേ...

പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ  നീ യിവിടെ യന്ന്  ?
പതിനാറുകാരി എത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ...!

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ ..!
പാദം വിറച്ചു നിന്ന എന്നെ,ഒരു  പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി ..!

പുതുയാദ്യരാത്രി തന്‍ സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ ..!
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍ മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;

പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയും ;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയും ആ കാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ..?

പുതുതായവിടെവന്നൊരുത്തന്‍ നിന്നെ റാഞ്ചിയവിടെ നിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്‍
പൊതു വിപണിയില്‍ വാണിഭത്തിനായി വിട്ടു പോലും..
പുതു റാണിയായ് വിലസി നീ നഗര വീഥികൾ തോറും!

"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബ ഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം ..!
പതിയായിവാണു  പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ .... 
എന്‍ പ്രിയയെ
പതിച്ചുവോ നിന്‍ ശാപം , എൻ ജീവിതത്തിലുടനീളം -  ഈ പാപിയെ....?



പിന്നാമ്പുറം :-

 പിന്നീട് ഈ വരികൾ കണിക്കൊന്ന മാസികയിൽ എന്റെ ഒരു ആർട്ടിക്കിളായി അച്ചടിച്ചു വന്നിരുന്നു .കണിക്കൊന്നയുടെ പത്രാധിപ പാർവതിക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതഞ്ജത ഈ അവസരത്തിൽ അർപ്പിച്ചുകൊള്ളുന്നു ...
കണിക്കൊന്നയിലെഈ അമ്പിളിക്കലയുടെ ലിങ്ക്


                                                                                                   



അറിഞ്ഞും അറിയാതെയും ഈ മാരകരോഗത്താൽ
വിലപിക്കുന്നവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ രചന .

 

Thursday 1 November 2018

ഒരു ദശകം പിന്നിട്ട ബൂലോഗ പ്രവേശം ... ! / Oru Dashakam Pinnitta Boologa Pravesham ... !


ഇന്ന് നവമ്പര്‍ ഒന്ന് കേരളത്തിന്റെ അറുപ്പത്തിരണ്ടാം ജന്മദിനം ...
ഒപ്പം എന്റെ ബ്ലോഗായ "ബിലാത്തിപട്ടണ‘ത്തിൻറെ പത്താം ജന്മദിനവുമാണ് ..!

എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം
ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും
കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ് ...
 
തനി തൃശൂർക്കാരനായ ഒരുവൻ 
കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത്യ പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതി ഗമയിൽ നടന്നിരുന്ന അന്തകാലം ....
ഒപ്പം സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്ന വേളയിൽ , ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ , ഒരു കാര്യം മനസ്സിലാക്കി .
എന്താണെന്ന് വെച്ചാൽ താൻ എഴുതിയിട്ട കഥകളിലെ  കഥയില്ലായ്മയും ,
കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ സ്വയം തിരിച്ചറിഞ്ഞു ...!
ആയതുകൊണ്ട് എഴുത്ത് പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , വെറുമൊരു കള്ള കാമുകനായി മാജിക്കും , കച്ചവടവുമായി രാപ്പകൽ നാടുനീളെ റോന്ത് ചുറ്റി നടന്നു ...
പിന്നീട് എങ്ങിനെയോ പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്ന കഥ എല്ലാവർക്കും അറിവുള്ള സംഗതിയാണല്ലൊ ...

അനേകം ആഗോള വ്യാപകരായ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്തവരും , അല്ലാതെയുമുള്ള  ഒത്തിരി ഉത്തമ മിത്രങ്ങളുമായി  സ്ഥിരമായി ഇടപഴകി കൊണ്ട്  എന്റെ സൗഹൃദ സാമ്പാദ്യം വർദ്ധിപ്പിച്ചവാനാണ് ഞാൻ ...! 
ഒന്നൊര പതിറ്റാണ്ട് മുമ്പ്   സൈബർ ലോകത്തിൽ മലയാളം ബ്ലോഗുലകം പൊട്ടിമുളച്ച് അഞ്ച് കൊല്ലത്തിന് ശേഷമാണ് ബൂലോകത്തിൽ എന്റെ 'ബിലാത്തിപട്ടണ' മെന്ന തട്ടകത്തിൽ കൂടി സഞ്ചാരം തുടങ്ങിയത് ...!
 ജീവിത യാത്രയിലെ പലപല പ്രതിസന്ധികൾ ഉണ്ടായിട്ടുപോലും , പല ഇഷ്ട്ടങ്ങൾ നടത്തുന്ന സമയം വേണ്ടെന്ന് വെച്ച് സമയമുണ്ടാക്കി തുടർച്ചയായി എഴുത്തും വായനയുമായി   ഒരു ദശ വർഷക്കാലം സഞ്ചാരം പൂർത്തിയാക്കിയ പൂർണ്ണ സംതൃപ്തിയിലാണ് ഞാനിപ്പോൾ ...

 ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക
തലസ്ഥാനത്തുനിന്നും , ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെക്കുള്ള പറിച്ചുനടല്‍ ...
പല പല കാര്യങ്ങള്‍ പഠിക്കാനും, അനുഭവിക്കാനും ഇടവരുത്തിയെന്കിലും ...

ആ പഴയ ബാല്യ ചാപല്ല്യങ്ങള്‍, കൗമാര സ്വപ്‌നങ്ങള്‍ പങ്കുവെച്ച ജനിച്ച നാടും , നാട്ടുകാരും ഇന്നും ഒരു ഗൃഹാതുരത്വമായി എന്നെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ഒരു നിഴലുപോലെ എന്നുമെന്നും...

ജനിച്ചു വളര്‍ന്നതും , പറിച്ചു നട്ടതുമായ ഈ രണ്ടു പട്ടണങ്ങളും തമ്മില്‍ അജഗജാന്തര വത്യാസങ്ങള്‍ ആയിരുന്നു...!
സമയം , കാലാവസ്ഥ , സംസ്കാരം .....
മുതല്‍ പെരുമാറ്റചട്ടങ്ങള്‍ വരെ ...!

ഇവയൊക്കെയുമായി  ഇണങ്ങി
ചേരുവാന്‍ കുറച്ചു സമയം എടുത്തെങ്കിലും, മലയാളിയുടെ സ്വത സിദ്ധമായ ഗുണങ്ങളായ നാടോടുമ്പോള്‍ നടുവേ ഓടുക , ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു തുണ്ടം തിന്നുകയെന്നൊതൊക്കെയായ ശീലങ്ങൾ കുറച്ചെല്ലാം ഉള്ളത് കൊണ്ട്  പിന്നീടെല്ലാം ശരിയായെന്നു വേണമെങ്കിൽ നിഗമിക്കാം...

ഇതിനിടയിൽ പലരും എന്നോട് ചോദിച്ചിരുന്നു
'ലണ്ടനിലെ വെറും മണ്ടനാ'യ ഞാൻ എങ്ങിനെയാണ് ഈ ബൂലോകം പൂകിയതെന്ന്  ?
 അതുകൊണ്ട് മുമ്പ് ചൊല്ലിയാടിയിരുന്ന അക്കഥ ഞാൻ കണ്ടുമുട്ടിയ ചില
ബൂലോഗമിത്രങ്ങളുടെ ചിത്രങ്ങൾ സഹിതം വീണ്ടും ആവർത്തിക്കുയാണിവിടെ...

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന പോലെയാണ് , എന്നെ പോലെ ഉള്ളവരുടെ ലണ്ടന്‍ കഥകള്‍  'മണ്ടന്മാര്‍ ലണ്ടനില്‍' എന്നത്..!
ലണ്ടനിൽ എത്തപ്പെട്ട ശേഷം പിന്നീടെപ്പോഴോ    യു.കെ മലയാളി സംഘടനകളുടെ വാർഷിക പതിപ്പുകളിലും , 
അലക്സ് കണിയാംപറമ്പിൽ നടത്തുന്ന 'ബിലാത്തി മലയാളി'യിലും - അദ്ദേഹം 
എന്നെ കുത്തിപ്പൊക്കി എഴുതിക്കുന്ന ആർട്ടിക്കിളുകളുമായി 'ടായം; കളിച്ചു നടക്കുകയായിരുന്ന ഞാൻ എങ്ങിനെയാണ്  എന്റെ മണ്ടത്തരങ്ങളെല്ലാം  കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചത് എന്നുള്ള ഇക്കഥ ഞാൻ  ഈ ബിലാത്തിപട്ടണത്തിൽ പ്രാരംഭകാലത്ത് എഴുതിയിട്ടിരുന്നത് ഏച്ചുകെട്ടി വീണ്ടും അവതരിപ്പിക്കുകയാണ് ...!


'അതെങ്ങനെയെന്ന്  വെച്ചാൽ 2008 -ലെ ഓണഘോഷ പരിപാടികള്‍ക്കുശേഷം , പകലിന്റെ വെട്ടമുള്ള ഒരു രാത്രിയില്‍
'മദ്യ' കേരളീയരായ  കൂട്ടുകാർക്കൊപ്പം തിമർത്താഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്
അവർ  ഒരു വിളംബരം നടത്തിയത് ...

അതായത് 'പൊട്ടക്കവിതകളും , പൊട്ടക്കഥകളുമായി ലണ്ടന്‍ മലയാളികളെ വല്ലാതെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സാക്ഷാൽ മണ്ടനെ ; ലണ്ടനില്‍ നിന്നും ബുലോഗത്തേക്ക് കയറ്റി വിടാമെന്ന് , ആയിടെ ഇന്ത്യ  നടത്തിയ ഒരു ഭാരത ചന്ദ്രയാനം പോലെ ..!'
ഇതുകേട്ട് ഇളം മഞ്ഞു പെയ്യുന്ന ആ രാത്രിയിലും ഞാനൊന്നു വിയര്‍ത്തുപോയി ;
വിവര സാങ്കേതിക വിദ്യയില്‍ ഒട്ടും ജഞാനമില്ലാത്ത ഞാനെങ്ങിനെ ബുലോഗം പൂകും ?
അപ്പോള്‍ 'പാംപാലാസ് ഹോട്ടലി'ലെ ചീഫ് കുക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എടമുട്ടംകാരന്‍ ബഷീറിക്ക പറഞ്ഞു...

"നീ ബേജാറാവാണ്ടിരി ഒരു മലയാളി കമ്പ്യുട്ടർ കണിയാരെ മ്മള്  പരിചയപ്പെടുത്തി തരാം "

അങ്ങിനെയാണ് ഞാനും , ഒല്ലൂക്കാരന്‍ ജീസനും കൂടി , കംപ്യുട്ടര്‍ തലതൊട്ടപ്പനും ,
ആംഗലേയ ബ്ലോഗറുമായ ഗോവീണ്‍നെ കാണുവാന്‍ പുറപ്പെട്ടത്‌ .
ഈ കശ്മലന്‍ ലണ്ടനില്‍ ജനിച്ചു വളര്‍ന്ന മല്ലുവാണെങ്കിലും, മലയാളത്തിൽ വലിയ എഴുത്തും വായനയും വശമില്ലത്തവനാണ് -  ശരിയായ മലയാളം പേര് ഗോവിന്ദ രാജ് ...

പണ്ട് എന്റെ അമ്മ എന്ത് കാര്യത്തിനും കണിമംഗലത്തെ ചാത്തുക്കുട്ടി പണിക്കരുടെ
അടുത്തു പ്രശ്നം വെപ്പിച്ചു നോക്കുവാന്‍ പോകുന്ന പോലെ , അടുത്ത വീക്കെന്റില് ശുഭമുഹൂര്‍ത്തം നോക്കി , രാവിലെ എട്ടരക്കുള്ള സൂര്യോദയം ദര്‍ശിച്ച്  , പാതാള തീവണ്ടിയില്‍ കൃത്യസമയത്ത് തന്നെ കണിയാർ ഗോവിന്റെ വസതിയില്‍ ബഷീറിക്ക പറഞ്ഞത് പോലെ എത്തി ചേര്‍ന്നു ...

കണിയാര്‍ : "മാണിംഗ് ....വോട്ട്സ് .. യുവർ ആഗമനോദ്ദേശം..?"

ജീസന്‍ : "ചേട്ടനൊരു ബ്ലോഗു തുടങ്ങണം ....മലയാളത്തില് .."

കണിയാര്‍ : "ദക്ഷിണ കൊണ്ടുവന്നിട്ടുണ്ടോ ...?"
ഞാന്‍ : "ഉവ്വ്  ... '{ഒരു വെട്ടിരിമ്പും (ജാക്ക് ഡാനിഅല്‍), പുല്ലും (സോമാലിയന്‍ കഞ്ചാവും }

കണിയാര്‍ : "ട്യാന്ക്യൂ ...വെരിമച്ച് ...മച്ചാന്‍സ് "
ഗോവീൺ കണിയാര്‍ , പണിക്കര്‍ കവടി നിരത്തുന്നത് പോലെ കമ്പ്യുട്ടറില്‍
കൈ പരത്തി ഓടിച്ചിട്ട് , മലയാളം ബുലോഗം മുഴുവന്‍ തപ്പി നോക്കി , എന്നിട്ട് പറഞ്ഞു
- ഏതാണ്ട് രണ്ടായിരത്തോളം  ബ്ലോഗര്‍ മാരുണ്ട് ഈ ഭൂമിമലയാളത്തില് , ബ്ലോഗുന്നവര്‍ ഇത്ര , തീരെ ബ്ലോഗാത്തവര്‍ ഇത്ര ...
അങ്ങിനെ കുറെ കണക്കുകള്‍ .
ഇതിനിടക്ക് നടന്ന സംഭാഷണങ്ങളില്‍ നിന്നും കുറച്ചു ശകലങ്ങള്‍ ....

കണിയാര്‍ : "ആരു പറഞ്ഞിട്ടാ...ബ്ലോഗാന്‍ പോകുന്നത് .....Who is ur master  ?"

ഞാന്‍ : "ജെ .പി .ആണെന്റെ മാഷ് ;നമ്മുടെ കഥകളൊക്കെ എഴുതീര്‍ന്ന ശ്രീരാമനില്ലേ,
മൂപ്പരുടെ കസിനാ..."

കണിയാര്‍ : "I know ; ഇന്ത്യന്‍ പുരാണാസിലെ സ്രീരാമാനെല്ലേ , One of our God ?"

ജീസന്‍ : "ഏയ് അത് BJP ക്കാരുടെ രാമനെല്ലേ ; ഇതു വേർറാള് - തനി കേരളന്‍ "

കണിയാര്‍ : "I know ; ഒരു Axe എറിഞ്ഞു കേരളത്തെ പ്രൊഡ്യൂസ് ചെയ്ത രാമന്‍ ...ഓ പറസുറാമ് ..ല്ലേ "

ഞാന്‍ : "J.P ന്നു പറയുന്ന ആള് ഇവരോന്നുമല്ല ;സിനിമേലൊക്കെ അഭിനയിക്കണ ശ്രീരാമനില്ലേ മൂപ്പരുടെ ബ്രദറാ.....ആളാ എന്റെ മാഷ് - ഗുരു ..., മൂപ്പർക്ക് അഞ്ച്  മലയാളം ബ്ലോഗുകൾ ഉണ്ട് "

കണിയാര്‍ : "അപ്പോള്‍ ഈ ജെ .പി. രാമന്റെ ഹെല്‍പ്പ് കിട്ടും അല്ലേ..?
Okay ; All right ..ബൈ ദ ബൈ എന്താ സൈറ്റിന് പേര്  കൊടുക്കേണ്ടേ ? "

ഞാന്‍ : "ബിലാത്തി പട്ടണം / Bilatthipattanam "
 
കണിയാര്‍ : "വോട്ട്സ് ദാറ്റ്  ..?   Please spell it for me.."

ഞാന്‍ : "ബിലാത്തി മീന്‍സ് ഇംഗ്ലണ്ട് അതായത് ശീമ ; പട്ടണം മീന്‍സ് സിറ്റി .
ഇംഗ്ലണ്ടിലെ സിറ്റി മീന്‍സ് ലണ്ടന്‍ ......അതാണീ ..... ബിലാത്തിപട്ടണം .."

അങ്ങിനെയാണ് ഈ ബ്ലോഗ് ഉണ്ടായെന്ന് പറയ്യാ ..എന്റെ കൂട്ടരേ ...

രണ്ടായിരത്തിയെട്ട് നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി
ദിനത്തിന് മോളുടെ ടൈപ്പിംഗ് സഹായവും , ഡോ : അജയിന്റെ
ബ്ലോഗുമോടിപിടിപ്പിക്കലും ഒക്കെയായി ....ഇവിടത്തെ മലയാളി മിത്രങ്ങൾ
എല്ലാവരും കൂടി എന്നെ ഈ ബുലോഗത്തേക്ക് ഉന്തിയിട്ടു എന്ന് പറയുകയായിരിക്കും ഉത്തമം !

അന്നൊക്കെ ശരിക്ക്
പറയുകയാണെങ്കില്‍
പണ്ടത്തെ പുരാണത്തിലെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന പോലെ , ഞാനപ്പോള്‍ ലണ്ടനിലും ഇല്ലാ..., ബുലോഗത്തുമില്ല എന്ന അവസ്ഥയിലായിരുന്നു ...!

ഏതാണ്ടൊരു  കൊല്ലത്തിന് ശേഷം മലയാള ബൂലോഗത്ത് ഇടിച്ചിടിച്ച് നിന്ന് കുറേശ്ശെ കുറേശ്ശയായി പിടിച്ചുപിടിച്ച് കയറി വന്നു ഞാൻ ...

എന്നെക്കാൾ മുമ്പും , ഒപ്പവും , പിന്നീടും കയറിവന്ന
അസ്സൽ ബൂലോകരായ പല ബഹുകേമന്മാരും , കേമത്തികളുമൊക്കെ
പല പല തിരക്കുകൾ കാരണം ബ്ലോഗുലകത്തിൽ അധികം മേഞ്ഞുനടക്കാത്തതിനാലും ,
മറ്റു പല മേച്ചിൽപ്പുറങ്ങൾ  തേടി പോയതിനാലും , കഴിഞ്ഞ ഒരു ദശ വർഷക്കാലം ഒരു കോട്ടവും കൂടാതെ തുടർച്ചയായി  ഈ വിസ്താരമായ ബൂലോഗ പ്രദേശം മുഴുവൻ മാറി മാറി ഞാൻ ഇന്നും മേഞ്ഞുനടക്കുന്നു എന്ന് മാത്രം ...!

ഇപ്പോൾ ബ്ലോഗുലകത്തിൽ എന്റെ ബാല്യം
വിട്ട് കൗമാരത്തിലേക്ക് പ്രവേശിക്കുകയാണ് ഞാൻ ...!
ഇനി ഒരു നല്ലൊരു യൗവ്വനമോ , വാർദ്ധ്യകമോ കൊണ്ടാടുവാൻ എനിക്കാവില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെ -
തനി കൗമാര ലീലകളുമായി ഞാൻ ചുമ്മാ മുന്നോട്ട് ഗമിക്കുവാൻ ശ്രമിക്കുകയാണ് ...

ഇതുവരെ സ്നേഹനിധികളായ നിങ്ങൾ ഓരോ മിത്രങ്ങളും എനിക്ക് തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി ...

അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന
മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന്
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ
റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!

ഇന്ന് പല പഴയ കാല ബൂലോക മിത്രങ്ങളും അപ്പപ്പോൾ മാത്രം പ്രതികരണം കിട്ടുന്ന 'മുഖപുസ്തക ബ്ലോഗുകളിലും , ഇൻസ്റ്റാഗ്രാമിലും , ടംബ്ലറിലും , ട്വിറ്ററിലു'മൊക്കെ റോന്ത് ചുറ്റുന്നത് കാണം . ആയതിൽ കുറിച്ചിടുന്ന രചനകളൊക്കെ - അവരവരുടെ ബ്ലോഗുകളിൽ കൂടി പതിച്ചിട്ടാൽ അവയെല്ലാം കാലാകാലം നിലനിൽക്കുകതന്നെ ചെയ്യും ...കേട്ടോ .



ഇതോടൊപ്പം എല്ലാ വായനക്കാരേയും  ഒരു പുതിയ 
ബൂലോഗ പ്രവേശം നടത്തുവാൻ വേണ്ടി സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് , 
ഒപ്പം പഴയ ബ്ലോഗേഴ്‌സിന് അവരുടെ ബ്ലോഗുകളിലേക്ക് വീണ്ടും ഊർജ്‌ജസ്വലതയോടെ തിരിച്ചുവരുവാനും സാധിക്കുന്ന ഒരു ബ്ലോഗ് ദിനം സമാഗതമായിരിക്കുകയാണ് ഈ നവമ്പർ പത്താം തീയതി മുതൽ  
നമ്മുടെ പ്രിയ ബ്ലോഗ്ഗർ 'രമേശ് അരൂർ 'പറഞ്ഞത് പോലെ 
'എന്താ ഈ ബ്ലോഗ് ചാലഞ്ച് ഏറ്റെടുക്കുകയല്ലേ...നമ്മൾ

നവംബര്‍ 10ന് നാം ബ്ലോഗുകള്‍ വീണ്ടെടുക്കുന്നു..

ഭൂഖണ്ഡങ്ങളുടെ പോലും അതിരുകള്‍ ഭേദിക്കുന്ന വായനയുടെയും എഴുത്തിന്റെയും, സൗഹൃദങ്ങളുടേയും ,
പൂക്കാലങ്ങള്‍ വീണ്ടെടുക്കുന്നു..

മുന്‍ ബ്ലോഗര്‍മാരും പുതു ബ്ലാഗര്‍മാരും ഈ വീണ്ടടുപ്പില്‍
പങ്കാളികളാകട്ടെ..അറിയാവുന്ന എല്ലാ ബ്ലോഗര്‍മാരെയും അറിയിക്കുക..
പങ്കാളികളാക്കുക..ടാഗ് ചെയ്യുക..നവംബര്‍ പത്തിന് ബ്ലോഗ് വസന്തം വിരിയട്ടെ..<3




പിന്നാമ്പുറം :- 

ദാ ...തുടക്കം മുതൽ ഒരു ദശകം പിന്നിട്ട
ഈ 'ബിലാത്തിപട്ടണ'മെന്ന ബൂലോഗ തട്ടകത്തിലെ
കഴിഞ്ഞ വർഷം വരെയുള്ള പത്ത് വാർഷിക കുറിപ്പുകളാണ്
താഴെയുള്ള ലിങ്കുകളിൽ ഉള്ളത് കേട്ടോ കൂട്ടരേ .
നന്ദി ...നമസ്കാരം ...


  1. ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008 .
  2. ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
  3. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
  4. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011.
  5. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
  6. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
  7. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
  8. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
  9. 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -2016.
  10. ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017 .

Monday 24 September 2018

പദശുദ്ധി കോശം ....! / Padashuddhi Kosham ...!

അങ്ങനെ എങ്ങനെ എഴുതും എന്നതുമാത്രമല്ല ,
ഇങ്ങനെ എഴുതിയാൽ - 'അങ്ങിനെ' എന്നാണോ 
 'ഇങ്ങിനെ'യെന്നാണോ  'എങ്ങിനെ'യെന്നാണോ -
അഥവാ ഇവയെല്ലാം എങ്ങനെയാണ്  വായിക്കേണ്ടത്  അല്ലെങ്കിൽ പറയേണ്ടത് എന്നതുപോലും നമ്മൾ ഒട്ടുമിക്ക മലയാളികൾക്കും അറിയില്ല എന്നത് ഒരു വാസ്തവമാണ് ...
ആദരാഞ്ജലി (ഞ് ജ )അർപ്പിക്കുന്നതിന് പകരം
ആദരാജ്ഞലികൾ (ജ്‌ ഞ)നേരുന്നവരാണ് നാം കൂടുതൽ പേരും ...
അങ്ങനെ , ഇങ്ങനെ , എങ്ങനെ ,അതിഥി , അടിയന്തിരം , അഗ്നികുണ്ഡം , അഭിഭാഷിക , കല്യാണം , കവയിത്രി , കർക്കടകം, കൈയൊപ്പ് , മാദ്ധ്യമം , തിരഞ്ഞെടുപ്പ്  , തെറ്റുദ്ധാരണ , നിഘണ്ടു , പതിവ്രത  , പ്രസംഗകൻ , യാചക ,
ശിപാർശ , ഷഷ്ടിപൂർത്തി , സ്ത്രീശക്തീകരണം  മുതൽ അനേകം ശരിയായ ഉച്ചാരണവും, അർത്ഥവുമുള്ള മലയാള ഭാഷയുടെ പദസമ്പത്തിൽ നിന്നും ഇപ്പോൾ പലയിടത്തും ഇവയുടെയൊക്കെ  വികലമായ പദങ്ങളായ അങ്ങിനെ , ഇങ്ങിനെ , എങ്ങിനെ , അഥിതി , അടിയന്തരം , അഗ്നികുണ്ഠം, അഭിഭാഷക , കല്ല്യാണം , കവിയിത്രി , കർക്കിടകം, കൈയ്യൊപ്പ് , മാധ്യമം , തെരെഞ്ഞടുപ്പ്, തെറ്റിദ്ധാരണ , നിഘണ്ഡു , പതിവൃത , പ്രാസംഗികൻ , യാചിക , ശുപാർശ , ഷഷ്ഠിപൂർത്തി, സ്ത്രീശാക്തീകരണം എന്നിങ്ങനെയുള്ള ഉച്ചാരണങ്ങളും പ്രയോഗങ്ങളുമാണ് കണ്ടുവരുന്നത് ...!

മറ്റു ഭാഷകളിൽ നിന്നും കടമെടുത്തതും , അല്ലാത്തതുമായ പദങ്ങളുടെ ശരിയായ അർത്ഥവും ഘടനയും എന്തെന്നറിയാതെ അതാതു പ്രാദേശിക ഭാഷ്യങ്ങളുമായി ഉരുത്തിരിഞ്ഞു വന്ന വാക്കുകൾ പ്രാബല്യത്തിൽ വന്നത് തൊട്ട് , നമ്മുടെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങൾ മുതൽ ആധുനികമായ കമ്പ്യൂട്ടർ ലിപികൾ വരെ ഇത്തരം വികലമായ പദങ്ങൾ നിത്യോപയോഗത്തിൽ പ്രായോഗികമാക്കിത്തീർക്കുവാൻ ഏവരെയും പ്രാപ്തരാക്കി എന്ന് പറയുന്നതായിരിക്കും ഇതിനുള്ള കാരണങ്ങൾ ...!

ഇതുപോലെ അനേകമനേകം മലയാളം പദങ്ങൾ ഒട്ടും ഭാഷ ശുദ്ധിയില്ലാതെയാണ്  നാം പ്രയോഗിച്ചുവരുന്നതെന്ന് മനസ്സിലാക്കിയാൽ ശ്രേഷ്ഠമലയാളം എന്ന പദവിക്ക് നമ്മൾ അനർഹരായി തീരും ...!

ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയിൽ  നമ്മുടെ ഭാഷാശുദ്ധിയെ കുറിച്ചുള്ള ഏറ്റവും നവീനമായ 'പദശുദ്ധി കോശം ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...

മലയാള ഭാഷയിൽ കാലാകാലങ്ങളായി ഇറങ്ങിയ ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന
നിരവധി ഗ്രന്ഥങ്ങളിൽ നിന്നും എടുത്തിട്ടുള്ള പരാമർശങ്ങൾ സഹിതം , ഡോ .ഡേവീസ് സേവ്യർ , 2014 മുതൽ 'ദീപനാളം' വാരികയിൽ തുടർച്ചയായി എഴുതി വന്ന 'ശ്രേഷ്ഠമലയാളം എന്ന പംക്തി , കുറച്ച് ഭാഷാസ്നേഹികളുടെ കൂട്ടായ്മയാൽ പുസ്തകരൂപം പ്രാപിച്ചതാണ് മലയാളത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ  ഗ്രന്ഥം ...!

അതായത് വായനയുടെ രസകരമായ രസതന്ത്രം തീർക്കുന്ന 'ബുക്ക് മീഡിയ ' പ്രസിദ്ധീകരിച്ച വായനയും എഴുത്തും വിഭാഗത്തിലുള്ള യുക്തിയുക്തമായ സമർത്ഥനങ്ങളോടെ അനേകം ദൃഷ്ട്ടാന്തങ്ങൾ  സഹിതം , ലളിത പ്രതിപാദനത്തോടെ തയ്യാറാക്കിയ - മലയാള ഭാഷ വ്യവഹരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരെല്ലാം അവശ്യം കൈയിൽ കരുതേണ്ട ഒരു ആധികാരിക ഗ്രന്ഥം ...

മലയാള ഭാഷ കൃത്യമായി പ്രയോഗിക്കാൻ , 3416 ശുദ്ധപദങ്ങളുടെ ഒരു വാഗർത്ഥജാതകം ...! !


ഒരേസമയം ശരിയും തെറ്റുംപ്രചരിച്ചു
കൊണ്ടിരുന്നാൽ ഭാഷയ്ക്ക് വ്യവസ്ഥയില്ലാതാകും.
ഈ തരത്തിലുള്ള വ്യവസ്ഥയില്ലായ്മയെ ഒരു ഭാഷണ സമൂഹവും അംഗീകരിക്കുന്നില്ല.

അതുകൊണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരായ അദ്ധ്യാപകർ , മാദ്ധ്യമ പ്രവർത്തകർ, സാഹിത്യ പ്രവർത്തകർ , പ്രഭാഷകർ , അഭിഭാഷകർ  , ന്യായാധിപർ , ഭരണ്ഡർ, ഭരണകർത്താക്കൾ മുതൽ നവമാദ്ധ്യമ തട്ടകങ്ങളിലെ രചയിതാക്കൾ വരെ ഭാഷയിലെ 'വരമൊഴിയിലെ നേർവഴി' ശീലിക്കേണ്ടതുണ്ടെന്നാണ് ഡോ .ഡേവീസ് സേവ്യർ തന്റെ മുഖക്കുറിപ്പിൽ വ്യക്തമാക്കുന്നത് .

ഈ ശീലം പ്രാവർത്തകമാക്കിയില്ലെങ്കിൽ നമ്മുടെ വരുംതലമുറ വഴിതെറ്റുമെന്നും , എഴുതുന്ന ആൾ വിവക്ഷിക്കുന്നത് വായിക്കുന്ന /കേൾക്കുന്നവർ ശരിയായി ഗ്രഹിക്കണമെങ്കിൽ ഭാഷ നിഷ്കർഷമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു ...

ആഗോളതലത്തിലുള്ള ഏതൊരു ഭാഷയിലും തെറ്റുകൾ സ്വാഭാവികമായതിനാൽ തെറ്റുതിരുത്തലുകളും അനിവാര്യമാണ് . പലപ്പോഴും ഇത്തരം തെറ്റുകൾ ഒരു വാക്കിന്റെ യഥാർത്ഥ അർത്ഥത്തെ മാറ്റി മറിക്കുകയോ അവ്യക്തമാക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് ഗ്രന്ഥകാരൻ  പറയുന്നത് .

അതിനാൽ ആശയവിനിമയത്തിന് കോട്ടം തട്ടാത്ത വിധത്തിൽ ഏതൊരു പുതിയ പദത്തിനും ഭാഷയുടെ ധർമ്മത്തിനനുസരിച്ചുള്ള ശുദ്ധിയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തിലെ വികസിത ഭാഷകളിലെല്ലാം ഈ പ്രക്രിയ നടക്കുന്നുണ്ടെന്നുള്ളതിനാലാണ് ഗ്രന്ഥകാരനും കൂട്ടരും കൂടി , ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അവലോകനം ചെയ്ത് , പലതരം പരാമർശങ്ങൾ അടക്കം ഈ 'പദശുദ്ധി കോശം ' പുറത്തിറക്കിയിട്ടുള്ളത് ...

ശരി പഠിക്കണമെന്നും ഭാഷ ശരിയായി പ്രയോഗിക്കണമെന്ന്  ആഗ്രഹമുള്ള ഏതാനും പേരുടെ ഇച്ഛാശക്തിയാണ്  ഈ ഗ്രന്ഥത്തിന്റെ ജനനത്തിന് വഴിയൊരുക്കിയത് .

ഭാഷ ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്നവർക്ക് ഭൂമിയിലും സ്വർഗ്ഗത്തിലും ആഗ്രഹിക്കുതെന്തും ലഭിക്കുമെന്നാണ് പതഞ്ജലി മഹർഷി പുരാണകാലത്ത് പറഞ്ഞുവെച്ചിട്ടുള്ളത് ...!

ആ ഭാഷ്യം അല്ലങ്കിൽ മഹദ്വചനം അന്വർത്ഥമാക്കുന്ന പ്രതീതിയാണ് മലയാളത്തിലെ ഈ വിലപ്പെട്ട പുസ്തകത്തിന്റെ അണിയറ ശില്പികൾക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളത് ...

ഇതേ അനുഭവം തന്നെയാവും ലോകമെമ്പാടുമുള്ള മലയാളികൾക്കും 'പദശുദ്ധി കോശം ' വായിച്ച ശേഷം , നമ്മുടെ മാതൃഭാഷ മലയാളം ശരിയായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നതും ...!

അതുമല്ലെങ്കിൽ മലയാളം ശരിയായി പഠിക്കുവാനും , ശരിയുടെ പക്ഷത്ത്
ഉറച്ചുനിൽക്കുവാനുള്ള ഒരു പ്രത്യേക ഊർജ്ജമെങ്കിലും ഈ 'പദശുദ്ധി കോശം'
പ്രദാനം ചെയ്യും ...!

മാതൃഭാഷ മലയാളത്തിന്റെ ഭാഷണത്തിലും എഴുത്തിലും ആർജ്ജിച്ച
പൈതൃകശക്തിയെ അത്യന്ത്യം ബലപ്പെടുത്തുന്ന ഒരു പദശുദ്ധി കോശം
മലയാള ഭാഷക്ക് സമർപ്പിച്ച , പാലാ സെന്റ്‌ .തോമസ് കോളേജ് മാലയാള വിഭാഗം
അധിപൻ ഡോ .ഡേവീസ് സേവ്യറിനോട് ഭാഷാസ്നേഹികളായ എല്ലാ മലയാളികളും എന്നും കടപ്പെട്ടിരിക്കുകയാണ് ...
അതെ
ഡോ .ഡേവീസ് സേവ്യർ ചെയ്തിരിക്കുന്നത് ഒരു മഹത്തായ സേവനം തന്നെയാണ് ...!

ഇന്നുള്ള നവ വിനോദോപാധി മാദ്ധ്യമങ്ങളിൽ അടക്കം മറ്റെല്ലാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിൽ വരുന്ന മലയാള പദങ്ങളെ കുറിച്ചുള്ള തെറ്റുകുറ്റങ്ങളും , സംശയങ്ങളും , മറ്റും വായനക്കാരും , ശ്രോതാക്കളും , കാഴ്ച്ചക്കാരുമെല്ലാം സൗമനസ്യം ചൂണ്ടിക്കാണിച്ചാൽ മാത്രമേ ഇത്തരം വാഗർത്ഥ ജാതകങ്ങൾ പൂർത്തിയാകുകയുള്ളൂ...
  
ഡോ .ഡേവീസ് സേവ്യർ 
അതായത് നമ്മുടെ ശ്രേഷ്ഠമലയാളം
തെറ്റില്ലാതെ വളരണം ; വളർത്തപ്പെടണം ...

പിന്നാമ്പുറം :-
'ബ്രിട്ടീഷ് മലയാളി'യിൽ ഈ 'പദശുദ്ധി കോശം'
ഗ്രന്ഥാവലോകനം പ്രസിദ്ധീകരിച്ചത് ..!
40 കഴിഞ്ഞ സഹോദരങ്ങൾ ക്ഷമയോടെ വായിക്കുക..

വയസ് നാല്പതുകളിലോ അമ്പതുകളിലോ  എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ,
എത്തി കഴിഞ്ഞവരെ,
ഇത് നിങ്ങൾക്കാണ്.........

 ഹോ,നമ്മളോളം കുട്ടികളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്തുണ്ടാവുമോ?

എത്ര വയസുവരെയാണ്‌ മനുഷ്യരുടെ സദാ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം?

ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത്‌ പിന്നേയും മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്‌

പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ്‌ നമ്മുടെ പൂർവികർ.

പത്തു വയസാവുമ്പോഴക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക്‌ നിർവ്വഹിച്ചിരുന്നവർ

അവരുടെ തലമുറയിൽപെട്ട അമ്മമാരാണ്‌ ഇരുപത്തി അഞ്ചു വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ്‌ എന്ന  കാരണത്താൽ കൂട്ടുകാരികൾ
പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്‌

മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും , ടി  വി യും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ധുചെയ്ത്‌ വീടിനെ മരണവീടുപോലെ   ശോകമൂകമാക്കുകയും ചെയ്യുന്നതും

മകന്‌  മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത്‌ കൂട്ടിരിക്കുന്ന ഒരമ്മയെ പറ്റി കേട്ടിട്ടുണ്ട്


ഹോസ്റ്റലൊന്നും ശരിയാവില്ല ,അവന്‌ ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ്‌ അവരുടെ യുക്തി

കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല,

നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരുംവരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ്‌ വിഷയം.

സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.

ഒരു പൊന്മാന്‌ അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ

പക്ഷേ കണ്ടിട്ടില്ലേ
അത്‌ മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ്‌ ചെയ്യുക

കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ്‌ ഈ ഭൂമി
ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം

നിങ്ങൾ നിങ്ങളുടെ ജീവിതംജീവിക്കുക എന്നത്‌ പ്രധാനമാണ്‌

മരങ്ങളിൽ വള്ളികൾക്ക്‌ എന്നുള്ളതുപോലെയാണ്‌ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്‌
അത്‌ ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ്‌ ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്‌

മരിക്കുംബോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്‌

രണ്ടാമത്തെ തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്‌?
ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക്‌ അതു കൊണ്ട്‌ എന്ത്‌ ലാഭമാണുള്ളത്‌?

അതു കൊണ്ട്‌ അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച്‌ അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക
അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക അവനവന്റെ ഇഷ്ടങ്ങൾക്ക്‌ അപരന്റേതിന്‌ ഒപ്പമെങ്കിലും പരിഗണന നൽകുക

നാൽപത്തി അഞ്ച്‌ വയസ്‌ കഴിഞ്ഞ ഒരു മദാമ്മ ഈയിടെ  വയനാട്ടിൽ വന്നു

അൻപത്‌ വയസിന്‌ മുൻപ്‌ ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ്‌ ലിസ്റ്റ്‌ ഉണ്ടായിരുന്നു അവരുടെ കയ്യിൽ
അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു

ആനപ്പുറത്ത്‌ കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം  നടപ്പിലായിക്കിട്ടുമോ എന്നാണ്‌ ആയമ്മക്ക്‌ അറിയേണ്ടിയിരുന്നത്‌

മറ്റുള്ളവർക്ക്‌ വിചിത്രമെന്ന് തോന്നാം ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ
അത്‌ പക്ഷേ നമ്മുടെ കുഴപ്പമല്ല ,
നമ്മളല്ല അവർ എന്നത്‌ കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫൂഷനാണത്‌
നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.

നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക്‌ വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നർസ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു

ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുംബോൾ പറഞ്ഞിരുന്നത്‌  എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം.
'കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു..'എന്നതാണ്‌ അതിന്‌ അവർ പറഞ്ഞ ഉത്തരം

പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ്‌ ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ

ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക്‌ പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു

ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌

നിസ്സാരമെങ്കിലും പലവിധകാരണങ്ങളാൽ നടക്കാതെപോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ്‌ ആശകളേക്കുറിച്ചാണ്‌

മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല
മറ്റുള്ളവർക്ക്‌ വേണ്ടി, മറ്റുള്ളവർക്ക്‌ വേണ്ടി എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ  ചില സന്തോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിക്കുന്നത്‌

നാളേക്ക്‌ നാളേക്ക്‌ എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന  പലപല സംഗതികളെക്കുറിച്ച്‌

അത്‌ പലർക്കും പലതാകാം

വിജനമായ ഒരു മലമുകളിലേക്ക്‌ ഒറ്റക്ക്‌ കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം

കാസിരംഗയിലെ ഒരു ഒരു കാനന സഫാരിയോ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലോ ആകാം

ഉറക്കെയുറക്കെ പാടുക
മതിവരുവോളം നൃത്തം ചെയ്യുക

പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട്‌ മലർന്നു കിടക്കുക,
തുടങ്ങി അന്യന്‌ ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം

നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്‌

വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ സിംഗറിന്റെ തയ്യൽ മെഷീൻ കണ്ടോ

'തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത്‌ പോകാൻ വയ്യ..
ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം'
എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത്‌ നേരാണ്‌ എന്ന് ഒരാൾ വിശ്വസിച്ചതാണ്‌ അതങ്ങനെ അവിടെ വരാൻ കാരണം

അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ അതും അങ്ങനെ വന്നതു തന്നെ

എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ  ഈ കുറിപ്പ്‌ കൊണ്ടും ഞാൻ ലക്ഷ്യം വക്കുന്നത്‌ നാൽപത്‌ കഴിഞ്ഞവരേയാണ്‌

മറ്റുള്ളവർക്ക്‌ ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ്‌ അത്‌

നാൽപത്‌ കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ
സ്റ്റാന്റ്‌ വിട്ടു പോയിക്കൊണ്ടിരിക്കുന്നത്‌ അവർക്കുള്ള അവസാന ബസുകളാണ്‌

അമാന്തിച്ചു നിന്നാൽ  മനസമാധാനമില്ലാതെ മരിക്കാം
ഈ മനോഹരതീരത്ത്‌ ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം

നിങ്ങളോട്‌ എന്ന വ്യാജേന ഇത്‌ ഞാൻ എന്നോടും കൂടിയാണ്‌ പറയുന്നത്‌ എന്ന് തിരിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ

പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ധങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ  അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്‌

പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട്‌ ഞാൻ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു

ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ്‌ ആ കൗശലം

ഒരാൾ ഇല്ലാതായാൽ ലോകത്തിന്‌ എന്ത്‌ സംഭവിക്കാനാണ്‌?

ഭാര്യ തനിയെ ജീവിക്കില്ലേ?

മകൾ പഠിക്കുകയോ ഉദ്യോഗം നേടുകയോ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യില്ലേ?

നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ?
ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ?

അത്രയേ ഉള്ളൂ കാര്യം
നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ പ്രസക്തി

അപ്പോ ശരി..
എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ?

ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌ എന്നു സാരം

സുഹൃത്ത് അയച്ചുതന്നത്....

Friday 31 August 2018

മഹാപ്രളയ താണ്ഡവത്തിൽ മുങ്ങി നിവരുന്ന ഒരു പുതു കേരളം ...! / Maha Pralaya Thandavatthil Mungi Nivarunna Oru Puthu Kearalam ...!


മുതൽ ഇനിയെങ്കിലും
മലയാളി പ്രകൃതിയെ
മാനിക്കാൻ പഠിക്കണം...
വനനശീകരണവും, പാടം നികത്തലും,
പാറ മടകളും, മണൽ വാറ്റുകളും, പുഴ/
കായൽ കൈയ്യേറ്റങ്ങളുമൊക്കെ ഇനിയും വെള്ളം ഇറങ്ങിയാൽ, ഇതുപോലെ തന്നെ തുടർന്നാൽ ഇത്തരം മഹാപ്രളയങ്ങൾ ഒരോ പതിറ്റാണ്ടിലും ദുരിതങ്ങളെയോ, ദുരന്തങ്ങളായോ നമുക്ക് കൊണ്ടാടിക്കൊണ്ടിരിക്കാം...

ഓണത്തിന്റെ സന്ദേശമായ
'മാനുഷ്യരെല്ലാം ഒന്നാണ് ' എന്ന്
പ്രാബല്യത്തിൽ വരുത്തി കൊണ്ട്
ജാതി മത രാഷ്ട്രീയ വേർതിരിവുകൾ
ഇല്ലാതെ നമുക്കേവർക്കും ഒന്നിച്ച് നിന്ന്
ഒരു പുതു കേരളം വാർത്തെടുക്കാം... 

അരക്കോടിയോളം
ആളുകൾക്കും, നമ്മുടെ
പ്രിയ നാടിനും - പ്രത്യക്ഷമായൊ, പരോക്ഷമായൊ അനേകം ദുരന്തങ്ങളും, നാശനഷ്ടങ്ങളും സൃഷ്ടിച്ചാണ് ഈ മഹാ
പ്രളയം നമ്മുടെ നാട്ടിൽ താണ്ഡവമാടിയത്...
ഇതൊന്നും ബാധിക്കാത്ത മൂന്ന്
കോടിയോളം വരുന്ന മലയാളി സമൂങ്ങളിൽ പകുതിയോളം പേരെങ്കിലും മനസ്സറിഞ്ഞ് - അവരെല്ലാം ഇപ്പോൾ അനുഭവിക്കുന്ന ജീവിത ആഡംബരങ്ങൾ കുറച്ച് കാലം ലഘൂകരിച്ചോ, അല്ലാതെയോ അവരുടെ നാടിനും, നാട്ടാർക്കും വേണ്ടി അവരവരാൽ കഴിയുന്ന വിധം, 'ഗവർമെന്റ് ബോഡി'ക്കൊപ്പം നിന്ന് സഹായിച്ചാൽ നമുക്ക് എത്രയും വേഗം തന്നെ ഒരു ആധുനിക നവ കേരളം കെട്ടിപ്പടുക്കുവാൻ കഴിയും... 
ആധുനിക രീതിയിലുള്ള റോഡുകൾ,
ദുരന്ത നിവാരണ മാർഗ്ഗങ്ങൾ, മാലിന്യ നിർമ്മാജന കേന്ദ്രങ്ങൾ മുതൽ അനേകം ചിട്ടവട്ടങ്ങൾക്ക് ഒന്നിച്ചു നിന്ന്, ഒത്തൊരുമിച്ച്, അവരവരുടെ ദേശങ്ങളിൽ നിന്നും നമുക്ക് തുടക്കം കുറിക്കാം...
അങ്ങിനെ ലോകത്തിനു
മുന്നിൽ നമുക്ക് വീണ്ടും ഒരു
മാതൃഈ പ്രളയക്കെടുതി തീർന്നാലും
ഇപ്പോൾ ഏതാണ്ടെല്ലാം നഷ്ട്ടപ്പെട്ട
ദുരിതാശ്വാസ ക്യാമ്പിലും , വീട് വിട്ടിറങ്ങി മറ്റിടങ്ങളിലും താമസിക്കുന്നവരുടെ
ദുരിതങ്ങൾ പെട്ടെന്നൊന്നും തീർന്നു കിട്ടുന്നതല്ല ...
അതുകൊണ്ട് ഇപ്പോള്‍ കേരളത്തിനും ,
ദുരന്ത ബാധിതർക്കും വേണ്ടത് പ്രവാസികളായ നമ്മുടെ കനിവോ, സഹതാപമോ ഒന്നും അല്ല -
അവർക്കും നാടിനും വേണ്ടത് നഷ്ട്ടപ്പെട്ടെതെല്ല്ലാം വീണ്ടും കെട്ടിപ്പടുത്തുയർത്തുവാനുള്ള
സാമ്പത്തിക സഹായങ്ങളാണ് ...
അതിനാൽ മനസ്സിൽ നന്മയുള്ളവർക്കെല്ലാം ,നമ്മുടെയെല്ലാം ഒരു ദിവസത്തെ വേതനമോ ,ഇഷ്ട്ടപ്പെട്ട തുകയോ നമുക്ക് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ,
നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി , പ്രിയ നാടിനു വേണ്ടി നീക്കിവെക്കാം . സഹ ജീവികളോട്
ദുരിതത്തിലല്ലാതെ എന്നാണ് നമ്മള്‍ എെക്യപ്പെടുക...?
പല യു.കെ മലയാളികളും വ്യക്തിപരമായും , സംഘടനാപരമായും ധാരാളം ഡൊണേഷനുകൾ
ഇത്തരം 'റിലീഫ് ഫണ്ടി'ലേക്ക് കൊടുക്കേണ്ടത് , ഈ ദുരന്തത്തിൽ പെട്ടവരെയെല്ലാം വീണ്ടും മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ വേണ്ടിയാണ് ...
ഇതെല്ലാം നമ്മൾ ഓരൊ മലയാളികളുടെയും കടമയും , ചുമതലയും , ഉത്തരവാദിത്വവും ആണ് ...ക രാജ്യം ആയിത്തീരാം...

Tuesday 31 July 2018

പകർപ്പാവകാശം മുതൽ 'മീശ'യുടെ ആവിഷ്കാര സ്വാതന്ത്യം വരെ ... ! / Pakarppavakaasham Muthal ' Meesha'yute Aavishkaara swathanthryam Vare ... !

ഈയിടെ ഇന്റർനെറ്റ് എഴുത്തുകളുടെ പകർപ്പാവകാശ ലംഘനത്തിനെതിരെ നമ്മുടെ മിത്രം നിരക്ഷരനായ മനോജ് രവീന്ദ്രന്റെ നേതൃത്വത്തിൽ - ഒരു കൂട്ടം സൈബർ എഴുത്തുകാർ, അവരുടെ തട്ടകങ്ങളിലെ കൃതികളിൽ നിന്നും ,പല  ഭാഗങ്ങളും പകർത്തിയെടുത്ത് പുസ്തകങ്ങൾ ഇറക്കിയ എഴുത്തുകാരനും , ആയത് പ്രസിദ്ധീകരിച്ച് പുസ്തകമാക്കിയ പ്രസാധകർക്കും എതിരെ ഒരു 'ബെഞ്ച് മാർക്ക് 'വിധി സമ്പാദിക്കുവാൻ വേണ്ടി മുന്നിട്ടിറങ്ങിയ കാര്യം ഏവർക്കും അറിവുള്ള കാര്യമാണല്ലോ  .
ഒരു പക്ഷെ നമ്മുടെ നാട്ടിൽ പുതിയതായുള്ള  'ഡിജിറ്റൽ മീഡിയ നിയമ'ങ്ങൾ അങ്ങിനെ പ്രാബല്യത്തിൽ വരാത്തതുകൊണ്ടായിരിക്കാം , ഈ കേസിലെ പ്രതികളൊക്കെ ചുമ്മാ ഇതിനെ പുച്‌ഛിച്ചു തള്ളുന്നത് . 
ഈ വേറിട്ട കേസിന്റെ ഇതുവരെയുള്ള നീക്കങ്ങളും ,വഴിത്തിരിവുകളും ഇവിടെ നിരക്ഷരൻ ബ്ലോഗ്ഗിൽ വായിക്കാവുന്നതാണ്  ...

ഇപ്പോൾ ബ്രിട്ടനിലും ,യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളിലും 'ഓൺ- ലൈൻ' മാധ്യമങ്ങളിലെ ഏത് 'പ്ലാറ്റ്‌ഫോമിൽ ' ചെയ്യുന്ന എന്ത് /ഏത് വർക്കുകൾ വരെ ഓട്ടോമറ്റിക്കായി 'കോപ്പി റൈറ് 'നിയമത്തിൽ പെടുന്നതാണ്...
Copyright is an abstract notion for many of us. It is unclear whether
it requires registration or not, what the © stands for, how much it costs and what it protects. So, here’s a simple and brief overview of what copyright is. Copyright rests automatically on any work, as long as you created it and it canbe considered original.
Automatically?
Yes! Copyright does not require a registration, payment
or any other formality. It applies automatically to your work once it’s completed.
In the UK and the EU, the © sign is not required, but can be useful to signal that
you are aware of your copyright and will enforce it.
 Any work?
This can be a book, article, blogpost or any other text; a song or melody
you create; a video or film you made; a public performance of theatre or dance; software
code you’ve developed; photographs you’ve taken; logos you’ve drawn; and works of art
such as paintings and sculptures.
Original?
This does not mean you need to be the first ever to create something like it.
It refers to the skill, effort or labour you’ve put into creating it, the creative decisions
you made along the way. For this reason, it is not possible to obtain a copyright on a colour,
name or word (you can look at trade marks for that).
ഇതുപോലെ തന്നെ അമേരിക്കയിലെ
ഡിജിറ്റൽ മീഡിയ നിയമങ്ങളും ഇവിടെ നോക്കാം .

ഒരു കെട്ടിട സമുച്ചയത്തിലെ കടമുറി വാങ്ങിയിട്ടൊ , വാടകക്കൊ എടുത്ത് കച്ചവടം ചെയ്യുമ്പോൾ , ആ കച്ചവടക്കാരനാണ് നിയമപരമായി മൂലധനവും , ലാഭവും , നഷ്ട്ടവുമൊക്കെ സാദ്ധ്യമാകുന്നത് .
അതുപോലെ തന്നെയാണ് ഏതൊരു ' സൈബർ പ്ലാറ്റ്‌ഫോമി'ൽ നിന്നും ഒരു 'ഡൊമെയ്ൻ ' വാങ്ങിയൊ , പാട്ടത്തിനെടുത്തൊ ഒരു 'വെബ് സൈറ്റ് ' തുടങ്ങുന്ന ഏതൊരാൾക്കും കിട്ടുന്ന നിയമ പരിരക്ഷ ...!
സമീപ ഭാവിയിലെ എഴുത്തും , വായനയും ഭൂരിഭാഗവും ഇനി നടക്കുവാൻ പോകുന്ന 'ഡിജിറ്റൽ മീഡിയ' തട്ടകങ്ങളിലുണ്ടാകുന്ന ആവിഷ്കാര സ്വാതന്ത്ര്യം , പകർപ്പവകാശം, പൈറസി ,വിശ്വാസ ലംഘനം മുതൽ സംഗതികളെ കുറിച്ചെല്ലാം  ഇന്നുള്ള ഓരോ സൈബർ എഴുത്തുകാരും ബോധവാന്മാരാകേണ്ടതാണ് ...!

അതുകൊണ്ട് മലയാള സൈബർ ഇടങ്ങളിലെ ഏവരും - നിരക്ഷരനും, കൂട്ടരുടെയും കൂടെ , ഈ വിഷയത്തിൽ , നമ്മുടെ നാട്ടിലെ നിയമ സ്ഥാപനങ്ങളിൽ നിന്നും ഒരു 'പ്രഥമ നിയമ വിധി പ്രസ്താവ'ന ഇറക്കുന്നതിന് വേണ്ടി ഒന്നിച്ച്  അണിചേരേണ്ടതാണ് ...!

ആവിഷ്കാര സ്വാതന്ത്ര്യം , പകർപ്പവകാശം എന്നീ  സംഗതികളൊക്കെ ഒരു സൃഷ്ടികർത്താവിന്റെ അവകാശങ്ങളാണ് .
ഏതൊരു കലാസൃഷ്ടിയും , സാഹിത്യവുമൊക്കെ ഏതൊരു മേഖലയിലും ആവിഷ്കരിച്ചാലും , ആയതിന്റെ ഉടയോരായവർ തന്നെയാണ് ആ സൃഷ്ടി എങ്ങിനെയായിരിക്കണമെന്നും , എന്തുചെയ്യണമെന്നും നിശ്ചയിക്കുന്നവർ ...!

അതെ ഇത്തരം സൃഷ്ടികളിൽ കൂടിയാണല്ലോ പുരാതനകാലം മുതൽ ഇന്ന് വരെ മാനുഷിക സമൂഹത്തിൽ ഓരൊ നവീനമായ ആശയങ്ങളും , പുരോഗമന ചിന്തങ്ങളും അതാതു കാലഘട്ടങ്ങളിലെ  ഒട്ടുമിക്ക കലാസാഹിത്യ വല്ലഭരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...
ആഗോളപരമായി നോക്കിയാൽ ഒരു ദശകം മുമ്പ് വരെ സോഷ്യൽ മീഡിയ വെറും വിനോദോപാധി തട്ടകങ്ങളല്ലാതെ പൊതുജന ജീവിതത്തെ ഒട്ടും അലോസരപ്പെടുത്താത്ത വെറും സൈബർ ഇടങ്ങളായിരുന്നു ...!
പക്ഷെ ഇന്ന് ഇത്തരം സോഷ്യൽ മീഡിയ മാധ്യമങ്ങൾ  അപ്പപ്പോൾ ലോകത്തുള്ള സകലമാന സംഗതികളുടെയും ഗുണഗണങ്ങളും , കാപട്യങ്ങളും അതാതു സമയത്ത് തന്നെ പൊടിപ്പും , തൊങ്ങലും വെച്ച് അങ്ങാടിപ്പാട്ടാവുന്ന സ്ഥിതി വിശേഷങ്ങളിലേക്ക് വളർന്നുവലുതായി കഴിഞ്ഞു ... ! 
ഓരോ രാജ്യങ്ങളുടെയും ഭരണകൂടങ്ങൾക്കും , രാഷ്ട്രീയത്തിനും , മതത്തിനും , മറ്റു കള്ളത്തരങ്ങൾക്കുമൊക്കെ പ്രതികൂലമായും , അനുകൂലമായും , പക്ഷം ചേർന്നുള്ള കൂട്ടങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോഴുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങൾ എന്നും പുതിയ പഠനങ്ങൾ വിലയിരുത്തുന്നു .
കെട്ടിച്ചമച്ച പുകഴ്ത്തലുകളും , ഇകഴ്ത്തലുകളും കാരണം നല്ലതും ചീത്തയും വേർതിരിക്കുവാനാകാതെ വിഷമിക്കുകയാണ്  നവമാധ്യമ ഉപഭോക്താക്കൾ എന്നും ഈ പഠനങ്ങൾ പറയുന്നു.

യു.കെയില്‍ വരെ  സോഷ്യല്‍ മീഡിയകള്‍ക്ക് മേല്‍ വന്‍ നിയന്ത്രണം വരുവാൻ പോകുകയാണ് . സോഷ്യൽ മീഡിയ തട്ടകങ്ങളെ   കയറഴിച്ച് വിട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയെന്നാണ് പാര്‍ലിമെന്ററി കമ്മിറ്റി പറയുന്നത്  , ഒപ്പം സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം ജനത്തിന്റെ വോട്ടിങ്ങിനെ  വഴിതെറ്റിക്കുന്നു എന്നും .

ഇതിനോടനുബന്ധിച്ച്  തന്നെ പറയുകയാണെങ്കിൽ , നാട്ടിൽ അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളിൽ 'മീശ' എന്ന സാഹിത്യ സൃഷ്ടിയുടെ ഉടയോൻ ഹരീഷും, മീൻ വിൽക്കുന്ന വിദ്യാർത്ഥിനി ഹനാനും , തീവ്രവാദ കരങ്ങളാൽ വധിക്കപ്പെട്ട അഭിമന്യുവുമൊക്കെ അപഹസിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് .
ഇത്തരം എത്രയൊ ഉദാഹരണങ്ങൾ നിത്യ സംഭങ്ങളായി നടന്നു
കൊണ്ടിരിക്കുന്ന ഒരു കേഴുന്ന നാടായി കൊണ്ടിരിക്കുന്നു നമ്മുടെ ദേശം ...!

എന്താണിതിനൊക്കെ കാരണങ്ങൾ...? 

രാഷ്ട്രീയ മത തീവ്രവാദ സംഗതികളാൽ അടിമപ്പെട്ട് ചുമ്മാ ജീവിച്ചു മരിക്കുന്ന ഒരു ജനതയായി മാറി കൊണ്ടിരിക്കുകയാണോ നമ്മൾ..?

എന്താണ് മലയാളി   ജനതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്..? 
ഇന്നത്തെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന 
പക്ഷം ചേർന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകൾക്കിടവരുന്ന ആവിഷ്കാരങ്ങളെ കുറിച്ചും , 
ആവിഷ്കാര സ്വാതന്ത്ര്യമാകുന്ന  വടിച്ചുമാറ്റിയ മീശയെ കുറിച്ചും   ലണ്ടനിലുള്ള   'കട്ടൻ കാപ്പിയും കവിതയും '  കൂട്ടായ്മ ഇവിടെയുള്ള  പല സാഹിത്യ കുതുകികളോടും അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു.  
പിന്നീട് കഴിഞ്ഞ വാരാന്ത്യത്തിൽ ചർച്ച ചെയ്ത്  അതിൽ നിന്നും സ്വരൂപിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ടും ഇവിടെ ഇതോടൊപ്പം സമർപ്പിക്കുകയാണ് . 
ഒപ്പം  സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ നടമാറിക്കൊണ്ടിരിക്കുന്ന പക്ഷം ചേർന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകൾക്കിടവരുന്ന ആവിഷ്കാരങ്ങളും അന്ന് ചർച്ച ചെയ്തിരുന്നു .




മീശയുടെ നിറങ്ങൾ - kattankaappi.com Report

'എഴുത്തിലുള്ള സ്വാതന്ത്ര്യം' കലയിൽ ഏർപ്പെടുന്നവരുടെ
 'ആവിഷ്ക്കാര സ്വാതന്ത്ര്യം' എഴുത്തുകാരുടെ 'സാമൂഹിക പ്രതിബദ്ധത', 
'സ്വതന്ത്ര ചിന്ത', ആവിഷ്കാരങ്ങളിലൂടെ വ്രണിതമാക്കപ്പെടുന്ന പ്രക്രിയ, തുടങ്ങിയവ 'കട്ടൻ കാപ്പി'യുടെ വേദികളിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.  അപ്പോഴൊക്കെ വ്യത്യസ്തമായ അഭിപ്രായങ്ങൾ എല്ലാ വിഷയങ്ങളിലും ഉയർന്നിട്ടുണ്ട്. 

ഹരീഷിന്റെ 'മീശ' എന്ന കൃതിയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ 2018 ജൂലൈ 28 ശനിയാഴ്ച ഒത്തുകൂടിയപ്പോഴും, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. 

പ്രസക്തമായ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.

'മീശയുടെ മൊത്തമായ കാഴ്ച്ചപ്പാട് എന്തെന്നറിയാൻ സാഹചര്യം ഉണ്ടാകും മുമ്പേ , കൃതിയുടെ തുടക്കത്തിലുള്ള ഒരു പരാമർശത്തെ അടിസ്ഥാനമാക്കി അതു പിൻവലിച്ചത് ഉചിതമായില്ല"

'മീശ സമൂഹത്തിലെ ചില 
വിഭാഗങ്ങളെ മാനസികമായി മുറിപ്പെടുത്തി"

'മീശ' യിലെ ചില പരാമർശങ്ങൾ പണ്ടു സമൂഹത്തിൽ 
ഉണ്ടായിരുന്നതു മാത്രമാണ്. ചരിത്രത്തെ നിഷേധിക്കുന്നത് ശരിയല്ല." 

"സ്ത്രീകളെ പൊതുവായി അധിക്ഷേപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ മൗനം 
അവരുടെ രാഷ്ട്രീയ വിധേയത്വം വെളിവാക്കുന്നു"

"വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചു."

"വിവാദ വിഷയങ്ങൾ നിരത്തിവച്ചുകൊണ്ടു രചയിതാവ് പ്രശസ്തനാവാൻ ശ്രമിച്ചു  "

"ഫാസിസ്റ്റു ശക്തികളുടെ അപലപനീയമായ 
ഭീഷണി എഴുത്തുകാരനു നേരെ ഉണ്ടായി"

"ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണ്"

"രാഷ്ട്രീയ മുതലെടുപ്പുകൾ ഈ 
വിഷയത്തിൽ വ്യാപകമായി നടന്നു. 
വോട്ടു ബാങ്കുകളാണ് എതിർത്തവരുടെയും, അനുകൂലിച്ചവരുടെയും ലക്‌ഷ്യം"

മീശയുടെ കാര്യത്തിൽ അനുകൂലവും, 
പ്രതികൂലവുമായി പ്രതികരിച്ച പല സാഹിത്യ പ്രവർത്തകരുടെയും പ്രതികരണങ്ങൾ വായിച്ചു
കൊണ്ടാണ് ചർച്ച തുടങ്ങിയത്. 
കേരളത്തിലെ സാഹചര്യത്തിൽ മത പ്രീണനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി അനുവർത്തിച്ചു വരുന്നു. 
പിന്നിൽ നിന്നിരുന്ന മതാധികാര കേന്ദ്രങ്ങൾ മുന്നിൽ വരാനും പൊതു സമൂഹത്തെ നിയന്ത്രിക്കുവാനും ഇതിടയാക്കി. പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന വിഷയങ്ങൾ വരെ അമിത പ്രാധാന്യത്തോടെ മുൻപന്തിയിൽ എത്തപ്പെടുന്നു. 

രാഷ്ട്രീയ പാർട്ടികളുടെ പക്ഷപാതപരമായ നിലപാടുകൾ അവരുടെ താൽക്കാലികമായ നിലപാടുകൾ ഭദ്രമാക്കിയെങ്കിലും സമൂഹത്തിൽ മതത്തിന്റെ പേരിലുള്ള വലിയ വിള്ളലുകൾ ഉണ്ടാക്കാനും, അവരുടെ തന്നെ നിലനിൽപ്പിന്റെ അടിത്തറ ഇളക്കുവാനും ഇതു വഴിതെളിച്ചു.

ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടുവേണം 'മീശ'യുടെ പിൻവാങ്ങലിനെ കാണേണ്ടത്.

ഭയരഹിതവും സ്വന്തന്ത്രവുമായി എഴുതാനുള്ള സാഹചര്യം ഏതൊരു എഴുത്തുകാരന്റെയും പ്രാണവായുവാണ്. 
അത്  കേരളത്തിലും ഇന്ത്യയിലും മറ്റെവിടെയും ഉണ്ടാകേണ്ടതാണെന്നും, ആയത്  സംരക്ഷിക്കപ്പെടേണ്ടതാണെന്നും അന്നവിടെ കൂടിയ ഏവരും കൂടി പ്രമേയം പാസാക്കി...!




കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...