Sunday, 20 September 2009

നാട്ടുമ്പുറത്തുകാരൻ / Nattumpuratthukaaran.

കണിമംഗലം പാടശേഖരങ്ങള്‍ .

രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചേരുന്നവരാണ്
എന്നെ പോലെയുള്ള വിദേശമലയാളികൾ...
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും  മാറികൊണ്ടിരിക്കുന്നത്, നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത് .
അത്രയധികം പുതുമകളാണ് ഓരോതവണയും നാട്ടിൽ വന്ന് ചേരുമ്പോൾ , ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് ....

രണ്ടായിരത്തിയേഴിൽ നാട്ടിലെത്തിയപ്പോള്‍ ഏഴുവയസുകാരന്‍ മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി ...
മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു
 അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !

ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം  ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ  ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവ്വത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ .....?

മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും,കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു മൂന്നുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ..കേട്ടൊ.
പാമ്പും കാവിലെ പ്രണയ കേളികള്‍ !
ചില പഴയ ഓർമ്മകൾ 
പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു..
 പണ്ടു പത്തായം നിറയെ നെല്ലായിരുന്നൂ..
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു..
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലും..
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നൂ..


പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടുകളും ,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍..
പുകള്‍പ്പെട്ട തറവാട്ട്‌ കാരണവരും, തണ്ടാന്‍ സ്ഥാനനവും,
പല്ല്ല്ല് മുറിയെത്തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും,
പൊങ്ങച്ചംപറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും..


പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ; പടിപ്പുരയെവിടെ ?
പുകള്‍ പെറ്റ തറവാടെവിടെ ?  ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ , പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി..
പാമ്പുംകാവും,തൊടിയും ,കളമ്പാട്ടും,പഴംകഥയില്‍ മാത്രം !
പടമ്പൊഴിച്ചില്ലാതായി പറമ്പും , പച്ച പാടങ്ങളും ..


പണിയാത്ത പാടങ്ങള്‍ !
 പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും  എന്ന മുന്നറിവ്  ഉള്ളതുകൊണ്ട് മകന്
ഇത്തവണ നാട്ടിലേയ്ക്കുപോകുമ്പോൾ യാതൊരു തരത്തിലുള്ള വാക്ദാനങ്ങളും
കൊടുത്തിരുന്നില്ല കേട്ടൊ..

 ഒരു കാര്യം വ്യക്തമായി, എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ..
ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം ,
ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ  ഭാഗമായി കഴിഞ്ഞൂ ...
പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ്‌  സമുച്ചയങ്ങള്‍ക്ക് വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ്‌ ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..

ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ
കാണിച്ചു തന്ന ഡൊമിനിയുടെ , ആ പേരുകേട്ട  മേരിമാത ടാക്കീസ്‌
കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി !
സിനിമ തീയ്യറ്ററുകളിലെ കണിമംഗലത്തുകാരുടെ കാല കാല മുണ്ടായിരുന്ന
ആ കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ തിരശ്ശീല വീഴലും കൂടിയാണത് !

വീണ ,സാരംഗി, സിത്താര ടാക്കീസുകള്‍ കൂടി കല്ല്യാണമണ്ഡപങ്ങളായി രൂപമാറ്റം സംഭവിച്ചതുകൊണ്ട് നാട്ടുകാരുടെ സിനിമാസ്വപ്നങ്ങൾ ടൌണിലേയ്ക്ക് ചേക്കേറി..

സ്ഥലത്തിനെല്ലാം മുപ്പതിരട്ടി വിലയാണിപ്പോള്‍ !

തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള
ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് .....

ഈ ബിലാത്തിയിൽ പോലും ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാനനിരത്തുകളില്‍ മുഴുവന്‍ തലയുയര്‍ത്തിനില്‍ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !

ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....

നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍  കിട്ടണമെന്കില്‍  കള്ളുഷാപ്പില്‍ പോണം !

പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി  മാറികൊണ്ടിരിക്കുന്നൂ..
എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ്‌ ഉപേഷിച്ച് ,
നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള്‍ നല്ലത് കളഞ്ഞു  അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !

ഓണം പോലും റെഡിമെയിഡും, കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്നകാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ .
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ  .
എന്തിനു പറയുന്നു ഒന്ന് കിളിമാസ്‌ കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമാ,സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ  , നാട്ടിലെ ഒരു സാസ്കാരിക
നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ !

അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..

അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല....കേട്ടോ
അല്ലാ.. ഇതു ഞാൻ മാത്രം പറയുന്നതല്ലാ‍ട്ടോ....
ഇപ്പോൾ കേരളത്തിലെ ഓരോ നാട്ടുമ്പുറത്തുകാരനും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.....


എന്റെ പഴയ ആ ഗ്രാമത്തെ , ആ  കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽ‌പ്പിച്ചോട്ടെ.....

പച്ച വര്‍ണ്ണ പെണ്‍ തുമ്പി 

പച്ച വര്‍ണ്ണ പെണ്‍ തുമ്പി



          തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
    തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
   തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

                 ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
                    കമ്പിയിലും നിന്നെ കാണാതെ...കേണു ഞാന്‍ .
              കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

         പാമ്പ് മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
             ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
                 ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
                      തുമ്പി ; - നിന്നെ പ്രാതലാക്കിയോ ? ഹാ ..കഷ്ട്ടം!

ലേബൽ :-
സ്മരണകള്‍ .